Campus Alive

നമ്മളും തൂക്കേണ്ട ജിന്നയുടെ ഛായാചിത്രങ്ങള്‍

മുഹമ്മദലി ജിന്ന മാധ്യമങ്ങളില്‍ നിറയുമ്പോഴൊക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ സഹ ഹിന്ദു ദേശീയ വാദികളുടെ സുരക്ഷിതത്വമില്ലായ്മയെപറ്റി പറഞ്ഞുകൊണ്ടേയിരിക്കുകയും രാജ്യത്തെയും സമുദായത്തെയും ഉപദ്രവിച്ചതിന് പാകിസ്ഥാന്‍ ശില്പിയെ കുറ്റപ്പെടുത്തുകയും ചെയ്തു പോന്നു. 2005 ല്‍ എല്‍. കെ. അദ്വാനി അദ്ദേഹത്തിന്റെ ഖബറിടം സന്ദര്‍ശിച്ചപ്പോള്‍ അത് സംഭവിച്ചിട്ടുണ്ട്, ഒരു പതിറ്റാണ്ടിനിപ്പുറം, അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി വിഷയത്തില്‍ അത് ആവര്‍ത്തിക്കുകയാണ്.

പുതിയ കാലത്തെ ഇന്ത്യന്‍ മനസ്സും ജിന്നയും തമ്മിലുള്ള ബന്ധം കുറച്ച് കുഴഞ്ഞു മറിഞ്ഞതാണ്. അവരുടെ മനസ്സില്‍, പ്രത്യേകിച്ച് ഹിന്ദുക്കളില്‍ ഏറ്റവും പ്രകടമാകുന്നത് ജിന്നയുടെ ദേശീയവാദകാഴ്ചപ്പാടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ദേഷ്യവും വിലാപങ്ങളുമാണ്.

അധികാരമോഹം കൊണ്ട് വര്‍ഗീയവാദിയാവുകയും രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുകയും ചെയ്ത ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. തലമുറകളായി ഇതിനെപ്പറ്റി സിദ്ധാന്തങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇപ്പോഴും വിഭജനത്തെപ്പറ്റിയും ജിന്നയെപ്പറ്റിയും ഓര്‍മകളുണ്ട്. അവര്‍ക്ക് ജിന്ന വിഭജനത്തിന്റെ കര്‍ത്താവും കഴിഞ്ഞ നൂറ്റാണ്ടിലെ മുസ്‌ലിം ഇന്ത്യയുടെ വലിയ നേതാവുമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ട് മുസ്‌ലിം ലീഗിനെ ഒരു ദേശീയ പാര്‍ട്ടിയാക്കിയ നേതാവ്.

അലിഗഢ് യൂണിവേഴ്സിറ്റി സംഭവത്തില്‍ അവര്‍ ചെയ്തത് പോലെ, ജിന്നയുടെ പരസ്പര വിരുദ്ധമായ എന്നാല്‍ അടുത്ത് നില്‍ക്കുന്ന ഈ രണ്ട് വസ്തുതകള്‍ സമയാനുസൃതമായി പുറത്ത് വന്നിട്ടുണ്ട്. ജിന്നയുടെ ഛായാചിത്രം 1938 മുതല്‍ മുസ്‌ലിം ഇന്ത്യയുടെ പ്രധാന നേതാക്കളില്‍ ഒരാള്‍ എന്ന ഓര്‍മപ്പെടുത്തലോടു കൂടി അവിടെയുണ്ട്. ഈ പരസ്പര വൈരുദ്ധ്യങ്ങളും പൊട്ടിത്തെറികളും വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ ജനതയ്ക്ക് വിഭജനത്തിന് മുന്‍പത്തെ സംഭവ ബഹുലമായ പത്തു വര്‍ഷക്കാലത്തെ ചര്‍ച്ചകളെ പറ്റിയോ പാകിസ്ഥാന്‍ രൂപീകരണ പ്രസ്ഥാനത്തെ പറ്റിയോ പൂര്‍ണമായ അറിവുണ്ടായിരുന്നില്ല, മറിച്ച് ദേശീയതയെപ്പറ്റിയുള്ള പൊള്ളയായ വാചോടാപങ്ങളും പ്രചാരണങ്ങളുമാണ് അവരില്‍ സ്വാധീനം ചെലുത്തിയത് എന്നതിലേക്കാണ്. ജിന്നയെപ്പറ്റിയുള്ള ഈ പരസ്പരവിരുദ്ധമായ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വിഭജനത്തെപ്പറ്റിയുള്ള ഒരു പൂര്‍ണമായ അവലോകനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാവേണ്ടതുണ്ട്. എന്തായാലും, വിഭജനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെ കുറ്റം ചാര്‍ത്തിക്കൊണ്ടല്ലാതെ അദ്ദേഹത്തെ പോലെയൊരു ചരിത്രവ്യക്തിത്വത്തെ ജനങ്ങള്‍ക്ക് അറിയുക അസാധ്യമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ആനുപാതിക പ്രാതിനിധ്യം വേണമെന്ന മുസ്‌ലിംകളുടെ ന്യായമായ ആവശ്യം നടപ്പാക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്റെ പരാജയം മറച്ചുവെക്കാനുള്ള ഒരു ശ്രമമായിരുന്നു ഇത്.

കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് സ്വയം പ്രതിരോധമെന്നോണം ഒറ്റ രാഷ്ട്രം എന്ന ആകര്‍ഷകമുദ്രാവാക്യം ഉന്നയിക്കുകയും; രാഷ്ട്രം, സമുദായം , ജനാധിപത്യം തുടങ്ങിയവയെ കുറിച്ചുള്ള കൃത്യതയുള്ള ചര്‍ച്ചകളെ അസാധ്യമാക്കുകയും ചെയ്യും. കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മിലുള്ള വൈരുധ്യങ്ങളില്‍ ഏറ്റവും പ്രധാനം മുസ്‌ലിം പ്രാതിനിധ്യം, കേന്ദ്ര – പ്രവിശ്യ ബന്ധങ്ങള്‍ , Electorate (പ്രത്യേകമോ, യോജിച്ചതോ) എന്നിവയായിരുന്നു. രണ്ട് ദശകത്തിലധികമായി ഒരുവിധം എല്ലാ മുസ്‌ലിം പാര്‍ട്ടികളും ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ഈ പ്രശ്‌നങ്ങളിലുള്ള കോണ്‍ഗ്രസ്സിന്റെ ഉറപ്പുകളായിരുന്നു.

1934ല്‍ ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ജിന്ന മുസ്‌ലിം ലീഗിന്റെ സാരഥ്യം ഏറ്റെടുത്തപ്പോള്‍ പോലും ഈ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ്സുമായി ഒരു ധാരണയിലെത്താമെന്ന് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയിലെത്താമെന്നും അതുവഴി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെടുന്നത് തടയാമെന്നും ജിന്ന വിശ്വസിച്ചു.

എന്തായാലും ഈ മൂന്ന് വിഷയങ്ങളെക്കാള്‍ വര്‍ഗ്ഗീയത, പാന്‍ ഇസ്‌ലാമിസം അഥവാ പുതിയ മദീന (New Medina) തുടങ്ങിയ അബദ്ധചിന്തകള്‍ക്കാണ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആഖ്യാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. ഒരുവിധം എല്ലാ മുസ്‌ലിം പാര്‍ട്ടികളും നിയമനിര്‍മാണത്തിലും സിവില്‍ സര്‍വ്വീസിലും പട്ടാളത്തിലും മുസ്‌ലിം പ്രാതിനിധ്യം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളുടെ അപകടകരമായ സാഹചര്യത്തില്‍ ഭരണരംഗത്തു നിന്ന് പിന്തള്ളപ്പെടാതിരിക്കാന്‍ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന അവരുടെ ആവശ്യം ന്യായമായിരുന്നു.

മുസ്‌ലിം സമുദായത്തിനകത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാമാനദണ്ഡങ്ങളും സംവരണവും വേണമെന്നും മോമിന്‍ കോണ്‍ഫെറന്‍സ് (Momin Conference) പോലെയുള്ള പിന്നാക്ക മുസ്‌ലിം പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ആവശ്യങ്ങളില്‍ നിന്നാണ് രാഷ്ട്രീയ അവകാശങ്ങള്‍ രൂപപ്പെടുക എന്ന് വിശ്വസിച്ച ജിന്ന മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുകൊണ്ട് ഭരണഘടനാപരമായി പട്ടാളത്തില്‍ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ടു. രണ്ട് സമുദായങ്ങള്‍ക്ക് പരസ്പരം ബഹുമാനിക്കാനും ഭയക്കാനും കഴിഞ്ഞില്ലെങ്കില്‍ ഒരു കരാറിനും ഒരു കടലാസ് കഷ്ണത്തില്‍ കവിഞ്ഞ വിലയുണ്ടാകില്ല എന്ന് അദ്ദേഹം ഉണര്‍ത്തി.

ഭാവിഭാരതത്തില്‍ കേന്ദ്രത്തിന് നല്‍കാന്‍ പോകുന്ന പ്രധാന്യമായിരുന്നു മൂന്നാമത്തെ പ്രശ്‌നം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍ ഡല്‍ഹിയില്‍ ശക്തമായ ഒരു കേന്ദ്രഭരണത്തിന് വേണ്ടി കോണ്‍ഗ്രസ് വാദിച്ചു. വീറ്റോ അധികാരവും ഈ കേന്ദ്ര – പ്രവിശ്യ പ്രശ്‌നവുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര പാര്‍ലമെന്റില്‍ ഹിന്ദുക്കളുടെ എണ്ണവും മുസ്‌ലിംകളുടെ എണ്ണവും മൂന്നിന്  ഒന്ന് എന്ന തോതില്‍ ആവുകയും ഒരു ബില്ല് അവതരിപ്പിക്കപ്പെടുമ്പോള്‍ എല്ലാ ഹിന്ദുക്കളും വോട്ട് ചെയ്യുകയും ഒരൊറ്റ മുസ്‌ലിം പോലും വോട്ട് ചെയ്യാതിരിക്കുകയും ചെയ്താലും നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ആ ബില്ല് പാസ്സാക്കപ്പെടും. അതായത്, ഒരൊറ്റ മുസ്‌ലിം പ്രതിനിധിയും വോട്ട് ചെയ്തില്ലെങ്കില്‍ കൂടി ഈ ഉപഭൂഖണ്ഡത്തിന്റെ മുഴുവന്‍ വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഒരു നിയമം പാസാക്കാന്‍ കഴിയും. ഇത് ആനുപാതികമായി ജനാതിപത്യപരമല്ലെന്ന് ജിന്ന വിശ്വസിക്കുകയും ബാലറ്റ് പെട്ടിയിലൂടെ ഒരു രാജ്യം മറ്റൊന്നിനെ ഭരിക്കുന്നതിന് ഉദാഹരണമാണെന്നും നിയമനിര്‍മാണസഭകളില്‍ മുസ്‌ലിം സമുദായത്തിന് വീറ്റോ അധികാരം ലഭിച്ചാല്‍ മാത്രമേ ഇത് ഒഴിവാക്കാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുകളില്‍ പറഞ്ഞ എല്ലാ ആവശ്യങ്ങളും സാമുദായിക ആവശ്യങ്ങളുമായി (Communal Rights) ബന്ധപ്പെട്ടു കിടക്കുന്നു. മുന്‍കാലത്തെ, കൂടുതല്‍ യുക്തിസഹമായ അര്‍ഥം നമ്മള്‍ മറന്നുപോവുന്നത്രയും കോണ്‍ഗ്രസ്സുകാര്‍ തെറ്റിദ്ധരിപ്പിച്ച വാക്കാണത്. കമ്മ്യൂണല്‍ എന്നതിന് സമുദായവുമായി ബന്ധപ്പെട്ടത് എന്നാണര്‍ത്ഥം. കൊളോണിയല്‍ കാലത്ത് ധാരാളം ചിന്തകരും രാഷ്ട്രീയക്കാരും ഈ വാക്ക് ഉപയോഗിച്ച് വന്നത് ഈ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് കാരണമാണ് കമ്മ്യൂണല്‍ എന്നതൊരു മോശം കാര്യമായി നമ്മള്‍ മനസ്സിലാക്കുന്നത്. കമ്മ്യൂണല്‍ എന്നത് ആളുകള്‍ക്കിടയില്‍ വിദ്വേഷവും മുന്‍വിധിയും കൂട്ടാനുള്ള ഒന്നല്ല, മറിച്ച് സമുദായവുമായി ചേര്‍ത്ത് മനസ്സിലാക്കാനുള്ള ഒരു വാക്ക് മാത്രമാണ്.

ന്യൂനപക്ഷ അവകാശങ്ങള്‍

ബ്രിട്ടീഷ് ഇന്ത്യയില്‍ പരസ്പരം വിവാഹം സാധ്യമല്ലാത്ത ലംബവും (vertical) തിരശ്ചീനവുമായി (horizontal) വിഭജിക്കപ്പെട്ട, എണ്ണമറ്റ സമുദായങ്ങള്‍ ഉണ്ടായിരുന്നു. തിരശ്ചീനമായ ജാതി വിഭജനങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ വെര്‍ട്ടിക്കല്‍ ആയി വിഭജിക്കപ്പെട്ട രണ്ട് വിഭാഗങ്ങളായിരുന്നു മുസ്‌ലിമും ഹിന്ദുവും. ബെനഡിക്ട് ആന്‍ഡേഴ്‌സന്റെ imagined community എന്ന ആശയപ്രകാരം നമ്മള്‍ മുന്‍പും ഇപ്പോഴും ഒരു ദേശരാഷ്ട്രമായിട്ടില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നിയാല്‍ മാത്രമേ നാമൊരു രാഷ്ട്രമാവൂ എന്ന് ജിന്ന വാദിച്ചു. ഒരു ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കുന്ന പാര്‍ട്ടി അങ്ങനെ വര്‍ഗീയ പാര്‍ട്ടി ആയി. കോണ്‍ഗ്രസ് കമ്മ്യൂണല്‍ എന്ന പദത്തെ വളച്ചൊടിച്ച് വെറുക്കപ്പെട്ട പദമാക്കി. അതുപോലെത്തന്നെ, മതേതരത്വം എന്ന വാക്കിനെ തെറ്റായി ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളും അധികാരങ്ങളും തടയാനുള്ള ഉപാധിയായി ഉപയോഗിക്കുകയും ചെയ്തു.

അതായത്, പരമാധികാരത്തിന്റെ ഈ പ്രശ്‌നങ്ങള്‍, സമുദായവും രാജ്യവും തമ്മിലുള്ള ബന്ധവുമായി ചുറ്റികിടക്കുന്ന സംവാദങ്ങള്‍ , ഖൗം എന്നാല്‍ സമുദായമാണോ രാജ്യമാണോ എന്നതെല്ലാമാണ് വിഭജന ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍.

എന്റെ അയല്‍വാസിക്ക് അയാള്‍ എന്റെ അയല്‍വാസിയാണ് എന്ന ഒറ്റ കാരണം കൊണ്ട് യാതൊരു യോഗ്യതയുമില്ലെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ എന്റെ മേല്‍ നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശമുണ്ടോ? പരസ്പരം വിവാഹം കഴിക്കുകയോ ഒന്നിച്ചിരുന്ന് ഉണ്ണുകയോ പോലും ചെയ്യാത്ത രണ്ട് സമുദായങ്ങളെ ഒരു രാഷ്ട്രമെന്ന് വിളിക്കാമോ? ഭൂരിപക്ഷത്തിന്റെ അക്രമോത്സുകമായ മുന്‍ധാരണകള്‍ക്ക് വിധേയമാവുന്ന ന്യൂനപക്ഷത്തിന്, ഭൂരിപക്ഷ നേതൃത്വത്തിന്റെ കേവല വാഗ്ദാനങ്ങള്‍ വിശ്വസിച്ചു കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വെക്കാന്‍ കഴിയുമോ?  ഒരാള്‍ക്ക് മൂന്ന് എന്ന തോതില്‍ ഭൂരിപക്ഷത്തിന് അംഗബലമുള്ള  ഈ വലിയ ഉപഭൂഖണ്ഡത്തില്‍, ന്യൂനപക്ഷത്തിന് വീറ്റോ അധികാരം പോലുമില്ലാതെ ഭൂരപക്ഷഭരണം ഉറപ്പായ കേന്ദ്രത്തിന് സര്‍വ്വാധിപത്യം പുലര്‍ത്താന്‍ അനുവദിക്കപ്പെടാമോ? ഭൂരിപക്ഷത്തിന് നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ട് എന്നുള്ളത് കൊണ്ട് ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്യാമോ? ഈയവസരത്തില്‍, അനീതിയും തെറ്റായ പെരുമാറ്റവും ഭയന്നുകൊണ്ട് വടക്കുപടിഞ്ഞാറും കിഴക്കും പ്രവിശ്യകള്‍ ചെയ്തത് പോലെ കുറച്ച് പ്രവിശ്യകള്‍ക്ക് ഈ സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? മുകളിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഏറ്റവും വിശാലഹൃദയനായ വ്യക്തി പോലും ഒരു പിടിവാശിക്കാരന്‍ ദേശീയവാദി ആവുകയും ഇന്ത്യയുടെ ഏകത്വത്തെപ്പറ്റിയും സഹോദര്യത്തെപറ്റിയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാഹചര്യം മോശപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ ചോദ്യങ്ങളെല്ലാം ഇനിയുമിനിയും നടക്കാനിടയുള്ള വലിയൊരു സംവാദത്തിന്റെ തുടക്കം മാത്രമാണെന്ന് ഞാന്‍ കരുതുന്നു.

ജിന്നയും മുസ്‌ലിം ലീഗും

തിരികെ ജിന്നയിലേക്ക് വരാം, മുസ്‌ലിം ലീഗിന്റെ സാരഥ്യമേറ്റെടുത്ത ജിന്ന പാര്‍ട്ടിയെ രണ്ട് ഇലക്ഷനില്‍ നയിക്കുകയുണ്ടായി. 1937 ല്‍ 70 ശതമാനത്തോളം ഹിന്ദു വോട്ടുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് ഹിന്ദു മണ്ഠലങ്ങള്‍ നേടുകയുണ്ടായി; പക്ഷെ മുസ്‌ലിം വോട്ടുകള്‍ യൂണിയനിസ്റ്റ് പാര്‍ട്ടി, മുസ്‌ലിം ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി, കൃഷക് പ്രജ പാര്‍ട്ടി തുടങ്ങിയ വ്യത്യസ്ത പ്രാദേശിക പാര്‍ട്ടികളിലേക്ക് ഭിന്നിക്കപ്പെട്ടു പോയി.

ഇന്ത്യയിലെമ്പാടും മുസ്‌ലിം വോട്ടുകള്‍ നേടിയ ഒരേയൊരു പാര്‍ട്ടി മുസ്‌ലിം ലീഗ് ആയിരുന്നു. ആകെ 10 ശതമാനം വോട്ടാണ് അന്ന് അവര്‍ക്ക് ഇന്ത്യയിലാകെ നേടാന്‍ കഴിഞ്ഞത്. ഈയവസരത്തില്‍ മുസ്‌ലിം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള എല്ലാ സാധ്യതകളും കോണ്‍ഗ്രസ് നിരസിക്കുകയും പല കോണ്‍ഗ്രസ്, ജംഇയത്ത് മുസ്‌ലിംകളും ഇതിനെപ്പറ്റി എഴുതുകയും ചെയ്തു. മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളായ ബീഹാര്‍, യു.പി. പോലെയുള്ള പ്രവിശ്യകളില്‍ കോണ്‍ഗ്രസിന്റെ ഭരണം മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുകയും മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിം ലീഗിന്റെ പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് മുസ്‌ലിം വോട്ടുകള്‍ കിട്ടാതിരുന്ന ഈ സമയത്ത് മുസ്‌ലിം ലീഗിന് മറ്റു മുസ്‌ലിം പാര്‍ട്ടികളെ തോല്പിക്കേണ്ടിയിരുന്നു എന്നത് ഓര്‍മിക്കേണ്ട വസ്തുതയാണ്. ഈ വര്‍ഷങ്ങളിലെല്ലാം, ജിന്ന ജാര്‍ഖണ്ഡിലും മറ്റുമുള്ള ആദിവാസി പാര്‍ട്ടികളുമായും പട്ടികജാതി പ്രതിനിധികളായ ബി. ആര്‍. അംബേദ്കര്‍ പോലുള്ളവരുമായും സഖ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

1946 ല്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ തയ്യാറെടുത്തിരുന്ന സമയത്ത്, ബ്രിട്ടീഷ് ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടര്‍മാര്‍ ജിന്നക്കും മുസ്‌ലിം ലീഗിനും ഒപ്പമുണ്ടായിരുന്നു. ഒരു മുസ്‌ലിം വോട്ടും കിട്ടാതെ ഞങ്ങള്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടേണ്ടി വരുന്ന ഈയൊരു സാഹചര്യത്തെയായിരുന്നു കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നതും.

അങ്ങനെ, അവസാന ചര്‍ച്ചകളില്‍ ജിന്ന എല്ലാ മുസ്‌ലിം രാഷ്ട്രീയ വിഭാഗങ്ങളുടെയും ഏകീകൃത നേതാവാവുകയും ദശകങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ ആവശ്യങ്ങളില്‍ കൂടുതലും കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നില്ല; അതുകൊണ്ടാണ് മൗലാനാ ആസാദ് India Wins Freedom എന്ന തന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നതു പോലെ, കോണ്‍ഗ്രസ് ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ സ്വീകരിച്ച ശേഷം നിരസിച്ചത്. ഈയൊരവസരത്തില്‍, ആഭ്യന്തരയുദ്ധമോ വിഭജനമോ അല്ലാതെ മറ്റൊരു വഴി മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്നതായി വാദിക്കാന്‍ ബുദ്ധിമുട്ടാണ്.

വിഭജനാനന്തര ഇന്ത്യയിലെ ജിന്ന

വിഭജനത്തിന് ശേഷം ഇന്ത്യയില്‍ ജിന്നയുടെ മേല്‍ ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ ഇവയായിരുന്നു; – അദ്ദേഹത്തിന്റെ മതബോധമില്ലായ്മ,വര്‍ഗീയത, ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന് അദ്ദേഹത്തെ ഉപയോഗിച്ചത്, അദ്ദേഹം ഇന്ത്യന്‍ മുസ്‌ലിംകളെ കൂടുതല്‍ ദുര്‍ബലരാക്കി ഉപദ്രവിച്ചതെങ്ങനെ എന്നിവ.

മതബോധമില്ലായ്മ അല്ലെങ്കില്‍ മതമില്ലായ്മ എന്നത് അളക്കാന്‍ കൃത്യമായ അളവുകോല്‍ ഇല്ലാത്തത് കൊണ്ട് തന്നെ അതൊരു കുറ്റമായി പറയാന്‍ ബുദ്ധിമുട്ടാണ്. ഇസ്‌ലാമിക നിയമങ്ങളും ഇസ്‌ലാം നെയ്‌തെടുക്കുന്ന സാമൂഹിക ഘടനകളും മുസ്‌ലിം രാജ്യങ്ങളിലെ രാഷ്ട്രീയ ഭൂമിശാസ്ത്ര അവസ്ഥകളും അദ്ദേഹം മനസിലാക്കിയത് അളക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും തന്റെ നീണ്ട നിയമനിര്‍മാണ ജീവിതത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ച പരിഷ്‌കാരങ്ങളും മതിയാകും. കൊളോണിയല്‍ വിദ്യാഭ്യാസമാണ് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ അസ്വാരസ്യത്തിന്റെ കാരണമായി നല്‍കപ്പെടാറുള്ളത്. എന്നാല്‍, ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം വിദേശത്ത് പഠിച്ചവരാണ് എന്നുള്ളതിനാല്‍ ഈ വാദവും സ്വീകാര്യയോഗ്യമല്ല.

ജിന്നയുടെ വര്‍ഗീയവാദം മുകളില്‍ പറഞ്ഞ പോലെ പോസിറ്റീവ് ആണ്. അതിനെ വര്‍ഗീയതയുടെ (Communal) സമകാലീന അര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതില്ല. ഇന്ത്യയെ ഒരു രാജ്യമായി അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഭൂഖണ്ഡം, ഉപഭൂഖണ്ഡം എന്നീ വാക്കുകള്‍ അടിക്കടി ഉപയോഗിച്ചതിലൂടെ അത് നമുക്ക് കാണാം. ഒരുപാട് സമുദായങ്ങളടങ്ങിയ ഒരു സമുദ്രത്തില്‍ കേവലം ഒരു സമുദായത്തെ പ്രതിനിധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പ്രക്രിയയില്‍, എണ്ണത്തില്‍ കുറഞ്ഞ മറ്റെല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും അദ്ദേഹം ശ്രമിച്ചു.

പ്രത്യേക നിയോജക മണ്ഠലങ്ങളെ (Separate electorates) പറ്റിയുള്ള വാദം മറ്റു വാദങ്ങളെക്കാള്‍ ആവര്‍ത്തിക്കപ്പെടുന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ്. സെപറേറ്റ് ഇലക്ടറേറ്റിനെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. കൂടാതെ സെപറേറ്റ് ഇലക്ടറേറ്റിന്റെ തകര്‍ച്ചയോടെ മോമിന്‍ കോണ്‍ഫെറന്‍സിനു പോലും നിലനില്‍ക്കാന്‍ സാധിച്ചില്ല എന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ എടുത്തു കളഞ്ഞതോടെ പിന്നാക്ക മുസ്‌ലിം പ്രസ്ഥാനങ്ങള്‍ നശിച്ചതായും നാം ഓര്‍ക്കണം.

മറുപക്ഷത്ത്, സെപറേറ്റ് ഇലക്ടറേറ്റ് നിലനിര്‍ത്തിയ പാകിസ്ഥാനില്‍ ആദ്യ ഈസ്റ്റ് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ കോണ്‍ഗ്രസ് മുപ്പതിലധികം സീറ്റുകള്‍ വിജയിച്ചു. അതായത്, മുസ്‌ലിംകളെയും ഹിന്ദുക്കളെയും വിഭജിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ശ്രദ്ധാലുക്കളായിരുന്നു, പക്ഷെ, പരമാധികാരത്തിന്റെ പ്രശ്‌നങ്ങള്‍ക്കോ സെപറേറ്റ് ഇലക്ടറേറ്റിനോ യഥാര്‍ത്ഥത്തില്‍ ഒരു അടിസ്ഥാനവുമില്ല എന്നോ അത് അധികാരത്തിന് വേണ്ടിയുള്ള ഒരു ഊതിപെരുപ്പിക്കല്‍ മാത്രമായിരുന്നു എന്നോ അതിനര്‍ത്ഥമില്ല.

ഇന്ത്യന്‍ മുസ്‌ലിംകള്‍

അവസാനമായി, വിഭജനം മൂലം കൂടുതല്‍ ദുര്‍ബലമാക്കപ്പെട്ട ഇന്ത്യന്‍ മുസ്‌ലിംകളുടെ പരാതി ഇതൊക്കെയായിരുന്നു. ഒന്നാമതായി, വിഭജനം ഇന്ത്യന്‍ മുസ്‌ലിംകളെ മോശമായി ബാധിച്ചു; പക്ഷെ ജിന്നയിലോ, മുസ്‌ലിം ലീഗിലോ ഇതിന്റെ കുറ്റം ചര്‍ത്തുന്നത് ഒരു ശരിയായ ചരിത്ര വായനയല്ല. നമ്മള്‍ 15 ശതമാനം ആയാലും 25 ശതമാനം ആയാലും സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലെങ്കില്‍ അധികാരം ഏകാതിപത്യമാക്കാന്‍ ഭൂരിപക്ഷത്തിന് എല്ലാ മാര്‍ഗ്ഗവുമുണ്ടെന്ന് ജിന്ന വാദിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഹിന്ദു ആധിപത്യ കേന്ദ്രീകൃത ഇന്ത്യയില്‍ നിന്ന് മറ്റൊരു വഴിയുമില്ലാത്തതിനാല്‍ ഒഴിഞ്ഞുമാറാന്‍ തീരുമാനിച്ചു. അതായത് വിഭജനം അവരുടെ ഉത്തരവാദിത്വമല്ല; മറിച്ച് കോണ്‍ഗ്രസ് നിര്‍മിച്ച വ്യവസ്ഥകളുടെ നിര്‍ബന്ധമായിരുന്നു.

രണ്ടാമത്, ജിന്നയുടെ പ്രവര്‍ത്തി മൂലമല്ല വിഭജനശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ ദുരിതമനുഭവിച്ചത്. വലതുപക്ഷ ഹിന്ദുക്കളും, തുടക്കം മുതല്‍ തന്നെ മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം നിഷേധിച്ച, അടിച്ചമര്‍ത്തുന്ന ഭരണകൂടവുമാണ് മുസ്‌ലിംകളെ കൊന്നൊടുക്കിയത്. ജിന്നയുടെ പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്ന സെപറേറ്റ് ഇലക്ടറേറ്റ് പോലും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടു. ജിന്നയല്ല നമ്മെ ഉപദ്രവിച്ചത്, കോണ്‍ഗ്രസ്സും ബി ജെ പി പോലെയുള്ള അവരുടെ പിന്മുറക്കാരുമാണ് നമ്മെ അടിച്ചമര്‍ത്തിയത്.

ഇപ്പോഴും പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യങ്ങളാണ് ജിന്ന ഉയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മത ന്യൂനപക്ഷം എന്ന നിലക്ക്, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ പ്രധാന ഇരകളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. വരും നൂറ്റാണ്ടുകളില്‍ ബഹുത്വ ജനാധിപത്യത്തിന്റെ (plural democracy) അര്‍ഥം ‘ഉപരോധിക്കപ്പെട്ട’ ഈ ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ രാഷ്ട്രീയ സമരങ്ങളായിരിക്കും നിര്‍വചിക്കുക.

അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ ജിന്നയുടെ ആ ഛായാചിത്രം മാറ്റാന്‍ പാടില്ല. മറിച്ച് നമുക്കിനിയും ഒട്ടേറെ ഛായാചിത്രങ്ങള്‍ തൂക്കേണ്ടതായിട്ടുണ്ട്…

വിവര്‍ത്തനം: ഫാത്തിമ നൗറിന്‍

കടപ്പാട്: The Wire

ഷര്‍ജീല്‍ ഇമാം

ജെ എന്‍ യുവില്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ ഗവേഷക വിദ്യാര്‍ത്ഥി. വിഭജനം, മുസ്‌ലിം രാഷ്ട്രീം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.