Campus Alive

മോറൽ സർവയലൻസും ആറ്റോമിക് വയലൻസും; ഒരു ദെല്യൂസിയൻ ലിബറേഷൻ ഫിലോസഫി 

“അവകാശപ്പെട്ട ഒന്ന് കളവ് നടത്തിയതിന്റെ പേരിൽ ഒരു മനുഷ്യനും ശിക്ഷിക്കപ്പെടരുത്.”
-ഇബ്നു ഹജറുൽ ഹൈതമി, തുഹ്ഫത്തുൽ മുഹ്താജ് (9/131)

കാരണങ്ങളുടെ പ്രതിസന്ധിയും ലിബറേഷൻ ഫിലോസഫിയും:

2018 ഫെബ്രുവരി 22, വ്യാഴാഴ്ച്ച വൈകുന്നേരം മധു പോലീസ് ജീപ്പിനകത്ത് വെച്ച് സാമൂഹിക അക്രമത്തിന്റെ കാരണത്താൽ മരണപ്പെടുന്നു. കൃത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 25, ഞായറാഴ്ച്ച രാത്രി മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിൽ, സ്ഥാപനത്തിലെ മലയാളം സമിതി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ചർച്ച സംഘടിപ്പിക്കുന്നു. ചർച്ചാവിഷയം ‘മോറൽ പോലീസിങ്ങും കീഴാള വംശഹത്യയും’. ചർച്ചയിൽ പലവിധ അഭിപ്രായങ്ങളും ഉയർന്നു വന്നു, മധുവിന്റെ സാമൂഹിക വധം, കേവലം മോറൽ പോലീസിങ്ങ് എന്ന തലത്തിലും, പ്രതി-കീഴാള വംശീയത എന്ന തലത്തിലുമെല്ലാം അവിടെ ആവിഷ്കരിക്കപ്പെടുകയുണ്ടായി. ആ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എനിക്ക്, ആ ചർച്ച ഏറ്റവും പ്രസക്തമാവുന്നത് അതിന്റെ തലക്കെട്ട് ‘മോറൽ പോലീസിങ്ങും കീഴാള വംശഹത്യയും’ അവശേഷിപ്പിക്കുന്ന ഒരു ദാർശനികമായ അന്തരത്തിലാണ്. അതായത്, മധു എന്ന ആദിവാസി യുവാവിന്റെ സാമൂഹിക വധത്തെ ‘മോറൽ പോലീസിങ്ങ്’ എന്ന കേവല ചട്ടക്കൂടിലേക്ക് ചുരുക്കുന്ന ആ തലക്കെട്ടിൽ മധു എന്ന വ്യക്തിയുടെ മരണത്തെ അല്ലെങ്കിൽ മരണാന്തരത്തെ ഒരു കീഴാള ‘വംശഹത്യ’ ആയിട്ടാണ് ആവിഷ്കരിക്കുന്നത്. അപ്പോൾ ആ തലക്കെട്ടിൽ മധു എന്ന വ്യക്തിയുടെ കൊലപാതകത്തിന്റെ മോറൽ പോലീസിങ്ങിലൂടെയുളള ചുരുക്കലും (contraction) വംശഹത്യയിലൂടെയുളള വിപുലപ്പെടുത്തലും (expansion) ഉണ്ട്. യഥാർത്ഥത്തിൽ വ്യവഹാരികമായും ദാർശനികമായും മോറൽ പോലീസിങ്ങ് എന്ന പദം നമുക്ക് മുന്നിൽ തീർക്കുന്ന അസാധ്യതകളും വംശഹത്യ എന്ന പദം നമുക്ക് മുന്നിൽ തീർക്കുന്ന സാധ്യതകളും എന്താണ്?

മോറൽ പോലീസിങ്ങ് എന്നതിനെക്കാളുപരി മോറൽ സർവയലൻസ് (surveillance) എന്നാണ് ആ പ്രതിസന്ധിയെ നമുക്ക് അൽപമെങ്കിലും നീതിയുക്തമായി വിളിക്കാൻ സാധിക്കുക. കാരണം, മധുവിന്റെ വധം നടക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട് എന്ന വ്യാപക പ്രചരണത്തിനോടനുബന്ധിച്ച സമയത്താണ്. അതായത്, സാമൂഹികമായി ‘മൂന്നാം ലോകത്തിനകത്തെ മൂന്നാം ലോകമായി’ നിലനിൽപ്പിനെ തളളിനീക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ, ആദിവാസികൾ, ഭിന്നലിംഘക്കാർ, ദളിത്-ബഹുജൻ വിഭാഗത്തിൽ പെട്ടവർ എന്നിവരെയെല്ലാം സോഷ്യൽ അല്ലെങ്കിൽ മോറൽ സർവയലൻസിന്റെ കീഴിൽ പ്രതിഷ്ഠിക്കപ്പെട്ട ഒരവസ്ഥയിലാണ് ആ വധം അരങ്ങേറുന്നത്. ഒരു ജെറമി ബെന്താമിയൻ (Jeremy Bentham) വായനയിൽ അത്തരം അവസ്ഥകൾ സോഷ്യൽ യൂട്ടിലിറ്റി എന്ന പേരിൽ പലതിനെയും സാമൂഹികമായി ന്യായീകരിക്കുന്നുണ്ട്. അതിനാൽ അപരരുടെ അസ്തിത്വത്തെ തന്നെ ചൂഴ്ന്ന് നിൽക്കുന്ന ഭീകരമായ ആ സർവയലൻസിന്റെ കേവലമായ ഒരു ഭാഗം മാത്രമേ മോറൽ പോലീസിങ്ങ് എന്ന ശാരീരിക പ്രയോഗം ആകുന്നുളളൂ. അതിനാൽ ആധുനികരെന്ന് വാദിക്കുന്ന നവോത്ഥാന കേരളത്തിലെ സിവിൽ സമൂഹത്തിന്റെ ആൾക്കൂട്ട മന:ശാസ്ത്രത്തിൽ അന്തർഹിതമായിരിക്കുന്ന സർവയലൻസ്-സെക്യൂരിറ്റി ബോധമാണ് ആദ്യമായും മൗലികമായും ചോദ്യം ചെയ്യപ്പെടേണ്ടത്.

ഇനി മധുവിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യങ്ങളിലും, നിരീക്ഷണങ്ങളിലുമെല്ലാം ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത, അവയെല്ലാം ആ വധമെന്ന വയലൻസിനെ ഒരു സവിശേഷ ഘടനയുടെ ഭാഗമായി കാണാനാണ് ശ്രമിച്ചിട്ടുളളത്. അത് ആ വധത്തെ ഒരു പ്രതിസന്ധി (problem) എന്ന നിലക്ക് വിപുലപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സംഭവം (event) എന്ന നിലക്ക് അതിനെ പരിമിതപ്പെടുത്തുന്നുണ്ട്. പ്രതി-കീഴാള വംശീയത എന്നുളളതാണ് ആ ഘടന. അപ്പോൾ, പലതരത്തിലുളള സൈദ്ധാന്തിക വ്യവഹാരങ്ങൾ മധുവിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ആ വയലൻസിന്റെ പ്രാന്ത പരിസര (periphery)ത്താണ് നടക്കുന്നത്, കാരണം ആ വ്യവഹാരങ്ങളുടെ കേന്ദ്രം, വംശീയത ആണ് മൗലിക പ്രശ്നം എന്ന നിലയിൽ, ആദിയിൽ തന്നെ നിർണ്ണയിക്കപ്പെട്ടതാണ്. അപ്പോൾ ആ വയലൻസിനെ കുറിച്ചുളള ചർച്ചകൾ വംശീയത എന്ന ആദ്യമേ നിർണ്ണയിക്കപ്പെട്ട കാരണത്തിനുളള ന്യായാന്വേഷണങ്ങൾ മാത്രമായി ചുരുങ്ങുന്നു. അതിനാൽ വയലൻസിനെ കുറിച്ച്‌ അത്തരത്തിലുളള ചർച്ചകൾ വയലൻസ് എന്നതിന്റെ ഭവശാസ്ത്രത്തിലേക്ക് (ontology) അന്വേഷണം വിപുലപ്പെടുത്തുന്നില്ല, മറിച്ച് കേവല അനുഭവൈകമായി രൂപപ്പെടുന്ന ജ്ഞാനശാസ്ത്രപരമായ (epistemology) തലത്തിൽ നിന്ന് മാത്രമാണ് വ്യവഹരിക്കുന്നത്. ഇതൊരു തരത്തിൽ തോമസ് ഹോബ്സിന്റെ (Thomas Hobbes) തിയറി ഓഫ് കോൺട്രാക്ടിനോട് ബന്ധപ്പെട്ടതാണ്. അതിന്റെ മറ്റൊരു തലം നമുക്ക് ഗ്രീക്ക്-ഹെലനസ്റ്റിക് കാലഘട്ടത്തിലും കണ്ടെത്താം. അവരെ സംബന്ധിച്ചിടത്തോളം ഏതൊരു സംഭവത്തിലും, ഒരു മാറ്റമില്ലാത്ത അടിസ്ഥാന ഘടകം കാരണമായി പ്രവർത്തിക്കുന്നുണ്ടാവും. അറ്റോമിസം എന്നാണ് ആ സങ്കൽപത്തെ അവർ വിശേഷിപ്പിച്ചത്. ഹെറഡോട്ടസും (Herodotus), തുസൈഡിഡസും (Thucydides), പോളിബിയസും (Polybius) എല്ലാം അതിനെ സർവ്വ പ്രവർത്തനങ്ങളുടെയും മൗലിക കാരണമായി നിരീക്ഷിച്ചു. അപ്പോൾ, നമ്മുടെ കാലത്ത് കീഴാളർക്കെതിരെയുളള വയലൻസിനെ കുറിച്ചുളള വ്യവഹാരങ്ങളിലും അറിഞ്ഞോ അറിയാതെയോ ആറ്റോമിസം പ്രവർത്തിക്കുന്നുണ്ട്, അതാണ് വംശീയത. മാറ്റമില്ലാത്ത ആ കാരണത്തിന്റെ മേൽ വരുന്ന ഉപരിപ്ലവപരമായ മാറ്റങ്ങൾ മാത്രമാണ് വ്യത്യസ്ഥ വയലൻസുകൾ എന്ന് നാം കരുതുന്നു. അതിനാൽ, നിലവിലെ വ്യവഹാരികമായ വയലൻസുകളെ ആറ്റോമിക് വയലൻസുകളായാണ് നമുക്ക് നിരീക്ഷിക്കാൻ സാധിക്കുന്നത്.

എന്നാൽ മധുവിന്റെ വധം ഒരു സംഭവം എന്ന നിലക്കെടുക്കുമ്പോൾ അതിന്റെ മൗലിക പ്രേരകം വംശീതയാണോ എന്ന ചോദ്യം പ്രസക്തമാണ്. പതിനാറാളുകൾ പ്രതികളായ ആ സാമൂഹികാതിക്രമണത്തിൽ ആ പതിനാറാളുകളെയും അക്രമിക്കാൻ പ്രേരിപ്പിച്ചത് വംശീയതയാണോ എന്നത് മൗലികമായൊരു വിടവാണ്. വംശീയത കൊണ്ട് അക്രമിച്ചവർ മുതൽ, ദൃശ്യതയിലുളള ഹരം വർദ്ധിച്ച് അടിച്ച് അബദ്ധം പിണഞ്ഞവർ വരെ ഉണ്ടായേക്കാവുന്ന ആ അക്രമത്തെ മുഴുവനായി വംശീയതയിൽ കോർത്തിണക്കുന്നത് ആ അക്രമികൾ അർഹിക്കുന്ന ദാർശനികമായ നീതി അവർക്ക് നിഷേധിക്കലാണ്. അതൊരു പോസിറ്റിവിസ്റ്റ്-എംപരിസിസ്റ്റ് സാമാന്യവൽക്കരണമാണ്. അതായത് വംശീയതയൊരു കാരണമല്ല എന്നല്ല, മറിച്ച് അതുപോലെ മൗലികതയുളള മറ്റു പ്രതിസന്ധികളെ അത് മറച്ചുവെക്കുന്നു എന്നതാണ്. കാരണം വംശീയതയും പലതും പോലെ വയലൻസിനെ നിർണ്ണയിക്കുന്ന ഘടകമാണ്. അതിലൂടെ റെനെ ദെക്കാർത്തെയും (Rene Descartes), അഗസ്റ്റെ കോംറ്റെയും (Auguste Comte), ലീപോൾഡ് വാൻ റാങ്കെയും (Leopold van Ranke) സൈദ്ധാന്തിച്ച വ്യവഹാരികമായ ചരിത്ര നിഷേധമാണ് നടക്കുന്നത്. അതിനുമപ്പുറം, മധുവിന്റെ ആത്മാവ് അർഹിക്കുന്ന നീതിയെയും അത് തടയുന്നുണ്ട്. അതായത്, തന്റെ വധത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തപ്പെടുക എന്നത് മരണാനന്തര മധുവിന്റെ മൗലികാവകാശമാണ്. കേവലം വംശീയതയിലേക്ക് ചുരുക്കുമ്പോൾ ബഹുലവും (multiple) അനന്യ ഭിന്നവുമായ (singular) ഒരു പാട് കാരണങ്ങൾ തിരോഭവിച്ച് പോകുന്നു. അത് യാഥാർത്ഥ്യത്തെ നിരീക്ഷക്കപ്പെടുന്നതിൽ നിന്ന് വിദൂരത്താക്കുന്നു.

ശരത്കുമാർ ലിംബാളെ

അതിനാൽ പ്രതി-കീഴാള വയലൻസുകളെ കുറിച്ചുളള നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്ന അബോധപരമായ മോറൽ സർവയലൻസ് എന്ന ആശയത്തെയും, ആറ്റോമിക് വയലൻസ് എന്ന പ്രയോഗത്തെയും അപനിർമ്മിച്ചു കൊണ്ട് പുതിയൊരു വ്യവഹാരിക മണ്ഡലം സാധ്യമാക്കാൻ നമുക്ക് വയലൻസിനെയും, കീഴാള നിലനിൽപ്പിനെയും ജ്ഞാനശാസ്ത്രം എന്ന തലത്തിൽ നിന്ന് മാറി ഭവശാസ്ത്ര തലത്തിൽ സമീപിക്കേണ്ടതുണ്ട്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം മധുവിന്റെ മരണത്തെ ഒരു നൈതിക പ്രതിസന്ധിയോട് കൂടെ ഒരു ദാർശനിക വ്യവഹാരം കൂടിയാക്കിത്തീർക്കുന്നത്. അപ്പോൾ, നിലവിലെ പ്രതിസന്ധികളിലെല്ലാം നിഴലിക്കുന്ന ഒരു ലിബറൽ ഹെഗലിയൻ ഡയലറ്റിക്സിനെ മറികടന്ന് പ്രശ്നങ്ങളുടെ ഓണ്ടോളജിക്കൽ തലത്തിലേക്ക് പ്രവേശിക്കുകയും അവയെ സാമാന്യവൽക്കരണത്തിൽ നിന്ന് വിമോചിപ്പിക്കുകയും ചെയ്യാനായി ഞാൻ കണ്ടെത്തുന്ന ദാർശനിക സാധ്യത ഒരു ജിൽസ് ദെല്യൂസ് (Gilles Deleuze) വിമർശനമാണ്. അതായത് ഒരു ദെല്യൂസിയൻ ലിബറേഷൻ ഫിലോസഫി ആണ്. ഇവിടെ ശരത്കുമാർ ലിംബാളെയെയും (Sarathkumar Limbale), പനീൽ രാജ്കുമാറിനെയും (Paniel Rajkumar) പോലുളളവരുടെ കീഴാള തിയോളജി നിലവിലുണ്ടായിട്ടും, അതിൽ നിന്ന് വ്യവഹാരികമായ സാധ്യത സ്വീകരിക്കാതെ, ലിബറേഷൻ തിയോളജിക്ക് പകരം ലിബറേഷൻ ഫിലോസഫി ഉപയോഗിക്കുന്നത് ലിബറേഷൻ തിയോളജിയുടെ ഈ വിഷയവുമായി ബന്ധപ്പെട്ട പരിമിതി മൂലമാണ്. അതായത് ലിബറേഷൻ തിയോളജി, നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് വ്യാഖ്യാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പക്ഷെ അത് മധുവിന്റെ പ്രതിസന്ധിയിൽ രണ്ട് ചോദ്യം അവശേഷിപ്പിക്കുന്നു. ഒന്ന്, വിപുലമായതും പൂർണ്ണമായി കണ്ടെത്തപ്പെടാത്തതുമായ ഈ പ്രതിസന്ധികൾക്ക് ലിബറേഷൻ തിയോളജി എങ്ങിനെയാണ് പരിഹാരം കണ്ടെത്തുക എന്നതാണ്. രണ്ട്, ഷെർമൺ ജാക്സൻ (Sherman Jackson) ചോദിച്ചത് പോലെ, ദൈവശാസ്ത്രത്തിൽ വ്യാഖ്യാനിച്ച് ന്യായം കണ്ടെത്തിയാലും അത് കൊണ്ട് പ്രതിസന്ധികൾക്ക് അറുതി വരുമോ എന്നതുമാണ്. എന്നാൽ ലിബറേഷൻ ഫിലോസഫിയുടെ ദൗത്യം, എറ്റീൻ ബാലിബറുടെ (Etienne Balibar) ഭാഷയിൽ പറഞ്ഞാൽ, നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തലല്ല മറിച്ച് നിലനിൽക്കുന്ന പ്രതിസന്ധികളെ തന്നെ കണ്ടെത്തലാണ്. പ്രതിസന്ധികളെ കുറിച്ചുളള നമ്മുടെ ചിന്തകളിൽ ബാധിച്ച കപടബോധങ്ങളെ നമുക്ക് ബോധ്യപ്പെടുത്തി നൽകലാണ്, പൊതുബോധത്തിൽ അന്തർഹിതമായ സാമാന്യവൽക്കരണങ്ങളുടെ ഭീകരമായ പ്രത്യാന്ത്യം തുറന്നു കാണിക്കലാണ്. അതിനാൽ പരിഹാരം എന്ന അസാധ്യതയിലേക്കല്ല, മറിച്ച് നിലനിൽപ്പ് അല്ലെങ്കിൽ ചെറുത്ത്നിൽപ്പ് എന്ന സാധ്യതയിലേക്കാണ് ലിബറേഷൻ ഫിലോസഫിയുടെ ലക്ഷ്യം. അതിനാൽ ലിബറേഷൻ തിയോളജി നേരിടേണ്ടിവരുന്ന മൗലികമായ ചോദ്യങ്ങൾ ലിബറേഷൻ ഫിലോസഫി നേരിടേണ്ടതായി വരുന്നില്ല. അതിനാൽ ഈ വിമർശനം ഞാൻ ഉന്നയിക്കുന്നത് പ്രായോഗിക കീഴാള വ്യവഹാരങ്ങൾക്കെതിരെയല്ല, കാരണം അതിനെനിക്ക് അർഹതയില്ല, മറിച്ച് സൈദ്ധാന്തിക കീഴാള വ്യവഹാരങ്ങൾക്കെതിരെയാണ്. അനുഭവപരതയുടെ തീക്ഷണമായ വൈകാരികതയിൽ നിന്ന് മനസ്സിലാക്കുന്ന ‘ഞാൻ വംശീയമായി അക്രമിക്കപ്പെടുകയാണ്’ എന്ന തിരിച്ചറിവിന്റെ ആധികാരികത ‘അവൻ വംശീയതയുടെ ഒരിരയാണ്’ എന്ന മൂന്നാംവ്യക്തി സാക്ഷ്യത്തിന്റെ നിഗമനത്തിനുണ്ടാകില്ല. കാരണം ഒന്നാമത്തേത്, ശരിയാണെങ്കിലും കപടബോധത്തിലാണെങ്കിലും, ഒരു നിലനിൽപിന്റെ പ്രക്രിയയാണ് (state of being), എന്നാൽ രണ്ടാമത്തേത് കേവലം സ്വത്വം എന്ന നിലയിലുളള ഒരു വാദമുഖവുമാണ്.

ലിബറൽ ഹെഗലിയനിസവും വയലൻസുകളുടെ ഭവശാസ്ത്രവും:

മധുവിന്റെ വധത്തെ കേവല മോറൽ സർവയലൻസോ, വംശീയതയുടെ ആവിഷ്കാരമോ ആയി മാത്രം അടിസ്ഥാനപരമായ വീക്ഷിക്കുന്ന പൊതുബോധം അല്ലെങ്കിൽ സാമൂഹിക ധിഷണ, ഒരു ദാർശനികമായ വീക്ഷണത്തിൽ പരിഷ്കൃതമായ ഹെഗലിയൻ ലിബറൽ സ്വത്വവാദത്തെയാണ് പ്രതിനിധീകരിക്കുന്നത്. കാരണം, ഹെഗലിനെ സംബന്ധിച്ചിടത്തോളം ഒരു ഭൗതിക യാഥാർത്ഥ്യം സ്വയം മാറ്റത്തിന് വിധേയമാകാത്ത, ആദ്യമേ നിർണ്ണയിക്കപ്പെട്ട ഒരു സ്വത്വമാണ്. ബാഹ്യസ്വാധീനങ്ങളാൽ അടിസ്ഥാനമാറ്റം വന്നുചേരാത്ത അചഞ്ചലമായ ഒരു ഉണ്മയാണ് ഓരോ സംഭവവും. എല്ലാ സംഭവങ്ങൾക്കും ഹെഗലിനെ (Wilhem Friedrich Hegel) സംബന്ധിച്ചിടത്തോളം, കേന്ദ്രീകൃതമായ ഒരു സ്വതന്ത്രവും ഏകവുമായ ഓണ്ടോളജി ആണുളളത്. ഇവിടെ മധുവിന്റെ വധത്തിൽ നടന്ന വയലൻസിനെ മോറൽ സർവയലൻസിലോ, വംശീയതയിലോ ഒതുക്കുന്നവർ, കീഴാളരോടുളള വയലൻസ് എന്ന ഒന്നിനെ കാരണങ്ങളുടെ മാറ്റത്തിന് വിധേയമാകാത്ത, വംശീയതയാൽ ആദ്യമേ നിർണ്ണയിക്കപ്പെട്ട, മറ്റൊരു ബാഹ്യകാരണങ്ങളുടെ സ്വാധീനവും ചെലുത്തപ്പെടാത്ത ഒരു സ്വത്വമായാണ്, സിംഗിൾ ഓണ്ടോളജി ആയിട്ടാണ്, മനസ്സിലാക്കുന്നത്. ഇത് യഥാർത്ഥത്തിൽ വയലൻസ് എന്ന യാഥാർത്യത്തിന്റെ ഓണ്ടോളജിയുടെ സങ്കീർണ്ണതയെ ചുരുക്കിക്കളയുകയും, മധുവിന്റെ വധത്തിന്റെ ഇന്റൻസിറ്റിയെ കുറക്കുകയും ചെയ്യുന്നുണ്ട്.

ഹെഗല്‍

ഭിന്നമായ കാരണങ്ങളാൽ രൂപപ്പെട്ട ആ വയലൻസ് യഥാർത്ഥത്തിൽ സങ്കീർണ്ണമാണ്. മധുവിന്റെ ഓണ്ടോളജിയും വയലൻസിന്റെ ഓണ്ടോളജിയും ഭിന്നമായ ഒരുപാട് കാരണങ്ങളുടെ ഒരു കൂട്ടമാണ്. ആദിവാസി, വിശപ്പ്, വൈരൂപ്യം, അന്യത, നാട്ടിലെ സാന്നിദ്ധ്യം മുതലായ അനന്തമായ കാരണങ്ങളാണ് മധു എന്ന ഒരു വ്യക്തിയെ അന്ന് അവിടെ സാധ്യമാക്കിയത്. അപ്പോൾ, നഗരവല്‍ക്കരണം, വംശീയത, ആധുനികത, സോഷ്യാലിറ്റി, കമ്യൂണൽ വാലിഡിറ്റി, മോറൽ ബോധം തുടങ്ങിയ മറ്റ് അനന്തമായ കാരണങ്ങളാണ് അവിടെ വയലൻസിനെ സാധ്യമാക്കിയത്. എന്നാൽ മധുവിനെ കേവലം ആദിവാസിയും, വയലൻസിനെ കേവലം വംശീയതയും മാത്രമായി ചുരുക്കുമ്പോൾ അവയുടെ കളക്റ്റീവ് ഓണ്ടോളജിയെ അത് നിഷേധിക്കുന്നുണ്ട്. ഒരു കളക്റ്റീവ് ഓണ്ടോളജി എന്ന നിലയിൽ മധുവിന്റെ ഓണ്ടോളജിയിൽ, മുഴുവൻ ആദിവാസികളുടെയും, വിശക്കുന്നവരുടെയും, കീഴാളരുടെയും ഓണ്ടോളജി ഉളളടങ്ങിയിട്ടുണ്ട്. കാരണം ഓണ്ടോളജി എന്നത് നിരന്തരം സംക്രമണം (becoming) നടത്തുന്നതും, കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും, പലതുമായി ബന്ധപ്പെട്ടുകിടക്കുന്നതും, പലതിനെയും ഉൾക്കൊളളുന്നതുമാണ്. അപ്പോൾ യാഥാർത്ഥ്യത്തിൽ മധു എന്ന വ്യക്തിക്ക് നേരെയുളള വയലൻസ് ഓണ്ടോളജിക്കലി മുഴുവൻ ആദിവാസികളുടെയും, കീഴാളരുടെയും, മറ്റു മധുവിന്റെ ഓണ്ടോളജിയെ അവിടെ സാധ്യമാക്കിയ എല്ലാറ്റിനോടുമുളള വയലൻസാണ്. എല്ലാറ്റിന്റെയും ഉൺമയുടെ വധമാണ്. അതിനാൽ മധുവിന്റെ വധം ഫിലോസഫിക്കലി ഒരു വംശഹത്യ (genocide) ആണ്. അതാണ് ആദ്യം സൂചിപ്പിച്ച തലക്കെട്ടിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യത എന്ന് ഞാൻ വിശേഷിപ്പിച്ചത്. അവിടെ മധു എന്നത് ഴാക് ലകാന്റെ (Jacques Lacan) ഭാഷയിൽ പറഞ്ഞാൽ കീഴാളരോടുളള വയലൻസിന്റെ മുഴുവൻ വികാരങ്ങളും ലിബറേറ്റ് ചെയ്യപ്പെട്ട ഒരു ബിന്ദു (liberation spot) മാത്രമാണ്. അപ്പോൾ വയലൻസിന്റെ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം മധു എന്ന ഒരു വ്യക്തിയുടെ വധവും, ആദിവാസികളുടെ മുഴുവൻ വധവും ഒരേ മാനസിക ലാഘവം മാത്രമാണ് അവരിൽ ഉണ്ടാക്കുന്നത്. പക്ഷെ ഇതൊന്നും ഇവിടെ നിരീക്ഷിക്കപ്പെടാതെ പോകുന്നത് ജ്ഞാനോദയ കാലഘട്ടത്തിൽ മിഷൽ ഫൂക്കോ (Michel Foucault) നിരീക്ഷിച്ചത് പോലെ യുക്തി, ഭ്രാന്തിനെ ഹിംസാത്മകമായി പുറന്തളളിയത് പോലെ ഇവിടെ സിംഗുലർ ഓണ്ടോളജി കളക്റ്റീവ് ഓണ്ടോളജിയെ ഹിംസാത്മകമായി പുറന്തളളിയത് കൊണ്ടാണ്.

ആ പുറന്തളളപ്പെട്ട കളക്റ്റീവ് ഓണ്ടോളജിയെ കണ്ടെത്താനും, അതുവഴി മധുവിന്റെ വധത്തിന്റെ യഥാർത്ഥ കാരണങ്ങളെ വ്യക്തമാക്കാനും അതിനാൽ നാം ഹെഗലിനെ മറികടക്കേണ്ടതുണ്ട്. അതിനുളള സാധ്യതയാണ് ജിൽസ് ദെല്യൂസിന്റെ സ്ഥൂലം (actual), സൂക്ഷമം (virtual) എന്ന സങ്കൽപം. ദെല്യൂസിനെ സംബന്ധിച്ചിടത്തോളം ഏതൊരു ആക്ച്വലിനും അതിനെ സാധ്യമാക്കുന്ന ഒരു വിർച്വൽ ഉണ്ടാകും. വിർച്വൽ എന്നാൽ ഒരു ആക്ച്വലിനെ നിർമ്മിക്കുന്ന എല്ലാ കാര്യ കാരണങ്ങളുമാണ്. അതിനാൽ വിർച്വൽ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും, അനന്തമായ ഉൾക്കൊളളൽ ശേഷി ഉളളതുമാണ്. ഉദാഹരണത്തിന്, മധുവിനെ സാധ്യമാക്കുന്ന ഒന്നാണ് ആദിവാസികളോട് കൂടെയുളള മധുവിന്റെ ജീവിതം, അപ്പോൾ മധു എന്ന ആക്ച്വലായ വ്യക്തിയുടെ വിർച്വലായ യാഥാർത്ഥ്യമാണ് മറ്റെല്ലാ ആദിവാസികളും. ദില്യൂസിനെ സംബന്ധിച്ചിടത്തോളം ആക്ച്വലും വിർച്വലും ഒരേ സമയം നിലനിൽക്കുന്നതാണ്. മാത്രമല്ല അവക്കിടയിൽ കാര്യ-കാരണ (causality) ബന്ധവുമല്ല ഉളളത്. അതായത് വിർച്വലിന്റെ കാരണം കൊണ്ട് ആക്ച്വൽ ഉണ്ടാവുകയല്ല. മറിച്ച്, വിർച്വൽ തന്നെയാണ് ആക്ച്വൽ, എന്നാൽ മറ്റൊരു രൂപത്തിലാണെന്നു മാത്രം. അപ്പാൾ, ഇവിടെ കീഴാളരോടുളള വയലൻസ് എന്ന ആക്ച്വലിന്റെ വിർച്വലാണ് നേരത്തെ പറഞ്ഞ ആധുനികത, സോഷ്യാലിറ്റി, നഗരവല്‍ക്കരണം മുതലായ ഒരുപാട് കാരണങ്ങൾ. എന്നാൽ ഹെഗലിന്റെ വിർച്വൽ ഇല്ലാത്ത ആക്ച്വലിലൂടെയാണ് നാം ഇന്ന് ചിന്തിക്കുന്നത്. അതിനൊരു ബദലായി ദെല്യൂസ് ‘ഡിഫറൻസ് ആൻഡ് റിപിറ്റീഷണി’ൽ പറയുന്ന ഒരു സാധ്യതയാണ് തകർക്കൽ (break) എന്നത്. വിർച്വലിന്റെ ആക്ച്വലായിട്ടുളള രൂപപ്പെടലാണ് ബ്രെയ്ക്. അതായത്, നമ്മുടെ ദൃഷ്ടിയിലേക്ക് മധുവിന്റെ വയലൻസിന്റെ എല്ലാ കാരണങ്ങളും നാം ആദ്യം വംശീയതയെ വീക്ഷിച്ച അതേ ആക്ച്വാലിറ്റിയോട് കൂടെ കടന്നു വരുന്നതാണ് ഇവിടത്തെ ബ്രെയ്ക്. ആ ബ്രെയ്ക് നമുക്ക് സാധ്യമാവുക നിലവിലെ പ്രതിസന്ധിയുടെ, അതായത് വയലൻസിന്റെ, ഒരു മൗലികമായ വിമർശനത്തിലൂടെയാണ്. അപ്പോൾ, വയലൻസിന്റെ ഓണ്ടോളജിയെ കുറിച്ചാണ് ആ വിമർശനത്തിന് ചോദ്യമുന്നയിക്കാനുണ്ടാവുക. ആ അർത്ഥത്തിൽ അതൊരു ഓണ്ടോളജിക്കൽ ക്രിട്ടിക് ആണ്.

മാർട്ടിൻ ഹെയ്ഡഗർ

മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഞാൻ പറയുന്ന ദില്യൂസിയൻ ലിബറേഷൻ ഫിലോസഫി ഓണ്ടോളജിക്കൽ ആയിത്തീരുന്നത്. ഒന്ന്, മോറൽ സർവയലൻസ്, വംശീയത എന്നിവയുടെ വിർച്വലിനെയും ആക്ച്വലിനെയും മുൻനിർത്തി അവയെ സാധ്യമാക്കുന്ന മുഴുവൻ നിർമ്മാണ ഘടകങ്ങളിലേക്കുമുളള, അവയുടെ ഉൺമയുടെ വാലിഡിറ്റിയിലേക്കുളള, ഒരന്വേഷണമാണത്. രണ്ട്, ദെല്യൂസിനെ സംബന്ധിച്ചിടത്തോളം ഒരു ആക്ച്വലിന്റെ വിർച്വൽ ആ ആക്ച്വലിന്റെ വർത്തമാനത്തെ മാത്രമല്ല മറിച്ച് ഭൂതത്തെയും, ഭാവിയെയും ഉൾക്കൊളളുന്നുണ്ട്. അതായത് മധുവിനെതിരെയുളള വയലൻസിനെ അപ്പോൾ സാധ്യമാക്കിയ സോഷ്യാലിറ്റി, അർബണിസം തുടങ്ങിയ കാരണങ്ങൾക്ക് പുറമെ അതിന്റെ ഭൂതത്തില്‍ മധുവിനുണ്ടായ വിശപ്പും, കാട്ടിലെ അരിയുടെ ദൗർലഭ്യതയും മുതലായ സംഭവങ്ങളും അതിന്റെ ഭാവിയിലുണ്ടായ അറസ്റ്റും, സാമൂഹിക മുന്നേറ്റങ്ങളും, ഞാനീയെഴുതുന്നതടക്കമുളള സംഭവങ്ങളുമെല്ലാം മധുവിന്റെ വിർച്വലിന്റെ ഘടകങ്ങളായിരുന്നു. അതിനാൽ ഭാവിയും, ഭൂതവും, വർത്തമാനവും ഒന്നിക്കുന്ന ഒരു കളക്റ്റീവ് ഓണ്ടോളജിക്കൽ പ്രതിസന്ധിയാണ് മധുവിന്റെ മരണം. മാർട്ടിൻ ഹെയ്ഡഗർ (Martin Heidegger), മനുഷ്യന്റെ ഓണ്ടോളജിയുടെ സാമയികത (temporality) എന്ന് വിളിക്കുന്നതും ഈയൊരു പ്രതിഭാസത്തെയാണ്. അതിനാൽ ഹെഗലിന്റെ സമയത്തിന്റെ വിഭജനത്തെ മറികടന്ന്‌ ഭാവിയിലേക്കും, ഭൂതത്തിലേക്കും, വർത്തമാനത്തിലേക്കുമുളള ഒരേ സമയത്തെ സമീപനമാണ് ഈ വിമർശനം. മൂന്ന്, വയലൻസ് എന്നതിന്റെ ഓണ്ടോളജി മറ്റു പല സംഭവങ്ങളുടെയും ഓണ്ടോളജികളുടെ ഒരു കൂട്ടമായതു കൊണ്ട്, അതിന്റെ ഓണ്ടോളജിയിലേക്കുളള അന്വേഷണം അതിനെ സാധ്യമാക്കുന്ന സർവ്വതിന്റെയും ഓണ്ടോളജിയിലേക്കുളള അന്വേഷണമാണ്. അപ്പോൾ വയലൻസിന്റെ ഓണ്ടോളജി സമൂഹത്തിന്റെ എല്ലാ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അതൊരു യൂണിവേഴ്സൽ ഓണ്ടോളജിയാണ്. അപ്പോൾ വയലൻസ് എന്ന സംഭവത്തിന്റെ വിമർശനം ഇവിടെ ഒരു യൂണിവേഴ്സൽ വിമർശനമാണ്.

അത്തരമൊരു വിമർശനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മധു എന്ന ആദിവാസി യുവാവിൽ വയലൻസിനെ സാധ്യമാക്കിയത് കേവലം വംശീയതയോ, മോറൽ സർവയലൻസോ മാത്രമല്ല മറിച്ച് അർബണൈസേഷൻ, സോഷ്യൽ പവർ, മോഡേണിറ്റി, ടെറിട്ടോറിയൽ ചിന്തകൾ, നഗ്ന മനുഷ്യൻ (bare human) തുടങ്ങിയ ഭിന്നവും ബഹുലവുമായ കാരണങ്ങളാണ് എന്നതാണ്. കാരണം, ആളുകൾ കൂടിയടിക്കുന്നത് കണ്ട്, യാതൊരു വംശീയ വിദ്വേശമില്ലാത്തവരായിട്ടും, ആ പ്രവർത്തനത്തിൽ പങ്കാളികളായവരുണ്ട്. മറ്റു ചിലർ സ്വന്തം പ്രതിസന്ധികളെ സാമൂഹികതയിലൂടെ മറികടക്കാൻ ശ്രമിച്ചവരാണ്. അതായത്, സമൂഹത്തിൽ നിന്ന് അകന്ന് പോകുന്നുണ്ടോ എന്ന് സെൽഫ്-അന്യവൽക്കരണത്തിന്റെ ഭീതിയുളളവർ സമൂഹം കൂട്ടമായി ചെയ്യുന്ന പ്രവർത്തനങ്ങളിൽ, അത് ശരിയണെങ്കിലും തെറ്റാണെങ്കിലും, സ്വയം പങ്കാളിത്തം ഉറപ്പുവരുത്തി മുഖ്യധാരാ സമൂഹത്തോട് കൂടെ ലയിച്ച് സ്വയം സെക്യൂർ ആകുന്നവരാണ്. ജി എസ് ഗുര്യ (GS Gurye) യുടെ വാക്കുകൾ കടമെടുത്താൽ ഒരു തരം സെക്യുലർ സംസ്കൃതവൽകരണ (secular sanskritization) മാണ് അത്. മറ്റൊരു വിഭാഗം സമൂഹത്തെ ആരാധിക്കുന്നവരാണ്. അതായത് സമൂഹം ചെയ്യുന്ന എല്ലാം വാലിഡാണെന്ന ചിന്തയുളളവരാണവർ. അവരുടെ മനഃശാസ്ത്രത്തിൽ, വ്യക്തിപരമായി അനൈതികം എന്ന് തോന്നുന്ന പ്രവർത്തനങ്ങളും സാമൂഹികമായി ചെയ്യുമ്പോൾ നൈതികമാണ്. സാമൂഹികമായ ഏതൊരു പ്രവർത്തനവും സമൂഹം പൊതുനന്മക്ക് വേണ്ടി ചെയ്യുന്നതാണെന്ന് അവർ ധരിക്കുന്നു. ഒരു തരത്തിൽ അതൊരു ആധുനിക ബഹുദൈവാരാധനയാണ് (modern polytheism). കാരണം സമൂഹം എന്നത് അവർക്ക് സർവ്വതിനും വാലിഡിറ്റി നൽകുന്ന ദൈവസമാനമായ ഒരു സങ്കൽപമാണ്. മറ്റൊരു കാരണം, പൊതുസമൂഹത്തിനുളള ഒരു ബെയർ ഹ്യൂമൺ ചിന്താഗതിയാണ്. അതായത്, ചില മനുഷ്യർ ആനുകൂല്യങ്ങളും അവകാശങ്ങളും അർഹിക്കാത്ത, നിയമങ്ങൾ അനുസരിക്കാൻ മാത്രം അർഹതയുളള ജീവികളാണെന്ന ബോധമാണ്. പൊതുസമൂഹത്തിൽ ഒരു വിശേഷ അധികാരവർഗ്ഗത്തിന്റെ കീഴാളരെ കുറിച്ചുളള ചിന്ത അങ്ങിനെയാണ്. അപ്പോൾ ജിയോർജിയോ അഗംബന്റെ (Giorgio Agamben) ഭാഷയിൽ മധു അടങ്ങുന്ന ആദിവാസികളും, കീഴാളരും മൃഗ മനുഷ്യരാണ് (homosacer). മറ്റൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം സ്വയം അർബണാവാനുളള ഒരു ശ്രമത്തിന്റെ ഭാഗമാണ് ആ അക്രമം. അർബൺ എന്നത് നഗരജീവിതമല്ല, മറിച്ച് ഒരു ദാർശനികമായ വേ ഓഫ് ബീയിംഗാണ്. എന്നാൽ ഇവയിലൊക്കെ ഏറ്റവും പ്രധാനപ്പെട്ടവ സോഷ്യാലിറ്റി എന്ന സങ്കൽപ്പത്തിന്റെ അസാധുതയും, അർബൺ-ഡൊമസ്റ്റിക് എന്ന ബൈനറിയുടെ ഇനിയുളള കാലഘട്ടത്തിലെ ഫിലോസഫിക്കൽ പരിമിതിയുമാണ്.

സോഷ്യാലിറ്റി എന്ന മിത്തും ലീനിയാരിറ്റിയുടെ തകർച്ചയും:

സ്ലാവോയ് സിസെക്കിനെ (Slavoj Zizek) സംബന്ധിച്ചിടത്തോളം ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഹെഗലിന്റെയും, ഹെയ്ഡഗറിന്റെയും നിലവാരമുളള ഒരേയൊരു ഫിലോസഫർ അലൻ ബാദ്യൂ (Alan Badiou) മാത്രമാണ്. ബാദ്യൂവിന്റെ ഭാഷയിൽ പോസ്റ്റ് എൻലൈറ്റൻമെന്റ് വെസ്‌റ്റേൺ കൊഗ്നിറ്റീവ് മാപ്പിൽ, അതായത് 15 ആം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിന് ശേഷം, പ്രപഞ്ചത്തിന്റെ മുഴുവൻ കേന്ദ്രമായി വ്യക്തി (individual) എന്ന യാഥാർത്ഥ്യം പ്രതിഷ്ഠിക്കപ്പെട്ടു. അതിനെ മുതലെടുത്ത് പോസ്റ്റ്-ഫ്യൂഡൽ മദ്ധ്യവർഗ്ഗവും, ക്യാപിറ്റലിസവും മാനവിക ചരിത്രത്തിൽ ഉയർന്നുവന്നു. മനുഷ്യന്റെ ജൈവികാധികാരത്തെ ചോദ്യം ചെയ്ത അവ ഭരണകൂടം, ധാർമ്മിക മൂല്യങ്ങൾ തുടങ്ങിയ പ്രത്യയശാസ്ത്രങ്ങൾ നിർമ്മിച്ച് ഒരു വിഭാഗത്തെ സമൂഹത്തിൽ നിന്നപരവൽക്കരിച്ചു. അതിനെതിരെയുളള ഒരു ഫിലോസഫിക്കൽ മൂവ്മെന്റായി എസ്റ്റാബ്ലിഷ്ഡ് മാർക്സിസം ഉയർന്നു വന്നു. വൈയക്തികാധികാരത്തെ അത് സാമൂഹികാധികാരമാക്കി (social power) പരിവർത്തനപ്പെടുത്താൻ ശ്രമിച്ചു. അവരതിനെ സാധ്യമാക്കിയത് സർവ്വ പ്രശ്നത്തിന്റെയും കാരണമായി വ്യക്തി എന്ന യാഥാർത്ഥ്യത്തെ പ്രതിഷ്ഠിക്കുകയും അതിനെതിരെ സമൂഹം എന്ന ഒരു കാറ്റഗറിയെ പ്രതിഷ്ഠിച്ച് അതിനെ എല്ലാറ്റിന്റെയും പരിഹാരമായി കാണുകയും ചെയ്‌തു കൊണ്ടാണ്. അതിനാൽ അവരെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ പ്രശ്നങ്ങൾക്കും അതിന്റെ പരിഹാരങ്ങൾക്കും രണ്ട് ഉറവിടം മാത്രമാണുളളത്, വ്യക്തിയും സമൂഹവും. 18 ആം നൂറ്റാണ്ടിൽ നിന്ന് ഇന്ന് 21 ആം നൂറ്റാണ്ടിലെത്തിനിൽക്കുമ്പോളും, പലവിധ ഫിലോസഫിക്കൽ വ്യതിചലനങ്ങൾ നടന്നിട്ടും മാർക്സിസത്തിന്റെ സോഷ്യാലിറ്റിയിൽ പരികൽപിച്ചു നൽകിയ പവറിന്റെ സങ്കൽപത്തിന് മാറ്റം വന്നിട്ടില്ല.

അലൻ ബാദ്യൂ

അതിനാൽ ഞാൻ മനസ്സിലാക്കുന്നത് മധുവിന്റെ വധം എല്ലാ വിധ മാർക്സിസത്തിന്റെയും ചർച്ചാ മണ്ഡലങ്ങൾക്ക് പുറത്താണ്. മാത്രമല്ല അതിനെ കുറിച്ച് വ്യവഹരിക്കാൻ എത്തിക്കലായി അവർക്കൊരർഹതയുമില്ല. കാരണം സോഷ്യൽ പവർ എന്ന സങ്കൽപത്തിന്റെ നിലനിൽപ്പിന്റെ വാലിഡിറ്റിയെ തന്നെയാണ് മധുവിന്റെ വധം ചോദ്യം ചെയ്യുന്നത്. ലൂയി ആൽത്തൂസറിന്റെ (Louis Althusser) അഭിപ്രായത്തിൽ ഏറ്റവും അവസാന ഫിലോസഫി മാർക്സിസമാണ്. പ്രപഞ്ചത്തിലെ മുഴുവൻ പ്രതിസന്ധികളും അതിനകത്ത് മാത്രം വ്യവഹാരികമായി നിലനിൽക്കുന്നു. അപ്പോൾ മാർക്സിസത്തിന്റെ ഫിലോസഫിക്കൽ മണ്ഡലത്തിനകത്ത് ഒരു നിലക്കും ഒതുങ്ങാത്ത മധുവിന്റെ മരണം അതി- ദാർശനികമാണ് (meta-philosophy). അതിനാൽ മധുവിന്റെ മരണം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പോസ്റ്റ് -ഫിലോസഫി, അല്ലെങ്കിൽ ട്രാൻസ്-ഫിലോസഫിയാണ്. അതായത് ഫിലോസഫിയുടെ തന്നെ ഒരു പുതിയ ഘട്ടമാണ്. കാരണം, സാമൂഹികാധികാരമാണ് മധുവിന്റെ വധത്തെ സാധ്യമാക്കിയത്. കാരണം, ഇൻഡിവിജ്വലായി ചെയ്യുന്ന പല തെറ്റുകളും സോഷ്യലായി ചെയ്യുമ്പോൾ വാലിഡാകുന്നു. സോഷ്യാലിറ്റിക്ക് കൊടുത്ത ഓവർ പ്രൈമസി കാരണം സോഷ്യാലിറ്റി ചെയ്യുന്ന ഏത് അതിക്രമവും റീസ്റ്റോറേറ്റീവ് ആകുന്നു, അത് ലെജിറ്റിമേറ്റ് ആകുന്നു. എന്നാൽ അതിനെക്കാളെല്ലാം ഭീകരമായ തലം, സോഷ്യാലിറ്റി അക്രമികളുടെ അക്രമത്തിനു മാത്രമല്ല ഇരകളുടെ ദുരിതങ്ങൾക്ക് കൂടി ലെജിറ്റിമസി നൽകുന്നു എന്നതാണ്. അതുകൊണ്ടാണ് ലെനിൻ (Vladimir Lenin) പറഞ്ഞത് ‘ഒരാളുടെ മരണം മരണവും ആയിരം ആളുകളുടെ മരണം കേവലം സ്റ്റാറ്റിസ്റ്റിക്സു’മാണെന്ന്. മരണം വർദ്ധിക്കുമ്പോൾ അതിന്റെ ലാഘവം കൂടുന്നു. അതനുസരിച്ച് മധു എന്ന ഒരു വ്യക്തിയുടെ വധത്തെക്കാൾ ലാഘവമാണ് സോഷ്യൽ പവറിൽ വിശ്വസിക്കുന്നവർക്ക് അട്ടപ്പാടി കോളനിയിലെ മുഴുവൻ ആദിവാസികളുടെയും വധം. ഈ അർത്ഥത്തിലും മധുവിന്റെ വധം ഒരു വംശഹത്യയുടെ ആവിഷ്കാരമാകുന്നുണ്ട്. ഇത് സോഷ്യാലിറ്റിയുടെ ഒരു ഓണ്ടോളജിക്കൽ പരിമിതിയാണ്. അൻറ്റോണിയോ നെഗ്രിക്കോ (Antonio Negri), കോജിൻ കറതാനിക്കോ (Kojin Karatani), ടെറി ഈഗിൾട്ടണോ (Terry Eagleton) ഒന്നും അതിനെ മറികടക്കുക സാധ്യമല്ല.

സോഷ്യാലിറ്റി എന്നത് ഒരു മിത്തായിട്ടാണ് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. ഒന്നാമതായി, ഇറ്റാലിയൻ ഫിലോസഫറായിരുന്ന ജിയാംബറ്റിസ്റ്റ വികോയെ (Giambattista Vico) സംബന്ധിച്ചിടത്തോളം മിത്ത് എന്ന വ്യവഹാരിക യാഥാർത്ഥ്യത്തിന് രണ്ട് ദൗത്യങ്ങളാണുളളത്. ഒന്ന്, മോറൽ സേഫ്ഗാഡും രണ്ട്, സോഷ്യൽ സാങ്ഷൻ നിർമ്മാണവും. മധുവിന്റെ വധത്തിൽ സോഷ്യാലിറ്റി ഈ രണ്ടു ദൗത്യവും നിർവ്വഹിച്ചിട്ടുണ്ട്. അരിയും പച്ചക്കറിയും കളവു ചെയ്തു എന്ന പേരിൽ ഒരു മോറൽ സേഫ്ഗാഡിന്റെ റോളിൽ മധുവിനെ മർദ്ദിക്കാനുളള സാധ്യതയും, അവസരവും സോഷ്യാലിറ്റി അവിടെ ഒരുക്കി. സാമൂഹിക ധാർമ്മികതക്ക് മധു വിളളൽ വീഴത്തി എന്നാരോപിക്കുകയും മധുവിനെ അക്രമിക്കുകയും ചെയുന്നതിലൂടെ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മോറാലിറ്റിയെ സംരക്ഷിക്കണമെന്നും സോഷ്യാലിറ്റി ഒരു പൊതുബോധം നിർമ്മിച്ചു. രണ്ടാമതായി, മോറൽ സേഫ്ഗാഡിന്റെ പേരിൽ നടന്ന മോബ് ലിഞ്ചിംഗിന്, അതൊരു സാമൂഹിക പ്രശ്നത്തിനെതിരെയുളള അനിവാര്യ നടപടി മാത്രമാണെന്ന പൊതുബോധം നിർമ്മിച്ച് അതിന് സോഷ്യൽ സാങ്ഷനും നിർമ്മിച്ചു നൽകി. അത്തരം ഒരു പൊതുബോധത്തിന്റെ നിർമ്മിതിയാണ് വില്യം റീഹിന്റെ (Wilhem Reich) ഭാഷയിൽ, കണ്ടുനിൽക്കുന്നവരെ പോലും അതിനെ തടയാൻ പ്രേരിപ്പിക്കാതെ, ആ ഡൊമിനന്റായ ആൾക്കൂട്ട മനഃശാസ്ത്ര (mass psychology) ത്തിലേക്ക് വലിച്ചിഴക്കുന്നത്. രണ്ടാമതായി, ഞങ്ങൾ അക്രമിക്കുന്ന ആൾ ഞങ്ങളിൽ പെട്ടവനല്ല എന്ന ഉറപ്പ് സ്വയം വിശ്വസിക്കാൻ ശ്രമിച്ച് സ്വന്തം മനഃസാക്ഷിയുടെ (conscience security) ചോദ്യത്തിന്റെ അക്രമികളുടെ മറികടക്കലാണ്. അപ്പോൾ, ചുരുക്കത്തിൽ ഒരു ഫ്രാങ്സ്വാ ല്യോതാർദിയൻ (Francois Lyotard) ഭാഷയിൽ സോഷ്യാലിറ്റി എന്നത് ഒരു മെറ്റാ-നരേറ്റീവ് മാത്രമാകുന്നു. കാരണം, ഇല്ലാത്ത ഒരു അധികാരത്തെ അതി യാഥാർത്ഥ്യത്തിലൂടെ (hyper reality) ഉളളതായി കാണിച്ച്, മാർക്സിസം ഡിസ്കോഴ്സിലൂടെ നിർമ്മിച്ച ഒരു കപട അവബോധം മാത്രമാണ്, അല്ലെങ്കിൽ മിത്ത് മാത്രമാണ് സോഷ്യാലിറ്റി. ഈ കപട അവബോധത്തെ പുറത്തെടുക്കാൻ, കാൾ യുങിന്റെ (Carl Gustav Jung) ഭാഷയിൽ പറഞ്ഞാൽ സോഷ്യാലിറ്റിയിലുളള അമിത വിശ്വാസത്തെ ഒരു മനോരോഗത്തിന്റെ (psychopathology) ഭാഗമായി അന്വഷിക്കേണ്ടി വരും.

ഹെന്റി ബെര്‍ഗ്‌സണ്‍

പുതിയൊരു കാലത്തെ ഫിലോസഫിക്കൽ ചർച്ചയിൽ ഇനിയിപ്പോൾ ഇൻഡിവിജ്വൽ-സോഷ്യൽ എന്ന പവർ കേന്ദ്രീകൃത ബൈനറി മതിയാവുകയില്ല, അതിനാൽ നാം പുതിയ സാധ്യതകൾ കണ്ടെത്തേണ്ടതായിരിക്കുന്നു. കാരണം മധുവിന്റെ പ്രതിസന്ധിയുടെ ഉറവിടം ഇൻഡിവിജ്വലിനും സോഷ്യലിനും ഇടയിലാണ്. അതിന്റെ ബികമിങ് സ്റ്റേജിലെ വ്യത്യസ്ഥ മൊമന്റുകളിലാണ്. അത് കണ്ടെത്തണമെങ്കിൽ ഇൻഡിവിജ്വലിൽ നിന്ന് സോഷ്യലിലേക്കുളള അധികാര നീക്കത്തിന്റെ ചരിത്രത്തെയും, സാമൂഹിക മനഃശാസ്ത്രത്തെയും, നരവംശശാസ്ത്രത്തെയും കുറിച്ച് നമുക്ക് പുനരാലോചിക്കേണ്ടി വരും. എന്നാൽ, അതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് ആ പ്രതിസന്ധിയെ നമുക്ക് ഒരു പോയിന്റിൽ മാത്രമായി കണ്ടെത്താൻ സാധിക്കില്ല എന്നതാണ്. കാരണം അർബണിസവും, സോഷ്യാലിറ്റിയും, സെക്കുലർ ബികമിങ്ങുമെല്ലാം വ്യത്യസ്ഥവും വിഭിന്നവുമായ ഘടകങ്ങളാണ്. അപ്പോൾ, നമുക്ക് മനസ്സിലാകുന്നത് വ്യക്തിയിൽ നിന്ന് സോഷ്യലിലേക്കുളള പവറിന്റെ ചലനം നൈരന്തര്യ (linear) ത്തോട് കൂടെയുളളതല്ല എന്നാണ്. മറിച്ച് സമ്പൂർണ്ണമായ വിച്ഛേദത്തിലൂടെ (depart) യാണെന്നതാണ്. അപ്പോൾ ഴാങ് പോൾ സാർത്ര് (Jean Paul Sartre) വാദിച്ചത് പോലെ കൂട്ട (seriel) ത്തിൽ നിന്ന് വർഗ്ഗ (class) ത്തിലേക്കുളള മൂവ്മെന്റ് ഒരിക്കലും ലീനിയറാവുകയില്ല. അതിനായി നമുക്കിനി ബൈനറികൾക്ക് പകരം ഹെൻറി ബെർഗ്സണിന്റെ (Henry Bergson) മൾട്ടിപ്ലിസിറ്റി എന്ന രീതിയിൽ ചിന്തിക്കേണ്ടി വരും. കാരണം, അതനുസരിച്ച് വ്യക്തിയും സമൂഹവും എന്ന ബൈനറി മാത്രമല്ല അതിനിടയിൽ മൾട്ടിപ്പിൾ ആയ ഒരുപാട് റിയാലിറ്റികൾ പരസ്പരം വൈരുദ്ധ്യമാകാതെ തന്നെ വിഭിന്നമായി നിലനിൽക്കുന്നുണ്ട്. അതിനാൽ വൈരുദ്ധ്യങ്ങൾക്ക് (dialects) പകരം വ്യത്യാസങ്ങളെയും (difference), യുഗ്മങ്ങൾക്ക് (binary) പകരം ബഹുലങ്ങളെയും (multiplicity) കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെയാണ് നിലനിൽക്കുന്ന സാമൂഹിക പ്രതിസന്ധികളുടെ അവയുടെ കേന്ദ്രത്തിൽ നമുക്ക് കണ്ടുമുട്ടാൻ സാധിക്കുകയുളളൂ. ഇനി മാർക്സിസ്റ്റുകളുടെ ലീനിയറാക്കാനുളള ശ്രമം സി എസ് വെങ്കിടേശ്വരൻ (CS Venkiteswaran), അദ്ദേഹവും ഒരു മാർക്സിസ്റ്റാണെന്നിരിക്കെ തന്നെ, പറഞ്ഞത് പോലെ പ്രപഞ്ചത്തിലെ സർവ്വ യാഥാർത്ഥ്യങ്ങളെയും എംപരിക്കലായ കാര്യ-കാരണ ബന്ധത്തിൽ തളച്ചിടാനുളള റിജിഡായ ശ്രമമാണ്.

അർബണിസത്തിന്റെ പ്രതിസന്ധിയും മോഡേണിറ്റിയുടെ ഹിംസയും:

അർബണായിത്തീരുക എന്നത് പോസ്റ്റ്-കോളനിവൽകൃത കാലത്ത് വളരെ ഭീകരമായ ഒരു സംഭവമാണെന്ന് അച്ചിലെ മ്പെമ്പെ (Achille Mbembe) പറഞ്ഞു വെക്കുന്നുണ്ട്. കാരണം പോസ്റ്റ്-കൊളോണിയൽ കാലഘട്ടത്തിലെ അർബണൈസേഷൻ, കൊളോണിയൽ, പ്രീ-കൊളോണിയൽ കാലഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം ചരിത്രത്തെ നിഷേധിക്കാനുളള ഒരു ശ്രമമാണ്. അതായത് മുഖ്യധാരയിലേക്ക് സ്വയം ലയിപ്പിക്കുന്നതിലൂടെ, പഴയ ജീവിതത്തെ മറന്ന്, അതിന്റെ ലേബലിൽ സ്വയം പുതിയൊരു ഒരു മനഃശാസ്ത്ര സെക്യൂരിറ്റി നേടിയെടുക്കാനുളള ശ്രമമാണ് പോസ്റ്റ്-കൊളോണിയൽ അർബണൈസേഷനുകൾ. എന്നാൽ കൊളോണിയൽ (ഒരു പരിധി വരെ), പ്രീ-കൊളോണിയൽ അർബണൈസേഷനുകൾ വ്യക്തികൾക്കും സമൂഹങ്ങൾക്കും സ്വന്തം ചരിത്രം നിർമ്മിക്കാനുളളതായിരുന്നു. ഇവിടെ അർബണൈസേഷൻ എന്നത് നഗരജീവിതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് നിലനിൽപ്പിന്റെ ഒരു അവസ്ഥയാണ് (state of being) അല്ലെങ്കിൽ മനഃശാസ്ത്രപരമായ ഒരു ഘട്ടമാണ്. അതായത്, ആധുനികതയുടെ ഗുണങ്ങൾ സ്വന്തം ബോഡിയിലൂടെ ആവിഷ്കരിക്കാൻ കഴിയുന്നുണ്ട് എന്ന വിശ്വാസമാണ് അതിന്റെ അടിത്തറ. ആ ഒരു തരത്തിൽ ഫിലോസഫിക്കലായി അതൊരു ബോഡി പൊളിറ്റിക്സ് തന്നെയാണ്. ആൻഡി മെറിഫീൽഡിനെ (Andy Merrifield) സംബന്ധിച്ചിടത്തോളം ഈ അർബണൈസേഷന്റെ ഭാഗമായി, അർബണൈസ് ആവാൻ ആഗ്രഹിക്കുന്ന ആളുകൾ നേരത്തെ തന്നെ അർബണൈസ് ആയ ആളുകൾ ഏർപ്പെടുന്ന ഡിസ്കോഴ്സുകളിലെല്ലാം അവരോട് കൂടെ കൂടുന്നു. അദ്ദേഹം മെട്രോ മാർക്സിസത്തിലും, ദ ന്യൂ അർബൺ ക്വസ്റ്റ്യനിലുമെല്ലാം അത് വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ്, കോളേജിൽ അടി നടക്കമ്പോൾ അതിൽ റോളൊന്നുമില്ലാത്ത ചിലർ, സ്വയം റോളുണ്ടെന്ന് വിശ്വസിപ്പിച്ച് അതിൽ കൂടുന്നത്.

മധുവിന്റെ വധത്തിൽ എത്രയാളുകൾ അത്തരം റെസ്പോൺസിബിലിറ്റികൾ സ്വയം കൃത്രിമമായി വിശ്വസിപ്പിച്ച് ആ വയലൻസിൽ ഭാഗമായിട്ടുണ്ടാവും എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കാരണം അക്രമം തുടങ്ങുമ്പോൾ ഇല്ലാത്ത പലരും പല ഘട്ടങ്ങളിലായി അക്രമം അവസാനിക്കുന്നതിനു മുൻപ് അതിൽ ഭാഗമായവരാണ്. തുടക്കത്തിൽ നോക്കി നിൽക്കുമ്പോഴുണ്ടാകുന്ന അർബണൈസ്ഡ് അവാനുളള, ആധുനികയുടെ അടയാളമായ മൊറാലിറ്റിയുടെ സംരക്ഷകനാവുക എന്ന നില കൈവരിക്കാനുളള, ബോധമായിരിക്കാം ചിലപ്പോൾ പലരെയും അതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഈയൊരു മനഃശാസ്ത്രത്തിന് ഭൗതികമായൊരു മാനം കൂടിയുണ്ട്. അതും മധുവിന്റെ വധത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നതാണ്.

അർബൺ എന്നാൽ നിരന്തരം ചലനാത്മകവും, മാറ്റത്തിന് വിധേയമാകുന്നതും, സാമയിക മൂല്യങ്ങൾ നിലനിൽക്കുന്നതും ഡൊമസ്റ്റിക്ക് എന്നാൽ നിർണ്ണിതവും, അചഞ്ചലവും, തലമുറാന്തര മൂല്യങ്ങൾ നിലനിൽക്കുന്നതുമായാണ് മനസ്സിലാക്കപ്പെടുന്നത്. ഈ അർത്ഥത്തിലായിരുന്നു അംബേദ്കർ (BR Ambedkar) അർബണിസത്തിൽ കീഴാള ജീവിതത്തിന്റെ പ്രതീക്ഷകൾ അർപ്പിച്ചതും, ഗാന്ധിജി ഡൊമസ്റ്റിക്കായ ഗ്രാമങ്ങളിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും ഉൺമയെ കണ്ടെത്താൻ ശ്രമിച്ചതും. പക്ഷെ അടിസ്ഥാനപരമായ (basic) പോസ്റ്റ്-മോഡേണിറ്റിയുടെ കടന്നുവരവോടെ അവക്കിടയിലുളള അതിർവരമ്പുകളെല്ലാം ഇല്ലാതായി പോയിക്കൊണ്ടിരിക്കുകയാണ്. ആ ഒരു സംഭവത്തെ ഡൊമിനൻസിന്റെ തകർച്ചയായിട്ടാണ് (anti-dominance revolution) മാർക്സിയൻ ലിബറൽസ് മനസ്സിലാക്കുന്നത്. എന്നാൽ അത് നിർമ്മിച്ച ദുരന്തം (urban crisis) വളരെ പ്രത്യാഘാതം നിറഞ്ഞതാണ്. ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിലുടെ അർബൺ കടന്നു ചെന്നപ്പോൾ, എന്നാൽ അർബണിൽ ഡൊമസ്റ്റിക് കടന്നു വന്നത് അചഞ്ചലമായ പൊതുബോധങ്ങൾ എന്ന അതിന്റെ ഗുണവുമായാണ്. അത് അർബണിൽ, ജീവിതവും ബോധവും തമ്മിൽ വലിയ വിരുദ്ധത സൃഷ്ടിച്ചു. ജീവിതത്തിൽ ചലനാത്മകതയും, പബ്ലിക് കോൺഷ്യസ്നെസിൽ റിജിഡിറ്റിയും രൂപപ്പെട്ട പുതിയൊരു സെമി-അർബണെ അത് രൂപപ്പെടുത്തി. അംബേദ്കർ പരികൽപിച്ച അർബണ് വിരുദ്ധമായ ഒരു അർബണായിരുന്നു അത്. ഭിക്ഷക്കാർ, ആദിവാസികൾ, ദളിതർ മുതലായവരോടുളള അർബൺ വയലൻസിന്റെ (urban atrocities) കാരണം ഇതാണ്. ഇവിടെയും അർബൺ എന്നാൽ നഗരം എന്നല്ല, മറിച്ച് എസ്റ്റാബ്ലിഷ്ഡ് ആയ പരസ്പര ബോധവും, അതിനെ നിലനിർത്താനുളള മെക്കാനിക്സും കൈയ്യിലുളള ഏതൊരു സമൂഹവുമാണ്. അതിനാലാണ് മധുവിന് മണ്ണാർക്കാട്ടിലെ ആ സാമൂഹികതയിൽ (urbanscape) വെച്ച് തന്നെ മർദ്ദനം ഏൽക്കേണ്ടിവന്നത്.

ഹെന്റി ലെഫബര്‍

അർബണിൽ ഉണ്ടെന്ന് വാദിക്കപ്പെടുന്ന റിജിഡ് പബ്ലിക് കോൺഷ്യസ്നെസിന് രണ്ട് സാധ്യതകളാണുളളത്. ഒന്ന്, അർബണിസത്തെ ബാധിച്ച മാറ്റമില്ലാത്ത ഒരു റിജിഡിറ്റി ആയി തന്നെ. രണ്ട്, അർബണിസത്തിന്റെ ചലനാത്മക ഘട്ടത്തിലെ കേവലമായ, ഇനി മാറാവുന്ന, ഒരു ഘട്ടം എന്ന നിലക്ക്. പക്ഷെ, രണ്ടാമത്തെ സാധ്യതയെ അർബണിൽ നടക്കുന്ന അത്തരം മോബ് ലിഞ്ചിംഗുകളുടെയും, കീഴാളർക്ക് നേരെയുളള മറ്റു അർബൺ അക്രമണങ്ങളുടെയും ഫ്രീക്വൻസി നിഷേധിക്കുന്നുണ്ട്. 2016 മെയിൽ ആലുവയിൽ കളവാരോപിച്ച് കെട്ടിയിട്ട് തല്ലിക്കൊന്ന ആസമി തൊഴിലാളി കൈലാഷ് ജ്യോതി ബെഹ്റയുടെ മരണവുമെല്ലാം നിലവിലെ അർബണിന്റെ ഡൊമസ്റ്റിക്കേഷനെ ഊട്ടിയുറപ്പിക്കുന്നുണ്ട്. അപ്പാൾ, ഇത്തരം നെഗറ്റീവ് അക്രമണങ്ങളൊന്നും അർബണിന്റെ മോഡേണിറ്റിയിൽ നിന്നുളള പിന്നോട്ട് പോക്കല്ല സൂചിപ്പിക്കുന്നത്, മറിച്ച് മോഡേണിറ്റിയുടെ തന്നെ ഹിംസാത്മകമായ പരിമിതിയെയാണ്. മോഡേണിറ്റിയുടെ അത്തരം പരിമിതികളെ കുറിച്ച് ക്രിസ് ബെയ്‌ലി (Chris Bailey) സൂചിപ്പിക്കുണ്ട്.

മറ്റൊരു തരത്തിൽ നോക്കുമ്പോൾ ഹെൻറി ലെഫബറിന്റെ (Henry Lefebvre) ‘റൈറ്റ് റ്റു ദ സിറ്റിയുടെ’ ഒരു നെഗറ്റീവ് പ്രവർത്തനവും ഇവിടെ ദൃശ്യമാകുന്നുണ്ട്. കാരണം, അർബണും, വ്യക്തിയും, സോഷ്യലും തമ്മിലുളള ഒരു പരസ്പര-ലെജിറ്റിമേറ്റ് ആയുളള ഉടമ്പടിയുടെ സ്ഥിതീകരണമാണത്. അർബൺ എന്ന ചിന്തയുടെ രീതിശാസത്രം മാറ്റിത്തീർക്കാനുളള ഒരു വിഭാഗത്തിന്റെ അധികാരമാണത്. അവരുടെ സ്വന്തം ആവശ്യങ്ങൾക്കായി അവർ അർബണിറ്റിയെ മാറ്റിത്തീർക്കുകയും, അതിലൂടെ സ്വന്തം മാറ്റങ്ങൾക്ക് ലെജിറ്റിമസി നേടുകയും ചെയ്യുന്നു. അർബണിന്റെ അത്തരം വിഭാഗീയ ലക്ഷ്യവാദത്തിന്റെ (mass teleology) ഭാഗമായാണ് മധുവിനെതിരെയുളള ‘വിശന്ന് കട്ടവനെയും കാര്യം ആരായാതെ വെട്ടണം’ എന്ന അർബൺ മോറൽ അവിടത്തെ അക്രമികൾ അബോധപരമായി നിർമ്മിച്ചെടുത്തത്. ഇത് പ്രശ്നവൽകൃതമാകുന്നത്, അത്തരം അർബണുകളുടെ മാറ്റത്തിനുളള പവർ, ലെഫബർ സോഷ്യാലിറ്റിയിൽ നിക്ഷിപ്തമാക്കി നൽകുന്നത് കൊണ്ടാണ്. 1968 ലെ ഹെൻറി ലെഫബറിന്റെ ‘റൈറ്റ് റ്റു ദ സിറ്റിയെ’ ഡേവിഡ് ഹാർവി (David Harvey) മെറ്റീരിയലായി വിശദീകരിക്കുന്നതിങ്ങനെയാണ് ‘റൈറ്റ് റ്റു സിറ്റിയെന്നാൽ അർബൺ വിഭവങ്ങൾ പ്രയോഗിക്കാനുളള ഒരു വ്യക്തിയുടെ കേവല സാധ്യതയല്ല. മറിച്ച് അർബണിന്റെ മാറ്റത്തിലൂടെ നമ്മെ തന്നെ മാറ്റാനുളള ഒരവകാശമാണ്. അതൊരു വ്യക്തിഗത സ്വാതന്ത്ര്യമല്ല, മറിച്ച് സാമൂഹിക സ്വാതന്ത്ര്യമാണ്. കാരണം അർബണൈസേഷൻ എന്നതിന്റെ മാറ്റത്തിനുളള അധികാരം കളക്റ്റീവ് പവറിനെ മാത്രം ആശ്രയിച്ചു നിൽക്കുന്നതാണ്. അത് നമ്മെയും നമ്മുടെ നഗരങ്ങളുടെയും മാറ്റിത്തീർക്കാനുളള ഒരു സ്വാതന്ത്ര്യമാണ്.’ നഗര കേന്ദ്രീകൃതമായ അർബൺ ചർച്ചയിൽ അദ്ദേഹം കൊണ്ടു വരുന്നൊരു ആർഗ്യുമെന്റാണിത്. ലെഫബറിന്റെ ‘എല്ലാ സ്പേസും സോഷ്യൽ സ്പേസാ’ണെന്ന വാദത്തെയും മധുവിന്റെ വധം ചോദ്യം ചെയ്യുന്നുണ്ട്. കാരണം, അക്രമിക്കപ്പെടുന്ന സമയത്ത് ആ അർബൺ സ്പേസ് ഒരു വയലൻറായ ചൂഴ്ന്നുനോട്ടത്തെ (panopticon) സാധ്യമാക്കുന്നതിലൂടെ മധുവിന്റെ അവിടുത്തെ നിൽപ്പിന്റെ സാധുതയെ(question of existence) പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ചുരുക്കത്തിൽ സോഷ്യൽ പവറിലൂടെ സ്വയം അർബണായിത്തീരുക എന്നതിലെ ‘ആയിത്തീരൽ’ എന്നതാണ് എല്ലാ വയലൻസിനെയും, സർവയലൻസിനെയും, മോറാലിറ്റിയെയും, കീഴാള നിലനിൽപ്പിനെയും നിർണ്ണയിക്കുന്ന ഘടകം.

ആബ്സെൻസിന്റെ അവസാനവും അസാന്നിദ്ധ്യങ്ങളുടെ സാധ്യതയും:

അവസാനമായി, ബഹുലമായി കിടക്കുന്ന ഈ പ്രതിസന്ധികളെ എവിടെ അല്ലെങ്കിൽ എങ്ങിനെ കണ്ടെത്താം എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കാരണം, അത്തരം പ്രതിസന്ധികളെല്ലാം തന്നെ നമ്മെ സംബന്ധിച്ചിടത്തോളം അസാന്നിദ്ധ്യങ്ങളാണ്. എന്നാൽ നമ്മുടെ ഇന്ദ്രിയാനുഭവത്തിന്റെ അടിസ്ഥാനത്തിൽ നാം വേർതിരിക്കുന്ന സാന്നിദ്ധ്യ (presence) ത്തിന്റെയും അസാന്നിദ്ധ്യ (absence) ത്തിന്റെയും ബൈനറിയുടെ പ്രതിസന്ധിയാണത്. മറിച്ച്, നാം രൂപം (form), ഉൺമ (existence) എന്നിവയെ സാന്നിദ്ധ്യവും, അസാന്നിദ്ധ്യവുമായി ചേർത്ത് വായിച്ചാൽ നമുക്ക് ആ ബൈനറിയെയും, നമ്മുടെ അദൃശ്യതയെയും (invisibility) മറികടക്കാൻ സാധിക്കും. കാരണം, രൂപവുമായുളള ചേർത്ത് വായനയിൽ കേവലം സാന്നിദ്ധ്യത്തിന്റെ ദ്വന്ദ്വമല്ല അസാന്നിദ്ധ്യം, മറിച്ച് സ്വന്തമായ മറ്റൊന്നാണ്. അവിടെ സാന്നിദ്ധ്യം (presence), അസാന്നിദ്ധ്യം (non-presence), ഇല്ലായ്മ (absence) എന്നിങ്ങനെയാണ് വിഭജനം. സാന്നിദ്ധ്യം എന്നാൽ ഒരു പ്രത്യേക ഫോമിലുളള ഒരു യാഥാർത്ഥ്യത്തിന്റെ ഉൺമയാണ്. അസാന്നിദ്ധ്യം എന്നാൽ ഒരു യാഥാർത്ഥ്യം സാന്നിദ്ധ്യമായിരിക്കുമ്പോൾ അത് ഏത് രൂപത്തിലായിരുന്നോ, ആ രൂപത്തിൽ ആവാതിരിക്കലാണ്, മറിച്ച് സാന്നിദ്ധ്യത്തിന്റെ തന്നെ ഇല്ലായ്മ അല്ല. ഉദാഹരണത്തിന്, ജലം എന്നത് ഒരു സാന്നിദ്ധ്യമായിരുന്നെങ്കിൽ, അത് ഹിമം ആകുന്നതിലൂടെ ആ ജലം അസാന്നിദ്ധ്യമാകുന്നു, എന്നാൽ അതിലെ ഹൈഡ്രജണും, ഓക്സിജനും അവിടെ തന്നെ ഉൺമയായി നിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇല്ലായ്മ (absence) എന്നാൽ ഫോമുമായി ബന്ധപ്പെട്ടതല്ല, മറിച്ച് സമ്പൂർണ്ണ ഓണ്ടോളജി ആണത്. കാരണം ഉൺമയുടെ തന്നെ ഇല്ലായ്മയാണത് (nothingness). അതായത്, ജലത്തിന്റെയല്ല മറിച്ച് അതിനെ സാധ്യമാക്കുന്ന ഹൈഡ്രജന്റെയും, ഓക്സിജന്റെയും തന്നെ ഇല്ലായ്മയാണത്. അപ്പോൾ, ഇവിടെ വയലൻസിൽ അതിന്റെ വിർച്വൽ ഘടകങ്ങളെല്ലാം അസാന്നിദ്ധ്യങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്, മറിച്ച് ഇല്ലായ്മകളായിട്ടല്ല. എന്നാൽ നാം അവയുടെ അദൃശ്യത കാരണം, അവയെ ഇല്ലായ്മ (absence) ആയിട്ടാണ് മനസ്സിലാക്കിയത്. അതിനാൽ രൂപം (form), പദാർത്ഥം (matter) എന്ന അരിസ്റ്റോട്ടിലിയൻ (Aristotle) ബൈനറിയിലെ ഫോമിനെ പ്രശ്നവൽക്കരിക്കുന്നതിലൂടെ നമുക്ക് അസാന്നിദ്ധ്യമായി, ഉൺമയോട് കൂടെ, കണ്ടെത്തപ്പെടാനായി കാത്തു കിടക്കുന്ന മധുവിന്റെ വധത്തിലെ വയലൻസിന്റെ വിർച്വൽ ഘടകങ്ങളെ കണ്ടെത്താൻ സാധിക്കും.

ഈ രണ്ട് പ്രശ്നങ്ങൾക്ക് പുറമെ മോറൽ സർവയലൻസിന്റെയും, വംശീയതയുടെയും വിർച്വലിൽ മറ്റനേകം ഘടകങ്ങൾ മധുവിന്റെ വധവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാണ്. വംശീയതയും, സർവയലൻസും പോലെയുളള അപര ബന്ധിത കാരണങ്ങൾക്കു പുറമെ അർബണിസവും, സെക്യുലർ സാൻസ്ക്രിറ്റൈസേഷനും, മോഡേണൈസേഷനും പോലുളള സ്വയം ബന്ധിത കാരണങ്ങളും നമുക്കതിൽ കണ്ടെത്താൻ സാധിക്കും. അതിനെല്ലാമപ്പുറം, ഗ്രീക്ക്-ഹെലനിസ്റ്റിക് ഫിലോസഫി മുതൽ കണ്ടമ്പ്രറി ഫിലോസഫി വരെ നീണ്ടു നിൽക്കുന്ന സാമ്പ്രദായിക ദാർശനിക ഫ്രെയിംവർക്കുകളുടെ പരിമിതിയും, അതിൽ നിന്നുളള വിമോചനത്തിന്റെ അനിവാര്യതയും കൂടി പ്രഖ്യാപിക്കുന്നതാണ് മധുവിന്റെ സോഷ്യൽ വധം. അവയെല്ലാം കണ്ടെത്തപ്പെടുമ്പോഴാണ് കീഴാളർക്കെതിരെയുളള വയലൻസിനെതിരെ, കൺവെൻഷലായ സംവാദങ്ങളിൽ നിന്ന് മാറി പുതിയ സംവാദങ്ങൾ സാധ്യമായിത്തീരുക. അതിന് നിലനിൽക്കുന്ന പ്രതിസന്ധികളോടുളള ഒരു ഓണ്ടോളജിക്കലായ വിമർശനമാണ് നാം നടത്തേണ്ടത്. അല്ലെങ്കിൽ ഒരു ദെല്യൂസിയൻ ലിബറേഷൻ ഫിലോസഫിയിലൂടെ നിലവിലെ പ്രതിസന്ധികളുടെ ഓണ്ടോളജിയിൽ ആദ്യവും പിന്നീട് ദെല്യൂസിൽ തന്നെയും ഒരു ബ്രെയ്ക്കാണ് നടത്തേണ്ടത്. കാരണം എല്ലാ പ്രതിസന്ധികളും അവയുടെ വിർച്വലിൽ വർത്തമാനത്തെയും, ഭൂതത്തെയും, ഭാവിയെയും ഉൾവഹിക്കുന്നുണ്ട്. അതിനെ പ്രശ്നവൽക്കരിക്കലാണ് ഒരു ഫിലോസഫറുടെ ദൗത്യം.

അന്‍വര്‍ ഹനീഫ