Campus Alive

കോവിഡും കോവിഡാനന്തരവും: ചില ഇസ്‌ലാമിക – നൈതിക ആലോചനകൾ

മനുഷ്യ പുരോഗതിക്കും വികസനത്തിനും നേരെ ചോദ്യമുയർത്തികൊണ്ടാണ് കോവിഡ് – 19 എന്ന വൈറസ് വ്യാപനം രൂക്ഷമാകുന്നത്. അതിനോടൊപ്പം തന്നെ ശാസ്ത്ര-ആരോഗ്യ മേഖലകളിൽ മനുഷ്യൻ ആർജിക്കാവുന്നതിന്റെ ഏറ്റവും ഉന്നത തലത്തിലെത്തിയിട്ടും ഒരു ചെറിയ വൈറസിനെതിരെ മനുഷ്യന്റെയും ശാസ്‌ത്ര മേഖലകളുടെയും നിസ്സഹായവസ്ഥയെ കോവിഡ്-19 തുറന്നു കാട്ടുന്നു എന്ന പ്രത്യേകത ഈ വൈറസ് വ്യാപനത്തിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലുണ്ടായ പകർച്ചവ്യാധികളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് – 19 ൽ മരണ നിരക്ക് കുറവാണെങ്കിലും അതുണ്ടാക്കിയ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ ആഘാതം മുമ്പെങ്ങുമില്ലാത്ത വിധം വലുതാണ്. അതിന്റെ ഒരു പ്രധാന കാരണം എന്തെന്നാൽ, ദേശാതിർത്തികൾക്കപ്പുറം ലോകത്തെ എല്ലാ മനുഷ്യരേയും പ്രത്യക്ഷമായും പരോക്ഷമായും കോവിഡ് 19 എന്ന വൈറസ് ബാധിച്ചു എന്നതാണ്. പട്ടിണി പോലെ ഒരു പ്രത്യേക കാറ്റഗറിയിലെ ആളുകളെ മാത്രം ബാധിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലുമൊരു രാജ്യത്ത് മാത്രം ഒതുങ്ങുന്ന വൈറസ് വ്യാപനമായോ നിൽക്കാതെ അതിർത്തികളെ അപ്രസക്തമാക്കി ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പടർന്ന് പിടിച്ചു എന്നതാണ് മരണ നിരക്ക് കുറവായിട്ട് പോലും വളരെ ആഴത്തിൽ തന്നെ പല ആഘാതങ്ങൾക്കും കോവിഡ് 19 കാരണമായത്.

കോവിഡ് 19 നെ കുറിച്ച ദാർശനികവും തത്വശാസ്ത്രപരവുമായ വിശകലനങ്ങൾ ലോകത്ത് പല ഭാഗത്തും നടന്നിട്ടുണ്ട്. കോവിഡിനേയും കോവിഡാനന്തര ലോകത്തെയും ഇസ്‌ലാമിന്റെ ദാർശനികവും നൈതികവും ആത്മീയവുമായ തലങ്ങളിൽ നിന്ന് കൊണ്ട് വിശകലനം ചെയ്യുകയാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘കോവിഡും കോവിഡാനന്തര ലോകവും ഒരു ഇസ്‌ലാമിക വായന’ എന്ന പുസ്തകം. അമേരിക്കൻ കേന്ദ്രീകൃത മുതലാളിത്ത സാമ്പത്തിക ക്രമത്തെയും നിയോ ലിബറൽ ജനാധിപത്യത്തെയും ചോദ്യം ചെയ്യുകയും അതിന്റെ പാളിച്ചകളും പൊള്ളത്തരങ്ങളും തുറന്നു കാട്ടുകയും ചെയ്യുന്നു പുസ്തകം. കൂടാതെ വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വംശീയതയെയും ആഗോളതലത്തിലെ അമിതാധികാരങ്ങളേയും കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ മേൽപറയപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ നിന്ന്കൊണ്ടുള്ള പത്തൊമ്പതോളം ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ് പ്രസ്‌തുത പുസ്തകം. പുസ്തകത്തെ കുറിച്ചുള്ള വിശകലനവും പുസ്തകത്തെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളുമാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാംസ്കാരിക, മത ജീവിതത്തെ ബാധിച്ച കോവിഡ് പോലെയുള്ള സംഭവങ്ങൾ ചരിത്രത്തിൽ അധികമൊന്നും കാണാൻ സാധിക്കില്ല. ലോകമെമ്പാടും ജുമുഅ നമസ്കാരമടക്കം നിർത്തിവെക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു, ദിനേന നടന്നുകൊണ്ടിരുന്ന ഉംറ നിർത്തിവെക്കപ്പെട്ടു, റമദാനിലെ പ്രത്യേക നിസ്ക്കാരമായ തറാവീഹ് വീടുകളിൽ തന്നെ നിർവഹിക്കപ്പെട്ടു, ദശലക്ഷകണക്കിന് ആളുകൾ ഒരുമിച്ചു കൂടുന്ന ഹജ്ജ് കോവിഡ് കാലത്ത് പതിനായിരം പേരിലേക്ക് ചുരുങ്ങി. ഇത്തരത്തിൽ മുസ്‌ലിമിന്റെ ആരാധനാപരമായി സജീവമായ ഇടങ്ങളെ കോവിഡ് തൽക്കാലികമായെങ്കിലും മറച്ചു കളഞ്ഞു. എന്നാൽ ഇതിൽ മറ്റൊരു വിശകലനം സാധ്യമാണ്. രോഗ വ്യാപനം തടയുക എന്ന ദൗത്യത്തെ ഏറ്റെടുത്ത്, ആരാധനക്കാണെങ്കിൽ പോലും ആളുകൾ കൂടുന്ന ഇടങ്ങളിൽ നിന്ന് സ്വയമുള്ള പിൻവലിയൽ കൂടിയായിരുന്നു. ഈ പിൻവലിയൽ ആത്മീയമായ ഒരു കാര്യം കൂടിയാണ് എന്നതാണ് അതിന്റെ സവിശേഷതയായി നിലനിൽക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട ആത്മീയതവും നൈതികവുമായ ആലോചനകൾ പ്രസ്തുത പുസ്‌തകത്തെ മുൻനിർത്തി തന്നെ ഈ കുറിപ്പിന്റെ രണ്ടാമത്തെ ഭാഗത്തിൽ വിശദീകരിക്കാം.

കോവിഡിനെ മുൻനിർത്തി സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള ആലോചനകൾ രോഗവ്യാപനം, രോഗ പ്രതിരോധം, രോഗശമനം എന്നീ കാഴ്ചപ്പാടുകളെ മാത്രമല്ല ഉത്പാദിപ്പിക്കുന്നത്. മറിച്ച് പുസ്തകത്തിൽ സൂചിപ്പിക്കുന്നത് പോലെ അനീതി, അസമത്വം, ധൂർത്ത്, പരിസ്ഥിതി മലിനീകരണം തുടങ്ങിയ സാമൂഹിക തിന്മകളിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്. മുകളിൽ പറഞ്ഞ നാല് കാര്യങ്ങളും മനുഷ്യന്റെ ആരോഗ്യത്തെയും ആരോഗ്യ സംരക്ഷണത്തെയും കൂടി സ്പർശിക്കുന്ന കാര്യങ്ങളാണ്. കോവിഡ് വാക്സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് ഒരു സംഘം ഫ്രഞ്ച് ഡോക്ടർമാർ പറഞ്ഞത് അത് ആഫ്രിക്കൻ നാടുകളിൽ പരീക്ഷിക്കാം എന്നാണ്. ഒരു ജനവിഭാഗത്തോടുള്ള വംശീയതയിൽ നിന്ന് രൂപപ്പെട്ടുവരുന്ന അനീതിയെ കുറിക്കുന്ന വാക്കുകളാണ് ആ ഡോക്ടർമാർ പറഞ്ഞത്. അമേരിക്കയിൽ നിലവിൽ കോവിഡ് രോഗബാധ പിടിപെട്ടവരിൽ 5 ലക്ഷത്തോളം പേർ കുട്ടികളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‌. എന്നാൽ അതേ കണക്കിൽ തന്നെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ 5 ലക്ഷം കുട്ടികളിലെ നല്ലൊരു ശതമാനവും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവരാണ് എന്നാണ്. മുതലാളിത്തത്തെയും ധൂർത്തിനേയും സംബന്ധിച്ച ആലോചനകൾ ഇവിടെ കണ്ടെത്താവുന്നതാണ്. പരിസ്ഥിതി മലിനീകരണം മറ്റ് പല രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും പൗരന്മാരുട അനാരോഗ്യത്തിനും മറ്റ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതിനും കാരണമാണ്.

മറ്റ് സാധാരണ അസുഖങ്ങളിൽ നിന്ന് പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളികൾ രണ്ടാണ്. ഒന്ന്, രോഗം ശമിപ്പിക്കുക എന്നതാണെങ്കിൽ രണ്ട്, രോഗവ്യാപനം തടയുക എന്നതാണ്. രോഗം ശമിപ്പിക്കുക എന്നത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ബാധ്യതയായി മാറുമ്പോൾ രോഗ വ്യാപനം തടയുക എന്നത് സാമൂഹികമായ ബാധ്യതാനിർവഹണത്തിൽ പെടുന്നു. എന്നാൽ നിലവിൽ പല രോഗങ്ങളിൽ നിന്നുമുള്ള ശമനം ഒരർഥത്തിൽ രോഗശമന വ്യവസായമാണ്. രോഗശമനം എന്നത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ബാധ്യതയായി നിൽക്കുമ്പോൾ തന്നെയും അവർ മുതലാളിത്തത്തിന്റെ രോഗശമന വ്യവസായത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെടുന്നുണ്ട്. കാരണം അത് വ്യക്തികേന്ദ്രീകൃതമോ വ്യക്തിവത്കൃതമോ ആയ മുതലാളിത്തമാണ്. അങ്ങനെ പല തലത്തിൽ മുതലാളിത്ത വ്യവ്യസ്ഥ നിലനിൽക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ കോവിഡ് ഈ മുതലാളിത്ത വ്യവസ്ഥയെ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് പരിശോധിച്ചാൽ, വലിയ അളവിൽ തന്നെ തൊഴിൽ നഷ്ടവും സാമ്പത്തിക തകർച്ചയും ഉണ്ടായിട്ടുണ്ടെങ്കിലും, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആളുകൾ സാമൂഹിക ബന്ധങ്ങളിൽ നിന്ന് ശാരീരികമായി അകലം പാലിച്ചെങ്കിലും അത് സാധ്യമാക്കിയ ‘ഡിജിറ്റൽ സാമൂഹികത’ എന്നതിലൂടെ ഡിജിറ്റൽ മേഖലയിലെ മൂലധന നിക്ഷേപ സാധ്യതയും മുതലാളിത്തത്തിന്റെ മറ്റൊരു തലത്തെയും വ്യക്തമാക്കി. പുസ്തകത്തിൽ പറയുന്നത് പോലെ “കോവിഡ് മുതലാളിത്തത്തിൽ കേന്ദ്രീകരിച്ച ലോക ക്രമത്തിനകത്ത് മൂലധനത്തിന്റെ ഭാവത്തിലും സഞ്ചാരത്തിലും മാറ്റം വരുത്തുമെങ്കിലും കാമനകളിൽ മാറ്റം വരുത്താൻ പര്യാപ്തമല്ല എന്നതാണ് യാഥാർത്ഥ്യം. ചരക്കിനേയും കമ്പോളത്തെയും കേന്ദ്രീകരിച്ചുള്ള കാമനകൾക്ക് മൗലികമായ മാറ്റം സംഭവിച്ചിട്ടാല്ലാത്തതുകൊണ്ടുതന്നെ കോവിഡ് പോലുള്ള അടിയന്തിര സാഹചര്യങ്ങൾ അടിച്ചമർത്തൽപരം (Suppressive) എന്നതിനേക്കാൾ പരിവർത്തനപര (Transformative) ക്രമത്തെയാണ് സാധ്യമാക്കുന്നത്‌ എന്ന് നിസ്സംശയം വാദിക്കാം”.

വംശീയതയുടെ ലോകത്ത് മുസ്‌ലിം രാഷ്ട്രീയം, മുസ്‌ലിം സ്വത്വം എന്നീ തലങ്ങളിൽ നിന്ന് കൊണ്ട് കോവിഡ് കാലഘട്ടത്തെ നിരീക്ഷിക്കുമ്പോൾ കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടം അത് മുസ്‌ലിം വിരുദ്ധ വംശീയ വൈറസായി ‘പരിവർത്തിക്കപ്പെട്ടു’ എന്ന് കാണാം. പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് വർത്തമാനകാല ഇന്ത്യയിലും ഭൂതകാല ഇറ്റലിയിലും ചില സമാനതകൾ കണ്ടെത്താൻ സാധിക്കും. “1348 ൽ ഇറ്റലിയിലെ സിസിലിയിൽ യൂറോപ്പിനെയാകെ ബാധിച്ച ഒരു മഹാമാരി പൊട്ടിപുറപ്പെട്ടു. കാട്ടുതീ പോലെ യൂറോപ്പിലാകെ പടർന്നു കയറി മരണവും അരക്ഷിതാവസ്ഥയും സൃഷ്‌ടിച്ച പ്ലേഗ് രോഗമായിരുന്നു ആ വിപത്ത്. യൂറോപ്പിനെ ആസകലം ഗ്രസിച്ച ഈ രോഗം അവിടത്തെ ജനസംഖ്യയുടെ അറുപത് ശതമാനം വരെ കവർന്നെടുത്തതായി ചരിത്രം പറയുന്നു. ഈ പ്ലേഗ് ബാധയുടെ ഉറവിടം ജൂതന്മാരിൽ നിന്നാണെന്നാണ് യൂറോപ്പിൽ പ്രചരിപ്പിക്കപ്പെട്ടത്. ജൂതന്മാർ യൂറോപ്പിലെ പൊതു കിണറുകളിൽ വിഷം കലർത്തുകയും ശേഷം ഇത്തരം കിണറുകളിൽ നിന്ന് വെള്ളെമെടുക്കാതെ വിട്ടുനിൽക്കുകയും ചെയ്തു എന്ന കിംവദന്തി വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടു. വംശീയ വിദ്വേഷത്തിൽ ഊട്ടപ്പെട്ട ഈ കള്ളക്കഥ പ്ലേഗ് ബാധയോടൊപ്പം യൂറോപ്പിലാകെ പടർന്നു. തത്ഫലമായി ജൂത സമൂഹം വ്യാപകമായ ആക്രമണങ്ങൾക്കും കൂട്ടകൊലകൾക്കും വിധേയരായി”.

വംശീയ വിദ്വേഷ പ്രചാരണങ്ങളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാം എന്നതിന്റെ ചരിത്രസാക്ഷ്യമാണ് മുകളിൽ പരാമർശിച്ചത്. സമാനമായ ചില സംഗതികൾ ഇന്ത്യയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കും. നിസാമുദ്ധീനിൽ സംഘടിപ്പിക്കപ്പെട്ട തബ്‌ലീഗ് സമ്മേളന ശേഷം കൊറോണയെ കുറിച്ചുള്ള നിരവധി കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ വംശീയ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയ ലൗ ജിഹാദ് പോലെയുള്ള പദാവലികളുടെ കൂടെ കൊറോണ ജിഹാദ് എന്ന ആശയത്തെ കൂടി പൊതുസമൂഹത്തിൽ ഇട്ടുകൊടുത്ത് മുസ്‌ലിം വിരുദ്ധ വംശീയ പൊതുബോധത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സംഘപരിവാർ അനുകൂല ദേശീയ മാധ്യമങ്ങളും ഈ കൊണ്ടുപിടിച്ച ശ്രമങ്ങൾക്ക് നിറംപകരുന്നുണ്ട്. തബ്‌ലീഗ് പ്രവർത്തകർ കൊറോണ വ്യാപിപ്പിക്കാൻ തങ്ങളുടെ മൂത്രം കുപ്പിയിലാക്കി പൊതുവഴികളിൽ ഉപേക്ഷിക്കുന്നു എന്ന വാർത്ത നൽകിയത് എൻ.ഡി.ടി.വിയാണ്. “2020 മാർച്ച് 26-ന് ദി ഹിന്ദു ദിനപത്രം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ കൊറോണ വൈറസിനെ വരച്ചെടുത്തിരിക്കുന്നത് പത്താനി സ്യൂട്ട് ഉടുപ്പിച്ചുകൊണ്ടാണ്. കാർട്ടൂണിൽ തെളിഞ്ഞ മുസ്‌ലിം വിരുദ്ധത എടുത്തുകാട്ടി വായനക്കാരുടെ വിമർശനം ഉയർന്ന് വന്നപ്പോൾ പത്താനി സ്യൂട്ടിന് പകരം സ്റ്റിക് നൽകി ഓൺലൈനിൽ പത്രം തിരുത്ത് കൊടുത്തു. ഭീകരതക്ക് വസ്ത്രമുണ്ടെങ്കിൽ അത് മുസ്‌ലിം വസ്ത്രധാരിയാകാമെന്നും അല്ലെങ്കിൽ അത് അരൂപിയായിരിക്കുമെന്നുമാണ് തിരുത്തലിലൂടെയും തെളിയിക്കപ്പെട്ടത്”. കോവിഡ് ബാധയില്ല എന്ന് തിരിച്ചറിഞ്ഞ് വിട്ടയക്കപ്പെട്ട തബലീഗ് പ്രവർത്തകനെ ആൾക്കൂട്ടം തല്ലി ചതച്ച് ജീവച്ഛവമാക്കിയത് ഭൂതകാലത്തെ ഇറ്റലിയിൽ നിന്ന് വർത്തമാനകാല ഇന്ത്യയിലേക്ക് വലിയ ദൂരമില്ല എന്നാണ് വ്യക്തമാക്കുന്നത്.

സമീപ കാലത്തൊന്നും ചർച്ചകൾ തീരില്ലെങ്കിലും കൊറോണ വൈറസ് മനുഷ്യ നിർമിതമാണോ അല്ലെ എന്ന കാര്യത്തിൽ വാദങ്ങൾ നടന്നുകൊണ്ടിരിക്കെ തന്നെ ഐ.എസുമായി ബന്ധപ്പെടുത്തി കൊറോണ വൈറസ് എന്നത് മുസ്‌ലിം തീവ്രവാദത്തിനും ഭീകരവാദത്തിനും വേണ്ടി നിർമിക്കപ്പെട്ട ജൈവായുധമാണ് എന്ന് വരെ പ്രചാരണങ്ങൾ നടന്നിരുന്നു. അമേരിക്കയിൽ കൊറോണ വൈറസ് അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കെയാണ് ജോർജ് ഫ്ലോയിഡ് എന്ന ആഫ്രോ-അമേരിക്കൻ വംശജനെ അമേരിക്കൻ പോലീസ് റോഡിൽ വെച്ച് ശ്വാസംമുട്ടിച്ചു കൊന്നത്. അതിനെ തുടർന്ന് കോവിഡ് പ്രോട്ടോകോളുകളെയും നിയന്ത്രണങ്ങളെയും മറികടന്ന് ആഴ്ചകളോളം അമേരിക്കയിൽ ശക്തമായ സമരങ്ങൾ നിലനിന്നു. പോലീസ് സ്റ്റേഷൻ കത്തിക്കുന്നതിലേക്ക് വരെ അത് നീങ്ങി. അതിനെ തുടർന്ന് ലോകത്ത് മൊത്തത്തിൽ തന്നെ വംശീയതക്കെതിരായ ചലനങ്ങൾ ഉണ്ടായി. പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്നത് വരെ പ്രതിഷേധങ്ങൾ ശക്തമായി തന്നെ നിലനിന്നു. അമേരിക്കയിൽ നടന്ന ഈ വംശീയ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതികരണങ്ങളിലും പ്രക്ഷോഭങ്ങളിലും കാണാനായ സവിശേഷത പൊതുവായ ലക്ഷ്യത്തിനും നന്മക്കും വേണ്ടി വെള്ളവർഗക്കാരും പല മത വിശ്വാസികളും ഒരുമിച്ചു കൂടി എന്നതാണ്. അതിൽ തന്നെയുണ്ടായ മറ്റൊരു പ്രത്യേകത, പ്രതിഷേധങ്ങൾക്കിടയിൽ നിർവഹിക്കപ്പെട്ട സംഘടിത നമസ്കാരമാണ്. വെള്ള വംശീയതക്കും കറുത്ത വർഗ്ഗക്കാരോടുള്ള വിദ്വേഷത്തിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിലെ സംഘടിത നമസ്കാരത്തിൽ ഒരേ വരിയിൽ വർണ വ്യത്യാസങ്ങൾ ഇല്ലാതെ വിശ്വാസികൾ നിസ്കരിക്കുന്നു എന്നത് മറ്റു പ്രതിഷേധക്കാരിൽ ഇസ്‌ലാമിന്റെ സമത്വത്തെയും സാമൂഹ്യ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളേയും പകർന്നു നൽകാൻ കഴിഞ്ഞിരുന്നു. മാത്രമല്ല, മുസ്‌ലിം പ്രതിഷേധക്കാർ ഉയർത്തിയ അല്ലാഹു അക്ബർ പോലെയുള്ള മുദ്രാവാക്യങ്ങൾ പൊതുവിൽ സ്വീകരിക്കപ്പെട്ടു എന്നതും പ്രത്യേകതയാണ്. ഇത്തരം സംഭവ വികാസങ്ങൾ നീതിയിലധിഷ്ഠിതമായ ഒരു ലോകക്രമത്തെ കുറിച്ചുള്ള ചിന്തകൾക്ക് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായ ഒന്നാണ്.

ദി ഹിന്ദു പ്രസിദ്ധീകരിച്ച കാർട്ടൂൺ

വംശീയതയിലധിഷ്ഠിതമായ ഭരണകൂടമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഭരണകൂടം പടച്ചുണ്ടാക്കിയ മുസ്‌ലിം വിരുദ്ധ പൗരത്വ നിയമത്തിനെതിരായ സമരങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും അതിശക്തമായി തന്നെ നിലനിൽക്കുന്ന സമയത്താണ് കോവിഡ് 19 ന്റെ വ്യാപനം ഇന്ത്യയിൽ സംഭവിക്കുന്നത്. അതിനെ തുടർന്നുള്ള ലോക്ഡൗണും പൗരത്വ സമരത്തെ ഇല്ലാതാക്കാൻ സംഘപരിവാർ നടപ്പിലാക്കിയ ഡൽഹി വംശഹത്യയും മറയാക്കി മുസ്‌ലിം രാഷ്ട്രീയ, വിദ്യാർത്ഥി നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത് ജയിലടച്ച് ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. മുസ്‌ലിം വിരുദ്ധ പൗരത്വ നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ ഉയർത്തപ്പെട്ട ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ പോലെയുള്ള മുദ്രാവാക്യങ്ങൾ മതേതര പൊതുമണ്ഡലത്തിൽ തിരസ്കരിക്കപ്പെടുകയും അതിനെതിരെ മുസ്‌ലിം പക്ഷത്തുനിന്ന് പോലും അഭിപ്രായങ്ങളും നിഷേധാന്മക നിലപാടുകളും ഉണ്ടാവുകയും ചെയ്തു. നിപ്പാ വൈറസിന്റെ സമയത്ത് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചും പ്രവാസികളെ കുറിച്ചും വംശീയ വിദ്വേഷങ്ങളും ഉണ്ടായിരുന്നു. കൊറോണ കാലത്തും ഇതിന് കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് ബോധ്യമാകുന്നത്.

കൊറോണ കാലത്തെ കൂടിചേരലുകൾ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു എന്നത് ‘ഡിജിറ്റൽ സാമൂഹികത’യുടെ ഭാഗമായി കാണാവുന്ന സംഗതിയാണ്. ഈ ‘ഡിജിറ്റൽ സാമൂഹികത’ എന്ന ആശയം കൂടിചേരലുകൾക്കുള്ള സവിശേഷമായ ഇടങ്ങളെ അപ്രസക്തമാക്കി എന്ന ഒരു വശം കൂടി ഉണ്ട്. കൊറോണ കാലത്ത് നടന്ന/നടക്കുന്ന ഓൺലൈൻ കുടുംബ സംഗമങ്ങൾ പോലെയുള്ള സംഗതികൾ കുടുംബമെന്ന യാഥാർഥ്യത്തെ നിലനിർത്തികൊണ്ട് തന്നെ, സവിശേഷമായ ഈയൊരു കാലത്ത് അത്തരം കൂടിചേരലുകൾക്ക് പ്രത്യേകമായ ഇടം വേണ്ടതില്ല എന്ന ആശയത്തെ ആസ്വാദനത്തിന്റെയും അനുഭവത്തിന്റെയും നവീനമായ അനുഭവ പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് വ്യക്തമാക്കുന്നു. എന്നിരിക്കെ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കുടുംബ ബന്ധങ്ങളും വിദ്യാഭ്യാസ രീതികളും കുട്ടികളുടെയടക്കം മാനസികാരോഗ്യത്തെയും വളർച്ചയെയും ഏതൊക്കെ തരത്തിൽ ബാധിക്കുന്നുണ്ടെന്ന കോവിഡ് കാലത്തെ കുടുംബത്തെ കുറിച്ചുള്ള ആലോചനകളായി പുസ്തകത്തിൽ കാണാം.

കോവിഡ് കാലത്തെ ആത്മീയാലോചനകൾ

പകർച്ചവ്യാധികൾ, പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള സംഗതികളെ വിശുദ്ധ ഖുർആനിൽ പ്രധാനമായും മനുഷ്യർക്കുള്ള പരീക്ഷണമായാണ് അവതരിപ്പിക്കുന്നത് (വിശുദ്ധ ഖുർആൻ – 9:126). ഇസ്‌ലാമിന്റെ കഴ്ചപ്പാടിൽ ഇത്തരം പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പോലെയുള്ളവ രണ്ട് തരത്തിലാണ് സംഭവിക്കുക. ഒന്ന്, മനുഷ്യർക്കുള്ള പരീക്ഷണം എന്ന നിലയിലാണ്‌ അത് സംഭവിക്കുക. രണ്ട്, ഭൂമിയിൽ മനുഷ്യന്റെ പ്രവർത്തനവും പ്രകൃതിയോടുള്ള സമീപനവുംമൂലം അത്തരം കാര്യങ്ങൾ സംഭവിക്കും (വിശുദ്ധ ഖുർആൻ – 30:41). ഇതിൽ രണ്ടിലുമടങ്ങിയ പൊതുവായ കാര്യം പ്രകൃതിപരമായും മനുഷ്യ കർമങ്ങളുടെ ഫലമായും ഉണ്ടാകുന്ന പരീക്ഷണങ്ങൾ മനുഷ്യർക്ക് സ്വയം നവീകരണത്തിന്റയും തിരുത്തലിന്റെയും അവസരത്തെ തുറന്നു കൊടുക്കുന്നു എന്നതാണ്. ഇവിടെയാണ് തഖ്‌വ (സൂക്ഷ്മത) എന്ന ആത്മീയതയുടെ ഒരു വശം പ്രവർത്തിക്കുന്നത്.

പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പോലെയുള്ള പരീക്ഷണങ്ങൾ സംഭവിക്കുന്നതിന്റെ രണ്ട് കാര്യങ്ങൾക്ക് പുറമെ അപൂർവമായി മൂന്നാമതായി ഒരു കാര്യം സംഭവിക്കും. അത് അധാർമികമായ ജീവിത സഞ്ചാരത്തിനെതിരെയുള്ള ശിക്ഷ എന്ന അർഥത്തിലാണ് (വിശുദ്ധ ഖുർആൻ – 47:10). അല്ലാഹുവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് രണ്ട് സംഗതികൾ സവിശേഷമായി മനസിലാക്കണം. ഒന്ന്, ഒരു സമൂഹത്തിൽ മുസ്‌ലിഹുകൾ (സൽപ്രവർത്തികൾ ചെയ്യുന്നവർ) ഉണ്ടെങ്കിൽ അല്ലാഹു ആ നാടിനെ നശിപ്പിക്കില്ല (വിശുദ്ധ ഖുർആൻ – 11:117). രണ്ട്, ഒരു പ്രത്യേക വിഭാഗം ചെയ്യുന്ന അതിക്രമങ്ങൾ കാരണം അവർ മാത്രമാകില്ല ശിക്ഷിക്കപ്പെടുക (വിശുദ്ധ ഖുർആൻ – 8:25). ഇവിടെ ഒരു വിഭാഗം ചെയ്യുന്ന അതിക്രമങ്ങളുടെ ഫലം ഒരു പക്ഷെ ഒരു സമൂഹം വരെ ശിക്ഷിക്കപ്പെടാം എന്നിരിക്കെ സ്വയം നവീകരണത്തിന്റെയും തിരുത്തലിന്റെയും ആവശ്യകത ഒന്നുകൂടി വ്യക്തമാണ്.

പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പോലെയുള്ള പരീക്ഷണങ്ങൾ വ്യക്തിയിൽ ഉത്പാദിപ്പിക്കുന്ന സവിശേഷമായ മാനസിക തലം ഭീതിയുടെതാണ്. ഇത് തന്നെയാണ് കോവിഡ് കാലത്തും കാണാൻ കഴിയുന്നത്. പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഭീതിയെ ഖൗഫ് (خوف) എന്നാണ് ഖുർആൻ വിശേഷിപ്പിച്ചത് (വിശുദ്ധ ഖുർആൻ – 2:155). ഭാവിയെ മുൻനിർത്തിയുള്ള ആലോചനകളിലാണ് ഖൗഫ് രൂപപ്പെടുന്നത്. ജീവൻ, ജീവിതം, സമ്പത്ത്, മരണം തുടങ്ങിയ ഭൗതികമായ വ്യവഹാരങ്ങളെ കുറിച്ചുള്ള ചിന്തകളിലാണ് ഖൗഫ് ഉണ്ടാകുന്നത്. എന്നാൽ മുകളിൽ പറഞ്ഞ നവീകരണവും തിരിത്തലുകളും ഖൗഫിൽ നിന്ന് ഖുശൂഇലേക്കുള്ള (ഭയഭക്തി) മനുഷ്യന്റെ ആത്മീയ സഞ്ചാരമാണ്. കോവിഡിന് അപ്പുറവും ജീവിതമുണ്ടെന്ന സത്യവും ചിന്തയും ഇത്തരം ആത്മീയ സഞ്ചാരങ്ങൾക്ക് കാരണമാകും. രോഗം പകരാതിരിക്കാനുള്ള സാഹചര്യങ്ങൾ (അകലം, അണുനശീകരണം, മറ്റ് മുൻകരുതലുകൾ) ഉറപ്പാക്കി രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനും വിശ്വാസികൾക്ക് കഴിയണം. അർഹമായ ആദരവുകളോടെ മതവിധികളുടെ അടിസ്ഥാനത്തിൽ തന്നെ മൃതദേഹങ്ങൾ സംസ്‌കരിക്കപ്പെടണം. കേവലം ഭൗതികമായ ഭീതി വിശ്വാസിയെ ഇത്തരം കടമകളിൽ നിന്ന് തടയാൻ പാടില്ല. മേൽപ്പറഞ്ഞ ഭൗതികമായ ഭീതികൾ മുഖേന കോവിഡ് കാലത്ത് രോഗികൾ കൂടുതലായി അനുഭവിക്കുന്ന ഉൽകണ്ഠാ രോഗങ്ങളേയും മറ്റു മാനസിക പ്രശ്നങ്ങളെയും അതിജീവിക്കാൻ എല്ലാ ഭൗതികമായ കാര്യങ്ങൾക്കപ്പുറവും അഭൗതികമായ ഒരു ശക്തിയുണ്ട് എന്ന ആത്മ വിചാരങ്ങൾ സഹായിക്കും.

ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഒരു പരിധിവരെ പല അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് നമ്മെ തടയും. ഇത് രണ്ടും ആത്മീയതയുടെ ഒരു ഭാഗം കൂടിയാണ്. “വൃത്തി/ശുചിത്വം ഈമാനിന്റെ പകുതിയാണ്” എന്നും “ജനങ്ങളിൽ അധികപേരും രണ്ട് അനുഗ്രഹങ്ങളിൽ അശ്രദ്ധരാണ് ആരോഗ്യവും ഒഴിവ്‌ സമയവുമാണത്” എന്നും റസൂൽ (സ്വ) പറഞ്ഞതായി കാണാം. ആരോഗ്യമുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണ്. അത് ശാരീരികാരോഗ്യം മാത്രമല്ല, മനസികാരോഗ്യത്തിന്റെ സംരക്ഷണവും ശരീഅത്തിന്റെ ഭാഗമാണ്. മഖാസ്വിദു ശരീഅഃ (ശരീഅത്തിന്റെ ലക്ഷ്യങ്ങൾ) യിൽ ഒന്നാമതായി എണ്ണുന്നത് ജീവന്റെ സംരക്ഷണമാണ് (حفظ النفس). ജീവന്റെ സംരക്ഷണം എന്ന ലക്ഷ്യത്തിൽ ഉൾച്ചേർന്നിട്ടുള്ളതാണ് ആരോഗ്യത്തിന്റെ സംരക്ഷണം. മൂന്നാമതായി എണ്ണുന്നത് ബുദ്ധിയുടെ സംരക്ഷണമാണ് (حفظ العقل). ഇസ്‌ലാമിലെ കർമ്മ പ്രധാനമായ ബാധ്യതകളായ നമസ്കാരം, വ്രതം, ഹജ്ജ്, വിവാഹം തുടങ്ങിയവ കൃത്യമായി നിർവഹിക്കണമെങ്കിൽ ശാരീരികാരോഗ്യവും മാനസികാരോഗ്യവും പ്രധാന ഘടകങ്ങളാണ്. അതിനാൽ തന്നെ ആരോഗ്യമുള്ള ജീവിത-സാമൂഹ്യ സാഹചര്യങ്ങൾ രൂപപ്പെടുത്തുക എന്നത് ഇസ്‌ലാമിക പ്രവർത്തനമാണ്. പള്ളികൾ താൽക്കാലികമായി അടച്ചാലും മുകളിൽ പറഞ്ഞ പോലെ നവീകരണവും തിരുത്തലുകളും ഉൾക്കൊണ്ട ജീവിതം സാധ്യമാക്കി എടുക്കുക എന്നതാണ് കോവിഡ് കാലത്തെ ആത്മീയ ചിന്തകളിൽ പ്രധാനപ്പെട്ടത്.

കോവിഡ് കാലത്തെ ആത്മീയ, നൈതിക, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയും കോവിഡിനെ പ്രതിരോധിക്കാൻ മുസ്‌ലിം രാഷ്ട്രങ്ങൾ സ്വീകരിച്ച രീതികളും മാർഗങ്ങളും ആഴത്തിലും ഇസ്‌ലാമിന്റെ ദാർശനിക പരിസരത്തുനിന്നും പരിശോധിക്കുന്ന പുസ്തകമാണ് ടി.കെ.എം ഇഖ്ബാൽ എഡിറ്റ് ചെയ്ത് ഐ പി എച്ച് പ്രസിദ്ധീകരിച്ച കോവിഡും കോവിഡാന്തര ലോകവും ഇസ്‌ലാമിക വായന എന്ന പുസ്തകം.

മുഷ്താഖ് ഫസൽ