Campus Alive

മതംമാറ്റം, ഇസ്‌ലാം: പെരിയാറിന്റെ സമീപനങ്ങള്‍

പോയനൂറ്റാണ്ടില്‍ രാജ്യത്തെ സാമൂഹിക നവോത്ഥാന വീഥികളില്‍ തന്‍റേതായ മുദ്രപതിപ്പിച്ച മഹാനുഭാവനായിരുന്നു, അനുയായികളും പൊതുജനങ്ങളും സ്നേഹാദരവുകളോടെ പെരിയാര്‍ (മഹാത്മാവ്/കാരണവര്‍) എന്ന് വിളിച്ചിരുന്ന ഇ. വി. രാമസ്വാമി (1879-1973). രാജ്യത്തെ സാമൂഹിക ക്രമങ്ങളിലെ വലിയ വിഗ്രഹങ്ങളെ തച്ചുടക്കാന്‍ മുമ്പില്‍നടന്ന അദ്ദേഹം  ഒരു ഉറച്ച യുക്തിവാദിയായിരുന്നു. ദക്ഷിണേന്ത്യയില്‍ പൊതുവിലും തമിഴ്നാട്ടില്‍ പ്രത്യേകിച്ചും സംഭവിച്ച അനേകം സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളോടും പോരാട്ടങ്ങളോടും വലിയ കടപ്പാടുണ്ട്. രാജ്യത്തെ ഏറ്റവും വിനാശകരമായ സാമൂഹിക അയുക്തികതയായ ജാതിസമ്പ്രദായത്തിനെതിരെ പെരിയാര്‍ നയിച്ച മുക്കാല്‍ നൂറ്റാണ്ടോളം കാലദൈര്‍ഘ്യമുള്ള നവോത്ഥാന സംരംഭങ്ങള്‍ക്കിടയില്‍ പലര്‍ക്കും പല നിലക്കുമുള്ള നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പെരിയാര്‍ തന്‍റെ സമരഭൂമിയില്‍ സജീവമായ വേളയില്‍ത്തന്നെ ഈ ജാതിക്കോമരങ്ങള്‍ അദ്ദേഹത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ തീവ്ര പാശ്ചാത്യ നിരീശ്വരവാദികളുടെ പിന്‍മുറക്കാരനായി ഉയര്‍ത്തിക്കാട്ടി. ഈശ്വരവിശ്വാസികളായ ബഹുജനത്തെ അദ്ദേഹത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്നകറ്റാനുള്ള കൗശലമായിരുന്നു അത്. സമകാലിക അധീശ വ്യവഹാരപ്രപഞ്ചത്തില്‍ പെരിയാറുടെ പേരുയര്‍ത്താനാവണം, അദ്ദേഹത്തിന്‍റെ വിയോഗാനന്തരം ബുദ്ധിജീവികളുള്‍പ്പെടെയുള്ള അനുയായികളില്‍ ഗണ്യമായൊരു വിഭാഗവും ഇതുതന്നെ ചെയ്തുകൊണ്ടേയിരിക്കുന്നു.
6846793113_fb051ce861_bരണ്ടുകാരണങ്ങളാല്‍ ഇരുകൂട്ടര്‍ക്കും തങ്ങളുടെ ജോലി എളുപ്പമായി. ഒന്ന്: ദൈവം, ആത്മാവ്, മതം എന്നീ വിഷയങ്ങളില്‍ തന്‍റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ വ്യക്തമാക്കാന്‍ പെരിയാര്‍ എപ്പോഴും നിര്‍ബന്ധിക്കപ്പെട്ടിരുന്നു. രണ്ട്: രാജ്യത്തെ അധീശ മതവ്യവഹാരമായ ബ്രാഹ്മണഹിന്ദുത്വം വിതച്ച സാമൂഹിക-സാംസ്കാരിക കെടുതികള്‍ക്കെതിരില്‍ ആഞ്ഞടിക്കുന്നതിനിടയില്‍ ദൈവം, മതം എന്നീ വിഷയങ്ങളെ പൊതുവായി -അവയിലെ വൈവിധ്യങ്ങളില്‍ ഊന്നാതെ- വ്യവഹരിച്ചിരുന്ന പെരിയാറുടെ ശൈലി. അതേസമയം, തനിക്കുനേരെയുള്ള നിരീശ്വരവാദം എന്ന ‘കുറ്റം’ പെരിയാര്‍ ആവര്‍ത്തിച്ചു നിഷേധിച്ചിരുന്നതാണ്. ദൈവനിഷേധവും അതിന്‍റെ പ്രചാരണവും തന്‍റെ ഉദ്ദേശ്യമല്ലെന്ന് അദ്ദേഹം നിരന്തരം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അനുയായികളും വൈരികളും വരുത്തിത്തീര്‍ക്കുന്നതിലും സങ്കീര്‍ണമാണ്, ഇക്കാര്യങ്ങളിലുള്ള പെരിയാറുടെ നിലപാടുകള്‍. വ്യക്തിപരമായി പെരിയാര്‍ ഒരുറച്ച അജ്ഞേയവാദിയോ നിരീശ്വരവാദി പോലുമോ ആയിരുന്നെന്ന് തെളിയിക്കാന്‍ ഒരുപക്ഷേ, എളുപ്പമായിരിക്കും. അനുയായികളില്‍ കമ്യൂണിസ്റ്റ്ചായ്വും ബൗദ്ധികവ്യവഹാരങ്ങളില്‍ താല്‍പര്യവുമുള്ളവര്‍ക്കുവേണ്ടി തന്‍റെതായ നിരീശ്വരദര്‍ശനം ചിലപ്പോഴൊക്കെ അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന് പക്ഷേ, പെരിയാറുടെ പൊതുജീവിതവും സാമൂഹിക നിയോഗവും ദൈവനിഷേധ പ്രചാരണത്തിന് നീക്കിവെച്ചതായിരുന്നു എന്നര്‍ഥം വരുന്നില്ല. തന്‍റെ വ്യക്തിപരമായ വിശ്വാസങ്ങളുടെ പ്രബോധനമല്ലായിരുന്നു പെരിയാറുടെ നിയോഗത്തിന്‍റെ ഉള്ളടക്കം നിര്‍ണയിച്ചിരുന്നത്.

‘നാസ്തിക്’ എന്ന സംജ്ഞയില്‍ -പ്രത്യേകിച്ചും അത് ‘നിരീശ്വരവാദി’ (Atheist) എന്ന് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുമ്പോള്‍- നിലീനമായ അവ്യക്തതകളെ പെരിയാറുടെ വൈരികള്‍ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. ‘നാസ്തിക്’ എന്ന പദം ഉപഭൂഖണ്ഡത്തിന്‍റെ പ്രത്യേക സാമൂഹിക- സാംസ്കാരിക സാഹചര്യത്തില്‍ വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നയാള്‍ എന്ന് അര്‍ഥമാക്കുമ്പോള്‍ ‘എത്തിയിസ്റ്റ്’ എന്ന വാക്ക് കുറച്ചുകൂടി വിശാലമായ അര്‍ഥധ്വനികളുള്‍ക്കൊള്ളുന്നുണ്ട്. ദൈവാസ്തിക്യ നിഷേധി എന്നാണാ വാക്കിന്‍റെ സാരം. പ്രത്യേകവും പരിമിതവു(Particular)മായത് വിവര്‍ത്തനത്തില്‍ വിശാലവും സാര്‍വലൗകികവു(Universal)മായി മാറുന്നതാണ് ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്.

പെരിയാറുടെ സമരങ്ങള്‍ തന്‍റെ പ്രത്യേകമായ ചരിത്ര സന്ദര്‍ഭത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളായിരുന്നു. അവയുടെ ഉന്നം കൃത്യമായിരുന്നു; തന്‍റെ കാലത്തെ അധീശ’മതം’ സാമൂഹിക ജീവിതത്തില്‍ ഏല്‍പിക്കുന്ന നാശോന്മുഖവും വ്യാപകവുമായ പ്രത്യാഘാതങ്ങള്‍. രാജ്യത്തെ സാമൂഹിക ഘടനകളിലെ മനുഷ്യവിരുദ്ധതയെയും അനീതിയെയും മതവല്‍ക്കരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ അവക്ക് പ്രാമാണികതയും അസ്തിത്വവുമുണ്ടാക്കുകയാണ് ഈ അധീശ’മതം’ ചെയ്തത്. വര്‍ണാശ്രമ-ജാതി സമ്പ്രദായത്തിലൂടെ പൊട്ടിയൊഴുകിയ അതിന്‍റെ കെടുതികള്‍ക്ക് ഇന്നും ശമനം വന്നിട്ടില്ല. ഈ ‘സാമൂഹികവിരുദ്ധ’മതം ദലിതുകളെന്നോ മറ്റു പേരുകളിലോ അറിയപ്പെടുന്ന വലിയൊരു ജനവിഭാഗത്തെ മനുഷ്യജാതിക്കു പുറത്തു നിര്‍ത്തുകയും സാഹോദര്യപ്പകര്‍ച്ചയിലൂടെയും സാമ്പത്തികാഭിവൃദ്ധിയിലൂടെയും സമൂഹം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന സമത്വപൂര്‍ണവും സമഗ്രവുമായ ക്ഷേമാവസ്ഥയിലേക്കുള്ള വികാസത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു.
41lOvH2mUEL._SX298_BO1,204,203,200_ഒരു മതദര്‍ശനം എന്ന നിലയില്‍ ആധുനിക ഇന്ത്യയിലെ വ്യക്തിഗതവും സാമൂഹികവുമായ ജീവിത ചുറ്റുപാടുകളിലും രാഷ്ട്രീയ മണ്ഡലത്തിലും ബ്രാഹ്മണിസം ഏല്‍പിച്ച ഗുരുതരമായ ആഘാതങ്ങള്‍, വൈരുധ്യമെന്നുതോന്നാം, കോളനിവത്കരണത്തിനു കീഴില്‍ കൂടുതല്‍ മാരകമാവുകയാണ് ചെയ്തത്. എന്നാല്‍, പാരമ്പര്യവാദികളായ സ്വദേശി മേലാളരും ആധുനികീകരണത്തിന്‍റെ വക്താക്കളായ വിദേശി വരേണ്യരും തമ്മിലുള്ള ഒരു ധാരണയാണ് കൊളോണിയലിസം എന്ന കൃത്യമായ നിരീക്ഷണം ഇതിന്‍റെ കാരണത്തിലേക്ക് വെളിച്ചം വിതറുന്നുണ്ട്. വിവിധ നടപടിക്രമങ്ങളിലൂടെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ബ്രാഹ്മണ ജാതിമേധാവിത്വത്തിന്‍റെ വ്യാപനത്തിനും അതിനെ ഒരു സ്വാഭാവിക പ്രതിഭാസമായി മാറ്റുന്നതിനും കോളനിവത്കരണം ശക്തിപകരുകയാണുണ്ടായത്. പ്രമുഖ ചിന്തകനായ പ്രൊഫ. എം. എന്‍. ശ്രീനിവാസ് ഈ വസ്തുത നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയിടെയായി പല പ്രമുഖ ചരിത്രകാരന്മാരും ഈ നിരീക്ഷണത്തിന് അടിവരയിടുകയും പാരമ്പര്യ ഇന്ത്യ എന്ന് ഇത്രയുംകാലം അറിയപ്പെട്ടുപോന്നത് ബ്രിട്ടീഷ് ഇന്ത്യയല്ലാതെ മറ്റൊന്നുമല്ല എന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രാഹ്മണ മത-സാംസ്കാരിക ദര്‍ശനവും അതിന്‍റെ സാമൂഹിക പ്രയോഗവും കൊളോണിയലിസത്തിന്‍റെ ഒത്താശയില്‍ കരുത്താര്‍ജിച്ച ഈ ചരിത്രസന്ധിയിലാണ് പെരിയാര്‍ മതത്തെ വിചാരണക്കു വിധേയമാക്കുന്നത്. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മതവിമര്‍ശത്തിന്‍റെ സ്വാധീന മേഖലകള്‍. അദ്ദേഹത്തിന്‍റെ ഉന്നം ദൈവം/മതം പൊതുവിലായിരുന്നില്ല; മതം, ഒരു തത്ത്വശാസ്ത്രം എന്ന അര്‍ഥത്തിലും ആയിരുന്നില്ല; മറിച്ച്, സാമൂഹികാസമത്വങ്ങള്‍ അടിച്ചുറപ്പിക്കുന്ന ബ്രാഹ്മണ മതത്തോടായിരുന്നു അദ്ദേഹത്തിന്‍റെ യുദ്ധം. പ്രതിലോമപരമായ സാമൂഹിക ഇടപെടല്‍ ബ്രാഹ്മണ്യത്തിന്‍റെ കുത്തകയല്ലതാനും. പ്രത്യേക ചരിത്രസന്ദര്‍ഭങ്ങളുടെ സൃഷ്ടികള്‍ എന്നനിലക്ക് എല്ലാ മതങ്ങള്‍ക്കും പഴഞ്ചനും സാമൂഹിക വിരുദ്ധമായി മാറുന്നതുമായ വിശ്വാസാചാരങ്ങള്‍ സ്വരുക്കൂട്ടാനുള്ള പ്രവണതയുണ്ട്. അക്കാരണത്താല്‍ പെരിയാര്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ വക്താവായിരുന്നില്ല എന്നു പറയാം. വ്യക്തിനിഷ്ഠമായ ആത്മീയതയായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രശ്നം. ആത്മീയതയുടെ സാമൂഹിക രൂപങ്ങള്‍ -ഇവയില്‍ത്തന്നെ ജാതിയുടെ പേരില്‍ മനുഷ്യസമൂഹത്തെ വിവേചനപരമായി മൂല്യനിര്‍ണയം ചെയ്യല്‍- ആയിരുന്നു അദ്ദേഹത്തിന്‍റെ ചിന്തകളുടെയും ഇടപെടലുകളുടെയും കേന്ദ്രസ്ഥാനത്ത് വന്നിരുന്നത്. മതത്തോടും അനുബന്ധ വ്യവഹാരങ്ങളോടുമുള്ള ഈ സമീപനം മതവുമായി ബന്ധപ്പെട്ട സാമൂഹിക ശാസ്ത്ര മേഖല(Sociology of Religion)യിലുള്ള പൗരാണികവും നൂതനവുമായ സമീപനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈ പഠനമേഖലയില്‍ ഇന്ന് മേല്‍ക്കൈയുള്ള സമീപനം വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ‘ദൈവാനുഭവ’ങ്ങളെക്കാളും മതങ്ങള്‍ വിവിധ സമൂഹങ്ങളിലെ സാമൂഹിക ബന്ധങ്ങളില്‍ ചെലുത്തുന്ന ആഘാതങ്ങളെയാണ് പഠനത്തിനെടുക്കുന്നത്.
ദൈവത്തെയും മതത്തെയും പറ്റിയുള്ള തന്‍റെ നിലപാടുകള്‍ ഒരു പ്രഭാഷണത്തില്‍ പെരിയാര്‍ വ്യക്തമാക്കുന്നു: “നാം സ്വാഭിമാന പ്രസ്ഥാന(Self Respect Movement)ത്തിന് തുടക്കമിട്ടത് ഈ രാജ്യത്തെ ജനങ്ങളില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കുക, ജനങ്ങളെ ഒരുമിപ്പിക്കുക, സാമ്പത്തിക സമത്വമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്. നമ്മുടെ എതിരാളികള്‍ വാദിക്കുന്നപോലെ ദൈവങ്ങളെയും മതങ്ങളെയും എതിര്‍ക്കുകയല്ല അതിന്‍റെ ലക്ഷ്യം. ഈ പ്രസ്ഥാനത്തിന്‍റെ കര്‍മപഥം സുതാര്യമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എങ്ങനെ ആത്മാഭിമാനം നഷ്ടമായി എന്ന് വിശദീകരിക്കുന്നു ഈ പ്രസ്ഥാനം. ആത്മാഭിമാനത്തിന്‍റെ വീണ്ടെടുപ്പിന്‍റെ വഴിയിലെ തടസ്സങ്ങള്‍ നീക്കാന്‍ യത്നിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തിന്‍റെ മുന്നില്‍ വഴിമുടക്കികളായി ദൈവങ്ങളും മതങ്ങളും വരികയാണെങ്കില്‍, ഈ പ്രസ്ഥാനം അവയെയും തട്ടി നീക്കും എന്നത് വേറെ കാര്യം. മതത്തെ/ദൈവത്തെ കുറിച്ച് വ്യക്തതയുണ്ടാവേണ്ടത് ഇത്തരുണത്തില്‍ അനിവാര്യമാണ് എന്നെനിക്ക് തോന്നുന്നു. മതം, സാമൂഹിക ജീവിതത്തിനുവേണ്ട ധാര്‍മിക നിയമങ്ങളുടെ സംഘാതമാണെങ്കില്‍ സ്വാഭിമാനപ്രസ്ഥാനം അത്തരം മതങ്ങളെപ്പറ്റി വ്യാകുലപ്പെടുന്നില്ല. എന്നല്ല, ആവശ്യമെങ്കില്‍ ഈ പ്രസ്ഥാനം അവയെ സഹായിക്കുകയും ചെയ്യും. മനുഷ്യാത്മാവിനെ ദൈവത്തിലെത്താന്‍ സഹായിക്കാനാണ് മതമുണ്ടായത് എന്നാണെങ്കില്‍ ഈ പ്രസ്ഥാനം അത്തരം മതങ്ങളെയും കാര്യമാക്കുന്നില്ല. വ്യക്തിനിഷ്ഠമായ ഒരു കാര്യമാണ് ഇവിടെയൊക്കെ മതം. അതിനാല്‍ത്തന്നെ നമുക്കതിനെ പിന്നീട് പരിഗണനക്കെടുക്കാം. എന്നാല്‍, ഏതെങ്കിലും മതം മനുഷ്യന്‍റെ അന്തസ്സിനെ കെടുത്തിക്കളയുകയും ഉയര്‍ന്നവര്‍/താഴ്ന്നവര്‍ എന്ന് മനുഷ്യരെ വിഭജിക്കുകയും സമൂഹത്തിന്‍റെ ഒരുമയില്‍ വിള്ളലേല്‍പിച്ച് സ്വാതന്ത്ര്യത്തിനും പൊതുവായ പുരോഗതിക്കും തടസ്സം നില്‍ക്കുകയുമാണെങ്കില്‍ അതിനെ ഉന്മൂലനം ചെയ്യാന്‍ തന്നെയാണ് ഈ പ്രസ്ഥാനം പോരാടിക്കൊണ്ടിരിക്കുന്നത്.”
മറ്റൊരവസരത്തില്‍ മതത്തെക്കുറിച്ച തന്‍റെ കാഴ്ചപ്പാട് പെരിയാര്‍ ഇങ്ങനെ അവതരിപ്പിച്ചു: “മതങ്ങളെല്ലാം, അതിന്‍റെ ഗുണാത്മകാര്‍ഥത്തില്‍ സാമൂഹിക ജീവിതത്തില്‍ മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. മതങ്ങള്‍ മനുഷ്യജീവിതത്തിനുവേണ്ട ആസൂത്രണ പദ്ധതികളാണ്.”
മതത്തെക്കുറിച്ച പെരിയാറുടെ വ്യക്തവും ആവര്‍ത്തിച്ചുറപ്പിച്ചതുമായ ഇത്തരം പ്രഖ്യാപനങ്ങള്‍ക്കു ശേഷവും അദ്ദേഹം ഒരു നിരീശ്വരവാദിയായി മുദ്രകുത്തപ്പെടുന്നതും അങ്ങനെത്തന്നെ ഇപ്പോഴും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും ഏതെങ്കിലും തെറ്റിദ്ധാരണകള്‍കൊണ്ടല്ല; അദ്ദേഹത്തിന്‍റെ വിമോചന സന്ദേശത്തെ മുന്നോട്ട് നയിക്കുവാനുമല്ല ഈ കാമ്പയിന്‍; മറിച്ച്, ഉദ്ദേശ്യപൂര്‍വമോ അല്ലാതെയോ അദ്ദേഹത്തിന്‍റെ മൂര്‍ച്ചയേറിയ സാമൂഹിക വിമര്‍ശനത്തിന്‍റെ മുനയൊടിക്കുകയാണ് ഈ പ്രചാരണം ചെയ്യുന്നത്. അങ്ങനെ അതിനെ അതീന്ദ്രിയവും അഭൗതികവുമായ തലങ്ങളിലേക്ക് മാറ്റിനിര്‍ത്തുകയും അതുവഴി അന്തമില്ലാത്ത, അന്ത്യമില്ലാത്ത തര്‍ക്കവിതര്‍ക്കങ്ങളുടെ ഭൂമികയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അങ്ങനെ ദൈവനിഷേധം പ്രചരിപ്പിക്കാനിറങ്ങിയ, എല്ലാ വിശ്വാസികളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ ഒരു മുരടന്‍ നിരീശ്വരവാദിയായി പെരിയാര്‍ അവതരിപ്പിക്കപ്പെടുന്നു.

Romila-Thaparദൈവനാമത്തില്‍ ജാതി/വര്‍ണവ്യവസ്ഥയെ കൂട്ടുപിടിച്ച് മേധാവിത്വം ചമയുകയും ചൂഷണത്തെ സ്ഥാപനവത്കരിക്കുകയും ചെയ്ത ബ്രാഹ്മണവിഭാഗങ്ങളും ബ്രാഹ്മണവത്കരിക്കപ്പെട്ടവരും മാത്രമായിരുന്നു പെരിയാറിന്‍റെ സമരങ്ങളുടെ ഉന്നം. കൊളോണിയല്‍ യുഗത്തില്‍ അവരും അവരുടെ മതവുമായിരുന്നു ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്‍റെയും രൂപമണിഞ്ഞ് രംഗത്തുവന്നത്. പ്രൊഫ. റൊമിലാ ഥാപര്‍ തന്‍റെ വിഖ്യാതമായ Imagined Religious Communities എന്ന പ്രബന്ധത്തില്‍ ഇക്കാര്യം സമര്‍ഥിക്കുന്നുണ്ട്. പെരിയാര്‍ ഒരു മുരടന്‍ നിരീശ്വരവാദിയായി അവതരിപ്പിക്കപ്പെടുന്നതിന്‍റെ നേട്ടം മുഴുവനും ഇപ്പറഞ്ഞ മേല്‍ജാതി ഹിന്ദുക്കള്‍ക്കായിരുന്നു.

തങ്ങളുടെ നഗ്നമായ ഒറ്റപ്പെടലിന് മറയിടാനും ജനാധിപത്യ മുന്നേറ്റങ്ങളുടെ ഇരയാകുന്നതില്‍നിന്ന് രക്ഷപ്പെടാനും ബ്രാഹ്മണവിഭാഗങ്ങള്‍ ഹിന്ദുക്കളായും, അവരുടെ മതം ഹിന്ദുമതമായും പ്രച്ഛന്നവേഷം കെട്ടിയാടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതിനാല്‍, എപ്പോഴൊക്കെ പെരിയാര്‍ ഹൈന്ദവതയെയും ഹിന്ദുസമൂഹത്തെയും വിമര്‍ശിച്ചു സംസാരിച്ചുവോ അപ്പോഴൊക്കെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ ഉച്ചനീചത്വ വിഭാഗീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ച സാമൂഹിക ദര്‍ശനവും ഏതൊരു സമൂഹത്തിലാണോ ആ ദര്‍ശനത്തിനും അതിനെ പ്രതിനിധാനംചെയ്യുന്ന ശക്തികള്‍ക്കും സാമൂഹിക-മത സാധുതയുള്ളത് അതുമായിരുന്നു സംശയലേശമന്യേ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം. മനുഷ്യവിരുദ്ധമായ ജാതിസമ്പ്രദായത്തിന് ന്യായം ചമക്കുകയും അതിന് സാധുത നല്‍കുകയും ചെയ്യുന്ന മനുഷ്യനിര്‍മിത ദൈവങ്ങളായിരുന്നു പെരിയാറിന്‍റെ ഉന്നം. പ്രാഥമികവും വ്യാപകവുമായ ഈ പ്രശ്നത്തെ വ്യവഹരിക്കുമ്പോള്‍ തന്‍റെ പൊതുപ്രഭാഷണങ്ങളില്‍ ‘ദൈവം’, ‘മതം’ എന്നീ സംജ്ഞകള്‍ പൊതുവായ അര്‍ഥത്തില്‍ അദ്ദേഹം ഉപയോഗിച്ചു. അപ്പോഴൊക്കെ അദ്ദേഹം അര്‍ഥമാക്കിയത് മൂര്‍ത്തവും തന്‍റെ വര്‍ത്തമാന സന്ദര്‍ഭത്തിലുള്ളതുമായ ബ്രാഹ്മണിസമെന്ന പ്രശ്നമായിരുന്നു. വല്ലപ്പോഴും കടന്നുവരാറുള്ള തത്ത്വശാസ്ത്ര വ്യവഹാരത്തെക്കാള്‍ എത്രയോ വലിയ അളവില്‍ സാമൂഹിക വിമര്‍ശമാണ് അദ്ദേഹത്തില്‍ കാണാന്‍ കഴിയുക. മതത്തെ/ദൈവത്തെ പറ്റി സംസാരിച്ച മിക്ക സന്ദര്‍ഭങ്ങളിലും അതിന്‍റെ കൂടെ ജാതിസമ്പ്രദായത്തെപ്പറ്റിയും കെടുതികളെപ്പറ്റിയുമാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഹൈന്ദവത എന്നു വിളിക്കപ്പെടുന്ന മത-സാമൂഹിക യാഥാര്‍ഥ്യത്തെപ്പറ്റി നീണ്ട ഒരു പ്രഭാഷണം പെരിയാര്‍ നടത്തിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
മതത്തെക്കുറിച്ച പെരിയാറിന്‍റെ വീക്ഷണം ഇതുതന്നെയാണെന്നതിന് മറ്റൊരു തെളിവാണ് എല്ലാ മതങ്ങളും സമമോ ഒരുപോലെയോ അല്ല എന്ന, അധികപേരുടെയും പിന്തുണയില്ലാത്ത അദ്ദേഹത്തിന്‍റെ വാദം. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്മാരായ എല്ലാ സാമൂഹിക-രാഷ്ട്രീയ പരിഷ്കര്‍ത്താക്കള്‍ക്കും എല്ലാ മതങ്ങളും ഒരുപോലെ ആയിരുന്നില്ല. ഓരോ മതവും എത്രയളവില്‍ സാര്‍വലൗകിക മാനവിക മൂല്യങ്ങളായ നീതി, സമത്വം, സാഹോദര്യം -ജ്ഞാനോദയത്തിന്‍റെയും ആധുനികതയുടെയും അതേ തത്ത്വങ്ങള്‍- സ്വാംശീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ഓരോന്നിന്‍റെയും മൂല്യം വ്യത്യസ്തമാണ് എന്നായിരുന്നു ഇവരുടെയൊക്കെ കാഴ്ചപ്പാട്. അവയുടെ വിമോചന മൂല്യം, ജനങ്ങള്‍ വ്യാപകമായി കര്‍ത്തൃത്വമുള്ളവരായി മാറിയ ആധുനികതയുടെ സന്ദര്‍ഭത്തില്‍ അവ സ്വീകരിക്കുന്ന മാറ്റത്തിന്‍റെ ദിശയേതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആ ദിശ സ്വാഭാവികമായും അതീന്ദ്രിയ ആത്മീയതയില്‍നിന്ന് സാര്‍വലൗകിക ധാര്‍മികതയിലേക്കും, പഴഞ്ചന്‍ ചൂഷണാത്മക തത്ത്വങ്ങളില്‍നിന്ന് യുക്തിബന്ധുരവും വിമോചനാത്മകവുമായ നിലപാടുകളിലേക്കും, വിഭാഗീയതകളില്‍നിന്നും പുറന്തള്ളലുകളില്‍നിന്നും ലോകത്തെ മുഴുവന്‍ ഉള്‍ച്ചേര്‍ക്കുന്ന വിശാലതയിലേക്കും ആയിരിക്കും. ആധുനികവത്കൃത (Modernized) മതങ്ങളുടെ മറ്റു പ്രത്യേകതകള്‍ അവ, ആര്‍ജിത(Achieved)വും -സ്വതന്ത്രമായും ബോധപൂര്‍വമായും തെരഞ്ഞെടുക്കപ്പെടുന്നത് എന്ന അര്‍ഥത്തില്‍- അതിനാല്‍ പാരമ്പര്യ പിന്തുടര്‍ച്ചാ സ്വഭാവമില്ലാത്തതും ആന്തരികവത്കൃതവും വ്യക്തിവത്കൃതവും ആണ് എന്ന് ഈ ചിന്തകര്‍ വിലയിരുത്തി. അംബേദ്കര്‍ പറഞ്ഞു: “പഴയപോലെ, അച്ഛന്‍റെ സ്വത്തുക്കള്‍ മകന്‍ അനന്തരമെടുക്കുന്ന പോലെ, മുന്‍തലമുറയില്‍ നിന്നു മതത്തെയും സ്വീകരിക്കുന്നത് ശരിയല്ലാത്ത ഒരു കാലം വന്നിരിക്കുന്നു. മതം തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഓരോരുത്തരും യുക്തി ഉപയോഗിച്ച് നന്നായി ചിന്തിക്കണം”.
images (3)ആധുനികതയുടെ സന്ദര്‍ഭത്തില്‍ മതത്തിലുണ്ടായ മാറ്റങ്ങളെ പ്രതിനിധാനംചെയ്ത് പ്രധാനമായും രണ്ടുവിഭാഗങ്ങളാണ് ഇന്ത്യയില്‍ രംഗത്തു വന്നത്. ഒരുഭാഗത്ത് ജാതീയതയാല്‍ പീഡിതരായ വിഭാഗങ്ങള്‍ പാരമ്പര്യ-ശ്രേണീവത്കൃത മതത്തിന്‍റെ ജനായത്ത വത്കരണത്തിനും, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായോ ഭാഗികമായോ ഉള്ള ‘പവിത്ര മേലാപ്പുക’ളുടെ രൂപീകരണത്തിനും വേണ്ടി കീഴാള കര്‍ത്തൃസ്ഥാനത്തുനിന്ന് ഉയര്‍ന്നുവന്നു. വ്യക്തി-സാമൂഹിക തലങ്ങളില്‍ മതത്തെ വിമോചനാത്മകമായ ഒരനുഭവമായി പരിവര്‍ത്തിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. മറുഭാഗത്ത്, ജാതിയുടെ ശാശ്വതീകരണത്തിനുവേണ്ടി നിലകൊണ്ട വിഭാഗങ്ങള്‍, രാഷ്ട്രീയ മണ്ഡലത്തിന്‍റെ വര്‍ഗീയവത്കരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്ന ദൈവ/മത വിഷയങ്ങളിലെ സമൃദ്ധമായ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ കലുഷിതവും സംഘര്‍ഷഭരിതവുമായ ഈയൊരു സാമൂഹിക സന്ദര്‍ഭത്തിന്‍റെ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍.
ജാതി മര്‍ദനങ്ങളുടെ ഇരകളായ സാമൂഹിക വിഭാഗങ്ങളുടെ ദാര്‍ശനികന്‍ എന്ന നിലയില്‍ എല്ലാ മതവിഭാഗങ്ങളെയും ധാര്‍മിക-വിമോചന പരിപ്രേക്ഷ്യത്തിലൂടെയാണ് പെരിയാര്‍ മൂല്യനിര്‍ണയം നടത്തിയത്. സ്വാഭാവികമായും എല്ലാ സംഘടിതമതങ്ങളും ഈ രംഗത്ത് ഏറിയോ കുറഞ്ഞോ പരാജയമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് മതങ്ങളെയെല്ലാം പൊതുവായി കരുതലോടെയാണ് അദ്ദേഹം കണ്ടത്. അതോടൊപ്പം ഒരു അഭൗതിക ശക്തിയിലുള്ള ഊന്നല്‍ മനുഷ്യപ്രയത്നങ്ങളുടെ ശക്തി ചോര്‍ത്തും എന്ന് വിശ്വസിക്കുകയും ചെയ്തു. വ്യക്തിപരമായ ആ ബോധ്യം, പക്ഷേ, സമൂഹത്തിന്‍റെ ശ്രേണീവത്കരണത്തിനെതിരെയുള്ള തന്‍റെ നിയോഗത്തെ ബാധിക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ഈയൊരു സുചിന്തിത നിലപാട് മതങ്ങളും തന്‍റെ കാലത്തെ പ്രായോഗിക സാമൂഹിക-മതകീയ പ്രക്രിയകളും തമ്മിലുള്ള വ്യത്യാസങ്ങളുടെ വിവിധ മാനങ്ങളെ മനസ്സിലാക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.
Jatheeyatha-Matham-Mattam-Islam-500x500സാമൂഹിക ബന്ധങ്ങളില്‍ വിവിധ മതങ്ങള്‍ ഏല്‍പിക്കുന്ന ആഘാതങ്ങളിലെ വൈവിധ്യങ്ങള്‍ ജാതി-വര്‍ണ സമ്പ്രദായത്തിന്‍റെ ശാശ്വതീകരണം/നിര്‍മാര്‍ജനം എന്ന പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ പെരിയാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. പരിഗണനയിലുള്ള മതം സാമൂഹിക വിവേചനങ്ങള്‍ക്കനുകൂലമോ എതിരോ എന്നതായിരുന്നു നിര്‍ണായക പരിശോധന. നന്നെച്ചുരുങ്ങിയത്, പ്രസ്തുത മതത്തിന് ഉപഭൂഖണ്ഡത്തിലെ വ്യാപകമായ അയുക്തികതകളെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ ശേഷിയെങ്കിലുമുണ്ടോ എന്നതായിരുന്നു ചോദ്യം. താരതമ്യങ്ങള്‍ രസംകൊല്ലികളായി എന്നുവന്നേക്കാം. ആധുനിക ഇന്ത്യയുടെ അതീവ സ്ഫോടനാത്മകമായ സാഹചര്യങ്ങളില്‍ മനഃപൂര്‍വം പ്രകോപനങ്ങളുണ്ടാക്കുന്നു എന്ന് വികലമായി വായിക്കപ്പെടുകയും ചെയ്യപ്പെട്ടേക്കാം. സാമൂഹിക പ്രസക്തിയുള്ള ഒരു സത്യം തുറന്നുപറയുന്നതില്‍നിന്ന് പിന്നോട്ടുപോകാന്‍ പെരിയാര്‍, പക്ഷേ ഒരുക്കമല്ലായിരുന്നു. ഈ തുറന്നുപറച്ചില്‍ ജാതിയാല്‍ മര്‍ദിതരായ ജനകോടികളുടെ ആത്മീയ വിമോചനത്തിനും സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനും വഴിതുറക്കും എന്നതിനാല്‍ പ്രത്യേകിച്ചും അതീവ നിര്‍ണായകമായിരുന്നു. സവര്‍ണ ജാതിമേധാവിത്വത്തിനെതിരെ അംബേദ്കര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ പോലെത്തന്നെ പെരിയാറുടെ വെല്ലുവിളികളും രാജ്യത്തെ വരേണ്യ വിഭാഗം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, അതിനോടൊന്നു പ്രതികരിക്കുക പോലും ചെയ്തില്ല. അങ്ങനെയൊരു വെല്ലുവിളിയേ ഇല്ല എന്നു നടിക്കാനാണ് അവര്‍ക്കൊക്കെ കഴിഞ്ഞത്. ഈ നാട്യവുമായി അധികകാലം മുന്നോട്ടുപോകാനാവില്ല എന്നു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വാദങ്ങളുടെ മര്‍മത്തെ മുകളില്‍ സൂചിപ്പിച്ചപോലെ വളച്ചൊടിച്ചു അവര്‍.
മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വത്തിന്‍റെ ഉച്ചാടനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആലോചിച്ചപ്പോള്‍ ഇസ്ലാം, ബുദ്ധമതം, ക്രിസ്തുമതം എന്നിവക്ക് കൊളോണിയല്‍ രക്ഷാകര്‍ത്തൃത്വത്തിന്‍ കീഴില്‍ ഹിന്ദുമതം എന്നറിയപ്പെട്ട ദര്‍ശനത്തെക്കാള്‍ ആധുനികതയുടെയും യുക്തിയുടെയും വിമോചനത്തിന്‍റെയും അജണ്ടകളോട് അടുപ്പവും അവയോട് ചേര്‍ന്നുനില്‍ക്കാനുള്ള പ്രത്യയശാസ്ത്ര ശേഷിയുമുണ്ടെന്ന് പെരിയാര്‍ വിലയിരുത്തി. പെരിയാറുടെ അനുഭവത്തിലെ ഹിന്ദുമതം ബ്രാഹ്മണ സാമൂഹികാധികാരഘടന കൊളോണിയല്‍ രക്ഷാധികാരത്തിന്‍ കീഴില്‍ ഹിന്ദുമതം എന്നപേരില്‍ പ്രച്ഛന്നരൂപമണിഞ്ഞതായിരുന്നു. കൊളോണിയല്‍ നിര്‍മിതവും ദേശീയതയുടെ രൂപത്തില്‍ രാഷ്ട്രീയ പ്രകാശനം നേടിയതുമായ ഹിന്ദുയിസം അയിത്ത-ജാതി-വര്‍ണ ക്രമങ്ങളിലൂടെ അതിന്‍റെ തുടര്‍ച്ച നിലനിര്‍ത്തുന്നു. ഉപഭൂഖണ്ഡത്തിലെ ക്രമരഹിതമായി വികസിച്ചുവന്ന അനേകം മത-സാംസ്കാരിക പാരമ്പര്യങ്ങളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വികൃതമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക രാഷ്ട്രീയമാണത്. പക്ഷേ, പ്രധാനമായും മറ്റു വിഭാഗങ്ങളുടെ ചെലവില്‍ ബ്രാഹ്മണ-ബ്രാഹ്മണീകൃത വിഭാഗങ്ങളെ ഏകപക്ഷീയമായി ശാക്തീകരിച്ച ബ്രിട്ടീഷ് നയങ്ങള്‍മൂലം ഈ ആധുനികപൂര്‍വ സാമൂഹികാധികാരഘടന വിജയകരമായി സ്ഥാപിക്കപ്പെടുകയും ഉയര്‍ത്തിക്കാണിക്കപ്പെടുകയും ബഹുജനങ്ങളുടെ മേല്‍ ഹിന്ദുമതമെന്ന പേരില്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തു.
പെരിയാറും മറ്റനേകം സമകാലികരായ പരിഷ്കര്‍ത്താക്കളും ആവര്‍ത്തിച്ചു ചോദിച്ചു: “ഇതൊരു മതം തന്നെയോ?” മതത്തില്‍നിന്നു സാധാരണയായി പ്രതീക്ഷിക്കപ്പെടുന്ന സംഗതികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ‘ഹിന്ദുമതം’ എന്നു പറഞ്ഞ് പ്രചരിപ്പിക്കപ്പെട്ട ബ്രാഹ്മണിക നിയമശാസനകള്‍ ഭീകരമാംവിധം കാലത്തിന് യോജിക്കാത്തതും സാധാരണക്കാരനെ ചൂഷണം ചെയ്യുന്നതുമായിരുന്നു. കോളോണിയല്‍ നിര്‍മിതമായ ശൈഥില്യത്തിന്‍റേതായ ഈ സാംസ്കാരിക രാഷ്ട്രീയത്തിന്‍റെ ബന്ദിയായാണ് വിമോചനാധുനികതയുടെ പ്രൊജക്ടും പ്രയോഗവും കാണപ്പെട്ടത്; ഇന്നും കാണപ്പെടുന്നതും. മതസാധൂകരണമുള്ളതും അതിനാല്‍ സമഗ്രവുമായ ഈ സാമൂഹികബന്ധനത്തിലകപ്പെട്ട ഭൂരിപക്ഷം ‘ഹിന്ദുക്കള്‍’ക്കും വിമോചനമെന്നാല്‍ കാലപ്പഴക്കമുള്ള ഈ മത തടവറയില്‍നിന്നുള്ള സ്വാതന്ത്ര്യ ലബ്ധിയായിരുന്നു. കൂലിവേല കുലത്തൊഴിലായ എണ്ണമറ്റ ജാതികളുടെ ഭാഗമായ ജനവിഭാഗങ്ങളുടെ ബഹുതല ദുരിതങ്ങള്‍, മൂടുറച്ച അയിത്ത-ജാതി-വര്‍ണ-ഹിന്ദുത്വം എന്ന തിക്ത യാഥാര്‍ഥ്യത്തിനു മുന്നില്‍ പരിഹാരമില്ലാതെ നിന്നപ്പോഴാണ് മതപരിവര്‍ത്തനം ഗൗരവതരവും അടിയന്തരവുമായ ഒരു സാധ്യതയായി മാറിയത്. ഈയൊരു സന്ദര്‍ഭത്തിലാണ് ജ്യോതിബാ ഫൂലെ തൊട്ടുള്ള ഇന്ത്യന്‍ സാമൂഹിക നവോത്ഥാനത്തിന്‍റെ ആചാര്യരെല്ലാം മത-സാംസ്കാരിക പരിവര്‍ത്തനത്തിന് -ചുരുങ്ങിയത് മതത്തിന്‍റെ മാനുഷികവും ബഹുസ്വരവുമായ പുനപ്രകാശനത്തിന്- വേണ്ടി വാദിച്ചത്.
12755081_1111702855530888_1381147807_o-720x340‘ഇന്ത്യന്‍ നവോത്ഥാന’മെന്ന പ്രമേയത്തില്‍ മേല്‍ക്കൈയുള്ള പരമ്പരാഗത വ്യവഹാരങ്ങള്‍ പോലും ജാത്യാധിഷ്ഠിതവും വിഭാഗീയവുമായ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച് സാമൂഹികസമത്വവും സാമുദായിക സൗഹാര്‍ദവും യാഥാര്‍ഥ്യമാക്കാനുള്ള ബ്രാഹ്മണേതര മതങ്ങളുടെ -പ്രത്യേകിച്ചും ഇസ്ലാമിന്‍റെ- പ്രത്യയശാസ്ത്ര ശേഷി നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിപിന്‍ ചന്ദ്രപാലിന്‍റെ നിരീക്ഷണം ഉദാഹരണത്തിനെടുക്കാം. അദ്ദേഹം പറഞ്ഞിട്ടുണ്ട്: “മുഹമ്മദീയരാണ് നമുക്കവകാശങ്ങള്‍ തന്നത്, പ്രത്യേക ജാതി-സമുദായങ്ങള്‍ എന്ന നമ്മുടെ സ്ഥാനങ്ങള്‍ക്കു പുറമെ, അവയുമായി ബന്ധമില്ലാത്തവ രാഷ്ട്രീയാവകാശങ്ങളും. ജനായത്തത്തിന്‍റെ, യഥാര്‍ഥ ദേശീയ ജീവിതത്തിന്‍റെ, പൗരസമത്വത്തിന്‍റെ അടിത്തറ കിടക്കുന്നതവിടെയാണ്” (B. N Ganguli 1975:61). സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്: “പ്രായോഗികജീവിതത്തിന്‍റെ തലങ്ങളില്‍ ഏതെങ്കിലും മതാനുയായികള്‍ സമത്വമെന്ന തത്ത്വത്തെ ശ്രദ്ധേയമായ അര്‍ഥത്തില്‍ എപ്പോഴെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്ലാമിന്‍റെ, ഇസ്ലാമിന്‍റെ മാത്രം അനുയായികളാണ്” (അതേ പുസ്തകം, പേ: 120). ദൈവം/മതം എന്നിവക്കെതിരെ പൊതുവിലും ഹിന്ദുയിസത്തിനെതിരെ പ്രത്യേകിച്ചും പെരിയാര്‍ ഉന്നയിച്ച വിമര്‍ശങ്ങളും ഹിന്ദുയിസത്തില്‍ നിന്നുള്ള പലായനത്തിനായുള്ള അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും ഇസ്ലാമിനെക്കുറിച്ച ഇത്തരം ഗുണാത്മകമായ മൂല്യനിര്‍ണയങ്ങളുടെ കാഴ്ചവട്ടത്തുനിന്നുവേണം പരിഗണിക്കാന്‍.
Periyar on Islam എന്ന പ്രഭാഷണ സമാഹാരത്തിന് എഴുതിയ ആമുഖം.
കടപ്പാട്: ഐ. പി. എച്ച്‌

പ്രൊഫ. ജി അലോഷ്യസ്‌