Campus Alive

എസ്. എഫ്. ഐയും മതേതര-ലിബറല്‍ ഭാവനകളും

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി നേതാവ് രോഹിത്ത് വെമുലയുടെ ജീവത്യാഗത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യമാകെ കത്തിപടരുകയാണ്. രോഹിത്തിന് സവര്‍ണ ഭരണകൂടം നീതി നല്‍കുമെന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലും രോഹിത്തിന്റെ ജീവത്യാഗം ഇന്ത്യയുടെ രാഷ്ട്രീയത്തില്‍, വിശേഷിച്ചും വിദ്യാര്‍ഥി രാഷട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സൂചനകളാണ് നാം കാണുന്നത്.

വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന നൈരന്തര്യം കൊണ്ട് സമ്പുഷ്ടമായ കേരളത്തിലും വലിയ ചലനങ്ങളാണ് അത് സൃഷ്ടിച്ചത്. പ്രക്ഷോഭത്തോട് കേരളത്തിലെ ക്യാമ്പസുകളുടെയും വിദ്യാര്‍ഥിസംഘടനകളുടെയും പ്രതികരണം പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അടക്കം കേന്ദ്രസര്‍വകലാശാലകളില്‍ ശക്തിപ്രാപിക്കുന്ന കീഴാളരാഷട്രീയത്തോട് കേരളത്തിലെ ക്യാമ്പസുകള്‍ നേരിട്ട് സംവദിച്ച ചരിത്രസന്ദര്‍ഭമെന്ന നിലയില്‍ അത്തരമൊരു പരിശോധന പ്രസക്തമാണന്ന് തോന്നുന്നു. കേരളത്തിലെ ഇടത്പക്ഷ വിദ്യാര്‍ഥിപ്രസ്ഥാനമായ എസ് എഫ് ഐ യുടെ നിലപാടുകളിലൂടെയാണ് ഈ വായന നടത്താന്‍ ശ്രമിക്കുന്നത്.

രോഹിത്ത് കൊല്ലപെട്ട ദിവസം മുതല്‍ തന്നെ കേരളത്തിലും പ്രതിഷേധങ്ങളുണ്ടായി. ക്യാമ്പസുകളില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലും സംയുക്തമായും പ്രതികരണങ്ങള്‍ രൂപപെട്ടു. കേന്ദ്ര സര്‍ക്കാറിനെതിരായ പ്രക്ഷോഭം എന്ന നിലയില്‍ കെ എസ് യു വും സംഘപരിവാറിനെതിരെയുള്ള പ്രക്ഷോഭം എന്ന നിലയില്‍ എസ് എഫ് ഐ യും വിഷയം ക്യാമ്പസുകളില്‍ ഉന്നയിച്ചു. തെരുവുകളിലും ക്യാമ്പസുകളിലും ദലിത് മുസ്ലീം പ്രസ്ഥാനങ്ങളാണ് കാര്യമായും ബ്രാഹ്മണ ജാതിവെറിയുടെ ഇരയാണ് രോഹിത്ത് എന്ന് പറയാന്‍ തയ്യാറായത്. എസ് ഐ ഒ വിന്റെ നേതൃത്വത്തില്‍ നൂറിലധികം പ്രതിഷേധ പരിപാടികളാണ് കേരളത്തില്‍ സംഘടിപ്പിക്കപെട്ടത്.

വിഷയത്തെ കേരളത്തിലെ ക്യാമ്പസുകള്‍ സ്വീകരിച്ചതിന്റെ സ്വാഭാവം മനസ്സിലാക്കാന്‍ കാലിക്കറ്റ് യൂണിവേഴസിറ്റിയിലെ പരിപാടികളെ ഉദാഹരണമായി എടുക്കാം.

രോഹിത്ത് എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യ സ്ഥാപനങ്ങളുടെ വിദ്യാര്‍ഥി ചൂഷണത്തിന്റെ ഭാഗമായാണ് എസ് എഫ് ഐ മനസ്സിലാക്കുന്നത്. അത് സംഘപരിവാറിന്റെ വിദ്യാഭ്യാസ നയങ്ങളിലെ വിദ്യാര്‍ഥി വിരുദ്ധ മുതലാളിത്വ സമീപനത്തിന്റെയും കാവിവല്‍ക്കരണത്തിന്റെയും ഭാഗമായും അവര്‍ മനസ്സിലാക്കുന്നു. എസ് എഫ് ഐ ഒറ്റക്കാണ് പ്രതിഷേധപരിപാടികള്‍ നടത്തിയത്. സംയുക്ത പ്രതിഷേധത്തെ കുറിച്ചന്വേഷിച്ച വിദ്യാര്‍ഥികളോട് മുസ്ലീം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് സഹകരിക്കാനും സ്വത്വ രാഷട്രീയത്തെ അംഗീകരിക്കാനും സാധിക്കാത്തതിനാല്‍ സാധ്യമല്ലന്ന മറുപടിയാണ് എസ് എഫ് ഐ നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ പറയുന്നു.

dalt bahujan march
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദലിത്-ബഹുജന്‍ മാര്‍ച്ചില്‍ നിന്ന്‌

യൂണിവേഴ്‌സിറ്റിയില്‍ ദലിത് മുസ്ലീം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആദ്യ ദിനം തന്നെ പ്രതിഷേധ പരിപാടി നടന്നു. മുസഫര്‍നഗര്‍ വംശഹത്യയുടെ രാഷട്രീയവും യാക്കുബ് മേമനെ തൂക്കി കൊന്നതിലെ അനീതിയും ചോദ്യം ചെയ്ത ദലിത് വിദ്യാര്‍ഥി നേതാവ് എന്നത് കൂടിയായിരുന്നു രോഹിത്തിന്റെ സവിശേഷതയെന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് ക്യാമ്പസ് സാക്ഷിയായി. ഹൈദരാബാദിലെ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ദേശീയ യൂണിവേഴ്‌സിറ്റി ബന്ദ് പ്രഖ്യാപിച്ച ദിവസം പ്രത്യേകിച്ച് അനക്കമൊന്നുമില്ലാതിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വൈകീട്ട് ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ ദലിത് ബഹുജന്‍ മാര്‍ച്ച് നടത്തി. എ. എസ് എ യുടെ യൂണിവേഴ്‌സിറ്റി ഘടകം രൂപീകരിച്ച് കൊടിമരം സ്ഥാപിച്ചു. കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ചരിത്രപരമായ ചുവെടുവെപ്പായിരിക്കുമത്.

ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ദേശവ്യാപകമായി ആഹ്വാനം ചെയ്ത യൂണിവേഴ്‌സിറ്റി ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് മഹാരാജാസ് ക്യാമ്പസ് പഠിപ്പ് മുടക്കിയത്. മഹാരാജാസിലെ ഇന്‍ക്വിലാബ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലാസ് ക്യാമ്പയിന്‍ നടക്കുന്നതിനിടെ ഓടിയെത്തിയ എസ് എഫ് ഐ നേതാക്കള്‍ തങ്ങളും പഠിപ്പ് മുടക്കുകയാണന്ന് പ്രഖ്യാപിച്ചു. (ഇന്‍ക്വിലാബിന്റെ നേതാവ് ഫുആദ് മുഹമ്മദ് തലേ ദിവസം ഹൈദരാബാദ് ക്യാമ്പസിലെ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം അറിയിച്ചിരുന്നു.) അത് വരെ ഓട്ടോണമസ് കോളജിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞുള്ള സമരത്തിലായിരുന്നു എസ് എഫ് ഐ. വൈകീട്ട് നേതാക്കള്‍ സമരം ചെയ്ത വിദ്യാര്‍ഥികളോട് നിങ്ങളാരാണ് രോഹിത്ത് വെമുലക്ക് വേണ്ടി സംസാരിക്കാന്‍ എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഫാസിസത്തിനെതിരെ സംസാരിക്കാനിവിനിടെ ഞങ്ങളുണ്ട്. മിണ്ടിയാല്‍ കൊന്നുകളയും എന്നും പറഞ്ഞത്രേ!

ഭീഷണിക്ക് വഴങ്ങാത്ത വിദ്യാര്‍ഥികള്‍ ഞങ്ങള്‍ രോഹിത്തിന് വേണ്ടി സംസാരിക്കുക തന്നെ ചെയ്യുമെന്ന് മുദ്യാവാക്യം മുഴക്കി പ്രകടനം നടത്തി. മൂന്ന് പേരെ കായികമായി ആക്രമിക്കുക മാത്രമാണ് എസ് എഫ് ഐ പകരമായി ചെയ്തത്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ മുഖ്യധാരാ ചാനലുകള്‍ ഒന്നും തന്നെ തയ്യാറായില്ല. പിറ്റേ ദിവസം എസ് എഫ് ഐ ജില്ലാനേതാവ് തിരുവനന്തപുരത്ത് ഹയര്‍ എഡുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനെ തല്ലിയതിനെ കുറിച്ച് ഇരുപത് റിപ്പോര്‍ട്ടുകളാണ് മലയാള മനോരമ നല്‍കിയത്. എന്ന് വെച്ചാല്‍ എസ് എഫ് ഐ യുടെ മര്‍ദ്ദനം മനോരമ അടക്കമുള്ള കേരളത്തിലെ മുഖ്യധാര രാഷട്രീയത്തിന് പ്രശ്‌നമാകുന്നത് ആരെ തല്ലി എന്ന് കൂടി പരിഗണിച്ച് മാത്രമാണെന്ന് വ്യക്തം. ഇതേ മഹാരാജാസ് ക്യാമ്പസില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം മൂന്നിലധികം തവണയാണ് ദലിത് വിദ്യാര്‍ഥികള്‍ക്ക് നേരെ എസ് എഫ് ഐ യുടെ ആക്രമം ഉണ്ടായത്. ദലിത് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കപെട്ടതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തി എന്നതായിരുന്നു ഈ വിരോധത്തിന്റെ കാരണം.

agaist sfi

കേരളത്തിലെ എസ് എഫ് ഐ ആധിപത്യ ക്യാമ്പസുകളുടെ കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തെ ചരിത്രമെടുത്താല്‍ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ് ഐ ഒ വിന്റെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാത്ത ക്യാമ്പസുകള്‍ ഇല്ലെന്ന് തന്നെ പറയാം. ദലിത് വിദ്യാര്‍ഥി മുന്നേറ്റങ്ങളോട് എല്ലാകാലത്തും ഇതേ സമീപനമാണ് എസ് എഫ് ഐ സ്വീകരിച്ച് പോന്നിട്ടുള്ളത് എന്ന് കാണാനാവും. തല്ലിയില്ലെന്ന് പൊതുവെ വ്യാജ പ്രചാരണത്തിന് ശ്രമിക്കാറുണ്ടെങ്കിലും അതിന്റെ പേരില്‍ തങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ പ്രശ്‌നമില്ലെന്ന ആത്മവിശ്വാസം എസ് എഫ് ഐ ക്കുണ്ട് എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കണ്ണൂരിലെ തലശ്ശേരി എഞ്ചിനീയറിങ് കോളജിലും തൃശൂര്‍ എഞ്ചിനീയറിങ് കോളജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ഒടുവില്‍ മഹാരാജാസിലും എല്ലാം എസ് എഫ് ഐ അക്രമത്തിന് ശേഷം നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാവും(ഏറ്റവുമൊടുവിലത്തെ മഹാരാജാസ് യൂണിറ്റിന്റെ പ്രതികരണം നോക്കുക). വര്‍ഗീയ ശക്തികളെ ഞങ്ങള്‍ക്ക് പ്രതിരോധിക്കേണ്ടതുണ്ട് എന്നായിരിക്കും എല്ലാ പ്രതികരണങ്ങളുടെയും ആകെ തുക. അവരുടെ ആത്മ വിശ്വാസത്തെ ശരിവെക്കുന്ന തരത്തിലാണ് കേരളത്തിലെ മുഖ്യാധാരാ മാധ്യമങ്ങളുടെയും മാധ്യമ-സിനിമാ-സാംസ്‌കാരിക-രാഷട്രീയ രംഗത്തെ പ്രമുഖരുടെയും പ്രതികരണങ്ങള്‍ നമുക്ക് കാണാനാവുക.

ഒടുവില്‍ മഹാരാജാസ് സംഭവത്തെ കണ്ടില്ലെന്ന് നടിച്ച മഹാരാജാസിലെ എസ് എഫ് ഐ മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ആഷിഖ് അബുവിന്റെ ടി പി ശ്രീനിവാസനെ തല്ലിയതിനോടുള്ള പ്രതികരണം ഇത്തരം ‘ജനാധിപത്യവാദികളുടെ’ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ മികച്ച ഉദാഹരണമാണ്. സി പി എം ജില്ലാ സെക്രട്ടറി മാപ്പ് പറഞ്ഞതിന് ശേഷം മാത്രം പ്രതികരിച്ച അദ്ദേഹം ഒരു പ്രവര്‍ത്തകന്റെ തെറ്റിന് മാപ്പ് പറഞ്ഞ നിലപാടിനെ മഹത്വവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ഒരിക്കല്‍ പോലും കേരളത്തിലെ ക്യാമ്പസുകളില്‍ എസ് എഫ് ഐ തുടരുന്ന അക്രമങ്ങളോട് ഇവരാരും തന്നെ പ്രതികരിക്കാറില്ല. വല്ല അവസരവും കിട്ടിയാല്‍ ഉടനെ ചാടി വീണ് ന്യായീകരിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാനാവും. തങ്ങള്‍ പഠിച്ചിരുന്ന കാലത്തെ ‘നല്ല എസ് എഫ് ഐ ‘ ക്കാര്‍ ആയിരുന്നു ഇവരില്‍ മിക്കവരും എന്നതിനാല്‍ തന്നെ അത്തരമാളുകള്‍ക്ക് ലഭിക്കുന്ന സ്വതന്ത്ര നിരീക്ഷക പട്ടം തന്നെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നവല്‍ക്കരിക്കേതുണ്ട്. ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്റെ സത്യസന്ധത പോലും പാര്‍ട്ടിയെ സംരക്ഷിക്കുന്നതില്‍ ഇത്തരം സ്വതന്ത്ര്യ നിരീക്ഷകര്‍ പുലര്‍ത്താറില്ല എന്നതാണ് വസ്തുത.

comedy

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വര്‍ഷങ്ങളായി എസ് എഫ് ഐ തുടരുന്ന ഏകാധിപത്യത്തിനെതിരെ നാല് മുസ്ലിം വിദ്യാര്‍ഥിനികള്‍ മത്സരിച്ചതും അതേ തുടര്‍ന്ന് അവര്‍ അനുഭവിച്ച പീഢനങ്ങളും അധികമാരും ഗൗനിച്ചതേയില്ല. അര്‍ധരാത്രിയില്‍ താമസിക്കുന്ന മുറിയില്‍ നിന്ന് പുറത്താക്കിയും റാഗിംങ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാക്കിയുമാണ് എസ് എഫ് ഐ യും കോളജ് അധികാരികളും അവരോട് പ്രതികരിച്ചത്. ഇതൊന്നും കേരളത്തില്‍ സ്ത്രീ പ്രസ്ഥാനങ്ങളോ എല്ലാത്തിലും പ്രതികരിക്കുന്ന സിനിമാ സംവിധായകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ വിഷയമായില്ല. ആ വിദ്യാര്‍ഥിനികളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ എസ് എഫ് ഐ മുട്ടുമടക്കി എന്നത് ചരിത്രം.

ഒരേ സമയം സ്വന്തം പ്രവര്‍ത്തകരെ കൂടി വഞ്ചിക്കുന്ന നിലപാടാണ് എസ് എഫ് ഐ യുടേത്. കേരളത്തിലെ ഇത്തരം അക്രമങ്ങളില്‍ കേസില്‍പെടുന്ന എസ് എഫ് ഐ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ദലിത് മുസ്ലിം വിദ്യാര്‍ഥികളാണ്. ജീവിത പ്രതിസന്ധികളെ മറികടന്ന് സംവരണത്തിന്റെ അര്‍ഹതയിലൂടെ ക്യാമ്പസുകളില്‍ എത്തിചേരുന്ന പിന്നാക്ക ദലിത് വിദ്യര്‍ഥികളെ ചൂഷണം ചെയ്ത് നശിപ്പിക്കുന്ന ഒരു മെക്കാനിസമാണ് എസ് എഫ് ഐ യുടെ അകത്തുള്ളതെന്ന് ക്യാമ്പസില്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും മനസ്സിലാക്കാനാവും. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പാര്‍ട്ടിയോട് വിധേയപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങളിലെ പെണ്‍ക്കുട്ടികളെ ഭീഷണിപെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ കള്ളക്കേസ് കൊടുപ്പിക്കുന്ന ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും. ഇവരെല്ലാം പിന്നാക്ക ദലിത് വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാവുന്നത് യാദൃശ്ചികമല്ല.

അതേ സമയം എസ് എഫ് ഐ യുടെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടും വലിയ ആത്മധൈര്യത്തോടെ എസ് എഫ് ഐ യെ ദാര്‍ശനികമായും രാഷട്രീയമായും ചോദ്യം ചെയ്ത കീഴാള വിദ്യാര്‍ഥി രാഷട്രീയം വിജയം നേടുന്നതിന്റെ അനുഭവങ്ങളാണ് കേരളത്തിലെ ക്യമ്പസുകളിലെമ്പാടും കാണാനാവുക. ഒടുവില്‍ രോഹിത്ത് വെമുലയുടെ ഘാതകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂട്ടയോട്ടം നടത്താന്‍ വരെ എസ് എഫ് ഐ ക്ക് തീരുമാനിക്കേണ്ടി വന്നു. രോഹിത്തിന്റെ മരണം പോലും എസ് ഐ ഒക്കാര്‍ രാഷട്രീയവല്‍ക്കരിക്കുന്നു (രോഹിത്തിന്റെ ജീവത്യാഗം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന നരേന്ദ്രമോദിയുടെ ആവശ്യം കേരളത്തിലെ പല ക്യാമ്പസുകളിലും ഉന്നയിച്ചത് എസ് എഫ് ഐ ക്കാരാണ്. തൃശൂര്‍ അസ്മാബി കോളജിലാണ് ‘രോഹിത്ത് എന്ന ദലിത് വിദ്യാര്‍ഥിയുടെ ‘മരണം’ പോലും രാഷ്ട്രീയവല്‍കരിക്കുന്ന എസ് ഐ ഒ വിന്റെ കുറുക്കന്‍ രാഷട്രീയത്തെ തിരിച്ചറിയാന്‍’ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പ്രത്യക്ഷപെട്ടത്) എന്ന ആരോപണം ഉന്നയിച്ച ക്യാമ്പസുകളിലും ഓട്ടം നടക്കുമായിരിക്കുമെന്നാശിക്കാം. ഇങ്ങനെ പുതിയകാല രാഷ്ടീയത്തിന്റെ പിന്നാലെ ഓടേണ്ടി വരുന്ന എസ് എഫ് ഐ പക്ഷേ അപ്പോഴും,കേവല വിദ്യാര്‍ഥി പ്രശ്‌നമാക്കി ചുരുക്കി, ആ രാഷട്രീയത്തെ ദുര്‍ബലപെടുത്തിയും അദൃശ്യമാക്കിയും തങ്ങളുടെ സവര്‍ണ രാഷട്രീയത്തെ സംരക്ഷിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നത്.

അമീന്‍ അഹ്‌സന്‍