Campus Alive

രോഹിതിന്റെ മരണവും സമയവും

രണ്ട് തരത്തിലുള്ള ഭൗതികമായ ക്രമങ്ങളെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിമോചനാത്മകമായ ആയിത്തീരലിന് (liberative becoming) മുന്നില്‍ അവ രണ്ടും ഒരുപാട് അസാധ്യതകളാണ് മുന്നോട്ടു വെക്കുന്നത്. അതില്‍ ഒന്നാമത്തേത് രേഖീയമായ ക്യാപ്പിറ്റലിസ്റ്റ് ലോകക്രമമാണ്. രണ്ടാമത്തേത് ബ്രാഹ്മണിക്കല്‍-കര്‍മ്മ ലോകക്രമവും. രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ രണ്ട് ലോകക്രമങ്ങളും വളരെ പ്രകടമാണ്. രോഹിത് തന്റെ ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതി: Maybe I was wrong in understanding the world, in understanding love, pain, life, death. There was no urgency. But, I always was rushing. എന്തിനാണ് രോഹിത് തിരക്ക് കൂട്ടിയത്? അതേക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. അതേസമയം ലോകത്തെ മനസ്സിലാക്കുന്നതില്‍ തിരക്കു കൂട്ടേണ്ടതില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതൊരു ഉള്‍ക്കാഴ്ച്ചയാണ്. എന്നാല്‍ ആ ഉള്‍ക്കാഴ്ച്ച ഉള്ളതോടൊപ്പം തന്നെ വളരെ വേഗം മുന്നോട്ടുകുതിക്കാന്‍ രോഹിതിന് ആഗ്രഹമുണ്ടായിരുന്നു. രേഖീയമായ ക്യാപ്പിറ്റലിസ്റ്റ് ലോകക്രമത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അത്. കാരണം, നമ്മെപ്പോലെത്തന്നെ ലീനിയറായ ക്യാപ്പിറ്റലിസ്റ്റ് ലോകക്രമത്തിന്റെ ഭാഗമാണ് രോഹിതും. എന്താണ് ഈ ലോകക്രമം മുന്നോട്ടുവെക്കുന്ന പ്രക്രിയ? അതേക്കുറിച്ച് ഗൗരവതരമായി നാം ആലോചിക്കേണ്ടതുണ്ട്.

തുടര്‍ച്ചയായ മൂന്ന് ശ്രേണികളെ അത് മുന്നോട്ട് വെക്കുന്നുണ്ട്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയാണവ. വളരെ രേഖീയമായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിക്കുക എന്ന പ്രക്രിയയാണ് ഈ ലോകക്രമത്തില്‍ നടക്കുന്നത്. അവിടെ ചില സബ്ജക്റ്റുകളെ വളരെ പ്രിവിലേജ്ഡ് ആയ സാമൂഹ്യസ്ഥാനങ്ങളിലേക്ക് നിര്‍ത്തുകയും മറ്റു ചില സബ്ജക്ടുകളെ പുറന്തള്ളുകയുമാണ് ചെയ്യുന്നത്. അഥവാ, ചില സബ്ജക്റ്റുകളെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥാനങ്ങളിലേക്ക് മാറ്റിനിര്‍ത്തിക്കൊണ്ടാണ് മറ്റുചിലര്‍ പ്രിവിലേജ് കൈവരിക്കുന്നത്.

എല്ലാകാലത്തും വെളുത്ത യൂറോപ്യന്‍ പുരുഷനാണ് ഈ ക്യാപിറ്റലിസ്റ്റ് ലോകക്രമത്തിന്റെ വളരെ പുരോഗമനപരമായ മുഖമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. യൂറോപ്പിതര സമൂഹങ്ങളെ പുരോഗനം സംഭവിക്കാത്ത ഇടങ്ങളായി ചിത്രീകരിച്ചു കൊണ്ടാണ് അത് സാധ്യമാകുന്നത്. ജോണസ് ഫാബിയന്‍ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ ക്യാപ്പിറ്റലിസ്റ്റ് പ്രക്രിയയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അനീതികളെക്കുറിച്ചും അസമത്വത്തെക്കുറിച്ചും വയലന്‍സിനെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം എഴുതുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന്‌കൊണ്ട് പ്രഥമ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വെളുത്ത മാസ്റ്ററുടെ കാല്‍പ്പാതകള്‍ പിന്തുടരുന്ന ബംഗാളി ബ്രാഹ്മണര്‍ തങ്ങളുടെ പ്രിവിലേജ്ഡ് ആയ സാമൂഹ്യസ്ഥാനങ്ങള്‍ കൈവരിക്കുന്നത് ദലിതരെയും മുസ്‌ലിംകളെയും ആദിവാസികളെയും പിന്തരിപ്പിന്‍മാരായി ചിത്രീകരിച്ചു കൊണ്ടാണെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ബ്രാഹ്മണിക്കലായ ഈ ലോകക്രമം അപകടകരമാണ് എന്നാണ് ഞാന്‍ പറയുന്നത്. പ്രതീക്ഷയുടെ പ്രതീക്ഷയില്ലായ്മയാണ് (hopelessness of hope) അത് നല്‍കുന്നത്. അധീശമായ ലോകക്രമമാണത്. My birth is a fatal accident എന്നു രോഹിത് പറയുന്നുണ്ട്. നമുക്കറിയാവുന്നത് പോലെ എല്ലാം ദൈവവിധിയാണ് എന്നതാണ് കര്‍മ്മ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഒരു പ്രത്യേക തരത്തിലുള്ള ഒരു ലോകക്രമമാണ് അത് നിര്‍മ്മിക്കുക. പ്രിവിലേജ്ഡ് ആയ ജാതിശരീരങ്ങള്‍ അവിടെ സംരക്ഷിക്കപ്പെടുകയും അല്ലാത്തവ അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. കര്‍മ്മസിദ്ധാന്തം പറയുന്നത് ഒരു വ്യക്തിയുടെ ഭൂതത്തിലെ പ്രവര്‍ത്തനങ്ങളാണ് അയാളുടെ വര്‍ത്തമാനത്തെ നിര്‍ണ്ണയിക്കുന്നത് എന്നാണ്. അഥവാ, ഭൂതമാണ് വര്‍ത്തമാനത്തെ നിര്‍ണ്ണയിക്കുന്നത്.

ഇവിടെ രണ്ട് തരത്തിലുള്ള സ്റ്റേജുകളാണ് നിലനില്‍ക്കുന്നത്. ഭൂതവും വര്‍ത്തമാനവും. എന്നാലിവിടെ യഥാര്‍ത്ഥത്തില്‍ വര്‍ത്തമാനം നിലനില്‍ക്കുന്നില്ല. കാരണം, വര്‍ത്തമാനം എന്നത് ഭൂതത്തിന്റെ തുടര്‍ച്ചയാണ്. അപ്പോള്‍ കര്‍മ്മസിദ്ധാന്തം മുന്നോട്ടുവെക്കുന്ന ഈ ലോകക്രമം നിര്‍ണ്ണിതമാണ് (Fixation). അസാധ്യതകളെ മാത്രമാണ് അത് നിര്‍മ്മിക്കുന്നത്. വളരെ ഹെജിമോണിക് ആയി നിലനില്‍ക്കുന്ന ലോകക്രമമാണിത്. അതിനെക്കുറിച്ച് വളരെ വ്യക്തമായി തന്റെ ആത്മഹത്യാ കുറിപ്പില്‍ രോഹിത് എഴുതിയിട്ടുണ്ട്. ഞാനിവിടെ സൂചിപ്പിച്ച രണ്ട് തരത്തിലുള്ള അധീശമായ ലോകക്രമങ്ങളില്‍ നിന്നും വിമോചനം നേടാനാണ് രോഹിത് ആഗ്രഹിച്ചത്. മരണത്തിലൂടെയാണ് രോഹിത് ലീനിയറായ ഈ ലോകക്രമങ്ങളില്‍ നിന്ന് വിമോചനം നേടിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഹിതിന് സംഭവിച്ചത് മരണമല്ല. മറിച്ച് പുതിയൊരു ജീവിതമാണ്. ആയിത്തീരലാണ് (becoming) രോഹിത് സാധ്യമാക്കിയത്. അതൊരു സാധ്യതയാണ്. അതേസമയം അസാധ്യമായ സാധ്യതയാണത്.

ചന്ദ്രശേഖര്‍ എഴുതിയ കവിതയില്‍ ലീനിയറായ ഈ രണ്ട് ലോകക്രമങ്ങളും സൃഷ്ടിക്കുന്ന അസാധ്യതകളെക്കുറിച്ച് പറയുന്നുണ്ട്. 1994 ല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു ആത്മഹത്യയെക്കുറിച്ചാണ് ചന്ദ്രശേഖര്‍ എഴുതുന്നത്. ഒരു റെഢ്ഢി യുവാവുമായി പ്രണയത്തിലായ സുനിത എന്ന ദലിത് യുവതിയെക്കുറിച്ചാണ് കവിതയില്‍ പറയുന്നത്. അവളുമായി വിവാഹബന്ധത്തിന് റെഢ്ഢി സമ്മതിക്കാതിരുന്നപ്പോഴാണ് അവള്‍ ആത്മഹത്യ ചെയ്തത്. ചന്ദ്രശേഖറുടെ ഒരു വരി നോക്കൂ:’To prove once she lived, she committed suicide’.

സുനിതയുടെ ഭൗതികമായ അസാന്നിധ്യത്തിലൂടെയാണ് അവരുടെ സാന്നിധ്യം നിലനില്‍ക്കുന്നത്. വളരെ അപകടകരമായ സന്ദര്‍ഭമാണിത്. ഇവിടെ വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ഭാവിയിലേക്ക് നമ്മെ തള്ളിമാറ്റിക്കൊണ്ടിരിക്കുകയാണ്. മരണപ്പെടുമ്പോള്‍ മാത്രമാണ് വര്‍ത്തമാനത്തിലുള്ള സാന്നിധ്യം ലഭിക്കുന്നത്. അപകടകരമായ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്.

സി അയ്യപ്പനും സമാനമായ അവസ്ഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു ചെറുകഥയാണത്. കഥയിലെ നായകന്‍ ആത്മഹത്യക്കൊരുങ്ങുകയാണ്. ആ സമയത്ത് നായകന്‍ പറയുന്നതിതാണ്: ഞാനിവിടെ ആത്മഹത്യയല്ല ചെയ്യുന്നത്. ഞാന്‍ വീണ്ടും ജനിക്കാന്‍ പോകുകയാണ്. ഞാന്‍ എനിക്കു തന്നെ ജന്‍മം കൊടുക്കാന്‍ പോവുകയാണ്. അയ്യപ്പന്റെ കഥയിലെ നായകന് ആയിത്തീരല്‍ (becoming) സാധ്യമാക്കുന്നത് അവന്റെ മരണമാണ്. തന്റെ ശരീരത്തെ ഉപേക്ഷിക്കുന്നതിലൂടെ മാത്രമാണ് അവന് ബിക്കമിങ്ങ് സാധ്യമാകുന്നത്.

ലീനിയറായ പുരോഗന സമയത്തെ മാര്‍ക്‌സ് വിളിച്ചത് വിപ്ലവകരമായ സമയം എന്നാണ്. എന്ത് കൊണ്ടാണ് മാര്‍ക്‌സ് അതിനെ അങ്ങനെ വിശേഷിപ്പിച്ചത് എന്നെനിക്കറിയില്ല. ഹെഗലും അങ്ങനെത്തന്നെയാണ് ലീനിയറായ സമയത്തെ വിശേഷിപ്പിക്കുന്നത്. നാം ഗൗരവതരമായി ആലോചിക്കേണ്ട പ്രശ്‌നമാണിതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഒറ്റനോട്ടത്തില്‍ വല്ലാത്തൊരു പ്രതീക്ഷയില്ലായ്മയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് എന്ന് നമുക്ക് തോന്നും. എന്നാല്‍ അംബേദ്കറിനെ നമ്മള്‍ വായിക്കുകയാണെങ്കില്‍ ബുദ്ധയുടെ ഫിലോസഫിയെ അടിസ്ഥാനമാക്കി സമയത്തെയും കാലത്തെയും കുറിച്ച വ്യത്യസ്തമായ ഒരു ലോകവീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നതെന്ന് മനസ്സിലാക്കാം. ബീയിംങിനെയും ബിക്കമിങ്ങിനെയും കുറിച്ച ബുദ്ധയുടെ ഫിലോസഫി പ്രധാനമായും രണ്ട് ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് നിലനില്‍ക്കുന്നത്. ഒന്ന് relation ഉം മറ്റേത് impermanence ഉം ആണ്. ലീനിയറല്ലാതെ എല്ലാം ബീയിംങിനും സ്വയം പരിവര്‍ത്തിതമാകാന്‍ കഴിയുമെന്നാണ് ബുദ്ധ പറയുന്നത്. കര്‍മ്മ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന ലോകക്രമത്തിനുള്ള വിമര്‍ശനമാണിത്. ഇസ്‌ലാമിലും കോണ്ടിനെന്റല്‍ ഫിലോസഫിയിലുമെല്ലാം ഇങ്ങനെ ലീനിയറായ ലോകക്രമത്തെ മറികടക്കുന്ന ലോകബോധമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ നമുക്കിന്ന് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ നമുക്ക് നല്‍കിയത് രോഹിതിന്റെ ആത്മഹത്യ എന്ന ആക്ടാണ്. ബീംയിങിനെയും ബിക്കമിങ്ങിനെയും കുറിച്ച് സൂക്ഷമമായി പുനരാലോചിക്കേണ്ട മൊമന്റിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അരുണ്‍ അശോകന്‍