ഭൂമിശാസ്ത്രപരമായ അതിരുകളായല്ല, അതിനപ്പുറം വ്യാപിക്കപ്പെട്ട സംസ്കാരം എന്ന നിലയിലാണ് ‘പാശ്ചാത്യം’ എന്നതിനെ മനസ്സിലാക്കേണ്ടത് എന്ന് ഗായ് ഈറ്റൺ (ഹസൻ അബ്ദുൽ ഹക്കീം) നിരീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറ് ഒരാശയമെന്ന നിലയിൽ തിരിച്ചറിയപ്പെടുകയാണിവിടെ. കഴിഞ്ഞ ഫെബ്രുവരി 28 ന് വിടവാങ്ങിയ മുഹമ്മദ് ഇമാറ (റ)യെ ഓർക്കുമ്പോൾ പടിഞ്ഞാറിനെക്കുറിച്ചുള്ള ഈ തിരിച്ചറിവിന് ഏറെ പ്രസക്തിയുണ്ട്. പടിഞ്ഞാറിനോടുള്ള ബൗദ്ധിക സമരമായിരുന്നു ഒരർത്ഥത്തിൽ ആ ജീവിതം.
അരാഷ്ട്രീയ ഇസ്ലാമിന്റെ പ്രചരണങ്ങളുടെ മുനയൊടിച്ച തൂലികയായിരുന്നു അദ്ദേഹത്തിന്റേത്. സാമ്രാജ്യത്വത്തെയും അമേരിക്കൻ ഇസ്രയേൽ ബാന്ധവത്തേയും കൈകാര്യം ചെയ്ത അദ്ദേഹം, അറബ് സയണിസത്തേയും വെറുതെ വിടുന്നില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഘടനക്കകത്തല്ല പ്രവർത്തിച്ചതെങ്കിലും ആശയപരമായി അതിന്റെ പ്രബോധനങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റേതും. അതു കൊണ്ട് തന്നെ ‘സ്വതന്ത്ര ഇസ്ലാമിസ്റ്റ്’ എന്ന നിലയിലാണ് അദ്ദേഹം വിശ്രുതനായിട്ടുള്ളത്. അറബ് വസന്താനന്തരം രാഷ്ട്രീയമായും പ്രായോഗികമായും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആലോചനകൾ വികസിക്കേണ്ടതുണ്ടെന്ന് നിരീക്ഷിക്കുന്ന ഇമാറയെ നമുക്ക് കാണാവുന്നതാണ്. അദ്ദേഹം പറയുന്നു “സാമൂഹികമായും രാഷ്ട്രീയമായും സൈന്യത്തെ കുറിച്ച് പ്രായോഗിക ജ്ഞാനമില്ലാതെ, ധൃതിപ്പെട്ട് അധികാരം നേടിയെടുക്കാനുളള ഉൾക്കടമായ ആഗ്രഹവുമായി മുന്നോട്ടുപോയി എന്നതാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്. അര നൂറ്റാണ്ടിലധികം നിലനിന്ന ഡീപ്സ്റ്റേറ്റുകളുടെ യഥാർഥ ശക്തി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ, സംസ്കരണ പ്രസ്ഥാനമായി മുന്നോട്ടുപോവുകയും ക്രമപ്രവൃദ്ധമായി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യാമായിരുന്നു. ഭൂമിയിൽ നിന്ന് ഈ ശക്തമായ മൈനുകൾ നീക്കം ചെയ്ത്, ഉന്നതമാർന്ന ഭരണത്തിന്റെ ഫലങ്ങൾ കാഴ്ചവെയ്ക്കാമായിരുന്നു. ഇമാം മുഹമ്മദ് അബ്ദുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സംസ്കരണ പ്രസ്ഥാനത്തിന്റെ അണികൾക്ക് യുക്തിഭദ്രമായി കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്നതിൽ വീഴ്ച സംഭവിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ”
ഇസ്ലാമിക ചിന്തയിൽ അതിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി മനസ്സിലാക്കപ്പെട്ടു പോന്ന തെറ്റിദ്ധാരണകളെ ദുരീകരിക്കാനുള്ള പ്രമാണപരമായ പരിശ്രമങ്ങൾ ഇമാറയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. ആധുനികതയോടും അതിന്റെ ജ്ഞാന പദ്ധതികളോടും ഇസ്ലാമികമായ ജ്ഞാനശാസ്ത്ര ഇടത്തിൽ (epistemic location) നിന്നുകൊണ്ടുള്ള ഇടപെടലുകളായിരുന്നു അവ. ‘തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും’ (حقائق و شبهات) എന്ന പേരിൽ പുസ്തകങ്ങളുടേതായ ഒരു പരമ്പര തന്നെ അദ്ദേഹത്തിനുണ്ട്. ഇസ്ലാമികവിജ്ഞാനീയങ്ങളിൽ നിരന്തരം ഉപയോഗിക്കപ്പെടുന്ന സാങ്കേതിക പദങ്ങളെയും (തജ്‌ദീദ്, ഇസ്ലാഹ്, ഇജ്തിഹാദ് തുടങ്ങിയവ) ഇസ്ലാമിലെ വിവിധ അവാന്തര വിഭാഗങ്ങളെയും അധികരിച്ചും ആധുനികമായ ആശയ സംഹിതകളെ ഇസ്ലാമിക ദൃഷ്ട്യാ അഭിമുഖീകരിച്ചും കൊണ്ടുള്ള ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്. ആധുനികമായ സന്ദർഭത്തിൽ ഇസ്ലാമിന്റെ ചിന്താപരമായ നവജാഗരണത്തിന് പലനിലയിൽ ഊർജ്ജമായി മാറിയ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, അബ്ദുറഹ്മാൻ അൽ കവാകിബി, ഖാസിം അമീൻ തുടങ്ങിയവരുടെ സമ്പൂർണ്ണ കൃതികൾ പഠിക്കുകയും സംശോധന നടത്തുകയും ചെയ്ത ഇദ്ദേഹം ഡോ അബ്ദുറസാഖ് സൻഹൂരി പാഷ, മുഹമ്മദുൽ ഗസ്സാലി, മുസ്തഫ കാമിൽ, അബുൽ അഅ്ലാ മൗദൂദി, ഹസനുൽ ബന്ന തുടങ്ങിയവരെക്കുറിച്ച് സ്വതന്ത്രമായ രചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക കാലത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അഫ്ഗാനിയും മുഹമ്മദ് അബ്ദുവുമൊക്കെ രൂപപ്പെടുത്തിയെടുത്ത ചിന്തയുടെ തുടർച്ചയാണ് ഇമാറയെന്നാണ് ഇബ്രാഹീം ഹാനിം എഴുതുന്നത്. പണ്ഡിത ധർമ്മം എന്ന രീതിയിൽ തന്റെ അഖീദയെ ശരിപ്പെടുത്തുകയും തലമുറകളിലേക്ക് കൈമാറുകയും ചെയ്ത ഇദ്ദേഹം ഇസ്ലാമികമായ ആശയപരിസരത്തിനകത്തുനിന്ന് എതിരാളികളോട് ബൗദ്ധികവും ആശയപരവുമായ സംവാദം സാധ്യമാക്കി.
വസത്വിയത്തിനെക്കുറിച്ച(മധ്യമമാർഗ്ഗം) അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പ്രത്യേക പരാമർശമർഹിക്കുന്നുണ്ട്. അത് മനുഷ്യപ്രകൃതത്തോടുള്ള താദാത്മ്യമാണ് അതല്ലാതെ രണ്ട് ദുർഗുണങ്ങൾക്കിടയിലെ മധ്യമസ്ഥാനമല്ല. അഥവാ ഖുർആൻ പരിചയപ്പെടുത്തുന്ന പ്രകൃതമാണ് വസത്വിയ്യത്ത്. ഇരുനൂറിലധികം പുസ്തകങ്ങളാണ് ഒരു പുരുഷായുസ്സിനുള്ളിൽ അദ്ദേഹം എഴുതിയത്.
1931 ൽ ഈജിപ്തിലെ ‘സർവ’ ഗ്രാമത്തിലാണ് ഇമാറ ജനിക്കുന്നത് തന്റെ ഗ്രാമീണരെപ്പോലെത്തന്നെ അദ്ദേഹവും ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ മന:പാഠമാക്കി. ഈജിപ്തിൽ 1930 കളിൽ രൂപപ്പെട്ട ‘ മിസ്റുൽഫതാത്ത് ‘ എന്ന സംഘടനയിൽ അദ്ദേഹം ആകൃഷ്ടനാവുകയുണ്ടായി. കൊളോണിയലിസത്തിനെതിരായ ഒരു വിപ്ലവ സംഘമായിരുന്നു അത്. 1949 ൽ അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് മാറുന്നുണ്ട്. 1952 ലെ ഫ്രീ ഓഫീസേഴ്സ് വിപ്ലവത്തിനു ശേഷം ഈജിപ്തിൽ പാർട്ടികൾ നിരോധിക്കപ്പെടുകയും ഇടതു പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ഇമാറ 1959 മുതൽ 1964 വരെയുള്ള തന്റെ ജയിൽ ജീവിതത്തിൽ ബൗദ്ധികമായ പുനരാലോചനകൾക്ക് ശേഷം ഇസ്ലാമികമായ മാർഗത്തിൽ പ്രവേശിക്കുകയും ചെയ്യുകയാണുണ്ടായത്.
1970 കളിലെ ഇസ്ലാമിക ഉണർവിന്റെ ആവിർഭാവത്തോടെ ഇമാറയുടെയുടെ ഇസ്ലാമിക നിലപാട് കൂടുതൽ കരുത്താർജ്ജിച്ചു. അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ ഇസ്‌ലാമിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാനും സോഷ്യലിസ്റ്റുകളുടെയും മാർക്‌സിസ്റ്റുകളുടെയും വക്താക്കളെ അവരുടെ തന്നെ സ്വാതന്ത്രം, നീതി, സാമൂഹിക ഐക്യം തുടങ്ങിയ ആശയങ്ങളുപയോഗിച്ച് നേരിടുകയും ചെയ്തു. പടിഞ്ഞാറിനെ വിമർശിക്കുന്നതോടൊപ്പം അറബ് ദേശീയത, സാമൂഹിക നീതി, അനീതിക്കെതിരായ സമരം തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചു.

ഇമാറ പറയുന്നു: “തീവ്ര മതേതരത്വത്തെക്കുറിച്ചും പാശ്ചാത്യവൽക്കരണത്തെക്കുറിച്ചും ഞാൻ എഴുതുമ്പോൾ, ഞാൻ യാഥാസ്ഥിതികനാണെന്ന് തോന്നും, നിർജീവതയെയും തഖ്ലീദിനെയും വിമർശിച്ചു ഞാൻ എഴുതുമ്പോൾ, ഞാൻ വിപ്ലവകാരിയും പുരോഗമനവാദിയുമാണെന്ന് തോന്നുന്നു, എന്നാൽ, യഥാർത്ഥത്തിൽ മാറ്റാൻ കഴിയാത്ത അടിസ്ഥാനപരമായ ചില കാഴ്ചപ്പാടുകൾ ഉണ്ട്, ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിന്റെയും അതിന്റെ അടയാളങ്ങളുടെയും സംരക്ഷണമാണത്. അതോടൊപ്പം ഉമ്മത്തിനെ ഉയർത്തിക്കൊണ്ടുവരാനുള്ള എന്റെ അശ്രാന്ത പരിശ്രമവും. അതുപോലെ തന്നെ ഇസ്ലാം നേരിടുന്ന വെല്ലുവിളികളെ നേരിടുകയും അതിനെതിരെ പ്രഖ്യാപിക്കപ്പെട്ട കുരിശുയുദ്ധത്തെ അഭിമുഖീകരിക്കുകയും ചെയ്യുക എന്നതും അതിലുണ്ട്”
‘ഇഹ് യാഹു ഖിലാഫത്തിൽ ഇസ്ലാമിയ ഹഖീഖത്തുൽ അം ഹയാൽ’ എന്ന തന്റെ ഗ്രന്ഥത്തിൽ ഖിലാഫത്ത് ഒരു മത രാഷ്ട്രമല്ല നാഗരിക രാഷ്ട്രമാണ് എന്ന് സ്ഥാപിക്കുന്ന ഇമാറയെ നമുക്ക് കാണാം. ഉമ്മത്തിനാൽ തെരഞ്ഞെടുക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണത്. ഖലീഫ അപ്രമാദിത്വത്തിലേക്കല്ല, ഉത്തരവാദിത്തത്തിലേക്കാണ് നിയോഗിക്കപ്പെടുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
വിവിധ വിഷയങ്ങളിൽ അവലംബിക്കാൻ കഴിയുന്ന തരത്തിൽ ബൃഹത്തായ ഒരു വൈജ്ഞാനിക ലോകത്തെ തന്റെ ഗ്രന്ഥങ്ങളായി ബാക്കിയാക്കിയാണ് മുഹമ്മദ് ഇമാറ യാത്രയായത്. തന്റെ ചിന്തകളെയും ഗ്രന്ഥങ്ങളെയും ലോകത്തിന് ഇനിയും പരിചയപ്പെടുത്തണമെന്നും സാധ്യമാവുന്ന പട്ടണങ്ങളിലൊക്കെയും തനിക്ക് വേണ്ടി ജനാസ നമസ്കരിക്കണമെന്നും വസ്വിയത്ത് നേർന്നാണ് ആ മഹാനുഭാവൻ വിടവാങ്ങിയത്. അൽ ഇസ്ലാമു വൽ മുസ്തക്ബിൽ, തഫ്സീറുൽ മാർക്കിസി ലിൽ ഇസ്ലാം, അൽഖാറുൽ ജദീദ ഫിൽ ഇസ്ലാം, അൽ ജാമിഅത്തുൽ ഇസ്ലാമിയ വൽ ഫിക്റുൽ ഖൗമിയ്യ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിൽ ചിലതാണ്.