Campus Alive

ഒരു മലബാറുകാരന്റെ മാർക്സിസ്റ്റ്‌ നക്സലൈറ്റ് ജീവിതം

വളരെ ജൈവികമായ പ്രതിഭാസമായി രാഷ്ട്രീയത്തെ മനസിലാക്കുന്ന ഒരു കൂട്ടം ജനവിഭാഗമാണ് മലബാർ മേഖലയിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാതൽ. അവരെ സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനം എന്നത് കേവല പ്രവർത്തന മേഖലകളിൽ ഒന്ന് മാത്രമല്ല, മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ തന്നെ സ്വാഭാവിക അസ്തിത്വത്തിന്റെ ഭാഗമാണ്. വിശിഷ്യാ ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള അടുപ്പം മലബാറിനെ സംബന്ധിച്ച്, സവിശേഷമായി കണ്ണൂരിനെ സംബന്ധിച്ച് എന്നും അവരുടെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഔദ്യോഗിക മാർക്സിസ്റ്റ് ഗ്രൂപ്പുകളെ പോലെ തന്നെ ഇതര തീവ്ര സ്വഭാവമടക്കമുള്ള നക്സലൈറ്റ് പ്രസ്ഥാനങ്ങൾക്കും കണ്ണൂർ എന്നും വളക്കൂറുള്ള മണ്ണായിരുന്നു. ആ മണ്ണിൽ ജീവിച്ച, മണ്ണിന്റെ നോവറിയുന്നതിലൂടെ നക്സലിസത്തിലേക്ക് കടന്ന് വന്ന ഒരാളായിരുന്നു സഖാവ് ബാവ എന്ന പാപ്പിനിശ്ശേരിക്കാരൻ അമീർ അലി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പിലൂടെ ഒരു കാലഘട്ടത്തിലെ മാർക്സിസ്റ്റ് – നക്സൽ രാഷ്ട്രീയത്തിന്റെ ചരിത്രം പറഞ്ഞു വെക്കുകയാണ് സഖാവ് ബാവ. ഒരു ചരിത്രകാരന്റെ ചരിത്രാഖ്യാനത്തേക്കാൾ ചരിത്ര വസ്തുതകൾ ഒരു ആത്മകഥയിൽ നിന്നും നമ്മുക്ക് കണ്ടെടുക്കാൻ കഴിയും. അത്തരമൊരു ചരിത്ര യാഥാർത്ഥ്യത്തിന്റെ ഇതുവരെ പറയാത്ത അടരുകളാണ് ‘മാർക്സ് മാവോ മലബാർ’ എന്ന ഈ ഓർമ്മക്കുറിപ്പിലൂടെ നിർവ്വഹിക്കപ്പെടുന്നത്. നക്സൽ പ്രസ്ഥാനത്തിന്റെ തുടക്ക ഘട്ടം മുതൽ അതിന്റെ അവസാനം വരെ എത്തിനിൽക്കുന്ന ചരിത്രത്തെ തന്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവെച്ച് കൊണ്ട് രാഷ്ട്രീയവും സൈദ്ധാന്തികവുമായ ഉൾപ്പിരിവുകളെ പിരിച്ചിടുക എന്ന ദൗത്യമാണ് ഈ കൃതിയുടെ ഉള്ളടക്കം. ഒരു സാധാരണ മുസ്‌ലിം ചെറുപ്പക്കാരന്റെ ജീവിത സാഹചര്യത്തിൽ നിന്നും തീർത്തും സങ്കീർണ്ണവും സാഹസികവുമായ ജീവിത സമസ്യയാണ് ഈ ഓർമ്മക്കുറിപ്പ് ഉടനീളം പങ്കുവെക്കുന്നത്. അത്തരം പങ്കുവെക്കലിലൂടെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടികളുടെ അപചയങ്ങളുടെ വേര് അന്വേഷിക്കുകയും പ്രധാനപ്പെട്ട ചില സൈദ്ധാന്തിക വിശകലനത്തിലേക്ക് ഈ പുസ്തകത്തിന്റെ അവസാനത്തിൽ എത്തിച്ചേരുന്നുമുണ്ട്. അതിന്റെ വിശകലനത്തിലേക്ക് കടക്കും മുന്നേ അമീർ അലി എന്ന കേരളത്തിന്റെ ഇന്നത്തെ ഓർമ്മകളിൽ പോലും ഇല്ലാത്ത ഒരു മനുഷ്യനെ കുറിച്ചുള്ള, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള ചില സംഗതികൾ പങ്കുവെക്കേണ്ടതുണ്ട്.

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അനിഷേധ്യ സാന്നിധ്യമായ ബാവാക്ക എന്തുകൊണ്ടാണ് പിന്നീടുള്ള ഓർമ്മകളിൽ നിന്ന് മറക്കപ്പെട്ടതോ, അസ്വീകാര്യനോ ആയത് എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ട സംഗതിയാണ്. ഇന്ന് കേരളത്തിൽ ആഘോഷിക്കപ്പെടുന്ന പൂർവകാല നക്സൽ നേതാക്കളിൽ നിന്ന് അമീർ അലി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്ന ഘടകത്തെ കണ്ടെടുക്കുമ്പോൾ ആണ് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നമ്മൾ എത്തുന്നത്. കെ വേണു അടക്കമുള്ള പഴയ നെക്സലൈറ്റുകൾ ഇന്ന് വിഹരിക്കുന്ന മേഖല പരിശോധിച്ചാൽ എന്തുകൊണ്ട് ബാവാക്ക അതിന്റെ ഭാഗമായില്ല എന്ന് മനസ്സിലാക്കാം. കെ വേണു, ഗ്രോ വാസു, ഭാസുരേന്ദ്ര ബാബു, സിവിക്ക് ചന്ദ്രൻ തുടങ്ങി സി കെ അബ്ദുൽ അസീസ് വരെയുള്ള ഇന്നത്തെ സാംസ്കാരിക, രാഷ്ട്രീയ ബുദ്ധിജീവികളിൽ നിന്ന് ബാവാക്ക വ്യത്യാസം പുലർത്തുന്നത് ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കാൻ കാരണമാകുന്ന രീതിയിൽ നക്സൽ പ്രവർത്താനാനന്തരമുള്ള ഇടപെടലുകളിൽ നിന്ന് അദ്ദേഹം മാറിനിന്നു എന്നതാണ്. സി കെ അബ്ദുൽ അസീസ് തന്നെ അദ്ദേഹത്തെ കുറിച്ച് പുസ്തകത്തിന്റെ അനുബന്ധ കുറിപ്പിൽ എഴുതുന്നു: ‘ബുദ്ധിജീവി’ എന്ന സംവർഗത്തിലൂടെ വിശേഷിപ്പിക്കാവുന്ന ബൗദ്ധിക കൃത്യങ്ങളൊന്നും ബാവാക്ക നടത്തിയിട്ടില്ല. അദ്ദേഹത്തിന്റേതായി ലേഖനങ്ങളോ കഥകളോ കവിതകളോ എന്റെ അറിവിൽ മുഖ്യധാരാ മാധ്യമങ്ങളിൽ അച്ചടിച്ചുവന്നിട്ടില്ല. അതുകൊണ്ടാണോ പൊതുമണ്ഡലത്തിൽ നക്സലൈറ്റുകൾക്ക് പരിമിതമായെങ്കിലും ലഭ്യമായിരുന്ന ‘സാമൂഹിക യോഗ്യത’ അദ്ദേഹത്തിന് അനുവദിക്കപ്പെടാതിരുന്നത്? അതോ അദ്ദേഹം സ്വയം ഉൾവലിയുകയായിരുന്നോ”.

അമീർ അലി

തുടർന്ന് വിപ്ലവാനന്തര രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം ഉൾവലിയുകയായിരുന്നു എന്ന് സി കെ പറയുന്നുണ്ട്. എന്നാൽ ഈ ഉൾവലിയൽ യാദൃശ്ചികമായിരുന്നില്ല. പ്രായോഗിക രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി ധിഷണയെ ഉപയോഗിച്ച ജൈവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ബാവാക്ക. ഇടക്കിടെ അദ്ദേഹം അത് ഓർമിക്കുന്നുണ്ട്. പാർട്ടിയിൽ പല ഘട്ടത്തിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളിലെ അനുഭവസിദ്ധമല്ലാത്ത സൈദ്ധാന്തിക സമീക്ഷകളോട് ബന്ധപ്പെടാൻ അദ്ദേഹം തയ്യാറാകാതിരിക്കുകയോ, അവ മനസ്സിലാക്കാൻ പറ്റാതെ പോവുകയോ ചെയ്യുന്ന സന്ദർഭങ്ങൾ ഓർമ്മക്കുറിപ്പിൽ പലപ്പോഴായി കടന്ന് വരുന്നുണ്ട്. അത്തരം ഘട്ടങ്ങളിലൊക്കെ പ്രശ്‌നകരമായ നിലപാടുകളെ തിരുത്തുകയോ, അവസാന ഘട്ടത്തിൽ അവ പാർട്ടിയെ പൂർണമായും പിടികൂടി എന്ന് തോന്നിയ ഘട്ടത്തിൽ അതിനോട് രാജിയായി മാറിനിൽക്കുകയോ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഒരു മുസ്‌ലിം തറവാട്ടിൽ ജനിച്ച അമീർ അലി പഠനത്തിൽ മിടുക്കൻ ആയിരുന്നുവെങ്കിലും വീട്ടിലെ അവസ്ഥയിൽ തുടർ പഠനത്തിനുള്ള സാഹചര്യം ഇല്ല എന്ന് കണ്ട് തുടർന്ന് നാട് വിടുകയും ഇന്ത്യയുടെ പല ഭാഗങ്ങളിൽ ജോലി ചെയ്തും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയും അതോടൊപ്പം തന്നെ ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ നടത്തിയും പ്രസ്തുത ജീവിത ഘട്ടത്തെ വിനിയോഗിക്കുന്നുണ്ട്. ആ ഒരു ഘട്ടത്തിന്റെ തുടർച്ചയാണ് പിന്നീട് അദ്ദേഹത്തെ കരുത്തുറ്റ തീവ്ര രാഷ്ട്രീയത്തിന്റെ വക്താവാക്കി മാറ്റുന്നത്. കേരളത്തിന് പുറത്തുള്ള ജീവിതത്തിൽ നിന്ന് ഒരു സമയത്ത് താൻ നാട്ടിലേക്ക് തിരിച്ച് വരേണ്ടതുണ്ടെന്ന തിരിച്ചറിവിൽ (ആ ഘട്ടം എത്തുമ്പോഴേക്ക് രാഷ്ട്രീയമായ ചില ബോധ്യങ്ങളിലേക്ക് അദ്ദേഹം എത്തുന്നുണ്ട്) നാട്ടിലേക്ക് മടങ്ങി വരികയും ദീർഘമായ ആലോചനയുടെ ഫലമായി വിപ്ലവപാർട്ടിയുടെ ഭാഗമാകാൻ സ്വയം സന്നദ്ധനായി മാറുകയും ചെയ്യുന്നു. ഇത് സാഹചര്യത്തിന്റെ ഏതോ സമ്മർദ്ദം രൂപപ്പെടുത്തിയതായിരുന്നില്ല. തന്നെ കുറിച്ചുള്ള ആലോചനകൾ നടത്തുന്ന ഘട്ടത്തിൽ തന്നെ ഒരു ഭാഗത്ത് അഖിലേന്ത്യാ തലത്തിൽ സിപിഎം സ്വീകരിച്ച പാർലിമെന്ററി ലൈനിനോട് വിയോജിക്കുന്ന ഒരു കൂട്ടം ആളുകൾ പിന്നീട് അതിനോട് ഇടഞ്ഞുകൊണ്ട് ചാരൂ മജൂംദാറിന്റെ നേതൃത്വത്തിലുള്ള നെക്സൽ ബാരി സമരവും സായുധ വിപ്ലവ ലൈനുമായ ഒരു കൂട്ടത്തിന്റെ ഉത്ഭവത്തിലേക്ക് എത്തുന്നുണ്ട്. അതോടൊപ്പം തന്നെ തന്റെ ജ്യേഷ്ഠൻ അടക്കമുള്ള ആളുകൾ കേരളത്തിൽ തലശ്ശേരി പുൽപ്പള്ളി സംഭവത്തിന്റെ പേരിൽ അറസ്റ്റിലാവുകയും, 1969 ഏപ്രിലിൽ പുതിയ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് – ലെനിനിസ്റ്റ്) രൂപീകരിക്കപ്പെട്ടതോടെ തന്റെ ജീവിതത്തിലെ നിർണായക തീരുമാനത്തിലേക്ക് സഖാവ് ബാവ എത്തിച്ചേരുന്നു. ഈ സമയത്ത് ബോംബയിൽ ആയിരുന്ന ബാവ അവിടുത്തെ പാർട്ടി നേതൃത്വത്തെ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ശ്രമിച്ചപ്പോൾ സ്വന്തം നാട്ടിൽ പ്രവർത്തിക്കാനുള്ള നിർദ്ദേശമാണ് ലഭിക്കുന്നത്. ഉടനെ നാട്ടിലേക്ക് വരികയും നാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. പിന്നീടുള്ള ബാവയുടെ ജീവിതം കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ നക്സൽ പ്രസ്ഥാനത്തിന്റെ സുവർണ ഘട്ടത്തെ കുറിച്ചുള്ള ചരിത്ര പാഠങ്ങളാണ്.

കെ വേണു

തന്റെ ജീവിതത്തിലുടനീളം ഒരു മാർഗദർശിയെ പോലെ കൂടെയുള്ള കെ വേണുവിന്റെ ഒപ്പം ചേർന്നുകൊണ്ടുള്ള രാഷ്ട്രീയ ജീവിതവും വേണു ഉണ്ടാക്കിയ സ്വാധീനവുമാണ് ബാവാക്കയുടെ നക്സൽ ജീവിതത്തിലെ നിർണായക ഭാഗമായി അദ്ദേഹം തന്നെ അടയാളപ്പെടുത്തുന്നത്. ജയിൽ അനുഭവങ്ങളിൽ തുടങ്ങി ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കെ വേണു പാർട്ടിയെ കുറിച്ചും മാർക്സിസത്തെ കുറിച്ചും നടത്തുന്ന പഠനങ്ങൾ പാർട്ടിയെ എന്നപോലെ സഖാവ് ബാവയെയും മുന്നോട്ട് ചലിപ്പിക്കുന്ന ഊർജസ്രോതസ്സായിരുന്നു. വേണുവിന്റെ ചിന്തകളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമാണ് നല്ലൊരു ശതമാനവും ബാവയുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ പല ഉൾക്കളികൾ കാരണം പാർട്ടിയിൽ വേണു ഒറ്റപ്പെടുമ്പോഴും പുറത്താക്കപ്പെടുമ്പോഴും അതേ രീതിയിൽ ചിന്തിക്കാനും പ്രസ്തുത ചിന്തകളുടെ പ്രായോഗിക മാനങ്ങളെ കുറിച്ച് അണികളെ ബോധ്യപ്പെടുത്താനും സാധിക്കുന്ന വിധത്തിൽ പ്രതികരിക്കാൻ ബാവക്ക് ആയിരുന്നു. വിപ്ലവ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കാലഘട്ടത്തിലൂടെ, സന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോളും ലഭിക്കുന്ന തിരിച്ചറിവിൽ നിന്ന് പലവിധ തിരുത്തലുകൾ നടത്താൻ അദ്ദേഹം തയ്യാറാകുന്നുണ്ട് എന്നത് തന്നെ അദ്ദേഹത്തിലെ സത്യസന്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടയാളമാണ്. അതിൽ ഒന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള വീണ്ടുവിചാരങ്ങൾ. ഭരണകൂട ജനാധിപത്യത്തിന്റെ പോരായ്മകളോട് കലഹിക്കുന്ന പൊതുസ്വഭാവം നക്സലൈറ്റുകളിൽ കാണുമ്പോഴും അതിൽ നിന്ന് ഭിന്നമായ ജനങ്ങളുടെ ജനാധിപത്യ ബോധ്യത്തെ തന്റെ ജീവിത യാത്രയിൽ സവിശേഷമായി തിരിച്ചറിയുന്ന ഘട്ടങ്ങളെ കുറിച്ച് അദ്ദേഹം പങ്കുവെക്കുന്നുണ്ട്. വിശിഷ്യാ ഒരു നക്സലൈറ്റിനെ സംബന്ധിച്ച് തന്റെ വിപ്ലവപോരാട്ടത്തിന്റെ നല്ലൊരു ഭാഗവും ഒളിവിൽ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ സ്ഥലത്തും കാലത്തും തങ്ങളെ സംരക്ഷിക്കാനും സഹായിക്കാനും പാർട്ടി പ്രവർത്തകർ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള തന്റെ ഒളിജീവിതത്തിന് പലപ്പോഴും സഹായകരമായ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ കഥ കൂടി പറഞ്ഞു വെക്കുന്നതിലൂടെ ഗ്രാമീണരായ ജനങ്ങളുടെ ജനാധിപത്യ ബോധ്യത്തെ പ്രത്യേകം അടയാളപ്പെടുത്താൻ ബാവാക്ക ശ്രമിക്കുന്നുണ്ട്.

മറ്റൊരിടത്ത് സിപിഎമ്മുമായുള്ള സംഘർഷങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തുടക്കത്തിലേ സങ്കീർണ വിപ്ലവ ബോധത്തിൽ നിന്ന് സാംസ്കാരിക മേഖലകളിലേക്കും മറ്റും ക്രിയാത്മകമായി പ്രവേശിച്ച് വിജയിച്ച ഘട്ടത്തിൽ, സിപിഎം അതിനെ പ്രതിരോധിച്ച് പരാജയപ്പെടുകയും ചെയ്തതോടെ പിന്നീട് സിപിഎമ്മിൽ വന്ന മാറ്റത്തെ, അഥവാ തീർത്തും അക്രമോത്സുകമായ രീതി സ്വീകരിക്കുന്നതിന്റെ പ്രശ്‌നത്തെ തുടർന്ന് വിശദമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ “അടിയന്തിരാവസ്ഥക്കു ശേഷം ജനാധിപത്യത്തെ പറ്റിയും, പൗരാവകാശത്തെ പറ്റിയും നടത്തി വന്ന കപട വാചകക്കസർത്തുകൾ അവസാനിപ്പിക്കുകയും, തങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള യഥാർത്ഥ ഫാഷിസ്റ്റ് ദ്രംഷ്‌ട്രകൾ പുറത്തെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അതിക്രൂരവും, നീചവുമായ മർദനതേർവാഴ്ച്ച കേരളത്തിലുടനീളം അഴിച്ചുവിട്ടു”. ഇത് ഇന്നും തുടരുന്നു എന്ന് പറഞ്ഞതിന്റെ തുടർച്ചയിൽ തങ്ങൾ അവർ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി തീർത്തും ജനാധിപത്യ രീതിയിലാണ് അതിനെ പ്രതിരോധിച്ചത് എന്നും ഇന്നത്തെ ആർ.എസ്.എസ് മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളും കൊലപാതകങ്ങളും കാണുമ്പോൾ അന്ന് ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക എന്ന തങ്ങളുടെ നയത്തിലെ പ്രസക്തിയെ കുറിച്ച് അദ്ദേഹം ഓർത്തെടുക്കുന്നു.

ഇങ്ങനെ തുടക്കത്തിലേ സംഘർഷ ഘട്ടത്തിൽ നിന്ന് പതിയെ ഇന്ത്യയിലെ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക്, വിശിഷ്യാ ജാതി പോലുള്ളവയെ കുറിച്ചുള്ള നിഗമനങ്ങളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നുണ്ട്. ദലിത് മുസ്‌ലിം ജനവിഭാഗങ്ങളുമായുള്ള സംഭാഷണങ്ങൾ, ലൈംഗീകതയെ സംബന്ധിച്ച് ഇന്നും സംവാദ മണ്ഡലത്തിൽ രൂക്ഷ പ്രശ്‌നമായി നിൽക്കുന്ന പല വിഷയത്തെ കുറിച്ചുമുള്ള രസകരമായ നിരീക്ഷണങ്ങൾ ഒക്കെ ഓർമയിൽ നിന്ന് പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് മുന്നോട്ട് പോകുന്നത്.

രണ്ട് സംഗതികൾ കൂടി വ്യക്തമാക്കി അവസാനിപ്പിക്കാം. ബാബരി മസ്ജിദ് വിഷയവുമായി ബന്ധപെട്ട പാർട്ടി നയമാണ് അതിൽ ഒന്ന്. ബാബരി മസ്ജിദ് മുസ്‌ലിങ്ങളുടേതാണ് എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം ഉന്നയിക്കാൻ അന്ന് പാർട്ടിക്ക് സാധിച്ചു എന്നത് സവിശേഷ പ്രാധാന്യത്തോടെ മനസിലാക്കപ്പെടേണ്ടതാണ്. കാരണം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് പോലും കൃത്യമായ ഒരു നിലപാടിലേക്ക് അന്നും ഇന്നും എത്താൻ സാധിക്കാത്ത സാഹചര്യത്തിലും എന്തുകൊണ്ട് അന്നത്തെ നക്സലൈറ്റ് പ്രസ്ഥാനത്തിന് സാധിച്ചു എന്ന് ചോദിച്ചാൽ മുസ്‌ലിം സമൂഹവുമായുള്ള അടുപ്പവും ബാവാക്കയെ പോലുള്ള മുസ്‌ലിം സമൂഹത്തിന്റെ കൂടെ സഞ്ചരിച്ച മാർക്സിസ്റ്റുകൾ പാർട്ടിക്കകത്ത് ഉള്ളതുകൊണ്ടുമാണ്. ഇന്ന് അത്തരമൊരു സാഹചര്യം ഏത് മാർക്സിസ്റ്റ് വിഭാഗത്തിനും അന്യമാണ്. മതത്തോടുള്ള അടുപ്പം തങ്ങളെ ഏതോ വിധത്തിൽ മലീമസമാക്കും എന്ന യാന്ത്രിക ഭൗതികവാദ കാഴ്ചപ്പാടിൽ ഇന്നത്തെ മാർക്സിസ്റ്റുകൾ പെരുമാറാൻ തുടങ്ങിയതോടെ യഥാർത്ഥ മതത്തിന്റെ അന്തസത്തയോ, പ്രശ്നങ്ങളോ, മതത്തിന്റെ തന്നെ വിമോചനാത്മ ഉള്ളടക്കത്തെയോ തിരിച്ചറിയാൻ പറ്റാതെ പോയി. ഇതിൽ നിന്ന് ഭിന്നമായ ഒരു മുസ്‌ലിം മാർക്സിസ്റ്റ് ആയിരുന്നു സഖാവ് ബാവ. തന്റെ സ്വന്തം സമുദായത്തോട് അദ്ദേഹം എന്നും അടുത്ത് നിന്നിരുന്നു. വിവാഹ ഘട്ടത്തിലും മക്കളുടെ വിദ്യാഭ്യാസ ഘട്ടത്തിലുമൊക്കെ മാർക്സിസ്റ്റ് ആയി ജീവിക്കുമ്പോഴും ലിബറലിസ്റ്റ് ജീവിത ശൈലി സ്വീകരിക്കാതെ മതത്തിന്റെ തന്നെ ചട്ടക്കൂടുകളെ തന്നെ ഉപയോഗപ്പെടുത്താൻ ആണ് ബാവാക്ക ശ്രമിച്ചത്. മാത്രമല്ല വിവാഹ വിഷയത്തിലൊക്കെ ലിബറൽ കാഴ്ചപ്പാടിന്റെ പരിമിതിയെ സൂചിപ്പിക്കുകയും അതോടൊപ്പം തന്നെ അത്തരം ജീവിതശൈലി സ്വീകരിക്കുന്നവരോട് പുലർത്തേണ്ട ജനാധിപത്യ സമീപനത്തെ കുറിച്ചും അദ്ദേഹം കൃത്യമായ ധാരണ മുന്നോട്ട് വെക്കുന്നുണ്ട്. ഇങ്ങനെ ഒരു ജൈവ ബന്ധം തന്റെ കുടുംബത്തോടും നാടിനോടും സമുദായത്തോടും നിൽനിർത്തികൊണ്ടാണ് ബാവാക്കയുടെ രാഷ്ട്രീയ ജീവിതം പ്രതിനിധീകരിക്കപ്പെട്ടത്. അത്തരം ബന്ധത്തിന്റെ തുടർച്ചയിൽ ആണ് നാട്ടിലെ മദ്രസ നടത്തിപ്പ് നിന്നുപോയപ്പോൾ അതും ഏറ്റെടുത്ത് വിജയിപ്പിക്കാൻ അദ്ദേഹം ശ്രമങ്ങൾ നടത്തുന്നത്.

ഇങ്ങനെ ഇടതുപക്ഷ ചിന്താധാരയോട് സഞ്ചരിച്ച് അതോടൊപ്പം തന്നെ രാഷ്ട്രീയമായ ശരികളിൽ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവസാനത്തിൽ ഇടതുപക്ഷ ബുദ്ധിജീവികളെ കുറിച്ച് അദ്ദേഹം എത്തുന്ന ചില നിഗമനങ്ങൾ ഉണ്ട്. പ്രധാനമായും രണ്ട് സംഗതികൾ ആണ് സമീപകാലത്തെ ഇടതുപക്ഷ ബുദ്ധിജീവികളുടെ പ്രതിസന്ധിയായി അദ്ദേഹം മനസിലാക്കുന്നത്,

ഒന്ന്, “ജനാധിപത്യം എന്ന നിർണ്ണായക പോയിന്റിൽ തട്ടി മാർക്സിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾ വട്ടംകറങ്ങുകയും, തകരുകയും ചെയ്യുന്ന, മനുഷ്യ സമൂഹം ഒന്നടങ്കം ഉത്തരം തേടുന്ന ഒരു സങ്കീർണാവസ്ഥയെ സംബന്ധിച്ച് ഇവർക്ക് ഒരു ചുക്കും മനസിലായിട്ടില്ല. രണ്ട്, അഥവാ കുറേയൊക്കെ മനസിലായിട്ടുണ്ടെങ്കിൽ തന്നെ ഞങ്ങളുടെ സംവാദ മണ്ഡലത്തിലേക്ക് ആ ഭൂതത്തെ തുറന്നുവിടാൻ ഭയപ്പെടുന്നു”. അപ്പോഴും ചരിത്രം വ്യാഖ്യാനിക്കാനുള്ളതല്ല മാറ്റിത്തീർക്കാൻ ഉള്ളതാണ് എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധിയെയും നമ്മൾ മറികടക്കുമെന്ന് ഓർമപ്പെടുത്തികൊണ്ട് തന്റെ ശിഷ്ടജീവിതം ശുഭപ്രതീക്ഷയും ദൃഢവിശ്വാസവും വെച്ച് പുലർത്തുന്ന ഒരു വേഴാമ്പലായി ജീവിക്കുമെന്ന് അവസാന വരികളായി എഴുതിവെച്ച് ഈ ഓർമ്മകുറിപ്പ് അവസാനിപ്പിക്കുകയും പിന്നീട് ഈ ലോകത്തിൽ നിന്ന് അദ്ദേഹം മടങ്ങി പോകുകയും ചെയ്തു.

ആത്തിഫ് ഹനീഫ്