Campus Alive

ദലിതരുടെ മതംമാറ്റം തടയാനാണ്​ സംഘ്​പരിവാർ അംബേദ്​കറെ ആഘോഷിക്കുന്നത്​

തമിഴ്​നാട്ടിലെ മീനാക്ഷിപുരത്ത്​ 1981ൽ നടന്ന കൂട്ടമതംമാറ്റത്തെ കുറിച്ചാണ്​ എം.എസ്​ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തി​ക്കൊണ്ടിരിക്കുന്നത്​. ഇന്ന്​ ഇന്ത്യയിൽ സാംസ്കാരികമായും മതപരമായും രാഷ്​ട്രീയമായും വിവാദപരമായ ഒന്നാണ്​ മതംമാറ്റം. കേരളത്തിലെ അഖില എന്ന ഹാദിയയുടെ മതംമാറ്റം ദേശീയതലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ്​. ഹിന്ദുത്വതീവ്രവാദികളാണ്​ മതംമാറ്റത്തെ എപ്പോഴും എതിർത്തുകൊണ്ടിരുന്നത്​. യഥാർഥത്തിൽ മതംമാറ്റം ഒരോ സമുദായത്തിന്റെയും അവകാശമാണ്​. ഏത്​ മതത്തിൽ വിശ്വസിക്കണമെന്നതും ഏത്​ ദൈവത്തെ പൂജിക്കണമെന്നതും ഏത്​ വിധത്തിൽ വഴിപാട്​ നടത്തണമെന്നതും ഒരോ വ്യക്​തിയുടെയും സ്വാതന്ത്രമാണ്​. എന്നാൽ മതംമാറ്റത്തെ ഇവിടെ ഹിന്ദുത്വ ഫാഷിസ്​റ്റുകൾ എതിർത്തുകൊണ്ടിരിക്കയാണ്​. അത്​ സ്​ഥാപിക്കുന്നതിന്​ വേണ്ടിയാണ്​ ഘർവാപ്പസി എന്ന കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നത്​. ഇത്​ അപകടരമായ ഫാഷിസ്​റ്റ്​ പ്രവണതയാണ്​. ഇതിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തുവരേണ്ടതുണ്ട്​.
ആർ.എസ്​.എസ്​ മതംമാറ്റം തടയുന്നതിന്​ മുഴുസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കയാണ്​. അവർ അംബേദ്കർ ജയന്തി ആചരിക്കുന്നതും അദ്ദേഹത്തെ കൊണ്ടാടുന്നതും യഥാർഥത്തിൽ ദലിതരുടെ മതപരിവർത്തനം തടയുന്നതിന്​ വേണ്ടിയാണ്​. ഞാൻ ഹിന്ദുവായി പിറന്നാലും ഹിന്ദുവായി മരിക്കില്ലെന്ന്​ വിപ്ലവകാരിയായ അംബേദ്​കർ 1932ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രതിഞജ ഉൾകൊണ്ട്​ 22വർഷങ്ങൾക്കിടയിൽ ലക്ഷക്കണക്കിനാളുകളാണ്​ മതംമാറ്റം നടത്തിയത്​. ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടമതംമാറ്റം നടന്നത്​ അബേദ്​കറുടെ കാലത്തായിരുന്നു. 1956ൽ ഒക്ടോബർ 16ന്​ ഒരൊറ്റ നേതാവിന്​ കീഴിൽ ഒരേസമയം പത്തു ലക്ഷമാളുകൾ ബുദ്ധമതം സ്വീകരിച്ചു​. ഹിന്ദുമതത്തിന്റെ തലയിൽ വീണ ചമ്മട്ടിയടിയായിരുന്നു അത്​. അംബേദ്​കർ ജയന്തി ആഘോഷിക്കുന്ന സംഘ്​പരിവാർ ആലോചിക്കേണ്ടത്​ എന്തുകൊണ്ടാണ്​ ഇത്രയധികംപേരെ അദ്ദേഹം മതംമാറ്റിയത്​ എന്നാണ്​. ഇസ്​ലാമിലേക്കും ക്രിസ്​തുമതത്തിലേക്കുമുള്ള മാറ്റങ്ങൾ പണത്തിന്​ വേണ്ടിയാണെന്ന്​ പ്രചരിപ്പിക്കുന്നവർ ഇത്രയധികംപേർ ബുദ്ധമതത്തിലേക്ക്​ പോയത്​ എന്തിന്​വേണ്ടിയായിരുന്നു എന്ന്​ പറയണം. ഹിന്ദുത്വ ശക്​തികൾ അവരുടെ പിഴവുകൾ ഒരിക്കലും തിരുത്തുകയില്ല എന്നതിനാലാണ്​ ഇൗ കാര്യങ്ങൾ സംഭവിച്ചത്​.

അംബേദ്​കർക്ക്​ ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കൂട്ട മതംമാറ്റം മീനാക്ഷിപുരത്തായിരുന്നു. ഇൗ മതംമാറ്റം ഹിന്ദുത്വ ശക്​തികളെ ആശങ്കാകുലരാക്കി. 350ഒാളം ദലിതുകൾ ഇസ്​ലാമിലേക്ക്​ മാറിയതറിഞ്ഞ്​ വാജ്​പേയ്​ അടക്കമുള്ള ബി.ജെ.പി, ആർ.എസ്​.എസ്​ നേതാക്കൾ അവിടെയെത്തി. ആര്യ സമാജം, ആർ.എസ്​.എസ്​, ഹിന്ദുമുന്നണി, വിശ്വഹിന്ദു പരിഷത്ത്​ എന്നിങ്ങനെയുള്ളവരെല്ലാം അവിടെയെത്തി. ബുദ്ധമതത്തിലേക്ക്​ മാറുന്നത്​ അവർക്ക്​ വലിയ പ്രശ്​നമായിരുന്നില്ല. മറിച്ച്​ ഇസ്​ലാമിലേക്ക്​ മാറിയതാണ്​ അവർക്ക്​ വലിയ പ്രശ്നമായി മാറിയത്​. രണ്ട്​ തലങ്ങളിലാണ്​ മതംമാറ്റം നടക്കുന്നത്​. ഒന്ന്​ സാംസ്​കാരികമായ മതംമാറ്റം, മറ്റൊന്ന്​ രാഷ്ട്രീയമായ മതംമാറ്റം. ഇസ്​ലാമിലേക്കുള്ള മതംമാറ്റം പലപ്പോഴും ആത്​മീയയപരവും ആചാരപരവുമാണ്​. എന്നാൽ അംബേദ്​കറുടെ നേതൃത്വത്തിൽ നടന്നതും മീനാക്ഷിപുരത്ത്​ നടന്നതും രാഷ്ട്രീയപരമായ മതംമാറ്റമായിരുന്നു. അത്​ ജാതിവ്യവസ്​ഥയോടുള്ള പ്രതിഷേധത്തിന്റെ, അല്ലെങ്കിൽ എതിർപ്പ്​ പ്രകടിപ്പിക്കുന്നതിനുള്ള മാറ്റങ്ങളായിരുന്നു. ഇന്ത്യയിൽ കൂടുതലും നടക്കുന്നത്​ ഇത്തരത്തിലുള്ള മതപരിവർത്തനമാണ്​. കേരളത്തിലുള്ള മുസ്​ലിങ്ങളും ക്രിസ്ത്യാനികളും ആത്​മീയത തേടിയല്ല കൂടുതലും ആ മതങ്ങളിലെത്തിയത്​, മറിച്ച്​ രാഷ്​ട്രീയമായ മതംമാറ്റങ്ങളിലൂടെയാണ്​. കേരളത്തിൽ നമ്പൂതിരിമാരുടെ നേതൃത്വത്തിലുള്ള സവർണാധിപത്യം നിലനിന്ന കാലത്ത്​ ജാതിപീഡനങ്ങൾ നിലനിന്നിരുന്നു. ​കണ്ടുകൂടായ്​​മ, തൊട്ടുകൂടായ്​മ, തീണ്ടിക്കൂടായ്​മ എന്നീ മൂന്ന്​വിധത്തിലുള്ള പീഡനങ്ങളാണ്​ ജാതിവ്യവസ്​ഥയുടെ പേരിൽ ഇവിടെയുണ്ടായിരുന്നത്​. കീഴ്​ജാതികൾ ഇത്രയിത്ര ദൂരത്ത്​ നിൽകണമെന്ന തീണ്ടിക്കൂടായ്​മയാണ്​ ഇതിലെ ഏറ്റവും ഭീകരമായ വ്യവസ്​ഥ. ഇന്ന്​ ഇൗഴവർക്ക്​ കേരളത്തിൽ നല്ല സാഹചര്യം വന്നു​ചേർന്നിട്ടുണ്ട്​. എന്നാൽ നൂറുവർഷം മുമ്പ്​ അവരും തൊട്ടുകൂടായ്​മ വ്യവസ്​ഥയുടെ അകത്തായിരുന്നു എന്ന്​ മനസിലാക്കേണ്ടതുണ്ട്​. ചരിത്രത്തിൽ തിയ്യരും ചണ്ഡാളരുമായിരുന്നു ഏറ്റവും മോശമായ അവസ്​ഥയിൽ കഴിഞ്ഞിരുന്നത്​. ഇൗഴവ സമുദായത്തിൽ വിവാഹം നടന്നാൽ ആദ്യമായി വധുവിനെ സവർണർക്ക്​ കാഴ്​ചവെക്കണമെന്ന ഭീകരമായ വ്യവസ്​ഥപോലും കേരളത്തിൽ നിലനിന്നിരുന്നു. ഇത്തരം കൊടുംപീഡനങ്ങളെ എതിർത്താണ്​ അയ്യങ്കാളിയും നാരായണഗുരുവും രംഗപ്രവേശനം ചെയ്യുന്നത്​. അവരെല്ലാം മതംമാറ്റത്തെ അംഗീകരിച്ചിരുന്നു എന്നതാണ്​ ച​രിത്രം. എന്നാൽ അവരൊരിക്കലും മതംമാറ്റം നടത്തിയിട്ടില്ല എന്നതും കാണാവുന്നതാണ്​.

ആത്​മീയത തേടിയുള്ള മതംമാറ്റവും രാഷ്​ട്രീയമായ മതംമാറ്റവും ഇന്ത്യയിൽ എല്ലായിടത്തും നടന്നിട്ടുണ്ട്​. ഇസ്​ലാമിലേക്കുള്ള മാറ്റങ്ങൾ ഏതെങ്കിലും മതത്തിനെതിരായ മാറ്റങ്ങളല്ല. ജാതിയില്ല എന്നതാണ്​ ഇസ്​ലാമിലേക്ക്​ പരിവർത്തനം കൂടുതലാകാനുള്ള കാരണം. എന്നാൽ ക്രിസ്തുമതത്തിലടക്കം ഇതല്ല അവസ്​ഥ. ഇൗഴവ ക്രൈസ്​തവർ, പറയ ക്രൈസ്​തവർ, പുലയ ക്രൈസ്​തവർ എന്നിങ്ങനെ ജാതിയും മതവും ചേർന്നുനിൽകുകയാണ്​. ബുദ്ധമതത്തിലേക്ക്​ മാറിയാലും ‘പട്ടികജാതി ബുദ്ധൻ’ എന്ന പേരിൽ ജാതി നിലനിൽകുന്നു. എന്നാൽ മുസ്​ലിമാകുന്നതോടെ ജാതി അവനെ പിന്തുടരുന്നില്ല. വരുംതലമുറകളിൽ അവന്​ തീർത്തും ജാതി മുക്​തമാകാനും സാധിക്കും. പട്ടികജാതി മുസ്​ലിം എന്നൊരു ഗണമില്ലാത്തതിനാലാണിത്​. ഇൗയൊരു ഗുണം ഇസ്​ലാമിനുള്ളതാണ്​ ദലിതരിൽ ചിലരെ ഇസ്​ലാം ആകർഷിക്കാനുള്ള കാരണം. കേരളത്തിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലുമുള്ള മുസ്​ലിങ്ങൾ അറേബ്യയിൽ നിന്ന്​ വന്ന്​ ഇവിടെ കുടിയേറിയവരല്ല. മറിച്ച്​ ഇവിടെയുള്ളവർ ഇസ്​ലാം സ്വീകരിക്കുകയായിരുന്നു.

AppleMark

ഹിന്ദു ജനസംഖ്യ നാൾക്കുനാൾ കൂറഞ്ഞുവരികയാണെന്ന്​ പറഞ്ഞാണ്​ ഫാഷിസ്​റ്റ്​ ശക്​തികൾ പ്രചാരണം നടത്തുന്നത്​. പിന്നാക്കജാതികളോടും ദലിതരോടും മതംമാറരുതെന്ന്​ ഇവർ കൽപിച്ചുകൊണ്ടിരിക്കയാണ്​. മതംമാറ്റം തടയുന്നതിനാണ്​ മുസ്​ലിം, ക്രിസ്​ത്യൻ വിഭാഗങ്ങൾക്കെതിരെ വെറുപ്പ്​ പ്രചരിപ്പിക്കുന്നത്​. ഇത്തരത്തിൽ അവർ പടച്ചെടുത്ത ഒരു സിദ്ധാന്തമാണ്​ ‘ലൗ ജിഹാദ്​’ എന്നത്​. വ്യത്യസ്​ത മതങ്ങളിൽ പെട്ടവർ പരസ്​പരം സ്​നേഹിച്ച്​ വിവാഹം ചെയ്യുന്നതിനെ മുസ്​ലിങ്ങൾക്കെതിരെ മറ്റുള്ളവരെ അണിനിരത്തുന്നതിന്​ ഉപയോഗിക്കുകയാണ്​. മുസ്​ലിങ്ങൾക്കെതിരെയും ക്രിസ്​ത്യാനികൾക്കെതിരെയും വെറുപ്പ്​ ഉൽപാദിപ്പിക്കുക എന്നത്​ രാഷ്​ട്രീയ തന്ത്രമാണ്​. ഇതിനെതിരെ ജനാധിപത്യശക്​തികൾ ഒന്നിച്ചു നിൽകേണ്ടതുണ്ട്​. ഇത്​ തിരിച്ചറിഞ്ഞാണ്​ വിടുതലൈ ചിരുതൈകൾ കച്ചി(വി.സി.കെ) തമിഴ്​നാട്ടിൽ മുസ്​ലിങ്ങളോടും ക്രിസ്​ത്യാനികളോടും ഇടതുപഷത്തോടും ചേർന്ന്​ പ്രവർത്തിക്കുന്നത്​. ദേശീയ തലത്തിൽ രാംവിലാസ്​ പാസ്വാനെപ്പോലുള്ള നേതാക്കൾ ബി.ജെ.പി പാളയത്തിലെത്തിയത്​ കാരണം പല ദലിതരും അവർക്ക്​ പിന്നാലെ പോകുന്നുണ്ട്​. എന്നാൽ വി.സി.കെ അംബേദ്​കറുടെ പാത പിന്തുടരുന്ന പാർട്ടിയാണ്​. 1999വരെ ഞങ്ങൾ രാഷ്​ട്രീയത്തിൽ ഇടപെടാതെ സാമുദായിക കക്ഷിയായാണ്​ പ്രവർത്തിച്ചിരുന്നത്​. അക്കാലത്ത്​ ബാബരി മസ്​ജിദ്​ തകർത്ത സംഭവത്തിനെതിരെ ദലിതരെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിൽ എത്തിയശേഷവും ഞങ്ങളാരോടും ഇക്കാര്യങ്ങളിൽ സമവായത്തിന്​ പോയിട്ടില്ല. മുസ്​ലിം നേതൃത്വത്തിൽ തുടങ്ങുന്ന പാർട്ടികളെ മുസ്​ലിം പാർട്ടിയായും ദലിതരുടെ നേതൃത്വത്തിലുള്ള പാർട്ടികളെ ദലിത്​ പാർട്ടിയായും മുദ്രകുത്തുന്ന അവസ്​ഥയുണ്ട്​. എന്നാൽ മറ്റുള്ളവർ ആരംഭിക്കുന്ന പാർട്ടികൾ പൊതുപാർട്ടികളായും പറയും. ഇത്​ ഒറ്റപ്പെടുത്താനുള്ള തന്ത്രമാണ്​. ഇത്​ തിരിച്ചറിഞ്ഞ്​ മുഖ്യധാരയിലേക്ക്​ പ്രവേശിക്കാൻ നമുക്ക്​ കഴിയേണ്ടതുണ്ട്​. വി.സി​.കെ എല്ലാ പൊതു പ്രശ്​നങ്ങളിലും ഇടപെടുന്ന പാർട്ടിയാണ്​. എല്ലാ മുസ്​ലിം പാർട്ടികളും ഇത്തരത്തിൽ പൊതുപ്രശ്​നങ്ങളിൽ ഇടപെടണമെന്നാണ്​ എനിക്ക്​ ആഹ്വാനം ചെയ്യാനുള്ളത്​.

(‘മതം, ജാതി, വിശ്വാസം: മതപരിവർത്തനവും സാമകാലീന ആശങ്കകളും’ എന്ന വിഷയത്തിൽ എസ്​. ഐ. ഒ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)
തയ്യാറാക്കിയത്​: സാലിഹ്​ കോട്ടപ്പള്ളി
കടപ്പാട്: മാധ്യമം ആഴ്ചപ്പതിപ്പ്‌

ഡോ. തിരുമാവളവന്‍