Campus Alive

എങ്ങനെയാണ് തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങള്‍ കൊറോണ വൈറസിനെ ഉപയോഗപ്പെടുത്തുന്നത്?

വൈദ്യശാസ്ത്രവിദഗ്ദര്‍ കൊറോണ വൈറസിന്റെ ആരോഗ്യഫലങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക കാര്യ വിദഗ്ദരാകട്ടെ, അതിന്റെ സാമ്പത്തിക പരമായ ആഘാതങ്ങള്‍ കണക്കുകൂട്ടികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഇതിന്റെ വളരെ വിസ്തൃതമായ രാഷ്ട്രീയ പരിണിതഫലങ്ങളെ പ്രവചിക്കുക എന്നതാണ് ഇതില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കാര്യം. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലുള്ളവർ എത്ര വേഗത്തിലാണ് യൂറോപ്പ്യന്‍മാരുടെ മതവും ആചാരങ്ങളും സ്വീകരിച്ചതെന്നതിനെ കുറിച്ച് മനസ്സിലാക്കാന്‍ ചരിത്രകാരനായ വില്യം മക്നെയ്ല്‍ ഒരു ശ്രമം നടത്തിയിരുന്നു. വൈറസുകളാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. വസൂരി പോലെയുള്ള രോഗങ്ങള്‍ തങ്ങളുടെ ആളുകളെ കൊന്നൊടുക്കുന്നത് നേരില്‍ കണ്ട തദ്ദേശീയ ജനവിഭാഗങ്ങള്‍ അതേ വസൂരി യൂറോപ്യരെ ബാധിക്കാതെ പോവുന്നതും ശ്രദ്ധിച്ചു. ഇതിന് ശേഷം, തങ്ങള്‍ അനുകരിക്കേണ്ട അല്ലെങ്കില്‍ സ്വീകരിക്കേണ്ടുന്ന മതമോ സംസ്കാരമോ ആണ് യൂറോപ്യരുടേത് എന്ന തോന്നല്‍ തദ്ദേശ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടായി.

വൈകാതെ തന്നെ കൊറോണവൈറസിന്റെ സാഹചര്യം നിയന്ത്രണവിധേയമാക്കിക്കൊണ്ട് മുന്നോട്ട് പോവാന്‍ നമുക്ക് ഇനിയും സാധ്യതകളുണ്ട്. എന്നാലിത് തുടരുകയാണെങ്കില്‍, ഈ പകര്‍ച്ച വ്യാധിക്ക് ലോകാടിസ്ഥാനത്തില്‍ തന്നെ വലിയൊരു രാഷ്ട്രീയ ഗതിമാറ്റത്തിന് ആക്കം കൂട്ടാന്‍ സാധിച്ചേക്കും. ഏകദേശം എല്ലായിടങ്ങളിലും തീവ്രവലതുപക്ഷ പാര്‍ട്ടികൾ ഈ പകര്‍ച്ചക്ക് കാരണമായി ചൂണ്ടികാണിക്കുന്നത് തുറന്ന അതിര്‍ത്തികളെയും അഭയാര്‍ത്ഥികളെയുമാണ്. സത്യത്തില്‍, ഈ രോഗം ആഗോളാടിസ്ഥാനത്തില്‍ പടര്‍ന്നത് ടൂറിസ്റ്റുകളും യാത്രക്കാരും വഴിയാണ്, അല്ലാതെ ഒരു ഗതിയുമില്ലാത്ത അഭയാര്‍ത്ഥികൾ ആഡംബരക്കപ്പലുകളിലൊക്കെ എന്ന് കയറാനാണ്! എന്നാലിതൊന്നും ഈ പ്രതിസന്ധിയെ മുതലെടുക്കുന്നതില്‍ നിന്നും രാഷ്ട്രീയക്കാരെ തടയുന്നില്ല എന്നതാണ് സത്യം. ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് തുടരുന്നതിനെതിരെ (അവിടെനിന്ന് വളരെ ചുരുക്കം കൊറോണ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെങ്കില്‍ പോലും) ഇറ്റലിയിലെ പ്രമുഖ വലതുപക്ഷ നേതാവ് മാതിയോ സാല്‍വീനി  ഗവണ്‍മെന്റിനെ അതിരൂക്ഷമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. ഫ്രാന്‍സില്‍നിന്നും ജര്‍മനിയില്‍നിന്നും സ്പെയിനില്‍നിന്നുമെല്ലാമുള്ള വലതുപക്ഷ പാര്‍ട്ടികൾ ശക്തമായ അതിര്‍ത്തിസുരക്ഷക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലാകട്ടെ ഈ ആരോപണങ്ങളെല്ലാം ചൈനക്ക് നേരെയാണ് വരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തം ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് ജനങ്ങള്‍ വവ്വാലുകളെയും പാമ്പുകളെയും ഭക്ഷിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ലോകം ഇന്നനുഭവിക്കുന്ന ഈ രോഗപീഢക്ക് കാരണം എന്നാണ് ഫോക്സ് ന്യൂസിലെ ഒരു അവതാരകന്‍ അവകാശപ്പെട്ടത്! ചൈനയിലെ ഏതെങ്കിലും അതീവസുരക്ഷയുള്ള ബയോ കെമിക്കല്‍ ലാബ് ആവാം വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് സെനറ്റില്‍ പ്രസിഡണ്ട് ട്രംപിന്റെ കടുത്ത അനുയായിയായ ടോം കോട്ടന്‍ അഭിപ്രായപ്പെട്ടത്! 1980കളില്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ HIV സി.ഐ.എ ലാബുകളുടെ കണ്ടുപിടുത്തമാണെന്ന തരത്തില്‍ പ്രചരണം നടത്തിയിരുന്നു. ഇപ്പോഴാകട്ടെ, തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അവര്‍ക്കുതകുന്ന തരത്തിലുള്ള ഒരു ‘വൈറസ് ഗൂഢാലോചനാ സിദ്ധാന്തം’ ലഭിച്ചിരിക്കുകയാണ്.

അതേസമയം ഡൊണാള്‍ഡ് ട്രംപാകട്ടെ, എങ്ങനെയാണ് രോഗം ചൈനയില്‍നിന്നും വന്നത് എന്നതിനെക്കുറിച്ചും അതുപോലെ ജനുവരി അവസാനത്തില്‍ ചൈനയുമായുള്ള ‘അതിര്‍ത്തികൾ’ അടയ്ക്കുക വഴി താന്‍ എങ്ങനെയാണ്  വളരെ നാടകീയമായി ഒട്ടേറെ അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിച്ചത് എന്നതുമെല്ലാം തുടര്‍ച്ചയായി സംസാരിച്ചുകൊണ്ട് ജനങ്ങളില്‍ ഭയം നിറച്ചുകൊണ്ടിരിക്കുകയാണ്. H1N1 ആദ്യം സ്ഥിതീകരിക്കപ്പെട്ടത് മെക്സിക്കോയിലാണ് എന്ന കാര്യം അദ്ദേഹത്തിന് അറിയാത്തത് എത്ര നന്നായി! അഥവാ അറിഞ്ഞിരുന്നെങ്കില്‍ , ‘സുരക്ഷിത’രായിരിക്കാന്‍ വേണ്ടി മെക്സിക്കോയുമായിട്ടുള്ള മുഴുവന്‍ അതിര്‍ത്തികളും അദ്ദേഹം അടച്ചിട്ടേനേ.

യഥാര്‍ത്ഥത്തിൽ, അതിര്‍ത്തികൾ അടച്ചുപൂട്ടുന്നതിനല്ല മറിച്ച് ജനങ്ങള്‍ക്ക് ഭദ്രമായതും വേഗത്തിലുള്ളതുമായ ടെസ്റ്റുകള്‍ നടത്തുവാനുളള സൗകര്യങ്ങളൊരുക്കുകയും, ആവശ്യമെങ്കില്‍ ഐസൊലേഷനുള്ള ഏര്‍പ്പാടുകൾ ചെയ്യുകയും വൈറസ് ബാധിച്ചവര്‍ക്ക് പരിചരണം നല്‍കുകയും മറ്റുള്ളവര്‍ക്ക് കൃത്യമായ  മാര്‍ഗനിര്‍ദ്ദേശങ്ങൾ നല്‍കുകയും ചെയ്യുന്ന വ്യക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്. യു.എസ്സില്‍ വൈറസ് ബാധ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിന് മറുവശത്ത് സംവിധാനങ്ങള്‍ വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നത്. 2018ല്‍ പകര്‍ച്ച വ്യാധി പടര്‍ച്ച തടയുന്ന വൈറ്റ് ഹൗസ് ആക്ഷന്‍ ടീം ചെയ്ന്‍ ട്രംപ് പിരിച്ച് വിട്ടതാണ് ഭാഗികമായി ഈ വീഴ്ച്ചക്ക് കാരണം. രോഗനിയന്ത്രണ സെന്ററുകള്‍ക്കും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുമെല്ലാം ട്രംപ് പറഞ്ഞ തരത്തില്‍ ബഡ്ജറ്റില്‍ വിഹിതം കുറച്ചത് പാസായിരുന്നുവെങ്കില്‍ കാര്യങ്ങളിലിതിലും മോശമായേനെ.

ലോകവ്യാപാരത്തെയും തകര്‍ക്കുന്ന തരത്തിലാണ് കൊറോണവൈറസിന്റെ വ്യാപനം. ലോക വ്യാപാരത്തിലെ ഇടിവില്‍ നിന്നും നമ്മള്‍ അപ-ആഗോളവത്കരണത്തിന്റെ വക്കിലാണ് എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അമേരിക്കയിലെ ഒരു ബാങ്ക് നോര്‍ത്ത് അമേരിക്കയിലെ കമ്പനികളെ കേന്ദ്രീകരിച്ച്  നടത്തിയ പഠനത്തില്‍ നിന്നും 83% കമ്പനികളും അവരുടെ വിതരണശൃഖല (ഭൂരിഭാഗവും ചൈനയില്‍നിന്നും) മാറ്റുവാനുള്ള ഒരുക്കത്തിലാണ്. ഇറക്കുമതിതീരുവയും ദേശീയസുരക്ഷയുമാണ് നേരത്തെ നല്‍കിയിരുന്ന കാരണങ്ങളെങ്കില്‍  ഇപ്പോള്‍ പകര്‍ച്ചവ്യാധി പേടിയും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാവുന്നതാണ്.

ഇതില്‍ ചില മാറ്റങ്ങള്‍ പതിറ്റാണ്ടുകളായുള്ള അതിവേഗ ആഗോളവത്കരണത്തില്‍നിന്നുള്ള ഒരു സ്വാഭാവിക പുനര്‍സന്തുലനപ്രക്രിയ ആയി മനസ്സിലാക്കാം. പക്ഷെ അത് സന്തുലനത്തിന്റെയും അപ്പുറത്തേക്ക് പോകുമോ എന്നതിന്റെ ഉത്തരം രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തികളെയും ആശ്രയിച്ചിരിക്കും. അതിശയോക്തിയും കൃത്രിമങ്ങളും കലര്‍ത്തി ജനങ്ങളുടെ ഭയങ്ങളെ വര്‍ദ്ധിപ്പിച്ചാൽ, തടസ്സങ്ങളും മതിലുകളും ടാക്സുകളും തീരുവകളും നിറഞ്ഞ ഒരു ലോകത്തിലേക്കുളള കൂപ്പുകൂത്തലായിരിക്കും ഫലം. ഒന്നാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ആഗോളവത്കരണത്തിന് മുന്‍പുള്ള അവസാനത്തെ മഹത്തായ യുഗം തകര്‍ന്നപ്പോൾ, മൂന്ന് പതിറ്റാണ്ട് കാലത്തേക്ക് വ്യാപര-കുടിയേറ്റ ഒഴുക്ക് തകര്‍ന്നു കിടക്കുകയായിരുന്നു എന്ന് പ്രശസ്ത സാമ്പത്തിക ചരിത്രകാരനായ ആന്‍ഗസ് മാഡിസണ്‍ നിരീക്ഷിക്കുന്നുണ്ട്. 1940കളുടെ അവസാനത്തില്‍ മാത്രമാണ് ഈ അവസ്ഥ പുനര്‍ക്രമീകരിക്കപ്പെട്ടത്. എന്നിരുന്നാല്‍പോലും നമ്മളിന്നും വളരെ വ്യാപകമായി  ആഗോളവത്കരിക്കപ്പെട്ട  ലോകത്തിലാണ് ജീവിക്കുന്നത്, പ്രത്യേകിച്ചും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കാലത്ത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം , സേവന വ്യാപാരമേഖലയില്‍ 2010 നും 2018നുമിടക്ക് 50 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

റോയല്‍റ്റികളും ലൈസന്‍സിങ്ങ് ഫീസുകളും, വാര്‍ത്താവിനിമയമേഖലയുടെ കുതിച്ച് ചാട്ടവും, ലോകാടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യയുടെയും ആസ്വാദനമേഖലയുടെയും വളര്‍ച്ച 60 ശതമാനത്തോളമാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ കുടിയേറ്റനിരക്ക് ഏറെക്കുറെ സന്തുലിതമായിരുന്നെങ്കില്‍ യാത്ര -ടൂറിസ്റ്റ് മേഖലയുടെ കാര്യത്തില്‍ വര്‍ഷാവര്‍ഷം നാടകീയമായ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ലോകത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധത്തിലര്‍പ്പെടാനുള്ള നമ്മള്‍ മനുഷ്യരുടെ ത്വര ആണ് ഇത് വെളിപ്പെടുത്തുന്നത്. ആഗോളകാലഘട്ടത്തിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ആഗോളതലത്തില്‍ വേണം ആലോചിക്കാന്‍. കൂടുതല്‍ മെച്ചപ്പെട്ട വാര്‍ത്താ വിനിമയ, സാങ്കേതിക, സഹകരണ സംവിധാനങ്ങള്‍ ലോകത്തുടനീളം ഒരുക്കിക്കൊണ്ടാവണം അത്. ഒരു രാജ്യത്തിനും ഒറ്റയ്ക്ക് നിന്നുകൊണ്ട് ഒരു പകര്‍ച്ചവ്യാധിയെ തുടച്ച്നീക്കാന്‍ സാധിക്കുകയില്ല; അതിന് രാജ്യാന്തര സഹകരണം അത്യന്താപേക്ഷിതമാണ്. സങ്കടകരമെന്ന് പറയട്ടെ, ഇതിനെല്ലാം കാരണം ചൈനക്കാര്‍ പച്ച വവ്വാലിറച്ചി കഴിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ് കൊണ്ട് ഭയവും വിദ്വേഷവും പരത്താന്‍ തന്നെയാണ് ഏറെയെളുപ്പം.

Courtesy: The Washington post

ഫരീദ് സകരിയ