Campus Alive

മതേതര രാഷ്ട്രീയവും മുസ്ലിം രാഷ്ട്രീയവും: പുതിയ രാഷ്ട്രീയഭാഷയെക്കുറിച്ച ആലോചനകള്‍

 

ആരാണ് സംവാദത്തെ നിര്‍ണ്ണയിക്കുന്നത് എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഉയര്‍ന്ന് വരുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ കാലങ്ങളായി ഇടത്-ലിബറല്‍ വ്യവഹാരത്തിനകത്താണ് തങ്ങളുടെ സംവാദസാധ്യതകളെ അന്വേഷിക്കുന്നത്. തങ്ങളെക്കുറിച്ച സംവാദങ്ങളെയും ചോദ്യങ്ങളെയും നിര്‍ണ്ണയിക്കാനും തീരുമാനിക്കാനും മുസ്ലിംകള്‍ക്ക് സാധിക്കുന്നില്ല. എല്ലാ സംവാദങ്ങളിലും ഒബ്ജക്ട് മാത്രമായാണ് മുസ്ലിംകള്‍ നിലനില്‍ക്കുന്നത്.സബ്ജക്ടുകളായി മാറാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഇന്ത്യയില്‍ വളരെ സജീവമായി നിലനില്‍ക്കുന്ന ഹിന്ദുത്വ ഭീകരതയില്‍ നിന്നും ഇസ്ലാമോഫോബിയയില്‍ നിന്നും തങ്ങളെ സംരക്ഷിക്കാന്‍ ഇടത്-ലിബറല്‍ സഖ്യമുണ്ട് എന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. തങ്ങളുടെ സംരക്ഷകരായാണ് അവര്‍ ഇടതുപക്ഷത്തെ കാണുന്നത്. അതിനാല്‍ തന്നെ ഇടതുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് അവര്‍ മനസ്സിലാക്കുന്നു.

അതേസമയം ഈ മുസ്ലിം-ഇടത്, മുസ്ലിം-ലിബറല്‍ സഖ്യങ്ങള്‍ പരസ്പര സഹവര്‍ത്വിത്തത്തിന്റെ ആവിഷ്‌കാരങ്ങളല്ല എന്ന് തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുകയാണ് ചെയ്യുന്നത്. വെറുമൊരു വിലപേശല്‍ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന നിലക്ക് മാത്രമാണ് ഇടതുപക്ഷം മുസ്ലിംകളുമായി കൈകോര്‍ക്കുന്നത്. മാത്രമല്ല, ലിബറല്‍ വ്യവഹാരത്തിനകത്ത് വെച്ച് ഇസ്ലാമിനെ മനസ്സിലാക്കുന്ന മുസ്ലിംകളെ മാത്രമാണ് അവര്‍ സ്വീകരിക്കുന്നത്. അഥവാ, ഒരു സംസ്‌കാരം എന്ന നിലക്ക് മനസ്സിലാക്കപ്പെടുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ഇസ്ലാം സ്വീകാര്യമായിത്തീരുന്നത്.

നമ്മുടെ ലിബറല്‍ സംരക്ഷകന്റെ ഭാഷയില്‍ പറഞ്ഞാല്‍ മുഖമക്കന എന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരടയാളമാണ്. വളരെ ലളിതമായ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പോലും മുസ്ലിംകള്‍ ചിന്തിക്കുന്നില്ല. മാത്രമല്ല, ഇടത്-ലിബറല്‍ ലോകക്രമത്തിന്റെ വയലന്‍സിലധിഷ്ഠിതമായ ഉത്ഭവത്തെക്കുറിച്ചും അവര്‍ മനസ്സിലാക്കുന്നില്ല. മുസ്ലിം ലോകത്തുടനീളം നടന്ന സാംസ്‌കാരികവും സാമ്പത്തികപരവുമായ വംശഹത്യകളില്‍ ലിബറലിസം വഹിച്ച ജ്ഞാനശാസ്ത്രപരമായ പങ്കിനെയും തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

ആധുനികതയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ വളരെ രേഖീയമായ മുന്നോട്ടുപോക്കിന്റെ ഭാഗം തന്നെയാണ് മുസ്ലിംകളും. ചരിത്രത്തിന്റെ അന്ത്യത്തിലേക്കുള്ള പ്രയാണമാണത്. കോളനീകരിക്കപ്പെടാത്ത ഭാവി ഈ ചരിത്രാഖ്യാനം മുസ്ലിംകള്‍ക്ക് നല്‍കുന്നില്ല. അവര്‍ക്കാകെയുള്ള ദൗത്യം ‘ആധുനികേതരവും’ ‘മതേതര’മല്ലാത്തതുമായ ഇസ്ലാമിനെ കൈവെടിഞ്ഞുകൊണ്ട് വെസ്റ്റിന്റെ യുക്തിയെ സ്വീകരിക്കുക എന്നതാണ്.

ഉത്തരാധുനികത ഇസ്ലാമിന് അസ്തിത്വപരമായ നിലനില്‍പ്പ് നല്‍കുന്നില്ല. കാരണം, ഉത്തരാധുനികതയെ സംബന്ധിച്ചിടത്തോളം ഇസ്ലാം ഒരു സാമൂഹ്യനിര്‍മ്മിതിയാണ്. അതുകൊണ്ട്തന്നെ ചരിത്രം എന്ന റിലേഷണാലിറ്റിയെ മുന്‍നിര്‍ത്തിയാണ് മുസ്ലിമിന് അവിടെ നിലനില്‍പ്പ് സാധ്യമാകുന്നത്. അഥവാ, രേഖീയമായ ചരിത്രപ്രയാണത്തിനകത്താണ് ഉത്തരാധുനികത മുസ്ലിംകള്‍ക്ക് ഇടം നല്‍കുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്യേണ്ടത് നൈതികതയെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ മാറ്റിവെച്ച് ഉത്തരാധുനികമായ ലോകത്തെ പുണരുക എന്നതാണ്. അഥവാ, ആധുനികതയും ഉത്തരാധുനികതയും മുസ്ലിംകളുടെ സവിശേഷമായ ലോകബോധത്തെ അഭിമുഖീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആധുനികവും ഉത്തരാധുനികവുമായ ഇടത്-ലിബറല്‍ ആവിഷ്‌കാരങ്ങള്‍ ചെയ്യുന്നത് ഒരു സംസ്‌കാരമായി ഇസ്ലാമിനെ കണ്ടുകൊണ്ട് ലിബറല്‍ വ്യവഹാരത്തിനകത്ത് അതിനെ പ്രതിഷ്ഠിക്കുക എന്നതാണ്. ആ വ്യവഹാരത്തിനകത്തേക്ക് മുസ്ലിംകളെ കൊണ്ടുവരുന്ന നവോത്ഥാന പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹാതിം ബാസിയാന്‍ അതിനെക്കുറിച്ച് എഴുതുന്നുണ്ട്:’ എല്ലാ വ്യവഹാരങ്ങളുടെയും ആത്യന്തിക ലക്ഷ്യം മുസ്ലിമിനെ മാനവികവല്‍ക്കരിക്കുക എന്നതാണ്. അഥവാ, മുസ്ലിം അടിസ്ഥാനപരമായി മാനവികവല്‍ക്കരിക്കപ്പെടേണ്ട വിധം പ്രശ്നക്കാരനാണ്’.

ആധുനിക-ഉത്തരാധുനിക ആഖ്യാനങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ അധീശമാണ്. മുസ്ലിം എങ്ങനെയായിരിക്കണമെന്ന് അവ ചില നിര്‍വ്വചനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഹിന്ദുത്വത്തെ പ്രതിരോധിക്കാനുള്ള ഏക വഴി ഇടതും ലിബറലുമാവുക എന്നതാണെന്ന് അവ മുസ്ലിമിനെ പഠിപ്പിക്കുന്നു. അതല്ലാത്ത രാഷ്ട്രീയാവിഷ്‌കാരങ്ങളെല്ലാം അപകടരമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും തന്നെ ഈ മതേതര രാഷ്ട്രീയ ഭൂപടത്തില്‍ ഉന്നയിക്കുക അസാധ്യമാണ്. ഇടത്-ലിബറല്‍ രാഷ്ട്രീയത്തോടുള്ള ശരിയായ അര്‍ത്ഥത്തിലുള്ള വിമര്‍ശന ഇടപാടുകള്‍ അവിടെ നടക്കുകയില്ല. നമ്മുടെ എല്ലാ വിമര്‍ശനങ്ങളും ഇടതുവിമര്‍ശനമായി മാറുകയാണ് ചെയ്യുക. ഹിന്ദുത്വത്തിനെതിരായ പോരാട്ടവും ഇടത്-ലിബറല്‍ ലോകബോധത്തിനകത്താകുന്നു.

ഹാതിം ബാസിയാന്‍

ഇടത്-ലിബറല്‍ മതേതര രാഷ്ട്രീയം വരച്ചുവെച്ച കള്ളിക്ക് പുറത്തേക്ക് മുസ്ലിം രാഷ്ട്രീയം വികസിക്കുമ്പോള്‍ മാത്രമേ ഹിന്ദുത്വത്തിനെതിരെ കൃത്യമായ വിമര്‍ശന രാഷ്ട്രീയം രൂപപ്പെടുകയുള്ളൂ. അപ്പോള്‍ മാത്രമാണ് മുസ്ലിം സബ്ജക്ടിവിറ്റിയെ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക. ഇടതുവിമര്‍ശം ഒരു പരാജയമായിത്തീരുന്നത് അത് ഫാസിസം എന്ന വളരെ അബ്സ്ട്രാക്റ്റായ ഒരു ശത്രുവിനെ സങ്കല്‍പ്പിച്ച് കൊണ്ട് മതേതര രാഷ്ട്രീയം ഉന്നയിക്കുന്നത് കൊണ്ടാണ്. ജാതിയെക്കുറിച്ചും മുസ്ലിം സബ്ജക്ടിവിറ്റിയെക്കുറിച്ചുമുള്ള നൈതികമായ ചോദ്യങ്ങളെ മതേതര രാഷ്ട്രീയം തടയുകയാണ് ചെയ്യുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭാഷയില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ട് നൈതികമായ ചോദ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ഭൂപടത്തെയാണ് മുസ് ലിംകള്‍ വികസിപ്പിക്കേണ്ടത്.

അലി ഹർഫോഷ്