Campus Alive

ഇസ്‌ലാമിക ഫിലോസഫിയും അനന്തതയുടെ ആഘോഷവും

സിനിമയും ഖയാലിന്റെ ലോകവും – Part 2

ഇമാജിനല്‍ ലോകത്തെക്കുറിച്ച സങ്കല്‍പ്പം സ്വപ്‌നവ്യാഖ്യാനവുമായി ബന്ധപ്പെട്ട മുസ്‌ലിം പാരമ്പര്യങ്ങളില്‍ സജീവമാണ്. അവിടങ്ങളില്‍ ഭൗതിക യാഥാര്‍ത്ഥ്യത്തേക്കാള്‍ യാഥാര്‍ത്ഥ്യമായ അനുഭവമായാണ് സ്വപ്‌നത്തെയും വിഷനുകളെയും മനസ്സിലാക്കുന്നത്. അതേസമയം ചില മുസ്‌ലിം പാരമ്പര്യങ്ങളില്‍ തന്നെ (സലഫികളടക്കമുള്ള) സ്വപ്‌നവ്യാഖ്യാനത്തെ യുക്തിവിരുദ്ധമായാണ് കണക്കാക്കുന്നത്. എന്നാല്‍ സമകാലിക മുസ്‌ലിം പണ്ഡിതരില്‍ മിക്കവരും പുരോഗമനാത്മകവും കളക്ടീവുമായ ഭാവനയെയാണ് ഇമാജിനല്‍ എന്ന സങ്കല്‍പ്പം വിശദീകരിക്കുന്നത് എന്ന് വാദിക്കുന്നവരാണ്.

നവോത്ഥാനത്തിന്റെ കാലത്ത് യൂറോപ്യന്‍ ചിന്തകന്‍മാര്‍ ഇസ്‌ലാമിക തത്വചിന്തയെ അവഗണിക്കുകയും അതിനെ മറക്കുകയും ചെയ്തു. എന്നാല്‍ കോര്‍ബിന്‍ പറയുന്നത് പോലെ ഇമാജിനേഷനെക്കുറിച്ച പാശ്ചാത്യ സങ്കല്‍പ്പത്തിന് ഇസ്‌ലാമിക ഫിലോസഫിയുമായി ധാരാളം സാമ്യതകളുണ്ട്. മിറന്‍ഡോള (1470-1533) പറയുന്നത് ഇമാജിനേഷന്‍ എന്നത് ആത്മാവിനെയും ശരീരത്തെയും, അല്ലെങ്കില്‍ യുക്തിയെയും അയുക്തിയെയും ബന്ധിപ്പിക്കുന്ന ഒന്നാണെന്നാണ്. അഥവാ, യുക്തിയാല്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നായാണ് ഇമാജിനേഷനെ അദ്ദേഹം മനസ്സിലാക്കുന്നത്.

മനുഷ്യബോധത്തിന് പുറത്ത് നിലനില്‍ക്കുന്ന ഒന്നാണ് ഇമാജിനലായ ലോകം എന്ന ആശയം പടിഞ്ഞാറില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. വില്യം ബ്ലേക്കിനെപ്പോലുള്ള ചുരുക്കം ചിലര്‍ വ്യക്തിയുടെ ബോധത്തിന് പുറത്ത് നിലനില്‍ക്കുന്ന ഇമാജിനേഷനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും മിക്ക പാശ്ചാത്യ ഫിലോസഫര്‍മാരും വ്യക്തികേന്ദ്രീകൃതമായാണ് ഇമാജിനേഷനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ആ വ്യക്തിയെ നിര്‍ണ്ണയിക്കുന്നതാകട്ടെ, സാമൂഹ്യബന്ധമാണ്. ഇമ്മാനുവല്‍ കാന്റും ഹ്യൂമുമെല്ലാം ശരീരത്തിന്റെയും ആത്മാവിന്റെയും സങ്കലനമായിത്തന്നെയാണ് ഇമാജിനേഷനെ മനസ്സിലാക്കുന്നത്. അതേസമയം സാമുഅല്‍ ടൈലറും സാര്‍ത്രും പറയുന്നത് ഇമാജിനേഷന്‍ വ്യക്തിപരമായ അനുഭവങ്ങളെ മറികടക്കുകയും വ്യക്തിപരമായ ബോധത്തിന് പുറത്തുകടക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യമാണ് എന്നാണ്. ഇമാജിനലിനെക്കുറിച്ച് സൂഫിസത്തിലും മുല്ലാസദ്‌റയുടെ ഫിലോസഫിയിലും സമാനമായ സങ്കല്‍പ്പമാണ് നിലനില്‍ക്കുന്നത്. ഭൗതികലോകത്തേക്കാള്‍ യാഥാര്‍ത്ഥ്യമായ ഒന്നായാണ് ഇമാജിനലിനെ അവര്‍ മനസ്സിലാക്കുന്നത്. ക്രൈസ്തവ ലോകത്തും ഇമാജിനലിനെക്കുറിച്ച ആലോചനകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പോപ്പിന്റെ മതാധികാരത്തെ വെല്ലുവിളിക്കുന്ന ഒന്നായതിനാല്‍ ക്രൈസ്തവ മതാധികാരികള്‍ ദൈവിക യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്ന ഒന്നായി ഇമേജിനെയും ഇമാജിനലായ ലോകത്തെയും അംഗീകരിക്കുന്നില്ല. സമകാലിക പാശ്ചാത്യ ചിന്തയാകട്ടെ, സബ്ജക്റ്റിവിറ്റിക്ക് പുറത്ത് വ്യക്തികളെ അപരനോടും ചരിത്രത്തോടുമെല്ലാം നൈതികമായി നിലനില്‍ക്കാന്‍ പ്രാപ്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെയാണ് അന്വേഷിക്കുന്നത്. ഉദാഹരണത്തിന് ഫെലിക്‌സ് ഗുത്താരി പുരോഗമനാത്മകമായ ഒരു കളക്ടീവ് സബ്ജക്ടിറ്റിവിറ്റിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അമീറ (Amira Mittermaier) പറയുന്നത് ഫൂക്കോയിലും ജൂഡിത് ബട്‌ലറിലുമൊക്കെ കളക്ടീവായ ഇമാജിനറിയെക്കുറിച്ച ആലോചനകള്‍ സജീവമാണ് എന്നാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഇമാജിനേഷന്‍ എന്നത് നമ്മുടെ സെല്‍ഫിന് പുറത്തു നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിന്റെ പ്രചോദനമാണ്. ഈ യാഥാര്‍ത്ഥ്യം എന്നത് ഇമ്മനന്റായി നിലനില്‍ക്കുന്ന ഒന്നാണ്. ഇവിടെയാണ് ദെല്യൂസും ഗുത്താരിയുമെല്ലാം ഇസ്‌ലാമിക ഫിലോസഫിയുമായി കൈകോര്‍ക്കുന്നത്.

ദെല്യൂസും ഗുത്താരിയും

ഇനി നമുക്ക് സദ്‌റയുടെ ഇമാജിനല്‍ ലോകം എന്ന ആശയത്തെ ഇമാജിനേഷന്റെ ചരിത്രത്തിലേക്കും സമകാലിക സിനിമാ തത്വചിന്തയിലേക്കും കൊണ്ടുവരാം. അതിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, അനന്തവും യാഥാര്‍ത്ഥ്യവുമായ ഇമേജുകളുടെ ലോകത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സിനിമയോടുള്ള നോട്ടത്തെ സഹായിക്കുന്ന ചില സദ്‌റിയന്‍ സമീപനങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. സിനിമാ വായനയില്‍ നമുക്ക് കൂടെക്കൂട്ടാവുന്ന സദ്‌റയുടെ പ്രധാനപ്പെട്ട തത്വചിന്താസമീപനങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം: പ്രോസസ്സ് ഓണ്‍ടോളജി, അമൂര്‍ത്തതയോടുള്ള വിമര്‍ശം, ഏകത്വത്തിന്റെ (singularity) ആഘോഷം.

സദ്‌റയുടെ പ്രോസസ് ഫിലോസഫി

വെസ്റ്റേണ്‍ ഫിലോസഫിയുടെ ചരിത്രത്തെ സജീവമാക്കുന്ന പ്രോസസ്സ് റിയലിസം (ബെര്‍ഗ്‌സണ്‍, വൈറ്റ്‌ഹെഡ്, ദെല്യൂസ്, ലുക്‌റെട്യസ്, ഡെമോക്രിറ്റസ് തുടങ്ങിയവര്‍) ഇസ്‌ലാമിക ഫിലോസഫിയുമായി ധാരാളം സാമ്യതകള്‍ പങ്കിടുന്നുണ്ട്. അതേസമയം ഉണ്‍മയുടെ ഏകത്വത്തെക്കുറിച്ച (univocity of being) ഇബ്‌നുസീനയുടെ കണ്‍സപ്റ്റിനോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് സദ്‌റയുടെ പ്രോസസ്സ് ഫിലോസഫി വികസിക്കുന്നത്. ഇബ്‌നുസീന ഉണ്‍മയെ ചലനാത്മകമായ ഒന്നായി മനസ്സിലാക്കുന്നില്ല. ഉണ്‍മയെക്കുറിച്ച അരിസ്റ്റോട്ടിലിന്റെ മനസ്സിലാക്കലിനെയാണ് ഇബ്‌നുസീന എടുക്കുന്നത്. ദൈവത്തെ അനിവാര്യമായ ഉണ്‍മയായി (necessary being) മനസ്സിലാക്കുന്ന ഇബ്‌നുസീനയുടെ സമീപനം സദ്‌റ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഉണ്‍മയെ ഒരു പ്രക്രിയ (flow of being) എന്ന നിലക്കാണ് സദ്‌റ പറയുന്നത്. അപ്പോള്‍ ദൈവിക പ്രവര്‍ത്തനം എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. ഉണ്‍മ എന്നത് നിര്‍ണ്ണിതമായി നിലനില്‍ക്കുന്ന ഒന്നല്ലെന്നും നിരന്തരമായ പരിവര്‍ത്തനം അതിന് സാധ്യമാകുന്നുണ്ടെന്നും സദ്‌റ വാദിച്ചു. അല്‍ ഹറകത് അല്‍ ജവ്ഹരിയ്യ എന്നാണ് സദ്‌റ അതിനെ വിളിച്ചത്.

സദ്‌റയുടെ പ്രോസസ്സ് ഓണ്‍ടോളജി പ്രകാരം മെറ്റീരിയലായ എല്ലാം ഉണ്‍മയില്ലാത്തതാണ്. പിന്നെ ആയിത്തീരലിന്റെ പ്രക്രിയയിലാണ് (ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുന്തോറും) അവ കൂടുതല്‍ യാഥാര്‍ത്ഥ്യമാകുന്നത്. അപ്പോഴാണ് ഉണ്‍മയുടെ ഒഴുക്ക് സംഭവിക്കുന്നത്. Flow of being സദ്‌റ അതിനെ വിളിക്കുന്നത്.

സദ്‌റയുടെ ഈ കണ്‍സപ്റ്റ് പ്രകാരം പ്രപഞ്ചം എന്നത് നിരന്തരമായ ഒരായിത്തീരലാണ് (becoming). അതിനെ സദ്‌റ വിളിക്കുന്നത് തശ്ഖീഖ് അല്‍ വുജൂദ് എന്നാണ്. അഥവാ, സദ്‌റയുടെ പ്രോസസ്സ് ഫിലോസഫി പ്രകാരം നിലനില്‍പ്പ് (existence) ഒരിക്കലും നിര്‍ണ്ണിതമല്ല. മറിച്ച്, ഒരൊഴുക്കാണത്. അപ്പോള്‍ പ്രപഞ്ചം എന്നതുതന്നെ പരമമായ ഒരു യാഥാര്‍ത്ഥ്യം നിര്‍വ്വഹിക്കുന്ന നിരന്തരമായ ഒരു പരിവര്‍ത്തനമാണ്. അതുപക്ഷേ താഴെ നിന്ന് മുകളിലേക്ക് സംഭവിക്കുന്ന മൂവ്‌മെന്റ് മാത്രമല്ല. വെര്‍ട്ടിക്കലായി ദൈവത്തിലേക്ക് നടത്തുന്ന യാത്രയും അതില്‍ പെടും. എന്നാല്‍ ദൈവമല്ലാത്ത മെറ്റീരിയലായ എല്ലാത്തിനെയും നിഷേധിച്ചതു കൊണ്ടുമാത്രം ആ യാത്ര സാധ്യമാവുകയില്ല എന്നാണ് സദ്‌റ പറയുന്നത്. മറിച്ച്, ദൈവത്തിലേക്കുള്ള ആ യാത്രയില്‍ എല്ലാ വസ്തുക്കള്‍ക്കും സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തിലേക്കെത്തുമ്പോഴൊക്കെയും മെറ്റീരിയല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്യുന്നത്.

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ലോറ മാര്‍ക്‌സ്