Campus Alive

ദലിത്-ബഹുജന്‍ രാഷ്ടീയം ഉലക്കുന്നത് ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തെ തന്നെയാണ്

അധികാരത്തിനും സമ്പത്തിനും വേണ്ടി ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം മനുഷ്യന്‍ നാഗരിക ജീവിതം നയിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ആരംഭിച്ചിട്ടുള്ളതാണ്. ജ്ഞാനത്തിന്റെ വരേണ്യ സ്വഭാവത്തിന് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ജ്ഞാനാധികാരം ഭരണം കൈയാളുന്നവന്റെ കൈയിലായിരുന്നതിനാല്‍ തന്നെ അധികാരമില്ലാത്തവന്റെ ജീവിതവും ഭാഷയും സംസ്‌കാരവുമെല്ലാം രേഖപ്പെടുത്താതെ പോവുകയും വിസ്മൃതമാവുകയും ചെയ്യുന്നു. കിഴക്കിനെ കുറിച്ച് പടിഞ്ഞാറിന്റെ പഠനങ്ങളും കറുത്തവനെ പറ്റിയുള്ള വെളുത്തവന്റെ പഠനങ്ങളും അവര്‍ണനെ പറ്റിയുള്ള സവര്‍ണന്റെ പഠനങ്ങളുമെല്ലാം തന്നെ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതായിരുന്നു.

ആഗോള തലത്തിലായാലും ഇന്ത്യന്‍ സാഹചര്യത്തിലായാലും ചരിത്രത്തിലേക്ക് നോക്കിയാല്‍ അധികാരത്തിലിരിക്കുന്ന വരേണ്യര്‍ എല്ലാതരം ജ്ഞാനോല്‍പാദകരെയും തങ്ങളുടെ കീഴില്‍ കൊണ്ടുവരാനും, അതുവഴി തങ്ങളുടെ അധികാരത്തിനും നിലനില്‍ക്കുന്ന അധികാരവ്യവസ്ഥക്കും സാധൂകരണം നല്‍കാനും ശ്രമിച്ചുപോന്നിട്ടുണ്ട്. കൊളോണിയലിസത്തിന് ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ സംഭാവന അതായിരുന്നു. പടിഞ്ഞാറിന് ഇസ്‌ലാമിനോടും മുസ്‌ലിമിനോടുമുള്ള വിരോധത്തിനും ഇസ്‌ലാമോഫോബിയക്കും കുരിശുയുദ്ധകാലത്തോളം പഴക്കമുണ്ടെങ്കിലും, സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ‘ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന പ്രബന്ധത്തില്‍ നിന്നാണ് സാമ്രാജ്യത്വത്തിന് ഇസ്‌ലാം/ മുസ്‌ലിം/ അറബ് എന്നിവയെ അപരസ്ഥാനത്ത് നിര്‍ത്താന്‍ ആശയ പിന്‍ബലം ലഭിക്കുന്നത്. ‘ബോംബിട്ട് കൊല്ലപ്പെടേണ്ടവരായ’, ‘കിരാതന്മാരായ’ ‘ഏഴാം നൂറ്റാണ്ടിലെ’ ‘അപരിഷ്‌കൃത അറബികളെ’ ആക്രമിച്ച് ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള സാധൂകരണം സാമ്രാജ്യത്വത്തിന് ലഭിക്കുന്നത് തങ്ങളുടെ തന്നെ തിങ്ക് ടാങ്കുകള്‍ പുറത്തുവിടുന്ന തീസിസുകളില്‍ നിന്നായിരുന്നു. അറിവും അക്കാദമിക പണ്ഡിതരും ലോകക്രമത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

samuelhuntington

അധികാരം നിലനിര്‍ത്തുന്നതിന് സിനിമയും സാഹിത്യവും ചരിത്രവും ഭാഷയിലെ ഓരോ വാക്കിന്റെ അര്‍ഥം പോലും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയെന്നത് അധികാരം കൈയാളുന്നവരുടെ ശീലമാണ്. ഒടുവില്‍ വരേണ്യരുടെ ഭാഷയും ജീവിതവും സംസ്‌കാരവുമെല്ലാം പൊതു/ദേശീയ സംസ്‌കാരമായി വ്യവഹരിക്കപ്പെടുകയും വരേണ്യ/ദേശീയ ജീവിതത്തിന് പുറത്ത് നില്‍ക്കുന്നവര്‍ അരികുവല്‍ക്കരിക്കപ്പെടുകയും ഈ പൊതുസംസ്‌കാരത്തില്‍ നിന്ന് പുറത്താവുകയും അപരരായി മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നു.

ആഫ്രോ അമേരിക്കരുടെ അനിഷേധ്യനേതാവായിരുന്ന മാല്‍ക്കം എക്‌സിന്റെ ആത്മകഥയില്‍ താന്‍ എങ്ങനെയാണ് വെളുത്തവരെ പോലെ സംസാരിക്കാനും വെളുത്തവരെ പോലെ വസ്ത്രം ധരിക്കാനും അവരുടെ ജീവിത ശൈലികള്‍ പിന്തുടരാനും ശ്രമിച്ചിരുന്നത് എന്ന് പറയുന്നുണ്ട്. ഒടുവില്‍ ജയിലില്‍ വെച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് വെളുത്തവര്‍ എങ്ങനെയാണ് കറുത്തവരെ അടിമകളാക്കി മാറ്റുന്നത് എന്ന് കാണിച്ച് കൊടുക്കുന്നു. ഡിക്ഷണറിയില്‍ വൈറ്റ് എന്നതിന് ഏറ്റവും ശുദ്ധമായത് എന്നും കറുപ്പിന് അശുദ്ധം, മ്ലേഛം എന്നിങ്ങനെയും അര്‍ഥം കൊടുത്തിരിക്കുന്നത് കണ്ട് അത്ഭുതം കൂറിയ അദ്ദേഹം തന്റെ പിന്നീടുള്ള ജീവിതം വെള്ള വംശീയ വാദത്തെ തുറന്ന് കാട്ടുന്നതിനും കറുത്തവരെ സംഘടിപ്പിക്കുന്നതിനും മാറ്റിവെക്കുകയായിരുന്നു.

BRAND_BIO_Bio-Shorts_Malcolm-X-Mini-Biography_0_172236_SF_HD_768x432-16x9

ജ്ഞാനാധികാരവും അക്കാദമിക ഹിന്ദുത്വവും

സഹസ്രാബ്ദങ്ങളോളം ഇന്ത്യയില്‍ നിലനിന്ന, ഇപ്പോഴും നിലനില്‍ക്കുന്ന അധീശത്വ വ്യവഹാരമാണ് ബ്രാഹ്മണിസം. ലോകത്തെവിടെയും ഇല്ലാത്തവിധം ഭീകരമായ അടിമത്തം ഇന്ത്യയില്‍ നടപ്പാക്കിയത് ഈ അധീശത്വ വ്യവഹാരമാണ്. ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന് പോലും ഈ ബ്രാഹ്മണാധിപത്യത്തിന് വലിയ തോതില്‍ ഉലച്ചില്‍ തട്ടിക്കാനായില്ല. സുല്‍ത്താന്‍മാരുടേയും ചക്രവര്‍ത്തിമാരുടേയും സേവപിടിച്ച് ഒരു പരിധിവരെ അവര്‍ മുസ്‌ലിം ഭരണത്തിലും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യക്കാരുടെ മതത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കാതിരുന്നത് കാരണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അവര്‍ വല്ലാതെ ഇടപെട്ടതുമില്ല. അതേ സമയം ബ്രാഹ്മണിസത്തിന്റെ സ്വാധീനം സെമിറ്റിക്ക് മതങ്ങളായ ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അനുയായികളില്‍ ജാതിയുടെ രൂപത്തില്‍ കാണപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂരിപക്ഷം വരുന്ന ദലിത് ബഹുജനങ്ങളുടെമേല്‍ അധികാരം തുടരുന്നതിന് വേണ്ടി എല്ലാ വിധത്തിലുള്ള ബൗദ്ധിക വഞ്ചനകളിലൂടെയും ജ്ഞാനാധികാരം സമൂഹത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗം കൈയടക്കി വെച്ചിരിക്കുകയാണ് . അവര്‍ തങ്ങളെ സ്വയം വിശുദ്ധരും മേലാളരും ആയി കരുതിവരികയും ബ്രാഹ്മണര്‍ എന്ന് വിളിക്കുകയും ചെയ്തു. അതേസമയം പണിയെടുക്കുന്ന വിഭാഗങ്ങളെ താഴേക്കിടക്കാരായും മ്ലേഛന്മാരുമായാണ് മുദ്ര കുത്തിയിരിക്കുന്നത്. ഈ ചരിത്രം ഇതുവരെ അറിഞ്ഞതിലും കൂടുതലായി മനസ്സിലാക്കപ്പെടേണ്ടതും ഇനിയും എഴുതപ്പെടേണ്ടതുമായ വിഷയമാണ്. ഒരു കാര്യം വ്യക്തം. ഇന്ത്യയിലെ ബ്രാഹ്മണരായ വരേണ്യ ആണുങ്ങളായാലും പടിഞ്ഞാറിലെ വെളുത്ത ആണുങ്ങളായാലും ലോകമെമ്പാടുമുള്ള അവരുടെ പ്രതിരൂപങ്ങളായാലും അവരെല്ലാം അവരുടെ ആധിപത്യം നിലനിര്‍ത്തി പോരുന്നത് സാംസ്‌കാരികവും ഭാഷാപരവുമായ കൃത്രിമത്വങ്ങളിലൂടെയാണ്. അവര്‍ പല മാര്‍ഗേണ അവരെ തന്നെ മഹാത്മ്യമുള്ളവരായി അവതരിപ്പിക്കുകയും സ്ത്രീകളെയും താഴ്ന്നവരെന്നു അവര്‍ കരുതിയ ജാതികളെയും വംശീയ വിഭാഗങ്ങളെയും കുറിച്ച് തങ്ങളുടേതായ ആഖ്യാനങ്ങള്‍ ചമയ്ക്കുകയും ചെയ്തു (Knowledge and Power- Braj Ranjan Mani). കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് ശിപായിമാരെ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിച്ചുവെങ്കിലും ജ്ഞാനാധികാരം ഉന്നത ജാതികളുടെ കൈയില്‍ തന്നെ തുടര്‍ന്നു. ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തില്‍ ഭാഷയില്‍ പോലും ബ്രാഹ്മണിസത്തിന്റെ വംശീയതയുടെ ഉള്ളടക്കം നമുക്ക് വ്യക്തമായി കാണാനാവും. സംസ്‌കൃതത്തിലെ ഓരോ വാക്കിനും ബ്രാഹ്മണിസം കല്‍പ്പിച്ചു നല്‍കിയ അര്‍ഥമാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ഉല്‍കൃഷ്ടത എന്ന സംസ്‌കൃത പദത്തിന്റെ ഉത്ഭവം ‘ഉയര്‍ന്ന കുലത്തില്‍ ജനിച്ച’ എന്നര്‍ഥമുള്ള ഉത്കൃഷ്ട എന്ന പദത്തില്‍ നിന്നാണ്. ഉല്‍കൃഷ്ടതയുടെ വിപരീതപദമായ നികൃഷ്ടത ഉത്ഭവിച്ച നികൃഷ്ട എന്ന പദത്തിന്റെ അര്‍ഥം ‘താഴ്ന്ന കുലത്തില്‍ ജനിച്ച’ എന്നും. അതുപോലെ ശൂദ്ര എന്ന പദത്തിന്റെ ഉത്ഭവം വിലയോ മൂല്യമോ ഇല്ലാത്ത എന്നര്‍ഥം വരുന്ന ക്ഷുദ്ര എന്ന പദത്തില്‍ നിന്നും. ഇത്തരത്തില്‍ ഭാഷയിലെ വരേണ്യതയുടെ നിരവധി ഉദാഹരണങ്ങള്‍ മലയാളത്തിലടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലും കാണാം. ഈ ഒരു കാഴ്ചപ്പാടിലൂടെയാണ് സമകാലിക ഇന്ത്യന്‍ അക്കാദമിക രംഗത്തെ വരേണ്യതയെ നാം നോക്കിക്കാണേണ്ടത്. ഇടതെന്നോ വലതെന്നോ കക്ഷിഭേദമില്ലാത്ത അക്കാദമിക രംഗത്തെ ഈ അധീശ വ്യവഹാരത്തെ നമുക്ക് അക്കാദമിക ഹിന്ദുത്വമെന്ന് വിളിക്കാം.

അധീശ വ്യവസ്ഥയും ബുദ്ധി ജീവികളും

മലേഷ്യന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ സൈദ് ഹുസൈന്‍ അല്‍താസ് വികസ്വര രാജ്യങ്ങളിലെ ബുദ്ധിജീവികള്‍ എന്ന പുസ്തകത്തില്‍ ബുദ്ധിജീവികളെ പ്രവര്‍ത്തനോന്മുഖരെന്നും പ്രവര്‍ത്തനരഹിതരെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവയെ നിര്‍വചിച്ച് വിശകലനം ചെയ്ത് കൃത്യമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നവരാണ് പ്രവര്‍ത്തനോന്മുഖരായ ബുദ്ധിജീവികള്‍. ഭരണകൂടവുമായി/ അധീശവ്യവസ്ഥയുമായി ചേര്‍ന്ന് നില്‍ക്കുകയോ ഭരണകൂടസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുകയോ ചെയ്ത് തങ്ങളുടേതായ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്ത ബുദ്ധിജീവികളെയാണ് പ്രവര്‍ത്തനരഹിതരെന്നു സൈദ് ഹുസൈന്‍ അല്‍താസ് വിളിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ഭൂരിഭാഗം ബുദ്ധിജീവികളെയും ഈ കോളത്തില്‍ പെടുത്താവുന്നതാണ് .

ak_04.2

അല്‍താസ് വര്‍ഗീകരിച്ച തരത്തില്‍ എഡ്വേര്‍ഡ് സൈദ് തന്റെ Representation of Intellectual എന്ന പുസ്തകത്തില്‍ ഇതേതരത്തില്‍ ബുദ്ധിജീവികളെ പ്രൊഫഷനല്‍ ബുദ്ധിജീവികള്‍ എന്നും അമേച്വര്‍ ബുദ്ധിജീവികളെന്നും വര്‍ഗീകരിക്കുന്നുണ്ട്. പ്രൊഫഷനല്‍ ബുദ്ധിജീവികള്‍ അധീശവ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുമ്പോള്‍ അമേച്വര്‍ ബുദ്ധിജീവികള്‍ അധീശവ്യവസ്ഥയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറില്ലാതെ നിരന്തരമായി പോരാടുന്നവരും, സ്വയം അസ്വസ്ഥരും മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്ന ആശയങ്ങളുള്ളവരുമായിരിക്കും. വ്യവസ്ഥിതിയുടെ ഭാഗമാവാതെ ഒരുതരത്തിലുള്ള പ്രവാസത്തില്‍ (Exile) കഴിയുന്ന ഈ വിഭാഗത്തില്‍ പെടുന്ന ബുദ്ധിജീവികള്‍ അധീശവ്യവസ്ഥയോട് സത്യം തുറന്നുപറയുകയും നീതി ആവശ്യപ്പെടുകയും ചെയ്യുമെങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത് അവര്‍ തമസ്‌ക്കരിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

representaion

ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ട് തരത്തിലുള്ള ബുദ്ധിജീവികളാണ് അധീശവ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുന്നത്. സവര്‍ക്കറുടെ ഹിന്ദുത്വധാരയും നെഹ്‌റുവിന്റെ സെക്യുലര്‍ ദേശീയധാരയും. മാര്‍ക്‌സിയന്‍ ലെഫ്റ്റ് ലിബറല്‍ ബുദ്ധിജീവികള്‍ നെഹ്‌റുവിയന്‍ ധാരയിലാണ് നിലകൊണ്ടിട്ടുള്ളതെങ്കിലും നെഹ്‌റുവിന്റെ ദേശീയതാ സങ്കല്‍പ്പത്തില്‍ സവര്‍ണ ഉള്ളടക്കമുള്ളതിനാല്‍തന്നെ അതിന്റെ എല്ലാ പരിമിതികളും ഈ ബുദ്ധിജീവികള്‍ക്കുണ്ട്. എഡ്വേര്‍ഡ് സൈദ് പറഞ്ഞ പ്രഫഷനല്‍ ബുദ്ധിജീവികളില്‍ ഈ രണ്ട് ധാരയിലുള്ളവരെയും ഉള്‍പ്പെടുത്താനാവും.

സവര്‍ക്കറുടെ ഹിന്ദുത്വധാരയും മാര്‍ക്‌സിസവും സവര്‍ണ ഉള്ളടക്കമുള്ള സെക്യുലറിസവും നെഹ്‌റുവിയന്‍ ദേശീയധാരയുമടങ്ങുന്ന ചിന്താമണ്ഡലത്തിലെ പ്രഫഷനല്‍ ബുദ്ധിജീവികളെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് അംബേദ്കര്‍ മുന്നോട്ട് വെച്ചിട്ടുള്ള ധാര. എഡ്വേര്‍ഡ് സൈദ് പറഞ്ഞ രണ്ടാമത്തെ വിഭാഗമായ അമേച്വര്‍ ബുദ്ധിജീവികളില്‍പെടുന്നവരാണ് അംബേദ്കര്‍ മുന്നോട്ട് വെക്കുകയും ദലിത് പാന്തേഴ്‌സിലൂടെയും കാന്‍ഷി റാമിലൂടെയും വികസിച്ച് പോസ്റ്റ് മണ്ഡല്‍, പോസ്റ്റ് ബാബറി കാലഘട്ടത്തില്‍ കാമ്പസുകളില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ദലിത് ബഹുജന്‍ വിദ്യാര്‍ഥി സമൂഹം. അക്കാദമികമായ സര്‍ട്ടിഫിക്കറ്റുകളോ പ്രിവിലെജുകളോ ഇല്ലാതെ തന്നെ അനുഭവങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് അധീശവ്യവസ്ഥക്കെതിരെ കലഹിക്കുന്ന ഇവരെ വ്യവസ്ഥിതി നിരന്തരമായി വേട്ടയാടികൊണ്ടിരിക്കും.

പ്രഫഷനല്‍ ബുദ്ധിജീവികളും അമേച്വര്‍ ബുദ്ധിജീവികളും

ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥക്കും സാമൂഹിക അസമത്വത്തിനും സാധൂകരണം നല്‍കിക്കൊണ്ടിരിക്കുന്നത് ഭരണകൂടത്തിന്റെ പോളിസി രൂപീകരണത്തിലും മറ്റും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മേല്‍പറഞ്ഞ പ്രഫഷനല്‍ ബുദ്ധിജീവികളാണ്. സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ യാതൊരു മാറ്റവും ഇവര്‍ മുന്നോട്ട് വെക്കുന്നില്ല. ഇത്തരത്തിലുള്ളവരെ ഉപയോഗിച്ച് തങ്ങളുടെ അധികാരത്തിന് സാധൂകരണം കിട്ടാനും നിലവിലുള്ള വൈജ്ഞാനിക മണ്ഡലത്തില്‍ തങ്ങളുടെ ആശയങ്ങള്‍ കുത്തിനിറക്കാനുമാണ് ഇന്ന് ബ്രാഹ്മണിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനാധികാരം സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കുകയും അതുവഴി തങ്ങളുടെ അധീശത്വം കാലങ്ങളോളം നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് മോദി അധികാരത്തിലെത്തിയ ശേഷം ചരിത്രകോണ്‍ഗ്രസിലും സയന്‍സ് കോണ്‍ഗ്രസ്സിലും സത്യങ്ങളെക്കാള്‍ ഐതിഹ്യങ്ങള്‍ക്കും കൊളോണിയല്‍ ചരിത്ര പാഠങ്ങളുടെ തന്നെ ഹിന്ദുത്വ വകഭേദങ്ങള്‍ക്കും ഇടം കൊടുക്കുന്നത്.

നെഹ്‌റുവിയന്‍ ധാരയില്‍പെട്ട മാര്‍ക്‌സിസ്റ്റ് ലിബറല്‍ സെക്യുലര്‍ ബുദ്ധിജീവികള്‍ സവര്‍ക്കര്‍ധാരയോട് നിരന്തരമായി കലഹിക്കുമ്പോള്‍ പോലും ചരിത്രത്തിന്റെ സന്നിഗ്ധ ഘട്ടത്തില്‍ ഇത്തരം ബുദ്ധിജീവികളുടെ നിലപാടുകള്‍ ആത്യന്തികമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന അധീശവ്യവസ്ഥയായ ബ്രാഹ്മണിസത്തെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ ഏറ്റവും വലിയ ഹിംസയായ ജാതിയെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചുമെല്ലാം അംബേദ്കര്‍ ഉയര്‍ത്തിയ ബൗദ്ധിക കലാപത്തെ അവഗണിക്കുകയും അംബേദ്കറെ ബ്രിട്ടീഷ് പിണിയാള്‍ എന്ന് വിളിക്കുകയുമാണ് ഇവര്‍ ചെയ്തത്. ഇപ്പോള്‍ ജാതിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും ജാതിനിര്‍മൂലനത്തെപ്പറ്റിയും സംസാരിക്കുന്ന ഇവര്‍ തങ്ങളുടെ ജീവിതത്തില്‍ തികഞ്ഞ വരേണ്യത കാത്ത് സൂക്ഷിക്കുന്നവരും സ്റ്റാറ്റസ്‌കോയില്‍ വിശ്വസിക്കുന്നവരുമാണ്. തങ്ങളുടേതല്ലാത്ത അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നു എന്നതിനാല്‍തന്നെ അമേച്വര്‍ ബുദ്ധി ജീവികളോട് അയിത്തം പുലര്‍ത്തുകയും അവരെ ബുദ്ധിപരമായും ധാര്‍മികമായും രണ്ടാംകിടക്കാരായി കാണുകയും ചെയ്യുന്നു. തങ്ങളുടെ സാമൂഹിക പദവിയും പ്രിവിലെജുകളും നിലനിര്‍ത്തി ദലിത് ബഹുജന്‍സമൂഹത്തിന്റെ രക്ഷക വേഷം കെട്ടുന്നതാണ് പുതിയ കാലത്തെ മാര്‍ക്‌സിസ്റ്റ് ഇടത് ലിബറലുകളുടെ രീതി.

എണ്‍പതുകളില്‍ ശരീഅത്ത്ഏകസിവില്‍കോഡ് വിവാദത്തില്‍ സവര്‍ക്കര്‍ധാരയോടൊപ്പം ചേര്‍ന്ന് മുസ്‌ലിം സമൂഹത്തെ ഭര്‍ത്സിക്കുന്നതില്‍ മത്സരിച്ച ഇവര്‍ മണ്ഡല്‍ പ്രക്ഷോഭകാലത്ത് സംവരണ വ്യവസ്ഥക്കെതിരെ മെരിറ്റോക്രസിയെ ഉയര്‍ത്തിപ്പിടിച്ച് തങ്ങളുടെ ദലിത് ബഹുജന്‍വിരുദ്ധത കൂടുതല്‍ തുറന്നുകാണിക്കുകയുണ്ടായി. ബാബരി മസ്ജിദ് ധ്വംസനാനന്തരം ഇരകളാക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ വ്രണിത ശരീരത്തെ കൂടുതല്‍ മുറിപ്പെടുത്തുംവിധമായിരുന്നു ഈ ബുദ്ധിജീവികളുടെ തിയറികള്‍. മുസ്‌ലിം വര്‍ഗീയത സമം ഹിന്ദു വര്‍ഗീയതയെന്ന തിയറി മുന്നോട്ടു വെച്ച ഇവര്‍ സഹസ്രാബ്ദങ്ങളോളം ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ബ്രാഹ്മണ വംശീയതയെ അതേ വംശീയതയുടെ ഇരയായി മാറിയ മുസ്‌ലിം സമൂഹവുമായി സമീകരിച്ചതിലൂടെ ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ പരാജയപ്പെടുകയാണ്. പുതിയ കാലഘട്ടത്തില്‍ അംബേദ്കറെ തന്നെ ഏറ്റെടുത്ത് അംബേദ്കറുടെ രാഷ്ട്രീയത്തിന്റെ ആകത്തുകയായ ജാതി നിര്‍മൂലനം എന്ന കൃതിക്ക് പുസ്തകത്തേക്കാള്‍ വലിയ ആമുഖം എഴുതുകയും ആമുഖത്തില്‍ ഗാന്ധി അംബേദ്കര്‍ താരതമ്യം നടത്തി അംബേദ്കറുടെ രാഷ്ട്രീയത്തെ ഉട്ടോപ്യന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതും ഈ വിഭാഗം ബുദ്ധിജീവികള്‍ തന്നെ. അക്കാദമിക രംഗത്തെ സവര്‍ക്കര്‍ധാരയും നെഹ്‌റുവിയന്‍ പക്ഷത്തുള്ള മാര്‍ക്‌സിസ്റ്റ് ഇടത് ലിബറല്‍ധാരകളും ഒരുപോലെ ദലിത്മുസ്‌ലിം ബഹുജനങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് നമുക്ക് സമകാലീന സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

DrAmbedkar

വരേണ്യ കാമ്പസുകളും ദലിത് മുസ്‌ലിം ബഹുജന വിദ്യാര്‍ഥികളും

അറിവ് തേടിയെത്തുന്ന ഏകലവ്യനോട് പെരുവിരല്‍ ദക്ഷിണയായി ചോദിച്ച ദ്രോണാചാര്യന്റെ പെരുമ പറയുന്ന നാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്തളങ്ങളില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ഥികള്‍ അക്കാദമിക വംശഹത്യ നേരിട്ട് കൊണ്ടിരിക്കുകയാണ്. ജ്ഞാനം ബ്രഹ്മാവില്‍ നിന്നാണെന്നും അറിവിന്റെ കുത്തക ബ്രാഹ്മണര്‍ക്കാണ് എന്നും കരുതുന്ന മെരിറ്റോക്രസിയെക്കുറിച്ച് ഊന്നിയൂന്നി പറയുന്ന വിഭാഗത്തിനാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലും ഭൂരിപക്ഷം. സ്വാതന്ത്ര്യാനന്തരം മാത്രം അറിവിന്റെ മണ്ഡലത്തിലേക്ക് പ്രവേശനം സാധ്യമായ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെക്കാലം അപ്രാപ്യമായി തുടര്‍ന്നു. സംവരണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം-ദലിത് ബഹുജന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചത് 2006 ല്‍ ഉന്നതവിദ്യാഭ്യാസ രംഗത്തും സംവരണം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രമാണ്. ജ്ഞാനം അധികാരം നേടുന്നതിനുള്ള മുന്നുപാധിയാണെന്ന് അറിയാവുന്ന, കാലങ്ങളായി ജ്ഞാനാധികാരം തികഞ്ഞ വഞ്ചനയിലൂടെ കൈപ്പിടിയില്‍ ഒതുക്കിയവര്‍ക്ക് ഉന്നതവിദ്യാഭ്യാസ കലാലയങ്ങളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി സാന്നിധ്യം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അതിനാല്‍ പ്രവേശന പരീക്ഷയില്‍തന്നെ തോല്‍പ്പിക്കുകയും സംവരണവ്യവസ്ഥ അട്ടിമറിക്കുകയും ചെയ്ത് ദലിത് ബഹുജന്‍ വിദ്യാര്‍ഥി സാന്നിധ്യം വര്‍ധിക്കുന്നത് തടയാന്‍ അക്കാദമിക ഹിന്ദുത്വര്‍ ശ്രമിച്ചുവരുന്നു. പ്രവേശനം നേടിയവരെ നിരുല്‍സാഹപ്പെടുത്തലും ജാതി വിവേചനത്തിലൂടെയുള്ള ഒറ്റപ്പെടുത്തലും ഈ സ്ഥാപനങ്ങളില്‍ പതിവാണ് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍തന്നെ ഈ സ്ഥാപനങ്ങളില്‍ നിന്ന് പഠനം നിര്‍ത്തി പോകുന്ന ദലിത് ബഹുജന്‍ വിദ്യാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.

12540635_10207177620455348_1700978760962228288_n

ഫെല്ലോഷിപ്പ് തുക തടഞ്ഞുവെച്ച് അധികാരികളും, മാര്‍ക്ക് വെട്ടിക്കുറച്ചും കാലങ്ങളോളം അധ്വാനിച്ച റിസര്‍ച്ച് പ്രപോസല്‍ തള്ളിയും അഭിനവ ദ്രോണാചാര്യന്മാരും രംഗത്ത് സജീവമാണ്. നിരന്തരം വേട്ടയാടുന്നതില്‍ മനംനൊന്ത് സ്വയം ജീവനൊടുക്കിയവരിലെ അവസാന പേരാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. ഇഫ്‌ലുവിലും ഐംസിലും ഐ.ഐ.ടികളിലുമെല്ലാം പുകള്‍പെറ്റ ഇടത് അഗ്രഹാരമായ ജെ.എന്‍.യുവിലും ഇത്തരത്തില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ഥികള്‍ വിവേചനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. ജെ.എന്‍.യുവിലെ പ്രവേശനരീതികളിലെ സംവരണ അട്ടിമറിക്കെതിരെ ദലിത് ബഹുജന്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങാനിരിക്കുകയാണ്. സമരങ്ങളിലൂടെയും അക്കാദമിക ചര്‍ച്ചകളിലൂടെയും ജ്ഞാനാധികാരം കൈപ്പിടിയിലൊതുക്കിയിട്ടുള്ള അക്കാദമിക ഹിന്ദുത്വവാദികളെ നേരിടുന്ന ദലിത് ബഹുജന്‍ വിദ്യാര്‍ഥി സംഘടനകളെ നിശ്ശബ്ദരാക്കാന്‍ ദേശവിരുദ്ധര്‍, ജാതിവാദികള്‍ എന്നെല്ലാം സവര്‍ക്കര്‍പക്ഷം വിളിക്കുമ്പോള്‍ സ്വത്വവാദികള്‍, മതമൗലിക വാദികള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നെഹ്‌റുവിയന്‍ ദേശീയ സെക്യുലര്‍ ചിന്താഗതിക്കാരായ മാര്‍ക്‌സിസ്റ്റ് ഇടത് ലിബറല്‍ പക്ഷം ഉന്നയിക്കുന്നത്. അതെ, അവര്‍ക്ക് വേണ്ടത് നമ്മുടെ നിശ്ശബ്ദതയാണ്.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍

നഹാസ്‌ മാള