Campus Alive

ഇഫ്‌ലുവിലെ ദലിത്-ബഹുജന്‍ രാഷ്ട്രീയം: എസ്.എ.ജെ.ഡി രൂപീകരണത്തെക്കുറിച്ച്

യൂനിവേഴ്‌സിറ്റി ക്യാമ്പസുകളിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍ പൊതുവെ നടത്തപ്പെടുന്നവയാണ് അവിടങ്ങളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുള്ള വെറുമൊരു ഇടപെടല്‍ എന്നതിലുപരി സവിശേഷമായ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി , വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തന്നെ നിലനില്‍ക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുടെയും അവരുടെ തന്നെ പ്രത്യയ ശാസ്ത്ര വൈജാത്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നായി കാണേണ്ടവയാണ് ഇത്തരം തെരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ യൂനിവെഴിസിറ്റികളിലെ ഇലക്ഷനുകളെ മുന്‍നിര്‍ത്തിയുള്ള മറ്റൊരു പ്രധാന നിരീക്ഷണമാണ് ലിംഗ്‌ദോ കമ്മറ്റി ശിപാര്‍ശകളും അത് മൂലം തികച്ചും യാന്ത്രികം ആയി മാറിയ വിദ്യാര്‍ഥി പ്രതിനിധാനങ്ങളും. ഈയിടെ നടന്ന ഇഫ്‌ലു (The English and Foreign Languages Universtiy) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അവലംബിച്ചതും ഇതേ ലിംഗ്‌ദോ കമ്മറ്റി ശിപാര്‍ശകളും അതിലൂടെ പ്രായ പരിധിയിലും, അച്ചടക്ക നടപടിയിലും, കോഴ്‌സ് എക്‌സ്ടന്ഷനിലും ഈ കമ്മറ്റി പാലിച്ചു പോരുന്ന അസംബന്ധങ്ങളുമാണ്. ഇഫ്‌ലുവില്‍ സ്ഥിതി കുറച്ചു കൂടെ ഭീഭത്സമാണ്. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി യൂനിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പ്രതികാര നടപടി എന്നോണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത് ഉള്‍പ്പടെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇവിടുത്തെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.വിദ്യാര്‍ഥി കൗണ്‍സിലിന്റെ കേന്ദ്ര പാനലില്‍ ഒരു തരത്തിലുള്ള സംവരണ തത്വങ്ങളും പാലിക്കപ്പെട്ടില്ല.ഇഫ്‌ലു അധികൃതര്‍ കാലങ്ങളായി കൊണ്ട് നടക്കുന്ന സ്വേച്ചാധിപത്യമനോഭാവം അരക്കെട്ടുറപ്പിക്കുകയാണ് ഇത് പോലെ ഒരു പാവ വിദ്യാര്‍ഥി കൗണ്‍സില്‍ അധികാരത്തില്‍ വരുന്നതോടെ സംഭവിക്കുക.

ബ്രാഹ്മണിക്കല്‍ ഹിന്ദു ദേശീയതക്ക് അനുരൂപമായി വാര്‍ക്കപ്പെടുന്നവയാണ് ഒട്ടു മിക്ക ഉന്നത വിദ്യാഭ്യാസ നയങ്ങളും. സി പി ഐ (എം) ന്റെ വിദ്യാര്‍ഥി വിഭാഗമായ എസ് എഫ് ഐ കേന്ദ്ര സര്‍വകലാശാലകളില്‍ തുടര്‍ സാന്നിധ്യം അറിയിക്കുന്നത് ഇതേ ഹിന്ദുത്വ വിരുദ്ധ വാചോടപങ്ങള്‍ എമ്പാടും ഉപയോഗിച്ചാണ്. ജാതി വ്യവസ്ഥയെ ഏതെങ്കിലും തരത്തില്‍ അഭിമുഖീകരിക്കാന്‍ പക്ഷെ എസ് എഫ് ഐ തയാറായിട്ടില്ല.ദലിത്, ആദിവാസി, ഒ ബി സി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ, അതിനായുള്ള പോരാട്ടങ്ങളെ തന്ത്ര പൂര്‍വ്വം അരുക്കാക്കുന്ന രീതിയാണ് പുറമേ അതീവ പുരോഗമന പരവും ആധുനികവുമായ ഭാഷയില്‍ പൊതിഞ്ഞു ഇവര്‍ അവതരിപ്പിക്കുന്നത്. തീര്‍ത്തും ഏകപക്ഷീയമായ ഭാഷ പക്ഷവാദവും വരേണ്യ രാഷ്ട്രീയവും ഉപയോഗപ്പെടുത്തിയാണ് ഇഫ്‌ലു ഹൈദരാബാദിലെ 2015-16 അക്കാദമിക വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പാനല്‍ വിജയം കൊയ്തത്. ഇന്ത്യയിലെയും പുറത്തെയും വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വന്ന് പഠിക്കുന്ന ക്യാമ്പസ് ആയിരുന്നിട്ട് കൂടി ഏകപക്ഷീയ മലയാളി പാനല്‍ മുന്‍ നിര്‍ത്തി ഇലക്ഷന്‍ നേരിട്ട എസ് എഫ് ഐ വിരല്‍ ചൂണ്ടുന്നത് അവരുടെ തന്നെ രാഷ്ട്രീയ പൊള്ളത്തരത്തിലേക്കാണ്.

വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ദീര്‍ഘ നാളായി വിദ്യാര്‍ഥികള്‍ നടത്തി പോന്നിരുന്ന പ്രക്ഷോഭങ്ങളുടെ ഫലമാണ് യഥാര്‍ത്ഥത്തില്‍ ഇഫ്‌ലു വില്‍ ഇപ്പോള്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്. മൗലിക അവകാശങ്ങളില്‍ പെട്ട ആവിഷ്‌കാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ചര്‍ച്ചകളും മറ്റും കരുതിക്കൂട്ടി ഇല്ലായ്മ ചെയ്യപ്പെട്ട അവസ്ഥയില്‍ നിന്നാണ് പ്രക്ഷോഭങ്ങള്‍ തുടക്കം കുറിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ കോളേജ് മെസ്സില്‍ മാംസാഹാരം വിളംബിയതിനും , ‘സ്വച്ച് ഇഫ്‌ലു’ എന്ന പരിപാടിക്കുള്ളില്‍ അടങ്ങിയിരിക്കുന്ന ജാതി വായനകള്‍ ഫെയിസ് ബുക്കില്‍ കുറിച്ചതിനും കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം രൂക്ഷമായി. പക്ഷെ, ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ സൗകര്യ പൂര്‍വ്വം തഴയപ്പെടുന്നതാണ് പിന്നീട് കണ്ടത്. അതിനു പകരം ‘ജനപ്രിയ’ അജണ്ടയായ തെരഞ്ഞെടുപ്പ് മാത്രം മുഖ്യധാര ചര്‍ച്ചയില്‍ അലയടിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം ആവുന്നത്തിന്റെ വ്യര്‍ത്ഥത ഞങ്ങള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു. എന്നിട്ടും , സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും വിലക്കുന്നതടക്കമുള്ള മൗലിക അവകാശ ധ്വംസനങ്ങള്‍ക്ക് നേരെ കണ്ണടച്ചും അധസ്ഥിതരുടെയും വിഭിന്ന ശേഷിയുള്ളവരുടെയും കോണ്ട്രാക്റ്റ് തൊഴിലാളികളുടെയും വിഷയങ്ങള്‍ കൈയ്യൊഴിഞ്ഞും ‘തെരഞ്ഞെടുപ്പ്’ എന്ന ഒറ്റ ബിന്ദുവിലേക്ക് പ്രക്ഷോഭം നയിക്കപ്പെട്ടു. സമ്പൂര്‍ണ വെജിറ്റേറിയനിസം പ്രഘോഷിക്കുന്ന സ്ഥാപനവല്കൃത ബ്രാഹ്മണിക്കല്‍ ഹൈന്ദവത വേരു പിടിക്കുന്നത്തിന്റെ അപകടങ്ങളെ പറ്റിയും ഞങ്ങള്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചു. മേല്‍ പറഞ്ഞ രീതിയില്‍ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഒരു തെരഞ്ഞെടുപ്പ് അറിയിപ്പ് നോട്ടീസ് എല്ലാ പ്രക്ഷോഭങ്ങളും അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

ഇഫ്‌ലുവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍, അതിന്റെ നടത്തിപ്പ് രീതിയില്‍ യാതൊരു വിധ വിശ്വാസവും ഇല്ലാതിരുന്നിട്ടും, ഞങ്ങള്‍ മത്സരിക്കാന്‍ തയാറായി. നിലവിലുള്ള എല്ലാ നീതി നിഷേധങ്ങളും അവകാശ ലംഘനങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുകയില്ലെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നിട്ടും, ഇഫ്‌ലു വിദ്യാര്‍ഥി സമൂഹത്തിന്റെ ബഹു മുഖ പ്രശ്‌നങ്ങള്‍ ചര്‍ച്ചയെങ്കിലും ആവട്ടെ എന്ന ഉദ്ദേശ്യത്തില്‍ ആയിരുന്നു ഈ തീരുമാനം. ഇഫ്‌ലുവിലെ ദലിത്-മുസ്ലിം-ആദിവാസി വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതിനിധാനം എന്ന ആശയത്തില്‍ ഊന്നിയുള്ള ഒരു സഖ്യം എന്ന ആലോചനില്‍ നിന്നാണ് എസ് എ ജെ ഡി (Students Alliance for Justice and Democracy) ഉണ്ടാവുന്നത്. എസ് എ ജെ ഡി ഉയര്‍ത്തി കൊണ്ട് വരുന്നത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ഒരു പുത്തന്‍ മാതൃകയാണ്. ഒരേ അവസരം വലതു പക്ഷ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ശക്തികള്‍ക്കും ‘മതേതര ലിബറലുകളുടെ’ ഫ്യൂഡലിസ്റ്റിക്ക് പ്രവണതകള്‍ക്കും എതിരാണത്. വലതു പക്ഷ ഹിന്ദുത്വ ശക്തികളുടെ വരേണ്യ ജാതീയ പ്രവണതകള്‍ എടുത്തു കാട്ടാന്‍ എളുപ്പമാണ്. ‘മതേതര ലിബറലുകളുടെ’ ഉള്ളിലെ സമാന പ്രവണതകള്‍ തുറന്നു കാട്ടുക എന്നത് പക്ഷെ ശ്രമകരവും ആണ്. നിലവിലുള്ള അവസ്ഥക്ക് യാതൊരു കോട്ടവും തട്ടാതെ ബ്രാഹ്മണിക്കല്‍ മെറിറ്റൊക്രസിയില്‍ നിന്ന് ഉരുവം കൊള്ളുന്നവയാണ് ഇന്ത്യന്‍ ലിബറലുകളുടെ ആശയാടിത്തറ എന്നത് തന്നെയാണ് അവരുടെ പ്രധാന പ്രശ്‌നവും.

ദളിത്, ന്യൂനപക്ഷ അനുകൂല മുദ്രാവാക്യങ്ങള്‍ ഒരുപാട് മുഴക്കാറുണ്ടെങ്കിലും, വിദ്യാര്‍ഥി ഐക്യ ദാര്‍ഡ്യ ശബ്ദങ്ങളുടെ അവസാന വാക്കായി അവതരിപ്പിക്കാറുണ്ടെങ്കിലും എസ് എഫ് ഐ അവരുടെ പാനലില്‍ ഒരു ദലിത് സ്ഥാനാര്‍ഥിയെ പോലും ഉള്‍പ്പെടുത്തിയില്ല.യൂനിവേഴിസിറ്റി അധികൃതര്‍ പുലര്‍ത്തുന്ന വരേണ്യ, സ്വേഛാധിപത്യ നിലപാടുകളെ അവര്‍ നിരന്തരം എതിര്‍ക്കാറുണ്ടെങ്കിലും അവരുടെ തന്നെ തെരഞ്ഞെടുപ്പ് പാനല്‍ ഇതിനു കടക വിരുദ്ധ നിലപാട് എടുക്കുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവര്‍ക്ക് മുസ്ലിം സംഘടനകളോടുള്ള വിദ്വേഷം മറ നീക്കി പുറത്ത് വരികയും ചെയ്തു.അതിനെല്ലാം ഉപരി എസ് എ ജെ ഡി ഒരു വര്‍ഗീയ കൂട്ടായ്മ ആണെന്നും പൊതു വിദ്യാര്‍ഥി നന്‍മക്കായും അച്ചടക്ക നടപടി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഒരു നടപടിയും എടുക്കില്ലെന്നുമുള്ള നുണ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടുമാണ് അവര്‍ വോട്ട് നേടാന്‍ ശ്രമിച്ചത്. എസ് എ ജെ ഡി അംഗങ്ങള്‍ ജനാധിപത്യ പുനസ്ഥാപനത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്നിട്ടും വിഘടിത രാഷ്ട്രീയം കളിക്കുന്നവരെന്നും പട്ടിക ജാതി/ വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയ കരുക്കള്‍ മാത്രം ആക്കിയവരെന്നും എസ് എ ജെ ഡി മുദ്ര കുത്തപെട്ടു. ‘നമുക്കിടയില്‍ ചിലര്‍ അഡ്മിഷന്‍ റദ്ദ് ചെയ്യപ്പെടും എന്ന ഭീഷണി നേരിടുമ്പോള്‍ വേറെ ചിലര്‍ പട്ടിക ജാതി/വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളെ ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. മനസാക്ഷി മരിച്ചാല്‍ എന്താണ് രക്ഷ?’ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ സമയത്ത് ഇപ്പോഴത്തെ ഇഫ്‌ലു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡണ്ട് ഫെയിസ് ബുക്കില്‍ നടത്തിയ പരിദേവനം ആണിത്. എസ് എഫ് ഐ ക്ക് മാത്രമേ മനസാക്ഷി വോട്ട് ചെയ്യേണ്ടതുള്ളൂ എന്ന് പറയുകയായിരുന്നു ഇതിലൂടെ. വരേണ്യ ലിബറല്‍ മനസാക്ഷി പേറാന്‍ ഞങ്ങള്‍ തയാറാവത്തത് കൊണ്ട് തന്നെ മറുപടിയായി ഞങ്ങള്‍ കുറച്ചു ചോദ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചു.ഒരു അന്ധ വിദ്യാര്‍ഥിയുടെ അഡ്മിഷന്‍ റദ്ദാക്കിയപ്പോള്‍ അവരും അവരുടെ ‘ജനാധിപത്യ’ സംഘടനയും എവിടെയായിരുന്നു? സാമ്പത്തികവും സാമൂഹികവും ആയി പിന്നാക്കം നില്‍ക്കുന്ന 60 ഓളം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഫീസ് അടക്കാന്‍ പെടാപാട് പെടുമ്പോള്‍ ഇവര്‍ എന്തെടുക്കുകയായിരുന്നു? വിഭിന്ന ശേഷിയുള്ളവരും, പിന്നാക്കക്കാരും ഇവരുടെ ഉട്ടോപ്പിയന്‍ ജനാധിപത്യ സങ്കല്‍പ്പനങ്ങള്‍ക്കുള്ളില്‍ വരാത്തവരാണോ? ശരിയാണ്. എസ് എ ജെ ഡി എന്നും വിദ്യാര്‍ഥി പക്ഷത്ത് തന്നെ നില കൊള്ളുന്നവരാണ്. അത് കൊണ്ടാണ് ലൈബ്രറി പ്രക്ഷോഭം നടത്തിയതില്‍ മൂന്ന് പേരെ പ്രതികാര നടപടി എന്നോണം അഡ്മിന്‍ പുറത്താക്കിയപ്പോള്‍ ,ഇപ്പോള്‍ ഞങ്ങളെ വിദ്യാര്‍ഥി വിരുദ്ധര്‍ എന്ന് ആക്ഷേപിക്കുന്നവരില്‍ പലരും രംഗത്ത് വരാതിരുന്നിട്ടും, ഞങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയത്. സതീഷ് നൈനാല എന്ന വിദ്യാര്‍ഥി ക്രൂരമായി ഹോസ്റ്റലില്‍ നിന്ന് ലാപ്‌ടോപും, പുസ്തകങ്ങളും വസ്ത്രങ്ങളും കണ്ടു കെട്ടി പുറത്താക്കപ്പെടുമ്പോള്‍ ഇതേ എസ് എഫ് ഐ ക്കാരില്‍ ആരും പ്രക്ഷോഭത്തിനു ഇറങ്ങിയതായി കണ്ടിട്ടുമില്ല.

ഞങ്ങള്‍ ദളിത് ആദിവാസി ന്യൂനപക്ഷ, ട്രാന്‍സ് ജെന്റര്‍, വിഭിന്ന ശേഷിക്കാര്‍ക്ക് ഒപ്പമാണ് എന്ന് പറയുമ്പോള്‍ അതിനു ഞങ്ങള്‍ മറ്റു വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ ഇടപെടാത്തവര്‍ ആണെന്ന് അര്‍ഥമില്ല. ഔദാര്യം അല്ലാതെ പ്രാധാന്യം കൊടുത്ത് കൊണ്ട് മേല്‍ പറഞ്ഞ ‘കുറഞ്ഞു പോയവരുടെ’ പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുക എന്നത് ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ഞങ്ങള്‍ മനസിലാക്കുന്നു. ഇക്കാരണത്താല്‍ ആണ് എസ് എ ജെ ഡി, ഇഫ്‌ലു വിന്റെ എല്ലാ വിധ വൈവിധ്യങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് ദളിത്, ആദിവാസി, മുസ്ലിം, വിഭിന്ന ശേഷി വിഭാഗങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഞങ്ങളുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥി തന്നെ ഒരു അന്ധ വിദ്യാര്‍ഥി ആയിരുന്നു.ഈ ക്യാമ്പസിലെ വിഭിന്ന ശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതും അത് അവതരിപ്പിക്കാന്‍ കഴിയുന്നതും ആയ ഒരാളാണ് അദ്ദേഹം. വിഭിന്ന ശേഷിയുള്ളവരുടെ പല തരം പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. സാമൂഹിക, അക്കാദമിക, വിഭവ മേഘലകള്‍ വിഭിന്ന ശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൂടി പ്രാപ്യം ആവുക എന്നത് എസ് എ ജെ ഡി യുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

ഞങ്ങള്‍ എസ് എ ജെ ഡി എന്ന മുന്നണി വീണ്ടും ഇതേ അര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ആണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യ നീതി പുലരാത്ത ജനാധിപത്യം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജനാധിപത്യം ആണെന്നും ഞങ്ങള്‍ കരുതുന്നു. മേല്‍ജാതി ഹൈന്ദവ രാഷ്ട്രീയത്തെ പുല്‍കുന്ന എസ് എഫ് ഐ ക്ക് ദലിത്-ബഹുജന്‍ വ്ദ്യാര്‍ത്ഥികളുടെ സവിശേഷമായ രാഷ്ട്രീയ കര്‍തൃത്വത്തെ മനസ്സിലാക്കാന്‍ കഴിയില്ല എന്ന ഉറച്ച ബോധ്യത്തില്‍ നിന്ന് തന്നെയാണ് എസ് എ ജെ ഡി ഒരു മുന്നണി ആയി രൂപം കൊള്ളുന്നത് . അതിലൂടെ തുല്യ നീതിയും സമത്വവും വാക്കുകളില്‍ മാത്രം ഒതുങ്ങാത്ത ഒരു അന്തരീക്ഷം ഈ ക്യാമ്പസില്‍ സൃഷ്ടിക്കാനും എസ് എ ജെ ഡി ആഗ്രഹിക്കുന്നു. അതിനു തന്നെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതും.

മുഹമ്മദ്. കെ.ഇ