Campus Alive

ജോർദാൻ പീലിന്റെ സിനിമകളും അമേരിക്കൻ രാഷ്ട്രീയ സഞ്ചാരങ്ങളും

“ഭൂമിയിൽ ശക്തമായ ആധിപത്യം മീഡിയകൾക്കാണ്. നിരപരാധികളെ കുറ്റവാളികളാക്കാനും കുറ്റവാളികളെ നിരപരാധികളാക്കാനും അതിന് കഴിയും. കാരണം ജനമനസ്സുകളെ നിയന്ത്രിക്കുന്നതിൽ മീഡിയകളുടെ സ്ഥാനം ചെറുതല്ല.” എന്ന് പറഞ്ഞത് അമേരിക്കൻ കറുത്ത വർഗക്കാരുടെ വിമോചന നായകൻ മാൽക്കം എക്സ് ആണ്. ജനങ്ങൾ ആശയ വിനിമയത്തിന് ഉപാധിയായി കാണുന്ന സോഷ്യൽ മീഡിയകൾ മുതൽ ആസ്വാദനത്തിനും ആനന്ദത്തിനും സമയം കണ്ടെത്തുന്ന തിയേറ്ററുകൾ വരെ മീഡിയ എന്ന അതിരിനകത്ത് ഉൾപ്പെടുന്നതാണ്. 1885 ൽ പാരീസിലെ ഗ്രാൻറ് കഫേയിൽ ലൂയിമർ സഹോദരന്മാർ ആദ്യമായി ചലിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയത് മുതൽ ഇന്ന് വരെ ജനങ്ങളുടെ ഉപബോധമനസിനെ ഗ്രസിക്കുന്ന വിധം സിനിമ എന്ന നവ മാധ്യമം ജനമനസ്സുകളിൽ കയറിക്കൂടിയുണ്ട്.

1925 ൽ ആണ് ആർ.എസ്.എസിന്റെ രൂപീകരണം നടക്കുന്നത്‌. അതിന്റെ തന്നെ ബുദ്ധിജീവികൾ രചിച്ച പുസ്തകങ്ങളിലും ലേഖനങ്ങളിലും ആകൃഷ്ടരായി സംഘടനാ വലയത്തിലേക്ക് പ്രവർത്തകർ വന്നുകൂടി. പിന്നീട് 1980കളുടെ മധ്യത്തിൽ രാമാനന്ദ് സാഗറിന്റെ രാമായണവും, ബി.ആർ ചോപ്രയുടെ മഹാഭാരതവും സീരിയലൈസ് ചെയ്യപ്പെട്ടു. ഇതിനെ തുടർന്ന് തീവ്രഹിന്ദുത്വ സംഘടനയിലേക്ക് ജനങ്ങളുടെ ഒഴുക്ക് വർദ്ധിച്ചു എന്നത് ദൃശ്യമാധ്യമം ജനങ്ങളുടെ ഉപബോധമനസ്സിനെ അത്രയധികം സ്വാധീനം ചെലുത്തി എന്നതിനാലാണ്. ഈ ഒരു പരിപ്രേക്ഷ്യത്തിൽ ആണ് മാൽക്കം എക്സിന്റെ  മീഡിയയെ കുറിച്ചുള്ള ചിന്തകൾ പ്രസക്തമാകുന്നത്. അമേരിക്കയിൽ കറുപ്പിനെതിരെയുള്ള വെളുപ്പിന്റെ വംശീയമായ ഇകഴ്ത്തലുകളുടെയും ഉന്മൂലനങ്ങളുടെയും ചരിത്രത്തിന് നൂറ്റാണ്ടുകളുടെ  പഴക്കമുണ്ട്. ആഫ്രോ-അമേരിക്കൻ  വിഭാഗത്തെ വംശീയമായി ഉൻമൂലനം ചെയ്യാൻ കു ക്ലക്സ് ക്ലാൻ (KU KLUX KLAN) പോലുള്ള വെളുത്ത വർഗ്ഗക്കാരുടെ മേധാവിത്വമുള്ള സംഘടനകൾ നിലനിൽക്കുന്ന അന്തരീക്ഷത്തിലാണ് മാൽകം എക്സിനെ പോലുള്ള കറുത്തവർഗക്കാർ അമേരിക്കയിൽ ജീവിച്ചിരുന്നത്. തുല്യതക്കും നീതിക്കും വേണ്ടി വാദിക്കുന്ന കറുത്തവർഗ്ഗക്കാരെ മനുഷ്യരായി പരിഗണിക്കുന്നതിൽ വെളുത്ത വർഗ്ഗം നിസ്സംഗരായി നിലകൊണ്ടു. ഇന്നും അതിൻറെ അലയൊലികൾ ലോകത്തിൻറെ നാനാഭാഗങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ കാണാവുന്നതാണ്. 2019 ഫെബ്രുവരി 23ന് റോമിലെ ഒരു പ്രമുഖ പത്രത്തിൽ  വന്ന  റിപ്പോർട്ടിൽ ‘അഗ്ലി’ എന്ന പദത്തിനെ വിദ്യാർഥികൾക്ക്  വിശദീകരിച്ചു കൊടുക്കുന്നതിന് അധ്യാപകൻ ക്ലാസ്സിലുള്ള  കറുത്തവർഗ്ഗക്കാരനായ ഒരു കുട്ടിയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു എന്നാണ്. ഇങ്ങനെയുള്ള വംശീയമായ ചേരിതിരിവുകൾ നിലനിൽക്കുന്ന  ഒരു പരിസരത്തിലാണ് പ്രശസ്ത അമേരിക്കൻ സംവിധായകനായ ജോർദാൻ പീലിന്റെ സിനിമകൾ പ്രസക്തമാക്കുന്നത്.

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ 1979 ൽ ജനിച്ച ജോർദാൻ പീലിന്റെ സിനിമാ രംഗത്തേക്കുള്ള ഔദ്യോഗിക പ്രയാണം ആരംഭിക്കുന്നത് 2003 ൽ ഫോക്സ് സ്കെച്ചിന്റെ കോമഡി സീരീസായ ‘മാഡ് ടിവി’ (Mad TV) യിൽ അഭിനേതാവായി വന്നതോടു കൂടിയാണ്. 2008 വരെ അദ്ദേഹം തന്റെ പ്രവർത്തന മേഖല പ്രസ്തുത കോമഡി സീരീസിൽ തുടർന്നു. ഒരു സംവിധായകൻ എന്നതിലുപരി അമേരിക്കൻ സിനിമയിലെ അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പീൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് സിനിമകളാണ് ‘ഗെറ്റ് ഔട്ട് (2007), അസ്(2019)’ എന്നിവ. ഈ രണ്ട് സിനിമകളും അമേരിക്കൻ കറുത്ത വർഗ്ഗത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നവയാണ്.

ക്രിസ് വാഷിംഗ്ടൺ എന്ന ആഫ്രോ-അമേരിക്കൻ യുവാവ് തന്റെ കാമുകിയും വെളുത്ത  വംശജയുമായ റോസ് ആർമിറ്റേജിന്റെ കുടുംബത്തിലേക്ക് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് ‘ഗെറ്റ് ഔട്ടി’ന്റെ കഥ മുന്നോട്ട് പോകുന്നത്. നാഗരികതയുടെ യാതൊരു അടയാളങ്ങളുമില്ലാത്ത ഒരു ഗ്രാമത്തിലെ ഉള്ളിനുള്ളിൽ ഉള്ള ഒരു വീട്ടിലേക്കാണ് റോസ് ക്രിസ് വാഷിംഗ്ടണ്ണിനെയും കൊണ്ട് നടന്നു നീങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഘട്ടത്തിൽതന്നെ കാമുകിയോടൊപ്പം അവരുടെ ‘വെളുത്ത’ കുടുംബത്തിലേക്ക് പോകുന്നത് അപകടമാണെന്ന് ക്രിസിന്റെ സുഹൃത്ത് റോഡ് താക്കീത് നൽകുന്നുണ്ട്. ആ വീട്ടിലെ തോട്ടക്കാരൻ ആയ വാൾട്ടറും വേലക്കാരിയായ ജോർജീനയും കറുത്തവർഗക്കാർ ആയിരുന്നിട്ട് കൂടിയും റോസിന്റെ മാതാപിതാക്കളായ ഡിൻ, മിസ്സി എന്നിവരിൽ നിന്ന് നല്ല പെരുമാറ്റം അനുഭവിക്കുന്നതായി കാണുന്നു. 1936 ലെ ബെർലിൻ ഒളിമ്പിക്സിൽ തൻറെ അച്ഛൻ കറുത്തവർഗ്ഗക്കാരനായ ‘ജെസ്സി ഓവൻസ്’നോട് മത്സരിക്കുകയും ആദ്യ റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്തുവെന്നും, സാധ്യമാകുമായിരുന്നെങ്കിൽ മൂന്നാംതവണയും ഒബാമക്ക് തന്നെ വോട്ടു ചെയ്യുമായിരുന്നു, താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയായിരുന്നു, എന്നുതുടങ്ങി കറുത്ത വർഗ്ഗത്തിന്റെ കഴിവുകളെ പ്രശംസിച്ചുകൊണ്ട് റോസിന്റെ പിതാവ് ഡിൻ ആർമിറ്റേജ് ക്രിസ്റ്റിനെ സംതൃപ്തിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ഇത്തരം സംഭാഷണങ്ങളിലൂടെ ജോർദാൻ പീൽ തന്റെ സ്വത്വരാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കുകയാണ്. കൂടാതെ താൻ കണ്ടതും അനുഭവിച്ചതുമായ അമേരിക്കയിലെ വെള്ള വംശീയതയുടെ അകംപൊരുളുകളിലേക്ക് ചിത്രത്തിന്റെ  രണ്ടാംഘട്ടത്തിൽ പീൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നുമുണ്ട്.

ചിത്രത്തിലെ രണ്ടാം ഘട്ടത്തിൽ തനിക്ക് തുടക്കത്തിൽ ഉണ്ടായ ചില സംശയങ്ങൾ അതിന്റെ അന്വേഷണങ്ങളിലേക്ക് ക്രിസ്സിനെ കൊണ്ടെത്തിക്കുന്നു. ആ അന്വേഷണത്തിൽ ‘വെള്ള വംശീയതയുടെ’ സ്വരൂപം മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും അതിലൂടെ കറുത്ത വർഗ്ഗത്തിനെ വെളുത്തവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ ചുരുളുകളിലേക്കും ജോർദാൻ പീൽ ക്രിസ് എന്ന തന്റെ കഥാപാത്രത്തിലൂടെ സഞ്ചാരം നടത്തുണ്ട്. പീലിന്റെ സിനിമകളിലെ പേരുകളിൽ പോലും താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം രേഖപ്പെടുത്താൻ അദ്ദേഹം മറന്നിട്ടില്ല. ‘ഗെറ്റ് ഔട്ട്’ എന്നതിലൂടെ അമേരിക്കയിൽ നിന്നും അതിൻറെ നാഗരികതയിൽ നിന്നും ആരാണ് പുറത്തു പോകേണ്ടവർ എന്ന് ചൂണ്ടിക്കാണിക്കലാണ് ഈ ഉദ്യമത്തിൽ സംവിധായകൻ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.

സിനിമകളിലൂടെ സ്വത്വരാഷ്ട്രീയ വാദത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തിൽ പീൽ ആവിഷ്കരിച്ച മറ്റൊരു സിനിമയാണ് ‘അസ്’ (2019). 1986ൽ അമേരിക്കയിലെ സൗതേൺ കാലിഫോർണിയയിലെ സാന്റാ ക്രസി(Santa Cruz) ൽ അവധി ആഘോഷിക്കാൻ എത്തിയ കറുത്ത വർഗ്ഗത്തിൽ പെട്ട ദമ്പതികൾക്ക് അൽപ്പ നേരത്തേക്കെങ്കിലും തങ്ങളുടെ മകളായ ‘ലുപിറ്റാ എനിയാങ്കോ’വിനെ നഷ്ടപ്പെടുന്നു. ലുപിറ്റാ തൻറെ അതേ രൂപത്തിലുള്ള മറ്റൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു, ഇങ്ങനെയാണ് അസ് (US) ആരംഭിക്കുന്നത്. പിന്നീട് 22 വർഷങ്ങൾക്ക് ശേഷം ലുപിറ്റായും ഭർത്താവ് വിസ്റ്റൺ ഡ്യൂക്കും രണ്ടു മക്കളും ഇതേ സ്ഥലത്ത് വരുന്നത് മുതലാണ് ‘അസ്’ എന്ന ചിത്രത്തിന്റെ യഥാർത്ഥ ചുവടുവെപ്പ്. സാന്റാക്രസിലെ അവധിദിനങ്ങൾ ലുപിറ്റയെ അസ്വസ്ഥപ്പെടുത്തുന്നു. അന്ന് രാത്രി ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച് കത്രികയും കൈകളിലേന്തി കുറേ ‘മനുഷ്യർ’ പുറത്തിറങ്ങുന്നു യഥാർത്ഥത്തിൽ സിനിമയുടെ തുടക്കത്തിലെ ആമുഖത്തിൽ നൽകിയ ചില വസ്തുതകളിലേക്ക് ആണ് അത് വിരൽചൂണ്ടുന്നത്. “അമേരിക്കൻ ഐക്യനാടെന്ന ഉപഭൂഖണ്ഡത്തിനു താഴെ ആയിരക്കണക്കിന് മൈൽ നീളമുള്ള തുരങ്കങ്ങൾ ഉണ്ട്, ഉപേക്ഷിക്കപ്പെട്ട സബ് വേകൾ, ഉപയോഗമില്ലാത്ത സർവീസ് റൂട്ടുകൾ, ഉപകാരമില്ലാത്ത ഖനി കവാടങ്ങൾ. പലതിന്റെയും പ്രയോജനം പോലും എന്താണെന്നറിയില്ല.” എന്ന വസ്തുത യിൽ നിന്ന് രൂപപ്പെടുന്നതാണ് ‘ചുവപ്പു മനുഷ്യർ’. സബ് വേകളിലോ ഖനികളിലോ തുരങ്കങ്ങളിലോ ജീവിച്ചു കൊണ്ടിരുന്നവരായ അവർ തങ്ങളുടെ ഭൂമിയിലുള്ള തനിപകർപ്പുകളായ ‘കപട രൂപങ്ങളെ’ തങ്ങളുടെ കയ്യിലുള്ള കത്രിക കൊണ്ട് വക വരുത്തുന്നതാണ് ‘അസ്(US) ന്റെ ആകെതുക.

പ്രത്യക്ഷത്തിൽ ഈ ചിത്രീകരണത്തിലൂടെ  നിഷേധാത്മക (Negative) റോളിൽ വരുന്ന ഈ ‘ചുവപ്പ് കുപ്പായക്കാ’രുടെ ക്രിയാത്മക(Positive)തയിലേക്ക് ഫോക്കസ് ചെയ്യാനുള്ള ശ്രമങ്ങളാണ് ‘ജോർദാൻ പീൽ’ നടത്തുന്നത്. അമേരിക്കയിലെ ഗോൾഡ് ഗേറ്റ് ബ്രിഡ്ജ് മുതൽ റ്റ്വിൻ ടവർ വരെ നാലായിരം മൈൽ ദൂരം ആറ് മില്ല്യൺ ‘നല്ലവരായ മനുഷ്യർ’ തീർക്കുന്ന ഒരു മനുഷ്യചങ്ങലയെ കുറിച്ചുള്ള പരസ്യവും അതിൽ അണി ചേരാൻ വേണ്ടി ജനങ്ങൾക്ക് ആഹ്വാനം നൽകുന്ന വാർത്ത ടി.വിയിൽ സംപ്രേഷണം ചെയ്യുന്നതും ലോംഗ് ഷോട്ടിൽ എടുത്തു കൊണ്ടാണ് പീൽ ‘അസ്’ ന്റെ പ്രയാണമാരംഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ അവസാനത്തിൽ എത്തുമ്പോൾ ആ മനുഷ്യചങ്ങല തീർക്കുന്നത് ചുവപ്പു കുപ്പായക്കാരായ ‘പുതിയ നല്ല മനുഷ്യ’രാണ്.

ജോർദാൻ പീൽ ഈ ചിത്രത്തിലൂടെ കടന്നെത്താൻ ശ്രമിക്കുന്നത് കാലാന്തരത്തിൽ മറന്നുപോയ ചില മനുഷ്യരിലേക്കാണ് (Forgotten People). ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ നടത്തിയ പ്രസംഗത്തിലെ ചില പ്രസക്തമായ വർത്തമാനമാണ് ”Forgotten People Never Been Forgotten Again” എന്നത്. അത് യഥാർത്ഥത്തിൽ ട്രംപിന്റെ വിടുവായിത്ത (Verbal Bombing)മായിരുന്നു എന്നത് ട്രംപിന്റെ സമീപകാല രാഷ്ട്രീയത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്‌. ഇവിടെ ‘അസ്’ ലെ ചുവപ്പുകുപ്പായക്കാരിലൂടെ പീൽ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നത്‌ അമേരിക്കയിലെ മറവിക്ക് വിട്ട് കൊടുത്ത ചില മനുഷ്യരിലേക്കാണ്. ചുരുക്കത്തിൽ കറുത്ത വർഗ്ഗക്കാരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അവർ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു എന്നതിന് ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടിയാണ് പീൽ സിനിമകളിൽ നിന്ന് നമുക്ക് കണ്ടെത്താനാകുക.

ഹനൂൻ ടി മുഹമ്മദ്