Campus Alive

ഞങ്ങൾക്ക് വേണ്ടത് ഞങ്ങൾ കഴിക്കും: ലാടോ സികാക

(സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടത്തപ്പെടുന്ന സ്വകാര്യ കമ്പനികളുടെ ഖനനത്തിൽനിന്ന് നിയാംഗിരി കുന്നുകളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഡോങ്‌രിയ ഖോണ്ട് നേതാവും നിയാംഗിരി സംരക്ഷകസമിതിയുടെ പ്രസിഡന്റുമായ ലാടോ സികാക 2019 ഡിസംബറിൽ നടന്ന ‘ഗായ് പരാബ്’ എന്നറിയപ്പെടുന്ന ബീഫ് ഫെസ്റ്റിവലിൽ നടത്തിയ പ്രഭാഷണം)

“മോഡി സർക്കാർ ഗോമാംസം കഴിച്ചതിന്റെ പേരിൽ ആളുകളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ അത്തരം ബ്രാഹ്മണ മേധാവിത്വങ്ങൾക്ക്  വഴങ്ങികൊടുക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് ലോകത്തോട് വിളിച്ചു പറയാൻ കഴിഞ്ഞ മൂന്ന് വർഷമായി നമ്മൾ ‘ഗായ് പരാബ്(ബീഫ് ഫെസ്റ്റിവൽ)’ ആചരിക്കുന്നു. ഒരുപക്ഷേ അവർക്കു നമ്മെ ജയിലിലടക്കാനും പീഡിപ്പിക്കാനും കഴിഞ്ഞേക്കാം, എന്നിരുന്നാലും  തലമുറകളായി ബീഫ് കഴിക്കുന്നത് നമ്മൾ  ഇനിയും തുടരും. ബ്രാഹ്മണിക് സമീന്ദാർമാർക്കും(ജന്മി) ബ്രിട്ടീഷുകാർക്കുമെതിരെ ബിർസാ മുണ്ട പോരാടിയതുപോലെ അവസാനംവരെ നമ്മളും  പോരാട്ടത്തിലായിരിക്കും നമുക്ക്  വേണ്ടി മാത്രമല്ല നമ്മുടെ ഭാവിതലമുറകൾക്ക്  വേണ്ടിക്കൂടിയും. നാം  ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യനോ അല്ല നമ്മൾ  ആദിവാസികളാണ്. നാം  മോഡി ഗവണ്മെന്റിനെ ചെറുത്തു തോൽപ്പിക്കും, അതുപോലെതന്നെ സാമ്രാജ്യത്ത-മുതലാളിത്ത ശക്തികളോടും ചെറുത്തുനിൽക്കും. നമ്മളിൽ  ഒരാളെ അവർ ജയിലിലടച്ചാൽ അവർക്കുമുന്നിൽ ചെന്ന് സർവ്വരെയും ജയിലിലടക്കാൻ നമ്മൾ  ആവശ്യപ്പെടും. നമുക്കവരെ  ഒരുതരത്തിലും ഭയപ്പെടാനാവില്ല.

അവർ എന്നെ ലഞ്ജിഗഢിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ശേഷം മുനിഗുഡ പോലിസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. പക്ഷേ അത്കൊണ്ടൊന്നും പോരാട്ടം ഞാൻ ഉപേക്ഷിക്കില്ല. നമ്മുടെ   നേതാക്കളെ വധിച്ചാലോ നമ്മെ ലക്ഷ്യം വെച്ചു പ്രവർത്തിച്ചാലോ പോലീസിന് ധാരാളമായി പ്രതിഫലം ലഭിക്കും. പക്ഷേ നാം ഐക്യത്തോടുകൂടി മുന്നോട്ടുതുടർന്നാൽ അവർക്കാരെയും പീഡിപ്പിക്കാനോ ബന്ധിയാക്കാനോ കഴിയില്ല. അത്കൊണ്ട് തന്നെ 112 ഡോങ്‌രിയ ഖോണ്ട് ഗ്രാമങ്ങളും(ഡോങ്‌രിയ ഖോണ്ട് എന്ന ഗോത്രവിഭാഗം താമസിക്കുന്ന ഒറീസ്സയിലെ 112 ഗ്രാമങ്ങൾ) യോഗങ്ങളിലും റാലികളിലും നിർബന്ധമായും പങ്കെടുക്കണം.

ചില ഗ്രാമങ്ങളിലെ ആളുകൾക്ക് ഹൈവേ വേണമെന്ന് പറയുന്നു, നമുക്ക് അവരെ തടയാനോ ഹൈവേ വരുന്നതിലെ പ്രത്യഘാതങ്ങൾ തടയാനോ കഴിയില്ല. ഹൈവേയെക്കാൾ ഒരു ഇഞ്ച് വീതി കുറഞ്ഞ അഞ്ചടിയുള്ള റോഡുകളാണ് നമ്മുടെ ആവശ്യമെന്നു നമ്മൾ എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മൾ SUVകൾ ഓടിക്കുന്നില്ല, സൈക്കിളുകളും മോട്ടോർ ബൈക്കുകളും മറ്റും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പിന്നെ അവർ ആർക്കുവേണ്ടിയാണ് ഹൈവേ നിർമിക്കുന്നത്? ഹൈവേയുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ സർക്കാർ ഓരോ 3-5 കിലോമീറ്ററിലും CRPF(Central Reserve Police Force)ക്യാമ്പുകൾ നിർമിക്കാൻ പദ്ധതിയിടുന്നു. നിയാംഗിരി കുന്നുകളിൽ ഒരു ഭീകരഭരണാന്തരീക്ഷം സൃഷ്ടിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.

ട്രിലോചൻപൂർ പഞ്ചായത്ത് ഓഫീസിനുള്ളിൽ അവർ ഒരു CRPF ക്യാമ്പ് നിർമിച്ചു, ഗ്രാമവാസികൾ പ്രതിഷേധിക്കാൻ ഭയപ്പെട്ടു തുടങ്ങി. നാളെ അവർക്ക് ഓരോ കിലോമീറ്ററിലും CRPF ക്യാമ്പ് ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് നിർഭയമായി ജീവിക്കാൻ കഴിയുമോ?

നമ്മൾ ഹൈവേ നിർമിക്കുന്നതിനെ എതിർക്കുമ്പോൾ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് അവർ നമ്മെ പീഡിപ്പിക്കുന്നു. അവർക്ക് തോക്കുകളുണ്ട്, നമുക്കവരോട് എന്തുചെയ്യാനാവും? പോലീസിനും മാവോയിസ്റ്റകൾക്കും തോക്കുകളുണ്ട്, സാധാരണക്കാരായ നമ്മൾ മഴുവും വടിയും മാത്രമുള്ളവരാണ്, അതുകൊണ്ട് തന്നെ അവരുടെ അക്രമത്തിൽ നമുക്കൊന്നും ചെയ്യാനാവില്ല. എന്തിരുന്നാലും സമാധാനപരമായും ഐക്യത്തോടെയുമുള്ള പ്രതിരോധം നമ്മൾ തുടർന്ന് കൊണ്ടേയിരിക്കും. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും നമ്മൾ സംരക്ഷിച്ചുനിർത്തും. ഇവിടെ മോഡി സർക്കാർ ആയാലും സംഘികൾ നമ്മെ ആക്രമിചാലും  ആഗ്രഹിക്കുന്നതെന്തോ അതൊക്കെ നമ്മൾ കഴിക്കും. നമ്മൾ ‘നിയമരാജന്’ആരാധന നടത്തുകയും നമ്മുടെ ഭൂമിയും വനവും വെള്ളവും സംരക്ഷിച്ചു നിർത്തുകയും ചെയ്യും നമ്മുടെ ജീവിതം നിലനിർത്തുന്നത് നിയാംഗിരിയും അതിലെ ഔഷധ സസ്യങ്ങളും വായുവും ജലവുമാണ്.

നമ്മൾ ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കണം, വിദൂരത്തുനിന്നുപോലും സാമൂഹിക പ്രവർത്തകർ നമ്മളോടൊന്നിച്ചു നിന്നുകൊണ്ട് പോരാട്ടത്തിനായെത്തുമ്പോൾ പോലും നമ്മിൽ ചിലർ നമുക്കായി നിലകൊള്ളാത്തതെന്താണ് എന്ന് നാം സ്വയം ചോദിച്ചു നോക്കണം. നാം  ഈ ദേശത്ത് ജനിച്ചവരാണ്,  ഇവിടെയാണ് നമ്മുടെ ജീവിതവും, നമുക്ക് വേണ്ടി നമ്മൾതന്നെ പോരാട്ടത്തിനിറങ്ങിയില്ലെങ്കിൽ പിന്നെ ആരാണ്? കുയി, ഡോo വിഭാഗത്തിൽ പെട്ട  ആളുകളുടേതുമാത്രമാണ് നിയാംഗിരി. ഒരു ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയോ ഇവിടെ താമസിക്കുന്നില്ല. എന്നാൽ നിയാoഗിരിയെ കൊള്ളയടിക്കുന്നതിന് വേണ്ടി ഒഡിഷ ബ്രാഹ്മണിക്കൽ സർക്കാർ ആഗ്രഹിക്കുന്നതൊ കുയി, ഡോo വിഭാഗങ്ങൾ തമ്മിൽ കലാപങ്ങൾ നടക്കണമെന്നതാണ്. നമുക്കിടയിൽ ഒരു തരത്തിലുള്ള സംഘട്ടനവുo നമ്മൾ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രശ്നങ്ങളെ നമ്മൾ തന്നെ സമാധാനപരമായി പരിഹരിക്കും.

നിയാംഗിരിയുടെ ചരിത്രത്തിൽ ഇന്നേവരെ ഡോം വിഭാഗത്തിൽ പെട്ട ഒരാളോടും കുന്നുകൾ വിടാൻ ആവശ്യപ്പെട്ടിട്ടില്ല, ഇതുവരെ ഒരു ഡോമും ഭൂരഹിതനായി  തുടരേണ്ടി വന്നിട്ടില്ല. നമ്മൾ കുയി വിഭാഗത്തിൽ പെട്ടവർ ഡോം വിഭാഗത്തിൽ പെട്ടവരുമായി എല്ലായിപ്പോഴും  ഭൂമി പങ്കിടുന്നു. ഒരു കുന്നിനു ശേഷം മറ്റൊരു കുന്ന് എന്ന നിലയിൽ പൈനാപ്പിളും മഞ്ഞളും മറ്റ് വിഭവങ്ങളും ഒരുമിച്ച് കൃഷി ചെയ്യുന്നു. കുയി വിഭാഗത്തിൽ പെട്ട ആളുകൾക്ക് ഈ കൃഷി രീതിയിൽ ഒരു പ്രശ്നവുമില്ല. കുയികളെയും , ഡോമുകളെയും തമ്മിൽ ഭിന്നിപ്പിക്കാൻ വേണ്ടി നിരന്തരം പ്രവർ ത്തിച്ചുകൊണ്ടിരിക്കുന്നത് ഡോങ്രിയ ഖോണ്ട് ഡെവോലപ്മെന്റ്  ഏജൻസി(DKDA), ഒഡിഷ ട്രൈബൽ എംപവർമേന്റ് ആൻഡ് ലിവ്‌ലിഹുഡ് പ്രോഗ്രാം(OTELIP)എന്നിവ ചേർന്നാണ്. ഡോം വിഭാഗം ദരിദ്രരാണെങ്കിൽ കുയി വിഭാഗം സമ്പന്നരാകണമെന്നില്ല, തിരിച്ചും അങ്ങനെത്തന്നെയാണ്.

DKDAയും OTELIPയും എന്തുകൊണ്ടാണ് ഡോം ജനതക്ക് ഒന്നും ചെയ്യാതെ കുയി ജനതയുടെ വികസനത്തിന്‌ വേണ്ടി മാത്രമായി പ്രവർത്തിക്കുന്നത്, DKDA നമുക്ക്മാത്രമായി തൈകൾ നൽകുമ്പോൾ നമ്മൾ അത് അയൽക്കാരായ ഡോമുകളുമായി പങ്കിടുന്നു. അതിനെ അവർ ചോദ്യം ചെയ്യുന്നു, എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞകൊണ്ട്. ഒന്നാമതായി, നമ്മൾ എന്തു ചെയ്യണമെന്നത് നമ്മുടെ തീരുമാനമാണ്, അതോടോപ്പം തന്നെ ഡോമും കുയിയയും ഒഡിയകളല്ലെന്ന് അവരെ ഒർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോമും കുയിയയും ഒരേ ഭാഷ സംസാരിക്കുകയും ഒരേ ദൈവങ്ങളെ ആരാധിക്കുകയും ആദ്യകാലം മുതലേ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നു. DKDA പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ വർ ഷങ്ങളിലെല്ലാം എന്ത് കാര്യമായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയതെന്ന് അവർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമോ?

ലാടോ സികാക

DKDA യിൽ നിന്ന് എന്താണ് നമ്മൾ നേടിയത്? നിർബന്ധമായും നമ്മളവരുടെ ഉദ്യോഗസ്‌ഥരെ വിളിച്ച് വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ട്. നമ്മുടെ വികസനത്തിനായി ചിലവഴിച്ചു എന്നു പറയപ്പെടുന്ന കോടിക്കണക്കിനു രൂപകൊണ്ട് അവർ എന്താണ് ചെയ്തതെന്ന് അവർ നമ്മെ കാണിക്കണമെന്ന് നമുക്ക് നിർബന്ധമായും ആവശ്യപ്പെടണം. എല്ലാ ഗ്രാമത്തിലും എന്തുകൊണ്ടാണ് കുയിയ ഭാഷയിൽ നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ഒരു അധ്യാപകൻ ഇല്ലാത്തത്? റോഡുകളില്ല എന്നവർ പറയുന്നു, അതിനാൽ അവർക്ക് അധ്യാപകരെ അയക്കാൻ സാധിക്കുന്നില്ല എന്നും, എന്നാൽ ഈ വർഷങ്ങളിലെല്ലാം അവർക്ക് റോഡില്ലാതെ ഇങ്ങോട്ട് വരാൻ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അവർക്ക് പെട്ടെന്ന്  റോഡുകൾ ആവശ്യമായിവരുന്നത്? മാവോയിസ്റ്റുകൾ അധ്യാപകരെ കൊലപ്പെടുത്തുമെന്നവർ പറയുന്നു. എന്നാൽ ഒരൊറ്റ അദ്ധ്യാപകനെ ഇവിടെ ആരെങ്കിലും എപ്പോഴെങ്കിലും ആക്രമിച്ചതായി കാണിക്കാൻ കഴിയുമോ?”

credit: Round Table India

വിവർത്തനം: അബു അനസ്

ലാടോ സികാക