അഡ്വ: അബ്ദുല്‍ അഹദ്
‘എനിക്ക് മുസ്ലിമായി ജീവിക്കണം എനിക്ക് നമസ്‌ക്കരിക്കണം എന്റെ ഭര്‍ത്താവിനോടൊത്തു ജീവിക്കണം’. ഹൈക്കോടതി വിധിയും മതേതര പൊതു സമൂഹവും ചേര്‍ന്നൊരുക്കിയ തടങ്കലിലേക്ക് പോയപ്പോഴും പിന്നീട് സുപ്രീംകോടതിയിലൂടെ കടന്നു പോയപ്പോഴും കോടതിയുടെ ഭാഗികമായ വിധി വന്നപ്പോഴും ഹാദിയ തുടര്‍ന്നു കൊണ്ടിരുന്ന മുദ്രവാക്യമാണിത്. ഹാദിയയുടെ ഉദ്ധരണിയെ ചിഹ്നങ്ങളുപയോഗിക്കാതെ എഴുതിയത് മറ്റൊന്നും കൊണ്ടല്ല. അത് വ്യത്യസ്ത വാചകങ്ങളല്ലാത്തതു കൊണ്ടുകൂടിയാണത്. അവ ഹാദിയയുടെ സ്വത്വ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. പൊതു സമൂഹം അതിനെ ചിഹ്നമിട്ടു വായിച്ചു. ലിബറല്‍ മതേതരത്വത്തിന്റെ ഇസ്‌ലാമോഫോബിക് ആരോപണങ്ങളെ ന്യായീകരിക്കാനായി അവ വീണ്ടാമതും ഉപയോഗിക്കപ്പെട്ടു. എനിക്ക് മുസ്ലീമായി ജീവിക്കണമെന്നതിനെ വൈരുധ്യാത്മകതയുടെ(dialectical) ഏകീകരണത്തിനായി മതം എന്ന വേലിക്കെട്ടിലേക്ക് വലിച്ചൊട്ടിച്ചു. ഹൈന്ദവതക്ക് സമാനമായ മൂല്യവും വിമര്‍ശനവും അതിനോടും ചേര്‍ക്കപ്പെട്ടു. ഭര്‍ത്താവിനോടൊപ്പം ജീവിക്കണമെന്നതിനെ പുരുഷാധിപത്യത്തിന് വിധേയപ്പെടുന്നതല്ലാതെ മനസ്സിലാക്കാന്‍ പറ്റാതെ പോകുന്ന ഹിന്ദത്വ ഇടത്‌ലിബറല്‍ അലറലുകളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ഇത്തരം ലിബറല്‍ മനസ്സിലാകായ്ക മുഖ്യധാരാ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അച്ചിലെ എംബംബെ അതിനെ വിളിച്ചത് ആധുനിക യുക്തിയില്‍ സംഭവിക്കുന്ന radical uncertainty എന്നാണ്. സാബാ മഹ്മൂദിലേക്കു വരുമ്പോള്‍ അതു കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നു. ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തിലുളള പളളി പ്രസ്ഥാനങ്ങളെ കുറിച്ചുളള അവരുടെ പഠനം ഇത്തരം ‘മനസ്സിലാകായ്ക’കളെ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. പര്‍ദ എന്തിനു ധരിക്കുന്നു എന്ന ചോദ്യത്തിന് പളളി പ്രസ്ഥാനത്തിലെ സ്ത്രീകളുടെ ഉത്തരം യഥാര്‍ഥത്തില്‍ വലിച്ചു കീറുന്നത് ഇസ്‌ലാമോഫോബിക്കുകളെയോ മൊഡേണിസ്റ്റുകളേയോ മാത്രമല്ല, മുഖ്യധാരയുടെ ഭാഷ ഉപയോഗിച്ച് അവരെ തൃപതിപ്പെടുത്താന്‍ ആശയ വിനിമയത്തിലേര്‍പ്പെടുന്ന എല്ലാവരേയും കൂടിയാണ്. സ്പിവാക്കുമായുളള ചര്‍ച്ചയില്‍ എംബംബെ അതിനെ വിളിക്കുന്നത് ക്ഷമാപണ രാഷ്ട്രീയം(apologetic politics) എന്നാണ്. ഈജിപ്തിലെ നാഷണലിസ്റ്റുകള്‍ പര്‍ദയെ സംസ്‌ക്കാരമായി മനസ്സിലാക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അത് ഒരു ഐഡന്റിറ്റി ആണ്. എന്നാല്‍ ഈ രണ്ട് ന്യായീകരണങ്ങള്‍ക്കും പുറത്താണ് വിശ്വാസികളായ സ്ത്രീകള്‍ പര്‍ദയെ അനുഭവിച്ചിരുന്നത്. പര്‍ദ അവരുടെ ആന്തരിക സ്വത്വത്തെ രൂപപ്പെടുത്തുന്നു എന്നാണവര്‍ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ പര്‍ദയെ അവര്‍ കാണുന്നു പോലുമില്ല. പര്‍ദയുടെ കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കകത്തും കാഴ്ചകള്‍ക്കകത്തും കുരുങ്ങിപ്പോയവര്‍ക്ക് പര്‍ദ വൈരുധ്യത്തെ മാത്രമാണ് ബാക്കിവെച്ചിട്ടുണ്ടാവുക. പര്‍ദയെ അനുഭവിക്കാന്‍ ഈജിപ്തിലെ പെണ്ണുങ്ങള്‍ നേരെ പോയത് ഖുര്‍ആനിലേക്കാണ്,ഹാദിയ പോയതു പൊലെ. ലിംഗസമത്വത്തെക്കുറിച്ചുളള ഫെമിനിസ്റ്റ് ആകുലതകളില്‍ ഈജിപ്തിലെ വിശ്വാസിനികള്‍ക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. അവര്‍ നേരെ മദ്ഹബുകളോടൊപ്പം പോയി.
നമുക്ക് ഹാദിയയോടൊപ്പം തന്നെ പോവാം. സൂറത്തുല്‍ ഹുജറാത്തിലെ ഒരു സൂക്തത്തെ സാക്ഷാത്ക്കരിക്കണമെന്നാണവര്‍ പറഞ്ഞത്. ആ സൂക്തത്തെ നമുക്ക് ഇങ്ങനെ വായിക്കാം: ‘ അല്ലയോ വിശ്വാസികളെ, നിങ്ങളെ ആണും പെണ്ണുമാക്കി പടച്ചത്, ഗോത്രങ്ങളാക്കിയത്; പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്.അല്ലാഹുവിന്റെ അടുത്ത് ഉന്നതന്‍ അവന്റെ കാര്യത്തില്‍ സൂക്ഷ്മത ഉളളവനല്ലോ’. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വിവാഹം അവന്റെ വിശ്വാസത്തിന്റെ തേട്ടമാണ്. നിങ്ങളില്‍ വിവാഹിതന്‍ വിശ്വാസത്തിന്റെ പകുതി പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന മുഹമ്മദ് നബി(സ)യുടെ അധ്യാപനത്തില്‍ നിന്നും അവര്‍ ആരംഭിക്കുന്നു. ഹാദിയ പറഞ്ഞത് എനിക്ക് വിശ്വാസിയായി ജീവിക്കണം എന്നാണ്. (മുസ്‌ലിം)ഭര്‍ത്താവ് അവിടെ ലിംഗാധിപത്യമാകുന്നത് നേരത്തെ പറഞ്ഞ മനസ്സിലാകായ്കയിലാണ്. അതിനു പല കാരണങ്ങളുണ്ടാകാം. അത്തരം കാരണങ്ങളെ കണ്ടുപിടിക്കാന്‍ ഈ എഴുത്തിന് ആഗ്രഹമില്ല.
ഇബ്‌നു അറബിയൂടെ ചിന്തകളിലൂടെ ഇസ്‌ലാം ലിംഗ ഭാവനക്കുമപ്പുറത്ത് പലതും സാധ്യമാക്കുന്നുണ്ടെന്ന് സഅദിയ്യ ഷെയ്ഖ് എഴുതുന്നതും ഞാന്‍ മുകളില്‍ സൂചിപ്പിച്ച ആയത്തിനെ മുന്‍നിര്‍ത്തിയാണ്. വളരേ എത്തിക്കലായ സാരാംശമടങ്ങുന്ന ഒരു സൂക്തമാണത്. എല്ലാ തരം വംശീയവും ലിംഗപരവുമായ അധികാരങ്ങളെ റദ്ദു ചെയ്യുന്നുണ്ട് ഈ ആയത്ത്. അല്ലാഹുവിന്റെ അടുത്ത് ഉന്നതന്‍ സൂക്ഷ്മതയുളളവനാണ്. ജീവിതത്തിന്റെ ഏത് അവസ്ഥയിലൂടെ കടന്നു പോകുന്നവനും ഒരു പോലെ പരിശ്രമം ആവശ്യമായ ഒരു ഉദ്യമം. സ്ത്രീ എത്ര കണ്ട് പരിശ്രമിക്കുന്നുവോ അത്രയും പുരുഷനും പരിശ്രമം ആവശ്യമായ ഒരു ഉദ്യമം. വിശ്വാസത്തിന്റെ പാതയില്‍ ഇത്തരം ചോദ്യങ്ങള്‍ ചില സമയങ്ങളില്‍ അപ്രസക്തമായിപ്പോവുമെന്നു പറയാനാണ് ഞാനിത്രയും എഴുതിയത്.
ഹാദിയയെ ഒരു മൊമെന്റായി മനസ്സിലാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഹാദിയ ഒരേ സമയം ഡയലറ്റിക്കലും നോണ്‍ഡയലറ്റിക്കലുമാകുന്നതു കാണാം. നില നിന്നു കൊണ്ടിരിക്കുന്ന അധികാരസാമൂഹിക ഘടനയില്‍ ഒരു പ്രതിപ്രവര്‍ത്തന(antagonism)ത്തിലേര്‍പ്പെടുന്നതിനെയാണ്,പ്രശ്‌നങ്ങളുമായി വിമര്‍ശന രീതിയില്‍ എന്‍ഗേജ് ചെയ്യുന്നതിനേയാണ് ഞാന്‍ ഡയലറ്റിക്കല്‍ എന്നു വിളിക്കുന്നത്. ഹെഗലിന്റെ തീസിസ്-ആന്റിതിസീസ് രൂപീകരണത്തില്‍ നിന്നും മാര്‍ക്‌സ് വിശദീകരിച്ച ഡയലറ്റിക്‌സ്(വൈരുധ്യാത്മകത)തന്നെയാണ് ഇതെന്നാണ് ഞാനും കരുതുന്നത്. ഹെഗലിന്റെ phenomenology of spirit മറ്റു പലരുടേയും സഹായത്തോടെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു. ഹെഗലിന്റെ സിദ്ധാന്തം ജര്‍മന്‍ ആശയവാദത്തിലുളളതാണ്. എങ്ങനെ self consciousനെ മനസ്സിലാക്കാം എന്നൊരന്വേഷണം പുസ്തകത്തിലൊരിടത്തുണ്ട്. നമുക്ക് എങ്ങനെയാണ് നമ്മെത്തന്നെ മനസ്സിലാക്കാന്‍ കഴിയുക? അതിനു മറ്റൊരാളുടെ സഹായം വേണമെന്നാണ് ഹെഗല്‍ പറയുന്നത്. ഏകനായ ഒരുത്തന്‍ ഒരു ടോര്‍ച്ചുമായി പോകുന്നതു പോലെയാണത്. ലൈറ്റ് മുന്നോട്ടടിച്ചു പോയിക്കൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അയാളെ കാണാനാവില്ലല്ലോ. അയാള്‍ കാണുന്നത് ലൈറ്റ് സാധ്യമാക്കുന്നത്ര വിശാലതയിലുളള കാഴ്ചകള്‍ മാത്രമാണ്. താന്‍ കാണുന്ന കാഴ്ചകള്‍ തന്നെയാണ് തന്റെ ബോധം എന്നതു തെറ്റിദ്ധരിക്കുന്നു. അയാളും ലോകബോധവും തമ്മില്‍ വ്യത്യാസങ്ങളൊന്നും അതിന് കാണാന്‍ സാധിക്കാതെ പോകുന്നു. എന്താണോ നാം മനസ്സിലാക്കുന്നത് അത് ലോക ബോധമായിത്തന്നെ മാറുന്നു. ഹെഗല്‍ ഇതിനെ വിളിക്കുന്നത് weltgeist എന്നാണ്. world spirit എന്നാണതിന്റെ അര്‍ത്ഥം. ഇങ്ങനെ ഒറ്റക്ക് ടോര്‍ച്ചുമായി പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റൊരുത്തന്റെ ടോര്‍ച്ചടി നാം കാണുന്നത്. യഥാര്‍ഥത്തില്‍ എതിരെ നിന്നും വരുന്ന പ്രകാശത്തിലാണ് നാം നമ്മെ കാണുന്നത്. കണ്ണാടിയിലൊക്കെ നോക്കുന്ന പോലുളള ഒരനുഭവം. അതുവരെ മുന്നോട്ടു മാത്രം നോക്കിയിരുന്ന നാം നമ്മെത്തന്നെ നോക്കാന്‍ നിര്‍ബന്ധിതമാവുന്നു എന്നതാണിതിന്റെ പ്രത്യേകത. ആദ്യമായി നാം നമ്മെ തിരിച്ചറിയുന്നത് ഇത്തരത്തിലുളള പ്രതിസംഘട്ടനത്തിലൂടെയാണ്. അഥവാ നമുക്ക് എതിരായി മറ്റൊരു സ്വത്വം വന്നു നില്‍ക്കുമ്പോളാണ് നാം നമ്മെത്തന്നെ തിരിച്ചറിയുന്നത് എന്ന് ചുരുക്കം. എങ്ങനെ ഈ പ്രതിപ്രവര്‍ത്തനത്തോട് പ്രതികരിക്കാം എന്നതാണ് അടുത്ത ചിന്താവിഷയം. ആദ്യമായി നമ്മെത്തന്നെ തിരിച്ചറിയാന്‍ സഹായകരമായ ഒന്നാണ് ഈ പ്രതിപ്രവര്‍ത്തനം. അതോടൊപ്പം തന്നെ താനിത്ര കാലവും മനസ്സിലാക്കി വെച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതും ഈ പ്രവര്‍ത്തനം തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും ടോര്‍ച്ചടിച്ച രണ്ടുപേരും സ്വയം തിരിച്ചറിയുന്നത് ഇങ്ങനെ പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോളാണ്. രണ്ട് പേര്‍ക്കും സ്വയം സാക്ഷാത്ക്കരിക്കാന്‍ അപരനെ കൂടിയേ തീരുഎന്ന അവസ്ഥ. അപരന്‍ അപ്പുറത്ത് നില്‍ക്കുമ്പോള്‍ ഒരേ സമയം ഒരുതരം നഷ്ടബോധവും ലാഭവും കിട്ടുമെന്ന പ്രതീതി. ശരിക്കും വൈരുധ്യാത്മകമായൊരു ബന്ധം. അപരന്‍ സ്വന്തം ഈഗോയെ വെല്ലുവിളിക്കുമ്പോളും സ്വന്തത്തെ സാക്ഷാത്ക്കരിക്കാന്‍ അപരന്‍ കൂടിയേ തീരൂ എന്ന തിരിച്ചറിവ്. ഇവിടെയാണ് മാസ്റ്റര്‍-സ്ലേവ് ബന്ധം രൂപം കൊളളുന്നത്.
ഹെഗലിന്റെ മാസ്സര്‍ സ്ലേവ് ബന്ധം വളരേ പ്രസിദ്ധമാണല്ലോ. നാമിന്നു മനസ്സിലാക്കുന്ന ‘ചരിത്രം’ എന്ന അധികാര രൂപം തന്നെ മുഖ്യധാരയില്‍ മനസ്സിലാക്കപ്പെടുന്നത് ഈ ബന്ധത്തിലൂടെ ആണല്ലോ. നേരത്തെ സൂചിപ്പിച്ചതു പോലെ സ്വന്തം ബോധത്തിനെതിരില്‍ അപരന്റെ ബോധം വന്നു നില്‍ക്കുമ്പോഴാണല്ലോ യഥാര്‍ത്ഥത്തില്‍ സ്വത്വ ബോധം തന്നെയുണ്ടാകുന്നത്. അപരനില്ലാതെ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ. അതു കൊണ്ടു തന്നെ അതിനെ നശിപ്പിക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നു. കാരണം നമ്മുടെ മുന്നോട്ടു പോക്ക് അതിനെത്തന്നെ ആശ്രയിച്ചാണിരിക്കുന്നത്. തങ്ങളില്‍ ആരാണ് മുന്തിയത് എന്ന ഒരു തര്‍ക്കം അവിടെ രൂപപ്പെടുന്നു. ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് മാസ്സര്‍ സ്ലേവ് ബന്ധം രൂപപ്പെടുന്നത്. ഒരു സ്വത്വം മറ്റൊരു സ്വത്വത്തിനുമേല്‍ അധീശത്വം കാണിച്ചു കൊണ്ടിരിക്കുന്നു. ചരിത്രം എന്നതു തന്നെ ഇങ്ങനെയുളള antagonostic ബന്ധത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. ഹെഗലിനെ സംബന്ധിച്ചിടത്തോളം ചരിത്രം, അതിന്റെ പ്രയാണത്തിന്റെ പ്രത്യേക ഘട്ടത്തില്‍, ഈ മാസ്റ്ററും സ്ലേവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കിത്തീര്‍ക്കുന്നു. അഥവാ ഇരു ബോധങ്ങളും തമ്മിലൊന്നായിച്ചേര്‍ന്ന് നേരത്തേ സൂചിപ്പിച്ച spiritന്റെ സാക്ഷാത്ക്കാരമാക്കിത്തീര്‍ക്കുന്നു(absolute spirit). ഇങ്ങനെ ചരിത്രത്തെ മനസ്സിലാക്കിയപ്പോഴാണ് ഫുക്കുയാമ end of history എന്ന സിദ്ധാന്തം ചമച്ചത്. ശീത യുദ്ധത്തിലെ അമേരിക്കയുടേയും സോവിയറ്റ് റഷ്യയുടേയും ബന്ധത്തെ അദ്ദേഹം ഈ മാസ്റ്റര്‍-സ്ലേവ് ബന്ധത്തില്‍ വായിച്ചു. സോവിയറ്റ് റഷ്യയുടെ തകര്‍ച്ച, മാസ്റ്റര്‍-സ്ലേവ് ബന്ധത്തിലെ വ്യത്യാസം ഇല്ലാതാക്കിയ absolute spirit ആയി വായിക്കപ്പെട്ടു. ചരിത്രം ഇല്ലാതാക്കിയതിനെ പ്രശ്‌നവല്‍ക്കരിക്കാനല്ല ഞാനിത്രയും എഴുതിയത്. മറിച്ച്, ചരിത്രത്തെ തന്നെ പ്രശ്‌നവല്‍ക്കരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതൊരു പുതിയ സിദ്ധാന്തമൊന്നുമല്ല. ‘മൊമെന്റ്’ എന്ന ആശയത്തെ എങ്ങനെ മനസ്സിലാക്കാം എന്നതിനു വേണ്ടിയാണ് ഞാനിതെഴുതുന്നത്. ഹാദിയയുടേത് അത്തരമൊരു മൊമെന്റാണ് എന്നും ഞാന്‍ കരുതുന്നു.
ഹെഗലിന്റെ സിദ്ധാന്തത്തിലൂടെ നാം മനസ്സിലാക്കേണ്ടത് ഇത്രയുമാണ്. ഡയലററിക്കല്‍ ഇമാജിനേഷനില്‍ ഏര്‍പ്പെടുന്ന എല്ലാ ചിന്തകളും വിരോധത്തിലേര്‍പ്പെടുന്ന (antagonism) ഒരു ആവര്‍ത്തനത്തെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. അത് ചരിത്രത്തെ തന്നെ രൂപീകരിക്കുന്നത് ആവര്‍ത്തനത്തിന്റെ സ്വഭാവത്തില്‍ ആണ്. ആവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ നമ്മുടെ മുന്നോട്ടു പോാക്കിനെ(becoming) തടയുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വത്തെ ചരിത്രത്തില്‍ സംഭവിച്ച നാസിസ്റ്റ് ഫാസിസവുമായി താരതമ്യം ചെയ്യപ്പെട്ടു പോകാറുണ്ട്. ഹിന്ദുത്വത്തെ ഫാസിസത്തിന്റെ ആവര്‍ത്തനമായി മനസ്സിലാക്കുന്നു. ആവര്‍ത്തനങ്ങള്‍ താരതമ്യത്തെ നിര്‍മ്മിക്കുന്നു. ഹിന്ദുത്വ എന്ന വാക്ക് ഫാസിസം എന്ന വാക്കിനോട് താരതമ്യം ചെയ്യപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ഹിന്ദുത്വ എന്നതിന്റെ അപകടകരമായ വശം കാണപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. നമുക്ക് ചുറ്റുമുളള സംഗതികളെ ഇങ്ങനെ ആവര്‍ത്തിച്ചും താരതമ്യം ചെയ്തും മനസ്സിലാക്കുന്നു എന്നതാണ് ലിബറല്‍ എന്നും മതേതരനെന്നുമൊക്കെയുളള ഫെയ്‌സ്ബുക്ക് നാമത്തിലറിയപ്പെടുന്നവരുടെ ജനിതകമായ തകരാറ്. ജനിതക തകരാറിനു പുറമേ അവര്‍ക്ക് ഒരുപാട് അസുഖങ്ങളുണ്ടെങ്കിലും അവയൊന്നും ഈ പേപ്പറിന്റെ പരിധിയില്‍ പെടുന്നില്ല.
ഗെയില്‍ ഓംവെദിന്റെ understanding caste എന്ന പുസ്തകം ഇത്തരത്തിലുളള dialectic ചിന്തയേയാണ് പിന്തുടരുന്നത്. മാര്‍ക്‌സ് മുതലാളിത്തത്തെ മനസ്സിലാക്കിയതു പോലെ ഓംവെദ് ബ്രാഹ്മണിസത്തേയും മനസ്സിലാക്കുന്നു. ബ്രഹ്മണിസം അത്തരത്തിലുളള സ്പിരിറ്റാണ് അദ്ദേഹത്തിന്. വ്യത്യസ്തമായ consciousകളോട് ഇടപെടുമ്പോള്‍ ഈ spirit അതിനോടുളള പ്രതി പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. അങ്ങനെ ബുദ്ധിസത്തോട് ഇടപെട്ടപ്പോളാണ് ബുദ്ധിസത്തിന്റേതായ പല സംഭാവനകളും ബ്രാഹ്മണിസത്തിന്റേതായി മാറിയത്. ഇസ്‌ലാമുമായി ഇടപെട്ടപ്പോള്‍ അത് ഒരു ‘മതം’ എന്നതിലേക്ക് മാറി. ഇങ്ങനെ നാഷണലിസവും മതേതരത്വവുമെല്ലാം അതിന്റെ വ്യത്യസ്തമായ പ്രതിഭാസങ്ങളായി മാറുന്നുണ്ട് ഓംവെദിന്റെ പഠനത്തില്‍. ഇങ്ങനെ ബ്രാഹ്മണിസത്തെ spirit ആക്കി ചിന്തിക്കുമ്പോള്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നുണ്ട്. ബ്രാഹ്മണിസത്തില്‍ നിന്നും കുതറി മാറാന്‍ പറ്റില്ല എന്നതു തന്നെയാണ് ആ പ്രശ്‌നം. നമ്മുടെ എല്ലാ ചിന്തകളും അതിനോട് കേന്ദ്രീകരിക്കപ്പെട്ടു കൊണ്ടിരിക്കും. നേരത്തെ എന്‍ഗേജ് ചെയ്യുക എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഈയൊരു പ്രശ്‌നത്തേയാണ്. ഇത് ബ്രാഹ്മണിസത്തിന്റെ മാത്രം പ്രത്യേകതയല്ല. dialectical ബന്ധത്തിലേര്‍പ്പെടുന്ന എല്ലാറ്റിനും സംഭവിക്കുന്ന ഒന്നാണിത്. ഇവിടെയാണ് ഹാദിയ പ്രസക്തമാവുന്നത്. അല്ലെങ്കില്‍ ഹാദിയയിലൂടെ ‘മൊമെന്റ്’ എന്ന തിയറി പ്രകടമാവുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും മിസ്റ്റിക്കുമായ ഇബ്‌നു അറബിയുടെ ചിന്തകളാണ് മൊമെന്റ് എന്ന ആശയത്തിനു പ്രചോദനം. അദ്ദേഹത്തിന്റെ ചിന്ത ദൈവീക കേന്ദ്രീകൃതമായ(theo-cetnric) ഒന്നാണ്. ഈ പ്രപഞ്ചം എന്നതു തന്നെ ദൈവിക വിശുദ്ധ നാമങ്ങളുടെ പ്രകടനമാണ് അദ്ദേഹത്തിന്. അല്ലാഹു എന്നത് നമ്മുടെ ചിന്തക്കും ഭാവനക്കും എത്താവുന്നതിലുമപ്പുറമാണ്. അല്ലാഹു ഒരോ നിമിഷവും വിശാലമായിക്കൊണ്ടിരിക്കുന്നു. യുക്തി ഉപയോഗിച്ചു കൊണ്ടു മാത്രം അല്ലാഹുവിനെ മനസ്സിലാക്കുക സാധ്യമല്ല. അവന്‍ ഓരോ സെക്കന്റിലും വിശാലമായിക്കാണ്ടിരിക്കുന്നു. രണ്ടു വ്യത്യസ്ത സെക്കന്റുകളില്‍ അവനെ ഒന്നായി മനസ്സിലാക്കുക സാധ്യമല്ല. അങ്ങനെ വന്നാല്‍ ആ പ്രത്യേക സമയത്ത് അവനു നാം അതിരു വെച്ചു എന്നാണതിനര്‍ത്ഥം. അങ്ങനെ അല്ലാഹുവിനെ delimit ചെയ്യുക സാധ്യമല്ല. വിഗ്രഹവല്‍ക്കരിക്കപ്പെടാതെ അല്ലാഹു abstract ആയി നില്‍ക്കുന്നത് ഇതു കൊണ്ടാണ്. ഈ പ്രപഞ്ചമഖിലവും വിശുദ്ധ നാമത്തിന്റെ മാനിഫെസ്റ്റേഷനായതു കൊണ്ടു തന്നെ ആവര്‍ത്തനം അതിന്റെ സവിശേഷതയല്ല. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ആവര്‍ത്തനങ്ങള്‍ fixation നെ നിര്‍മിക്കുന്നു. fixation അതിനു മുന്‍കൂട്ടി കാണുന്നതിലേക്കു(predication) നയിക്കുന്നു. ഇത് governability-യിലേക്ക് നയിക്കുന്നു. ഇവ ആത്യന്തികമായി അധികാരത്തെ(power) നിര്‍മ്മിക്കുന്നു. അതുകൊണ്ടു തന്നെ ആവര്‍ത്തനങ്ങളെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നു. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ചരിത്രം ആവര്‍ത്തിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ അല്ലാഹുവിനെ എങ്ങനെ മനസ്സിലാക്കാം എന്ന ചോദ്യമുണ്ടാവുന്നുണ്ട്. അവിടെയാണ് negative theology പ്രസക്തമാവുന്നത്. യുക്തിയും(aql) ഭാവനയുമാണ്(khayal) അതിന്റെ പ്രധാന ഭാഗങ്ങള്‍. ഇവ രണ്ടു കണ്ണുകളെ പോലെയാണ്. യുക്തി ഉപയോഗിച്ചു കൊണ്ട് അല്ലാഹുവിനെ മനസ്സിലാക്കാന്‍ സാധ്യമല്ല എന്നു നാം മനസ്സിലാക്കുമ്പോള്‍ തന്നെ ഭാവന ഉപയോഗിച്ച് വിശുദ്ധ നാമങ്ങളിലൂടെ അതിനെ നാം തിരിച്ചു പിടിക്കുന്നു. ഇങ്ങനെ വിശുദ്ധ നാമം ഉപയോഗിക്കുമ്പോള്‍ തന്നെ വിശുദ്ധ നാമത്തില്‍ മാത്രം പരിമിതനല്ല അവന്‍ എന്നു നാം അംഗീകരിക്കുന്നു. ഇതൊരുതരം ഉറപ്പിനേയും(conviction) മാറ്റത്തേയും ഒരേ സമയം നിര്‍മിക്കുന്നു. ഇതിലെ ഉറപ്പ് എന്നത് വിശുദ്ധനാമത്തിലൂടെ അവനെ മനസ്സിലാക്കുന്നു എന്നതാണ്. മാറ്റം എന്നത് ഈ നാമങ്ങളില്‍ അവനെ പരിമിതപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണ്. അഥവാ അവന്‍ നിരന്തരമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണത്.
ഈ ചിന്തക്ക് ഒരേ സമയം dialectical ഉം non dialectical മാവാനുളള കപ്പാസിറ്റി ഉണ്ട് എന്നാണ് ഞാന്‍ വാദിക്കുന്നത്. അഥവാ നാം ഉറപ്പിനെ കൊണ്ടു വരുന്ന പ്രക്രിയയെ dialectical എന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആവര്‍ത്തനത്തിലേര്‍പ്പെടുന്ന ചരിത്രവുമായി അത് എന്‍ഗേജ് ചെയ്യുന്നു. ഇതിനെ പൊളിറ്റിക്കല്‍ എന്നു കൂടി വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാതിയും വംശവും വര്‍ണവും ലിംഗവുമെല്ലാം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത് ഇവിടെയാണ്. ഇവയെ ഇങ്ങനെ പ്രശ്‌നവല്‍ക്കരിക്കുമ്പോള്‍ തന്നെ ഇവ ആവര്‍ത്തിക്കപ്പെട്ടു കൂടാ എന്നു നാം മനസ്സിലാക്കുന്നു. ആത്യന്തികമായി ആവര്‍ത്തനം അധികാരത്തെയാണല്ലോ നിര്‍മ്മിക്കുന്നത്. അപ്പോള്‍ നാം ചരിത്രത്തെ ആവര്‍ത്തിക്കപ്പെടാതെ/ചരിത്രവുമായി ഡയലറ്റിക്കലായി ബന്ധത്തിലേര്‍പ്പെടാതെ മുന്നോട്ടു പോവുക കൂടി ചെയ്യുന്നു. മൊമെന്റ് എന്നത് ഇങ്ങന ആവര്‍ത്തിക്കപ്പെടാതെ, അരേഖീയമായി മനസ്സിലാക്കപ്പെടുന്ന ഒന്നാണ്. ഒരേ സമയം വൈരുധ്യാത്മകവും അല്ലാതെയുമായി രേഖീയമല്ലാതെ സമയത്തെ മനസ്സിലാക്കുന്ന, ആവര്‍ത്തിക്കപ്പെടാത്ത അതിനാല്‍ തന്നെ അധികാര പ്രയോഗങ്ങള്‍ക്ക് വേദി നല്‍കാത്ത ഇടപെടലുകളും ചിന്തയുമൊക്കെയാണ് മൊമെന്റ് എന്നത്. ഹാദിയ അത്തരമൊരു തുറവി നമുക്ക് നല്‍കുന്നുണ്ട്. ‘എനിക്ക് മുസ്ലിമായി ജീവിക്കണം എനിക്ക് നമസ്‌ക്കരിക്കണം എന്റെ ഭര്‍ത്താവിനോടൊത്തു ജീവിക്കണം’ എന്ന പ്രഖ്യാപനത്തിലൂടെയാണത്. നീണ്ട പതിനൊന്നു മാസത്തെ വീട്ടുതടങ്കല്‍ അതിന്റെ ഉറപ്പിനു മുമ്പില്‍ ഒന്നുമല്ലാതായിത്തീരുന്നു. എന്തൊന്നാണോ പതിനൊന്നു മാസങ്ങള്‍ക്കു മുമ്പ് അവര്‍ പറഞ്ഞത് അതു തന്നെ സുപ്രീം കോടതിയിലും അവര്‍ പറയുന്നു. ഒരേ സമയം സ്റ്റേറ്റും പൊതു ബോധങ്ങളും നിര്‍മ്മിച്ച വയലന്‍സിനെതിരെ പൊരുതുമ്പോഴും(ഡയലറ്റിക്കല്‍) അവരുടെ മുദ്രവാക്യങ്ങള്‍ എല്ലാ അധികാര പരിധിക്കും പുറത്തേക്കു നീളുന്നു. അവിടെ ഭര്‍ത്താവും ഇസ്‌ലാമുമെല്ലാം നോണ്‍ ഡയലറ്റിക്കലായ, തികച്ചും എത്തിക്കലായ ആകാശത്തേക്കു പറന്നു പോകുന്നു. അതിനെ മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നതിനെ നമുക്ക് മതേതരത്വമെന്നും നിഷ്പക്ഷതയെന്നും ലിബറല്‍ പൊതുബോധമെന്നുമൊക്കെ ട്രാന്‍സ്ലേറ്റ് ചെയ്യാം.