Campus Alive

ഒരു മുസ്‌ലിമിന് ആത്മകഥ എഴുതുക സാധ്യമാണോ?

(എസ്.ഐ.ഒ കേരള കണ്ണൂരില്‍ സംഘടിപ്പിച്ച മുഖദ്ദിമ അക്കാദമിക് സമ്മിറ്റില്‍ എം.ടി അന്‍സാരി നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത്: മര്‍വ്വ)

ഞാന്‍ സംസാരിക്കേണ്ടത് Towards a minoritarian critique of Indian secularsim എന്ന വിഷയത്തിലാണ്. വളരെ വിശാലമായ ഒരു മേഖലയായത് കൊണ്ട് ഈ സംവാദത്തിന്റെ പല തലങ്ങളെയും കുറിച്ച് എനിക്ക് പറയുവാന്‍ കഴിയും എന്ന് കരുതുന്നില്ല. ഞാന്‍ സംസാരിക്കുന്നത് ഒരു മുസ്‌ലിമിന് മനുഷ്യന്‍ ആവാന്‍ കഴിയുമോ എന്ന ചോദ്യം ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ട, മനുഷ്യസംഗമങ്ങളും അമാനവ സംഗമങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്റെ ചോദ്യം ഇതാണ്. ഒരു മുസ്‌ലിമിന് തന്റെ ആത്മകഥ എഴുതാന്‍ കഴിയുമോ? ഒരു മുസ്‌ലിമിന് മനുഷ്യനോ ഇന്ത്യക്കാരനോ ആവാന്‍ കഴിയുമോ എന്നല്ല, ഒരു മുസ്‌ലിമിന് തന്റെ ആത്മകഥ എഴുതുക എന്നത് സാധ്യമാണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. അപൂര്‍ണ ആത്മകഥകള്‍, ആത്മകഥാ ഉദ്യമങ്ങള്‍, ഒരു തരത്തില്‍ പരാജയപ്പെട്ട ആത്മകഥകള്‍ എന്നിങ്ങനെയുള്ള മൂന്നു തരത്തിലുള്ള ആത്മകഥകളുടെ വായനയിലൂടെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.

ഈ ഒരു വിഷയത്തെ ‘വര്‍ഗീയത/മതേതരത്വം’ എന്ന ദ്വന്ദ്വങ്ങളില്‍ കാണാനോ വര്‍ഗീയതയെ മതേതരത്വം കൊണ്ട് മൂല്യനിര്‍ണയം നടത്താനോ ഉദ്ദേശിക്കുന്നില്ല. എം.എസ്.എസ് പാണ്ട്യന്‍ സൂചിപ്പിച്ച പോലെ മതേതരത്വത്തെയും വര്‍ഗീയതയെയും വ്യത്യസ്ത ധ്രുവങ്ങളില്‍ വെച്ച് കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വ്യവഹാരങ്ങളുടെ ചരിത്രത്തെയും അതിന്റെ രാഷ്ട്രീയത്തെയും ഈ സന്ദര്‍ഭത്തില്‍ നാം പരിശോധിക്കേണ്ടതുണ്ട്.

pandian
എം.എസ് പാണ്ഢ്യന്‍

സല്‍മാന്‍ റുഷ്ദിയുടെ ഷെയിം'(Shame) എന്ന നോവലില്‍ കൌതുകം ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട്; നോവലിലെ കാഥികന്‍ പാകിസ്താനെ കുറിച്ച് ഇങ്ങനെ അത്ഭുതപ്പെടുന്നു: ‘പാക്കിസ്ഥാന്‍ വളരെ അപര്യാപ്തമായാണ് സങ്കല്പിക്കപെട്ടത്, അത് കൊണ്ടാണ് പാക്കിസ്ഥാന്‍ ഇത്രമാത്രം പ്രശ്‌നഭരിതമായി പോയത്. പാക്കിസ്ഥാന്‍ എന്ന സങ്കല്‍പം രൂപം കൊള്ളുന്നത് മുപ്പതുകളിലാണ്. 1947 ആയപ്പോഴേക്കും അത് യാഥാര്‍ത്ഥ്യം ആകുകയും ചെയ്യുന്നു. അതെ സമയം, ഈയിടെ ഇറങ്ങിയ ക്രിയേറ്റിംഗ് എ ന്യൂ മദീന (Creating a New Medina/ Venkat Dhulipala) എന്ന പുസ്തകം പാക്കിസ്ഥാന്‍ വളരെ സസൂക്ഷമം ചിന്തിക്കപെട്ടതും നിരൂപിക്കപെട്ടതുമാണെന്ന വാദം മുന്നോട്ട് വെക്കുന്നുണ്ട്. എന്നിരുന്നാലും ഷെയിമിലെ ആഖ്യാതാവ് പറയുന്നത് പാക്കിസ്ഥാന്‍ വളരെ അപര്യാപ്തമായാണ് സങ്കല്പിക്കപെട്ടത് എന്നാണ്.
med
ഈ ചോദ്യത്തില്‍ നിന്നും, ഇന്ത്യയിലെ ഒഴിച്ചുകൂടാനാകാത്ത ചോദ്യങ്ങളായി തുടരുന്ന മണിപ്പൂരിന്റെയും നാഗാലാന്‍ഡിന്റെയും മുസ്ലിങ്ങളുടെയും വിഷയത്തിലേക്ക് വരാം; അമിതമായി സങ്കല്‍പ്പിക്കപെട്ട ഇന്ത്യയെക്കുറിച്ച് ചോദിച്ചുകൊണ്ട്. പാക്കിസ്ഥാന്‍ എന്നത് അപര്യാപ്തമായ ഒരു രാഷ്ട്രീയ സങ്കല്‍പ്പമാണെങ്കില്‍ ഇന്ത്യ അമിതമായി സങ്കല്‍പ്പിക്കപ്പെട്ട ദേശരാഷ്ട്രമാണ്. ഈ സങ്കല്‍പ്പത്തില്‍ നിന്നാണ് മൈനോറിറ്റി സബ്ജക്റ്റുകള്‍ പൂര്‍ണ പൗരന്മാര്‍ അല്ലാതെയാവുന്നത്. ഈ അമിതമായി സങ്കല്‍പ്പിക്കപ്പെട്ട ഇന്ത്യയില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും എപ്പോഴും പ്രാകൃതര്‍ ആണ്. ഇനിയും ആധുനികവത്കരിക്കപെടേണ്ടവരാണവര്‍. ഈ ആധുനികവത്കരണ ഭാരം ചുമക്കുന്ന ആധുനികരാകുന്നു സവര്‍ണ സമുദായം. എന്നാല്‍ ഇസ്‌ലാം എന്നും എപ്പോഴും ഉത്തരാധുനികമാണ്. അത് പിറകിലായി പോയ ഭൂതകാലത്തില്‍ കുടികൊള്ളുന്ന ഒരു മതമോ സമുദായമോ അല്ല, അത് സമകാലികതയോടുള്ള ഉത്തരാധുനിക മറുപടിയാണ്.

ഇനി മൗലാന മുഹമ്മദ് അലിയുടെ ആത്മകഥയിലേക്ക് (My Life, a Fragment: An Autobiographical Sketch by Maulana Muhammad Ali) വരാം. എന്ത് കൊണ്ടാണ് എപ്പോഴും ഒരു മുസ്‌ലിമിന്റെ ജീവിതം, ഒരു സങ്കല്പിത ഏകീകൃത രാഷ്ട്രത്തില്‍ ചിന്നഭിന്നമായി പോകുന്നത്? മൗലാന മുഹമ്മദ് അലി ആവര്‍ത്തിച്ച് പറയുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്. ‘എന്റെ ഹിന്ദു സഹോദരന്മാര്‍ ഇന്ത്യയെന്ന വ്യവസ്ഥയില്‍ ഇസ്‌ലാം എന്നത് ഒരു അസാധ്യമായ ഘടകമായി കരുതുന്നത് അവസാനിപ്പിക്കണം. അദ്ദേഹം നെഹ്‌റുവിനോട് ഇക്കാര്യം വീണ്ടും വീണ്ടും സംസാരിക്കുമായിരുന്നു. മറ്റൊന്നിതാണ്: ഞാന്‍ തുല്യ വലുപ്പമുള്ള രണ്ടു വൃത്തങ്ങളിലാണ്, ഒന്ന് ഇസ്‌ലാമും, മറ്റേത് ഇന്ത്യയും. രണ്ടും ഉപേക്ഷിക്കാന്‍ എനിക്കാവില്ല. നിങ്ങള്‍ എന്തിനാണ് എന്നോട് മതേതരനാകാന്‍ ആവശ്യപ്പെടുന്നത് എന്നദ്ദേഹം ചോദിക്കുന്നുണ്ട്. അദ്ദേഹം പറുന്നു: എന്റെ മതം ഉപേക്ഷിച്ച് എനിക്ക് ഇന്ത്യക്കാരന്‍ ആവാന്‍ കഴിയില്ല. ഇസ്‌ലാം എന്നതിനെ ഒരു വിമര്‍ശനാത്മക കര്‍ത്തൃത്വ സ്ഥാനം ആയി മുഹമ്മദ് അലി അവതരിപ്പിക്കുകയാണ് എന്ന് നമുക്ക് കാണാം.

my life a fragment

1920കളില്‍ ഇന്ത്യന്‍ ദേശീയവാദം പുതിയ ദിശയില്‍ സഞ്ചരിക്കുകയാണ്. ഗാന്ധിയുടെ വരവും ദേശീയതയുടെ മുന്നേറ്റവും ഇന്ത്യ എന്ന അതിസങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഫൈസല്‍ ദേവ്ജി 1920കളിലെ ഇസ്‌ലാമിനെ ‘അപ്രത്യക്ഷമാകുന്ന മധ്യസ്ഥന്‍’ എന്ന് വിളിക്കുന്നുണ്ട്. 1920 കള്‍ക്ക് മുമ്പ് മധ്യസ്ഥ ഇടം ആയിരുന്ന ഇസ്‌ലാം 1920 കള്‍ക്ക് ശേഷം ആ സ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. ഇനി അംബേദ്കറുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാം. 1935-1936 കാലത്ത് Waiting for a Visa (ഒരു വിസക്ക് വേണ്ടി കാത്ത്) എന്ന തലക്കെട്ടില്‍ അംബേദ്കര്‍ തന്റെ ജീവിതത്തിലെ ആറു സംഭവങ്ങള്‍ ഓര്‍ത്തെഴുതുന്നു. ആദ്യത്തേത്, 1901ല്‍ ഒമ്പത് വയസ്സുള്ള അംബേദ്കര്‍ കുടുംബത്തോടൊപ്പം യാത്ര പോവുമ്പോള്‍ വെള്ളം ലഭിക്കാന്‍ വേണ്ടി മുസ്‌ലിം ആയി അഭിനയിക്കേണ്ടി വന്ന സംഭവമാണ്. ദലിതുകള്‍ക്ക് വെള്ളം പോലും ലഭിക്കാത്തപ്പോള്‍ മുസ്‌ലിംകളെപ്പോലെ ഉര്‍ദുവില്‍ വാചാലനായി കുടിവെള്ളം ആവശ്യപ്പെടാന്‍ നിര്‍ബന്ധിതനാകുകയാണ്.

സതാരയില്‍നിന്നു കൊരെഗാവോനിലെക്ക് പോകുന്ന ബാലനായ, തോട്ടുകൂടായ്മയില്‍ ജീവിച്ച് വളരുന്ന അംബേദ്കറിന് വെള്ളത്തിനു വേണ്ടി മുസല്‍മാന്‍/മുഹമ്മദന്‍ ആവേണ്ടി വരുന്നു. അങ്ങിനെ വഴിയില്‍ ആകെ ഉണ്ടായിരുന്ന നികുതി പിരിവുകാരന്റെ വീട്ടില്‍ ചെന്ന് മുസല്‍മാനായി വെള്ളം ചോദിക്കുകയും എന്നാല്‍ അയാള്‍ വെള്ളം കൊടുക്കാതെ വേറെ എവിടേലും പൊയി ചോദിക്കാന്‍ പറയുകയും ചെയ്യുന്നു.

ഇനി നാലാമത്തെ സംഭവം നോക്കുക, വര്‍ഷങ്ങള്‍ക്കുശേഷം (അതായത് 1920കള്‍ക്ക് ശേഷം) 1934ല്‍ അംബേദ്കര്‍ തന്റെ ദളിത് പ്രസ്ഥാന സുഹൃത്തുക്കളുമായി അന്നത്തെ മുഹമ്മദന്‍ രാജ്യമായ ഔറംഗബാദിലെ ദൌലത്താബാദ് കോട്ട സന്ദര്‍ശിക്കുകയാണ്. അവര്‍ കോട്ടക്ക് സമീപത്തെ ടാങ്കിലെ വെള്ളം കൊണ്ട് മുഖവും കാലുമൊക്കെ കഴുകുന്നു. പെട്ടെന്ന് തന്നെ അവരുടെ ചുറ്റും ചെറുപ്പക്കാരും വൃദ്ധരുമടങ്ങുന്ന ഒരു വലിയ കൂട്ടം മുസ്‌ലിംകള്‍ ടാങ്ക് മലിനപ്പെടുത്തി എന്ന് പറഞ്ഞ് തടിച്ച് കൂടുന്നു. അംബേദ്കര്‍ തിരിച്ച് ആള്‍ക്കൂട്ടത്തോട് ചോദിക്കുകയാണ്, ‘ഇതാണോ നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിക്കുന്നത്? ഒരു തൊട്ടുകൂടാത്തവന്‍ മുഹമ്മദന്‍ ആയാലും നിങ്ങളവനെ ഈ ടാങ്കിലെ വെള്ളം എടുക്കാന്‍ സമ്മതിക്കാതിരിക്കുമോ?’ ഇതോടെ ആള്‍ക്കൂട്ടം നിശ്ശബ്ദമാകുന്നു. അവര്‍ സന്ദര്‍ശകരെ കോട്ട കാണാന്‍ അനുവദിക്കുന്നു. എന്നാല്‍ വെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും നല്‍കുന്നു. അംബേദ്കര്‍ ഈ അനുഭവത്തില്‍ നിന്നും ഒരു ഹിന്ദുവിന് തൊട്ടുകൂടാത്തവന്‍ മുസല്‍മാനും തൊട്ടുകൂടാത്തവനാണ് എന്ന് പറയുന്നുണ്ട്. ഇനിയൊരു വിവരണത്തിന്റെ ആവശ്യമില്ലാത്തവിധം തന്റെ അനുഭവങ്ങളിലൂടെ അംബേദ്കര്‍ ജാതിയുടെ വ്യവഹാരങ്ങള്‍ വരച്ച് കാണിക്കുന്നുണ്ട്.

DrAmbedkarപക്ഷെ, ഇവിടെ താല്‍പര്യം ഉണര്‍ത്തുന്നത് മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ബോംബയിലെയും ഹൈദരാബാദിലെയും സംഭവങ്ങള്‍ ആണ്. തീര്‍ച്ചയായും, ഇന്ത്യയില്‍ ഉടനീളം ആചാരങ്ങള്‍ വ്യത്യസ്തമാണ്. പക്ഷെ എങ്ങിനെയാണ് 1901 ലെ മദ്ധ്യസ്ഥന്‍ ആയിരുന്ന ഇസ്‌ലാം 1934ല്‍ അങ്ങിനെയെല്ലാതാവുന്നത്? മധ്യസ്ഥ സ്ഥാനം അപ്രത്യക്ഷമാകുന്നത്? 1901 നും1934നും ഇടക്ക് എന്താണ് സംഭവിച്ചത്?

ഇനി നമുക്ക് ഗാന്ധിയുടെ കഥ നോക്കാം. ബാല്യകാലത്ത്, ദലിതുകളും മുസ്ലിങ്ങളും എല്ലാം പഠിച്ചിരുന്ന ഒരു മിശ്രിത സ്‌ക്കൂളിലാണ് അദ്ദേഹം പഠിച്ചിരുന്നത്. ഗാന്ധിക്ക് ദളിതുകളെ സ്വാഭാവികമായും സ്പര്‍ശിക്കേണ്ടി വരുമായിരുന്നു. വ്യക്തിപരമായി ഇത് തന്നെ മലിനപ്പെടുത്തുന്നതായി ഗാന്ധി കരുതിയില്ലെങ്കിലും വൈകുന്നേരം വീട്ടില്‍ തിരിച്ച് കേറാന്‍ എന്നും കുളിക്കണമായിരുന്നു. ഇത് ഒരു പ്രശ്‌നമായി തോന്നിയപ്പോള്‍ ഗാന്ധിക്ക് ചേച്ചി ഒരു വഴി പറഞ്ഞു കൊടുത്തു. ദളിതനെ തൊട്ട് അശുദ്ധിയായെങ്കില്‍ ഒരു മുസല്‍മാനെ തൊടുക, നീ ശുദ്ധിയായിക്കൊള്ളും.’ ഇതായിരുന്നു 1920കള്‍ക്ക് മുമ്പത്തെ ഇന്ത്യയിലെ ഇസ്ലാം. പക്ഷെ അന്ന് മുതല്‍ ഇസ്‌ലാം മധ്യസ്ഥന്‍ എന്ന സ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായി തുടങ്ങി.

മുഹമ്മദ് അലിയുടെ അപൂര്‍ണ ആത്മകഥ വായിക്കുന്നതിനു മുമ്പ് നമുക്ക് രണ്ട് ദേശീയ ആത്മകഥകള്‍ വായിക്കാം. 1920കളുടെ തുടക്കത്തില്‍ തന്നെ ചില സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ആത്മകഥ എഴുതാന്‍ തുടങ്ങുന്നത് എന്ന് ഗാന്ധി പറയുന്നുണ്ട്. അതായത് അംബേദ്കറുടെ ആത്മകഥ 1936 ലും ഗാന്ധിയുടേത് 1920 കളിലുമാണ് എഴുതപ്പെടുന്നത്. പക്ഷെ ബോംബയിലെ കലാപം കാരണം ഗാന്ധിക്ക് ആത്മകഥയെഴുത്ത് തുടരാനായില്ല. കലാപത്തെ തുടര്‍ന്ന് ജയിലിലാവുകയും സഹതടവുകാരന്റെ പ്രേരണയാല്‍ ആത്മകഥാ എഴുത്ത് പുനരാരംഭിക്കുകയും ചെയ്തു. അങ്ങനെ എഴുത്തില്‍ മുഴുകിയ ഗാന്ധി പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായപ്പോള്‍ തന്റെ എഴുത്ത് തടസ്സപെട്ടതില്‍ വിഷമിച്ചു. അങ്ങനെ എഴുതാന്‍ വേറെ ഒഴിവു സമയങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ആത്മകഥ തുടര്‍കഥയായി നവജീവനില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഈ ആത്മകഥ ഗുജരാത്തിയിലാണ് ഗാന്ധി എഴുതിയിരുന്നത് എന്ന് അധികം ആരും ഓര്‍ക്കാത്ത വസ്തുതയാണ്. അത് കൊണ്ട് ഈ ഉദ്യമത്തില്‍ ഗാന്ധിക്ക് നേരിടേണ്ടിവന്നത് പുതിയ തരം വെല്ലുവിളികളായിരുന്നു.

my experiment

‘ദൈവവിശ്വാസിയായ ഒരു സുഹൃത്തിന് ഇങ്ങനെ ഒരു സംശയമുണ്ടായി: ”ഞാന്‍ മൗനവൃതത്തിലായിരുന്ന ദിവസം അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് താങ്കളുടെ ഈ പുതിയ സാഹസത്തിന്റെ ലക്ഷ്യം? പാശ്ചാത്യരല്ലേ ആത്മകഥ എഴുതുക? പാശ്ചാത്യ സ്വാധീനത്തില്‍ പെട്ടവര്‍ ഒഴികെ പൗരസ്ത്യരൊന്നും ആത്മകഥ എഴുതുന്നത് ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട് എന്തുതന്നെയായാലും താങ്കള്‍ ആത്മകഥ എഴുതാതിരിക്കുന്നതല്ലേ നല്ലത്?”

ഈ ചോദ്യം ഗാന്ധിയെ ചിന്തിപ്പിച്ചു. തന്റെ ആത്മകഥാ ഉദ്യമത്തെ ന്യായീകരിച്ച് ഇതൊരു പാശ്ചാത്യ അശുദ്ധിയല്ല എന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ഇങ്ങനെ എഴുതി. എന്റെ ഉദ്ദേശം ഒരു യഥാര്‍ത്ഥ ആത്മകഥ എഴുതുക എന്നല്ല. എന്റെ ജീവിതത്തിലെ സത്യാന്വേഷണ പരീക്ഷണങ്ങളെ പറ്റി എഴുതുക എന്നത് മാത്രമാണ്. എന്റെ ജീവിതം ഈ പരീക്ഷണങ്ങള്‍ മാത്രമാണ്. അത് കൊണ്ട് ഈ എഴുത്തിന് ആത്മകഥയുടെ രൂപമുണ്ടാവുക സ്വാഭാവികമാണ്. എല്ലാ താളുകളും എന്റെ അനുഭവങ്ങളെ പറ്റി മാത്രമാണ് സംസാരിക്കുന്നതെങ്കില്‍ കൂടിയും അത് ഞാന്‍ പ്രശ്‌നമായി കാണുന്നില്ല . എന്റെ ഈ അനുഭവങ്ങളും പരീക്ഷണങ്ങളും വായനക്കാരന് ഉപകാരപ്രദം അല്ലാതിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് മാത്രം അറിയാവുന്ന ആത്മീയ തലത്തിലുള്ള എന്റെ പരീക്ഷണങ്ങളെക്കുറിച്ച് എഴുതേണ്ടതുണ്ട് എന്ന് ഞാന്‍ തീര്‍ച്ചയായും വിചാരിക്കുന്നു.’ ഇവിടെ ശ്രദ്ധിക്കപെടേണ്ട ഒരു കാര്യം തീര്‍ത്തും പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ട ഒരു ആത്മകഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം മൂലകൃതിയെന്ന പോലെ വായിക്കപ്പെടുന്നു എന്ന വസ്തുതയാണ്.

അതേ സമയം നെഹ്‌റു ഒരു ദേശീയ വായനക്കാരനെ കണ്ടു തന്നെയാവാം തന്റെ ആത്മകഥ ജയിലിലിരുന്ന് എഴുതുന്നത്. ഇംഗ്ലീഷിലാണ് അദ്ദേഹം എഴുതുന്നത്. 1936ലെ ആദ്യപതിപ്പിന്റെ ആമുഖത്തില്‍ തന്റെ പ്രഥമ ഉദ്ദേശം ജയില്‍ ജീവിതത്തിന്റെ നീണ്ട ഏകാന്ത സമയങ്ങളില്‍ സ്വയം മുഴുകിതനാവുക എന്നതാണെന്ന് നെഹ്‌റു പറയുന്നുണ്ട്. അതേസമയം തന്നെ താന്‍ ആരെ അഭിസംബോധന ചെയ്യുന്നുവെന്നും അയാള്‍ ആലോചിക്കുന്നുണ്ട്; താന്‍ വായനക്കാരെ പറ്റി ആലോചിക്കുന്നുവെങ്കില്‍ അതെന്റെ ദേശക്കാര്‍ തന്നെയായിരിക്കുമെന്നും നെഹ്‌റു പറയുന്നു. അതുമാത്രമല്ല, വിദേശ വായനക്കാര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും മറ്റൊരു രീതിയില്‍ വേറെ കാര്യങ്ങള്‍ ഉന്നയിച്ച് എഴുതുമായിരുന്നു എന്നും പറയുന്നു.

ഗാന്ധിക്ക് തന്റെ ആത്മകഥയെഴുതുന്നതില്‍ നിന്നും പിന്തിരിയാന്‍ കഴിയാതിരുന്നപ്പോള്‍ നെഹ്‌റുവിന് തന്റെ വ്യക്തിപരമായ കുറിപ്പുകള്‍ രാഷ്ട്രീയപരമായി വായിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടായിരുന്നു. നെഹ്രുവിന്റെ ആത്മകഥ ഇന്ത്യന്‍ ചരിത്രമായും നെഹ്‌റു എഴുതിയ ചരിത്രം (ഡിസ്‌കവറി ഓഫ് ഇന്ത്യ) ആത്മകഥയായും വായിക്കാം എന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്. അങ്ങനെ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 1962ലെ പതിപ്പിന്റെ ആമുഖത്തില്‍ പോലും അപര ഇന്ത്യക്കാരെയും (നെഹ്‌റുവിന്റെ സാമൂഹിക സ്ഥാനത്തിന് പുറത്ത് നില്‍ക്കുന്ന\നില്‍ക്കേണ്ടി വന്ന വിഷയികളെയാണ് ഇവിടെ അപര ഇന്ത്യക്കാര്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്) വിദേശീയരെയും അഭിസംബോധന ചെയ്യാത്തതിനാല്‍ തന്റെ ആത്മകഥക്ക് ഒരു പൊതുതാല്പര്യം ഉണ്ടെന്നു നെഹ്‌റു കരുതുന്നുണ്ട്.

disc

ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൊതു വക്താവ് ആയി പൊതുവേ കണ്ടിരുന്നെങ്കില്‍ കൂടിയും മുഹമ്മദ് അലി ജിന്ന ഒരു ആത്മകഥ എഴുതിയില്ല എന്നത് വളരെ പ്രധാനമാണ്. അതേസമയം, സ്വാതന്ത്ര്യസമരത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു നേതാവായിരുന്ന മൗലാന മുഹമ്മദ് അലിയുടെ അപൂര്‍ണ ആത്മകഥ ഉള്‍പ്പെടെ മറ്റ് മുസ്‌ലിംകളുടെ ആത്മകഥകള്‍ ഒരുപാടുണ്ട്. മൗലാന മുഹമ്മദ് അലിക്കും ഒക്കെ മുമ്പ് ലത്ഫുല്ല ആണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ആദ്യത്തെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. Autobiography of Lutfullah, a Mohammedan gentleman : and his translations with his fellow-creatures : interspersed with remarks on the habits, customs, and character of the people with whom he had to deal / edited by Edward B. Eastwick എന്ന നീണ്ട തലക്കെട്ടുള്ള ഈ ആത്മകഥ 1854ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആത്മകഥ എഴുതിയതിന് ശേഷം അദ്ദേഹം ഇത് 1850കളില്‍ ലണ്ടനിലേക്ക് പ്രസിദ്ധീകരണത്തിന് വേണ്ടി അയക്കുകയും വ്യാകരണപരമായും മറ്റുമുള്ള തെറ്റുകള്‍ തിരുത്താന്‍ കത്തില്‍ എഡിറ്ററോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഇത് സൂറത്തില്‍ നിന്നും ലണ്ടനിലേക്കാണ് അയച്ചത്. ഇവിടെ താല്പര്യം ഉണര്‍ത്തുന്ന ഒരു കാര്യം, ഒരു മുഹമ്മദീയന്റെ ആത്മകഥ എന്ന് തുടങ്ങി നീണ്ട തലക്കെട്ടുണ്ടായിരുന്ന ഈ ആത്മകഥ പുനര്‍പ്രസിദ്ധീകരിച്ചപ്പോള്‍ Latfulla; An Indian Perception of West എന്നായി മാറുന്നു എന്നതാണ്.

ഇനി മൗലാന മുഹമ്മദ് അലിയുടെ ആത്മകഥയിലേക്ക് വരാം. അദ്ദേഹത്തിന്റെ ഈ അവഗണിക്കപ്പെട്ട അപൂര്‍ണ ആത്മകഥ സവിശേഷമാകുന്നത് മുസ്‌ലിം വ്യക്തിത്വത്തിന്റെ പ്രഖ്യാപനം നടത്തുന്നതിനാലും അതിന്റെ യുക്തി ബോധ്യപ്പെടുത്തി തരുന്നതിനാലുമാണ്. ന്യൂനപക്ഷ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ വളരെ സംക്ഷിപ്തമായി അഫ്‌സല്‍ ഇഖ്ബാല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഹമ്മദ് അലി 1930 കളുടെ അവസാനത്തില്‍ നെഹ്രുവിനെ പോലെ ഇംഗ്ലീഷില്‍ എഴുതിയ ഈ ആത്മകഥ അഫ്‌സല്‍ ഇഖ്ബാലാണ് ആദ്യമായി എഡിറ്റ് ചെയ്യുന്നത്. മുഹമ്മദ് അലി ഉര്‍ദുവിലോ മറ്റ് പ്രാദേശിക ഭാഷകളിലോ അല്ല, ഇംഗ്ലീഷില്‍ ആണ് എഴുതിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ജാമിയ മില്ലിയ ഇസ്ലാമിയ്യയില്‍ 1939 മെയ് മാസത്തിലാണ് അഫ്‌സല്‍ ഇഖ്ബാല്‍ ഈ ആത്മകഥയുടെ കയ്യെഴുത്ത് പ്രതി കാണുന്നത്. പുസ്തകത്തിന്റെ ആത്മകഥാ രൂപം അഫ്‌സല്‍ ഇഖ്ബാലില്‍ വളരെയധികം താല്പര്യം ഉണ്ടാക്കുകയും അദ്ദേഹം അത് എഡിറ്റ് ചെയ്യാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തു. My Life, a Fragment: An Autobiographical Sketch by Maulana Muhammad Ali’ എന്ന പേരില്‍ 1942ല്‍, അതായത് മൗലാന മുഹമ്മദ് അലിയുടെ മരണത്തിന് ഒരു പതിറ്റാണ്ട് ശേഷം അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

മുഹമ്മദ് അലിയുടെയും നെഹ്രുവിന്റെയും ഗാന്ധിയുടെയും ഉദ്യമങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ മുഹമ്മദ് അലി ഒരിക്കലും ആത്മകഥ എഴുതാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന് കാണാന്‍ സാധിക്കും. അദ്ദേഹം ഇസ്‌ലാമിന്റെ ചരിത്രമാണ് എഴുതാന്‍ ശ്രമിച്ചത്. പക്ഷെ ഇസ്‌ലാം ദൈവത്തിന്റെ രാജ്യം എന്ന തലക്കെട്ടില്‍ എഴുതാന്‍ തുടങ്ങിയ അദ്ദേഹത്തിന് തന്നെ കുറിച്ചും തന്റെ വ്യക്തിപരമായ പരിണാമത്തെ പറ്റിയും എഴുതാതെ ഇസ്‌ലാമിന്റെ ചരിത്രം എഴുതാന്‍ കഴിയില്ലെന്ന് മനസ്സിലായി. ഗാന്ധിയും നെഹ്രുവും തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഉപകാരപ്രദമായ പലതും നേടിയെടുക്കാന്‍ കഴിയുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ മൗലാന മുഹമ്മദ് അലി എഴുതുന്നത് അദ്ദേഹത്തെ പോലെ അല്ലാത്ത ആളുകള്‍ വായിക്കാന്‍ വേണ്ടിയാണ്. വൈവിധ്യം/വ്യത്യസ്തത’ആണ് മുഹമ്മദ് അലി വിഷയവത്കരിക്കുന്നത്. ഞാന്‍ വ്യത്യസ്തനായ ഇന്ത്യക്കാരന്‍ ആണ്. എനിക്ക് വ്യത്യസ്തനായും ഇന്ത്യക്കാരന്‍ ആകാന്‍ കഴിയും എന്നാണു തന്റെ ആത്മകഥയിലൂടെ അദ്ദേഹം പറയുന്നത്.

മൗലാന മുഹമ്മദ് അലി താനും നെഹ്‌റുവും തമ്മിലുള്ള സംവാദങ്ങളെ പറ്റിയും സംസാരിക്കുന്നുണ്ട്. ഞാന്‍ മതേതരന്‍ ആണ് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന നെഹ്‌റുവിനോട്, അല്ല നിങ്ങള്‍ കള്ളം പറയുകയാണ്, ആര്‍ക്കും ഒരിക്കലും മതേതരന്‍ ആകാന്‍ കഴിയില്ല എന്ന് മുഹമ്മദ് അലി തറപ്പിച്ച് പറയുന്നു. മതേതരം എന്ന ആശയത്തെ/സങ്കല്‍പ്പത്തെ തന്നെ മുഹമ്മദ് അലി ചോദ്യം ചെയ്യുന്നു. നിങ്ങളുടെ മതേതരത്വത്തെക്കാള്‍ എന്റെ വര്‍ഗീയത മതേതരം ആണെന്നും അദ്ദേഹം പറയുന്നു. ഇത് നെഹ്‌റു തന്റെ ആത്മകഥയില്‍ ഏതാണ്ട് അംഗീകരിക്കുന്നുണ്ട്. കാകിനാടയും അലിയും’എന്ന അധ്യായത്തില്‍ നെഹ്‌റു ഈ സംവാദങ്ങളെ കുറിച്ച് പറയുകയും ഒരു രീതിയില്‍ അലി ശരിയായിരുന്നെന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംവാദങ്ങള്‍ നെഹ്‌റുവിന് അസ്വസ്ഥകള്‍ ഉണ്ടാക്കിയപ്പോള്‍ മുഹമ്മദ് അലിയുമായി മതം ചര്‍ച്ചചെയ്യുന്നത് തന്നെ അദ്ദേഹം അവസാനിപ്പിച്ചു. അതൊരു സുഖകരമായ സൗഹൃദമായിരുന്നില്ല. ഒരു ഉറച്ച വിശ്വാസിയായിരുന്ന മുഹമ്മദ് അലിക്ക് നെഹ്‌റുവിന്റെ നിശ്ശബ്ദത സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് മിണ്ടാതിരിക്കാന്‍ ആകുമായിരുന്നില്ല. അദ്ദേഹം നെഹ്‌റുവിനോട് ഈ വിഷയം ചര്‍ച്ച ചെയ്യാതിരിക്കേണ്ടതില്ലെന്നും നമുക്ക് സംസാരിക്കാം എന്നും ആവശ്യപ്പെട്ടു.

അലിയൊരിക്കല്‍ നെഹ്‌റുവിനോട് പറയുകയുണ്ടായി. ഞാന്‍ ഒരു മതഭ്രാന്തന്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും, ഞാന്‍ അങ്ങിനെയല്ല എന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാം. അതേസമയം നെഹ്‌റുവിന് മുഹമ്മദ് അലിയുടെ വിവരണങ്ങള്‍ ഒന്നും ബോധ്യമായില്ല; അദ്ദേഹം തന്റെ വിവരണങ്ങള്‍ ഇങ്ങിനെയാണ് അവസാനിപ്പി ച്ചത് :”ഗാന്ധി ശ്രദ്ധയോടെ ഖുറാന്‍ വായിച്ചതാണ്. അദ്ദേഹത്തിനു ഇസ്‌ലാമിന്റെ സത്യം മനസ്സിലായിട്ടുമുണ്ടാകും. പക്ഷെ ആത്മാഭിമാനം ഇത് തുറന്ന് പറയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ടാകണം.”

നെഹ്‌റു തുടര്‍ന്ന് എഴുതുന്നു: ”വര്‍ഷങ്ങളുടെ സൗഹൃദത്തിന് ശേഷം കാലക്രമേണ മുഹമ്മദ് അലി കോണ്‍ഗ്രസില്‍ നിന്നും അകന്നു പോയി. ഇത് മലബാര്‍ കലാപത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും എല്ലാം ചരിത്രപശ്ചാത്തലത്തില്‍ ആണെന്ന് ഓര്‍ക്കണം. അല്ലെങ്കില്‍ അലിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് അലിയില്‍ നിന്നും അകന്നു പോയി. അകല്‍ച്ച കൂടുകയും ഭിന്നിപ്പ് വര്‍ദ്ധിക്കുകയും ചെയ്തു. ഒരു പക്ഷെ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെയോ വ്യക്തികളുടെയോ കുഴപ്പം കൊണ്ടായിരുന്നില്ല; ഈ രാജ്യത്തെ നിഷ്പക്ഷമായ ചില വ്യവസ്ഥിതികളുടെ ഒഴിച്ചുകൂടാനാകാത്ത പരിണതഫലമായിരുന്നു അത്. പക്ഷെ അത് വളരെ ദൗര്‍ഭാഗ്യകരമായ ഒരു ഫലമായിപ്പോയി. ഞങ്ങളില്‍ പലരെയും അത് വേദനിപ്പിച്ചു. സാമുദായിക പ്രശ്‌നങ്ങില്‍ ഒരുപാട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെയും രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വളരെ കുറച്ചേ ഭിന്നതകള്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സ്വതന്ത്ര ഇന്ത്യ എന്ന ആശയത്തോട് കൂറു പുലര്‍ത്തിയ ആളായിരുന്നു. ഈയൊരു പൊതു രാഷ്ട്രീയവീക്ഷണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹവുമായി സാമുദായിക വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പ് സാധ്യമായിരുന്നു. സാമുദായിക താല്‍പര്യങ്ങളുടെ സംരക്ഷകരെന്ന് സ്വയം വിളിക്കുന്ന പ്രതിലോമ ശക്തികളും മൗലാന മുഹമ്മദ് അലിയും തമ്മില്‍ യാതൊരു രാഷ്ട്രീയ ചേര്‍ച്ചയും ഉണ്ടായിരുന്നില്ല.” ഇവിടെ നെഹ്‌റു മൗലാന മുഹമ്മദ് അലിയും മുഹമ്മദ് അലി ജിന്നയും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിര്‍രേഖ വരക്കുകയാണ്.

1931ന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച് സ്വാതന്ത്ര്യം നേടിയെടുത്തിട്ടല്ലാതെ തിരിച്ചില്ലെന്ന നിശ്ചയത്തോടെ ലണ്ടനിലേക്ക് പോയ മുഹമ്മദ് അലി അവിടെ അസുഖബാധിതനായി മരിച്ചു. സ്വതം, സമുദായം, ദേശം, എന്നീ ചോദ്യങ്ങളെ കുറിച്ച് നമ്മെ പുനര്‍വിചിന്തനം നടത്താന്‍ മുഹമ്മദ് അലി പ്രേരിപ്പിക്കുന്നു. ദേശീയവാദവും അതിന്റെ മതേതര ചട്ടക്കൂടും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അലി ചൂണ്ടികാട്ടുന്നു. ഉപഭൂഖണ്ഡത്തിന്റെ പല കോണുകളിലും പലതരം ഹിംസകള്‍ക്ക് വിധേയരാകുന്ന മുസ്‌ലിംകള്‍ക്ക്, വിമര്‍ശനാത്മക ചിന്തക്കുതകുന്ന എകീകരണ കേന്ദ്രമായി മുഹമ്മദ് അലി ഇസ്‌ലാമിനെ അടയാളപ്പെടുത്തുന്നു.

മുഹമ്മദ് അലി സ്വജീവിതത്തെ എങ്ങിനെ മനസ്സിലാക്കുന്നു എന്ന് അദ്ദേഹം സയ്യിദ് അഹമദ് ഖാനെ കുറിച്ച് പറയുന്നതില്‍ നിന്നും മനസ്സിലാക്കാം. 1923ലെ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം തന്റെ സഹോദരന്‍ ഷൗക്കത്ത് അലി പബ്ലിക് സര്‍വീസില്‍ ആയിരുന്നപ്പോള്‍ ഒരു മുതിര്‍ന്ന ഇംഗ്ലീഷ് ഓഫീസറുമായി നടത്തിയ സംഭാഷണത്തെ പറ്റി പറയുന്നുണ്ട്: ‘ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്ന ഏറ്റവും വലിയ കലഹകാരി ആരെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഓഫീസര്‍ ഷൗക്കത്ത് അലിയോട് ചോദിച്ചു. ഷൗക്കത്ത് അലിയുടെ ഉത്തരമെന്തായിരുന്നെന്നു മുഹമ്മദലി പറയുന്നില്ല. തീര്‍ച്ചയായും അത് ഗാന്ധി’ എന്നായിരിക്കും. തന്റെ അനിയന്റെ ഉത്തരം തിരുത്തിക്കൊണ്ട് വളയരെയധികം അനുഭവങ്ങളുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആ കലഹകാരി സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ആണെന്നായിരുന്നു. ഈ അത്ഭുതപ്പെടുത്തുന്ന കാര്യം നിഷേധിച്ച ഷൗക്കത്ത് അലിയോടു ആ ഓഫീസര്‍ ഇങ്ങനെ പറഞ്ഞു. വിന്‍ജെസ്‌റ്റെറിലും മറ്റുമുള്ള ഞങ്ങളുടെ കുട്ടികളെ പോലെ, അലിഗഡില്‍ പഠിക്കുന്ന ഈ മുസ്ലിം യുവത്വം അനുസരണയുള്ള സിവിലിയന്‍സായി മാറുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല, ഷൌക്കത്ത് അലി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണനാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. നിങ്ങളുടെ ബ്രിട്ടീഷ് രാജഭക്തനായ അഹമദ് ഖാനാണ് ഇന്നത്തെ മുഖ്യ എതിര്‍പ്പുകാരന്‍ ‘.

അങ്ങനെ മുഹമ്മദ് അലി പറയുന്നത് തനിക്ക് തന്റെ ജീവിതത്തെ മനസ്സിലാക്കി, ഒരു ആത്മകഥ എഴുതണമെങ്കില്‍, അതിനൊരു പാന്‍ ഇസ്ലാമിനെ നിര്‍മിക്കേണ്ടതുണ്ട് എന്നാണ്. കാരണം, ഈ ഇസ്‌ലാമിക ലോകവുമായി ബന്ധപെട്ടതാണ് മുഹമ്മദ് അലിയുടെ സ്വത്വം. പാന്‍ ഇസ്‌ലാമിസം എപ്പോഴും സാമുദായിക ഭിന്നതക്ക് വഴിവെക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് തെറ്റാണ്. യഥാര്‍ത്ഥത്തില്‍ പാന്‍ ഇസ്ലാമിസം ഇന്ത്യയിലെ മുസ്ലിങ്ങളെ ഇന്ത്യക്കാരായി ജീവിക്കാന്‍ വഴിയൊരുക്കുന്നു. മമ്പുറം തങ്ങളുടെ കാര്യമെടുക്കുക. രണ്ടു തങ്ങമ്മാര്‍. ഒരാള്‍ സിറിയയില്‍ ജനിച്ച് മലബാറില്‍ മരിക്കുന്നു. മറ്റൊരാള്‍ മലബാറില്‍ ജനിച്ച് തുര്‍ക്കിയില്‍ മരിക്കുന്നു. മലബാരി ആയ പിതാവും ബ്രിട്ടീഷുകാര്‍ നാട് കടത്തിയതിന് ശേഷവും മലബാരിയായി തുടരുന്ന മകനും.

അമിതമായി സങ്കല്‍പ്പിക്കപ്പെട്ട ഇന്ത്യക്ക് വ്യത്യാസങ്ങളും വൈവിധ്യങ്ങളും എന്നും ഭീഷണിയാണ്; അത് ജാതിയുടെയോ മതത്തിന്റെയോ എന്തിന്റെ തന്നെ വ്യത്യസ്തത ആണെങ്കിലും ശരി. അതുകൊണ്ടാണ് ബഹുസ്വരതയെപറ്റി പറയുമ്പോള്‍ ഉടനടി നാനാത്വത്തിലെ ഏകത്വത്തെ പറ്റി നമുക്ക് പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും ‘നാനാത്വം’ഏകീകരിക്കേണ്ടി’വരുന്നത്? എന്ത് കൊണ്ട് വൈവിധ്യത്തെ വൈവിധ്യവത്കരിച്ചുകൂടാ? എന്ത് കൊണ്ട് വൈവിധ്യത്തെ അങ്ങനെതന്നെ അംഗീകരിച്ചുകൂടാ? എന്തിനാണ് ഒരു ഏകാത്മക കാറ്റഗറിയാക്കി വ്യതസ്തയെ നിരാകരിക്കുന്നത്? ഈ ചോദ്യങ്ങളാണ് മുഹമ്മദ് അലി 1930കള്‍ക്ക് മുന്‍പേതന്നെ തന്റെ ആത്മകഥയിലൂടെ ഉയര്‍ത്തുന്നത്. അദ്ദേഹം മതേതരത്വത്തോട് ഉന്നയിക്കുന്ന ഈ ചോദ്യങ്ങള്‍ ഇന്നും വളരെ പ്രബലമാണ്.

 

എം. ടി അന്‍സാരി