Campus Alive

വിജനതയിലേക്ക് സ്വാഗതം

(കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഭരണകൂട നടപടികളോട് ജോർജിയോ അകമ്പൻ നടത്തിയ രാഷ്ട്രീയ നിരീക്ഷണങ്ങളെ തുടർന്ന് ഉയർന്നു വന്ന സംവാദത്തിൽ ഇറ്റാലിയൻ സൈക്കോഅനലിസ്റ്റും ഫിലോസഫറുമായ സെർജിയോ ബെൻവെനൂതോയുടെ പ്രതികരണം.)

ഞാനൊരു വൈറോളജിസ്റ്റോ പകർച്ചവ്യാധി വിദഗ്ധനോ അല്ല. പ്രായം എഴുപതുകൾ പിന്നിട്ടതുകൊണ്ട് വൈറസ് ബാധയേൽക്കാൻ സാധ്യത അധികവുമാണ്. എങ്കിലും എന്റെ മനസ്സിൽ രൂപപ്പെട്ടിരിക്കുന്ന ചിന്ത, കൊറോണ വൈറസിനെ ഞാനൊട്ടും ഭയക്കുന്നില്ല എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം, സാധ്യതകളെ മാത്രം അടിസ്ഥാനപ്പെടുത്തി മാറിനിൽക്കുക, ഭയപ്പെടുക എന്നതെല്ലാം അനുചിതമാണ്. വിമാനം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട് എന്ന കാരണത്താൽ വിമാനയാത്ര ഒഴിവാക്കുന്നത് പോലെ. വൈറസ് ബാധയുടെ ഫലമായി, ഇതുവരെ ലോകത്ത് മൂവായിരത്തിൽ ഒരാൾ എന്ന നിലക്കാണ് മരണനിരക്ക് ഉള്ളത്. 2019ൽ സാധാരണ ജ്വരം മൂലം മരണമടഞ്ഞ എൺപതിനായിരത്തോളം ആളുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ തുച്ഛമാണിത്. ഇതുവരെ ഇറ്റലിയിൽ മരണപ്പെട്ട ആളുകളുടെ എണ്ണമെടുക്കുമ്പോൾ, (ഇതെഴുതുമ്പോൾ വരെ) വാഹനാപകടങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലെ അപകടങ്ങളിലും മരിച്ച ആളുകളെക്കാൾ കുറവാണത്. ചുരുക്കത്തിൽ, രോഗസംക്രമണത്തേക്കാൾ ഞാൻ ഉത്കണ്ഠാകുലനാകുന്നത് അതുമൂലം തകരുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കുറിച്ചാണ്. പ്രത്യേകിച്ച്, 1990 കൾ മുതൽ അസ്ഥിരമായി തുടരുന്ന സാമ്പത്തിക അവസ്ഥകളുള്ള, എന്റേത് പോലെയുള്ള രാജ്യങ്ങളെക്കുറിച്ച്. ദാരിദ്യവും ഒരു മരണകാരണമാണല്ലോ!

ഈ വിഷയത്തിലുള്ള എന്റെ നിലപാട് യുക്തിസഹമായ ആലോചനകളിൽ നിന്ന് ഉരുത്തിരിയുന്നതാണെങ്കിലും, പൗരബോധത്തെ സംബന്ധിച്ചിടത്തോളം ഈ നിലപാട് എതിർക്കപ്പെടേണ്ടതാണ്. ഞാനൊരു നല്ല പൗരനാണെങ്കിൽ അൽപം ഭയപ്പാടോടുകൂടി പെരുമാറേണ്ടിയിരിക്കുന്നു എന്നതാണ് പൗരബോധം. കാരണം, ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും (സ്കൂളുകൾ, സ്റ്റേഡിയങ്ങൾ, മ്യൂസിയങ്ങൾ, തിയേറ്ററുകൾ തുടങ്ങിയവ അടച്ചുപൂട്ടൽ) പ്രതിരോധ നടപടികൾ എന്ന അർത്ഥത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അവ വൈറസ് വ്യാപനത്തിന്റെ തോത് കുറക്കുന്നു. വലിയ ജനസഞ്ചയത്തെ ഒന്നായി ബാധിക്കുന്ന നടപടികളാണ് ഇതെങ്കിലും, എല്ലാവർക്കും  ഇവ സ്വീകാര്യമാകുന്നു.

ഇറ്റലിയിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന പരിഭ്രാന്തിയുടെ സാഹചര്യം, റോബർട്ട് എസ്‌പോസിതോ അഭിപ്രായപ്പെടുന്നതു പോലെ ലോകാരോഗ്യ സംഘടനയുടെ രാഷ്ട്രീയ അല്ലെങ്കിൽ ജൈവ-രാഷ്ട്രീയ (bio-political) തെരഞ്ഞെടുപ്പ് ആയിരുന്നു. കാരണം, ആധുനിക ജനാധിപത്യ രാജ്യങ്ങൾ, വിലക്ഷണന്മാരായ നേതാക്കൾ കയ്യാളിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന (WHO), വേൾഡ് ട്രേഡ് സെന്റർ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), യൂറോപ്യൻ സെൻട്രൽ ബാങ്ക്, മറ്റു ലോക ബാങ്കുകൾ തുടങ്ങിയ സംഘടനകളാണ് ശരിയായ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുന്നത്. ഭാഗികമായെങ്കിലും ആധുനിക ജനാധിപത്യ രാജ്യങ്ങളിലെ അഭിനവ-ഫാഷിസ്റ്റ് ഭരണകർത്താക്കളുടെ ദുഷ്ചെയ്തികളെ ഇത്തരം അന്താരാഷ്ട്ര വേദികൾ എടുക്കുന്ന നടപടികൾ പരിഹരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ എത്യോപ്യക്കാരനായ ഡയറക്ടർ ജനറൽ, ടെഡ്റോസ് അധാനം (tedros adhanom) പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായാൽ, കാലഗമനത്തിൽ കോറോണയുടെ അപകടസാധ്യത കുറയുകയും, ഗൗരവതരമായ ഒരു പകർച്ചവ്യാധി എന്ന അർഥത്തിൽ മാത്രം ചരിത്രത്തിലത് അവശേഷിക്കുകയും ചെയ്യും. എന്നാൽ 1918ൽ ലോകത്താകമാനം പടർന്നുപിടിച്ച സ്പാനിഷ് ജ്വരത്തെ പോലെ വിനാശകരമാവാനുള്ള സാധ്യതയെയും തള്ളിക്കളയാനാവില്ല. സ്പാനിഷ് ജ്വരം, ലോകത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കുകയും, ഇരുപതിനും അമ്പതിനുമിടക്ക് (മില്യൺ) ആളുകളുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ, സൈനിക അത്യാഹിതങ്ങൾക്കിടയിൽ മരിച്ച ആളുകളുടെ എണ്ണത്തെക്കാൾ കൂടുതൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ വൈറസിനെ കുറിച്ച് നമ്മൾ അറിഞ്ഞ കാര്യങ്ങളല്ല, മറിച്ച് ഇനിയും അറിയാനിരിക്കുന്ന കാര്യങ്ങളാണ്‌ ഏറ്റവും ഭീതിതമായിട്ടുള്ളത്. ഇതിനെക്കുറിച്ച് വളരെ കുറച്ചു മാത്രമേ നമുക്കറിയൂ. കൂടുതൽ ആശങ്കകൾ ഉളവാക്കിക്കൊണ്ട് ഓരോ ദിവസവും പുതിയ കാര്യങ്ങൾ നമ്മൾ അറിഞ്ഞുകൊണ്ടേയിരിക്കുകയാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, സ്പാനിഷ് ജ്വരം പകർന്നുപിടിച്ച സമയത്ത്‌ രാഷ്ട്രീയവും അധികാര സ്ഥാപനങ്ങളും ഇന്നത്തേതിന് നേർവിപരീതമായാണ് പ്രവർത്തിച്ചത്. അവർ പകർച്ചവ്യാധിയുടെ സാന്നിധ്യത്തെ പുറംലോകമറിയാതെ മൂടിവെക്കാൻ ശ്രമിച്ചു. കാരണം, പകർച്ചവ്യാധി ബാധിച്ച മിക്ക രാജ്യങ്ങളും ആ സമയത്ത്‌ യുദ്ധമുഖത്തായിരുന്നു. ആ രോഗത്തിനു സ്പാനിഷ് ജ്വരം എന്നു പേരുവരാൻ കാരണം, ആ സമയത്ത് സ്പെയിൻ യുദ്ധത്തിൽ പങ്കെടുക്കാത്തതിനാൽ മീഡിയകൾ അപ്രകാരം പ്രചരിപ്പിച്ചതു കൊണ്ടാണ്. യഥാർത്ഥത്തിൽ രോഗം പുറപ്പെട്ടത് അമേരിക്കയിൽ നിന്നായിരുന്നു എന്നോർക്കുക. എന്നാൽ ഇന്ന്, രാഷ്ട്രീയ-അധികാര സ്ഥാപനങ്ങൾ അടിയന്തര ജാഗ്രതയുടെ സമീപനമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വയം ഒറ്റപ്പെടുത്തിക്കൊണ്ട് (self-isolation) വൈറസിനെ തുരത്താൻ ആളുകളെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്നു. തീർച്ചയായും, ഐസൊലേഷനാണ്, നിർണ്ണിതമായ ചികിത്സയില്ലാത്ത പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമായി നിലനിൽക്കുന്നത്. യൂറോപ്പിൽ കുഷ്ടരോഗം പടർന്നുപിടിച്ച സമയത്ത്‌ -ഫൂക്കോയും ഇതിനെ ഊന്നിപറയുന്നുണ്ട്- കുഷ്ടരോഗികളെ ഒറ്റപ്പെടുത്തികൊണ്ടും ഹവായ് ദ്വീപുകളിൽ മോളോകോയ് (Molokoi) പോലുള്ള ദൂരസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കൊണ്ടുമാണ് രോഗത്തെ പ്രതിരോധിച്ചത്.

2011 ഓഗസ്റ്റിൽ, ഞാൻ ന്യൂയോർക്കിലായിരിക്കുന്ന സമയത്ത്, ഐറിൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു. നേരത്തെതന്നെ കരീബിയൻ കടൽതീരത്തുള്ള ആന്റിലസ് (antilles) ദ്വീപുകൾ ഐറിൻ ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരും വിദഗ്ധരും സംഭവിക്കാൻ പോകുന്ന അത്യാഹിതങ്ങളെ കുറിച്ച് ആളുകൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ സന്ദേശങ്ങളായി നൽകിക്കൊണ്ടിരുന്നു. അതൊരു സമ്പൂർണ്ണ ദുരന്തമായിരിക്കും എന്നവർ ആളുകളോട് പറഞ്ഞു. ജനങ്ങൾ, ജാഗ്രതാ നിർദ്ദേശങ്ങൾ കണിശമായി തന്നെ പാലിച്ചു. ഐറിനാകട്ടെ യാതൊരു തകരാറുകളുമുണ്ടാക്കാതെ ന്യൂയോർക്കിലൂടെ കടന്നുപോയി. ഇതിനെക്കുറിച്ച് നമ്മളെന്താണ് മനസ്സിലാക്കേണ്ടത്? രാഷ്ട്രീയക്കാർക്കും വിദഗ്ധന്മാർക്കും തെറ്റുപറ്റിയെന്നോ? അല്ലെങ്കിൽ ആളുകളെ ഭീതിപ്പെടുത്തുന്നതിൽ അവർ രസം കണ്ടെത്തിയെന്നോ? അല്ല, ദുരന്തം ഒഴിവാക്കപ്പെട്ടു എന്നുതന്നെ. ചില അവസരങ്ങളിൽ ഭീതിപ്പെടുത്തൽ തന്നെയാണ് കാര്യങ്ങളെ തത്ത്വചിന്തപരമായി സമീപിക്കുന്നതിനെക്കാൾ ബുദ്ധിപരം.

ഇറ്റലിയുടെ കാര്യം തന്നെയെടുക്കാം. സ്പാനിഷ് ജ്വരത്തിന്റെ സമയത്ത്‌ അധികൃതരും മീഡിയയും ചെയ്തതുപോലെ യാതൊരു മുൻകരുതലുകളും എടുക്കാതെ കോറോണയെയും സാധാരണ പനി മാത്രമായി കണ്ട് രാജ്യം മുഴുവൻ പടർന്നുപിടിക്കാൻ അനുവദിച്ചു എന്നിരിക്കട്ടെ. മറ്റെല്ലാ രാജ്യങ്ങളും ഇറ്റലിയെ പ്രശ്നസ്ഥലമായി കണ്ട് ഒറ്റപ്പെടുത്തും. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കാൾ ഭീകരമായ സാമ്പത്തിക തകർച്ചയിലേക്ക് ഇറ്റലിയെ ഇത് തള്ളിവിടും. മറ്റുള്ളവർ ഭീതിയിലിരിക്കുമ്പോൾ (ഇസ്രയേലും ഖത്തറും ഇറ്റലിയിൽ നിന്നുവരുന്നവരെ തങ്ങളുടെ രാജ്യാതിർത്തിയിൽ പ്രവേശിപ്പിക്കാത്തത് പോലെ) നമ്മളും അൽപം ഭീതിയിലായിരിക്കുന്നതാണ് നല്ലത്. ചിലപ്പോഴെങ്കിലും അൽപം ഭയപ്പെടുക എന്നത് ധൈര്യത്തിന്റെ ലക്ഷണമാകുന്നു!.

ഒരിക്കൽ പടരാൻ അനുവദിച്ചാൽ 20 മില്യണോളം ആളുകൾക്ക് വൈറസ് ബാധിക്കും എന്ന് സങ്കൽപ്പിക്കുക. വൈറസ് ബാധിച്ചവരിൽ 2 ശതമാനത്തോളം ആളുകൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ, കണക്കുകൂട്ടൽ ശരിയാണെങ്കിൽ 4 ലക്ഷത്തോളം ആളുകളുടെ മരണത്തിന് ഇത് ഇടയാക്കും. ഭൂരിപക്ഷവും വയോധികരുടെ. ചില ആളുകൾ പറയും, ഒരു ഊഹം എപ്പോഴും നിഷേധ രൂപകമാവാൻ പാടില്ലല്ലോ. മേൽപറഞ്ഞ സാഹചര്യം നമ്മുടെ വാർദ്ധക്യ പെൻഷൻ സംവിധാനത്തിന് ഒരു മുതൽക്കൂട്ടാവും. എന്തുകൊണ്ട് കുറച്ചു വയസ്സന്മാരെ മരിക്കാൻ അനുവദിച്ചു കൂടാ. ഇതാണവർ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഞാൻ മനസ്സിലാക്കുന്നത് പൊതുജനം ഈ 4 ലക്ഷത്തോളം മരണങ്ങളെ അംഗീകരിക്കുകയില്ല എന്നാണ്. പ്രതിഷേധങ്ങൾ ഉയർന്നുവരും. നിലവിലെ ഗവണ്മെന്റ് സ്ഥാനഭൃഷ്ടമാക്കപ്പെടുകയും വലതുപക്ഷ നേതാവ് സൽവീനി കുറഞ്ഞത് 60% വോട്ടുകൾ നേടി വിജയിക്കുകയും ചെയ്യും. ഇറ്റലിയിൽ നിലവിൽ എടുത്തിരിക്കുന്ന നടപടികൾ ഉചിതമാണ്. ആളുകളുടെ ജീവനേക്കാൾ പ്രധാനമല്ലല്ലോ സാമ്പത്തിക നഷ്ടം.

സെർജിയോ ബെൻവെനൂതോ

ഇറ്റലിയിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ, എനിക്ക് ഇഷ്ട്ടപ്പെട്ട തത്ത്വചിന്തകരിൽ ഒരാളായ ജിയോർജിയോ അഗമ്പൻ അഭിപ്രായപ്പെടുന്നതു പോലെ ഇത് ഭരണവർഗത്തിന്റെ സ്വേച്ഛാധിപത്യ നടപടിയോ യുക്തിസഹമല്ലാത്ത അടിയന്തരാവസ്ഥ പ്രഖ്യാപനമോ അല്ല. ചൈനയിലും കൊറിയയിലും ഇറ്റലിയിലും സ്വീകരിച്ചിരിക്കുന്ന നടപടികളെ ചില തത്ത്വചിന്തകർ വിശേഷിപ്പിക്കുന്നത് ‘ചരിത്രത്തിന്റെ ഗൂഢാലോചനാ സിദ്ധാന്തം’ എന്നാണ്. എന്നാൽ ഞാൻ അതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത് ‘ഭ്രാന്തമായ ചരിത്ര വ്യാഖ്യാനങ്ങൾ’ എന്നാണ്. 9/11 ആക്രമണത്തെ സി.ഐ.എയുടെ ഗൂഢാലോചനയായി മനസ്സിലാക്കുന്ന മില്യൺ കണക്കിന് ആളുകളെപ്പോലെ. എന്റെ വീട്ടുവേലക്കാരിയായ സ്ത്രീ ഇപ്പോഴും വിശ്വസിക്കുന്നത് വൈറസ് അറബികൾ പടച്ചുവിട്ടതാണ് എന്നാണ്. അറബികൾ എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് മുസ്‌ലിംകളെ ആണെന്ന് ന്യായമായും ഞാൻ വിശ്വസിക്കുന്നു. ഞാൻ പറയുന്നത്, നമ്മൾ സ്വാധീനിക്കപ്പെടുന്നത് പള്ളിമേടയിൽ നിന്നായാലും കാൾ സ്‌മിത്തില്‍
(നാസി തത്വചിന്തകൻ) നിന്നായാലും, അജ്ഞതയിൽ നിന്നായാലും ഒരുപാട് അറിവുള്ളതിനാലായാലും നമ്മൾ നമ്മളിലെ വൈറസ് കാരിയേഴ്സിനെ സ്വയം നിയന്ത്രിച്ചേ തീരൂ. ഹാംലെറ്റിൽ പറയുന്നതു പോലെ, “നിങ്ങളുടെ തത്ത്വചിന്തയിൽ സ്വപ്നം കാണുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയം ആകാശത്തിലും ഭൂമിയിലും ഉണ്ട്” എന്ന കാര്യം തത്ത്വചിന്തകരെ ഇനിയും ഓർമ്മപ്പെടുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.

ആരോഗ്യ മേഖലയേക്കാൾ സാമ്പത്തിക മേഖലയിൽ ഈ വൈറസ് കൂടുതൽ നഷ്ടമുണ്ടാക്കും എന്ന് നിരീക്ഷിക്കുമ്പോൾ തന്നെ അടുത്ത കാലങ്ങളിൽ അതിനു മാറ്റം വരുമെന്ന ശുഭ പ്രതീക്ഷയിലാണ് ഞാനുള്ളത്. മാത്രമല്ല, നാളെ മുതൽ- ഉള്ളിൽ ഒരു ചിരിയോടു കൂടി തന്നെ, ഒരു നല്ല പൗരനാകാൻ ഞാൻ ശ്രമിക്കും. ചില പൊതുവിടങ്ങളിൽ നിന്ന് മാറിനിൽക്കുകയും ആളുകളെ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം ഒഴിവാക്കുകയും ചെയ്യും. റോമിലാണ് ഞാൻ താമസിക്കുന്നത്. നോർത്തിലുള്ള എന്റെ കൂട്ടുകാരെ സന്ദർശിക്കുന്നത് ഞാൻ ഒഴിവാക്കുകയും അവർ ഇങ്ങോട് സന്ദർശിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

ചില ആശങ്കകൾ കൂടി പങ്കുവെക്കുകയാണ്. ആളുകൾ ‘ഒറ്റപ്പെട്ട് ജോലിചെയ്യുന്നതും’ (remote working) വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും (work from home) ശീലമാക്കുന്നത് ഒരു വശം മാത്രമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം, രാവിലെ എഴുന്നേറ്റ് വീടുകളിൽ നിന്ന് തന്നെ കമ്പ്യൂട്ടറുകളിൽ ജോലി ചെയ്യുക എന്നത് പരിചയമില്ലാത്ത സംഗതിയാണ്. ഇനി വീടുകൾ ഓഫീസുകളായി മാറും. സാന്ദർഭികമായി, ആമസോണിനും നെറ്റ്ഫ്ലിക്‌സിനും നന്ദി. ഇനി സിനിമ കാണാൻ തിയേറ്ററുകളിൽ പോകേണ്ടതില്ലലോ, പുസ്തകം വാങ്ങാൻ പുസ്തകശാലകളിലും. ജീവിതം ആന്തരികമാവുകയും വീടിനുള്ളിൽ ആവുകയും (homised) ചെയ്യുന്ന സാഹചര്യം വരും. ഇപ്പോൾ തന്നെ നമ്മൾ പുതിയ പദപ്രയോഗങ്ങളെ (neologism) കുറിച്ച് ആലോചിച്ചു തുടങ്ങിയിരിക്കുന്നു. സ്കൂളുകൾ അടച്ചുപൂട്ടപെടും. പാഠങ്ങൾ അധ്യാപകർ വീടുകളിലേക്ക് നൽകും. പകർച്ചവ്യാധി കാരണം ഉണ്ടായ (അല്ലെങ്കിൽ അത് തടയുന്നതിന്റെ ഭാഗമായി) ഈ വിജനത നമ്മുടെ ജീവിതത്തിന്റെ സ്വാഭാവികതയായി മാറും!.

വിവർത്തനം: അഫ്സൽ ഹുസൈൻ

സെർജിയോ ബെൻവെനൂതോ