Campus Alive

ബീമാപ്പള്ളി: വംശീയ ജനാധിപത്യത്തിന്റെ സെലക്റ്റീവ് മറവികൾ

[2013 ൽ എ.സ്.ഐ.ഓ തിരുവനന്തപുരത്ത് വെച്ച് നടത്തിയ ‘വംശീയ ജനാധിപത്യത്തിനെതിരെയുള്ള ഓർമപ്പെടുത്തലാണ് ബീമാപ്പള്ളി’ എന്ന പരിപാടിയിൽ പ്രൊഫ: എ.സ്.എ.ആർ ഗീലാനി നടത്തിയ പ്രഭാഷണം]

“പരമകാരുണികനായ രക്ഷിതാവിന്റെ നാമത്തിൽ,

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

ബീമാപ്പള്ളി വെടിവെപ്പിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഞാൻ ഇന്നിവിടെ എത്തിയിരിക്കുന്നത്. എന്താണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ നടന്ന സംഭവത്തിനെ പറ്റി ഞാൻ നിങ്ങളെ പറഞ്ഞ് ബോധിപ്പിക്കണം എന്ന് കരുതുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമ്മൾ നേരിടുന്ന സമയത്ത്, ഏതൊരു തരത്തിലുള്ള സംവിധാനത്തിനെതിരെയാണ് നാം നിലകൊള്ളുന്നത് എന്നതിനെ കുറിച്ച് ഒരു കൃത്യമായ ബോധം നമുക്കുണ്ടാവണമെന്നാണ് ഞാൻ വിചാരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ നമുക്കെതിരെ നിലയുറപ്പിച്ചിട്ടുള്ള സ്റ്റേറ്റ് സംവിധാനത്തിന്റെ സ്വഭാവത്തെ കുറിച്ച്.  സുഹൃത്തുക്കളേ, ഇന്ത്യയിൽ ഇന്നുള്ള ഭരണകൂട സംവിധാനം ഒരു ജനാധിപത്യ വ്യവസ്ഥയാണെന്നാണ് അവകാശപ്പെടുന്നത്, വെറുമൊരു ജനാധിപത്യ സംവിധാനമെന്നല്ല, മറിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമാണെന്നാണ്. പക്ഷെ, അവരുടെ അവകാശവാദങ്ങൾ പോലെ ഈ സംവിധാനം അത്ര ജനാധിപത്യപരമായ ഒന്നാണോ എന്ന് നമുക്ക് പരിശോധിക്കാം. അല്ലെങ്കിൽ‍ ഈ സംവിധാനത്തിന്റെ സ്വഭാവം അത്രകണ്ട് ജനാധിപത്യപരമാണോ എന്നും നമുക്ക് നോക്കാം. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ പരീക്ഷണം ആ സംവിധാനത്തിനടിയിലെ ന്യൂനപക്ഷങ്ങളാണ്, ഒരു ജനാധിപത്യ സംവിധാനത്തെ വിലയിരുത്താൻ ഏറ്റവും നല്ല ഉപാധി ആ സംവിധാനത്തിനടിയിലുള്ള ന്യൂനപക്ഷത്തിന്റെ അവസ്ഥയും അഭിപ്രായങ്ങളം അനുഭവങ്ങളുമാണ്. അവർ സുരക്ഷിതരായിട്ടാണോ അല്ലെങ്കിൽ അരക്ഷിതരായിട്ടാണോ സംവിധാനത്തിനടിയിൽ നിലനിൽക്കുന്നത്? അവരുടെ അവകാശങ്ങൾ ആ സംവിധാനത്തിനടിയിൽ സംരക്ഷിക്കപ്പെടുന്നതായിട്ട് അവർക്ക് തോന്നുന്നുണ്ടോ? ഇത് മനസ്സിലാക്കാൻ വളരെ കാലം പിറകോട്ട് പോവുകയൊന്നും വേണ്ട. ഈയടുത്ത് നടന്ന ചുരുക്കം ചില സംഭവങ്ങൾ നമുക്ക് പരിശോധിക്കാം.

ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ, ഒരു ന്യൂനപക്ഷ സമുദായമായ സിഖ് സമുദായം തെരുവുകളിലാണെന്ന് നമുക്ക് കാണാൻ സാധിക്കും. 1984-ലെ സിഖ് കൂട്ടകൊലയിലെ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അവരുടെ പ്രതിഷേധം. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് നടന്ന നരഹത്യയിൽ ആയിരത്തിലേറെ സിഖുകാരാണ് ഡൽഹിയിൽ മാത്രം കൊല്ലപ്പെട്ടത്. എന്നാൽ ഇന്ന് ഈ ദിവസം വരെ, ഈ നരഹത്യയുടെ ആസൂത്രകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ഈ സംവിധാനത്തിന് സാധിച്ചിട്ടില്ല. അതിന്റെ ഇരകൾ ഇപ്പോഴും ഇതിന്റെ പിന്നാലെ നടക്കുമ്പോഴും യാതൊരു തരത്തിലുമുള്ള നീതിയും ഇത് വരെ അവർക്ക് ലഭ്യമാക്കാൻ ഈ സംവിധാനം തുനിഞ്ഞിട്ടില്ല. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ നിങ്ങൾ കണ്ടതാണ്. അതിന്റെ ആസൂത്രകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, അവരിന്ന് ഒരു സംസ്ഥാനം ഭരിക്കുകയാണ്. ഈയടുത്ത് സുപ്രീംകോടതി 1993-ലെ ബോംബേ സ്ഫോടനത്തിന്റെ വിധി പ്രസ്താവിക്കുകയും കുറ്റാരോപിതർക്ക് തടവുശിക്ഷ വിധിക്കുകയുമുണ്ടായി. എന്നാൽ ആ ബോംബ് സ്ഫോടനത്തിന് ശേഷം, ഏറ്റവും വിനാശകരമായ രീതിയിലുള്ള ആക്രമണങ്ങൾക്ക് ബോംബെ സാക്ഷ്യം വഹിച്ചു. ആ കലാപങ്ങളിൽ മുസ്‌ലിംകൾ വീണ്ടും നിർദയം കൊലചെയ്യപ്പെടുകയാണുണ്ടായത്. ശ്രീകൃഷ്ണ കമ്മീഷൻ പ്രതികളെ പിന്നീട് കണ്ടെത്തിയെങ്കിലും കമ്മീഷൻ റിപ്പോർട്ട് പ്രകാരം കുറ്റവാളികളെന്ന് കണ്ടെത്തിയവരിലാരും തന്നെ നിയമത്തിന്റെ മുന്നിൽ ഹാജറാക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, ഈ കലാപത്തിന്റെയും നരഹത്യയുടെയും മുഖ്യ ആസൂത്രകൻ മരണപ്പെട്ടപ്പോൾ ഔദ്യോഗിക ബഹുമതികളോടെയാണ് ഇവിടത്തെ സംവിധാനം വിട നല്‍കിയത്. മാനവികതക്കെതിരെ ചെയ്ത കുറ്റകൃത്യത്തിന് അദ്ദേഹം ആദരിക്കപ്പെടുകയാണുണ്ടായത്. ഇത്തരത്തിലുള്ളൊരു ഭരണകൂടത്തിനെതിരെയാണ് നാം നിലകൊള്ളുന്നത്. ഇന്ന് നിലനിൽക്കുന്ന ഭരണകൂട സംവിധാനം ഇങ്ങനെയാണ്.

തന്റെ എതിരാളികളേക്കാൾ വോട്ട് നേടിക്കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറുന്നതിനെയല്ല ജനാധിപത്യമെന്ന് പറയുന്നത്. ആർക്കും ഒരിക്കലും ഇവിടെ ഭൂരിപക്ഷം ലഭിക്കാറില്ല, മറിച്ച് തന്റെ എതിരാളിയേക്കാൾ കേവലം കുറച്ചധികം ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതാണ് ഒരു സംവിധാനത്തെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനുള്ള ഏക മാനദണ്ഡമെങ്കിൽ ഹിറ്റ്ലറേക്കാൾ ജനാധിപത്യവാദിയായ വേറൊരു വ്യക്തിയും ഈ ലോകത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാവുമായിരുന്നില്ല. ശക്തമായ ഭൂരിപക്ഷത്തോട് കൂടിയാണ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത്. എന്നാലതല്ല ജനാധിപത്യം. ഊർജ്ജസ്വലമായ ജനാധിപത്യമെന്ന് പറഞ്ഞാൽ ചില വ്യക്തമായ സംവിധാനങ്ങളുടെ കുറ്റരഹിതമായ പ്രവർത്തനരീതിയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, എനിക്ക് ഈ പറയുന്ന സംവിധാനങ്ങളെ ഏറെ അടുത്തറിഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സംവിധാനങ്ങളെല്ലാം തന്നെ ഏറെ പൊള്ളയാണെന്ന് ഞാൻ നിങ്ങളോട് സത്യസന്ധമായി  തുറന്നുപറയുകയാണ്. തീർത്തും പൊള്ളയാണിവ. പിന്നെ നമ്മുടെ നാലാമത്തെ നെടുംതൂണായ പത്രമാധ്യമങ്ങൾ, അതും പൊള്ളയാണെന്ന് പറയേണ്ടിവരും.

ഡൽഹിയിൽ നിങ്ങൾക്ക് പോയിരുന്ന് സമരം ചെയ്യുകയോ, പ്രതിഷേധിക്കുകയോ ചെയ്യാവുന്ന ഒരിടമായിക്കൊണ്ട് ജന്തർ മന്ദിർ എന്നൊരു സ്ഥലമുണ്ട്. അവിടെ ധർണയിരിക്കാനോ ഒരു യോഗം വിളിക്കാനോ നിങ്ങൾക്ക് അനുവാദത്തിന്റെ ആവശ്യം പോലുമില്ല. പോലീസിനെ അറിയിച്ചിരിക്കണം എന്ന ഒരു നിബന്ധന മാത്രമേയുള്ളൂ. ഈയടുത്തായി, ഈ മാസം മൂന്നാം തീയ്യതി കശ്മീരിൽ നിന്നും ഡൽഹിയിലേക്ക് നൂറ്റമ്പതോളം ആളുകൾ വരികയുണ്ടായി. ആരാണ് ഈ നൂറ്റമ്പത് പേർ? ഭരണകൂട ഭീകരതയുടെ ഇരകളായിരുന്നു അവർ. ഭരണകൂട ഹിംസയുടെ ഇരകൾ. രാഷ്ട്രീയവിരോധത്തിന്റെ പേരിൽ ക്രൂരമായ മനുഷ്യാവകാശ ഹിംസകൾക്കിരയായവരുടെ കുടുംബങ്ങൾ. നിർബന്ധപൂർവ്വം തിരോധാനം ചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾ. സ്റ്റേറ്റ് അറസ്റ്റ് ചെയ്ത്കൊണ്ട് പോയിട്ട് കാണാതായവർ. ലോകത്ത് വേറെയെവിടെയും നിങ്ങൾ കേൾക്കാനിടയില്ലാത്ത ഒരു പ്രയോഗം കശ്മീരിൽ പതിവാണ്; പാതി വിധവകൾ (ഹാഫ് വിഡോസ്). വിവിധതരം ഏജൻസികളാലോ പട്ടാളത്തിനാലോ അറസ്റ്റ് ചെയ്യപ്പെടുകയും ശേഷം തങ്ങളെകുറിച്ച് യാതൊരു വിവരവും പുറത്ത് വരാതിരിക്കയും ചെയ്യുന്ന പുരുഷന്മാരുടെ ഭാര്യമാരാണീ പാതി വിധവകൾ. അതിൽ പലരും പതിനേഴും പതിനെട്ടും വർഷങ്ങളായി കാണാതായവരാണ്. ചിലർ അതിലും കൂടുതൽ വർഷങ്ങൾക്ക് മുമ്പ് കാണാതായവരും. പേരില്ലാത്ത ആയിരക്കണക്കിന് ശവകുടീരങ്ങളാണ് കാശ്മീരിലുള്ളത്. മുമ്പ് കാണാതായവരുടെയും കൊലചെയ്യപ്പെട്ടവരുടെയും‍ ശവകുടീരങ്ങളാണിവ എന്നാണ് എല്ലാവരും കരുതിപോരുന്നത്. തങ്ങളുടെ ഭർത്താക്കന്മാരെവിടെ എന്നാണ് ഈ വിധവകൾ ഭരണകൂടത്തോട് ചോദിക്കുന്നത്. തങ്ങളുടെ ഉപ്പമാരെവിടെ എന്ന് കുട്ടികൾ ചോദിക്കുന്നു. തങ്ങളുടെ മക്കളെവിടെ എന്ന് ഉമ്മമാർ ചോദിക്കുന്നു. അവർക്കിതുവരെ ഉത്തരം നൽകപ്പെട്ടിട്ടില്ല. അവർ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതെങ്കിലും പറയണമെന്ന് പോലും ഇവർ അഭ്യർത്ഥിക്കുന്നു; തങ്ങളുടെ കാത്തിരിപ്പെങ്കിലും അവസാനിക്കുമല്ലോ! ഇതിന് പോലും ഭരണകൂടം മറുപടി നൽകിയിട്ടില്ല. ഇവരാണ് ഡൽഹിയിൽ പ്രതിഷേധിക്കാൻ വന്നിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം തങ്ങളുടെ നിലവിളികൾക്ക് ചെവിയോർക്കും എന്നും തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നുമെല്ലാമുള്ള പ്രതീക്ഷയിലാണ് ഇവർ വന്നിരുന്നത്. എന്നാൽ നിങ്ങൾക്കറിയുമോ, അവരെ പ്രതിഷേധിക്കാൻ പോലും അനുവദിച്ചില്ല. അതിൽ പലരെയും അറസ്റ്റ് ചെയ്യുകയും നിർബന്ധപൂർവ്വം കാശ്മീരിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ബാക്കിവരുന്നവരിൽ ചിലർ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വാർത്താസമ്മേളനം വിളിക്കാൻ ശ്രമിച്ചപ്പോൾ അവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്യുകയാണുണ്ടായത്. എന്നിട്ടാണിവർ ആവിഷ്കാരസ്വാതന്ത്ര്യത്തെകുറിച്ചും സംസാരസ്വാതന്ത്ര്യത്തെകുറിച്ചും വാചാലരാവുന്നത്.

ഇത്തരമൊരു ഭരണകൂടത്തിനെതിരെയാണ് നിങ്ങൾ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ സംവിധാനത്തിനെതിരെയല്ല നിങ്ങൾ നിലകൊള്ളുന്നത്. ജനാധിപത്യപരമെന്ന് മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യസംവിധാനമെന്ന് അവകാശപ്പെടുന്ന ഈ സംവിധാനത്തിന്റെ എല്ലാ സ്വഭാവങ്ങളും താൽപര്യങ്ങളും ജനാധിപത്യ ഭരണകൂടത്തെയല്ല, മറിച്ച് ഫാഷിസ്റ്റ് ഭരണകൂടത്തെയാണ് ഓർമിപ്പിക്കുന്നത്. ഇതെല്ലാം തന്നെ ഫാഷിസ്റ്റ് പ്രവണതകളാണ്. നിങ്ങളുടെ പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നതും, നിങ്ങൾക്ക് സ്വതന്ത്രമായി നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ പറ്റാത്തതും, നിങ്ങളുടെ ജീവൻ തന്നെ പണയപ്പെടുത്തേണ്ട സാഹചര്യം വരുന്നതിലും കൂടുതൽ പിന്നെ എന്താണ് ഫാഷിസം? ബീമാപ്പള്ളി കേസുമായി ബന്ധപ്പട്ട് പി.യു.സി.എൽ, എൻ.സി.എച്ച്.ആർ.ഓ എന്നിവരുടെ റിപ്പോർട്ട് ഞാൻ വായിച്ചു. എൻ.സി.എച്ച്.ആർ.ഓയുടെ സംസ്ഥാന പ്രസിഡണ്ട് ഉറപ്പിച്ച് പറയുന്നത് ഇത് വ്യക്തമായ ഭരണകൂട ഭീകരതയല്ലാതെ മറ്റൊന്നുമല്ല എന്നാണ്. പി.യു.സി.എൽ റിപ്പോർട്ടും ഇതേ നിഗമനത്തിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. പി.യു.സിലും എൻ.സി.എച്ച്.ആർ.ഓയും അന്താരാഷ്ട്ര അംഗീകാരമുള്ള, രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ സംഘടനകളാണ്. യഥാർഥത്തിൽ ഈ അന്വേഷണം നടത്തിയ പാനലിലുള്ളവരെല്ലാം തന്നെ ഏറെ‍ പ്രശസ്തരായ വ്യക്തികളാണ്. അവരുടെ യോഗ്യത എല്ലാവർക്കും അറിയുന്നതുമാണ്. അവരീ കേസിൽ അന്വേഷണം നടത്തി അവസാനം എത്തിയതും ഇത് ഭരണകൂട ഭീകരതയാണ് എന്ന നിഗമനത്തിലാണ്. എന്നാൽ അതൊരു സാമുദായിക കലാപമായിരുന്നു എന്ന തരത്തിലുള്ള ഗവൺമെന്റിന്റെ ചിത്രീകരണത്തിന് യാതൊരു തെളിവും തന്നെയില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണത്. തീർച്ചയായും അതിന് പിന്നിൽ വ്യക്തമായൊരു അജണ്ടയുണ്ട്. ഒരു സമുദായത്തെ ഒരു വാർപ്പ്മാതൃകയിൽ ചിത്രീകരിക്കുക എന്നത് തന്നെയാണ് അത്. ഒരു കമ്മീഷനെ നിയമിച്ച് നടത്തിയ അന്വേഷണം ഒരിക്കലും പൊതുജനത്തിന്റെ മുന്നിലേക്ക് വന്നില്ല. എന്തുകൊണ്ട്? ആക്ഷനെടുത്തതിന്റെ റിപ്പോർട്ടിനൊപ്പം ഇതും പബ്ലിക്ക് ആക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ, ആക്ഷനെടുത്തതിന്റെ റിപ്പോർട്ട് പുറത്തായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്, കുറ്റവാളികളെല്ലാരും ഇന്ന് വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ആ പുറത്ത് വന്ന ആക്ഷൻ റിപ്പോർട്ട്. എന്നിട്ടും പാനൽ റിപ്പോർട്ട് ഇത് വരെ പൊതുജനങ്ങൾക്ക് മുന്നിലേക്ക് വന്നിട്ടില്ല. അതിലൂടെ ഈ ഹിംസയുടെ ഇരകളെ വീണ്ടും ഇരകളാക്കുകയാണുണ്ടായത്. ഇത്തരമൊരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. നിർഭാഗ്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യാനന്തര- ആധുനിക കേരളത്തിലെ ഇത്തരത്തിലുള്ള ഏക സംഭവമാണ് ബീമാപ്പള്ളിയിൽ നടന്നത്. എന്നിട്ടും ഇതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല, അറിയുന്നില്ല എന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള പ്രതിഷേധമോ ധർണ്ണയോ ക്യാമ്പെയ്നോ മുഖ്യധാരയിൽ നിന്നും ഉണ്ടായിട്ടില്ല. ഈ പരിപാടിയുടെ സംഘാടകർ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് കൂട്ടായ മറവി (കളക്റ്റീവ് അംനേഷ്യ) എന്നാണ്. ഏറെ ശെരിയാണത്. എന്നാലിത് കൂട്ടായത് (കളക്റ്റീവ്) മാത്രമല്ല മറിച്ച് വളരെ സെലക്റ്റീവ് കൂടിയാണ് എന്നാണ് ഞാൻ പറയുന്നത്. ഇവിടെ വ്യക്തമായും ഒരു സമുദായത്തിനെ ലക്ഷ്യം വെച്ച് കൊണ്ട് ഒരു കുറ്റകൃത്യം നടക്കുകയും നിങ്ങളത് മറന്നുകളയുകയും ചെയ്യുകയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഭീകരതെക്കെതിരായ യുദ്ധം(War on Terrorism) ആരംഭിച്ചതിനുശേഷം വ്യക്തികളെ തെരെഞ്ഞെടുത്ത് പല പേരുകളിൽ  തീവ്രവാദപട്ടം നൽകുകയാണ് ഭരണകൂടം. കുറച്ച് നാളുകൾക്ക് മുമ്പ് വരെ ഉത്തരേന്ത്യൻ ഭാഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വിഭാഗീയ ചിന്താഗതിയും വിവേചനങ്ങളും മുൻവിധികളുമെല്ലാം തന്നെ ഇപ്പോൾ ഇന്ത്യയുടെ ഈ ഭാഗങ്ങളിലേക്കും അതിന്റെ കരിനിഴൽ പടർത്താൻ തുടങ്ങിയിരിക്കുന്നു. സിമിയുടെ പേരിലും ഇന്ത്യൻ മുജാഹിദീന്റെ പേരിലും‍ ആൾക്കാരെ ക്രൂശിക്കുന്നതും കേസുകൾ കെട്ടിചമക്കുന്നതും നാം കണ്ടതാണ്. ഇതിനെല്ലാമിടയിലാണ് ബീമാപ്പള്ളി സംഭവിക്കുന്നത്.

ആ ദിവസങ്ങളിൽ ബീമാപ്പള്ളിക്ക് ചുറ്റിലും നടന്ന പ്രവർത്തനങ്ങൾ ഏറെ സംശയാസ്പദവുമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഒരു തരത്തിൽ നിങ്ങളൊരു രണ്ടാം തരം പൗരന്മാരാണെന്ന കാര്യം ഭരണകൂടം സ്വീകരിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. നിങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന് നിങ്ങളെക്കൊണ്ട് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്യുന്നുണ്ട് അവർ. എന്നാലതല്ല സത്യം. സത്യമെന്താണെന്ന് വെച്ചാൽ നിങ്ങൾക്കും തുല്യമായ പൗരാവകാശങ്ങളുണ്ട് എന്നതാണ്. മാത്രവുമല്ല, നിങ്ങളുടെ അവകാശങ്ങൾ അവർ നിങ്ങളുടെ കൈയ്യിൽ വെച്ച് നീട്ടി തരികയൊന്നുമില്ല എന്ന് ഞാൻ പറയട്ടെ. നിങ്ങളുടെ അവകാശങ്ങൾക്ക്  വേണ്ടി നിങ്ങൾ സമരം ചെയ്യേണ്ടി വരും, എന്നാൽ മാത്രമേ നിങ്ങൾക്കത് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. എന്റെ കൈയ്യിലിരിക്കുന്നത് ഈ ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട ഒരു സി.ഡിയാണ് (പോഡിയത്തിൽ നിന്നും ഒരു സി.ഡി.യെടുക്കുന്നു). “ഏതൊരു സമയത്താണോ നിങ്ങൾ തങ്ങളുടെ പൗരന്മാരുടെ പൗരാവകാശങ്ങളും പൗരത്വവും റദ്ദ് ചെയ്യുന്ന തരത്തിൽ ഭരണകൂടം ഗൂഢാലോചന നടത്തുന്നത്, അതിന് ശേഷം നിങ്ങൾ അതേ ഭരണകൂടത്തിന്റെ അടുത്തേക്ക് തന്നെ പോയി പരിഹാരം പ്രതീക്ഷിക്കുന്നത് സമയനഷ്ടവും വിഡ്ഢിത്തവുമാണ്. മറിച്ച്, ഇന്ന് വരെ അത് ഉത്തരവാദിയായിരിക്കുന്ന എല്ലാ കുറ്റകൃത്യങ്ങളും അത് ഇപ്പോൾ നടത്തിയിരിക്കുന്ന വംശഹത്യയും വെച്ച് ഭരണകൂടത്തെ ലോകകോടതിയിൽ കയറ്റി പ്രതിക്കൂട്ടിൽ നിർത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്” എന്നാണിതിൽ പറയുന്നത്. ഇന്ന് ഞാനിങ്ങോട്ട് വരുന്ന സമയത്ത് ഞാൻ പ്രശസ്ത പത്രപ്രവർത്തകനായ കുൽദീപ് നയ്യാറുടെ ആത്മകഥയിലൂടെ കണ്ണോടിക്കുകയുണ്ടായി. ബിയോണ്ട് ദി ലൈൻസ് എന്നാണതിന്റെ പേര്. അടിയന്തരാവസ്ഥയുടെ സമയത്ത് കുൽദീപ് നയ്യാർ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ആ അറസ്റ്റ് തന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷമായിരുന്നു എന്ന് നയ്യാർ പറയുന്നുണ്ട്. ആ അറസ്റ്റ്, സംവിധാനത്തിനുമേൽ തനിക്കുണ്ടായിരുന്ന വിശ്വാസത്തെ പൂർണ്ണമായും ഉലച്ച് കളഞ്ഞു എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആ ഒരു സന്ദർഭത്തെ കുറിച്ച് ഞാൻ ആലോചിക്കുകയുണ്ടായി. സംവിധാനത്തിന്റെ അകവും പുറവും അറിയുന്ന, സംവിധാനത്തിന്റെ ഭാഗമായിരുന്ന, യു.കെയിലേക്കുള്ള ഇന്ത്യയുടെ അംബാസിഡർ ആയിക്കൊണ്ട് അധികാരത്തിന്റെ വിഹിതം ആസ്വദിച്ചിരുന്ന കുൽദീപ് നയ്യാറെ പോലെയൊരു വ്യക്തി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സംവിധാനത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഉലയുകയുണ്ടായി. ആ ഒരു ഉറപ്പ് കുറയുകയുണ്ടായി. അങ്ങനെയാണെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രൂരമായി കൊലചെയ്യപ്പെടുന്നവരുടെ അവസ്ഥയെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. അവർക്ക് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ നിങ്ങൾക്കെങ്ങനെയാണ് അവരെ കുറ്റപ്പെടുത്താൻ സാധിക്കുക? അവരുടെ ഉറ്റവരെ വധിക്കാൻ കൂട്ടുനിന്ന കുറ്റവാളികൾക്കും കുറ്റാരോപിതർക്കും സംരക്ഷണം നൽകുക വഴി ഭരണകൂടം എന്താണ് ചെയ്യുന്നത്? ഈ സംവിധാനം തങ്ങളെ സഹായിക്കുകയില്ല എന്ന അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം ചെയ്തികളിലൂടെ ഭരണകൂടം. ഏറെ ദരിദ്രരായ, ന്യൂനപക്ഷമായ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്രയൊന്നും വിലയില്ലാത്ത അവരെ ഇതിന് ശേഷവും നിങ്ങൾ കുറ്റപ്പെടുത്തുമോ? ഒരുപക്ഷേ, നാളെ അവർ ഒരു ബദൽ സംവിധാനത്തിന് വേണ്ടി പരിശ്രമിച്ചാൽ, നാളെ ഒരുപക്ഷേ ഏറ്റവും തീവ്രമായ ആക്ഷനുകളെടുക്കാൻ അവർ നിർബന്ധിതരായാൽ നിങ്ങൾ അവരെയാണോ കുറ്റപ്പെടുത്തുക? അല്ലെങ്കിൽ യഥാർത്ഥത്തിൽ അവരെ ഇത് ചെയ്യാൻ നിർബന്ധിപ്പിക്കുന്ന സംവിധാനത്തെയാണോ നിങ്ങൾ കുറ്റപ്പെടുത്തുക?

പക്ഷെ, നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് ഈ ഭരണഘടന അനുവദിച്ച് തരുന്ന എല്ലാ തരം അവകാശങ്ങൾക്കും നിങ്ങൾ അർഹരാണ്, നിങ്ങൾ ഒന്നാം തരം പൗരന്മാർ തന്നെയാണ്, നിങ്ങൾ ആരുടെയും മുന്നിലെ രണ്ടാം തരക്കാരല്ല, മറ്റാരെയും പോലെ ഈ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും നിങ്ങളും പങ്കുവഹിക്കുന്നുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. രണ്ടാമതായി ഞാൻ പറയട്ടെ, കൈനീട്ടി യാചിച്ചതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങൾ ലഭിക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ പൗരാവകാശങ്ങൾ നേടിയെടുക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ പോരാടേണ്ടതുണ്ട്. അതുപോലെ നിങ്ങളെയും നിങ്ങളുടെ അവകാശങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവർ അത് ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ നിങ്ങൾ എന്റെ പ്രതിനിധിയല്ല എന്നും എന്നെ ഇനിയും വഞ്ചിക്കാൻ സമ്മതിക്കില്ല എന്നും അവരുടെ മുഖത്ത് നോക്കി വിളിച്ച് പറയാൻ നിങ്ങൾക്ക് സാധിക്കണം. അതിനെല്ലാം വേണ്ടി, നിങ്ങൾ വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസംകൊണ്ട് മാത്രമേ നിങ്ങളെ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിങ്ങളാരെയും അനുവദിക്കരുത്. ഈ രാജ്യത്തെ മാത്രമല്ല, ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനാധിപത്യ വിശ്വാസികൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ പറയാനാഗ്രഹിക്കുകയാണ്. ഒപ്പമുണ്ടെന്ന് മാത്രമല്ല, നിങ്ങൾ നിങ്ങൾക്ക് വേണ്ടി പോരാടുകയാണെങ്കിൽ അതിൽ ഒരുമിച്ച് പോരാടാനും അവരുണ്ടാവുമെന്ന് ഞാൻ ഉറപ്പ്തരികയാണ്. നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടില്ലെങ്കിൽ പുറത്ത് നിന്നൊരാൾക്കും നിങ്ങൾക്ക് വേണ്ടി പോരാടുക സാധ്യമല്ല. ഞാൻ നിങ്ങളോട് ഒരു കാര്യം കൂടെ പറയാനാഗ്രഹിക്കുകയാണ്. നിങ്ങൾ പോരാടാൻ തീരുമാനിക്കുകയാണെങ്കിൽ, അതിന് സമയം പിടിച്ചേക്കാം, പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ സകല അവകാശങ്ങളും ലഭിക്കും എന്ന കാര്യം ഞാൻ ഉറപ്പ് തരികയാണ്. നിങ്ങളീ ലോകത്തിനു ചുറ്റിലും നോക്കുക. എങ്ങനെയാണ് ജനങ്ങൾ രാജ്യങ്ങളുടെ വിധിയെ മാറ്റിമറിക്കുന്നത് എന്ന്. എങ്ങനെയാണ് ജനങ്ങൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് എന്ന്. ഈ രാജ്യത്തോ, അയൽരാജ്യങ്ങളിലോ ലോകരാജ്യങ്ങളിലോ ജനങ്ങൾ എങ്ങനെയാണ് പോരാടുന്നത് എന്ന് നോക്കുക. എന്നാൽ ഇതിൽ ആദ്യത്തെ കാര്യമെന്താണ് വെച്ചാൽ, നിങ്ങൾ നിങ്ങളുടെ പോരാട്ടത്തിൽ സ്ഥിരോത്സാഹമുള്ളവരും ഒരുമയുള്ളവരും ആയിരിക്കുക എന്നതാണ്. അവസാനമായി ഞാൻ ഒരു കാര്യം കൂടെ പറയട്ടെ, ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ അവസാന അവകാശവും നേടിയെടുക്കുന്നത് വരെ ഒപ്പമുണ്ടാവുകയും ചെയ്യും. നന്ദി”.

തയ്യാറാക്കിയത്: അഫീഫ് അഹ്മദ്

എസ്.എ.ആർ.ഗീലാനി