Campus Alive

മതേതരദേശീയ ഉദ്ഗ്രഥനവും ന്യൂനപക്ഷ സമുദായചോദ്യങ്ങളും: ഭരണഘടനാ നിര്‍മാണസഭയിലെ ഇസ്‌ലാംപേടി

മുസ്‌ലിങ്ങള്‍ ബാബരി മസ്ജിദിന്റെ മുകളില്‍ ദൈവശാസ്ത്രപ്രോക്തമായ ആരാധനാവകാശമല്ല, മറിച്ചു ആ കെട്ടിടത്തിനു മുകളിലുള്ള വസ്തു അവകാശമാണ് ഉന്നയിച്ചിട്ടുള്ളത് എന്ന് ഇന്ത്യന്‍ സാമൂഹിക ശാസ്ത്രഞ്ജന്‍ ദീപക് മേത്ത തന്റെ പഠനത്തില്‍ പറയുന്നുണ്ട്. അതേസമയം, രാമജന്മഭൂമി എന്ന നിലക്ക് ഹിന്ദുത്വ ശക്തികള്‍ അയോധ്യയുടെ മേല്‍ അത്തരമൊരു പ്രാര്‍ത്ഥനാവകാശം കൂടെ ഉന്നയിക്കുന്നുണ്ട് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഖിബ്‌ലക്ക്  തിരിയുന്നതോടെ മുസ്‌ലിങ്ങള്‍ക്ക് ഭൂമിയില്‍ എല്ലായിടവും പള്ളിയാകുന്നത്/പള്ളിയാക്കാന്‍ കഴിയുന്നത് കൊണ്ടാണ് ബാബരി മസ്ജിദിനു മുകളില്‍ സവിശേഷമായ ആരാധനാവകാശം ഉന്നയിക്കാത്തത് എന്നാണ് അദ്ധേഹത്തിന്റെ അവകാശ വാദം. ദീപക് മേത്തയുടെ മറ്റു വാദങ്ങളിലേക്ക് കടക്കാതെ തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇതൊരു ദൈവശാസ്ത്രബന്ധിത അവകാശവാദം അല്ലാത്തതിന്റെ പ്രശ്‌നമാണോ? അതല്ല, ഭരണഘടനാനുസൃതവും മതേതരവുമായി  പ്രതികരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ അനിശ്ചിതത്വം കൂടിയല്ലേ?

ഇതിലേക്ക് വെളിച്ചം വീശുന്നതിനായി ഇന്ത്യാവിഭജനത്തിനു മുമ്പ് നടന്ന മലപ്പുറം വലിയ പള്ളിയുടെ ചരിത്രം കൂടി പരിശോധിക്കാവുന്നതാണ്. പള്ളി തകര്‍ക്കാന്‍ വേണ്ടി നായര്‍ പടയാളികള്‍ വന്നപ്പോള്‍ അതിനെ ചെറുത്തുനിന്ന മാപ്പിളപോരാളികളെ കുറിച്ച് ടി.മുഹമ്മദ് തന്റെ കൃതിയില്‍ പറയുന്നുണ്ട്. പള്ളിയുടെ പരിസരപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിം സമുദായം മൊത്തമായിട്ട് ജന്മിയുടെ അടുത്തു പോവുകയും തങ്ങളുടെ ധനവും സ്വര്‍ണവുമെല്ലാം വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. പകരം, അവര്‍ മുന്നോട്ട് വെച്ചത് ഒരേയൊരു ആവശ്യമാണ്: ‘പടച്ചോന്റെ പള്ളിയില്‍ തൊടരുത്’.  ഇവിടെ പടച്ചോന്റെ പള്ളിയെന്നത് ഒരു ദൈവശാസ്ത്ര അവകാശവാദമാണ്. ഇങ്ങനെയൊരു അവകാശവാദം ബാബരി മസ്ജിദിലേക്ക് വരുമ്പോള്‍ എന്ത് കൊണ്ട് അസന്നിഹിതമാവുകയും പകരം മതേത്വരത്തിന്റെ താഴികക്കുടം  എന്നാവുകയും ചെയ്യുന്നു? അത് ദീപക് മേത്ത പറയുന്നത് പോലെ പള്ളിയുടെ മുകളില്‍ മുസ്‌ലിംങ്ങള്‍ക്ക് സവിശേഷമായ ആരാധനാവകാശം ഇല്ലാഞ്ഞിട്ടല്ല, മറിച്ച്, അത് ഉന്നയിക്കാന്‍ സാധ്യമായ ഒരു വ്യാവഹാരിക പരിസരം നിലവില്ല എന്നത് കൊണ്ട് കൂടിയാണ്. ദേശരാഷ്ട്ര രൂപീകരണാനാനന്തരം/വിഭജനാനന്തരം ശക്തിപ്പെട്ട ഈയൊരു വ്യാവഹാരിക മാറ്റത്തിലേക്ക് സൂചന നല്‍കുന്ന ചില തെളിവുകള്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ കാണാന്‍ സാധിക്കും. 1946 മുതല്‍ 1950 വരെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ നടന്ന ചര്‍ച്ചകളെ മുന്‍നിര്‍ത്തി കൊണ്ട് ദേശ രൂപീകരണത്തിലെ മുസ്‌ലിം പ്രാതിനിധ്യത്തെയും മുസ്‌ലിം സാമുദായിക പ്രശ്‌നങ്ങളോടുള്ള ഭരണഘടനാപരമായ പ്രതികരണങ്ങളെയും വിശകലനം ചെയ്യാനാണ് ഈ പ്രബന്ധത്തില്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ഭരണഘടന എന്നത് കേവലം രേഖയല്ല, മറിച്ചു അതൊരു വിശേഷ സംഭവമാണെന്നാണ് (event)  പ്രിതം സിംഗിനെ (2005) പോലെയുള്ളവര്‍ പറയുന്നത്. അതായത് അതില്‍ നടന്ന ഒരുപാട് ചര്‍ച്ചകള്‍, അതിലുണ്ടായ ഉരുത്തിരിയലുകള്‍, ഭേദഗതികള്‍, പ്രമേയങ്ങള്‍ എന്നിവയെയെല്ലാം മനസിലാക്കാതെ ഭരണഘടനയെ കേവലം എഴുതപ്പെട്ട രേഖയായി കാണുന്നതില്‍ അര്‍ത്ഥമില്ല. അതല്ലെങ്കില്‍ ഭരണഘടന എന്നത് അത്ര നിഷ്പക്ഷവും  നിഷ്‌കപടവുമായ ഒരു പ്രമാണപത്രമല്ല എന്ന് ചുരുക്കം. ഭരണഘടനാ നിര്‍മാണസഭയെ ഒരു റിയാലിറ്റി ഷോ പോലെ കാണുകയാണെങ്കില്‍ അതിലെ വിവിധ എലിമിനേഷന്‍ റൗണ്ടുകളില്‍ ഇല്ലാതായിപ്പോയ ചോദ്യങ്ങളുടെയും സമുദായങ്ങളുടെയും കൂടി ചരിത്രമാണ് ഇന്ത്യന്‍ ഭരണഘടന. മതപരിവര്‍ത്തനം, മതേതരത്വവും ന്യൂനപക്ഷ ചോദ്യങ്ങളും, ബഹുസ്വരതയിലെ ‘അധിക ചോദ്യങ്ങളും’ ഇന്ത്യന്‍ മുസ്‌ലിമിന്റെ ദേശക്കൂറും എന്നിവയെക്കുറിച്ചുളള  ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളെ മുന്നില്‍ വെച്ച് കൊണ്ട് മതേതരദേശീയ വിഭാവനയിലെ മുസ്‌ലിം വിരുദ്ധ മുന്‍വിധികളെയും മുസ്‌ലിം/ഇസ്‌ലാമിക സാന്നിധ്യ ഭയത്തെയും വിശകലന വിധേയമാക്കുകയാണിവിടെ.

മതപരിവര്‍ത്തനവും അംഗബല ഭീതിയും

മതപരിവര്‍ത്തനത്തിനെതിരെ ഭാരണഘടനാപരമായ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഏറ്റവും ശക്തമായി വാദിച്ചത് തിരുപ്പതി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അനന്തശയനം അയ്യങ്കാര്‍ ആയിരുന്നു. ‘ഒരു പരിവര്‍ത്തനവും അനുവദിക്കരുത് എന്നത് മൗലികാവകാശമായി കണക്കാക്കണമെന്നും ഇനി നിര്‍ബന്ധിതാവസ്ഥ സംജാതമായാല്‍ പ്രസ്തുത വ്യക്തി ഒരു ജഡ്ജിയുടെ മുന്നില്‍ വന്നു സത്യം ചെയ്യട്ടെ’ എന്നുമായിരുന്നു അദ്ധേഹത്തിന്റെ നിര്‍ദ്ദേശം. ഇതിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു കോണ്‍ഗ്രസ് അംഗം ആര്‍.വി. ധുലെക്കര്‍ പറഞ്ഞത് ഹിന്ദുക്കള്‍ അക്രമിക്കപ്പെട്ടിരിക്കുകയാണെന്നും ഹിന്ദു സമുദായത്തിന്റെ അംഗബലം കുറക്കാന്‍ ആസൂത്രിത ശ്രമമുണ്ട് എന്നുമാണ്. മറ്റു മത പുരോഹിതന്മാര്‍ പിന്നാക്ക വിഭാഗത്തിന്റെ അറിവില്ലായ്മയെ മുതലെടുത്ത്‌ കൊണ്ട് അവരെ പ്രലോഭിപ്പിക്കുകയും തദ്വാരാ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഇതിനെ ശരി വെച്ച് കൊണ്ട് പി.ആര്‍ താക്കൂര്‍ വാദിച്ചത്. മത പരിവര്‍ത്തനം ഹിന്ദു മതത്തെ ദോഷകരമായി ബാധിക്കുമെന്നതാണ് ഈ ആകുലതകളുടെയെല്ലാം അടിസ്ഥാന കാരണം.

മത പരിവര്‍ത്തന ഭീതിയെ കൂടുതല്‍ വ്യക്തമായി മനസിലാക്കുന്നതിന് മതപ്രചാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടി ഇതോടെ ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. മത പ്രചാരണം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 25 ഹിന്ദുക്കളെ അടിമകളാക്കുമെന്നാണ് ഒറിസ്സയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ലോകനാഥ് മിശ്ര അഭിപ്രായപ്പെട്ടത്. ഇസ്‌ലാമിന് ഹിന്ദു ചിന്താഗതിയോട് അടങ്ങാത്ത ശത്രുതയുണ്ടെന്നും പിന്‍വാതിലിലൂടെ സമാധാനപരമായി കടന്നു കയറാന്‍ ക്രിസ്ത്യാനിറ്റി വൈദഗ്ദ്യം നേടിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മത പ്രചാരണം ഹിന്ദു മതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് കൊണ്ട് തന്നെ അത് മൌലികാവകാശമായി കണക്കാക്കുന്നത് ഹിന്ദു സംസ്‌കാരത്തെ തന്നെ ഇല്ലായ്മ ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി.

ഇവിടെയെല്ലാം നമുക്ക് കാണാന്‍ സാധിക്കുന്നത് ഹിന്ദു മതം അകം ആവുകയും മറ്റുള്ളവ (പ്രത്യേകിച്ച് സെമിറ്റിക് മതങ്ങള്‍) പുറം ആവുകയും ചെയ്യുന്ന ബോധപൂര്‍വമല്ലാത്ത ആഖ്യാനങ്ങളാണ്. അഥവാ, പുറത്തു നിന്നുള്ളവയെ തള്ളിക്കളയാന്‍ ഏതു നിമിഷവും സാധ്യമാവുന്ന ഒരു മാനസികഘടന ഇതിലൂടെ നിര്‍മിച്ചെടുക്കുന്നുണ്ട്. അത് പോലെ തന്നെ മത പരിവര്‍ത്തനം എന്നത് ഭൂരിപക്ഷ ഹിന്ദു മതത്തില്‍ നിന്ന് ന്യൂനപക്ഷ സെമിറ്റിക് മതങ്ങളിലേക്കുള്ള പരിവര്‍ത്തനമായിട്ടാണ് ചര്‍ച്ചകളില്‍ നിഴലിച്ചു കാണുന്നത്. അംഗബലം കുറയുന്നതിനെ ക്കുറിച്ചുള്ള ഈ ആധി ഹിന്ദു മതത്തിന്റെയകത്താണ് കൂടുതലായി കാണാന്‍ സാധിക്കുന്നത്. മതപരിവര്‍ത്തന നിരോധനത്തിനു വേണ്ടിയുള്ള മുറവിളി ഈ അംഗബല പ്രശ്‌നത്തിന്റെതാണെന്ന് ഗൗരി വിശ്വനാഥിനെ പോലെയുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ വാദത്തെ ഒരു പടി കൂടി കടന്നു സമര്‍ഥിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതായത്, ഹിന്ദു വിശ്വാസധാരക്കകത്തേക്കുള്ള പരിവര്‍ത്തനത്തിന്റെ അസാധ്യത അല്ലെങ്കില്‍ സാധുതക്കുറവാണ് പലപ്പോഴും ന്യൂനപക്ഷ ഭീതിയായിട്ട് വരുന്നതെങ്കില്‍, ഇസ്‌ലാമിന്റെ വിമോചന സാധ്യതയോട് ആശയപരമായും പ്രായോഗികമായും എതിരിടാനുള്ള ഹിന്ദു ജാതി കേന്ദ്രീകൃത വ്യവസ്ഥയുടെ കരുത്തില്ലായ്മയാണ് ഇസ്‌ലാം ഭീതിയായിട്ട് ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നത്.

മതേതരത്വവും ന്യൂനപക്ഷ സമുദായ ചോദ്യങ്ങളും

ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം ഒരടിസ്ഥാനമായി വരുന്നത് 1970കളില്‍ ആണെങ്കിലും മതേതരരാഷ്ട്രം എന്നത് ഭരണഘടനാ നിര്‍മാണവുമായി ബന്ധപ്പെട്ടു തന്നെ കാണാന്‍ സാധിക്കുന്ന സങ്കല്പമാണ്. ന്യൂനപക്ഷ ചോദ്യങ്ങളോടുള്ള, പ്രത്യേകിച്ചും മുസ്‌ലിം സ്വയം ഭരണത്തോടുള്ള,  പ്രതികരണമായിട്ടാണ് ഈ പരികല്പന ചര്‍ച്ചയില്‍ വരുന്നത്. മുകളില്‍ സൂചിപ്പിച്ച മതപ്രചാരണാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ തന്നെ ഇത് കാണാവുന്നതാണ്. മതപ്രചാരണാവകാശം തടയാന്‍ ഭരണഘടന ഭേദഗതി വേണമെന്ന് വാദിച്ച ലോക്‌നാഥ് മിശ്ര രൂക്ഷമായി പ്രതികരിച്ചതിങ്ങനെയാണ്: ‘മതപ്രചാരണമാണ് ഇന്ത്യയെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചത്. ഇസ്‌ലാം ഇന്ത്യയില്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയൊരു തികഞ്ഞ മതേതരവും എകാത്മകവുമായ രാഷ്ട്രമാവുമായിരുന്നു’. ഇവിടെ മതേതരത്വത്തെ കുറിച്ച ആലോചനകള്‍ വരുന്നത് തന്നെ ഇസ്‌ലാമിനെ അപരമായി പ്രതിഷ്ടിച്ചുകൊണ്ടാണ്.

അത് പോലെ തന്നെ, മുസ്‌ലിങ്ങളുടെ സാമൂഹിക-രാഷ്ട്രീയ സംരക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചയെയും നിരുല്‍സാഹപ്പെടുത്തുന്നത് മതേതര ഘടനക്ക് വിള്ളലേല്‍പ്പിക്കും എന്ന ന്യായം പറഞ്ഞു കൊണ്ടാണ്. സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ‘നമ്മളൊരു മതേതരരാഷ്ട്രമാവുന്നത് കൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ല’ എന്നു പറഞ്ഞു കൊണ്ടാണ് ഗാന്ധിയനായ മഹാവീര്‍ ത്യാഗി അതിനെ എതിര്‍ത്തത്.  ബംഗാളില്‍ നിന്നുള്ള ഹിമത് സിംഗ് മഹേശ്വരിയും സമാന വാദം മുന്നോട്ട് വെക്കുന്നുണ്ട്. സംവരണം ഭിന്നത വളര്‍ത്തുമെന്നും അത് മതേതരരാഷ്ട്രമായി വളരുന്നതില്‍ നിന്നും ഇന്ത്യയെ തടയുമെന്നുമാണ് അവര്‍ പറയുന്നത്. ഏതെങ്കിലും സമുദായത്തിനു സംവരണം നിലനില്‍ക്കുന്നേടത്തോളം മതേതരരാഷ്ട്രമെന്നത് വിദൂരസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ദേശരാഷ്ട്ര രൂപീകരണ സമയത്ത് തന്നെ മതേതര രാഷ്ട്രമെന്നത് ന്യൂനപക്ഷ സമുദായങ്ങളുടെ സ്വയം സംഘാടനത്തെ നിഷേധിക്കുന്ന ഒന്നായിട്ടാണ് വിഭാവന ചെയ്യപ്പെട്ടിട്ടുള്ളതെന്നു ഇതില്‍ നിന്നും വ്യക്തമാണ്.

മതേതരഘടനക്ക് വെല്ലുവിളിയാകുന്നത് കൊണ്ട് തന്നെ മുസ്‌ലിങ്ങള്‍ ദേശീയതയിലേക്ക് സമന്വയിപ്പിക്കപ്പെടേണ്ടവരാണ് എന്ന വാദം നിരന്തരം ആവര്‍ത്തിക്കുന്നത് കാണാം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേറിട്ട അസ്തിത്വം അനുവദിക്കുന്നത് അവരുടെ വ്യതിരിക്തമായ സാംസ്‌കാരികതയെ ഉത്തേജിപ്പിക്കുമെന്നും അത് ദേശീയ ഉദ്ഗ്രഥനത്തിനു വിഘാതമാകുമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഭൂരിപക്ഷ സംസ്‌കാരികതയെ ഇന്ത്യന്‍ സാംസ്‌കാരികതയായിട്ടാണ് ലോക്‌നാഥ് മിശ്രയെ പോലുള്ളവര്‍ അവതരിപ്പിക്കുന്നത്. അതിലുപരി, ചെറിയ രീതിയില്‍ അനുവദിക്കപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ തന്നെ ഭൂരിപക്ഷ സമുദായത്തിന്റെ ഔദാര്യമാണെന്നും നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട് ജഗത് നരൈന്‍ ലാലിനെ പോലുള്ള സഭാംഗങ്ങള്‍. ഒരുപടി കൂടി കടന്നു കൊണ്ട് വര്‍ഗീയത ഇല്ലാതായാല്‍ രാമനെയും കൃഷ്ണനെയുമെല്ലാം മുസ്‌ലിങ്ങളും അവരുടെ പൂര്‍വികരായി മനസ്സിലാക്കും എന്നാണ് ദയാല്‍ ദ്രിപതി പറയുന്നത്. അതായത് വര്‍ഗീയത എന്നത് ഹൈന്ദവ മുക്തമായ മുസ്‌ലിം ശരീരത്തില്‍ അന്തര്‍ലീനമാണെന്നും അത് ഇല്ലാതാകണമെങ്കില്‍ മുസ്‌ലിം ശരീരത്തില്‍ ഹൈന്ദവ സാംസ്‌കാരികവിശ്വാസ സന്നിധ്യമുണ്ടാവണമെന്നും സാരം. മുസ്‌ലിംങ്ങള്‍ അവരുടെ പൂര്‍വ ഹൈന്ദവ പാരമ്പര്യത്തെ അംഗീകരിക്കണമെന്ന ഹിന്ദുത്വവാദം അന്ന് ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ നടന്നിരുന്നു എന്നര്‍ത്ഥം.  മുസ്‌ലിം ഉദ്ഗ്രഥനത്തെ കുറിച്ച സംസാരം കൊണ്ട്, വളര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയെ അഭിമുഖീകരിക്കാന്‍ സാധ്യമാവില്ല എന്ന ഇര്‍ഫാന്‍ അഹമദിന്റെ നിരീക്ഷണം പ്രസക്തമാവുന്നതിവിടെയാണ്.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ന്യൂനപക്ഷ സമുദായ നേതാക്കളെല്ലാം തന്നെ വ്യതിരിക്തമായ സ്വത്വം അംഗീകരിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, വ്യതിരിക്തത ഭരണഘടനാപരമായ അവകാശമായി തന്നെ ചോദിച്ചു വാങ്ങികൊണ്ട് ദേശീയ ഉദ്ഗ്രഥനത്തിലൂടെയുള്ള സ്വാംശീകരണത്തോട് എതിരിടാന്‍ ശ്രമിക്കുകയായിരുന്നു മുസ്‌ലിം നേതൃത്വം. എന്നാല്‍ ദേശീയ ഉദ്ഗ്രഥനം സര്‍ക്കാര്‍ നയമായതോടെ മുസ്‌ലിം സംവരണമടക്കമുള്ള ആവശ്യങ്ങള്‍ അടച്ചു പൂട്ടി വെക്കാന്‍ മുസ്‌ലിം നേതൃത്വം നിര്‍ബന്ധിതമായി. മുസ്‌ലിങ്ങള്‍ വ്യതിരിക്ത രാഷ്ട്രീയസാമൂഹിക സമുദായമല്ല, കേവലം മതകീയ സമുദായം മാത്രമാണെന്ന തീര്‍പ്പിലൂടെ ഭരണഘടനാ നിര്‍മാണസഭ മുസ്‌ലിം സമുദായത്തെ അരാഷ്ട്രീയ സമുദായമാക്കികൂടി മാറ്റി. അതോടെ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കുന്നത് പോലും ദേശീയ താല്പര്യങ്ങള്‍ക്കെതിരായി മാറി. മതകീയ വ്യതിരിക്തത അംഗീകരിച്ചെങ്കിലും മതകീയമായി സംഘടിക്കുന്നത് മതേതര രാഷ്ട്രഭാവനക്ക്‌ ഭീഷണിയായി മുദ്രകുത്തപ്പെട്ടു. ഇതിനെ മറികടന്നു കൊണ്ട് സ്വയം സംഘടിക്കുന്ന മുസ്‌ലിം അന്തര്‍ലീനമായി തന്നെ മതേതര ഘടനയെ തകര്‍ക്കുന്ന അസ്തിത്വമാണെന്നാണ് ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ പറഞ്ഞു വെക്കുന്നത്.

ബഹുസ്വരതയിലെ ‘അധിക ചോദ്യങ്ങളും’ ഇന്ത്യന്‍ മുസ്‌ലിമിന്റെ ദേശക്കൂറും

ദേശീയ ഉദ്ഗ്രഥന വാദത്തിന്റെ തുടര്‍ച്ചയായി തന്നെ കാണാന്‍ സാധിക്കുന്നതാണ് പാകിസ്ഥാന്‍ എന്ന ദേശത്തോടുള്ള മുസ്‌ലിം കൂറിനെ കുറിച്ചുള്ള സംശയങ്ങള്‍. വിഭജനത്തോട് കൂടി ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംങ്ങളെ സംബന്ധിച്ചേടത്തോളം ദേശീയത എന്നത് തുടര്‍കുറിക്കു മുമ്പുള്ള ഉപസര്‍ഗമാവുകയും മുസ്‌ലിം എന്നത് ഏത് നിമിഷവും അസ്ഥിരപ്പെടുന്ന സ്വത്വവുമായി. അത് കൊണ്ട് തന്നെ ഇന്ത്യന്‍മുസ്‌ലിം എന്നത് ദേശീയ ആഖ്യാനങ്ങളില്‍ മുഴച്ചു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ഹിന്ദു എന്നത് ഒരിക്കലും സംഭവ്യമാകുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമില്‍ ഒരു നോണ്‍ഇന്ത്യന്‍ സ്വഭാവം (അല്ലെങ്കില്‍ പക്‌സിതാന്‍ കൂറ്) ഒളിഞ്ഞിരിക്കുന്നു എന്ന ദേശീയതയുടെ ആകുലതയാണ് ഇന്ത്യന്‍ എന്ന ഉപസര്‍ഗം മുസ്‌ലിമിന് അനിവാര്യമാക്കുന്നത്.

സ്വാതന്ത്രാനന്തര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആക്രോശിച്ചത് ഇന്ത്യയില്‍ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിങ്ങളോടാണ്: ‘നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞു, നിങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രം കിട്ടി.. ഓര്‍മിക്കുക, നിങ്ങളാണ് അതിനു ഉത്തരവാദികള്‍, പാകിസ്താനില്‍ അവശേഷിക്കുന്നവരല്ല’. ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തലുകളിലൂടെ മുസ്‌ലിങ്ങളെ നിരന്തരം പഴി ചാരാനും അവരെ അപരാധമാനസികാവസ്ഥയില്‍ തളച്ചിടാനും സാധിക്കുന്നു. മുസ്‌ലിങ്ങളോടുള്ള വെറുപ്പിനെയും ഇസ്‌ലാംഭീതിയെയും മനസിലാക്കാന്‍ ദേശരാഷ്ട്രത്തെ വീടായി കാണുന്ന പരിപ്രേക്ഷ്യത്തെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തണമെന്ന് ഇര്‍ഫാന്‍ അഹമദ് പറയുന്നുണ്ട്. മതേതരആധുനികതയോടെ സ്വര്‍ഗീയവീട്ടില്‍ നിന്നും ഭൂമിയിലെ വീട്ടിലേക്കുള്ള പ്രയാണമുണ്ടാവുകയും ദേശരാഷ്ട്രം സ്വാഭാവിക വീടാവുകയും ചെയ്യുന്ന  തരത്തില്‍ ആഖ്യാനങ്ങള്‍ പടച്ചു വിടുന്നത് ഇന്ത്യന്‍ ദേശരാഷ്ട്രത്തെ പുഷ്ടിപ്പെടുത്താനുള്ള ശ്രമമാണ്. അതില്‍ കുടുങ്ങി പോകുന്നതാവട്ടെ, മുസ്‌ലിമിന്റെ രാഷ്ട്രീയകാഴ്ചപ്പാടാണ്. പാകിസ്താന്‍ എന്നത് കേവലം ഭൂമിശാസ്ത്രപരമായ സ്ഥലമായിട്ടല്ല, മറിച്ച്‌ യഥാര്‍ഥമായും ഭാവനാപരമായും ഇന്ത്യന്‍ ദേശത്തിന് മേല്‍ വളരാന്‍ കെല്‍പ്പുള്ള ഒരു പ്രശ്‌ന ഇടമായിട്ടാണ് ഇത്തരം ആഖ്യാനങ്ങളില്‍  അടയാളപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ പാകിസ്താന്‍പ്രേമികളായി അവതരിപ്പിക്കപ്പെട്ട മുസ്‌ലിങ്ങളെ കുറിച്ചുള്ള ഒരുപാട് ചര്‍ച്ചകള്‍ സഭയിലെ മുസ്‌ലിം ലീഗിന്റെ പങ്കാളിത്തത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. പ്രത്യേകമായ നിയോജകമണ്ഡലം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍  മുസ്‌ലിം ലീഗ് ഭരണഘടനാ നിര്‍മാണസഭയില്‍ പങ്കെടുത്തിരുന്നില്ല. യഥാര്‍ഥത്തില്‍ മുസ്‌ലിം ലീഗിന്റെ ഈ അസാന്നിധ്യമാണ് ഒരു പ്രേതം കണക്കെ മുസ്‌ലിം സാന്നിധ്യമായിട്ട് സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ 1947 മെയ് മാസത്തില്‍ സഭയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗിനോട് കെ.എം മുന്‍ഷി ആവശ്യപ്പെടുന്നത് രാജ്യത്തോട് കൂറ് പുലര്‍ത്തണമെന്നും നിയമം അനുസരിക്കുന്ന പൗരന്മാരാകണമെന്നുമാണ്.

മുസ്‌ലിം പ്രതിനിധികളുടെ അസാന്നിധ്യത്തെ സൂചിപിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സന്റ് ചര്‍ച്ചില്‍ ഭരണഘടനാ നിര്‍മാണസഭയെ ‘ജാതിഹിന്ദുക്കളുടെ സഭ’ എന്ന് വിമര്‍ശിക്കുകയുണ്ടായി. ഇവിടെ ചര്‍ച്ചിലിന്റെ വിമര്‍ശനത്തിന്റെ മെറിറ്റ് പരിശോധിക്കാനല്ല ഞാനാഗ്രഹിക്കുന്നത്, മറിച്ച് അതിനോട് ഇന്ത്യന്‍ ദേശീയനേതാക്കള്‍ നടത്തിയ പ്രതികരണമാണ്. രാജേന്ദ്രപ്രസാദ് അതിനോട് പ്രതികരിച്ചുകൊണ്ട് സഭയില്‍ വന്നിട്ടുള്ള 210 അംഗങ്ങളുടെ ജാതിസമുദായം തിരിച്ച കണക്കുകള്‍ മുന്നോട്ട്‌വെക്കുന്നുണ്ട്. ഇത് എം.എസ്.എസ് പാണ്ഡ്യന്‍ സൂചിപ്പിക്കുന്ന ദേശീയതയുടെ പരിമിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരേ സമയം സാമുദായിക ജീവിതത്തെ മാറ്റിനിര്‍ത്തികൊണ്ടും  എന്നാല്‍ സമുദായങ്ങളുടെ സാന്നിദ്ധ്യത്തെ സമ്മതിച്ചുകൊണ്ടുമാണ് ആധുനിക ഇന്ത്യന്‍ദേശീയതയുടെ പ്രയോഗങ്ങള്‍  നിലനില്‍ക്കുന്നതെന്ന് പാണ്ഡ്യന്‍  പറയുന്നുണ്ട്.  സമാനമായ വാദം ശാഹിദ് അമീനും മുന്നോട്ട് വെക്കുന്നുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്നത് പ്രദര്‍ശിപ്പിക്കാനായി തുര്‍ക്കിത്തൊപ്പിവെച്ച മുസ്‌ലിം വാര്‍പ്പുമാതൃക അനിവാര്യമാവുമെങ്കിലും അങ്ങനെയൊരു മുസ്‌ലിമിന്റെ സാന്നിധ്യം യഥാര്‍ത്ഥ ജീവിതത്തില്‍ അനഭിലഷണീയമായിട്ടാണ് കണക്കാക്കുക എന്നദ്ദേഹം പറയുന്നുണ്ട്. ബഹുസ്വര പ്രദര്‍ശനത്തിലെ അനിവാര്യപ്രശ്‌നം കൂടിയാണിത്.

ഇവിടെ പ്രസ്താവ്യമായിട്ടുള്ള മറ്റൊരു സംഗതി, ഹിന്ദുസഭ എന്ന ആരോപണത്തെ മറികടക്കാന്‍ ഇതര സമുദായങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും മുസ്‌ലിം അംഗങ്ങളുടെ അസാന്നിധ്യം ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോവുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഹിന്ദുസഭ എന്ന ആരോപണം മാറ്റി വെച്ചാല്‍ പോലും നോണ്‍ മുസ്‌ലിംസഭ എന്ന വിമര്‍ശനത്തെ അതിനു മറികടക്കാന്‍ കഴിയുകയില്ല. ബഹുസ്വരതയുടെ നിര്‍മിതി സാധ്യമാവുന്നത് തന്നെ ഇങ്ങനെയാണ്. സന്നിഹിതമായ സമുദായങ്ങളെ ഉപയോഗിച്ചുകൊണ്ട് അസന്നിഹിതമാകുന്ന സമുദായങ്ങളെ ബോധപൂര്‍വം അവഗണിക്കാവുന്ന സാധ്യത കൂടിയാണ് ബഹുസ്വരത. മുസ്‌ലിം രാഷ്ട്രീയചോദ്യങ്ങള്‍ ബഹുസ്വരതയെ തകര്‍ക്കുന്ന ‘അധികചോദ്യങ്ങളാവുന്നതും’ ബഹുസ്വരതയുടെ ഈ ഹിംസാത്മക സാധ്യത കൊണ്ടാണ്.

ബഹുസ്വര ദേശീയതയുടെ പൂര്‍ത്തീകരണത്തിനു ഒരേ സമയം മുസ്‌ലിം സാന്നിധ്യം ആവശ്യമായി വരികയും എന്നാല്‍ മുസ്‌ലിം രാഷ്ട്രീയചോദ്യങ്ങള്‍ കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട്തന്നെ, മുസ്‌ലിം ലീഗ് ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ തള്ളിക്കളയുമ്പോള്‍ തന്നെ മുസ്‌ലിം സാന്നിധ്യത്തെ പിടിച്ചു നിര്‍ത്താന്‍ സഭ പാടുപെടുന്നുണ്ട്. അതോടൊപ്പം തന്നെ, മുസ്‌ലിങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള ലീഗിന്റെ അവകാശവാദത്തെ മറികടക്കാന്‍ രണ്ടു വഴികളാണ് ദേശീയ നേതാക്കള്‍ പയറ്റുന്നത്. ഒന്ന്, സഭയിലുള്ള മുസ്‌ലിം ലീഗിന്റെതല്ലാത്ത ഒന്നോ രണ്ടോ മുസ്‌ലിം അംഗങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘മുഴുവന്‍’ മുസ്‌ലിംങ്ങളെയും പ്രതിനിധീകരിക്കാന്‍ ലീഗിന് ധാര്‍മികമായി അവകാശമില്ല എന്ന് സ്ഥാപിക്കുക. രണ്ടാമതായി, ലീഗുന്നയിക്കുന്ന ആവശ്യങ്ങള്‍ ദേശീയ താല്പര്യത്തിനും അത് വഴി മുസ്‌ലിം സമുദായത്തിന് തന്നെയും ദോഷമാണ് എന്ന് സ്ഥാപിക്കുക.

ദേശീയതാല്പര്യത്തിനു വിഘാതമാണെന്ന് വരുത്തി തീര്‍ക്കുന്നതിനു മുസ്‌ലിം ലീഗ് ബ്രിട്ടീഷുകാരുമായി നടത്തിയ വിലപേശലുകളെ മുന്നില്‍ വെച്ചുകൊണ്ട് ലീഗ് ബ്രിട്ടീഷ് ഏജന്റായി മാറുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ലീഗ് ബ്രിട്ടീഷ് മുന്നണിയാണെന്നും ലീഗിനെ ഉപയോഗിച്ചുകൊണ്ട് അവര്‍ നമുക്കെതിരെ അമ്പുകള്‍ എയ്തു വിടുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് അംഗം പുരുഷോത്തം ദാസ് പറഞ്ഞത്. നമ്മളുണ്ടാക്കുന്ന ഭരണഘടന അങ്ങനെയുള്ള അമ്പുകളെ തടുക്കാന്‍ പ്രാപ്തമാകുമെന്നും അതില്‍ ബ്രിട്ടീഷുകാരുടെ ആശ്രിതരോട്, ലീഗിനോട് ഏറ്റുമുട്ടാനും നമ്മള്‍ തയ്യാറാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു യുദ്ധവിളംബരത്തെ സാധൂകരിക്കുന്ന പ്രസ്താവന ഗാന്ധി അനുയായിയായ  സേത് ഗോവിന്ദ് ദാസും പറയുകയുണ്ടായി. ‘മുസ്‌ലിംങ്ങളെ ശിഖണ്ഡികളാക്കി വെച്ച് കൊണ്ട് നമ്മളോട് ഏറ്റുമുട്ടാനാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നതെങ്കിലും നമ്മള്‍ ആയുധം താഴെ വെക്കാനൊരുക്കമല്ല’. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കറിന് നേരിടേണ്ടി വന്നതും സമാനമായ ആരോപണമായിരുന്നു.

ഉപസംഹാരം

ഭരണഘടനാ നിര്‍മാണസഭയില്‍ വര്‍ഗീയത എന്ന പദം ഉപയോഗിക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളുടെ സ്വയംസംഘാടനത്തെ കുറിക്കാനാണ്. മുസ്‌ലിം ലീഗും ഷെഡ്യുള്‍ഡ് കാസ്റ്റ് ഫെഡറേഷനും വര്‍ഗീയ സംഘടനയാണെന്ന് ബംഗാളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം സോമനാഥ് ലാഹിരി പറയുന്നതും ഈയൊരു ബോധത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഗീയത എന്നത് ഒരേ സമയം മതേതരത്വത്തിന്റെയും ദേശീയതയുടെയും വിപരീത സൂചനയായിട്ടാണ് ദേശീയ നേതാക്കള്‍ അവതരിപ്പിക്കുന്നത്. അതുന്നയിക്കുന്നതാകട്ടെ, ന്യൂനപക്ഷ സമുദായങ്ങള്‍ അവരുടെ സ്വയംസംഘാടനത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്. ആദിത്യ നിഗം അഭിപ്രായപ്പെടുന്നത് പോലെ ശരിയായ ജനാധിപത്യ മതേതര ഭാവി സ്ഥാപിതമാവണമെങ്കില്‍ സാമുദായിക ചിഹ്നങ്ങളെല്ലാം തന്നെ മായ്ക്കപ്പെടണമെന്നു നിഷ്‌കളങ്കമായി വിശ്വസിക്കുന്നവരാണവര്‍.

ന്യൂനപക്ഷ വിഭാഗങ്ങള്‍ സമുദായമാകുന്ന മാനസികാവസ്ഥയില്‍ നിന്നും മാറി ദേശത്തിലെ പൌരന്മാരാകണമെന്ന പൊതുവികാരമാണ് ചര്‍ച്ചകളില്‍ നിഴലിക്കുന്നത്. അതിലൂടെ സമുദായ ബോധത്തില്‍ നിന്ന് മാറി വ്യക്തിബോധമുണ്ടാകണമെന്ന ഉപദേശമാണ് ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകളും ദ്യോതിപ്പിക്കുന്നത്. വ്യക്തിപരമായ പൌരത്വത്തില്‍ അധിഷ്ഠിതമായിട്ട് മാത്രമായിരിക്കും രാഷ്ട്രം ജനങ്ങളുമായി സംവദിക്കുക. അതായത്, ദേശരാഷ്ട്ര രൂപീകരണ ശേഷവും സംഘടിത അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നത് ഇടുങ്ങിയതും തരംതാണതുമായ സാമുദായിക മാനസികാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത് എന്നര്‍ത്ഥം. രോചന ബാജ്പായ് പറയുന്ന പോലെ സാമുദായിക ബോധത്തില്‍ നിന്നുണ്ടാകുന്ന ലോക വീക്ഷണം ലിബറല്‍ മതേതര മുന്നണിയുടെയും ദേശവുമായി അനുരൂപമല്ലാത്ത സാമുദായികക്കൂറ് ദേശീയ മുന്നണിയുടെയും പരാജയമായിട്ടുമാണ് ഭരണഘടനാ നിര്‍മാണ സഭയിലെ ദേശീയ നേതാക്കള്‍ മനസിലാക്കിയത്.

രോചന ബാജ്പായ്

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സമുദായമാവുക എന്നത് ഇത്രത്തോളം പ്രശ്‌നഭരിതമാകുന്നതിന്റെ രസതന്ത്രം മറ്റൊന്നാണ്. സമുദായമാവുന്നതോട് കൂടി ദേശീയ ഉദ്ഗ്രഥന പ്രക്രിയയിലൂടെയുള്ള സ്വാംശീകരണം സാധ്യമല്ലാതാകുന്നു എന്നതാണ് ഈ ഭയത്തിന്റെ കാരണം. മുസ്‌ലിം സമുദായം, സവിശേഷമായി, സ്വാംശീകരണ വിരുദ്ധം കൂടിയാവുന്നത് കൊണ്ട് ഈ ഭീതി പതിന്മടങ്ങ് വലുതാണ്. ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ക്ക് വിഭജനത്തിന്റെ കാല സൂചകമുണ്ടായിരുന്നത് കൊണ്ട് തന്നെ മുസ്‌ലിങ്ങളെ ഇന്ത്യക്കാരാക്കുക/ഇന്ത്യനൈസ് ചെയ്യുക എന്നത് ദൗത്യമായി ഏറ്റെടുത്ത പോലെയായിരുന്നു പല ദേശീയ നേതാക്കളുടെയും സംസാരങ്ങള്‍. പാക്കിസ്ഥാനെന്ന അപര ദേശീയതയെ കുറിച്ച ഭയം മുസ്‌ലിം ഭീതിയായി കൊണ്ടാണ് പില്‍ക്കാല ഇന്ത്യയില്‍ കാണാന്‍ സാധിക്കുക. ഇനിയും ഇന്ത്യനൈസ് ചെയ്യപ്പെട്ടിട്ടില്ലാത്ത മുസ്‌ലിങ്ങളെ ദേശീയതയില്‍ ലയിപ്പിക്കുക എന്ന മതേതരദേശീയ പദ്ധതിയുടെ അനിവാര്യതയാണ് ഇന്ത്യയില്‍ നില നില്‍ക്കുന്ന ഇസ്‌ലാമോഫോബിയ.

ഈയൊരു ഇസ്‌ലാമോഫോബിയയുടെ അകത്തു നിന്നു കൊണ്ട് മാത്രമാണ് പലപ്പോഴും മുസ്‌ലിം രാഷ്ട്രീയ വ്യവഹാരങ്ങള്‍ പോലും സാധ്യമാകുന്നത്. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ മതേതരവും ദേശീയവുമായ ഒരു ഭാഷ മുസ്‌ലിങ്ങള്‍ക്ക് കടമെടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ, തുടക്കത്തില്‍ സൂചിപിച്ച പോലെ ബാബരി മസ്ജിദിനു മുകളില്‍ ദൈവശാസ്ത്രപരമായ അവകാശവാദം ഉന്നയിക്കുന്നതിനു പകരം വസ്തുവിന്മേലുള്ള നിയമപരമായ അവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടിയുള്ള രാഷ്ട്രീയ വ്യവഹാരമാണ് മുസ്‌ലിം സമുദായം ഉയര്‍ത്തികൊണ്ടുവരുന്നത്. ഭരണഘടനാവല്‍ക്കരണം സംഭവിക്കാത്ത മുസ്‌ലിം രാഷ്ട്രീയത്തിന് മാത്രമേ ഇനിയും മതപരമായ ഒരു ഭാഷയില്‍ ബാബറി മസ്ജിദിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കൂ. സമുദായമാവുക എന്നത് അശ്ലീലമല്ലാതാകുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ മാത്രമേ അത്തരം വ്യവഹാരത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കുകയുള്ളൂ.


അവലംബം

Ahmad, I. (2013). In Defense of Ho (s) tels: Islamophobia, Domophilia, Liberalism. Politics, Religion & Ideology, 14(2), 234-252.
Amin, S. (2004). On representing the Musalman. Sarai Reader, 4.
Anand, D. (2016). Hindu nationalism in India and the politics of fear. Springer.
Assembly, C. (1963). Debates. I-XII.(1946–1950).< http://parliamentofindia. nic. in/ls/debates/debates. htm.
Bajpai, R. (2011). Debating difference: Group rights and liberal democracy in India. Oxford Universtiy Press, reprinted 2012.
Chiriyankandath, J. (2000). ‘Creating a secular state in a religious coutnry’: The debate in the Indian constituent assembly. Journal of Commonwealth & Comparative Politics, 38(2), 1-24.
Jha, S. (2002). Secularism in the Constituent Assembly Debates, 1946-1950. Economic and Political Weekly, 3175-3180.
Mehta, D. (2015). The Ayodhya dispute: The absent mosque, state of emergency and the jural detiy. Journal of Material Culture, 20(4), 397-414.
Muhammad, T. (2013). Mapila Samudayam: Charithram Samskaram. Calicut: Islamic Publishing House.
Nigam, A. (2004). A Text Without Author: Locating Constituent Assembly as Event. Economic and Political Weekly, 2107-2113.
Pandian, M. S. S. (2002). One step outside moderntiy: Caste, identtiy politics and public sphere. Economic and political weekly, 1735-1741.
Sayyid, S., & Vakil, A. (Eds.). (2010). Thinking through Islamophobia: global perspectives. Cinco Puntos Press.
Singh, P. (2005). Hindu bias in India’s ‘secular’constitution: Probing flaws in the instruments of governance. Third World Quarterly, 26(6), 909-926.

(സോളിഡാരിറ്റി പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന് )

താഹിര്‍ ജമാല്‍ കെ.എം