Campus Alive

മതപരിവര്‍ത്തനവും ഇസ്‌ലാംഭീതിയും

ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ അന്വേഷിക്കുന്നതിനു വ്യത്യസ്തമായ സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ അവതരിപ്പിക്കുന്നുണ്ട് (Eaton, 1993). അവയെ പ്രധാനമായും രണ്ടായി വര്‍ഗീകരിക്കാം. ഒന്ന്, പശ്ചിമേഷ്യന്‍ നാടുകളില്‍ നിന്നുള്ള വാണിജ്യത്തിനോ, രാഷ്ട്രീയ ആധിപത്യത്തിനോ, മതപരമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഉണ്ടായിട്ടുള്ള സ്ഥിരമോ താല്‍കാലികമോ ആയ മുസ്‌ലിം കുടിയേറ്റങ്ങള്‍. രണ്ട്, തദ്ദേശിയ ജനവിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയമോ, സാമ്പത്തികമോ, സാമൂഹികമോ, ആത്മീയമോ ആയ കാരണങ്ങളാല്‍ ഇസ്‌ലാമിലേക്കുണ്ടായ സംഘടിതമോ വ്യക്ത്യാധിഷ്ഠിതമോ ആയിട്ടുള്ള മതപരിവര്‍ത്തനങ്ങള്‍. ഒന്നാമത്തെ സിദ്ധാന്ത പ്രകാരമുള്ള ഇസ്‌ലാമിന്റെ വ്യാപനം വളരെ പരിമിതമായ അളവില്‍ മാത്രം ഉണ്ടായ ഒന്നാണ്. തദ്ദേശിയരുടെ മതപരിവര്‍ത്തനവുമായി ബന്ധപെട്ട സംവാദങ്ങള്‍ ഇന്ത്യയിലെ വ്യത്യസ്ത സൂഫി ധാരകളുമായി ബന്ധപ്പെട്ടോ, വാണിജ്യവുമായി ബന്ധപെട്ട സാമ്പത്തികരാഷ്ട്രീയവുമായോ, ഇസ്‌ലാമിക ലിബറേഷന്‍ തിയോളജിയുമായോ ബന്ധപ്പെട്ടു കിടക്കുന്നതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന ചര്‍ച്ചയും പ്രസ്തുത സംവാദത്തില്‍ പ്രധാനമായും കടന്നു വരുന്നുണ്ട്.

gamaപതിനെട്ടാം നൂറ്റാണ്ട് വരെ മതപരിവര്‍ത്തനം വളരെ അപ്രധാനമായ ഒരു പ്രതിഭാസമായാണ് ഇന്ത്യയില്‍ മനസ്സിലാക്കിയിരുന്നത്. അതിന്റെ പ്രധാനമായ കാരണം രാഷ്ട്രീയ അധികാരവുമായി അതിനു കാര്യമായ ബന്ധമുണ്ടായിരുന്നില്ല എന്നത് തന്നെയാണ്. അതേസമയം വാണിജ്യത്തിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും അതിലൂടെയുള്ള രാഷ്ട്രനിര്‍മാണത്തിനും തദ്ദേശിയരുടെ മതപരിവര്‍ത്തനം ബ്രിട്ടീഷ് കൊളോണിയല്‍ കാലം തുടങ്ങുന്നത് വരെയെങ്കിലും വ്യത്യസ്ത രീതിയില്‍ പല നാട്ടു രാജാക്കന്മാര്‍ക്കും ഉപയോഗപ്പെട്ടിട്ടുണ്ട്. മലബാറിലെ സാമൂതിരിയുടെ ആവിര്‍ഭാവവും വളര്‍ച്ചയും അതിനുദാഹരണമാണ്. എല്ലാവിധ അധികാരങ്ങളും ഉണ്ടായിരുന്ന മേല്‍ജാതി വിഭാഗങ്ങളില്‍ നിന്ന് പോലും ഇസ്‌ലാമിലേക്ക് അക്കാലത്ത് മതപരിവര്‍ത്തനം നടന്നിരുന്നു. കീഴാള വിഭാഗങ്ങളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ അക്കാലത്ത് ഫ്യൂഡല്‍ പ്രഭുക്കള്‍ തന്നെ മുന്‍കൈയെടുത്തിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ദീര്‍ഘകാല അറബ് വാണിജ്യം നിലനിര്‍ത്തുന്നതിന് വൈവാഹിക ബന്ധങ്ങളിലൂടെയുള്ള മതപരിവര്‍ത്തനങ്ങളും അന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. ഇതെല്ലാം പൊതുവേ അധികാരം കൈയാളിയ ജാതിവിഭാഗങ്ങളുടെ ‘മതസൗഹാര്‍ദ്ദ’ത്തിന്റെ അടയാളമായാണ് വിലയിരുത്തപ്പെടാറ്. എന്നാല്‍ ഇതിനെ അക്കാലഘട്ടത്തിലെ സാമ്പത്തിക രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്. യൂറോപ്പ്യന്‍ കൊളോണിയലിസത്തിന്റെ കടന്നുവരവും അറബ് വാണിജ്യത്തിന്റെ പിന്മാറ്റവും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ മലബാറടക്കമുള്ള നാട്ടു രാജ്യങ്ങളില്‍ രൂപപ്പെടുത്തി. ആ പുതിയ സമവാക്യങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംങ്ങളെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു.

കൊളോണിയല്‍ ആധുനികതയിലൂടെ രൂപപ്പെട്ട പുതിയ സാമൂഹിക സാഹചര്യം മതപരിവര്‍ത്തനത്തിന്റെ സാദ്ധ്യതകള്‍ കീഴാള വിഭാഗങ്ങള്‍ക്ക് തുറന്നുകൊടുത്തു. അടിമത്ത നിരോധനവും അതിനെ തുടര്‍ന്നുണ്ടായ മതപരിവര്‍ത്തനങ്ങളും കൊളോണിയല്‍ ഭരണകൂടത്തിനും സവര്‍ണ ജാതികള്‍ക്കും പ്രശ്‌നമായി മാറിയത് അവ ജാതി പാരമ്പര്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങിയപ്പോഴാണ്. തെക്കന്‍കേരളത്തില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്റ്റ്യാനിറ്റിയിലേക്കും തെക്കേമലബാറില്‍ ഇസ്‌ലാമിലേക്കും വടക്കേ മലബാറില്‍ ക്രിസ്റ്റ്യാനിറ്റിയിലേക്കും ഇസ്‌ലാമിലേക്കും വ്യാപകമായി അടിമ ജാതികളില്‍പ്പെട്ടവരുടെ മതപരിവര്‍ത്തനം നടന്നു. ഈ പ്രതിഭാസം ദക്ഷിണേന്ത്യയില്‍ മാത്രം പരിമിതമായ ഒന്നായിരുന്നില്ല.

ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനവും കൊളോണിയല്‍ വായനകളും

1857ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും അടിമത്ത നിരോധനത്തിന് ശേഷം കോളണി ഭരണ പ്രദേശങ്ങളില്‍ ഉണ്ടായ ജന്മി-ബ്രിട്ടീഷ് വിരുദ്ധ സായുധ പോരാട്ടങ്ങളും ഇന്ത്യന്‍ സമൂഹങ്ങളെ കുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങളിലേക്കും സെന്‍സസ് പഠനങ്ങളിലേക്കും ബ്രിട്ടീഷ് ഭരണകൂടത്തെ നയിച്ചു. ഉത്തരേന്ത്യയില്‍ എച്.എച് റിസ്ലിയും (H.H. Risley) ദക്ഷിണേന്ത്യയില്‍ എഡ്ഗര്‍ തേര്‍സ്റ്റനുമാണ് (Edgar Thurston) വ്യവസ്ഥാപിതമായ കൊളോണിയല്‍ നരവംശശാസ്ത്ര പഠനങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തുടക്കമിട്ടത്. അടിസ്ഥാനപരമായി ഇവരുടെ പഠനങ്ങളുടെ ലക്ഷ്യം ‘കൊളോണിയല്‍ പ്രജകളുടെ’ ശരീരത്തെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന്  അന്വഷിക്കുകയായിരുന്നു. കൊളോണിയല്‍ നരവംശശാസ്ത്രത്തിനു കോളണി ജനത ആദ്യാന്ത്യം ഒരു ശരീരം മാത്രമാണെന്നാണ് നിക്കോളാസ് ദിര്‍ക്‌സ് നിരീക്ഷിക്കുന്നത് (Dirks,2003). ജാതിയിലൂടെയും ലിംഗ പദവിയിലൂടെയും വര്‍ഗീകരിക്കപ്പെട്ട അവര്‍ അറിയപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും ശരീരത്തിന്റെ അളവിലൂടെയും വിവരണത്തിലൂടെയുമാണ്. ശരീര കേന്ദ്രീകൃതമായ അത്തരം പഠനങ്ങള്‍ക്ക് അവരുടെ സ്വച്ഛയിലോ കര്‍തൃത്വത്തിലോ താല്പര്യമുണ്ടായിരുന്നില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സെന്‍സസ് റിപ്പോര്‍ട്ട്, പ്രാദേശിക മാന്വലുകള്‍, ഗസറ്റിയറുകള്‍ തുടങ്ങിയ രേഖകള്‍ അത്തരം പഠനങ്ങളുടെ തുടര്‍ച്ചയാണ്.

nicholas dirks
Nicholas B. Dirks

ആദ്യകാല നരവംശശാസ്ത്ര പഠനങ്ങള്‍ ഗോത്ര വര്‍ഗങ്ങളെയും ജാതികളെയുമാണ് ലക്ഷ്യംവെച്ചത്. കൊല്‍ക്കത്ത, മദ്രാസ് പ്രസിഡന്‍സികളില്‍ നടന്ന കീഴാള വിഭാഗങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ഇസ്‌ലാമിലേക്കുള്ള അവരുടെ മതപരിവര്‍ത്തനം എടുത്ത് കാണിക്കപ്പെടുന്നതായി കാണാം. എച്.എച് റിസ്ലിയുടെ സെന്‍സസ് പ്രോജക്റ്റും നരവംശശാസ്ത്ര പഠനങ്ങളും ആധുനിക ജാതി സ്വത്വങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലും വര്‍ഗീയതയുടെ ഉത്ഭവത്തിലും കാര്യമായ പങ്ക് വഹിച്ചു എന്ന് ദിര്‍ക്ക്‌സ് അഭിപ്രായപ്പെടുന്നുണ്ട്. പ്രാദേശിക ജനസംഖ്യ മുന്‍നിര്‍ത്തിയുള്ള ‘ഭൂരിപക്ഷ മുസ്‌ലിം’ ‘ന്യൂനപക്ഷ ഹിന്ദു’ മിത്തിനെ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതില്‍ റിസ്ലി ബംഗാള്‍ വിഭജനത്തിലൂടെ വിജയിച്ചിരുന്നു. ഹിന്ദു ദേശീയതയുടെയും മുസ്‌ലിം വിഘടനവാദത്തിന്റെയും വളര്‍ച്ചയില്‍ ബംഗാള്‍ വിഭജനം നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. റിസ്ലിയുടെ നരവംശശാസ്ത്ര പഠനങ്ങള്‍ കാരണം സാമുദായിക ദേശീയതയില്‍ നിന്ന് വര്‍ഗീയതയിലേക്കുള്ള മാറ്റത്തിന് അധികം താമസം വന്നില്ല എന്നും ദിര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്.

മലബാറില്‍ വില്ല്യം ലോഗനും എഫ്. ഫോവ്‌സെറ്റുമൊക്കെ സമാനമായ രീതിയില്‍ സെന്‍സസ് റിപ്പോര്‍ട്ടും കൊളോണിയല്‍ നരവംശശാസ്ത്രത്തിന്റെ പഠന സാമഗ്രികളും ഉപയോഗിച്ച് പഠനവും ഭരണവും നടത്തിയവരായിരുന്നു. അവരുടെ റിപ്പോര്‍ട്ടുകളില്‍ അടിമ ജാതികളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെ ഒരു ‘അസ്വസ്ഥജനകമായ’ പ്രവണതയായി വായിക്കുന്നത് കാണാന്‍ സാധിക്കും (മലബാര്‍ മാന്വല്‍). ‘മതഭ്രാന്ത്’ പോലെയുള്ള ആരോപണങ്ങള്‍ ഉപയോഗിക്കുന്നതും അടിമ ജാതികളില്‍ നിന്ന് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ മാപ്പിളമാരെയും ഭൂപ്രദേശത്തെയുമാണ് എന്നത് ചേര്‍ത്ത് വായിക്കണം. ആദ്യഘട്ടങ്ങളില്‍ അടിമ ജാതികളില്‍ നിന്ന് ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തുന്നത് സവര്‍ണ ജന്മിമാര്‍ക്ക് ഒരു സാമുദായിക പ്രശ്‌നമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വതന്ത്രരാവുകയും പുതിയ സാമൂഹിക സ്വത്വം കൈവരിക്കുക്കുകയും ചെയ്യുന്നതിലൂടെ തങ്ങള്‍ക്ക് നേരെയുണ്ടായേക്കാവുന്ന തിരിച്ചടിയെ കുറിച്ചുള്ള ബോധമാണ് മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നതില്‍ പ്രാധാന കാരണം. ചേറൂരില്‍ നടന്ന സായുധ പ്രതിരോധം അതിന്റെ ഒരു ഉദാഹരണമാണ്. മലബാറില്‍ സവര്‍ണ ജന്മിമാര്‍ക്കെതിരെ നടന്ന ചെറിയ സായുധ പ്രതിരോധങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അത് കൂടുതല്‍ ബോധ്യമാകും. മമ്പുറം തങ്ങളെ നാടുകടത്തപ്പെട്ട ഉടനെ നടന്ന പല സായുധ പ്രതിരോധങ്ങളും മതിപരിവര്‍ത്തനം നടത്തിയവരെ വിണ്ടും അടിമകളാക്കിയതിനെതിരെയോ അതിനു ശ്രമിച്ചതിനെതിരായോ ആയിരുന്നു. ഇവിടെ സവര്‍ണ ജന്മിമാരുടെ മതപരിവര്‍ത്തന ഭീതി ഇസ്‌ലാമിന്റെ സംഖ്യാപരമായ വളര്‍ച്ചയായിരുന്നില്ല; പകരം അടിമകളുടെ വിമോചനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ ആയിരുന്നു. മലബാര്‍ മാന്വലില്‍ വില്ല്യം ലോഗന്‍ പറയുന്നു: ‘അടിയാള വര്‍ഗത്തെ അവരുടെ മുന്‍കാല സാമൂഹ്യബന്ധത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ ഇസ്‌ലാം മതത്തിലേക്കുള്ള അവരുടെ കൂട്ടം കൂട്ടമായ മതപരിവര്‍ത്തനം വഹിച്ച പങ്ക് നിസ്സാരമല്ല. മതം മാറ്റം നടത്തുന്ന ചെറുമന്‍ സമൂഹ തലത്തില്‍ രായ്ക്കുരാമാനം അസ്പൃശ്യനല്ലാതാവുന്നു, അയാള്‍ മനുഷ്യനായി അംഗീകരിക്കപ്പെടുന്നു. മതം മാറിയ ആളെ ഭീഷണിപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്താല്‍, മുസ്‌ലിം സമുദായം ഒന്നടങ്കം അയാളുടെ രക്ഷയ്‌ക്കെത്തും. മുസ്‌ലിം സമുദായത്തിലെ മതാന്ധതയുടെ ഭവിഷത്തുകള്‍ ചുട്ടു നീറികൊണ്ടിരിക്കുന്ന ഒരു കാലത്ത് മതം മാറിയ തന്റെ അടിമയെ ഒരു രക്തസാക്ഷിയാകാന്‍ എത്ര പ്രബലനായ ജന്മിയും ധൈര്യപ്പെടുകയില്ല’. (Logan, 1951)

കൊളോണിയല്‍ സെന്‍സസ് ചര്‍ച്ചയാകുന്നത് വരെ ഇതര സമുദായങ്ങളുടെ ജനസംഖ്യാപരമായ വളര്‍ച്ച സവര്‍ണ ജന്മിമാര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല, എന്നുമാത്രമല്ല വിഭവങ്ങളുടെമേലുള്ള അധികാരത്തിനു സംഖ്യാപരമായ വളര്‍ച്ച അനുഗുണമായി കരുതിയിരുന്നുമില്ല. ലോഗന്‍ പറയുന്നു: ‘മാപ്പിളമാര്‍, ഹിന്ദുജനസംഖ്യയെ അപേക്ഷിച്ച്, ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ. ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന ഇസ്‌ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനമാണ് അവരുടെ ജനസംഖ്യ വര്‍ധനവിന് ഒരു കാരണം, സ്വഭാവിക പ്രക്രിയയേക്കള്‍. ഇത്തരം മതംമാറ്റം അനുവദനീയമായിരുന്നുവെന്നും കാണണം. മാത്രമല്ല അങ്ങനെ ചെയ്യണമെന്നു സാമൂതിരി രാജ അനുശാസിച്ചിട്ടുള്ള അനുഭവങ്ങളുമുണ്ട്.’ മതപരിവര്‍ത്തനത്തെയും ‘മതഭ്രാന്ത്’ എന്ന കൊളോണിയല്‍ നിര്‍മിതിയെയും ബന്ധപ്പെടുത്തി മാപ്പിളമാര്‍ തങ്ങളുടെ മതത്തിലേക്ക് ആളെ ചേര്‍ക്കാന്‍ ‘ഭ്രാന്താവേശം’ കാണിക്കുന്നവരാണെന്ന സ്വഭാവത്തിലുള്ള വായനകളാണ് ഒട്ടുമിക്ക കൊളോണിയല്‍ പഠനങ്ങളിലും കാണുന്നത്. അടിമ ജാതികളില്‍പ്പെട്ടവരുടെ മതപരിവര്‍ത്തനത്തിലെ അവരുടെ കര്‍തൃത്വം പൂര്‍ണമായും നിരാകരിക്കുന്ന സ്വഭാവത്തിലുള്ള വായനകളാണിവ.

malabar manuel 2കൊളോണിയല്‍ സെന്‍സസും നരവംശചരിത്ര പഠനങ്ങളും ഒരേ സമയം രണ്ട് തരത്തിലുള്ള അറിവിനെ ഉൽപാദിപ്പിച്ചു. ഒന്നാമതായി ഇന്ത്യയില്‍ വിശ്വാസപരമായും ആചാരപരമായും സാംസ്‌കാരികമായും വ്യത്യസ്ഥതകള്‍ പുലര്‍ത്തിപോന്ന ഗോത്ര ജാതി വിഭാഗങ്ങളെ ആര്യന്‍ വംശീയ സിദ്ധാന്തം മുന്നോട്ട് വെച്ച് ഹിന്ദുവെന്ന ഒരൊറ്റ സമുദായമായി/മതമായി പരിഗണിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ അല്ലാതെ മറ്റേതെങ്കിലും മതത്തില്‍ പെടുന്നവര്‍ എന്ന് പറയത്തവരെയൊക്കെ ഹിന്ദു എന്ന് കൊളോണിയല്‍ സെന്‍സസ് നിര്‍വചിച്ചു. കീഴാള ജാതികളിലുള്ളവരെ ഹിന്ദു എന്ന് പരിഗണിക്കുന്നതിനെതിരെ മേല്‍ജാതികളില്‍പ്പെട്ടവര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്നാണ് കൊളോണിയല്‍ സെന്‍സസ് അങ്ങനെയൊരു ഏകീകൃത സമുദായത്തെ നിര്‍മിച്ചതെന്നു ചേര്‍ത്തുവായിക്കണം. അവരെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന തദ്ദേശിയരെന്നു അടയാളപ്പെടുത്തി. അതിന്റെ മറുവശത്ത്  ‘വൈദേശിക സാംസ്‌കാരിക പാരമ്പര്യമുള്ള’ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം അപരനെയും നിര്‍മിച്ചു. പിന്നീട് ഈ മുസ്‌ലിം അപരനെ കേന്ദ്രീകരിച്ച് കൊണ്ടാണ് ഇന്ത്യയിലെ ദേശീയ ഭാവനകള്‍ വികസിക്കുന്നത്. ഇന്ത്യയിലെ ഹിന്ദു മതസാമൂഹിക നവീകരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം പോലും കൊളോണിയല്‍ പഠനങ്ങളുടെ പ്രതികരണമാണ്. ആധുനിക ദേശിയതക്കുള്ളില്‍ സമുദായ അംഗങ്ങളുടെ ‘സംഖ്യ’ സുപ്രധാനമാണെന്ന് ഹിന്ദു ദേശീയതയുടെ വക്താക്കള്‍ തിരിച്ചറിഞ്ഞതിലൂടെയാണ് ഉന്മൂലന സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെടുന്നത്. അങ്ങനെ ഉന്മൂലനം ചെയ്യപ്പെടേണ്ട അപര സമുദായങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഹിന്ദു ദേശിയത മുസ്‌ലിമിനെ അടയാളപ്പെടുത്തി.

 

ഹിന്ദുത്വ ദേശീയതാവാദവും മതപരിവര്‍ത്തന ഭീതിയും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപം കൊണ്ട ഹിന്ദു മതനവീകരണ പ്രസ്ഥാനങ്ങളും അവയുടെ സാമൂഹികമാറ്റം ഉള്‍കൊള്ളുന്ന ഉള്ളടക്കങ്ങളും പ്രധാനമായും വൈദേശിക ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചാരണങ്ങളെ തടയുന്നതിന് വേണ്ടിയായിരുന്നു. റാം മോഹന്‍ റോയിയുടെ ബ്രഹ്മസമാജം പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രധാനമായും ഹിന്ദു മതത്തെ നവീകരിക്കാന്‍ ശ്രമിച്ചത് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ തടയിടാനായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരെപോലുള്ള സംഘടിത മിഷനറി പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. കൊളോണിയല്‍ ആധുനികതയിലും മിഷനറി ആധുനികതയിലും സ്വധീനിച്ച് എല്ലാ ജാതിയില്‍പ്പെടുന്നവരും മതപരിവര്‍ത്തനം നടത്തുന്നതിനെ ഹിന്ദുയിസത്തിനു നേരെയുള്ള വെല്ലുവിളിയായി റാം മോഹന്‍ റോയിയില്‍ നിന്ന് വ്യത്യസ്തമായി ദയാനന്ദ സരസ്വതി മനസിലാക്കിയിരുന്നു. മറ്റു മതങ്ങള്‍ സ്വീകരിച്ചവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ‘ശുദ്ധി’യെന്ന സങ്കല്പം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉത്തരേന്ത്യയില്‍ മതപരിവര്‍ത്തനം നടത്തിയ കീഴാളരെ ‘ശുദ്ധി പ്രസ്ഥാനത്തിലൂടെ’ ഹിന്ദുയിസ്സത്തിലേക്ക് കൊണ്ടുവരാനുള്ള ആര്യ സമാജത്തിന്റെ ശ്രമങ്ങള്‍ സംഘടനക്കുള്ളിലെ മേല്‍ജാതികളുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹിന്ദു മഹാസഭയുടെ രൂപീകരണം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ക്കും പകരം മുഖ്യ അപരനായി ‘മുസ്‌ലിമിനെ’ പ്രതിഷ്ഠിച്ചു. 1909ലെ മോര്‍ലി-മിന്‍ടോ പരിഷ്‌ക്കരണം കീഴാള ജാതികളെ ഹിന്ദു സമുദായത്തിലേക്ക് ഉള്‍ചേര്‍ക്കാന്‍ സവര്‍ണ ഹിന്ദു ദേശീയതാവാദികളെ കൂടുതല്‍ നിര്‍ബന്ധിതരാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രത്യേക മുസ്‌ലിം പ്രാധിനിത്യം നേടിയതാണ് അതിന്റെ പ്രധാന കാരണം. യു.എന്‍ മുഖര്‍ജിയുടെ A Dying Race (1909), സ്വമി ശ്രദ്ദാനന്ദയുടെ Hindu Sanghathan: Saviour of the Dying Race (1924) എന്നീ ലഘുലേഖകള്‍ കീഴാള ജാതികളെ ഹിന്ദു മതത്തിലേക്ക് ഉള്‍ചേര്‍ക്കേണ്ടതിന്റെ അനിവാര്യതയും ‘മുസ്‌ലിം ഭീഷണിയെ’ ഓര്‍മ്മപ്പെടുത്തുന്നതുമായ ഒന്നായിരുന്നു. സാമുദായിക അടിസ്ഥാനത്തിലുള്ള കൊളോണിയല്‍ സെന്‍സസിനെ മുസ്‌ലിം ഭീതി പരത്തുന്ന താരതമ്യ പഠനത്തിനു ഹിന്ദു ദേശിയതാ വാദികള്‍ ഉപയോഗിച്ചു എന്ന് ചാരു ഗുപ്ത വിലയിരുത്തുന്നുണ്ട് (Gupta, 2004). അന്നത്തെ പ്രാദേശിക അച്ചടി മാധ്യമങ്ങള്‍ ഈ മിത്തിന് വ്യാപകമായി കുപ്രചാരണം നല്‍കി. ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളുടെ പ്രഥമ കാരണം ജനസംഖ്യഭീതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ആണെന്ന് ഹിന്ദു മഹാസഭയുടെ നേതാക്കള്‍ തന്നെ പറയുന്നുണ്ട്.

Mahatma_Munshi_Ram_or_Swami_Shraddhanand_Arya_Samaj
Swami Shraddhanand in early days

ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിം എന്ന ഭീകരനെ നിര്‍മിക്കുന്നതിലും നിര്‍ബന്ധിത മതപരിവര്‍ത്തന ഭീതി സൃഷ്ടിക്കുന്നതിലും 1921ലെ മലബാര്‍ കലാപത്തെ പറ്റിയുള്ള നിരവധി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദു മഹാസഭ വിജയിച്ചിരുന്നു. ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിച്ച അവാസ്തവ കെട്ടുകഥകളും ഗന്ധിയടക്കമുള്ളവരുടെ മാപ്പിള- മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും ഹിന്ദു മഹാസഭയുടെയും ആര്യ സമാജത്തിന്റെയും മുസ്‌ലിംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. 1923ല്‍ ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ മദന്‍ മോഹന്‍ മാളവ്യ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ മലബാറിലെ മാപ്പിളമാരെ അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചിരുന്നു (മളവ്യ രണ്ട് തവണ കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്നു). ദുര്‍ബലയായ ഹിന്ദു സ്ത്രീ- അക്രമിയായ മുസ്‌ലിം പുരുഷന്‍ എന്ന ദ്വന്ദ്വ നിര്‍മിതിയും അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം മുസ്‌ലിം ജനസംഖ്യഭീതി അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട്. ‘മുസ്‌ലിം മുല്ലമാര്‍ രഹസ്യയോഗംചേര്‍ന്ന് വലിയതോതില്‍ ഹിന്ദുക്കളെ (കീഴാള ജാതികളെ) മതപരിവര്‍ത്തനം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിനു വേണ്ടി അമ്പത് ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും’ അദ്ദേഹം ആ പ്രസംഗത്തില്‍ പറയുന്നുണ്ട്. ജനസംഖ്യയെ കുറിച്ച് തങ്ങള്‍ക്ക് ആകുലതയില്ലെന്നും മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ചു കൊണ്ടുവരരുതെന്നും ആവശ്യപ്പെട്ട ശ്രോതാക്കളോട് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ‘ഹിന്ദുയിസത്തില്‍ നിന്നും ഇത്രയധികം ആളുകളെ മതപരിവര്‍ത്തനം നടത്താന്‍ അനുവദിക്കുകയും ഹിന്ദുയിസത്തിലേക്ക് പുനര്‍ മതപരിവര്‍ത്തനം നടത്താന്‍ നമ്മള്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ ഭാവിയില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?.’

1924ല്‍ ശ്രദ്ദാനന്ദ എഴുതിയ ലേഖനത്തില്‍ മതപരിവര്‍ത്തന ഭീതി മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുന്നുണ്ട് (Jaffrelot, 2007). കീഴാള ജാതികളില്‍ നിന്നുള്ള മതപരിവര്‍ത്തനഭീതി അവതരിപ്പിക്കുന്നതോടൊപ്പം വിധവകളായ ഹിന്ദു സ്ത്രീകള്‍ പുനര്‍വിവാഹത്തിനു വേണ്ടി ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് ഹിന്ദുക്കള്‍ക്ക് ഉണ്ടാക്കാന്‍ സാധ്യതയുള്ള ‘പ്രത്യാഘാതത്തെ’ കൂടി അദ്ദേഹം സവര്‍ണ ഹിന്ദുക്കളെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഹിന്ദു ‘നവീകരണ പ്രസ്ഥാനങ്ങളുടെ’ വിധവാ പുനര്‍ വിവാഹത്തിന്റെയും വിവാഹപ്രായ പുനര്‍നിര്‍ണയത്തിന്റെയും പിന്നിലെ രാഷ്ട്രീയം അദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നത്; ഒന്നാമതായി മുസ്‌ലിങ്ങളുടെ സംഖ്യാപരമായ വളര്‍ച്ചയ്ക്ക് അവ കാരണമാകും. രണ്ട്, ആ വളര്‍ച്ച പശുവിനെ ഭക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇവിടെ കീഴാള മതപരിവര്‍ത്തനത്തിലൂടെയുണ്ടാകുന്ന മുസ്‌ലിം ജനസംഖ്യ വര്‍ദ്ധനവ് ഒരു പ്രശ്‌നമായി മനസിലാക്കാത്ത അല്ലെങ്കില്‍ ഹിന്ദു മതത്തിലേക്ക് ഉള്‍ചേര്‍ക്കാന്‍ സന്നദ്ധമല്ലാതിരുന്ന സവര്‍ണ ഹിന്ദുക്കളെ വൈകാരികമായി ഉണര്‍ത്താന്‍ വേണ്ടിയാണ് സവര്‍ണ വിധവകളുടെ മതപരിവര്‍ത്തനത്തെയും അതിലൂടെ പശുവിനെ ഭക്ഷിക്കുന്ന മുസ്‌ലിം ജനസംഖ്യയെയും അദ്ദേഹം ഓര്‍മപ്പെടുത്തുന്നത്. ശ്രദ്ധേയമായ കാര്യം പ്രസ്തുത ലേഖനത്തില്‍ ഹിന്ദു യുവാക്കളോട് വിധവകളെ വിവാഹം കഴിക്കാനും അതിലൂടെ ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സമാനമായ രീതിയില്‍ ഹിന്ദു വിധവകളെയും മുസ്‌ലിം പുരുഷന്മാരെയും ബന്ധപ്പെടുത്തി കൊണ്ടുള്ള നിരവധി ഹിന്ദി കവിതകളും ലേഖനങ്ങളും ഉത്തരേന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു (Gupta, 2004).

1911ലെ യു.പി പ്രവിശ്യ സെന്‍സസ് റിപ്പോര്‍ട്ടില്‍ ഹിന്ദു വിധവകളുടെയും മുസ്‌ലിം വിധവകളുടെയും കണക്കെടുത്ത് അതിനെ പ്രത്യുല്‍പാദനശേഷിയുമായും ജനസംഖ്യ വളര്‍ച്ചയുമായും ബന്ധപ്പെടുത്തിയുള്ള അനുമാനങ്ങള്‍ കാണാന്‍ സാധിക്കും. കൊളോണിയല്‍ സെന്‍സസിലെ ഈ അനുമാനങ്ങളാണ് ശ്രദ്ദാനന്ദയെ പോലുള്ള ഹിന്ദു ദേശീയ വാദികള്‍ മറ്റൊരു രീതിയില്‍ ഇസ്‌ലാം ഭീതി പരത്താന്‍ ഉപയോഗിച്ചത്. ഇങ്ങനെ മതപരിവര്‍ത്തനഭീതിയും അതിലൂടെ ഇസ്‌ലാം ഭീതിയും സവര്‍ണ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതിനു വ്യത്യസ്ത രീതിയിലുള്ള കുപ്രചരണങ്ങളും ആരോപണങ്ങളും വ്യത്യസ്ത കാലങ്ങളില്‍ ഹിന്ദു ദേശീയതാവാദികള്‍ നിര്‍മിച്ചെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ്സിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഹിന്ദു മഹാസഭ, വി.ഡി. സവര്‍ക്കര്‍ രംഗത്ത് വരുന്നതോടു കൂടി കൂടുതല്‍ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ വേറിട്ട് തെളിഞ്ഞു വന്നു. ന്യൂനപക്ഷളെ അക്രമത്തിലൂടെയോ ശുദ്ധി പ്രസ്ഥാനത്തിലൂടെയോ ഉന്മൂലനം നടത്തി ഹിന്ദു രാഷ്ട്രം നിര്‍മിക്കുക എന്ന സങ്കല്പം ‘ഹിന്ദുത്വം’ എന്ന പ്രത്യയശാസ്ത്രത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചു. അതാണ് പിന്നീട് എല്ലാ ഹിന്ദു ദേശിയതാവാദികളുടേയും അടിസ്ഥാന ദര്‍ശനമായി മാറിയത്. സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വ ആശയത്തിന്റെ പ്രായോഗികവല്‍ക്കരണമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരണത്തിലൂടെ ഹെഡ്‌ഗേവറും ഗോള്‍വാള്‍ക്കറും ലക്ഷ്യമാക്കിയത്.

Gandhi-AP-Lമതിപരിവര്‍ത്തനവുമായും മതപ്രബോധനവുമായും ബന്ധപ്പെട്ട് എം.കെ ഗാന്ധിയുടെ ഇടപാടുകളും ശ്രദ്ധേയമാണ്. ശ്രദ്ധാനന്ദയുടെ ശുദ്ധി സങ്കല്‍പത്തെ ഗാന്ധി നിരാകരിക്കുന്നുണ്ട്. ശുദ്ധി സങ്കല്‍പ്പം യഥാര്‍ത്ഥത്തില്‍ കീഴാള ജാതികളെ ഹിന്ദുയിസത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുകയാണെന്നും യദാര്‍ത്ഥ ഹിന്ദു ആവണമെങ്കില്‍ അവര്‍ പരിവര്‍ത്തനത്തിനു (ശുദ്ധി) വിധേയമാകണമെന്ന വാദത്തെയും അദ്ദേഹം നിരാകരിക്കുന്നുണ്ട്. കീഴാളരെ അപൂര്‍ണ ഹിന്ദുവെന്നു കരുതുന്ന ശുദ്ധി സങ്കല്‍പ്പത്തെ തിരസ്‌കരിച്ച് ‘ഹരിജനോദ്ധാരണം’ (Harijan upliftment) എന്ന സങ്കല്‍പ്പത്തെ അവതരിപ്പിക്കുകയായിരുന്നു. ഗാന്ധിയുടെ ‘ഹരിജനോദ്ധാരണത്തിന്റെ’ ഒരു കാരണം കീഴാളര്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയുക എന്നതായിരുന്നു. മിഷനറി പ്രവത്തനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നുമാത്രമല്ല തനിക്ക് നിയമനിര്‍മാണത്തിനുള്ള അധികാരം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ‘ഹരിജനില്‍’ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നുണ്ട് (Roberts, 2016). ഹിന്ദു മതത്തിന്റെ ‘തകര്‍ച്ചയെ’ നേരിടാന്‍ ഹിന്ദു ദേശിയതാവാദികള്‍ മതപരിവര്‍ത്തനത്തിന്റെ സാധ്യത ഹിന്ദു മതത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടക്കത്തില്‍ നടത്തിയതെങ്കില്‍ മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങളാണ് ഗാന്ധി നടത്തിയത്. ഹിന്ദുയിസ്സത്തില്‍ നിന്ന് കൃസ്ത്യാനിറ്റിയിലേക്കും ഇസ്‌ലാമിലേക്കുമുള്ള മതപരിവര്‍ത്തനം ഇന്ത്യന്‍ ദേശീയതയോടുള്ള വെല്ലുവിളിയായും സാമൂഹികരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു തിന്മയായും ഗാന്ധി പ്രചരിപ്പിച്ചു. പില്‍ക്കാലത്ത് ഗാന്ധിയുടെ ഈ വാദങ്ങള്‍ ഹിന്ദു ദേശീയതാവാദികളും ഭരണകൂട സ്ഥാപനങ്ങളും മതപരിവര്‍ത്തന നിരോധനം നടപ്പിലാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഉപയോഗിച്ചു. ഗാന്ധിയുടെ വാദങ്ങള്‍ കൊളോണിയാനന്തര ഇന്ത്യയിലെ ‘മതേതര പൊതുബോധ’ നിര്‍മിതിയെയും സ്വധീനിച്ചു.

 

കൊളോണിയാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍

പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ മതപരിവര്‍ത്തനത്തെ സവര്‍ണ അധീശത്വത്തെ വെല്ലുവിളിക്കാനുള്ള ഉപാധിയായി കീഴാള വിഭാഗങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി കാണാന്‍ സാധിക്കും. ഇന്ത്യയിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എന്ന് അറിയപ്പെടുന്ന പലതിലും മതപരിവര്‍ത്തനം നിര്‍ണായകമായ പങ്ക് വഹിച്ചതായി കാണാം. 1930 കളില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈഴവര്‍ നടത്തിയ സംവാദങ്ങളാണ് കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രധാന കാരണം. കൊളോണിയാനന്തര ഇന്ത്യയില്‍ ഹിന്ദു ദേശീയതാ വാദികളുടെ പ്രധാനപ്പെട്ട ഒരു ആവശ്യം മതപരിവര്‍ത്തനം നിരോധിക്കണമെന്നതായിരുന്നു. അതിന് അവര്‍ ഉന്നയിച്ച പ്രധാന വാദം മതപരിവര്‍ത്തനം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു തുടക്കത്തില്‍ നിരന്തരമായി വെട്ടയാടപ്പെട്ടത്. കോട്ട, ബിക്കനേര്‍, ജോദ്പൂര്‍, പാറ്റ്‌ന, ഉദയ്പൂര്‍ തുടങ്ങിയ പല നാട്ടു രാജ്യങ്ങളിലും കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ മതപരിവര്‍ത്തന നിയന്ത്രണ നിയമങ്ങള്‍ നിലനിന്നിരുന്നു (Jenkins, 2008). കോളണിയലാനന്തര കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ തന്നെ നിയന്ത്രണം നിരോധനം എന്ന ആവശ്യമായി മാറി.

conversion committeeമധ്യപ്രദേശില്‍ ആദിവാസികള്‍ക്കിടയിലെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ തടയണമെന്ന ഹിന്ദു ദേശീയതാ വാദികളുടെ ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ 1956ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എം.ബി. നിയോഗി കമ്മിറ്റി സമര്‍പ്പിച്ച Report of the Christian Missionary Activities Enquiry Committee of 1956 ആണ് പിന്നീട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന/ നിയന്ത്രണ ബില്ലുകളുടെ കരടുരേഖയായി മാറിയത്. പിന്നീട് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കോടതി വിധികളിലും മതേതര സ്ഥാപനങ്ങളുടെ വ്യവഹാരങ്ങളിലും നിയോഗി കമ്മിറ്റി റിപ്പോര്‍ട്ട് സൂചകമായി മാറി. മധ്യപ്രദേശ് (1968), ഒറീസ്സ (1967), ഛത്തീസ്ഗഡ്(1968), അരുണാചല്‍ (1978), ചത്തീസ്ഗഡ്(1968) തമിഴ്നാട്(2002), ഗുജറാത്ത്(2003) എന്നീ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന ബില്ലുകള്‍ നടപ്പിലാക്കി. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ബില്ലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ബി.ജെ.പി യുടെയും മറ്റു ഹിന്ദുത്വ രാഷ്ട്രീയ കക്ഷികളുടെയും ഇലക്ഷന്‍ അജണ്ടകളിലെ പ്രധാനപ്പെട്ട ഒരിനമാണ് ദേശീയ തലത്തിലുള്ള മതപരിവര്‍ത്തന നിരോധനം. ഒരു വ്യക്തിയുടെ/കൂട്ടത്തിന്റെ മതം തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യത്തെയും മതം പ്രചരിപ്പിക്കാനുള്ള സ്വതന്ത്ര്യത്തെയും നിരോധിക്കുന്ന അല്ലെങ്കില്‍ നിയന്ത്രിക്കുന്ന ബില്ലുകളെല്ലാം അറിയപ്പെടുന്നത് Freedom of Religion Bill/Act എന്നാണെന്നത് ഒരു വൈരുദ്ധ്യമാണ്. അഥവാ മത സ്വതന്ത്ര്യം എന്ന് പറയുന്നത് സാങ്കല്പിക ഭൂരിപക്ഷ മതത്തിന്റെ നിലനില്‍പ്പാണ്.

മതപരിവര്‍ത്തനത്തിനെതിരെ വന്ന ബില്ലുകളൊന്നും മതപരിവര്‍ത്തനത്തെ നേരിട്ട് നിരോധിക്കുന്നില്ല. എന്നാല്‍ ഒരു വ്യക്തിയുടെ മതപരിവര്‍ത്തനം ‘ന്യായമാണോ’ എന്ന വ്യാഖ്യാനം വ്യക്തിയല്ല പകരം സ്റ്റേറ്റ് നിര്‍ണയിക്കും. മതപരിവര്‍ത്തനം അസാധുവാക്കപ്പെടാന്‍ മൂന്ന് കാരണങ്ങള്‍ പറയുന്നുണ്ട്; നിര്‍ബന്ധിതം (Force), പ്രലോഭനം (allurement), വഞ്ചന (fraud). ഈ മൂന്ന് കാരണങ്ങളെ ഏത് രീതിയിലും വ്യാഖ്യാനിക്കാം എന്നതാണ് വാസ്തവം. ഒരു വ്യക്തിയുടെ മതപരിവര്‍ത്തനം തിയോളജിക്കല്‍ അഥവാ ദൈവീകമായ വെളിപാട് അല്ലെങ്കില്‍ ബോധ്യപ്പെടലായിരിക്കണമെന്നും അത് സ്റ്റേറ്റിനു ബോധ്യപ്പെടുകയും വേണം. വ്യക്തികളുടെ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളില്‍ തിയോളജി പരിഗണിക്കുന്ന ഇടം മതപരിവര്‍ത്തനം മാത്രമാണെന്ന് നതാനിയല്‍ റോബര്‍ട്ട്‌സ് വിലയിരുത്തുന്നുണ്ട്. അഥവാ ഒരു വ്യക്തി രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ മതപരിവര്‍ത്തനം നടത്താന്‍ തീരുമാനിച്ചാല്‍ അത് അസാധുവും നിയമവിരുദ്ധവുമാണെന്നാണ് ഈ ബില്ലുകള്‍ പറയുന്നത്. മതപരിവര്‍ത്തനത്തിനു ബാഹ്യമായ ഇടപാടുകളോ പ്രേരണകളോ തന്ത്രങ്ങളോ ഉണ്ടായിട്ടില്ലെന്നും മനസാക്ഷിയുടെ ബോധ്യപ്പെടല്‍ മൂലമാണെന്നും അയാള്‍ സ്റ്റേറ്റിനെ ബോധ്യപ്പെടുത്തണം. അഥവാ സംഘടിതമായ മതപരിവര്‍ത്തനങ്ങള്‍ അസാധ്യമാണ്. മത പ്രചാരണം നിയമംമൂലം സാധ്യമാണ് എന്നാല്‍ മറ്റൊരാളെ മതപരിവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധവും.

ഇന്ത്യന്‍ മുസ്‌ലിങ്ങള്ക്കിടയില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ പോലുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കുറവായതുകൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ നേരിട്ടത് പോലുള്ള ആക്രമണങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് നേരിടേണ്ടി വന്നില്ല. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ സാക്കിര്‍ നായിക്, എം.എം. അക്ബര്‍ തുടങ്ങിയവര്‍ നേരിടുന്ന വേട്ടയാടലുകള്‍ ഹിന്ദു ദേശീയത ഉൽപാദിപ്പിക്കുന്ന മതപരിവര്‍ത്തന ഭീതിയുടെ ഫലം തന്നെയാണ്. കൊളോണിയലാനന്തര ഇന്ത്യയില്‍ പല സന്ദര്‍ഭങ്ങളില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട സംവാദങ്ങളും വിവാദങ്ങളും രൂപപ്പെട്ടിട്ടുണ്ടെകിലും ഇസ്‌ലാമുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചകള്‍ നടക്കുന്നത് പ്രധാനമായും 1980കള്‍ മുതലാണ്. 1981ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം എന്ന ഗ്രാമത്തിലെ 180ഓളം ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ച വാര്‍ത്ത പുറത്ത് വന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. പ്രധാനമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ അന്ന് മീനാക്ഷിപുരം സന്ദര്‍ശിച്ചുവെന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ദലിതുകള്‍ മതപരിവര്‍ത്തനത്തെ ഒരു രാഷ്ട്രീയ സാധ്യതയായി മനസ്സിലാക്കി എന്ന് വേണം കരുതാന്‍. പിന്നീട് തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും സമാന രീതിയില്‍ ദലിതുകള്‍ പല സമയങ്ങളില്‍ മതപരിവര്‍ത്തനം നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നു. സവര്‍ണ ഹിന്ദുക്കളുടെ പീഡനത്തെയും ഭരണകൂട അവഗണനയെയും ചെറുക്കാന്‍ മതപരിവര്‍ത്തന ഭീഷണിയെ ദളിതുകള്‍ ഉപയോഗിച്ചു. മീനാക്ഷിപുരത്ത് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിതുകളുടെ കൂട്ടത്തില്‍ ഒരു തവണ ക്രിസ്ത്യാനിറ്റിയിലേക്ക് മതപരിവര്‍ത്തനം നടത്തിയവരും ഉണ്ടായിരുന്നു എന്ന് ഡിക്കി കൂഇമാന്‍ (Kooiman,1989 ) പറയുന്നുണ്ട്.

islmophobiaമീനാക്ഷിപുരം സംഭവത്തിനു ശേഷം ഹിന്ദുത്വ ദേശീയവാദികള്‍ സജീവമായ മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ ദക്ഷിണേന്ത്യയില്‍ നടപ്പിലാക്കാന്‍ തുടങ്ങി. പ്രധാനമായും അവര്‍ ടാര്‍ഗറ്റ് ചെയ്തത് പശ്ചിമേഷ്യയിലേക്കുള്ള മുസ്‌ലിം പ്രവാസത്തെയാണ്. അതുവരെ മതപരിവര്‍ത്തന വിരുദ്ധ കുപ്രചരണങ്ങള്‍ പാകിസ്ഥാനെ കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നതെങ്കില്‍ പിന്നീട് സഊദി അടക്കമുള്ള മുസ്‌ലിം രാജ്യങ്ങളെ കേന്ദ്രീകരിച്ചായി. ഇന്ത്യയെ ഇസ്‌ലാമികവല്‍ക്കരിക്കാന്‍ ‘പെട്രോള്‍ മണി’ പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകുന്നു എന്ന രീതിയില്‍ വ്യാപകമായ പ്രചാരണം അവര്‍ അഴിച്ചുവിട്ടു. ലൗവ് ജിഹാദ് പോലെയുള്ള ആരോപണങ്ങളും അതിന്റെ തുടര്‍ച്ചയാണ്.
ഒരു വ്യക്തിയുടെ/കൂട്ടത്തിന്റെ മതംമാറ്റ സ്വതന്ത്ര്യത്തിനെതിരെയുള്ള ഹിന്ദു ദേശീയവാദികളുടേയും ഭരണകൂട സംവിധാനങ്ങളുടെയും ഇടപെടലുകളോട് മതേതര ബുദ്ധിജീവികള്‍ മൗനം അവലംബിക്കുകയോ ചേര്‍ന്ന് പോവുകയോ ചെയ്യുകയാണെന്ന് നതാനിയല്‍ റോബര്‍ട്ട്‌സ് വിമര്‍ശിക്കുന്നുണ്ട്. ഒന്നാമതായി മതപരിവര്‍ത്തനത്തെ അവര്‍ ഒരു പുരോഗമന പ്രവര്‍ത്തനമായി പരിഗണിക്കുന്നില്ല എന്നതാണ്. രണ്ടാമാതായി മതപരിവര്‍ത്തനം സമൂഹിക ക്രമം തകര്‍ക്കുമെന്നും ദേശിയ സുരക്ഷക്ക് ഭീഷണിയാവുമെന്ന ഹിന്ദു ദേശീയതാ വാദികളുടെ വാദങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. കൊളോണിയലിസ്റ്റുകളുടെയും ഹിന്ദു ദേശീയ വാദികളുടേയും പല ലിബറല്‍ മതേതരവാദികളുടേയും ഇടപാടുകള്‍ മതപരിവര്‍ത്തന ഭീതിയും അതിലൂടെ ന്യൂനപക്ഷ-ഇസ്‌ലാം ഭീതിയും നിര്‍മിച്ചു കൊണ്ടേയിരിക്കുകയാണ്.

 

Reference:-
Charu Gupta, ‘Censuses, Communalism, Gender and Identtiy: A Historical Perspective’,
Economic and Political Weekly, Vol. 39, No. 39 (Sep. 25 – Oct. 1, 2004), pp. 4302-4304.
Christophe Jaffrelot, Hindu Nationalism: A Reader (New Delhi: Permanent Black, 2011)
George Mathew, ‘Politicisation of Religion: Conversions to Islam in Tamil Nadu’, Economic
and Political Weekly, Vol. 17, No. 26 (Jun. 26, 1982), pp. 1068-1072
Dick Kooiman, Conversion and Social Equaltiy in India: The London Missionary Socitey in
South Travancore in the 19th Century (New Delhi: Manohar, 1989)
Laura Dudley Jenkins, ‘Legal Limits on Religious Conversion in India’, Law and Contemporary
Problems, Vol. 71, No. 2, Galanter-Influenced Scholars (Spring, 2008), pp. 109-127.
Nathaniel Roberts, To Be Cared For: The Power of Conversion and Foreignness of Belonging in an Indian Slum (New Delhi: Navayana, 2016)
Nicholas B. Dirks, Caste of Mind: Colonialism and the Making of Modern India (Delhi;
Permanent Black, 2003)
Richard M. Eaton, The Rise of Islam and the Bengal Frontier, 1204 1760 (Berkeley: Universtiy
of California Press, 1993).
T.M. Yesudasan, Baliyadukalude Vamshavali: Separate Adminitsration Movementinte
Vamshavum Avirbhavavum (Thiruvananthapuram: Prabath Book House, 2010).
William Logan, Malabar Manual, Vol. I (Madras: Government Press, 1887, Reprint; 1951).

(സോളിഡാരിറ്റി പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന് )

ഇ എസ് എം അസ്‌ലം