Campus Alive

ഡൽഹി ഇലക്ഷനും പ്രത്യയശാസ്ത്ര ചോദ്യങ്ങളും

ഡൽഹിയിലെ ജനങ്ങൾ തങ്ങളുടെ അസംബ്ലി ഇലക്ഷനെ ഇന്ത്യാ പാകിസ്ഥാൻ സംഘർഷം എന്ന നിലയിലല്ല വീക്ഷിച്ചത് എന്നത് ആശ്വാസകരമായ കാര്യമാണ്. അവർ ബി.ജെ.പി സമം ഇന്ത്യ എന്ന സമവാക്യത്തിൽ വിശ്വസിച്ചില്ല. എന്നാൽ ‘ഗോലി മാരോ സാലോംങ്കോ’ എന്ന് ആക്രോശിച്ചവർ അങ്ങനെയുള്ളവരുടെ  പ്രതിനിധിയായിരുന്നില്ല.  നിരുത്തരവാദികളായ രാഷ്ട്രീയക്കാരെ, അവരുടെ തെറ്റുകുറ്റങ്ങളോടൊപ്പം തന്നെ വോട്ടർമാർ അംഗീകരിക്കുന്ന ഒരു പ്രവണതയാണ് ഇലക്ഷൻ പലപ്പോഴും സാധ്യമാക്കാറുള്ളത്. ഡൽഹിക്ക് ചിലപ്പോൾ ഈ പ്രവണതയെ മറികടക്കാനും അതിനോട് പ്രതികരിക്കാനും കഴിഞ്ഞിരിക്കാം. പക്ഷേ, യഥാർത്ഥത്തിൽ ഇങ്ങനെയൊരു നിരാകരണം സാധ്യമായിട്ടുണ്ടോ?

ഡൽഹി ഇലക്ഷൻ റിസൾട്ടിനെ നിരീക്ഷിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഇത് ദേശീയ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന ഒരു ഇലക്ഷനായിരുന്നില്ല എന്നുള്ളതാണ്. മാത്രമല്ല, ഇതൊരു യൂണിയൻ ടെറിട്ടറിയിലേക്കുള്ള ഇലക്ഷൻ കൂടിയായിരുന്നു. അതു കൊണ്ട് തന്നെ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് നിയന്ത്രണ വിധേയമായ അധികാരങ്ങൾ ഉള്ളവയുമായിരിക്കും. പക്ഷേ, ബി.ജെ.പി ഇതിന് അമിതമായ പ്രാധാന്യം നൽകുകയും അതുവഴി അവരുടെ പരാജയം കൂടുതൽ പ്രകടമാവുകയും ചെയ്തു. രണ്ട്, വോട്ട് വർദ്ധിച്ചതിനെക്കുറിച്ചും വിജയിച്ച മാർജിനുകളെക്കുറിച്ചും പാർട്ടി വക്താക്കൾ എന്തു പറഞ്ഞാലും സത്യസന്ധമായി വിലയിരുത്തിയാൽ ബി.ജെ.പി പരാജയപ്പെടുകയും എ.എ.പി വലിയ വിജയം നേടുകയും ചെയ്യുകയാണുണ്ടായത്. അതോടൊപ്പം ബി.ജെ.പി മനസ്സിലാക്കേണ്ടത്  അവരുടെ ദേശീയതലത്തിലെ ശക്തമായ നേതൃത്വമാന്നെങ്കിലും സംസ്ഥാന തലത്തിൽ അപര്യാപ്തമായ നേതൃത്വത്തെയാണ് ആവർത്തിച്ച് കാണുന്നത് എന്നും  തങ്ങളുടെ വാചാടോപങ്ങൾ ഇലക്ഷനിൽ വിജയം സമ്മാനിക്കുകയില്ലെന്നുമാണ്. മൂന്ന്, ഈ ഇലക്ഷൻ നടക്കുന്നത് ഇന്ത്യയെ മൊത്തം ബാധിക്കുന്ന സവിശേഷമായൊരു പശ്ചാത്തലത്തിലാണ്. ഇലക്ഷൻ വിജയത്തിന് എ.എ.പി ക്ക് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാമെങ്കിലും അതിലപ്പുറം ചില മാനങ്ങളും  ഈ വിജയത്തിന് പിറകിലുണ്ട്.

ഇലക്ഷൻ റിസൾട്ടിനെ വിശകലനം ചെയ്യുമ്പോൾ ‘ജനവിധി’(mandate) അൽപ്പം ഗൗരവം കുറഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇലക്ഷൻ ഫലം എകപക്ഷീയമായിരിക്കെ ‘ജനവിധിയെ കുറിചുള്ള വാദങ്ങൾ'(mandate arguments) പ്രചാരണം നേടുകയും ചെയ്തു. എന്നാൽ ഇലക്ഷൻ ഫലത്തെ മുൻനിർത്തി അതിനെ വായിക്കുമ്പോൾ അത് മുമ്പ് സംഭവിച്ച കാര്യങ്ങളുടെ  പ്രതിഫലനവും സമർത്ഥമായി നിർമ്മിക്കപ്പെട്ട സംഭവങ്ങളുടെ പ്രതിഫലനവുമാണ്. അതിനാൽ ബി.ജെ.പിയുടെ വിഭജന സിദ്ധാന്തം നിരാകരിക്കപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനും എ.എ.പിയുടെ വിജയത്തിൽ സംതൃപ്തി അടയുന്നതിനും പകരം, ആരാണ് എങ്ങനെയാണ് ഒരു മാൻഡേറ്റ് രൂപപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയണം. അതായത്, ഈ റിസൾട്ട് സമ്മിശ്രമായ സൂചനകൾ നൽകുന്നു എന്നത് നിരസിക്കൽ പ്രയാസകരമാവുന്നു. ഒരു തെരഞ്ഞെടുപ്പ് എന്ന അർത്ഥത്തിൽ ഇത് ‘ദേശീയ മനോഭാവത്തെ’ പ്രതിഫലിപ്പിക്കുന്നതല്ലെങ്കിലും അതിന്റെ രൂക്ഷമായ പ്രതിഫലനം ഇതിലുണ്ട്.

ആം ആദ്മി പാർട്ടിയുടെ വിജയത്തിന്റെ കാരണം മനസ്സിലാക്കാൻ കഴിയുന്നത് അതിന്റെ പ്രകടനത്തിലൂടെ മാത്രമാണ്. അതുകൊണ്ട് തന്നെ രണ്ടാമതൊരു  ഇലക്ഷനിൽ ജനങ്ങൾ അവരെ വിജയിപ്പിക്കുന്നു എന്നതിന്റെ അർത്ഥം അധികാരത്തിലിരുന്നപ്പോൾ അവർ ചെയ്തതിനെ അംഗീകരിക്കുന്നു എന്നതിനപ്പുറം അനുമോദിക്കുന്നു എന്നത് കൂടിയാണ്. അല്ലെങ്കിൽ വോട്ടർമാർ മറ്റൊന്നിനെ അംഗീകരിക്കുന്നില്ല എന്നതും ഇതിലെ ഒരു പ്രധാനപ്പെട്ട സൂചനയാണ്. സി.‌എ‌.എ വിരുദ്ധ പ്രക്ഷോഭം, ജെ‌എൻ‌യു, ജാമിഅ മില്ലിയ ഇസ്ലാമിയ തുടങ്ങിയവയിലെ  വിദ്യാർത്ഥികൾക്കെതിരായ ആക്രമണം,  ബിജെപിയുടെ പ്രധാന  നേതാക്കളുടെ അനിയന്ത്രിതമായ വിഷലിപ്തമായ പ്രഭാഷണങ്ങൾ എന്നിവ സംഭവിച്ച ഒരു പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. സാമുദായിക വിഭജനത്തിന്റെ ഉപകരണമായി വോട്ടർമാരെ മാറ്റാനുള്ള എല്ലാവിധ ശ്രമങ്ങളും നടക്കുകയുണ്ടായി. ആ നിലയിൽ ഇലക്ഷന് മുമ്പ്,  ഗവൺമെന്റിന്റെ പ്രകടനത്തെ സ്വീകരിക്കണോ അതോ വിഭജനത്തിലധിഷ്ഠിതമായ വിദ്വേഷത്തിലേക്കും വെറുപ്പിലേക്കുമുള്ള തുറന്ന ക്ഷണത്തെ സ്വീകരിക്കണോ എന്നതിനിടയിലായിരുന്നു വോട്ടർമാർ. ഇലക്ഷൻ ഫലത്തിന്റെ ശരിയായ വായന അത് വിദ്വേഷത്തിന് മുകളിൽ പ്രകടനത്തെ തെരഞ്ഞെടുത്തു എന്നതാണ്.

അവിടെയാണ് ഡൽഹി ഫലത്തോടുള്ള താൽപ്പര്യം നിലക്കുന്നത്. ഇലക്ഷൻ പ്രചാരണ സന്ദർഭത്തിൽ സി.എ.എ, ദേശീയത, ഷഹീൻ ബാഗ് പ്രക്ഷോഭം എന്നീ നിർണ്ണായക വിഷയങ്ങളിൽ കെജ്രിവാളിനെ കുടുക്കാൻ ബി.ജെപി ശ്രമിച്ചിരുന്നു. ആ കെണിയിൽ നിന്ന് തന്ത്രപരമായി അദ്ദേഹം രക്ഷപ്പെട്ടു. അത് അദ്ദേഹത്തെ തന്റെ ഇലക്ഷൻ അടിത്തറ നിലനിർത്താൻ സഹായിച്ചു. ഇത് രണ്ട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ എന്താണ്/ആയിരുന്നു യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ നിലപാട്? അതോ അത് നമുക്ക് അറിയാൻ കഴിയില്ലേ. അല്ലെങ്കിൽ ഇലക്ഷൻ റിസൾട്ടിന് ശേഷം അദ്ദേഹം ധൈര്യം ശേഖരിച്ച് ബി.ജെ.പിയുടെ പക്ഷത്ത് നിന്ന് വിയോജിക്കുമോ? എന്നാൽ കൂടുതൽ ആശങ്കാജനകമായ ചോദ്യം ഇതാണ്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് അദ്ദേഹം പ്രതിഷേധങ്ങൾക്ക് അനുകൂലമായി ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ വോട്ടർമാർ അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യുമായിരുന്നോ? നരേന്ദ്ര മോദിയോടുള്ള താൽപ്പര്യം തുടർന്ന് കൊണ്ട് തന്നെ വോട്ടർമാർക്ക് കെജ്രിവാളിന് വോട്ട് ചെയ്യാമെന്നതിനാലാണോ അദ്ദേഹത്തിന് ഈ അവ്യക്തത? അഥവാ, പ്രാദേശിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ സ്വത്വത്തെയും ദേശീയതയുടെ സ്വഭാവത്തെയും കുറിച്ചുള്ള നിർണായക വിഷയങ്ങളിൽ ഒരു നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് സംസ്ഥാന പാർട്ടികൾ വിട്ടുനിൽക്കണം എന്നർത്ഥം. യഥാർത്ഥത്തിൽ ഇത്തരമൊരു തന്ത്രം സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന പാർട്ടികളുടെ വിജയം ഉറപ്പാക്കുകയും ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുഗമമാക്കുകയുമാണ് ചെയ്യുന്നത്. ഇത് കേവലം സംസ്ഥാന-ദേശീയ തിരഞ്ഞടുപ്പുകളുടെ പ്ലാറ്റ്ഫോമുകളെ വേർതിരിക്കുന്നത് മാത്രമല്ല മറിച്ച്, ബിജെപിയുടെ പ്രചാരണങ്ങളെയും ആശയങ്ങളെയും  ജനകീയമാക്കുന്നത് കൂടിയാണ്. അങ്ങനെയാണെങ്കിൽ ബിജെപിയുടെ അജണ്ടയെ  നിരാകരിക്കാതെ തന്നെ, ഇന്ന് പല സംസ്ഥാനങ്ങളിലും കാണുന്നത് പോലെ ബി.ജെ.പി യെ നിരസിക്കുന്ന തെറ്റിദ്ധാരണാജനകമായ  ഒരു രാഷ്ട്രീയ സാഹചര്യത്തിന് നമ്മൾ അനുഭവസ്ഥരാകും.

ഇത് ബി.ജെ.പി ഉയർത്തുന്ന നിർണായക വിഷയങ്ങളോട് കെജ്രിവാൾ പുലർത്തുന്ന തന്ത്രപരമായ നിശബ്ദത മാത്രമല്ല, ഡൽഹി ഇലക്ഷൻ തന്നെയും ഒരു നല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള  (ഒരു നല്ല രാഷ്ട്രീയ നേതാവിനെ)ജനകീയ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നുണ്ട്. ഹനുമാൻ ചാലിസ ചൊല്ലുന്നതിലൂടെ അദ്ദേഹം തന്റെ ഭക്തി പ്രകടിപ്പിക്കുകയായിരുന്നില്ല, മറിച്ച് ഭാവി രാഷ്ട്രീയക്കാർകായുള്ള പുതിയ പരീക്ഷണങ്ങൾ തുറക്കുകയായിരുന്നു. കെജ്രിവാളിനെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിനെയോ അവരുടെ വിശ്വാസപരമോ മതപരമോ ആയ കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിനെ വിദ്വേഷത്തോടെ വീക്ഷിക്കുകയില്ല. പക്ഷേ അതൊരു പൊതു മൂല്യമായി പരിവർത്തിപ്പിക്കുമ്പോൾ, പൊതു പ്രവർത്തകന്റെയും പൊതുമണ്ഡലത്തിന്റെയും മാനദണ്ഡങ്ങൾ നാം മാറ്റുന്നില്ലേ? നിങ്ങളുടെ ഷർട്ട് സ്ലീവുകളിൽ വിശ്വാസം നിലനിർത്തണമെന്ന ഈ നിർബന്ധം ബി.ജെ.പി ഹിന്ദുത്വയുടെ സവിശേഷതയാണ്.

ആം ആദ്മിയുടെ വിജയം ശുദ്ധവായു ലഭ്യമാക്കുന്ന ചെറിയൊരു ജാലകം തുറന്നിടുന്നുണ്ടെങ്കിലും അത് യഥാർത്ഥവും ശാശ്വതവുമാവണമെങ്കിൽ രണ്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒന്ന്, ബിജെപിയുടെ തോൽവി അതിന്റെ വിഭജന രാഷ്ട്രീയത്തിന്റെ പരാജയമാണോ? രണ്ട്, ബി.ജെ.പിയുടെ ബദൽ അതിന്റെ തന്നെ ഒരു മൃദു പതിപ്പാണോ? ഡൽഹി തെരഞ്ഞെടുപ്പ് ഫലം ആദ്യ ചോദ്യത്തെ ബലപ്പെടുത്തുന്ന ഉത്തരമൊന്നും നൽകുന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യത്തെ സ്ഥിരപ്പെടുത്തുന്ന ചില സാധ്യതകൾ തുറന്നിടുന്നുണ്ട്. അവിടെയാണ് ഡൽഹി റിസൾട്ടിനെ വായിക്കുമ്പോൾ നാമൊരു വിരോധാഭാസത്തെ നേരിടുന്നത്. അത് ബി.ജെ.പിയെ തിരസ്ക്കരിക്കുകയും അതേ സമയം തന്നെ ബി.ജെ.പി യുടെ അജണ്ടകൾക്ക് സാധ്യത നൽകുകയും ചെയ്യുന്നു. ബി.ജെ.പിക്ക്  ഗൗരവമായി ഒരു വെല്ലുവിളി ഉയർത്താൻ ആഗ്രഹിക്കുന്ന പാർട്ടികൾക്ക് ചെയ്യാൻ കഴിയുന്നത് ഈ ലേഖകൻ നേരത്തെ പറഞ്ഞുവെച്ച പുതിയ ‘മിഡിൽ ഗ്രൗണ്ടിൽ’ മാത്രമാണ്.

ആരെങ്കിലും  ബി.ജെ.പിയുടെ പ്രവർത്തന മണ്ഡലം കൂടിയോ കുറഞ്ഞോ  തുടരുന്നതായി സംശയിച്ചാലും, ജനവിധിയെ അതിവായിക്കുന്നതിനു പകരം, ഡൽഹി ഇലക്ഷനെ ബി.ജെ.പി ഇപ്പോൾ നിയന്ത്രിക്കുന്ന പടക്കളത്തെ പുനർനിർമ്മിക്കുന്നതിനായിട്ടുള്ള ഒരു താൽക്കാലിക ശ്രമമായി കാണാം.

 

credit: The indian express

വിവർത്തനം: ഹാമിദ്.ടി.പി

സുഹാസ് പൽഷിക്കാർ