Campus Alive

ഐഡിയൽ ആവാനുള്ള പ്രേരണയാണ് പുണ്യ റസൂൽ

ഹാമിദ് മഞ്ചേരി

ഒരു ജീവിതം തന്നെ ആശയമാവുക, പിന്തുടരപ്പെടേണ്ടതും പതിവാക്കേണ്ടതുമായ (സുന്നത്തിന്റെ ഭാഷാർത്ഥം) മാർഗമായി അടയാളപ്പെടുത്തപ്പെടുക; അതെ, അങ്ങനെയൊരു ജീവിതാവിഷ്ക്കാരത്തിന്റെ പേരാണ് പുണ്യ റസൂൽ (സ). അല്ലാമാ ഇഖ്ബാലിന്റെ ‘ഇൻസാനെ കാമിൽ’ എന്നൊരു സങ്കൽപ്പമുണ്ട്, പൂർണ്ണതയുടെ പ്രയോഗ രൂപത്തിലേക്ക് സഞ്ചരിക്കാനുള്ള മനുഷ്യവാഞ്ജയാണത് പ്രതിഫലിപ്പിക്കുന്നത്. ആധുനിക കാലം ആത്മാവിനെ കവരുന്ന കാലനാണെന്നു പറയുന്ന ഇഖ്ബാൽ തന്റെ കാലത്തെ സർവ്വതിനോടും സമചിത്തനായി പ്രതികരിക്കുന്ന ഒരു സ്വപ്ന പുരുഷനെ മനസ്സിനകത്ത് കാണുകയാണ്. അങ്ങനെയായിരുന്നല്ലോ പ്രവാചകൻ, കനിവും കാരുണ്യവുമായിരുന്നു ആ ജീവിതം. നീ മഹത്തായ സ്വഭാവമുടയവനാണല്ലോ (68:4) എന്ന് വിശുദ്ധ ഖുർആൻ പ്രവാചകനെ പരാമർശിക്കുന്നത് ആ ജീവിതത്തോടു നിരന്തരം ചേർന്നു പോവാനുള്ള പ്രചോദനമാണ്. അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് മഹോന്നതമായ മാതൃകയുണ്ടെന്ന് (33:21) കാലദേശാതീതമായ വിശുദ്ധ ഖുർആന്റെ പരാമർശം വറ്റാത്ത പ്രസക്തിയുള്ള പ്രവാചക പാഠങ്ങളെ പ്രകാശിപ്പിക്കുന്നു. നാഥനോട് സ്നേഹമുണ്ടെങ്കിൽ പിന്തുടരേണ്ടത് പ്രവാചകനെയെന്ന് ( 3:31) മറ്റൊരിടത്ത് ഖുർആൻ പറയുന്നത് കാലമേറെക്കഴിഞ്ഞാലും ഓർക്കപ്പെടേണ്ട റസൂലിനെക്കുറിച്ചാണ്. ഓർമ്മയുടെ രാഷ്ട്രീയം മറക്കരുതെന്ന ആജ്ഞയാണ്. നിരന്തരം ഓർക്കപ്പെടുന്ന ഒരു സ്നേഹ സാന്നിധ്യമായി പ്രവാചകൻ മാറുന്നതവിടെയാണ്. ആ നാമമുച്ചരിക്കപ്പെടുമ്പോൾ സ്വലാത്ത് മറക്കുന്നവർ പിശുക്കരാകുന്നതും അവിടുത്തെ സ്നേഹ പ്രവാഹത്തെ തിരിച്ചറിയാത്തവരാണ്.

അലി ശരീഅത്തി

നാഥനിലേക്കുള്ള മാർഗമാണ് റസൂലുല്ലാഹ്. ആ പാതയിലൂടെയുള്ള സഞ്ചാരത്തിലെ ത്യാഗ സമർപ്പണങ്ങൾ നാഥന്റെ വജ്ഹ് ( പ്രീതി ) തേടിയുള്ള വലിഞ്ഞു നടത്തമാണ്. നിരന്തരം പാഥേയമൊരുക്കുന്ന തത്രപ്പാട് മാത്രമാണത് വിശ്വാസിക്ക്. കരിസ്മാറ്റിക് എന്ന് വിശേഷിപ്പിക്കാവുന്ന വലിയൊരാകർഷണത്തിന്റെ സാകല്യമുണ്ട് റസൂലിൽ നമുക്ക്. അലി ശരീഅത്തിയുടെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ് ”മൂസ (അ) യുടെയും ഈസ (അ) യുടെയും ഗുണങ്ങൾ സമഞ്ജസമായി സമ്മേളിക്കപ്പെട്ട പ്രവാചകനത്രെ മുഹമ്മദ് (സ)” തുടർന്ന് അനുയായികളോടൊപ്പം യുദ്ധരംഗത്തുള്ള നബിയെയും മറ്റൊരവസരത്തിൽ സ്നേഹനിർഭരനായ നബിയെയും കുറിച്ച് പരാമർശിക്കുന്നു. മാതൃകയുടെ ഒരു കമാലിയത്തും (പൂർണ്ണത) ജമാലിയത്തും (സൗന്ദര്യം) വും നബിയിലങ്ങനെ കാണാനും നമുക്ക് കഴിയും. പ്രവാചക ദർശനത്തിന്റെ അത്യന്തികതകളില്ലാത്ത സന്തുലിത വീക്ഷണത്തെക്കുറിച്ചും അലി ശരീഅത്തി തന്റെ ഇതേ പ്രബന്ധത്തിൽ പറയുന്നുണ്ട്. “മാനവത ആത്മീയ വാദത്തിനും ഭൗതിക വാദത്തിനും, വ്യക്തിവാദത്തിന്നും സാമൂഹ്യ വാദത്തിനും ആശയ വാദത്തിനും യാഥാർത്യ വാദത്തിനും തുടങ്ങി രണ്ടാത്യന്തികതകളിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്”. ശേഷം അൽപ്പം വിശദീകരണങ്ങൾക്കു ശേഷം അദ്ധേഹം ഒരു മാതൃകാ പുരുഷന്റെ സ്ഥാനമടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ”റോമിന്റെയും ഇന്ത്യയുടെയും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടവനായിരിക്കണം ആ പുതിയ മനുഷ്യൻ. ദ്വൈത്വമാനങ്ങളുള്ള വ്യക്തിയായിരിക്കണമവൻ. ആ മനുഷ്യ ചിത്രമെന്തായിരിക്കും? രാത്രി കാലങ്ങളിൽ ഭക്തൻ, പകൽ സമയങ്ങളിൽ ധീരനായ യോദ്ധാവ്, അവന്റെ മതമോ? ഗ്രന്ഥത്തിന്റെയും തുലാസിന്റെയും ഇരുമ്പിന്റെയും മതം”. ഗ്രന്ഥവും തുലാസും ഇരുമ്പും മൂന്ന് വിവിധങ്ങളായ പ്രതീകങ്ങളാണ്. ഗ്രന്ഥം സംസ്കാരത്തെയും ബുദ്ധിയെയും പ്രതിനിധീകരിക്കുമ്പോൾ തുലാസ് സമത്വത്തെയും നീതിയെയും പ്രതിഫലിപ്പിക്കുന്നു, അതിനു ക്രമ സൗന്ദര്യമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ ഇരുമ്പ് സൈനിക ശക്തിയെയും വ്യവസായികവും നാഗരികവുമായ ഭൗതിക ശക്തി യെയും അടയാളപ്പെടുത്തുന്നു. ഒരു മാതൃകാ നഗരത്തിന്റെ മൂന്നസ്ഥിവാരങ്ങളങ്ങനെ തെളിഞ്ഞു വരുന്നു. നാഥന്റെ വചനങ്ങളെ വിശദീകരിക്കുന്ന പ്രവാചകൻ നാഗരികതയുടെ നായകനാകുന്ന ചരിത്ര സന്ദർഭമാണങ്ങനെ പ്രസക്തമാകുന്നത്. നിരന്തരം നമ്മളതിനെ സ്മരിക്കുന്നത് ഓർമ്മകളിൽ അഭിരമിക്കാനല്ല, മറിച്ച് അതിന്റെ ആവർത്തനത്തിന്റെ സാധ്യതയെ അന്വേഷിക്കാൻ കൂടിയാണ്. ഒരു ജനതക്ക് തങ്ങളുടെ ഓർമ്മകൾ പോലും അന്യവൽക്കരിക്കപ്പെടുന്നതിനെ കുറിച്ച് മുരീദ് ബർഗൂസിയുടെ ആത്മകഥയെ സംബന്ധിച്ച് എഡ്വേർഡ് സൈദ് എഴുതുന്നുണ്ട്. നമ്മുടെ നാഗരികതയെ ക്കുറിച്ച് അതിന്റെ നായകനെ സംബന്ധിച്ച് നാം നിരന്തരം ഓർത്തു കൊണ്ടേയിരിക്കുക.

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിദ്യാര്‍തഥിയാണ് ലേഖകന്‍

ഹാമിദ് മഞ്ചേരി