Campus Alive

സമരരംഗത്തെ ഉമ്മമാർക്കായി; വിപ്ലവ സ്നേഹത്തിന്റെ സമരം തീർക്കുക

(സഫൂറ സർഗാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഫ്രറ്റേണിറ്റി മൂവ്മെന്റ് പുറത്തിറക്കിയ പ്രസ്താവന)

സമകാലിക ഇന്ത്യൻ സംഭവവികാസങ്ങൾ ക്രൂരതയുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ്. രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ തെരഞ്ഞുപിടിച്ച് അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കശ്മീർ ലോകത്തിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ടതും, ലോക്ക്ഡൗൺ എന്ന പദത്തിന്റെ അർഥം ആളുകൾക്ക് മനസ്സിലായിത്തുടങ്ങുന്നതിനു മുന്നേ തന്നെ ലോക്ക്ഡൗണിലായ പ്രദേശവുമാണ്. ‘വിദേശികളെ’ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി പൗരത്വരേഖ ആവശ്യപ്പെടുന്ന വംശീയ നിയമം ആദ്യമായി പ്രഖ്യാപിച്ചതും നമ്മുടെ രാജ്യമായിരിക്കും. മുൻ‌കൂർ അറിയിപ്പുകളോ ജാഗ്രതാ നിർദേശങ്ങളോ കൂടാതെ ആദ്യമായി സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്ന ആദ്യ രാജ്യവും നമ്മുടേതാവും. ആളുകൾ വിശന്നലഞ്ഞ് റോഡരികിലും റെയിൽപാളങ്ങളിലും മരിച്ചു വീണുകൊണ്ടിരുന്നു. ഇന്ത്യയുടെ പ്രാകൃതമായ മുഖത്തെയാണ് ഈ അടിയന്തര സാഹചര്യം മറനീക്കി പുറത്തുകൊണ്ടു വരുന്നത്. നിർബന്ധിത അറസ്റ്റുകൾ, രാജ്യദ്രോഹകുറ്റം ചുമത്തൽ, പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള വേട്ടയാടലുകൾ, സ്റ്റേറ്റ്സ്പോൺസേർഡ് തടവുകൾ എന്നിവയൊഴികെ മറ്റെല്ലാം ലോക്ക്ഡൗണോടു കൂടി നിശ്ചലമായി. ലോക്ക്ഡൗണിനു ശേഷം എന്താണ് സംഭവിക്കാനിരിക്കുന്നത് എന്ന കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ളതിനെക്കാൾ വലിയ തടവുകേന്ദ്രങ്ങളും ജയിലുകളും നമ്മുടെ രാജ്യത്തായിരിക്കും നിർമിക്കപ്പെടുക എന്നകാര്യം നിശ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യം ഇന്ത്യയാണ്, അതിനേക്കാൾ പ്രധാനമായി, ഒരു രാജ്യത്ത് ന്യൂനപക്ഷമായി തുടരുന്ന, ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയും ഇന്ത്യയിലാണുള്ളത്.

ഈ പശ്ചാത്തലങ്ങളിൽ നിന്നു തന്നെയാണ് സഫൂറയുടെ അറസ്റ്റും വീക്ഷിക്കപ്പെടേണ്ടത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും ഷഹീൻബാഗ് സമരങ്ങളിലും സജീവമായി പങ്കെടുത്ത കാശ്മീരി മുസ്‌ലിം വനിതയാണ് സഫൂറ. ലോക്ക്ഡൗണിനിടക്ക് അടിയന്തര വകുപ്പുകൾ ചുമത്തി അവരെ അറസ്റ്റു ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട് താൻ ഇന്ത്യൻ സ്റ്റേറ്റിന്റെ ആഭ്യന്തര ശത്രുവാകുന്നു എന്ന ചോദ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളിലും സഫൂറ ഉൾപ്പെടുന്നു. ഗർഭിണിയായ സ്ത്രീ എന്ന നിലക്ക് സഫൂറയുടെ അറസ്റ്റിന്റെ ലിംഗപരമായ ചോദ്യങ്ങളും അഡ്രെസ്സ് ചെയ്യപ്പെടേണ്ടതുണ്ട്. നിയമപരമായി സംസാരിക്കുമ്പോൾ, മൂന്നുമാസം ഗർഭിണിയായ വനിത ഒരു വ്യക്തി മാത്രമല്ല,  തന്റെയുള്ളിൽ മറ്റൊരു ജീവനെ ചുമക്കുന്ന വ്യക്തി കൂടിയാണ്. ഗർഭിണിയായ ഒരു യുവതിയുടെ സ്വാഭാവിക ആവശ്യങ്ങൾ പോലും നിറവേറ്റാനുള്ള സാഹചര്യങ്ങളില്ലാത്ത കുടുസ്സുമുറിയിലേക്ക് സ്റ്റേറ്റ് അവരെ അറസ്റ്റു ചെയ്തു തള്ളിയിരിക്കുന്നു എന്നതിന്റെ ധ്വനിയെന്താണ്? കുറ്റം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് കുറ്റവാളിയെ പോലെ പെറുമാറരുതെന്ന അടിസ്ഥാന നിയമതത്വത്തിന്റെ ലംഘനം തൽക്കാലത്തേക്കു മാറ്റിനിർത്തിയാൽ തന്നെ, അവരുടെ കുട്ടിയുടെ അവസ്ഥയെന്താണ്? എന്തുകുറ്റമാണ് ആ കുട്ടിയുടെ പേരിലുള്ളത്? ഭാവിയിൽ ഭീഷണിയായേക്കുമെന്നു കണക്കാക്കി ഫലസ്‌തീനിലെ ബാലന്മാരെ പിടിച്ചു കൊണ്ടുപോകുന്ന ഇസ്രായേലി സൈനിക നടപടിയിൽ നിന്ന് എന്തു വ്യത്യാസമാണ് ഇതിനുള്ളത്? ഇന്ത്യയിൽ, രാഷ്ട്രീയ-നിയമ വ്യവഹാരങ്ങളിൽ മാത്രമല്ല സമഗ്രാധിപത്യ പ്രവണതകളുള്ളത്, മറിച്ച് ജാതി-അധിഷ്ടിത ഇന്ത്യൻ സാമൂഹിക വ്യവസ്ഥയും അതിന്റെ സ്ത്രീവിരുദ്ധ വ്യവഹാരങ്ങളും സഫൂറയെ വെറുതെവിടുമെന്നു പ്രതീക്ഷിക്കാവതല്ല. സഫൂറക്കെതിരെ യുഎപിഎ ചുമത്തിയതിന്റെ തൊട്ടുടനെ ഗർഭിണിയായതിന്റെ പേരിൽ അവർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ആക്രോശങ്ങളും അശ്ലീല പ്രയോഗങ്ങളും ഉയർന്നു. ഈ സന്ദിഗ്ദ ഘട്ടത്തിലും മൗനം ഭുജിക്കുന്ന ഫെമിനിസ്റ്റുകൾ നമ്മുടെ രാജ്യത്തിലെ ഫെമിനിസത്തിന്റെ ബാലിശതയാണു സൂചിപ്പിക്കുന്നത്. വിചിത്രമായ നിയമങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് അനീതികരവും അന്യായവുമായ തടവുകളും അധിനിവേശങ്ങളും നടത്തുന്ന വംശീയ ഭരണകൂടത്തിനെതിരിൽ നടക്കുന്ന ചെറുത്തുനിൽപ്പുകളെ എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകൾക്ക് മനസ്സിലാക്കാൻ കഴിയാത്തത്?

സഫൂറ സർഗാർ

ഇന്ത്യൻ സ്റ്റേറ്റ് സ്വന്തം ജനതയോടു തന്നെയുള്ള യുദ്ധത്തിലാണ്, യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത, അസാധാരാണമായ നിയമങ്ങളിലൂടെ പ്രവർത്തിക്കുന്ന ‘ഭീകരവിരുദ്ധ’ യുദ്ധത്തിൽ. ആന്തരികവും ബാഹ്യവുമായി വിഭ്രാന്തി പൂണ്ട ഒരു യുദ്ധം. ജയിലുകളിലും തടവു കേന്ദ്രങ്ങളിലും അടക്കപ്പെടുന്നത് വിദേശികളല്ല, മറിച്ച്,  രാജ്യത്തിന്റെ സ്വന്തം പൗരന്മാർ തന്നെയാകുന്ന അത്യസാധാരണമായ യുദ്ധമാണിത്. നിരാശയിലകപ്പെട്ടു പോകാതെ കർമോന്മുഖരാകാനും പ്രതിഷേധത്തിൽ അണിനിരക്കാനും ഇതു നമ്മെ ഓർമപ്പെടുത്തുന്നു. ഈ അവസരത്തിൽ തങ്ങളുടെ കുട്ടികൾക്കു വേണ്ടി എല്ലാതരം ദൈന്യാവസ്ഥകളെയും അതിജയിച്ച സ്ത്രീകളെ നമുക്കു സ്മരിക്കാം. നാം ഇഷ്ടപ്പെടുന്ന എല്ലാത്തിനെയും സംരക്ഷിക്കാനും ത്വരിതപ്പെടുത്താനുമാണ് ഈ യുദ്ധത്തിൽ നാം അണിനിരന്നിരിക്കുന്നത്. സഫൂറ സ്വേച്ഛാധിപത്യ സ്റ്റേറ്റിനെതിരെ എഴുന്നേറ്റു നിന്നത് അവൾക്കു വേണ്ടി മാത്രമായിരുന്നില്ല, അവളുടെ ഉറ്റവർക്കും ഉടയവർക്കും വേണ്ടികൂടിയായിരുന്നു. സഫൂറയുടെ വിപ്ലവാത്മകമായ സ്നേഹം നമ്മെ ശക്തിപ്പെടുത്തട്ടെ. അയൽക്കാരെയും സ്നേഹിതരെയും ശത്രുക്കളാക്കുകയും, അന്യായമായ തടങ്കലുകളും കലാപങ്ങളും തീർത്തുകൊണ്ട് വെറുപ്പ് പ്രക്ഷേപണം ചെയ്യുന്ന പ്രാകൃത നിയമങ്ങളെ അത് തിരുത്തിയെഴുതട്ടെ. ചരിത്രത്തിലുടനീളം നാം ദർശിച്ച അനേകം വനിതകളുടേതു പോലെ സഫൂറയുടെ സമരവും കാര്യമാത്രപ്രസക്തമായ വിഷയങ്ങൾക്കു വേണ്ടി പൊരുതാനും, ഒരു രാജ്യത്തിന് സ്വന്തം ജനതയോട് യുദ്ധത്തിലേർപ്പെടാൻ സാധിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനും നമ്മെ പ്രചോദിപ്പിക്കട്ടെ. യുദ്ധത്തിന് നിയമങ്ങളുണ്ടാകും, എന്നാൽ സ്നേഹത്തിന് നിയമങ്ങളും പരിധികളുമില്ല. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന യാതൊന്നും നിയമമല്ല. അഥവാ, അങ്ങനയാവുകയാണെങ്കിൽ സർവനിയമങ്ങളും നാം തകർത്തെറിയുക തന്നെ ചെയ്യും.

വിവർത്തനം: അഫ്സൽഹുസൈൻ

ഫ്രറ്റേണിറ്റി മൂവ്മെന്റ്