Campus Alive

എത്രത്തോളം ദേശവിരുദ്ധരാണ് നിങ്ങള്‍?

എസ്.ഐ.ഒ ഹൈദരാബാദ് ഘടകം പുറത്തിറക്കിയ പ്രസ്താവന

വിവ: ഷാഹിദ്. എം. ഷമീം

നീതിക്കും ജനാധിപത്യത്തിനും വേണ്ടി രാജ്യത്തുടനീളം നടന്ന്‌കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അതിന് തുടക്കം കുറിക്കപ്പെട്ടത്. ജെ.എന്‍.യു വിന് മേല്‍ ദേശീയവിരുദ്ധത എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. രോഹിത് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഡല്‍ഹിയിലെത്തി എന്നതാണ് ഇത് കാണിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോഹിതിനെയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെയും അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെയും കേന്ദ്രമന്തി ബന്ദാര്‍ ദേശവിരുദ്ധരായി മുദ്രകുത്തുന്നത്. ദേശവിരുദ്ധരുടെ താവളമായാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ആരോപിക്കപ്പെട്ടത്. അതിനാല്‍ തന്നെ ജുഡീഷ്യല്‍ കൊലകള്‍ക്കെതിരെ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ അറസ്റ്റിനെതിരെ പ്രക്ഷോഭം നടത്തുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളെയും സംഘടനകളെയും ഈയവസരത്തില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. മേല്‍ജാതി ഹിന്ദു വയലന്‍സിനെതിരെയുള്ള കൂട്ടമായ പോരാട്ടത്തിന്റെ ആദ്യപടിയാകുമിതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. എന്നാല്‍ അതേ സമയം, കശ്മീര്‍ വിദ്യാര്‍ഥികളെക്കുറിച്ച ഭീതി പരത്തിക്കൊണ്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ ചെറുക്കുന്നതില്‍ അത്തരം കൂട്ടായ ശ്രമങ്ങള്‍ക്കായില്ലെങ്കില്‍ നീതിയും ജനാധിപത്യവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ പരാജയപ്പെടും എന്നത് തീര്‍ച്ചയാണ്. സംഘ്പരിവാര്‍ സംഘടനകള്‍ പ്രശ്‌നമുണ്ടാക്കിയത് കാരണം The coutnry without post office എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയെ തള്ളിപ്പറഞ്ഞ ജെ.എന്‍.യു വിലെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളുടെ നടപടി ദു:ഖകരമാണ്. ആ പരിപാടിയുടെ പേര് പോലും പറയാന്‍ മടിച്ച അവര്‍ February 9th event എന്നാണ് അതിനെ വിശേഷിപ്പിച്ചത്.

സ്വയം നിര്‍ണ്ണയാവകാശത്തിനായുള്ള കശ്മീരി ജനതയുടെ പോരാട്ടങ്ങളെ എങ്ങനെയാണ് നീതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവുക? അഫ്‌സല്‍ ഗുരുവിന്റെ ജുഡീഷ്യല്‍ കൊലക്കെതിരെ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ഇടത് സംഘടനകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇത്തരം കയ്‌പേറിയ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിനും മുന്നോട്ട് പോകാന്‍ സാധ്യമല്ല. ബ്രാഹമണിക്കലായ ഇന്ത്യന്‍ ദേശീയതയെ നിരന്തരമായി ചോദ്യം ചെയ്ത് കൊണ്ട് മാത്രമേ സാമൂഹ്യ നീതിക്കായുള്ള ഏത് പോരാട്ടവും തുടക്കം കുറിക്കപ്പെടുകയുള്ളൂ. ദേശവിരുദ്ധം എന്ന് മുദ്രകുത്തപ്പെട്ട The country without post office എന്ന പരിപാടിക്ക് ഞങ്ങള്‍ ഈയവസരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.

ഇതിനിടയില്‍ തങ്ങള്‍ ദേശസ്‌നേഹികളാണ് എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും ചിലയാളുകള്‍ നടത്തുന്നുണ്ട്. ആരാണ് ഏറ്റവും വലിയ ദേശസ്‌നേഹി എന്ന വിഷയത്തില്‍ അവര്‍ സംഘ്പരിവാറുകളോട് മത്സരിക്കുകയാണ്. വിയോജിക്കാനുള്ള അവകാശത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ബ്രാഹ്മണിക്കല്‍ ഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയത്തോടുള്ള വിമര്‍ശനാത്മകമായ എന്‍ഗേജ്‌മെന്റിനെതിരെ നിലകൊള്ളുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളുകളാണ് എന്നതാണ് രസകരമായ വസ്തുത. ദേശീയതയുടെ പേരില്‍ നടന്ന്‌കൊണ്ടിരിക്കുന്ന അനീതിക്കെതിരെ ശബ്ദിക്കാനുള്ള അവകാശമില്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്? ഉമര്‍ ഖാലിദിന്റെ മാധ്യമ വിചാരണയുടെയും എസ്. എ.ആര്‍ ഗിലാനിയുടെയും കന്‍ഹയ്യ കുമാറിന്റെയും അറസ്റ്റിന്റെയും യഥാര്‍ത്ഥ സാമൂഹിക കാരണങ്ങള്‍ ഇസ്‌ലാമോഫോബിയവും ബ്രാഹ്മണിക്കല്‍ ദേശീയതയുമാണ്. ജെ.എന്‍.യു വും ഈ ബ്രാഹ്മണിക്കല്‍ സാമൂഹ്യ ക്രമത്തിന് പുറത്തല്ല. ‘ജെ.എന്‍.യു വിനെ രക്ഷിക്കുക’ എന്ന ഇടത്പക്ഷ വാചോടോപം ഒരര്‍ത്ഥത്തിലും ബ്രാഹ്മണിക സാമൂഹ്യക്രമത്തെ ചോദ്യം ചെയ്യുന്നില്ല. ‘ജെ.എന്‍.യു വിനെ രക്ഷിക്കുക എന്നല്ല, മറിച്ച് ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ജെ.എന്‍.യു വിനെ പുനര്‍നിര്‍മ്മിക്കുക എന്ന മുദ്രാവാക്യമാണ് നാമുയര്‍ത്തേണ്ടത്.

രോഹിത് വെമുലയുടെ നീതിക്ക് വേണ്ടി നടന്ന പോരാട്ടങ്ങള്‍ ഉയര്‍ത്തിയ സാമൂഹ്യ നീതിയുടെ പ്രതിധ്വനികള്‍ ജെ.എന്‍.യുവിനെ പുനര്‍നിര്‍മ്മിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമേകുമെന്നത് തീര്‍ച്ചയാണ്. അരികുവല്‍കരിക്കപ്പെട്ടവര്‍ക്കെതിരെ നടക്കുന്ന ജുഡീഷ്യല്‍ വിവേചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് മുസ്‌ലിംകളുടെയും ദലിതരുടെയും ആദിവാസികളുടെയും രക്തത്തിലൂടെ മാത്രം തൃപ്തിയടയുന്ന ബ്രാഹ്മണിക് പൊതു ബോധത്തെക്കുറിച്ചാണ്.

ദേശീയതയെ അളക്കാനുള്ള അവകാശം അവരുടെ കൈയ്യിലായിരിക്കെ മൗലികമായ ചോദ്യമിതാണ്: എത്രത്തോളം ദേശവിരുദ്ധരാണ് നിങ്ങള്‍?