Campus Alive

ഉയിഗൂർ: ഷെയ്ഖ് ഹബീബ് അലി അൽജിഫ്‌രിയുടെ വിവാദ പ്രസ്താവനകൾ

മനുഷ്യരുടെ ആത്മീയ ഉന്നമനത്തിനു വേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാർ തീർച്ചയായും ബഹുമാനവും അംഗീകാരവും അർഹിക്കുന്നവരാണ്. തങ്ങളുടെ ബൗദ്ധികവും ധാർമികവുമായ ആസ്തികളുപയോഗപ്പെടുത്തിക്കൊണ്ട് ഉമ്മത്തിന് മാർഗദർശനത്തിന്റെ ഉറവും വെളിച്ചവുമാകുന്നവരാണ് ഉലമാക്കൾ. സമൂഹത്തിൽ അവർക്കുള്ള സ്ഥാനത്തിന്റെ അനിവാര്യമായ താൽപര്യം, തങ്ങളുടെ ഉയർന്ന സത്യസന്ധതയും നൈതികമൂല്യങ്ങളും കൈമുതലാക്കിക്കൊണ്ട് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ആലോചിക്കുമ്പോൾ, മഹത്തായ ബൗദ്ധിക നിലവാരവും ധാർമിക ഔന്നിത്യവുമുള്ള ഈ പൈതൃകങ്ങളുടെ ഭാഗമാകേണ്ട മത-പ്രബോധകനിൽ നിന്ന് അപഖ്യാതപരവും അനുചിതവുമായ അഭിപ്രായങ്ങളുണ്ടാകുന്നത് നിരാശാജനകമാണ്. പ്രതിലോമകരമായ അത്തരം അഭിപ്രായങ്ങൾ, അഭൂതപൂർവമായ ബാലാൽക്കാരങ്ങൾക്കും, തങ്ങളുടെ മതപരവും സാംസ്കാരികവുമായ വേരുകൾ പിഴുതെറിയാനുള്ള ശ്രമങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നവർക്ക് എതിരെയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രശ്നഭരിതമാകുന്നു.

ഷെയ്ഖ് ഹബീബ് അലി അൽ അൽജിഫ്‌രി

അറബ് ലോകത്തെ പ്രശസ്ത പണ്ഡിതൻ ഹബീബ് അലി അൽജിഫ്‌രി, അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ലെക്ച്ചറിൽ നടത്തിയ അബദ്ധജടിലവും, മുൻവിധിയിലധിഷ്ഠിതവുമായ പ്രസ്താവന, ചൈനയുടെ അധീശത്വത്തിനും അടിച്ചമർത്തലിനുമിടയിൽ പ്രയാസപ്പെടുന്ന ചൈനയിലെ മുഴുവൻ മുസ്‌ലിം ജീവനുകളെയും അപകടപ്പെടുത്തുന്നതാണ്. ചൈന ഉയിഗൂറുകളോട് ചെയ്തത് ശരിയല്ല എന്ന മൃദുസമീപനം കൈക്കൊള്ളുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ മറ്റനേകം വാദങ്ങൾ തിരുത്തുകളാവശ്യപ്പെടുന്നുണ്ട്. ഉയിഗൂറുകളുടെയും കിഴക്കൻ തുർകിസ്ഥാനിലെ തുർകിക്-മുസ്‌ലിംകളുടെയും (ഇപ്പോഴവർ സിൻജിയാങ് എന്ന പേരിലാണ് അറിയപ്പെടുന്നത്) പരിതാപകരമായ അവസ്ഥകളെ അദൃശ്യവത്ക്കരിക്കാനുപകരിക്കുന്ന അദ്ദേഹത്തിന്റെ ചില അബദ്ധപ്രസ്താവനകളെ തുറന്നുകാട്ടാനും അവയെ തിരുത്താനുമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

1- ഉയിഗൂറുകളിൽ പകുതി പേർ മാത്രമാണ് മുസ്‌ലിംകൾ എന്ന് ശൈഖ് അലി അൽജിഫ്‌രി വാദിക്കുന്നു.

അലി അൽജിഫ്‌രിയുടെ അബദ്ധജടിലമായ ആദ്യ പ്രസ്താവന, ഉയിഗൂർ ജനസംഖ്യയിൽ പകുതി മാത്രമാണ് മുസ്‌ലിംകൾ എന്നതാണ്. അടുത്തിടെ റിപ്പോർട്ടു ചെയ്യപ്പെട്ട തുർക്മെനിസ്ഥാനിലെ ജനസംഖ്യാ കണക്കുകളായിരിക്കണം ഈ തെറ്റിദ്ധാരണയുടെ ആധാരം. ഉയിഗൂറിലെ തദ്ദേശീയരിൽ അധികവും മുസ്‌ലിംകളാണെന്നിരിക്കെ, 1949-ൽ വെറും 6 ശതമായിരുന്ന അവിടുത്തെ ഹാൻസ് ചൈനീസ് ജനസംഖ്യ ഇന്ന് 40 ശതമാനത്തിലേക്ക് കുത്തനെ ഉയർന്നിരിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ (സിസിപി) കൊളോണിയൽ നയങ്ങളും ‘പ്രചോദിത കുടിയേറ്റങ്ങളുമാണ് ഇതിനു കാരണമായത്. ഈ കണക്കുകൾ പോലും ഒരുപക്ഷേ വിശ്വസിക്കാൻ കൊള്ളാത്തതായിരിക്കും. കാരണം, രേഖകളില്ലാത്ത അനേകം ഉയിഗൂറുകൾ ഈ കണക്കുകളിൽ ഉൾപ്പെട്ടിട്ടുണ്ടാവണമെന്നില്ല. മാത്രമല്ല, തടവുകാരും നിർബന്ധിത തൊഴിലാളികളുമായ അനേകം ഉയിഗൂറുകൾ ചൈനീസ് കേന്ദ്രപ്രദേശങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുമുണ്ട്.

ഇനി, ഉയിഗൂറുകളിൽ പകുതി പേർ മാത്രമാണ് മുസ്‌ലിംകൾ എന്ന ധാരണ പ്രചരിപ്പിക്കാനാണ് അലി അൽജിഫ്‌രി ഉദ്ദേശിക്കുന്നതെങ്കിൽ മറ്റൊരു പ്രശ്നം കൂടി ഉദിക്കുന്നുണ്ട്. വലിയൊരു വിഭാഗം ഉയിഗൂർ മുസ്‌ലിംകളുടെ സ്വയംപ്രഖ്യാപിത മതസ്വത്വത്തെ നിരാകരിക്കുക വഴി സിസിപിയുടെ അതിക്രമങ്ങൾക്കു സമാനമായ പാതകം തന്നെയാണ് അവരോടു ചെയ്യുന്നത്. അവരും, മർദിത ജനതയുടെ വിശ്വാസത്തെ നിരാകരിക്കാനും തുടച്ചുമാറ്റാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ജനതയിൽ ആഴത്തിൽ വേരോട്ടം നേടിയതുകൊണ്ടു തന്നെ, മംലൂക് കാലഘട്ടത്തിൽ ഈജിപ്ഷ്യൻ-ലെവന്റ് (ഇറാഖ്, സിറിയ, ലബനാൻ, സൈപ്രസ്, തുർക്കി, ഇസ്രായേൽ, ജോർദാൻ, ഫലസ്‌തീൻ) പ്രദേശങ്ങൾ മുസ്‌ലിം ഭൂരിപക്ഷമാവുന്നതിനു മുൻപുതന്നെ, ഇസ്‌ലാം അവിടുത്തെ പ്രധാന മതമായി മാറിയിരുന്നു. മധ്യേഷ്യൻ-തുർകിക് പ്രദേശങ്ങളുടെ ഇസ്‌ലാമികവൽക്കരണത്തിന് അധികവും പങ്കുവഹിച്ചിട്ടുള്ളത് ‘കരാഖാനിദുകളാണ്’. ഉയിഗൂർ പ്രദേശത്ത് അധിവസിച്ചിരുന്ന, പത്താം നൂറ്റാണ്ടിൽ അവരുടെ ഭരണാധികാരി ‘സുൽത്താൻ അബ്ദുൽ കരിം ബുഗ്ര ഖാൻ’ ഇസ്‌ലാം സ്വീകരിച്ചതിനെത്തുടർന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തതുമായ തുർക്കിഷ് ഗോത്രവിഭാഗമായിരുന്നു കരാഖാനിദുകൾ.

ഉയിഗൂറുകൾ ചരിത്രപരമായി, രണ്ടു നൂറ്റാണ്ടോളം ഇന്ത്യയുടെ അധിക ഭാഗങ്ങളും ഭരിച്ചിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ പൂർവ്വവേരുകളുള്ള ‘ചഗാതായ് തുർകിക് ഖനാതെയുടെ’ ഭാഗവുമാണ്. തസവ്വുഫ് മാതൃകയിലുള്ള മതപ്രബോധനങ്ങളായിരുന്നു തുർകിക് ഗോത്രവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കരകളിലും മലായ് പ്രദേശത്തെ ‘നുസാൻത്രയിലും’ നാടോടികളായ ഹദ്‌റമി സൂഫി പണ്ഡിതന്മാരിലൂടെയും കച്ചവടക്കാരിലൂടെയും ഇസ്‌ലാം പ്രചരിച്ചതിനെ ഇത് ഓർമിപ്പിക്കുന്നു.

കിഴക്കൻ തുർക്കിസ്ഥാൻ

ഉപരിസൂചിത കരാഖാനിദുകളുടെ കാര്യമെടുക്കുമ്പോൾ, പത്താം നൂറ്റാണ്ടിൽ തന്നെ അവർക്കിടയിൽ ദൈവശാസ്ത്രം, പ്രകൃതിശാസ്ത്രം, കല, സംഗീതം തുടങ്ങി അനവധി പഠനങ്ങൾക്കു വേണ്ടി സജ്ജീകരിക്കപ്പെട്ട സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്നു. തുർകിക്-ഇസ്‌ലാമിക, സവിശേഷമായി ഉയിഗൂർ, ചരിത്രത്തെ രൂപപ്പെടുത്തുന്നതിലും രേഖപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ച അനേകം തുർകിക് പണ്ഡിതന്മാർ ഉയർന്നുവരുന്നതിന് ഈ സ്ഥാപനങ്ങൾ കാരണമായി. തുർകിക് ഭാഷകളുടെ ആദ്യ സമ്പൂർണ നിഘണ്ടുവായ മഹ്‌മൂദ്‌ കാഷ്ഗരിയുടെ ‘ദീവാനു ലുഗാത്ത് അൽ-തുർക്’ എന്ന കൃതി, യൂസുഫ് ഖാസ് ഹാജിബിന്റെ ‘കുടദ്‌ഗു ബിലിഗ്’ എന്ന പതിനൊന്നാം നൂറ്റാണ്ടിലെ തുർകിക്-ഇസ്‌ലാമിക പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗദ്യകൃതി, (അഖ്‌ലാഖ് (ഇസ്‌ലാമിക ധാർമികത) ഇനത്തിൽ പെടുന്ന ആദ്യകാല കൃതികളിൽ ഇപ്പോഴും നിലനിക്കുന്ന ഒന്ന് ഇതായിരിക്കും), തുടങ്ങിയ കൃതികളിൽ ഉയിഗൂറുകളുടെ ചരിത്രം രേഖപ്പെട്ടുകിടക്കുന്നുണ്ട്. കൂട്ടപ്രാർഥനകളും യോഗങ്ങളും ഉയിഗൂർ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാക്കിയ ‘യസാവി’ സൂഫീ ധാരയും ഈ പ്രദേശത്തെ തുർക്കികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രദേശത്തെ ‘ഖാൻഗാഹുകളുടെ’ സാന്നിധ്യവും സൂഫി സ്വാധീനത്തിന്റെ തെളിവുകളാണ്. അവയിലധികവും ഇന്ന് ആസൂത്രിതമായി പൊളിച്ചുനീക്കപ്പെടുകയോ, സിസിപിയുടെ കാർമികത്വത്തിൽ കമ്പിവേലികൾ കെട്ടി അടച്ചുവെക്കുകയോ ചെയ്തിരിക്കുന്നു.

പ്രദേശത്തു നിന്നും കണ്ടെടുക്കപ്പെട്ട പുരാതന ഖുർആൻ പ്രതികളും, 19-20 നൂറ്റാണ്ടുകളിലെ മറ്റു കയ്യെഴുത്തു പ്രതികളും, ഉയിഗൂറുകളുടെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യങ്ങളുടെയും കരുതിവെപ്പിന്റെയും പ്രമാണങ്ങളാണ്. പ്രദേശത്താകെ ആയിരത്തോളം മനോഹരമായ മസ്ജിദുകൾ നിർമിക്കപ്പെട്ടിരുന്നു. അവയിലധികവും സമീപകാലത്ത് സിസിപി പൊളിച്ചുകളഞ്ഞു! അവ അത്ര പ്രാധാന്യമുള്ള സ്ഥലങ്ങളല്ലായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവ പൊളിച്ചുമാറ്റാൻ ചൈനീസ് ഗവണ്മെന്റ് ബദ്ധപ്പെടുന്നത് എന്ന ചോദ്യമുയർത്താൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കരാഖാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനവും സിൽക്ക് റൂട്ടിന്റെ ‘രത്നവുമായിരുന്ന’ ‘കാഷ്ഗർ’, ഉയിഗൂറിന്റെ സമ്പന്നമായ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്ന വൈജ്ഞാനിക കേന്ദ്രമായി മാറുകയുണ്ടായി. മറ്റൊരു പട്ടണമായ ‘യെർഖന്തും’ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു ഡസനോളം മദ്റസകളുള്ള പ്രമുഖ ഇസ്‌ലാമിക/സാംസ്‌കാരിക പഠനങ്ങളുടെ ഭൂമികയായി മാറി. 12 ‘മുഖ’മുകൾ സ്ഥാപിതമായ, (ഉയിഗൂർ പാരമ്പര്യത്തിൽ കേന്ദ്രസ്ഥാനമലങ്കരിക്കുന്ന സൂഫി ക്ലാസ്സിക്കൽ നൃത്ത-സംഗീത രൂപം) ‘ക്വീൻ അമാനിസ ഖാന്റെ’ പേരിലുള്ള ഖാൻഗാഹും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്.

പതിനൊന്നാം നൂറ്റാണ്ടു മുതൽ ഭൂരിപക്ഷം ഉയിഗൂറുകളും മുസ്‌ലിംകളാണെന്നും, കിഴക്കൻ തുർക്മെനിസ്ഥാന്റെ ചരിത്രം ആഗോള മുസ്‌ലിം ചരിത്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നതല്ല എന്നും ഇതിനാൽ വ്യക്തമാണ്. അധിക തുർകിക് മുസ്‌ലിംകളെയും പോലെ, ഉയിഗൂറുകളും അഹ്‌ലുസ്സുന്നയിൽ പെട്ടവരും, ഹനഫീ മദ്ഹബ് പിന്തുടരുന്നവരും, അഹ്‌ലുബൈത്തിനെ (പ്രവാചകകുടുംബവും അനുചരന്മാരും) അങ്ങേയറ്റം സ്നേഹിക്കുന്നവരുമാണ്. പ്രവാചക അനുചരനും എട്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനുമായ ഇമാം ജഅ്ഫർ സാദിഖിന്റെ (ഹബീബ് അലി അൽജിഫ്‌രിയും അദ്ദേഹത്തിന്റെ വംശാവലി കണ്ടെത്തുന്നത് ഇമാം ജഅ്ഫറിലാണ്) പേരിൽ കിഴക്കൻ തുർക്മെനിസ്ഥാനിലെ ‘ഖോതാൻ’ പട്ടണത്തിൽ ഉയിഗൂറുകൾ ഒരു മഖാം നിർമിച്ചിട്ടുണ്ട്. അതും സിസിപി പൊളിച്ചുകളയുകയാണുണ്ടായത്. ഉയിഗൂറുകളിലെ ഏതെങ്കിലുമൊരു വിഭാഗം പ്രായോഗിക ഇസ്‌ലാമിക ജീവിതം നയിക്കുന്നില്ല എങ്കിൽ അതിന്റെ കാരണം, രണ്ടാം ലോകയുദ്ധാനന്തരം മുതലാരംഭിച്ച കമ്മ്യൂണിസ്റ്റ്‌ പീഡനങ്ങളെ ഭയന്നാണ്. തുർക്കിഷ് റിപ്പബ്ലിക്കുകളിലെ മതസാക്ഷരതയും പ്രയോഗങ്ങളും ഗണ്യമായ തകർച്ച നേരിടാൻ സോവിയറ്റ് മതവിരുദ്ധ പീഡനങ്ങൾ കാരണമായതു പോലെ. എന്നാൽ, മധ്യേഷ്യൻ റിപ്പബ്ലിക്കുകളിൽ അടിച്ചമർത്തൽ നയങ്ങൾ കുറഞ്ഞുവരികയും ആ പ്രദേശം സ്വാഭാവികമായും ഇസ്‌ലാമിക നവജാഗരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയാവർജകമാണ്. കിഴക്കൻ തുർക്കിസ്ഥാനിലെ മർദക നടപടികൾക്ക് വിരാമമാകുകയാണെങ്കിൽ ഉയിഗൂറിലെയും മതജീവിതം സ്വാഭാവികമായും ത്വരിതപ്പെടും.

ഉയിഗൂറുകൾക്കു നേരെയുള്ള ചൈനീസ് ഗവണ്മെന്റിന്റെ സ്ഥാപനവൽകൃത ആക്രമണങ്ങൾ, ഉയിഗൂർ പണ്ഡിതന്മാർ രചിച്ച ഗ്രന്ഥങ്ങൾ കണ്ടുകെട്ടുന്നതിലേക്കും, കിഴക്കൻ തുർക്കിസ്ഥാനിലെ അനേകം പുരാതന മുസ്‌ലിം പട്ടണങ്ങൾ തകർക്കുന്നതിലും കൊണ്ടെത്തിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത് ആ ഗ്രന്ഥങ്ങളുടെയും പട്ടണങ്ങളുടെയും ചരിത്രപരമായ പ്രാധാന്യത്തെയാണ്. ഉയിഗൂർ ഭാഷയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുക വഴി മതകീയ ഇടങ്ങളെ അടച്ചുപൂട്ടുകയും, ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളെ പ്രോപഗണ്ടാ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കുക വഴി, ഷണ്ഡീകരിക്കപ്പെട്ട, സ്റ്റേറ്റ് സ്പോൺസേർഡ്, മതരഹിത ഉയിഗൂർ സ്വത്വം സ്ഥാപിച്ചെടുക്കയുമാണ് ചെയ്യുന്നത്. ഉയിഗൂർ സംസ്കാരം തങ്ങൾക്കു ഭീഷണിയാണെന്നു മാത്രമല്ല, ഒരു സ്വതന്ത്ര രാജ്യത്തിനാവശ്യമായ ശക്തമായ സാമൂഹ്യഘടന സൃഷ്ട്ടിച്ചെടുക്കാൻ അതിനുള്ള ശേഷിയെയും അവർ തിരിച്ചറിയുന്നു.

ഉപരിസൂചിതമായ മുഴുവൻ കാര്യങ്ങളെയും മുൻനിർത്തിക്കൊണ്ട് നാമൊരു ചോദ്യമുന്നയിക്കേണ്ടതുണ്ട്. ശൈഖ് അവകാശപ്പെടുന്നതുപോലെ ഉയിഗൂറുകളിൽ അധികവും മുസ്‌ലിംകളല്ല എന്നു കരുതുക,  അതുപക്ഷേ അടിച്ചമർത്തലുകൾക്കെതിരിൽ എഴുന്നേറ്റുനിൽക്കുന്നതിൽ നിന്നു വിരമിക്കാൻ മാത്രം മറ്റു മുസ്‌ലിംകൾക്കുള്ള ഒരു ന്യായമാണോ? ചൈന ടിബറ്റൻ-ബുദ്ധിസ്റ്റുകളെ ആക്രമിക്കുമ്പോൾ ഇല്ലാത്ത ക്രോധം എന്തുകൊണ്ടാണ് മുസ്‌ലിംകളെ ആക്രമിക്കുമ്പോൾ മാത്രം നമുക്കുണ്ടാവുന്നതെന്ന് ശൈഖ് അദ്ദേഹത്തിന്റെ സംസാരത്തിനിടയിൽ സദസ്സിനോട് ചോദിക്കുന്നുണ്ട്. ഈ ചോദ്യം, ഉയിഗൂറുകളിൽ അധികവും മുസ്‌ലിംകളല്ല എന്ന ആദ്യ പ്രസ്താവനയുടെ വിരുദ്ധോക്തിയായി മാറുകയും, മതം നോക്കാതെയാണോ നാം അടിച്ചമർത്തലുകൾക്കെതിരെ പോരാടേണ്ടത് എന്ന കുഴക്കുന്ന ചോദ്യം സദസ്യരോട് ഉന്നയിക്കുകയുമാണ് ചെയ്യുന്നത്. തങ്ങളും മറ്റുള്ളവരും നേരിടുന്ന അടിച്ചമർത്തലുകളെ ചെറുക്കുക എന്നത് മുസ്‌ലിംകളുടെ മാത്രമല്ല, മുഴുവൻ ആളുകളുടെയും ബാധ്യതയാണ്. അത്തരം ബലാൽക്കാരങ്ങൾ ഒരു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങൾക്കെതിരാകുമ്പോൾ വിശേഷിച്ചും. കിഴക്കൻ തുർക്കിസ്ഥാനിലെ സ്വാതന്ത്ര്യപ്രസ്ഥാനം ടിബറ്റൻ/ഫലസ്തീനിയൻ/കാശ്മീരി സ്വാതന്ത്രപ്രസ്ഥാനങ്ങളോട് ഇതിനോടകം ഐക്യപ്പെട്ടിട്ടുണ്ട്. ഉയിഗൂറുകൾ അടിച്ചമർത്തപ്പെടാൻ തുടങ്ങിയിട്ട് വെറും നാലോ അഞ്ചോ വർഷങ്ങളേ ആയിട്ടുള്ളൂ എന്നതാണ് ശൈഖ് നടത്തുന്ന മറ്റൊരു അബദ്ധപ്രസ്താവന. ഇത് ഘടനപരമായ തെറ്റാണ് എന്നതു മാത്രമല്ല പ്രശ്നം. ടിബറ്റുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമർത്തലുകളോട് കിഴക്കൻ തുർക്കിസ്ഥാനിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ തെറ്റായി സമീകരിക്കാനും അതിനെ വിലകുറച്ചുകാണാനുമാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ ശ്രമിക്കുന്നത്. ഉയിഗൂർ ഭൂമിയിൽ എഴുപതിലേറെ വർഷങ്ങളായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന കോളനിവൽക്കരണത്തെ അദൃശ്യമാക്കുന്നു എന്നതാണ് ശൈഖിന്റെ പ്രസ്താവനയിൽ ഏറ്റവും അപഖ്യാതകരമായിട്ടുള്ളത്. ചൈനയുടെ നിലപാട് അത്ര മോശമാണെങ്കിൽ, കോളനിവൽക്കരണത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാർക്ക് കൊറോണ വൈറസ് പിടിപെടുമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വസ്തുതയെ അദൃശ്യമാക്കുന്നത്. ഈ വസ്തുതാവിരുദ്ധമായ സമീകരണങ്ങളെ നമുക്ക് പിന്നീട് കൈകാര്യം ചെയ്യാം. ചുരുക്കത്തിൽ, ഉയിഗൂർ സ്വത്വം അറബ് സ്വത്വത്തെ പോലെതന്നെ ഇസ്‌ലാമികമാണെന്നും, ചൈനീസ് അധിനിവേശം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടു കാലത്തോളമായി എന്നും നമുക്ക് മനസ്സിലാക്കാം

2- ഉയിഗൂറുകൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ മതപരമല്ല, രാഷ്ട്രീയപരമാണെന്ന് അദ്ദേഹം വാദിക്കുന്നു.

ഈ വാദം പരിഗണിക്കുന്നതിനു മുൻപ്, ചില വ്യവഹാരങ്ങൾ മതപരം, ചിലത് മതേതരം എന്ന തെറ്റായ വേർതിരിവിന് ഇസ്‌ലാമിൽ സാധുതയില്ല എന്ന് ആമുഖമായി സൂചിപ്പിക്കട്ടെ. രാഷ്ട്രീയ (political) വ്യവഹാരങ്ങൾ മതത്തിൽ നിന്നും മുക്തമല്ല, അപ്രകാരം, മതവ്യവഹാരം എന്നാൽ അരാഷ്ട്രീയം എന്നും അർഥമില്ല. സിയാസ അഥവാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ അധിക നിയമങ്ങളും പൊതുവായിരിക്കുമ്പോൾ തന്നെ, അവയിൽ ചിലത് ശരീഅത്തിന്റെ തെളിവുകളാൽ (അദില്ല അശ്ശർഇയ്യ) ബന്ധിതമാണ്. ഇസ്‌ലാമിന്റെ നൈതികവും ധാർമികവുമായ നിയമങ്ങളാൽ ബന്ധിതമായ ഭൂമികയായിട്ടാണ് രാഷ്ട്രീയത്തെ മുസ്‌ലിംകൾ എല്ലാകാലത്തും വീക്ഷിച്ചിട്ടുള്ളത്. സാമ്പത്തികം, കുടുംബജീവിതം എന്നുതുടങ്ങി ജീവിതത്തിന്റെ മറ്റെല്ലാ അടരുകളിലും ഒരു മുസ്‌ലിം പാലിക്കുന്ന ധാർമിക അതിരുകൾ രാഷ്ട്രീയത്തെയും കവിഞ്ഞുനിൽക്കുന്നതാണ്.

കോളനിവൽക്കരണത്തെ ഒരു രാഷ്ട്രീയ പ്രതിഭാസമായി മനസ്സിലാക്കപ്പെടുമ്പോൾ തന്നെ, ഉയിഗൂർ ജനതക്കെതിരെയുള്ള ചൈനീസ് അധിനിവേശങ്ങളുടെ പശ്ചാത്തലവും കാരണവുമായി പ്രത്യക്ഷപ്പെടുന്നത് മതമാണ് എന്ന വസ്തുതയെ നിരാകരിക്കാനാവില്ല. ഉയിഗൂറുകൾക്കെതിരെയുള്ള ചൈനീസ് അക്രമങ്ങളെ അവർ ബ്രാൻഡു ചെയ്യുന്നത് ‘ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള’ പോരാട്ടം എന്ന ലേബലിലാണ്. ഇത് ‘ആഗോള ഭീകരവിരുദ്ധ യുദ്ധമെന്ന’ (war on terror) മിഥ്യയോട് അനുഭാവപ്പെടുന്നുണ്ട്. അപ്രകാരം തങ്ങളുടെ നയങ്ങളെ വെളുപ്പിച്ചെടുക്കുകയും കിഴക്കൻ തുർക്കിസ്ഥാനിൽ അവർ നടത്തുന്ന കിരാതവാഴ്ചകൾക്കെതിരെ ഉയരുന്ന മുറവിളികളിൽ നിന്ന് അവരെ രക്ഷിച്ചെടുക്കുകയും ചെയ്യുന്നു. ‘മുസ്‌ലിം ഭീകരത’ എന്ന വ്യാജോക്തിയെ ഉത്തേജിപ്പിച്ചു കൊണ്ട് നിഷ്കളങ്കരായ മുസ്‌ലിംകൾക്കെതിരെയുള്ള അക്രമങ്ങളെ ന്യായീകരിക്കുന്ന മോഡിയുടെ ഇന്ത്യയും നിരവധി പാശ്ചാത്യൻ രാഷ്ട്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അതേ തന്ത്രമാണിതും.

അതേസമയം, ഈ പ്രശ്നം മതപരം മാത്രമാണ് എന്ന അഭിപ്രായം നമുക്കില്ല. അങ്ങനെയായിരുന്നെകിൽ, ഒരു പ്രദേശത്തിനും മേൽ അവകാശവാദങ്ങളില്ലാതിരുന്നിട്ടും ‘ഹുയി’ മുസ്‌ലിംകൾക്ക് ഉയിഗൂറുകളെയും തുർകിക് മുസ്‌ലിംകളെയും പോലെ കോൺസൻട്രേഷൻ ക്യാമ്പുകളിലും ജയിലുകളിലും കഴിയേണ്ടി വരില്ലായിരുന്നു. ചരിത്രപരമായി ഹുയി മുസ്‌ലിംകൾ ചൈനീസ് സ്റ്റേറ്റ് ഭക്തന്മാരായിരുന്നു. കിഴക്കൻ തുർക്കിസ്ഥാൻ റിപ്പബ്ലിക്കിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ ആദ്യമായി 1933-ലും പിന്നീട് 1944-ലും പ്രധാന പങ്കുവഹിച്ചവരാണ് ഹുയി മുസ്‌ലിംകൾ. എന്നാൽ ഇതൊന്നും അവരെ രക്ഷിച്ചില്ല. അവരും, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മറ്റു ആദർശ സമുദായങ്ങളും ഇന്ന് സിസിപിയുടെ മതപീഡനങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കൂടി സിസിപിയുടെ പ്രഖ്യാപിത ‘രാഷ്ട്രീയ പദ്ധതിയിലെ’ മതപ്രഭാവം ഇതു വെളിവാക്കുന്നു. മതത്തിന് യാതൊരു പങ്കുമില്ലെങ്കിലും, വംശഹത്യയും സാംസ്‌കാരിക അധിനിവേശവും ലക്ഷ്യംവെച്ചുകൊണ്ട് വലിയ വിഭാഗം ആളുകളെ ജയിലുകളിലും ക്യാമ്പുകളിലും തള്ളുന്നതും അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്നതും അങ്ങേയറ്റം പൈശാചികമാണ്. ഉയിഗൂറുകളിലെ സിംഹഭാഗവും, മധ്യേഷ്യയിലെ തുർകിക് സ്വത്വവും തികച്ചും മതകീയമാണ്. മലായ് വിഭാഗത്തെ പോലെ ഉയിഗൂറുകളും തുർകിക് മുസ്‌ലിംകളും കഴിഞ്ഞ നൂറ്റാണ്ടിനിടക്ക് ചരിത്രപരമായി വികസിച്ചുവന്ന മുസ്‌ലിം ഐഡന്റിറ്റികളാണ്. 1930 വരെ ഉയിഗൂർ എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നില്ല. അവരും തുർകിക് മുസ്‌ലിംകളും മുസൽമാൻ/തുർകി/യെർലിക് (പ്രാദേശികമായി) എന്നീ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. തുർകിസ്ഥാനികളുടെ ജീവിതത്തിൽ നിന്ന് മതത്തെ പിഴുതുകളയാൻ എന്താണ് ചൈനയെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച പര്യാലോചനകൾക്ക് വക നൽകുന്നതാണിത്. തുർകിസ്ഥാനികളുടെ സാംസ്കാരികവും ചരിത്രപരവുമായ സാന്നിധ്യത്തെ നിർണയിക്കുന്നതിൽ ഇസ്‌ലാമിനുള്ള പങ്ക് നിർണായകമാണെന്നു മനസ്സിലാക്കിയ സിസിപി, അവരിൽ നിന്ന് മതം പറിച്ചുകളഞ്ഞാൽ ദുർബലരും അലക്ഷ്യരുമായ ഒരു സമുദായത്തെ സൃഷ്ടിച്ചെടുക്കാം എന്നു കണക്കുകൂട്ടി. അപ്രകാരം അവരെ സ്റ്റേറ്റിന്റെ മൂകഭക്തന്മാരായി പരിവർത്തിപ്പിക്കാമെന്നും, ഭൂരിപക്ഷം നാസ്തികരും നാമമാത്രമായി കൺഫ്യൂഷൻ, ബുദ്ധിസ്റ്റ്, താവോയിസ്റ്റ് ഹാൻ ചൈനക്കാരും ഉൾപ്പെടുന്ന വിശാല ചൈനീസ് ജനസംഖ്യയിലേക്ക് ചേർക്കാമെന്നും അവർ കരുതി. പ്രത്യക്ഷത്തിൽ വൈരുധ്യമെന്നു തോന്നാവുന്ന ചൈനയുടെ ‘ക്യാപിറ്റലിസ്റ്റ്’ തൊഴിൽ ഘടനയിലൂടെ അവർ വലിയ ചൂഷണങ്ങൾക്കിരയായി എന്നതു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലലോ. ഭൂരിപക്ഷം ചൈനീസ് ജനതയും അനുഭവിക്കുന്ന പ്രതിസന്ധിയാണിത്.

ഉയിഗൂറുകളുടെ പ്രതിസന്ധികൾ മതപരമല്ല എന്നു പറയുന്നതിലൂടെ, അവർ നമ്മുടെ മതബോധങ്ങളുടെ പരിഗണനക്കു പുറത്താവുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ ദൈവഭക്തന്മാരുടെ അവകാശങ്ങൾ സിസിപി ലംഘിക്കുന്നതു കാണുമ്പോൾ നമ്മുടെ രക്തം ചൂടുപിടിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആഗോള മുസ്‌ലിംകൾ ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തെ അപലപിക്കുകയും അതിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നുണ്ട്. ശൈഖിന്റെ വാദമനുസരിച്ച് അതും ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗവും, മുസ്‌ലിംകളുടേത് വെറും അനാവശ്യമായ ഒച്ചപ്പാടുകളും മാത്രമാണ്. ഇസ്രായേൽ ഭരണകൂടം മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ ഫലസ്തീനികളെ ഒരുപോലെ അടിച്ചമർത്തുന്നു. സിസിപിയാകട്ടെ മുസ്‌ലിംകളെ ഒറ്റതിരിച്ചിരിക്കുകയാണ്. കിഴക്കൻ തുർക്കിസ്ഥാനിലെ മുസ്‌ലിംകളെ പ്രത്യേകിച്ച്. ഇവിടെയും നമ്മൾ കാണുന്നത്, മുസ്‌ലിംകളും മറ്റുള്ള എല്ലാവരും ഒന്നിച്ചെതിർക്കേണ്ട, മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമസ്യയാണ്. ഫലസ്തീനിന് സ്വാതന്ത്ര്യം ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്നതു പോലെ, കിഴക്കൻ തുർക്കിസ്ഥാനിലെ ജനങ്ങൾക്കും സ്വാതന്ത്രം ലഭിക്കാൻ നാം പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും വേണം.

ചൈനീസ് ഭരണഘടന മതസ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും, പ്രായോഗിക ഇസ്‌ലാം ചൈനയിൽ നിരോധിക്കപ്പെട്ടതാണ്. ഇസ്‌ലാമിക ഗ്രന്ഥങ്ങളും പേരുകളും നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ പാലിക്കുന്നതും ആചരിക്കുന്നതും നിരോധിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഇസ്‌ലാമിക സ്ഥാപനങ്ങൾ പൊളിച്ചുനീക്കപ്പെടുകയോ ചൈനീസ് പ്രൊപഗണ്ടാ കേന്ദ്രങ്ങളായി പരിവർത്തിപ്പിക്കപ്പെടുയും ചെയ്തു. മതപണ്ഡിതന്മാർ അപ്രത്യക്ഷരാവുകയോ, വധശിക്ഷക്കും ജീവപര്യന്തം തടവുശിക്ഷക്കും വിധേയരാവുകയോ ചെയ്യുന്നു.

ഈ സംഭവങ്ങൾ ചൈനീസ് അതിർത്തിക്കുള്ളിൽ പോലും പരസ്യപ്പെട്ടിട്ടില്ല. ചൈനീസ് മാധ്യമവൃന്ദങ്ങൾ പോലും ഈ സംഭവങ്ങളെ നിഷേധിക്കുകയാണു ചെയ്യുന്നത്. പകരം മാധ്യമങ്ങൾ ചില മത ആചാരങ്ങളെ ബോധപൂർവം പ്രക്ഷേപണം ചെയ്യുന്നുണ്ട്. സിസിപി ഇസ്‌ലാമിന്റെ ശക്തി പ്രദർശിപ്പിക്കാനുള്ള ഗവണ്മെന്റ് നാട്യങ്ങൾ മാത്രാമാണിത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും, പ്രത്യേകിച്ച് മുസ്‌ലിംകളായവരെ കിഴക്കൻ തുർക്കിസ്ഥാനിലെ സഹവർതിത്തത്തിന്റെയും ആഹ്ലാദത്തിന്റെയും കപടനാട്യങ്ങൾ നേരിൽ കാണുന്നതിനു ക്ഷണിക്കപ്പെടാറുണ്ട്. എന്നാൽ ഉയിഗൂറുക്കൾക്ക് അതു വെറും തുറന്ന ജയിലുകല്ലാതെ മറ്റൊന്നുമല്ല. അൽബേനിയൻ അക്കാദമീഷ്യനും മാധ്യമപ്രവർത്തകനുമായ ഡോ:ഒൽസി ജസേഹി, സിസിപി സ്പോൺസർ ചെയ്ത അത്തരമൊരു യാത്രയുടെ അനുഭവങ്ങൾ പിന്നീട് പങ്കുവെക്കുകയുണ്ടായി. ഈസ്റ്റ്‌ തുർക്കിസ്ഥാനിലെ ചില പള്ളികളിലേക്ക് അവരെ കൊണ്ടുപോവുകയുണ്ടായി. അവിടെ പള്ളിയും മതസ്വാതന്ത്രവുമുണ്ടെന്ന് പുറംലോകത്തെ അറിയിക്കാനുള്ള സിസിപിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഗ്രാൻഡ് ഉംറുഖി ബസാറിനടുത്തെ ഒരു പള്ളിയിലേക്ക് സാഹസപ്പെട്ടു കയറിയതും അതിനടുത്ത് ചെറിയൊരു സ്റ്റോർ മാത്രമാണ് കാണാനായതെന്നും അദ്ദേഹം പറയുന്നുണ്ട്. സന്ദർശനത്തിനിടെ ഒരു കോൺസൻട്രേഷൻ ക്യാമ്പും അദ്ദേഹം കാണുകയുണ്ടായി. സിസിപി ‘വൊക്കേഷണൽ ട്രെയിനിങ് സെന്റർ’ (തൊഴിൽ പരിശീലന കേന്ദ്രം) എന്നാണത്രെ അതിനെ പരിചയപ്പെടുത്തിയത്!

ഒരു മരുഭൂമിയുടെ മധ്യത്തിലായാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. അമേരിക്കയിലെ ‘അൽക്കാർട്ടസ്(Alkartaz)’ ദ്വീപുകളുടേതിന് സമാനമാണ് ഈ കേന്ദ്രം. ആദ്യകാഴ്ചയിൽ ക്രിമിനലുകളെയും ഭീകരവാദികളെയും സാമൂഹ്യദ്രോഹികളെയുമായിരുന്നു ഞങ്ങൾ അവിടെ പ്രതീക്ഷിച്ചിരുന്നത്. ‘ക്രിമിനലുകളെ’ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഞങ്ങൾക്കു മുൻപിൽ ഹാജരാക്കിയത്. വർഷങ്ങളായി തടവിലടക്കപ്പെട്ട പതിതരായ ആൺകുട്ടികളും പെൺകുട്ടികളും അവർക്കിടയിലുണ്ടായിരുന്നു. ഞങ്ങൾക്കു മുൻപിൽ ചൈനീസ്/ഉയിഗൂർ/വെസ്റ്റേൺ നൃത്തങ്ങൾ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടു. അവർ ആടുകയും പാടുകയും ചിരിക്കുകയും ചെയ്യുമ്പോൾ മാത്രം വീഡിയോ പകർത്താനാണ് അധികൃതർ ഞങ്ങളോട് ആവശ്യപ്പെട്ടത്. എല്ലാവരും ഉയിഗൂറുകളാണെങ്കിലും ചൈനീസ് ഭാഷയായിരുന്നു അവർ സംസാരിച്ചിരുന്നത്. അൽബേനിയൻ-കനേഡിയൻ ഇരട്ട പൗരത്വമുള്ള ജസേഹി, ചൈനയുടെ സാമ്പത്തിക ഭീഷണി തന്ത്രങ്ങളെ വെളിപ്പെടുത്തിയതിന് യൂണിവേഴ്സിറ്റി സ്ഥാനത്തുനിന്നും പുറത്താക്കപ്പെടുകയുണ്ടായി. കിഴക്കൻ തുർക്കിസ്ഥാൻ അവസ്ഥകളുടെ വസ്തുതാപരമായ റിപ്പോർട്ടിങ്ങിന്റെ പേരിൽ ചൈന അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തി. സിസിപിയുടെ അടിച്ചമർത്തലുകളെ കുറിച്ചും, സാമ്പത്തികവും നയതന്ത്രപരവും അക്കാദമികവുമായ മേഖലകളിൽ പോലും അതുണ്ടാക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ചും അദ്ദേഹം റിപ്പോർട്ടിൽ സൂചിപ്പിക്കുകയുണ്ടായി.

കിഴക്കൻ തുർക്കിസ്ഥാൻ അതിർത്തിക്കുള്ളിൽ മില്യൺ കണക്കിന് ഹാൻ ചൈനീസ് വംശജരെ ഗവൺമെന്റ് സഹായത്തോടെ കുടിയിരുത്തപ്പെടുമ്പോഴാണ് ‘സഹവർത്തിതം’ എന്ന ഗവൺമെന്റ് ഭാഷ്യം പൂർത്തിയാകുന്നത്. അതേസമയം, ഉയിഗൂറുകളെ ചൈനീസ് കേന്ദ്രപ്രദേശങ്ങളിലേക്ക് നിർബന്ധിത തൊഴിലാളികളായും, ജയിൽപുള്ളികളായും വ്യവസ്ഥാപിതമായി തന്നെ ‘കടത്തപ്പെടും’. കിഴക്കൻ തുർക്കിസ്ഥാനിലെ ഉയിഗൂർ ജനസംഖ്യയുടെ തിരോധാനം കണ്ടില്ലെന്നു നടിക്കാനാവില്ല. തദ്ദേശീയരെ പുറത്താക്കിക്കൊണ്ട് കൂടുതൽ ഹാൻ ചൈനീസ് വംശജന്മാർ കിഴക്കൻ തുർക്കിസ്ഥാനിൽ കുടിയിരുത്തപ്പെടുന്നതോടെ, സിസിപി അവിടുത്തെ പൗരാണികമായ മസ്ജിദുകളും, വീടുകളും, ആശ്രമങ്ങളും തകർത്തുകൊണ്ട് പുതിയ അധിവാസികൾക്കുള്ള സൗകര്യമൊരുക്കും.

പുതിയ അധിവാസികൾ ഉയിഗൂറുകളുടെ സ്വയംഭരണാധികാരത്തെ അപ്രത്യക്ഷമാക്കുകയും, ശേഷിക്കുന്ന ഉയിഗൂറുകൾക്കു മേൽ അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്യും. ഹാൻ ചൈനീസ് വംശജർ സ്റ്റേറ്റിന്റെ ചാരന്മാരായി ഉയിഗൂറുകളുടെ സകല നീക്കങ്ങളും നിരീക്ഷിക്കുന്നതിനു വേണ്ടി ഉയിഗൂറുകൾക്കൊപ്പം അവരുടെ വീട്ടിൽ ‘വല്യേട്ടന്മാരായി’ ജീവിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ചെറിയ കുറ്റങ്ങൾക്കു പോലും ഉയിഗൂറുകളെ ജയിലിലടക്കാൻ സ്റ്റേറ്റിനെ സഹായിക്കുന്നത് ഇവരാണ്. കേവലമായ ജനസംഖ്യാ എഞ്ചിനീയറിങ്ങുകൾക്കും വംശഹത്യകൾക്കുമുപരി, ഉയ്ഗൂർ പട്ടണങ്ങളെയും പൈതൃകസ്വത്തുക്കളെയും തകർക്കുക വഴി ചൈന ലക്ഷ്യമിടുന്നത് കിഴക്കൻ തുർക്കിസ്ഥാനെ അതിന്റെ സംസ്കാരത്തിൽ നിന്നും വേരോടെ പിഴുതെറിയാനും, യാതൊരു പൈതൃകങ്ങളുമില്ലാത്ത സ്വയം-ആന്തരികവൽക്കരിക്കപ്പെട്ട ഒരു സമുദായത്തെ സൃഷ്ടിച്ചെടുക്കാനുമാണ്. അപ്രകാരം അവരെ സദാ ഹാൻ ചൈനീസ് വംശജരുടെ നിരീക്ഷണത്തിലുള്ള ജയിൽ പുള്ളികളാക്കി മാറ്റിയെടുക്കാനാകും. പൗരാണികമായ പട്ടണങ്ങളെയും പൈതൃകങ്ങളെയും തകർക്കുക എന്നത് കമ്മ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ തന്ത്രമാണ്. “ഒരു വിഭാഗത്തെ നശിപ്പിക്കണമെങ്കിൽ ആദ്യം അവരുടെ വേരുകളെ പിഴുതുകളയുക” എന്ന് ഈ തന്ത്രത്തെപ്പറ്റി ‘അലക്സാണ്ടർ സോൾസെനിറ്റ്സിൻ നിരൂപിക്കുന്നുണ്ട്.

പൂർവ തടവുകാരിൽ ഒരാളായ ആദിൽ അബ്ദുൽഗഫൂർ, ഈ ലേഖനത്തിന്റെ സഹഎഴുത്തുകാരിയായ ഐദിൻ അൻവറിനു നൽകിയ അഭിമുഖത്തിൽ, ചൈനീസ് അധികൃതർ എങ്ങിനെയാണ് തങ്ങളെ ലക്കുകെട്ട് മർദിച്ചിരുന്നതെന്നും, ഉറക്കത്തിൽ ബിസ്മില്ലാഹ് എന്നു പറഞ്ഞുപോയതിന് 25 കിലോ കനമുള്ള സിമന്റുകട്ട തന്റെ കഴുത്തിൽ ഒരു മാസത്തോളം തൂക്കിയിട്ടതിനെക്കുറിച്ചും പറയുന്നുണ്ട്. മതം ആചരിച്ചതിന്റെ പേരിൽ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കപ്പെട്ട എണ്ണമറ്റ ഉയിഗൂർ പുരുഷന്മാരും സ്ത്രീകളും ബലാത്സംഗത്തിനും നിർബന്ധിത ഷണ്ഡീകരണത്തിനുമിരയായി. അവരുടെ അവയവങ്ങൾ ചൂഴ്ന്നെടുക്കപ്പെട്ടു. ചെറിയ കാരണങ്ങൾക്കു പോലും ഉയിഗൂറുകൾ വളരെ നീണ്ടകാലം ജയിൽശിക്ഷക്കു വിധേയരായി. മഫ്ത ധരിച്ചതിന് ഒരു സ്ത്രീ പത്തുവർഷത്തോളം തടവുശിക്ഷ അനുഭവിച്ചു. മറ്റൊരു കസാഖ് പുരുഷനെ, അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ നിന്ന് ഖുർആനിന്റെ ഓഡിയോ റെക്കോർഡുകൾ കണ്ടെത്തിയതിന്റെ പേരിൽ 16 വർഷത്തോളമാണ് ജയിൽശിക്ഷക്കു വിധിച്ചത്. അസ്സലാമു അലൈകും എന്ന അഭിവാദന വചനം ചൊല്ലിയതിനു പോലും 10 വർഷം ജയിൽശിക്ഷ അനുഭവിക്കുന്നവരുണ്ടെന്നു  ഞങ്ങളോടു സംസാരിച്ച പല ഉയിഗൂർ വ്യക്തികളും പറഞ്ഞു. ഇൻഷാ അല്ലാഹ് എന്നു പറയുന്നതും നിരോധിക്കപ്പെട്ടതാണ്. ഉയിഗൂറുകളുടെ പതിതാവസ്ഥയെ കുറിച്ച് ചിത്രീകരിക്കപ്പെട്ട ഒരു ഡോക്യൂമെന്ററിയിൽ, ഖുർആനും അറബി ഭാഷയും പഠിച്ചതിന്റെ പേരിലാണ് ഞാൻ ശിക്ഷിക്കപ്പെട്ടതെന്ന് ഒരു സ്ത്രീ ഇന്റർവ്യൂവറോടു പറയുന്നുണ്ട്. ജയിൽപുള്ളിയായിരിക്കെ പോർക്ക് കഴിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെട്ടതിന്റെ അനുഭവം മറ്റൊരു മനുഷ്യൻ അതേ ഡോക്യുമെന്ററിയിൽ പങ്കുവെക്കുന്നുണ്ട്. പല അവസരങ്ങളിലും ‘അല്ലാഹ്’ എന്ന പദത്തിനു പകരം പാർട്ടിയുടെയോ (സിസിപി) ചൈനീസ് പ്രസിഡന്റ്‌ സി ജിൻപിങ്ങിന്റെയോ പേരുച്ചരിക്കാൻ തടവുകാർ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്.

3- കിഴക്കൻ തുർക്കിസ്ഥാനിനു വേണ്ടി ആളുകൾ ശബ്‌ദിക്കുന്നതിന്റെ ഉദ്ദേശ്യം ചൈനയെ പുതിയ ഒരു ‘സിൽക്ക് റൂട്ട്’ (വ്യാപാര പാത) ഉണ്ടാക്കുന്നതിൽ നിന്നും, അമേരിക്കയെ പോലെ വമ്പൻ സാമ്പത്തിക ശക്തിയായി വളരുന്നതിൽ നിന്നും തടയുക എന്നതാണെന്ന് ഷെയ്ഖ് വാദിക്കുന്നു.

ഈ വാദം തുർക്കിസ്ഥാനി സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ചൈന v/s അമേരിക്ക എന്ന ബൈനറിയിലേക്കു ചുരുക്കിക്കളയുകയാണു ചെയ്യുന്നത്. അപ്രകാരം പതിറ്റാണ്ടുകളോളം നീണ്ട ചൈനീസ് അധിനിവേശത്തെ അദൃശ്യമാക്കുകയും ചെയ്യുന്നു. 1759-ൽ മഞ്ചു ക്വീങ് സാമ്രാജ്യം കിഴക്കൻ തുർക്കിസ്ഥാനിൽ അധിനിവേശം നടത്തുകയും അതിന്റെ കോളനിയാക്കുകയും ചെയ്തു. എന്നാൽ 1863-ൽ ഉയിഗൂറുകൾ ക്വിങ് ഭരണത്തിനെതിരിൽ വിപ്ലവം നയിക്കുകയും അവരെ തകർത്തുകൊണ്ട് ‘യാഖുബ് ഖാന്റെ’ നേതൃത്വത്തിൽ ‘കാഷ്ഗരിയ’ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ കിഴക്കൻ തുർക്കിസ്ഥാൻ എന്നറിയപ്പെടുന്നത്. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ക്വിങ്ങുകൾ ഉയിഗൂറിനെ വീണ്ടും ആക്രമിച്ചു. ഇത്തവണ ഉയിഗൂറുകളുടെ ജന്മഭൂമി പൂർണമായും പിടിച്ചെടുക്കപ്പെടുകയും ‘സിൻജിയാങ്’ എന്ന ചൈനീസ് സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്തു. 1911-ൽ ദേശീയ വാദികൾ മഞ്ചു ക്വിങ് സാമ്രാജ്യത്തെ കീഴ്പ്പെടുത്തുകയും കിഴക്കൻ തുർക്കിസ്ഥാനെ ദേശീയ ഭരണത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്തു. ഉയ്‌ഗൂറുകൾ അനവധി വിപ്ലവങ്ങൾ നടത്തുകയും 1933-ലും 1944-ലും കിഴക്കൻ തുർക്കിസ്ഥാൻ ഇസ്‌ലാമിക് റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ സോവിയറ്റ് രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങിക്കൊണ്ട്, സൈനിക ഇടപെടലുകൾ മുഖേനെ ചൈനീസ് ഗവണ്മെന്റ് ഈ പ്രദേശങ്ങളെ തിരിച്ചു പിടിക്കുന്നത് വരെയുള്ള ചെറിയൊരു കാലയളവിൽ മാത്രമാണ് ഈ ഭരണകൂടം നിലനിന്നത്. 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നപ്പോഴാണ് അധിനിവേശ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. അന്നു മുതൽ കിഴക്കൻ തുർക്കിസ്ഥാനികൾ വ്യസ്ഥാപിത വംശഹത്യക്ക് ഇരകളായികൊണ്ടിരിക്കുകയാണ്.

1933, നവംബർ 12ലെ കിഴക്കൻ തുർക്കിസ്ഥാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം Credit: Muslim Matters

അടിച്ചമർത്തലുകൾക്കെതിരെ പോരാടുന്ന മുസ്‌ലിം ജനതയെ അസാധുവാക്കുന്നതും, അവരെ അമേരിക്കൻ പാവകളായി കരുതുന്നതും അങ്ങേയറ്റം നിരാശാജനകമാണ്. സി ജിപിങ്ങിന്റെ ചൈന തുർക്കിസ്ഥാനിൽ അവരുടെ കിരാതവാഴ്ചയെ സ്ഥാപിച്ചെടുക്കുമ്പോഴും, മറുവശത്ത് ‘വൺ ബെൽറ്റ്‌ വൺ റോഡ് (OBOR) എന്ന മൾട്ടി-ട്രില്യൺ പദ്ധതിയാവിഷ്ക്കരിച്ചുകൊണ്ട് തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കാനും, ചൈനീസ് അധീശത്വമുള്ള സാമ്പത്തിക-രാഷ്ട്രീയ ക്രമം ലോകത്തു നടപ്പിലാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിൽ റെയിൽറോഡുകളുടെയും, ഗ്യാസ് പൈപ്പ് ലൈനുകളുടെയും, മറ്റു പദ്ധതികളുടെയും രൂപത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ സാമ്പത്തിക പദ്ധതി യൂറേഷ്യൻ ജനത ഇതുവരെ ദർശിച്ചിട്ടില്ലാത്തതും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൻശക്തിയായി തങ്ങളെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. കിഴക്കൻ തുർക്കിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് യുറേഷ്യയിലേക്കും പാശ്ചാത്യൻ നാടുകളിലേക്കുമുള്ള ‘ചൈനീസ് ഗെയ്റ്റ് വേ’ എന്നു കരുതപ്പെടുന്ന പദ്ധതിയുടെ (അ)സാധ്യതകളെ കുറിച്ച ചോദ്യം ഉയരുന്നുണ്ട്. അതിനുപുറമേ, ഉയിഗൂറുകളുടെ ഭൂമിയായ, എണ്ണ-കൽക്കരി ഖനികളാൽ സമ്പന്നമായ കിഴക്കൻ തുർക്കിസ്ഥാന്റെ തന്ത്രപ്രധാന്യത്വവും ചർച്ചചെയ്യപ്പെടുന്നുണ്ട്. ചൈനയുടെ പ്രവിശ്യാതല ഭരണപ്രദേശങ്ങളിൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ പ്രകൃതി-വാതക സമ്പത്തുള്ളത് ഈ പ്രദേശത്താണെന്ന് 2016-ലെ കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 2015-ൽ 30 ബിസിഎം പ്രകൃതി-വാതകമാണ് അവിടെ നിന്നും ഉൽപാദിക്കപ്പെട്ടത്‌.

ആ ജനതയുടെ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യങ്ങളെ ആധുനിക വ്യവസായ വിചാരങ്ങളോട് സമീകരിക്കുക വഴി, സമ്പന്നവും സ്വതന്ത്രവുമായ അവരുടെ ചരിത്രവും, അത് തിരിച്ചുപിടിക്കാനുള്ള അവരുടെ ന്യായമായ പോരാട്ടങ്ങളുമാണ് നിരാകരിക്കപ്പെടുന്നത്. കോക്തുർക് ഖനാട്ടെ (552-744), ഉയിഗൂർ ഖനാട്ടെ (744-840), ഖരാകാനിദ് ഖനാട്ടെ (840-1212), ഖുൻസു ഉയിഗൂർ (848-1036), ഇദിഖുത്ത് (856-1335) തുടങ്ങിയ സാമ്രാജ്യങ്ങളെ സ്ഥാപിക്കുന്നതിൽ ഉയിഗൂറുകൾ നിർണായക പങ്കാണു വഹിച്ചത്. മംഗോൾ സാമ്രാജ്യവുമായി സഹവർത്തിച്ചുകൊണ്ടാണ് ഈ സാമ്രാജ്യങ്ങൾ നിലകൊണ്ടത്. ഭരണനിർവഹണ മേഖലകളിൽ പോലും ഉയിഗൂറുകൾക്ക് നിർണായകമായ പങ്കുണ്ടായിരുന്നു. ചെങ്കിസ് ഖാൻ ഉയിഗൂർ ലിപിയും ഉയിഗൂറുകളുടെ ‘യാസ’ നിയമസംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. ചാങ്തായ് ഖനാട്ടെക്ക് ശേഷം കിഴക്കൻ തുർക്കിസ്ഥാൻ വിശാല തുർകിക്-ഇസ്‌ലാമിക ഭൂമികയിലേക്കു ചേർക്കപ്പെട്ടു. ക്യാപ്സിയൻ തീരം മുതൽ ബുഖാറ, സമർഖന്ദ്, കോകന്ദ് എന്നീ പട്ടണങ്ങളും രാഷ്ട്രീയ സ്വത്വങ്ങളുമുൾപ്പെടുന്ന വിശാല തുർക്കിസ്ഥാനായി അതുമാറി. അതുകൊണ്ടുതന്നെ, ഉയിഗൂർ അധിനിവേശത്തെ ചീനോ-അമേരിക്കൻ രാഷ്ട്രീയ നോട്ടങ്ങളിലൂടെ വിലയിരുത്തുന്നത് വിഢിത്തമാണ്. അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക കിടമത്സരങ്ങളിൽ ചൈന പങ്കെടുത്തു തുടങ്ങുന്നതിനു മുൻപേ കിഴക്കൻ തുർക്കിസ്ഥാൻ അധിനിവേശം ആരംഭിച്ചിരുന്നു. ഉയിഗൂർ/തുർകിക്/മുസ്‌ലിം/കോളനിവിരുദ്ധ ആക്ടിവിസ്റ്റുകളാണ് തുർക്കിസ്ഥാൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുൻനിരയിലുള്ളത്. അഫ്ഗാൻ സോവിയറ്റ് അധിനിവേശങ്ങളെ ചെറുക്കാൻ അമേരിക്കയുടെ സഹായം തേടിയതുപോലെ, വിയറ്റ്നാം അമേരിക്കൻ അധിനിവേശങ്ങളെ ചെറുക്കാൻ ചൈനയുടെ സഹായം തേടിയത് പോലെ, ചൈനീസ് അധിനിവേശം ചെറുക്കാൻ ഉയിഗൂറുകൾ വൻശക്തികളുടെ സഹായം ആവശ്യപ്പെടുന്നുണ്ട്. സിസിപിയുടെ നേതൃത്വത്തിൽ വളരെക്കാലം ചൈന ഉയിഗൂറുകളെ ശ്വാസംമുട്ടിച്ചതു കൊണ്ട്, ഉയിഗൂറുകൾ ചൈനയെ മാതൃരാജ്യം എന്നതിലുപരി മറ്റൊരു തരത്തിലാവും പരിഗണിക്കുന്നുണ്ടാവുക.

കിഴക്കൻ തുർക്കിസ്ഥാനിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് പ്രസിഡന്റ് സി ജിൻപിങിന്റെ ചിത്രം

ഉയിഗൂറുകളുടെയും കിഴക്കൻ തുർക്കിസ്ഥാനികളുടെയും മതം ആചരിക്കാനും, സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഏർപ്പെടാനും, വധശിക്ഷകളെയും തടവുകളെയും മർദനങ്ങളെയും ഭയപ്പെടാതെ തങ്ങളുടെ ചരിത്ര-പാരമ്പര്യങ്ങളെ വീണ്ടെടുക്കാനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുമുള്ള ഏക മാർഗം, കയ്യേറ്റം ചെയ്യപ്പെട്ട അവരുടെ ജന്മഭൂമിയുടെ പരമാധികാരം അവർക്കു തിരികെ നൽകുക എന്നതാണ്. അനേകം ഉയിഗൂറുകളുടെ സ്വയംഭരണ-മനുഷ്യാവകാശങ്ങൾ മരവിച്ചുപോയിരിക്കുന്നു. ഉയിഗൂറുകൾക്ക് അവരർഹിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും ഉറപ്പുവരുത്താൻ തങ്ങൾ സന്നദ്ധമല്ല എന്ന് പതിറ്റാണ്ടുകൾ നീണ്ട കയ്യേറ്റങ്ങൾക്കിടയിൽ ചൈന തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഉയിഗൂറുകളെ ചൈന തങ്ങളുടെ ‘പ്രൗഢമായ 56 വംശീയ ന്യൂനപക്ഷങ്ങളിൽ’ ഒന്നായി എണ്ണുന്നു. ഉയിഗൂറുകളുടെ വ്യത്യസ്തമായ ഭാഷ, സംസ്കാരം, ചരിത്രം, സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ആഭ്യന്തര ഭീഷണി എന്നിവയെ മുൻനിർത്തി ‘വിദേശികളായി’ ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉയിഗൂർ ജനത അടിമകളാക്കപ്പെടുകയും തടവിലടക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. ഈ ഭീകരാവസ്ഥകളിൽ നിന്ന് ഒരു മടങ്ങിപ്പോക്ക് അവർക്കു സാധ്യമായിട്ടില്ല. ഉയിഗൂർ ജനതയ്ക്കു മുൻപിലുള്ള ഏക പരിഹാരം, ചൈനീസ് അധികാരത്തിനു പുറത്തുനിലകൊള്ളുന്ന സ്വയംഭരണ പ്രദേശമായി രൂപപ്പെടുക എന്നതാണ്.

4- കമ്മ്യൂണിസ്റ്റ്‌ സമഗ്രാധിപത്യവാദികളെ വൈറസ് ആക്രമിച്ചിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് കോവിഡ്-19 ദൈവികശിക്ഷയാകുന്നത് എന്ന് ശൈഖ് ചോദിക്കുന്നു.

പ്രപഞ്ചത്തിൽ നടക്കുന്ന ഒരു പ്രതിഭാസവും ദൈവിക ശിക്ഷയായണെന്ന് ഉറപ്പിച്ചുപറയാൻ നമ്മുക്കു സാധിക്കില്ല എന്നകാര്യത്തിൽ ശൈഖിനോട് യോജിക്കുന്നു. എന്നാൽ ശൈഖിന്റെ ലക്ച്ചറിൽ അദ്ദേഹം നിരൂപിച്ചെടുക്കുന്ന ചില കാര്യങ്ങളെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ഉയിഗൂറുകൾക്കെതിരെ അക്രമത്തിനു നേതൃത്വം നൽകിയ വ്യക്തികളെ ബാധിച്ചിട്ടില്ല എന്നിരിക്കെ കൊറോണവൈറസ് ദൈവിക ശിക്ഷയാണെന്ന് എങ്ങനെയാണ് യുക്തിപരമായി സ്ഥാപിക്കാൻ കഴിയുക എന്ന് ശൈഖ് ചോദിക്കുന്നു. അതിനോട് നമ്മൾ പ്രതിവചിക്കുന്നത്, മില്യൺ കണക്കിന് കോളനിവൽക്കരിക്കപ്പെട്ട ആളുകളെ -വിശേഷിച്ച് മില്യൺ കണക്കിന് മുസ്‌ലിംകളെ- ക്രൂശിക്കുന്ന ഒരു ഭരണകൂടത്തിന്റെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥകളെ ക്ഷയിപ്പിക്കുന്ന ഒരു വൈറസ് ദൈവിക ശിക്ഷയല്ല എന്ന് ഉറപ്പിക്കുന്നത് എങ്ങനെയാണ്? ആരോപണത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും അതിഭൗതിക ആലോചനകളിലേക്ക് ഈ ലേഖനം കടക്കുന്നില്ല. പക്ഷേ, അദ്ദേഹം ഉദ്ദേശിച്ച വ്യക്തികൾ(ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ) അസുഖബാധിതരായിട്ടില്ല എന്ന് എങ്ങനെ തിരിച്ചറിഞ്ഞു എന്ന ലളിതമായ ചോദ്യം അദ്ദേഹത്തോടു ചോദിക്കുന്നു.

അതിനുപുറമേ, എന്തുകൊണ്ടാണ് അത്തരമൊരു മർദക ഭരണകൂടത്തെ വൈറസ് അടിമുടി ഗ്രസിക്കാത്തത് എന്നും നമുക്ക്  ചോദിക്കാം. അല്ലെങ്കിൽ അക്രമം പ്രവർത്തിച്ച മുഴുവൻ ആളുകളെയും എന്തുകൊണ്ടാണ് ബാധിക്കാത്തത് എന്ന്. അതുമല്ലെങ്കിൽ അദ്ദേഹം ഉദ്ദേശിച്ച പ്രത്യേകം ചില വ്യക്തികളെ എന്തുകൊണ്ട് ബാധിക്കുന്നില്ല എന്നും.

എന്നാൽ വിഷയത്തിന്റെ മർമ്മമിതാണ്, കോൺസെൻട്രേഷൻ ക്യാമ്പുകളിലും തടവുകളിലും നിർബന്ധിത തൊഴിൽ കേന്ദ്രങ്ങളിലും കുടുങ്ങിപ്പോയ എത്ര ഉയിഗൂറുകൾക്ക്- സിസിപിയുടെ പിടിപ്പുകേടും അപര്യാപ്തതയും മൂലം ആഗോള ഭീഷണിയായി മാറിയ- വൈറസ് ബാധിച്ചിട്ടുണ്ട് എന്നു നമുക്കറിയില്ല. അവരുടെ എണ്ണം കുറവായിരിക്കും എന്നു പ്രത്യാശിക്കാം. എന്നാൽ ഉയിഗൂറുകളിലെ അസുഖബാധിതരുടെ എണ്ണം, സിസിപി പ്രശ്നക്കാരല്ലെന്നോ, ആണെന്നോ ഉള്ള കണക്കുക്കൂട്ടലുകൾക്കു ഹേതുവല്ല എന്നും നാം മനസ്സിലാക്കണം. മറ്റു മർദക ഭരണകർത്താക്കളല്ലേ ഈ പകർച്ചവ്യാധി കൂടുതൽ അർഹിക്കുന്നത് എന്നാണ് ശൈഖ് ചോദിക്കുന്നത്. ഒരിക്കൽ കൂടി ശൈഖിനോട് നമ്മൾ ചോദിക്കണം, ദൈവത്തിന്റെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യാൻ നമ്മളാരാണ്? ആമസോൺ കാടുകൾ കത്തിനശിച്ചത് തങ്ങളുടെ അതിർത്തികൾ അടച്ചുപൂട്ടിയ ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങൾക്കുള്ള ശിക്ഷയാണോ, അതോ മുഴുവൻ മനുഷ്യരാശിക്കുമുള്ള ശിക്ഷയോ, നമുക്കറിയില്ല.

ഒരു നടപടിയുടെ അധാർമികത തിരിച്ചറിയാൻ ദൈവികശിക്ഷ വന്നെത്തേണ്ട ആവശ്യമില്ല. നമ്മളൊരു തെറ്റുചെയ്തു എന്നു തിരിച്ചറിയാൻ നമ്മിലേക്ക്‌ ഇടിത്തീ വന്നുവീഴാൻ കാത്തുനിൽക്കേണ്ടതില്ല. അതേപ്രകാരം, കോവിഡ്-19 ദൈവികശിക്ഷയാണോ എന്നും നമുക്കറിയില്ല. എന്നാൽ ഉയിഗൂറുകൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ തികച്ചും അധാർമികവും, അന്താരാഷ്ട്ര ഇടപെടൽ (മുസ്‌ലിം കൂട്ടായ്മകളിൽ നിന്ന് വിശേഷിച്ചും) ആവശ്യമുള്ളതുമാണെന്ന കാര്യത്തിൽ സംശയമേതുമില്ല.

തോഖാ ബദ്റൻ, ഐദിൻ അൻവർ

നേരത്തെ സൂചിപ്പിച്ചതുപോലെ, ദൈവേച്ഛയ്ക്കു വ്യാഖ്യാനങ്ങൾ ചമക്കാൻ നാം ബദ്ധപ്പെടേണ്ടതില്ല. മറിച്ച്, ലോകത്തു നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ധാർമികമായ അനുഭവങ്ങളിൽ നിന്ന് ‘عبرة’ (ഗുണപാഠം) കൈക്കൊള്ളുക എന്നതാണ് നാം ചെയ്യേണ്ടത്. ആ വിശ്വാസം കൈക്കൊള്ളുമ്പോഴും നമ്മുടെ അനുമാനങ്ങൾ ‘ظني’ (കേവല അനുമാനം) ആണെന്നു തിരിച്ചറിയേണ്ടതുണ്ട്. നീതിക്കും മതസ്വാതന്ത്രത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ള നമ്മുടെ വിശ്വാസവും ചരിത്രവും, മുസ്‌ലിംകൾക്കും ഇസ്‌ലാമിനും നേരെ നടക്കുന്ന ബലാൽക്കാരങ്ങളെ അധാർമിക കൃത്യങ്ങളാണെന്നു പ്രഖ്യാപിക്കുന്നുണ്ട്.

പണ്ഡിതന്മാരുടെയും സാധാരണ മുസ്‌ലിംകളുടെയും ഇത്തരം തെറ്റായ അനുമാനങ്ങൾ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരിലൊരാളാണ് മിർസാ ഗുലാം അഹ്‌മദ്‌ ഖാദിയാനി. പ്രവാചകത്വം അവകാശപ്പെടുക വഴി ഇസ്‌ലാമിക വിശ്വാസങ്ങളിൽ നിന്നു പുറത്തായ അദ്ദേഹം വയറിളക്കവും ഛർദിയും ബാധിച്ച് ദാരുണമായി മരിക്കുകയാണുണ്ടായത്. ദൈവിക ശാസനകളെ വെല്ലുവിളിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പതനം ദൈവത്തിന്റെ ശിക്ഷയായാണ് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്. ഇത്തരം വ്യാഖ്യാനങ്ങളും അനുമാനങ്ങളും ചരിത്രത്തിലുടനീളം നിലനിന്നിട്ടുണ്ട്. എന്നാൽ ദൈവത്തിനാണ് എല്ലാ കാര്യങ്ങളും അറിയുക, വല്ലാഹു അഅ്‌ലം!

അനുബന്ധം

വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് ഹബീബ് അലി തന്റെ വിവാദ പ്രസ്താവനകൾ പിൻവലിച്ചതിനെയും അടിച്ചമർത്തപ്പെടുന്ന ഉയിഗൂറുകൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രാർഥനയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഒരു മാസത്തോളമെടുത്ത പ്രയത്നങ്ങളുടെ ഫലമായി ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ് പ്രസ്താവന പിൻവലിച്ചത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. മാത്രമല്ല അദ്ദേഹത്തിന്റെ മറ്റനേകം വാദങ്ങൾ പിൻവലിക്കപ്പെട്ടിട്ടുമില്ല. ഉയിഗൂർ ആക്ടിവിസ്റ്റ് അബ്ദുൽഗനി സാബിത്തുമായുള്ള ഓൺലൈൻ സംഭാഷണത്തിലൂടെ അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന മാത്രമാണ് പിൻവലിച്ചത്. മറ്റു മൂന്നു പ്രസ്താവനകളും തിരുത്തപ്പെട്ടിട്ടില്ല. ‘പണ്ഡിതൻ’ എന്ന സ്ഥാനം വഹിക്കുന്ന ഒരാൾക്കും കൊടുക്കേണ്ട എല്ലാ ആദരവുകളും അദ്ദേഹത്തിനു കൊടുക്കാൻ ലേഖകർ ശ്രദ്ധിച്ചിട്ടുണ്ട്. ഹബീബ് അലിയെയോ മറ്റു പണ്ഡിതന്മാരെയോ അപമാനപ്പെടുത്തുകയല്ല ഞങ്ങളുടെ ലക്ഷ്യം, മറിച്ച്, അദ്ദേഹത്തിന്റെ അബദ്ധധാരണകളെ തിരുത്തി, ഉയിഗൂറുകളെയും കിഴക്കൻ തുർക്കിസ്ഥാനികളെയും അടിച്ചൊതുക്കാൻ ശ്രമിക്കുന്ന ചൈനീസ് ഒളിയജണ്ടകളെ കുറിച്ച് അജ്ഞരായ മുസ്‌ലിം സമൂഹങ്ങൾക്ക് അതിനെക്കുറിച്ച അവബോധം പകർന്നുകൊടുക്കുക എന്നതാണ്.

(Edited)

വിവർത്തനം: അഫ്സൽ ഹുസൈൻ

തോഖ ബദ്റൻ, ഐദിൻ അൻവർ

കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ആന്ത്രോപോളജിയിലും ബിരുദം കരസ്ഥമാക്കിയിരിക്കുന്നു ലേഖികയായ തോഖ ബദ്റൻ. സഹലേഖിക ഐദൻ അൻവർ ഉയിഗൂർ അമേരിക്കൻ സാമൂഹിക പ്രവർത്തകയും നിലവിൽ ജസ്റ്റിസ് ഫോർ ഓൾ എന്ന മനുഷ്യാവകാശ സംഘടനയുടെ സേവ് ഉയിഗൂർ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

തോഖ ബദ്റൻ, ഐദിൻ അൻവർ

കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ആന്ത്രോപോളജിയിലും ബിരുദം കരസ്ഥമാക്കിയിരിക്കുന്നു ലേഖികയായ തോഖ ബദ്റൻ. സഹലേഖിക ഐദൻ അൻവർ ഉയിഗൂർ അമേരിക്കൻ സാമൂഹിക പ്രവർത്തകയും നിലവിൽ ജസ്റ്റിസ് ഫോർ ഓൾ എന്ന മനുഷ്യാവകാശ സംഘടനയുടെ സേവ് ഉയിഗൂർ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.