Campus Alive

കൊറോണ: ഭരണകൂട നടപടികളുടെ രാഷ്ട്രീയം

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾക്കിടയിൽ ഇറ്റലിയിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലെ യുക്തിരാഹിത്യവും അനൗചിത്യവും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ആദ്യം നാം ആരംഭിക്കേണ്ടത് ഇറ്റാലിയൻ നാഷണൽ റിസർച്ച് കൗൺസിലിന്റെ റിപ്പോർട്ടിൽ നിന്നാണ്. അതുപ്രകാരം ഇറ്റലിയിൽ SARS-CoV2 വൈറസ് ബാധ ഇല്ല എന്നു പ്രഖ്യാപിക്കപ്പെടുകയുണ്ടായി. നിലവിൽ ലഭ്യമായിട്ടുള്ള പതിനായിരത്തോളം ഇൻഫെക്ഷൻ കേസുകളിൽ 80-90% കേസുകളിലും നേരിയ പനി മാത്രമാണ് സ്ഥിതീകരിച്ചിട്ടുള്ളത്. 10-15% കേസുകളിൽ അത്രതന്നെ തീവ്രമല്ലാത്ത ക്ഷയരോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 4% രോഗികൾക്കു മാത്രമാണ് തീവ്രപരിചരണം ആവശ്യമായിട്ടുള്ളത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇതാണ് യാഥാർഥ്യമെന്നിരിക്കെ എന്തിനാണ് മീഡിയയും അധികാരികളും ചേർന്ന് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കാൻ തിടുക്കപ്പെടുന്നത്? രാജ്യത്തുടനീളം ജനങ്ങളുടെ സ്വൈര്യവിഹാരവും നിത്യവ്യവഹാരങ്ങളും തടസ്സപ്പെടുത്തുന്ന രീതിയിൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്? വികലമായ ഈ സ്റ്റേറ്റ് നടപടിയെ വിശദീകരിക്കുന്നതിന് രണ്ടു ഘടകങ്ങൾ ഉപകരിക്കും,

ഒന്നാമതായി, ‘അടിയന്തരാവസ്ഥ’ ഒരു സാധാരണ നടപടിയാണെന്ന് സ്ഥാപിക്കാനുള്ള തകൃതിയായ ശ്രമങ്ങളാണ്(the state of excemption as a normal governing paradigm). ‘ശുചിത്വത്തിനും പൊതുരക്ഷക്കും’ എന്ന പേരിൽ ഗവണ്മെന്റ് പുറത്തിറക്കിയ ഉത്തരവിലെ അനൗചിത്യവും അവ്യക്തതയും മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഒരു മുൻസിപ്പാലിറ്റിയിലോ ഗ്രാമത്തിലോ ടെസ്റ്റുകളിൽ പോസിറ്റീവ് എന്നു തെളിഞ്ഞ ഒരാൾ ഉണ്ടാവുകയും അയാൾക്ക് അണുബാധയേറ്റ സ്രോതസ്സ് വ്യക്തമല്ലാതിരിക്കുകയും ചെയ്താൽ, അല്ലെങ്കിൽ രോഗബാധിത പ്രദേശം എന്നു സംശയിക്കപ്പെടുന്ന പ്രദേശത്തു നിന്ന് യാത്രചെയ്ത് ഒരു വ്യക്തി മറ്റൊരു പ്രദേശത്ത് എത്തിയാൽ, അത്തരം പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ നടപ്പിലാക്കപ്പെടുന്നു. അനിശ്ചിതവും അവ്യക്തവുമായ ഇത്തരം നടപടികൾ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും എളുപ്പം പടർന്നു പിടിക്കുന്നു. സമാനമായ കേസുകൾ മറ്റിടങ്ങളിലും കാണപ്പെടാതിരിക്കുക സാധ്യമല്ല എന്നാണല്ലോ ജനങ്ങൾ കരുതുക.

ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ പരിശോധിക്കാം,

■ രോഗബാധിത പ്രദേശത്തോ മുൻസിപ്പാലിറ്റിയിലോ താമസിക്കുന്ന ഒരാൾക്കും മറ്റിടങ്ങളിലേക്ക് യാത്ര സാധ്യമല്ല.

■ രോഗബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക്.

■ പൊതു-സ്വകാര്യ വേദികളിൽ വെച്ചുള്ള യോഗങ്ങൾ, മറ്റു പരിപാടികൾ, ചടങ്ങുകൾ (അവ സംസ്കരികമോ കായികമോ വിനോദമോ ആവാം) എന്നിവക്കുള്ള വിലക്ക്.

■ കിന്റർ ഗാർഡനുകൾ, വിദ്യാലയങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വിലക്ക്. വിദൂര വിദ്യാഭ്യാസത്തിന് മാത്രം വിലക്കിൽ നിന്നൊഴിവ്‌.

■ ചരിത്ര സ്മാരകങ്ങളും പൈതൃകങ്ങളുമായി ബന്ധപ്പെട്ട 101ാം വകുപ്പ് പ്രകാരവും പ്രത്യേക ഉത്തരവിലെ നമ്പർ 24, 10/22/2004 പ്രകാരവും മ്യൂസിയങ്ങളും മറ്റു സാംസ്കാരിക സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഇവിടങ്ങളിലേക്കുള്ള ജനസഞ്ചാരം തടഞ്ഞു.

■ എല്ലാ പൊതു പരീക്ഷകളും പൊതു കാര്യാലയങ്ങളിലെ സേവനവും നിർത്തിവെച്ചു. പൊതു താല്പര്യാർത്തവും അനിവാര്യവുമായ സേവനങ്ങൾക്ക് വിലക്കില്ല

■ രോഗികൾക്ക് കപ്പൽ വിലക്ക് ഏർപ്പെടുത്തി. രോഗിയുമായി അടുത്തിടപഴകി എന്ന് സംശയിക്കുന്നവർക്ക് നിരീക്ഷണമേർപ്പെടുത്തി.

NRC റിപ്പോർട്ട് പ്രകാരം, സാധാരണ ജ്വരം എന്നതിൽ കവിഞ്ഞ് മറ്റ് അപകടങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നത് ലജ്ജാവഹമാണ്.

തീവ്രവാദം (സാന്നിധ്യം ആരോപിക്കൽ) അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കെൽപ്പില്ലാത്ത വിധം, കാലാവധി കഴിഞ്ഞ ഉപകരണമായി മാറിയ സാഹചര്യമാണുള്ളത്. ഈയവസരത്തിലാണ് നിയന്ത്രണങ്ങളേതുമില്ലാതെ ഇത്തരം നടപടികൾ അടിച്ചേൽപ്പിക്കാൻ സാധിക്കുന്നവണ്ണം പകർച്ചവ്യാധികൾ കടന്നുവരുന്നത്.

രണ്ടാമത്തെ ഘടകം, അസ്വസ്ഥകരമായ രീതിയിൽ, വ്യക്തികളുടെ അബോധ മനസ്സിൽ കുടിയിരുത്തപ്പെടുന്ന ഭീതിയാണ് (state of fear). ഇത് അടിയന്തരാവസ്ഥ പോലുള്ള നടപടികളെ എളുപ്പം പ്രയോഗിക്കാൻ സ്റ്റേറ്റിന് ഉപകാരപ്പെടും. പകർച്ചവ്യാധിയും വൈറസ് ബാധയും ഇതിന് മണ്ണൊരുക്കുന്ന ഘടകങ്ങളാണ്. വികലമായ രീതിയിൽ ഗവണ്മെന്റ് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പൊതുരക്ഷക്ക് വേണ്ടി എന്ന പേരിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ അതേ ഗവണ്മെന്റ് തന്നെയാണ് ഇത് പരിഹരിക്കാൻ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് തുടർന്നുള്ള കാഴ്ച

കടപ്പാട്: പൊസിഷൻസ് പൊളിറ്റിക്സ്

വിവർത്തനം: അഫ്സൽ ഹുസൈൻ

ജോർജിയോ അഗമ്പൻ

ജോർജിയോ അഗമ്പൻ അറിയപ്പെടുന്ന ഇറ്റാലിയൻ ഫിലോസഫറും രാഷ്ട്രീയ സൈദ്ധാന്തികനുമാണ്.