Campus Alive

സിനിമയും ഖയാലിന്റെ ലോകവും: മുല്ലാസദ്‌റയെ വായിക്കുമ്പോള്‍

ഇമാജിനലായ ലോകത്തെക്കുറിച്ച ഇസ്‌ലാമിന്റെ തത്വചിന്താപരമായ കാഴ്ചപ്പാടുകള്‍ സിനിമയുടെ തത്വചിന്തയെ കൂടുതല്‍ സമ്പന്നമാക്കും എന്നാണ് ലോറ മാര്‍ക്‌സ് പറയുന്നത്. ഇമേജുകളുടെ ലോകത്തെയാണ് ഇവിടെ ഇമാജിനല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രം, ഭാവന തുടങ്ങിയ ലളിതമായ വാക്കുകളാല്‍ അതിന്റെ സങ്കീര്‍ണ്ണതയെ മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ വിവര്‍ത്തനത്തിലുടനീളം ഇമാജിനല്‍ എന്നു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അറബിയില്‍ ആലമുല്‍ മിഥാല്‍, ആലമുല്‍ ഖയാല്‍ എന്നൊക്കെ അതിനെ വിളിക്കാവുന്നതാണ്. ഇസ്‌ലാമിക തത്വചിന്തയെ സംബന്ധിച്ചിടത്തോളം കവിതയെയും കലയെയുമെല്ലാം സാധ്യമാക്കുന്നത് ഖയാലിന്റെ (imagination) ലോകമാണ്. പേര്‍ഷ്യന്‍ ഫിലോസഫറായ മുല്ലാ സദ്‌റയാണ് ഖയാല്‍ എന്ന ആശയത്തെ വികസിപ്പിക്കുന്നത്. സ്പിനോസ, ലെയ്ബ്‌നിസ്, വൈറ്റഹെഡ് എന്നിവരുടെ process philosophy യുമായി അതിന്റെ സാമ്യതകള്‍ ഏറെയാണ്. ലോറ മാര്‍ക്‌സ് ഈ പഠനത്തില്‍ ചെയ്യുന്നത് ഖയാലിന്റെ (imagination) വംശാവലിയിലൂടെ സഞ്ചരിച്ച് അതിനെ സമകാലികമായ പാശ്ചാത്യ സിനിമാ തത്വചിന്തയുമായി താരതമ്യപ്പെടുത്തുകയാണ്. മുഹമ്മദ് അര്‍ക്കൂനെപ്പോലെയുള്ള ഇസ്‌ലാമിക തത്വചിന്തകരുടെ ഖയാലിനെക്കുറിച്ച ആലോചനകളെയും അവര്‍ പരിശോധിക്കുന്നുണ്ട്. സിനിമയോടുള്ള തത്വചിന്താപരമായ സമീപനത്തെ കൂടുതല്‍ രസകരമാക്കാന്‍ ലോറ മാര്‍ക്‌സ് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. മീഡിയ, ആര്‍ട്ട്, ഫിലോസഫി തുടങ്ങിയവയാണ് ലോറയുടെ ഇഷ്ട വിഭവങ്ങള്‍. Enfoldment and Infinity, Hanan al-Cinema: Affections for the Moving Image, The Skin of the Film തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

PART ONE

സിനിമാ പഠനങ്ങളൊന്നും തന്നെ ഇമേജുകളെ അത്ര പ്രാധാന്യപൂര്‍വ്വം പരിഗണിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ മനസ്സിലാക്കുന്നത് ഇസ്‌ലാമിക തത്വചിന്ത വികസിപ്പിച്ച ഖയാല്‍ (imagination) എന്ന ആശയത്തിന് സിനിമാ പഠനങ്ങളെ കൂടുതല്‍ താല്‍പര്യജനകമാക്കാന്‍ സാധിക്കുമെന്നാണ്. പേര്‍ഷ്യന്‍ തത്വചിന്തകനായ മുല്ലാ സദ്‌റയാണ് ഈ കണ്‍സപ്റ്റ് വികസിപ്പിക്കുന്നത്. മുല്ലാ സദ്‌റയെ വളരെയടുത്താണ് വെസ്റ്റ് വായിക്കാന്‍ തന്നെ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വളരെ കുറഞ്ഞ ടെക്‌സ്റ്റുകളാണ് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. സദ്‌റ പറയുന്നത് ഖയാലിന്റെ ലോകം (Imaginal Realm) നിലനില്‍ക്കുന്നത് റൂഹിലാണെന്നാണ്. അതിലൂടെ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ ബാഹ്യമായി ബുദ്ധി കൊണ്ട് നാം മനസ്സിലാക്കുന്നതിനെക്കാള്‍ യാഥാര്‍ത്ഥ്യമാണ്. ഖയാലിന്റെ ലോകം (Imaginal Realm) അടിസ്ഥാനപരമായി ഇമേജുകളെക്കുറിച്ച ആശയമാണ്. കവിതയുടെയും കലയുടെയും ഇമേജിന്റെയുമെല്ലാം പ്രാധാന്യത്തെ അത് നമുക്ക് മനസ്സിലാക്കിത്തരുന്നു. പ്രതിനിധാനപരമായി (representational) ഇമേജുകളെ മനസ്സിലാക്കുന്നതില്‍ നിന്ന് അത് നമ്മെ തടയുന്നു. ഇമേജുകളെ പ്രാധാന്യത്തെ അവഗണിക്കുന്ന സമീപനം പ്ലാറ്റോനിക് പാരമ്പര്യത്തില്‍ നിന്ന് തുടങ്ങി ഇസ്‌ലാമിക (പ്രത്യേകിച്ചും സുന്നി പാരമ്പര്യങ്ങളില്‍) ലോകത്ത് വരെ കാണാന്‍ സാധിക്കും. ഇപ്പോഴുള്ള മാധ്യമപഠനങ്ങളില്‍ പോലും ആ പ്രശ്‌നമുണ്ട്. അതേസമയം ഖയാലിനെക്കുറിച്ച സമീപനങ്ങളില്‍ ഇമേജുകള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ തത്വചിന്താ സമീപനങ്ങളില്‍ ഖയാലിന് (imaginal realm) നിര്‍ണ്ണായക പ്രാധാന്യമാണുള്ളത്. മുല്ലാസദ്‌റയെ സംബന്ധിച്ചിടത്തോളം ഖയാല്‍ എന്നത് ചലനമില്ലാതെ നിലനില്‍ക്കുന്ന ഒന്നല്ല. മറിച്ച് നിരന്തരമായി ഒരു പ്രക്രിയ (process) എന്ന പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണത്. സ്പിനോസ, ലെയ്ബ്‌നിസ്, ബെര്‍ഗ്‌സണ്‍, വൈറ്റ്‌ഹെഡ് തുടങ്ങിയ തത്വചിന്തകരുടെ പ്രോസസ് ഫിലോസഫിയുമായി അതിനെ താരതമ്യം ചെയ്യാവുന്നതാണ്. അതുപോലെ siegfried kracauer, sergei eisenstein, andre bazin, deleuze എന്നിവരുടെ സിനിമാ സങ്കല്‍പ്പങ്ങളുമായും ഖയാലിനെ (Imaginal realm) ചേര്‍ത്തുനിര്‍ത്തി വായിക്കാവുന്നതാണ്.

ലോറ മാര്‍ക്‌സ്

ഖയാലിനെക്കുറിച്ചെഴുതിയ ചില സമകാലിക മുസ്‌ലിം ചിന്തകരെ ഞാനീ പഠനത്തില്‍ പരിശോധിക്കുന്നുണ്ട്. അതിലൂടെ transcendental ആയി നിലനില്‍ക്കുന്ന ഖയാലിന്റെ immanent ആയ സാധ്യതകളെയാണ് ഞാന്‍ അന്വേഷിക്കുന്നത്. അതേസമയം മുല്ലാസദ്‌റയുടെ ഖയാലിനെക്കുറിച്ച ചിന്തകളെ മുന്‍നിര്‍ത്തി സിനിമയെ വായിച്ച അധിക പേരെയൊന്നും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇബ്‌നുഅറബിയുടെ ഖയാലിനെക്കുറിച്ച ആലോചനകളെക്കുറിച്ച് ശീഈ മിസ്റ്റിക്കും ഫിലോസഫറുമായ തബാതബഇയുടെ ശിഷ്യനായ ഹെന്റി കോര്‍ബിന്‍ എഴുതിയിട്ടുണ്ട്. കോര്‍ബിനെ ഉദ്ധരിച്ച് കൊണ്ട് ഫിലിം സ്‌കോളറായ തന്‍യ പറയുന്നത് ഏലിയ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ എന്ന സിനിമയില്‍ കാണിച്ചിട്ടുള്ളത് ഫാന്റസിയോ സര്‍റിയലിസമോ അല്ല, മറിച്ച് ഖയാലിന്റെ ഇമേജുകളാണ് എന്നാണ്.

ഖയാലിന്റെ (Imagination) ചരിത്രം

ഫിലോസഫിയുടെ ലോകം ഇമാജിനേഷനെക്കുറിച്ച സിദ്ധാന്തങ്ങളാല്‍ സമ്പന്നമാണ്. ഞാന്‍ ഈ പഠനത്തില്‍ വായിക്കുന്നത് ഗ്രീക്ക്, അറബിക്, ഇസ്‌ലാമിക്, യൂറോപ്യന്‍ ഫിലോസഫികളെയാണ്. ഇസ്‌ലാമിക് പെരിപ്പാറ്റെറ്റിക് ഫിലോസഫിയും ആധുനിക വെസ്റ്റേണ്‍ ഫിലോസഫിയും അരിസ്റ്റോട്ടിലിനെ പിന്തുടര്‍ന്നു കൊണ്ട് ഇമാജിനേഷന്‍ മനുഷ്യന്റെ ബോധത്തില്‍ നിന്ന് വരുന്നതാണെന്ന വാദമാണ് മുന്നോട്ടുവെച്ചത്. അതേസമയം ഈസ്‌റ്റേണ്‍ ഇസ്‌ലാമിക തത്വചിന്ത ഇമാജിനേഷനെക്കുറിച്ച നിയോപ്ലാറ്റോണിക് ആശയത്തെയാണ് സ്വീകരിച്ചത്. അതുപ്രകാരം ഇമാജിനേഷന്‍ എന്നത് ദൈവികമായ ഇമേജുകളുടെ സ്വീകരണമാണ്. ഇനി ഇമാജിനേഷനെക്കുറിച്ച സദ്‌റയുടെ ചിന്തകളെ വായിക്കണമെങ്കില്‍ എങ്ങനെയാണ് ഫിലോസഫര്‍മാര്‍ ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് എന്ന് നോക്കേണ്ടതുണ്ട്: ഏത് തരത്തിലുള്ള യാഥാര്‍ത്ഥ്യത്തെയാണ് ഇമാജിനേഷന്‍ ഉള്‍ക്കൊള്ളുന്നത്? ഓര്‍മ്മയുടെ ഇമേജുകളും ഖയാലിന്റെ (imaginal) ഇമേജുകളും തമ്മിലുള്ള വ്യത്യാസമെന്താണ്? എവിടെ നിന്നാണ് ഖയാലിന്റെ ഇമേജുകള്‍ വരുന്നത്? മനുഷ്യരുടെ ബോധമണ്ഡലത്തില്‍ നിന്നാണോ അല്ലെങ്കില്‍ അതിനപ്പുറമുള്ള ഏതെങ്കിലും ഇടത്തു നിന്നാണോ?

പ്ലോറ്റോ പറഞ്ഞത് ഇമാജിനേഷന്‍ എന്നത് ഭൗതികവും അഭൗതികവുമായ അനുഭവങ്ങള്‍ക്കിടയിലെ മധ്യവര്‍ത്തിയാണെന്നാണ്. ഇസ്‌ലാമിക ചിന്തയില്‍ അതിന് വികാസമുണ്ടായിട്ടുണ്ട്. അരിസ്റ്റോട്ടിലാകട്ടെ, ശരീരത്തെയും തലച്ചോറിനെയും കൂടുതല്‍ പ്രാധാന്യപൂര്‍വ്വം കാണുകയും ആന്തരിക ഇന്ദ്രിയങ്ങളെക്കുറിച്ച സിദ്ധാന്തം അവതരിപ്പിക്കുകയും ചെയ്തു. അവ ഉല്‍പ്പാദിപ്പിക്കുക post-sensory ആയ ഇമേജുകളെയാണ്. ഓര്‍മ്മ,സ്വപ്നം, ഫാന്റസി എന്നിവയെല്ലാം നിര്‍മ്മിക്കുന്നത് അത്തരത്തിലുള്ള ഇമേജുകളെയാണ്.

വൈറ്റ്‌ഹെഡ്‌

അരിസ്റ്റോട്ടില്‍ Active Intellect എന്ന ഒരാശയം മുന്നോട്ടുവെക്കുന്നുണ്ട്. ഒരു ഹ്യൂമന്‍ ഫാക്കല്‍റ്റി എന്ന നിലക്കാണോ ദൈവികമായ അര്‍ത്ഥത്തിലാണോ അരിസ്‌റ്റോട്ടില്‍ ആക്റ്റീവ് ഇന്റലക്റ്റ് എന്നുപയോഗിച്ചത് എന്നത് വ്യക്തമല്ല. നമുക്ക് രണ്ടാമത് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കാം. അതിനെ നമുക്ക് മുകളില്‍ നിന്ന് താഴോട്ടുള്ള സിദ്ധാന്തം എന്ന് വിളിക്കാവുന്നതാണ്. ഗ്രീക്ക് നിയോപ്ലാറ്റോണിസ്റ്റുകളാണ് അതിനെ വികസിപ്പിക്കുന്നത്. emanation നെക്കുറിച്ച അവരുടെ ഫിലോസഫിയുമായി അത് ഒത്തുപോകുന്നുണ്ട്. അതുപ്രകാരം ലോകം ‘ഒന്നില്‍’ നി്ന്നാണ് ഉല്‍ഭവിക്കുന്നത്. അപ്പോള്‍ ഇമാജിനേഷന്‍ എന്നത് ദൈവിക യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗ്ഗമാണ്. ആ ഇമേജുകള്‍ക്ക് പരമമായ സത്യത്തെ പ്രസരിപ്പിക്കാന്‍ സാധിക്കുന്നതാണ്.

പ്ലാറ്റോ ഇമേജുകളെ വളരെ അപകടകരമായ ഒന്നായാണ് മനസ്സിലാക്കിയത്. അതേസമയം പ്ലോട്ടിനസ് വാദിച്ചത് രണ്ട് തരത്തിലുള്ള ഇമേജിനേഷനുകളുണ്ട് എന്നാണ്. അതിലൊന്ന് നമുക്ക് ഇന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നതാണെങ്കില്‍ മറ്റേത് ദൈവികമായ, നമ്മുടെ അനുഭവത്തിന് പുറത്ത് നില്‍ക്കുന്ന ഒന്നാണ്. ഇസ്‌ലാമിക ഫിലോസഫിയിലും ഇമേജിനെ വളരെ പ്രാധാന്യപൂര്‍വ്വം തന്നെയാണ് നോക്കിക്കാണുന്നത്. പ്രതിനിധാനപരമായി (representational) ഇമേജിനെ മനസ്സിലാക്കുന്ന തത്വചിന്താപാരമ്പര്യങ്ങള്‍ക്ക് അത് ഒരു തിരുത്ത് വെക്കുന്നുണ്ട്. അറബിക് ഫിലോസഫര്‍മാരാകട്ടെ, ഗ്രീക്ക് ഫിലോസഫിയെ ഖുര്‍ആനിക ചിന്തയുമായി സമന്വയിപ്പിച്ചു കൊണ്ട് ദൈവത്തില്‍ നിന്ന് Agent intellect ലൂടെ മനുഷ്യനിലേക്കെത്തുന്ന ദൈവിക സത്യത്തെക്കുറിച്ച് സംസാരിച്ചു. അല്‍-ഫറാബി, ഇബ്‌നുസീന, ഇബ്‌നുറുഷ്ദ് തുടങ്ങിയ തത്വചിന്തകരെല്ലാം അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. സൂഫികളും പേര്‍ഷ്യന്‍ ഫിലോസഫര്‍മാരുമെല്ലാം ഇമാജിനേഷനെ ദൈവികമായ യാഥാര്‍ത്ഥ്യമായാണ് മനസ്സിലാക്കിയത്. ബര്‍സഖ് (Inbetweenness) എന്നും അതിനെ വിളിക്കാവുന്നതാണ്.

ശീഈ മിസ്റ്റിക്കായിരുന്ന സുഹ്രവര്‍ദിയെ സംബന്ധിച്ചിടത്തോളം ഇമാജിനേഷനില്‍ നിന്നും സ്വതന്ത്രമായാണ് ഇമേജുകളുടെ ലോകം നിലനില്‍ക്കുന്നത്. ഇമാജിനേഷന്‍ ആ ലോകത്തേക്ക് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഇബ്‌നു അറബി മൂസാ നബിയുടെ ആത്മീയ ഗുരുവായ ഹിള്‌റിനെ ഖയാലിന്റെ ലോകത്തെ യാഥാര്‍ത്ഥ്യമായാണ് അവതരിപ്പിക്കുന്നത്. അനുഭവങ്ങളുടെ ലോകത്തേക്കാള്‍ അനന്തമായി നിലനില്‍ക്കുന്ന ഇമേജുകളുടെ ലോകത്തെക്കുറിച്ചാണ് ഇബ്‌നു അറബി സംസാരിക്കുന്നത്. ഇമാജിനേഷനെക്കുറിച്ച ഇബ്‌നുഅറബിയുടെയും സുഹ്രവര്‍ദിയുടേയും സമീപനങ്ങളില്‍ നിന്നാണ് മുല്ലാസദ്‌റ ഖയാലിനെക്കുറിച്ച തന്റെ ആശയത്തെ വികസിപ്പിക്കുന്നത്.

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ലോറ മാര്‍ക്‌സ്