Campus Alive

STEALING FROM THE SARACENS: ഇസ്‌ലാമിക വാസ്തുകലാ പാരമ്പര്യവും യൂറോപ്പും

യൂറോപ്യൻ നവോത്ഥാനത്തിന്റെയും കൊളോണിയൽ അധിനിവേശങ്ങളുടെയും ചുവടുപിടിച്ച് യൂറോ-കേന്ദ്രീകൃത രചനകളിലൂടെ അവതരിപ്പിക്കപ്പെട്ട ഒരു മിഥ്യാ സങ്കൽപ്പമാണ് പാശ്ചാത്യൻ നാഗരികത എന്നത്. ഘാനൻ-ബ്രിട്ടീഷ് ചിന്തകനായ പ്രൊഫ. ക്വാമെ ആന്റണി അപിയാ (Kwame Anthony Appiah) പ്രസ്താവിക്കുന്നത് പോലെ, ഏതൊരു ഗ്രീക്കോ-റോമൻ നാഗരികതയെയാണോ നവോത്ഥാനത്തിലൂടെ യൂറോപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതും തങ്ങളുടെ സംസ്കാരത്തിന്റെ അടിവേരായി വിശേഷിപ്പിച്ചതും, ആ വൈജ്ഞാനിക പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചതും നവോത്ഥാനത്തിന് തന്നെ ആശയാടിത്തറ പാകിയതും ഇസ്‌ലാമിക നാടുകളിലെ ലൈബ്രറികളും മുസ്‌ലിം പണ്ഡിത പ്രതിഭകളുമായിരുന്നു. ലോകം മുമ്പെങ്ങോ വിസ്മരിച്ചു പോയ അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും രചനകളെ യൂറോപ്പ് വീണ്ടെടുക്കുന്നത് ഫാറാബിയെയും ഇബ്നു റുഷ്ദിനെയും പോലുള്ള മുസ്‌ലിം ചിന്തകന്മാരിലൂടെയാണ്. പുരാതന ഗ്രീക്കോ-റോമൻ സംസ്കാരങ്ങളെയും നവോത്ഥാനകാല യൂറോപ്പിനെയും വിളക്കിച്ചേർത്ത വിസ്മരിക്കാനാകാത്ത കണ്ണിയായിരുന്നു ഇസ്‌ലാമിക നാഗരികത എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രൊഫ. ക്വാമെ ആന്റണി അപിയാ

ചരിത്രപ്രധാനമായ ടൂർസ് (Tours) യുദ്ധത്തിൽ (ക്രി.വ 832) ചാൾസ് മാർട്ടലിന്റെ (Charles Martel) ഫ്രാങ്കിഷ് സൈന്യത്തോട് പരാജയപ്പെട്ടതിന് ശേഷവും അന്തലൂസിലെ നഗരവീഥികളിൽ ക്രിസ്ത്യൻ ബിഷപ്പുമാരും വെനീഷ്യൻ കച്ചവടക്കാരും ചർച്ചുകളും സിനഗോഗുകളും നിത്യകാഴ്ചയായിരുന്നു. എന്നാൽ ഫ്രാങ്കിഷ് രാജധാനിയിൽ പേരിന് പോലും ഒരു മുസ്‌ലിം പണ്ഡിതനുണ്ടായിരുന്നില്ല. ഇത് മുസ്‌ലിംകൾ പ്രദർശിപ്പിച്ച സാംസ്കാരികവും വൈജ്ഞാനികവുമായ ഉൾകൊള്ളലിനെ അടിവരയിടുന്നതായി അപിയാ വ്യക്തമാക്കുന്നു. പലപ്പോഴും പാശ്ചാത്യൻ നാഗരികത, ക്രിസ്ത്യൻ – യൂറോപ്പ് സങ്കൽപ്പങ്ങൾ രാഷ്ട്രീയ അധീശത്വം വ്യാപിപ്പിക്കാനും ഇസ്‌ലാമിനെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് തങ്ങളുടെ നാഗരിക പാരമ്പര്യം സ്ഥാപിക്കാനുമാണ് ‘യൂറോപ്പ്’ ഉപയോഗിച്ചിരുന്നത്. ടൂർസ് യുദ്ധ വിജയത്തിൽ തുടങ്ങി കുരിശുയുദ്ധ പരമ്പരകളിലൂടെ വികസിച്ച് യൂറോപ്യൻ നവോത്ഥാനത്തോടെ പൂർണ വളർച്ചയെത്തിയ യൂറോപ്പിന്റെ പൗരസ്ത്യ തമസ്കരണം, വിശിഷ്യാ ഇസ്‌ലാം വിരുദ്ധത, കൊളോണിയൽ അധിനിവേശങ്ങളോടെ രൗദ്രഭാവം പ്രാപിക്കുന്നതാണ് ലോകചരിത്രത്തിൽ കാണാനാകുന്നത്. പൗരസ്ത്യ നാടുകളിലെ ജനങ്ങളെയും സംസ്കാരങ്ങളെയും അപരിഷ്കൃതമെന്ന് മുദ്രകുത്തി അവരുടെ മേൽ രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക മേൽക്കോയ്മ നേടിയെടുക്കുക എന്ന യൂറോപ്യൻ കൊളോണിയൽ പദ്ധതിക്ക് അടിസ്ഥാനമായി വർത്തിച്ചതും ഇത്തരം മിഥ്യാ സങ്കൽപ്പങ്ങളും തമസ്കരണങ്ങളുമായിരുന്നു. എഡ്വേഡ് സൈദ് സൂചിപ്പിച്ചത് പോലെ, പൗരസ്ത്യ സംസ്കാരങ്ങളെ കുറിച്ചുള്ള വികലമായ വായനയും സാമാന്യവൽക്കരണവുമാണ് യൂറോപ്യൻ സമൂഹത്തിന്റെ വരേണ്യതാ വാദത്തിനും യൂറോപ്യൻ സ്വത്വ രൂപീകണത്തിനും പ്രേരകമായത്.

കലയിലും സാഹിത്യത്തിലുമെന്ന പോലെ യൂറോപ്യൻ നവോത്ഥാനം ലോകത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ ഒരു മേഖലയാണ് വാസ്തുവിദ്യ. വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്ത യേശുവിന് ശേഷമുള്ള ആദ്യ രണ്ട് നൂറ്റാണ്ടുകൾ മാറ്റിനിർത്തിയാൽ ക്രൈസ്തവ കലയ്ക്കും വാസ്തുവിദ്യയ്ക്കും അടിത്തറ പാകിയത് ബൈസന്റൈൻ കാലഘട്ടമാണെന്ന് നിരീക്ഷിക്കാം. ബൈസന്റൈൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ഒന്നാമൻ (ക്രി.വ 272-337) ആണ് ക്രൈസ്തവതയെ രാഷ്ട്ര മതമായി (State religion) പ്രഖ്യാപിച്ച ആദ്യ ഭരണാധികാരി. നിഖ്യാ കൗൺസിലിലൂടെ(ക്രി.വ 325) ത്രിയേകത്വ സിദ്ധാന്തത്തിനും(Trinity) യേശുവിന്റെ ദൈവപുത്ര സങ്കൽപ്പത്തിനും ക്രൈസ്തവ ദൈവശാസ്ത്രത്തിൽ പ്രാമാണികത നൽകിയതടക്കം ക്രിസ്തുമതത്തിൽ പല പുതിയ പരിഷ്കാരങ്ങളുടെയും ഉപജ്ഞാതാവ് എന്ന രീതിയിൽ പരിഗണിക്കപ്പെടുന്ന ഒരു ഭരണാധികാരിയാണ് കോൺസ്റ്റന്റൈൻ. അതുകൊണ്ടു തന്നെ, കോൺസ്റ്റന്റൈനിനും ശേഷം ജസ്റ്റീനിയൻ (Justinian I) ചക്രവർത്തിക്കും കീഴിൽ ബൈസന്റൈൻ കലയും വാസ്തുവിദ്യയും ഒരു പുതിയ വിഹായസ്സിലേക്ക് ഉയർന്നു. അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന അയാ സോഫിയാ അടക്കം നിരവധി നിർമ്മിതികൾ ബൈസന്റൈൻ കാലഘട്ടത്തിൽ കിഴക്കൻ യൂറോപ്യൻ ഭാഗത്തും പശ്ചിമേഷ്യൻ പ്രദേശങ്ങളിലും ഉയർന്നുവരികയുണ്ടായി. പുരാതന റോമൻ വാസ്തുവിദ്യാ രീതികളും സങ്കേതങ്ങളും ബൈസന്റൈൻ വാസ്തുവിദ്യയിൽ അപ്പടി പ്രതിഫലിച്ചിരുന്നു. തുടർന്ന് യൂറോപിൽ പ്രചാരം നേടിയ റോമനെസ്ക് (Romanesque) വാസ്തുകലാ രീതിയും ഗോഥിക് (Gothic) സ്റ്റൈലുമെല്ലാം യൂറോപ്യൻ-ക്രിസ്ത്യൻ ആർക്കിടെക്ചറിനെ നവോത്ഥാന കാലത്ത് ലോകോത്തരമാക്കി തീർക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചവയാണെന്ന് യൂറോപ്യൻ അക്കാദമിക ലോകത്ത് നിരന്തരം ആവർത്തിക്കപ്പെടുമ്പോഴും പടിഞ്ഞാറൻ റോമിന്റെ അസ്തമയത്തിന് ശേഷം ലോകം കണ്ട വലിയ നാഗരികതയായി വളർന്ന ഇസ്‌ലാമിന്റെ യൂറോപ്യൻ കലയ്ക്കും വാസ്തുവിദ്യക്കുമുള്ള സംഭാവനകൾ സൗകര്യപൂർവം മറക്കുന്നതാണ് പതിവുകാഴ്ച.

പാശ്ചാത്യൻ നാടുകൾ ഇസ്‌ലാം പേടിയുടെയും വെള്ള വംശീയവാദത്തിന്റെയും കേന്ദ്രമായി വളർന്നു വരുന്ന സാഹചര്യത്തിൽ, യൂറോപ്യൻ വാസ്തുകലാ പൈതൃകത്തിന്റെ വളർച്ചയിൽ ഇസ്‌ലാമിക വാസ്തുവിദ്യയുടെ അനിഷേധ്യമായ പങ്കിനെ തുറന്നുകാട്ടുകയാണ് ബ്രിട്ടീഷ് എഴുത്തുകാരി ഡയാന ഡാർക്ക് (Diana Darke) തന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘Stealing from the Saracens: How Islamic Architecture Shaped Europe” എന്ന പുസ്തകത്തിലൂടെ. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന് അന്ത്യമിട്ട ജെർമാനിക് ഗോത്രങ്ങളെ (ഗോഥുകൾ) അപരിഷ്കൃതർ (Barbarians) എന്നാണ് ഇന്നും യൂറോപ്യൻ പൊതുബോധം അഭിസംബോധന ചെയ്യുന്നതെങ്കിലും അവർ യൂറോപ്യൻ ഭൂഖണ്ഡത്തിന് പരിചയപ്പെടുത്തിയ ഗോഥിക് കലയെയും വാസ്തുവിദ്യയെയും ഗോഥിക് (Gothic) എന്ന മേൽവിലാസത്തിൽ തന്നെ അംഗീകരിക്കാൻ യൂറോപ്പ് തയ്യാറാണ്. ഇന്ന് യൂറോപ്പിൽ അങ്ങോളമിങ്ങോളമുള്ള ബഹുഭൂരിപക്ഷം മധ്യകാല കത്തീഡ്രലുകളും ബസലിക്കകളും ഗോഥിക് ശൈലിയിലാണ് നിർമ്മിക്കപെട്ടിരിക്കുന്നത്. എന്നാൽ, ഗോഥിക് എന്ന പേരിൽ യൂറോപ് കൊണ്ടാടുന്ന പല വാസ്തുകലാ വിസ്മയങ്ങളും ഇസ്‌ലാമിക വാസ്തുകലാ നിർമ്മിതികളിൽ നിന്ന് നേരിട്ട് പ്രചോദനമുൾക്കൊണ്ടവയാണെന്ന് ഡയാന ഡാർക്ക് തന്റെ പുസ്തകത്തിൽ പറയുന്നു. യൂറോപ്യൻ നാഗരികതയുടെയും സ്വത്വത്തിന്റെയും ചിഹ്നങ്ങളായി ആഘോഷിക്കപ്പെടുന്ന ഇത്തരം കെട്ടിടങ്ങളിലെങ്ങും ഈജിപ്തിലെയും സിറിയയിലെയും ഇസ്‌ലാമിക വാസ്തുകലാ പാരമ്പര്യങ്ങളുടെ സ്വാധീനം പ്രകടമായി കാണാൻ കഴിയും. ജറുസലേമിലേക്ക് വന്ന യൂറോപ്യൻ തീർത്ഥാടകരും സഞ്ചാരികളും കച്ചവടക്കാരുമാണ് ഈ സാംസ്കാരിക വിനിമയങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിച്ചത് എന്നത് വ്യക്തമാണ്. ഗോഥുകളെ അംഗീകരിക്കാൻ മടികാണിക്കാത്ത യൂറോപ് എന്നാൽ ഇസ്‌ലാമിക പാരമ്പര്യത്തെ എന്നോ വിസ്മരിച്ചതായി ഡയാനാ ഡാർക്ക് ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തിന്റെ തലക്കെട്ടിലേക്ക് വരുമ്പോൾ, മുസ്‌ലിംകളെ കുറിക്കുന്നതിനായി മൂർ (Moor) എന്നതോടൊപ്പം തന്നെ മധ്യകാല-നവോത്ഥാന സാഹിത്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു ‘സാരസെൻ’ (Saracen) എന്നത്. ഉത്തരാഫ്രിക്കൻ, അറബ് മുസ്‌ലികൾ സ്പെയിനിൽ അധിവാസമുറപ്പിച്ചതിന് ശേഷമാണ് മൂർ എന്ന പദം മുസ്‌ലിം എന്നതിന് പര്യായമായി യൂറോപിൽ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ സാരസെൻ എന്ന വിളിക്ക് കുറേക്കൂടി പൗരാണികമായ ഉത്ഭവം കണ്ടെത്താനാകും. പുരാതന റോമൻ പ്രവിശ്യകളെ കുറിച്ചും അക്കാലത്തെ സിവിൽ-മിലിറ്ററി പോസ്റ്റുകളെ കുറിച്ചും പ്രതിപാദിക്കുന്ന Notitia Dignitatum എന്ന രേഖയിൽ ഒരേ സമയം അറബ്, സാരസെൻ എന്നീ രണ്ട് പദങ്ങളും ഉപയോഗിച്ചതായി കാണാം. അതിനാൽ സാരസെൻ എന്നത് അറബികൾ കൂടി ഉൾപ്പെട്ട പശ്ചിമേഷ്യൻ ജനവിഭാഗത്തെ പൊതുവായി കുറിക്കാൻ ഉപയോഗിച്ച പദമാണ് എന്നു വേണം മനസ്സിലാക്കാൻ. ഇതിന് പലരും വിവക്ഷിക്കുന്നത് പോലെ ‘സറക’ (മോഷ്ടിച്ചു) എന്ന അറബി ധാതുവിനോട് ചേർത്ത് മോഷ്ടാക്കൾ (Sārikīn) എന്ന അർത്ഥത്തിലാണ് യൂറോപ്യന്മാർ മുസ്‌ലിംകളെ വിളിച്ചത് എന്ന് വാദിക്കുന്നത് ശരിയല്ല. Sarrasin എന്നു ഫ്രഞ്ചു ഭാഷയിലും grano saraceno എന്ന് ഇറ്റാലിയൻ ഭാഷയിലും പറയുന്നത് താനിന്നിനാണ് (Buckwheat). തവിട്ടുനിറമുള്ള ഈ ധാന്യത്തിന്റെ നിറമുള്ളവർ എന്ന അർത്ഥത്തിലാണ് വെള്ളക്കാരായ യൂറോപ്യന്മാർ മുസ്‌ലിംകളെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ യൂറോപ്യൻ വംശജരായ വെള്ളക്കാരായ മുസ്‌ലിംകളെയും ഇതേ പദത്തിന് കീഴിൽ തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത് എന്നത് കൗതുകകരമായി തോന്നാം. പ്രവാചകന്റെ ഹദീഥുകളിൽ റോമക്കാരെ Bani al-Asfār (Children of Yellow) എന്നും മധ്യകാല മുസ്‌ലിം എഴുത്തുകളിൽ പടിഞ്ഞാറൻ യൂറോപ്യൻ ഭരണകൂടങ്ങളെ പൊതുവിൽ Firanjah (Franks) എന്നും വിളിച്ചിരുന്നതിന് സമമാണിത്. എന്നാൽ ആദ്യകാലത്തെ ന്യൂട്രൽ സ്വഭാവത്തിൽ നിന്ന് വ്യതിചലിച്ച് മൂർ, സാരസെൻ എന്നീ പദങ്ങൾ മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് മാറിയതായി പിൽക്കാല യൂറോപ്യൻ സാഹിത്യങ്ങളിൽ കാണാം. പശ്ചിമേഷ്യൻ ജനവിഭാഗങ്ങൾ എന്ന പൊതു വിവക്ഷയിൽ നിന്ന് മാറി മുസ്‌ലിംകളെ പ്രത്യേകമായി കുറിക്കാനായി അത് ഉപയോഗപ്പെട്ടു തുടങ്ങി എന്നത് ഇവിടെ പ്രസ്താവ്യമാണ്.

നോത്രദാം കത്തീഡ്രൽ

ദമസ്കസിലും കൈറോയിലും ബഗ്ദാദിലും രൂപം കൊണ്ട ഇസ്‌ലാമിക വാസ്തുകലാ ശൈലികൾ എങ്ങനെ യൂറോപ്യൻ നഗര ചക്രവാളങ്ങളിൽ തലയുയർത്തി നിൽക്കുന്ന പ്രശസ്തമായ നിർമ്മിതികൾക്ക് പ്രചോദനമായിത്തീർന്നു എന്നതാണ് ഡയാനാ ഡാർക്ക് Stealing from the Saracens-ൽ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം. പേരുകേട്ട പാരീസിലെ നോത്രദാം കത്തീഡ്രൽ (Notre-dame Cathedral) കഴിഞ്ഞ വർഷം അഗ്നിക്കിരയായപ്പോൾ ഫ്രഞ്ച് ഐഡന്റിറ്റിയുടെ പ്രതീകമാണ് കത്തിനശിച്ചത് എന്ന തരത്തിൽ ആളുകൾ സമൂഹ മാധ്യമങ്ങളിൽ വിലപിച്ചിരുന്നു. എന്നാൽ, നോത്രദാം എത്രത്തോളം ഫ്രഞ്ചാണ് എന്നാണ് ഡയാന അവരോട് തിരിച്ചു ചോദിച്ചത്. അവർ ട്വിറ്ററിൽ കുറിച്ചു: “യൂറോപിലെ മറ്റെല്ലാ ഗോഥിക് കത്തീഡ്രലുകളെയും പോലെ നോത്രദാമും പ്രചോദനമുൾക്കൊണ്ടിരിക്കുന്നത് സിറിയയിലെ ഖൽബ് ലോസെ (Qalb Loze) ചർച്ചിൽ നിന്നാണ്. നോത്രദാമിലെ ഇരട്ട ഗോപുരം എന്ന ശൈലി ഇവിടെ നിന്ന് കടമെടുത്താണ് 12-ാം നൂറ്റാണ്ടിൽ കുരിശുയോദ്ധാക്കൾ യൂറോപ്പിൽ അവതരിപ്പിച്ചത്”. 1204-ൽ പടിഞ്ഞാറൻ ലാറ്റിൻ സഭക്കാരായ കുരിശുയോദ്ധാക്കൾ കിഴക്കൻ ഓർത്തഡോക്സ് ചർച്ചിന്റെ ആസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ച് കീഴടക്കുകയും അയാ സോഫിയാ കത്തീഡ്രലിന് കനത്ത നാഷനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തത് ഓർത്തെടുക്കുമ്പോൾ പടിഞ്ഞാറിന് പൗരസ്ത്യമായതെന്തിനോടും ഉണ്ടായിരുന്ന ഈ വിരോധം ഒരേ സമയം മതപരവും രാഷ്ട്രീയപരവും വംശപരവും പ്രാദേശികവുമായിരുന്നു എന്നു തെളിയിക്കുന്നു. അപ്പോൾ നിഗൂഢമായ ദൈവശാസ്ത്രത്തിലും രാഷ്ട്രീയ വൈരത്തിലുമൂന്നിയ യൂറോപിന്റെ ഇസ്‌ലാം വിരുദ്ധതയിൽ അത്ഭുതമപ്പെടാനൊന്നുമില്ല എന്നു മനസ്സിലാക്കേണ്ടി വരും.

Dome of the Rock, st. Mark’s Basilica

സ്പാനിഷ് റികോൻകിസ്തക്ക് (Reconquista – 1492) ശേഷം കത്തീഡ്രലായി പരിണമിപ്പിക്കപ്പെട്ട കൊർദോബ മസ്ജിദിന്റെ യഥാർത്ഥ ചരിത്രം അറിയാതെയാണ് തദ്ദേശീയരും വിദേശീയരുമായ പലരും ആ ചരിത്ര സ്മാരകം സന്ദർശിക്കുന്നതെന്ന് ഡയാന ഡാർക്ക് അഭിപ്രായപ്പെടുന്നു. കുറഞ്ഞത് അന്തലൂസിയൻ വാസ്തുകലാ പാരമ്പര്യത്തിൽ വിരിഞ്ഞ ഒരു നിർമിതിയാണ് അതെന്ന തിരിച്ചറിവ് പോലും ഇല്ലാതെ പോകുന്നു എന്നതൊരു വസ്തുതയാണ്. ഗോഥിക് വാസ്തുകലാ ശൈലിയുടെ തനതു പ്രത്യേകതകളായി വിശ്വസിക്കപ്പെടുന്നവയാണ് കൂർത്ത കമാനങ്ങളും (Pointed arches) കമാനങ്ങൾ ചേർത്ത റിബ്ബ്ഡ് വോൾട്ടുകളും (Ribbed Vault). ആദ്യമായി Ribbed Voult-കൾ ഉപയോഗിക്കപ്പെട്ടത് കൊർദോബ മോസ്ക്കിലാണ്. ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് Ribbed Vault-കൾ Romanesque വാസ്തുവിദ്യയിൽ അവതരിപ്പിക്കപ്പെടുന്നത്. അതുപോലെ, കൂർത്ത കമാനങ്ങൾ ആകട്ടെ ഉമവീ ഭരണാധികാരിയായ അബ്ദുൽ മലികിന്റെ കാലത്ത് (ക്രി.വ 692) പണികഴിപ്പിച്ച ജറുസലേമിലെ ഖുബ്ബത്തുസ്വഖ്‌റ (Dome of the Rock) യിലാണ് ആദ്യമായി ഉപയോഗിച്ചത്. Dome of the Rock ന്റെ തനിപ്പകർപ്പാണ് ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ടെമ്പ്ൾ ചർച്ച് എന്ന് ഡയാന ഡാർക്ക് ചൂണ്ടിക്കാട്ടുന്നു. മധ്യത്തിൽ താഴികക്കുടമുള്ള, വൃത്താകൃതിയിൽ തൂണുകൾ നിരത്തിയ ഉൾവശം മാത്രമല്ല, ജ്യാമിതീയ രീതിയിൽ എഴുതപ്പെട്ട അറബി ലിഖിതങ്ങളും (Arabic inscriptions) കൂഫിക് (Kufic) കലീഗ്രഫികളും വരെ ചെറിയ മാറ്റത്തിരുത്തലുകളോടെ ലണ്ടനിൽ കാണാം. ഇത് ഒരു മുസ്‌ലിം നിർമ്മിതിയാണ് എന്ന് പോലും മനസ്സിലാക്കാതെ സോളമന്റെ ദേവാലയമാണ് എന്ന് തെറ്റിദ്ധരിച്ചാണ് മധ്യകാലഘട്ടം മുതൽ Dome of the Rock ന്റെ വാസ്തുകലാ ശൈലിയെ ക്രിസ്ത്യൻ യൂറോപ്പ് പകർത്തിക്കൊണ്ടിരുന്നത്. അതേസമയം, വെനീസിലെ വിശുദ്ധ മാർക്കോസിന്റെ ബസിലിക്കയിലെ (St. Mark’s Basilica) താഴികക്കുടങ്ങൾ ഡോം ഓഫ് ദ റോക്കിന്റേതിൽ നിന്ന് വ്യത്യസ്തമായി അതിന്റെ വക്രീകരിച്ച രൂപമായ Onion Dome-കളിലാണ് പണിതിരക്കുന്നത്. ഉള്ളിയുടെ ആകൃതിയോട് സാമ്യമുള്ളതിനാലാണ് അവയെ Onion ഡോമുകൾ എന്നു വിളിക്കുന്നത്. Onion dome-കൾ റഷ്യൻ ഓർത്തഡോക്സ് ചർച്ചിന് ആധിപത്യമുള്ള പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. ലാത്വിയ, ലിത്വാനിയ, പോളണ്ട് പോലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മധ്യകാല മുസ്‌ലിം പള്ളികളിലും മിനാരത്തിന് മുകളിലായി ചെറിയ Onion dome-കൾ ഉള്ളതായി കാണാം. പൂർണമായും മരത്തിൽ നിർമിച്ചവയായതിനാൽ തന്നെ വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ ലോക്കൽ ആർക്കിടെക്ചറിന്റെ മനോഹാരിതയിൽ നിലകൊള്ളുന്ന ഇത്തരം മസ്ജിദുകളിൽ കാണാനാകില്ല.

Great Mosque of Damascus, Big Ben Clock Tower

ക്രി.വ 715-ൽ പണികഴിപ്പിക്കപ്പെട്ട ദമസ്കസിലെ ജാമിഅൽ ഉമവി (Great Mosque of Damascus) യിലെ ചതുരാകൃതിയിലുള്ള രണ്ട് മിനാരങ്ങൾ (Minaret of the Bride, Minaret of Isa) യൂറോപ്പിലെ പ്രശസ്തമായ പല ഗോപുരങ്ങളുടെയും നിർമ്മാണ ശൈലിയിൽ സ്വാധീനം ചെലുത്തിയവയാണ്. ഇറ്റലിയിലെ ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന ടൗൺ ഹാൾ ഗോപുരം, വെനീസിലെ വിശുദ്ധ മാർക്കോസിന്റെ മണിമേട, ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെൻ ടവർ (Big Ben) എന്നിവയൊക്കെ അവയിൽ ചിലത് മാത്രം. ഫ്ലോറൻസിലെ ടൗൺഹാളും അതിന്റെ ഗോപുരവുമാകട്ടെ മംലൂക്ക് ആർകിടെക്ചറിനെ അനുസ്മരിപ്പിക്കും വിധമാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ, ക്രി.വ എട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ജാമിഅ് ഹലബ് അൽ-കബീറും (Great Mosque of Aleppo) അതിന്റെ മിനാരത്തിന് പ്രശസ്തമായിരുന്നു. എന്നാൽ, ആയിരം വർഷത്തോളം പഴക്കമുണ്ടായിരുന്ന ആ ചരിത്ര നിർമിതി 2013 – ൽ ഐസിസ് ആക്രമണത്തിൽ പൂർണമായും തകർക്കപ്പെടുകയാണുണ്ടായത്. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ പൗലോസിന്റെ കത്തീഡ്രലാണ് (St.Paul’s Cathedral) മറ്റൊരു നിർമിതി. ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയായ ഈ കെട്ടിടവും അതിന്റെ നിർമ്മാണ ശൈലിക്ക് കടപ്പെട്ടിരിക്കുന്നത് സാരസെൻ എന്ന് യൂറോപ്യമാർ വിളിച്ചിരുന്ന ഇസ്‌ലാമിക വാസ്തുകലയോടാണെന്ന് ഡയാന ഡാർക്ക് വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരനായ അതിന്റെ ശിൽപിയായ ക്രിസ്റ്റഫർ വ്രെൻ (Christopher Wren) അക്കാലത്തെ ഏറ്റവും പ്രശസ്തനായ ആർക്കിട്ടെക്റ്റുകളിൽ ഒരാളായിരുന്നു. നിർമ്മാണത്തിന്റെ ലഘുത്വവും (Lightness) അതേസമയം അലങ്കാരവും (Ornamentation) ഉൾച്ചേർന്ന ഒരു ശൈലി പരിഗണിക്കുമ്പോൾ ഭാരമേറിയ ഗോഥിക് രീതിയേക്കാൾ സാരസെനിക് രീതിയോടാണ് കത്തീഡ്രലിന്റെ നിർമ്മാണത്തിന് കൂടുതൽ സാമ്യമെന്ന് 1700-കളിൽ ക്രിസ്റ്റഫർ വ്രെൻ തന്നെ എഴുതിയിട്ടുണ്ട്..

ഗ്രന്ഥകാരി ഡയാന ഡാർക്ക്

സ്പെയിനിൽ കത്തീഡ്രലുകളായും മ്യൂസിയങ്ങളായും മറ്റു പബ്ലിക് കെട്ടിടങ്ങളായും പരിവർത്തിപ്പിച്ച ധാരാളം മുസ്‌ലിം നിർമ്മിതികൾ കാണാനാകും. അവയൊക്കെയും ഗോഥിക്, ഉത്തരാഫ്രിക്കൻ, ഇസ്‌ലാമിക് വാസ്തുകലാ ശൈലികളുടെ അതിശയകരമായ സമന്വയമാണ്. അന്തലൂസിയൻ വാസ്തുവിദ്യയിലെന്ന പോലെ തന്നെ ഒട്ടോമൻ ആർക്കിട്ടെക്റ്റുകളും തദ്ദേശീയമായ ശൈലികളെ സാദരം സ്വീകരിച്ചും സമന്വയിപ്പിച്ചുമാണ് യൂറോപ്പിൽ അക്കാലത്ത് നിർമാണങ്ങൾ നടത്തിയിരുന്നത്. ഇന്ത്യയിലും മധ്യേഷ്യയിലും ചൈനയിലും വികസിച്ചു വന്ന ഇസ്‌ലാമിക വാസ്തുകലാ ശൈലികളും  ഇതിൽ നിന്ന് വിഭിന്നമായിരുന്നില്ല. അത്തരം വിനിമയങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കുകയും അവയെ പ്രശംസിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് അക്കാലത്തെ ഇസ്‌ലാം അടക്കമുള്ള പൗരസ്ത്യ നാഗരികതകളെ യൂറോപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. യൂറോപ് വെള്ളക്കാരന്റേതാണെന്ന വംശീയശുദ്ധിവാദത്തിലൂന്നിയ സാംസ്കാരിക-രാഷ്ട്രീയ ഏജൻസികൾ ശക്തിപ്രാപിക്കുന്ന ആധുനിക യൂറോപിൽ സ്വന്തം ഭൂതകാലത്തെ കുറിച്ചുള്ള തികഞ്ഞ അവബോധവും ഇതര സമൂഹങ്ങളെയും ജനവിഭാഗങ്ങളെയും ഉൾകൊള്ളാനുള്ള സഹിഷ്ണുതയും ചേരുമ്പോൾ മാത്രമാണ് നാനാദിക്കുകളിൽ നിന്നായി ആർജിച്ചെടുത്ത നാഗരിക ഗുണങ്ങൾക്ക് പൂർണത ലഭിക്കുകയുള്ളൂ. ഈയൊരു സാഹചര്യത്തിൽ ഡയാന ഡാർക്കിന്റെ പുതിയ പുസ്തകം ആ മേഖലയിലേക്ക് വെളിച്ചം വീശാനുതകുന്ന ഒരു സൃഷ്ടിയാണെന്ന കാര്യത്തിൽ സംശയമില്ല.


(ബ്രിട്ടീഷ് എഴുത്തുകാരിയും കോളമിസ്റ്റുമായ ഡയാന ഡാർക്ക് പശ്ചിമേഷ്യൻ ചരിത്രവും സംസ്കാരവും കേന്ദ്രീകരിച്ചാണ് തന്റെ രചനകൾ നിർവഹിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയിലെ വാഡം കോളേജിൽ നിന്ന് അറബി, ജർമ്മൻ ഭാഷകളിലും തത്വശാസ്ത്രത്തിലും ബിരുദം നേടിയ അവർ പിന്നീട് ബിബിസി, ടെലഗ്രാഫ്, ഗാർഡിയൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ കോളമിസ്റ്റായി പ്രവർത്തിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് അവരുടെ “Stealing from the Saracens: How Islamic Architecture Shaped Europe” എന്ന പുസ്തകം ലണ്ടൻ ആസ്ഥാനമായ Hurst Publishers പുറത്തിറക്കിയത്. ഇതു കൂടാതെ പശ്ചിമേഷ്യൻ വിഷയങ്ങൾ കേന്ദ്രമാക്കിയ മറ്റു ഒട്ടേറെ രചനകളുടെ കർത്താവ് കൂടിയാണ് ഡാർക്ക്.)

അനസ് പടന്ന