Campus Alive

ശക്തിപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയവും ഇന്ത്യയിലെ വിമോചന രാഷ്ട്രീയ ഉള്ളടക്കവും

ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യം അതിന്റെ ബഹുമുഖങ്ങളായ ചർച്ചാ മണ്ഡലത്തെ സവിശേഷ പ്രാധാന്യമുള്ള സംവാദമായി വികസിപ്പിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും അവസാനം നടന്ന ഡൽഹി തെരെഞ്ഞെടുപ്പ് അടക്കമുള്ള സംഭവവികാസങ്ങളെ വിശകലനം ചെയ്യുമ്പോൾ ഇന്ത്യയിൽ ശക്തിപ്പെട്ട് വരുന്ന വലതുപക്ഷ രാഷ്ട്രീയവും അതിന്റെ സാമൂഹിക സ്വാധീനത്തെയും കുറിച്ചുള്ള ചില പ്രസക്തമായ നിരീക്ഷണങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. അതിൽ പ്രധാനമായ സംഗതി നമ്മുടെ മുഖ്യധാരാ പൊതുബോധത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ്. ചരിത്രം, സമൂഹം, രാഷ്ട്രം, രാഷ്ട്രീയം തുടങ്ങിയവയെ കുറിച്ചുള്ള ആലോചനകളിലൂടെ വികസിക്കുന്ന ഒരു കാഴ്ചപ്പാടായിട്ടാണ് ഇന്ത്യയിലെ സമകാലിക സംഭവ വികാസങ്ങളെ മനസില്ലാക്കേണ്ടത്.

രാജ്യം മൂർത്തമായ രാഷ്ട്രീയ സഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോഴും അമൂർത്തമായ സങ്കൽപ്പങ്ങളെ മുന്നിൽ വെച്ച് രാജ്യത്തിലെ തെരെഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും എന്ന തിരിച്ചറിവാണ് ഡൽഹി തെരെഞ്ഞെടുപ്പ് നമുക്ക് നൽകുന്ന സന്ദേശം. ഇത് രണ്ട് പ്രധാന സംഗതികളെ വ്യക്തമാക്കുന്നു. ഒന്ന്, രാജ്യത്ത് അതിശക്തമായ പൗരത്വ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന സന്ദർഭത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ടുന്ന വിവിധ സമരങ്ങളെ ഇവിടെയുള്ള സംഘ്പരിവാർ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനോട് മൗനം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ ആണ് പ്രധാന എതിരാളികളായ ആം ആദ്മി ശ്രമിച്ചത്. പൗരത്വ പ്രക്ഷോഭങ്ങളുടെ ആണിക്കല്ല് എന്ന് വിശേഷിക്കപ്പെടുന്ന ശഹീൻ ഭാഗിലെ സമരത്തെ സംഘ്പരിവാർ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനോട് ആം ആദ്മി കാണിച്ച മൗനം യഥാർത്ഥത്തിൽ പൗരത്വ പ്രക്ഷോഭത്തെ അദൃശ്യവൽക്കരിക്കാനുള്ള ശ്രമമായി തിരിച്ചറിയേണ്ടതുണ്ട്. വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന വികസന സങ്കൽപ്പങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടാണ് ആം ആദ്മി ഈ തിരഞ്ഞെടുപ്പിനെ(എല്ലാ തിരെഞ്ഞെടുപ്പുകളെയും) അഭിമുഖീകരിച്ചത്. രണ്ട്, രാജ്യത്ത് നടക്കുന്ന സമരങ്ങളോട് മുഖം തിരിച്ചുകൊണ്ട് വികസനം എന്ന ഒറ്റ കാഴ്ചപ്പാടിനെ മുൻനിർത്തി തിരഞ്ഞെടുപ്പുകൾ നേരിടുന്നത് ഒരേ സമയം സ്വാതന്ത്രം, സമത്വം, സാഹോദര്യം തുടങ്ങിയ മൗലിക രാഷ്ട്രീയ സങ്കൽപങ്ങളോടുള്ള രാഷ്ട്രീയമായ വിടുതലും അതിലൂടെ രാജ്യത്ത് വലതുപക്ഷ ആഭിമുഖ്യമുള്ള ഒരു രാഷ്ട്രീയത്തിന് ആധിപത്യം നേടാനുള്ള അവസരങ്ങൾ ഒരുക്കലുമാണത്.

ശഹീൻ ഭാഗ്

സമൂഹം, ചരിത്രം, രാഷ്ട്രം, രാഷ്ട്രീയം എന്നീ സൈദ്ധാന്തിക സംജ്ഞകളെ ജനാധിപത്യം മതേതരത്വം തുടങ്ങിയ ആധുനിക ദേശരാഷ്ട്ര സങ്കൽപങ്ങളുമായി ചേർത്ത് വെച്ചുകൊണ്ട് വായിക്കാനുള്ള ശ്രമങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ്. ജനാധിപത്യവുമായി ബന്ധപെട്ട സംവാദങ്ങളിൽ പ്രധാനപെട്ട രണ്ട് നിർവചനങ്ങളെയെങ്കിലും കാണാൻ സാധിക്കും. ഒന്ന്, ജനങ്ങളുടെ ആധിപത്യവുമായി ബന്ധപെട്ട അധികാരത്തെ കുറിച്ചുള്ള മൗലിക കാഴ്ചപ്പാടാണ്. മറ്റൊന്ന് വിവിധ ജനവിഭാഗങ്ങളുടെ വിയോജിപ്പുകളെയും സമരങ്ങളെയും കൂടി ഉൾക്കൊള്ളുന്ന ഉൾച്ചേർക്കൽ ജനാധിപത്യമാണ്(Inclusive democracy). വിശിഷ്യാ ഇന്ത്യ എന്ന ദേശരാഷ്ട്ര നിർമിതി പല തരത്തിലുള്ള അപരവൽക്കരണത്തിലൂടെയാണ് സാധ്യമായത് എന്നിരിക്കെ ഇന്ത്യയിൽ അസമത്വം നേരിട്ട ജനവിഭാഗത്തിന്റെ സാമൂഹികമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ ചരിത്രപരമായ  അനിവാര്യതയായി കണ്ടുകൊണ്ട് മുന്നോട്ട് പോകുമ്പോൾ മാത്രമാണ് ജനാധിപത്യത്തെ കുറിച്ചുള്ള യഥാർത്ഥ നിർവചനത്തിൽ നിന്നുകൊണ്ടുള്ള രാഷ്ട്രീയം ഇന്ത്യയിൽ സാധ്യമാകുകയുള്ളൂ.

ഇനി രാജ്യത്ത് നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളിലേക്ക് തിരിച്ച് വരാം. ചരിത്രപരമായി അപരവൽക്കരിക്കപ്പെട്ട ജനവിഭാഗമാണ് ഇന്ത്യയിൽ മുസ്ലിങ്ങൾ. സച്ചാർ കമ്മീഷൻ റിപ്പോർട്ട് കണ്ടെത്തിയ വസ്തുതകൾ രാജ്യത്തെ മുസ്ലിം ജീവിതത്തെ സംബന്ധിച്ച ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് ഉൾകൊള്ളുന്നത്. മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഭരണഘടനാപരമായ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു എന്ന യാഥാർഥ്യം ജനാധിപത്യത്തിന്റെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്. സച്ചാർ കമ്മീഷന്റെ കണ്ടെത്തലുകൾക്ക് പുറമെ ബാബരി മസ്ജിദിന്റെ തകർച്ചയും 9/11ന് ശേഷമുള്ള ആഗോളതലത്തിലെ മുസ്ലിം വിദ്വേഷ രാഷ്ട്രീയവും ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ ഏറെ സങ്കീർണമായ ഒന്നാക്കി മാറ്റി. ഇത് രണ്ട് തരത്തിലുള്ള ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒന്ന്, നേരത്തെ സൂചിപ്പിച്ച അപരവൽക്കരണത്തെ അതേപടി നിലനിർത്തുന്ന പുറത്താക്കൽ ജനാധിപത്യമാണ്(excluding democracy)മറ്റൊന്ന് ബഹുസ്വരതയെ അംഗീകരിക്കുകയും ബഹുത്വങ്ങളെ കൂടി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നാണ്. ദുഖകരമായ വസ്തുത ഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ പരിതസ്ഥിതി പുറത്താക്കൽ ജനാധിപത്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന തിരിച്ചറിവാണ്. ആ തിരിച്ചറിവിനെ മുൻനിർത്തിയാണ് ഇവിടെ എങ്ങനെയാണ് വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നത് എന്നും ഇവിടെയുള്ള വിമോചന രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വക്താക്കൾ എങ്ങനെയാണ് അവഗണിക്കുന്നത് എന്നും മനസില്ലാക്കേണ്ടത്.

ഇങ്ങനെ ചരിത്രപരമായി വിവേചനങ്ങൾ നേരിട്ട മുസ്‌ലിം സമൂഹം തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ കർതൃത്വത്തെ മുന്നോട്ട് വെക്കാനോ ആ അർത്ഥത്തിലുള്ള ആലോചനകളുമായി മുന്നോട്ട് പോകാനോ തയ്യാറാവാത്ത തരത്തിൽ ഭയവും അരക്ഷിതാവസ്ഥയും അവരെ പിടികൂടിയിരുന്നു. രാജ്യത്തുടനീളം വിവിധങ്ങളായ അക്രമങ്ങൾ നേരിടേണ്ടി വന്നപ്പോഴും ബാബരി മസ്ജിദിന്റെ തകർച്ച അടക്കമുള്ള തങ്ങളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ അരങ്ങേറിയപ്പോഴും തങ്ങളുടേതായ രാഷ്ട്രീയ സ്വത്വത്തെ മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾ നടത്താൻ മുസ്ലിങ്ങൾക്ക് ഭയമായിരുന്നു. കാരണം ഇവിടെയുള്ള ജനാധിപത്യമാകട്ടെ മതേതരത്വമാകട്ടെ അത് മുസ്ലിം വിഭാഗത്തെ ഒഴിച്ച് നിർത്തികൊണ്ട്, അപരരായി കണ്ടുകൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് അവരുടെ സ്വതന്ത്ര കർതൃത്വത്തിൽ ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയ സ്വരങ്ങളെ  മതേതരത്വം/വർഗീയത എന്ന ദ്വന്ദ്വത്തെ മുൻനിർത്തി എളുപ്പം വർഗീയമായി ചിത്രീകരിക്കാൻ സാധിക്കും. അതിന്റെ ഒരു തുടർച്ചയാണ് ഡൽഹി തിരെഞ്ഞെടുപ്പിലും നാം കണ്ടത്. പൗരത്വ പ്രക്ഷോഭം പോലെയുള്ള രാജ്യം കണ്ട വലിയ വിമോചന പോരാട്ടത്തെ സംഘ്പരിവാറിന് എളുപ്പം വർഗീയമാക്കാൻ സാധിക്കുന്നതും അത്തരം വർഗീയത ചാർത്തുന്നതിനെതിരെ നിലപാടെടുക്കാൻ ആം ആദ്മിക്ക് സാധിക്കാതെ വരുന്നതും നേരത്തെ സൂചിപ്പിച്ച പുറന്തള്ളൽ ജനാധിപത്യത്തിലൂടെ സാധ്യമായ നിർവചനത്തിന്റെ ഭാഗമാണ്. ഇത് സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Credit: ThePrint

രാജ്യത്തെ നിലവിലെ പൗരത്വ പ്രക്ഷോഭങ്ങൾ ഇതപര്യന്തമുള്ള രാഷ്ട്രീയ സാമൂഹിക ചട്ടക്കൂടുകളെ ഉടച്ചുവാർത്തുകൊണ്ട് മുന്നോട്ട് പോകുന്നതാണ്. രാജ്യത്തിന്റെ ഭരണഘടനാ അട്ടിമറിയുമായി ബന്ധപ്പെട്ട സവിശേഷ സാഹചര്യം നിലനിൽക്കുമ്പോഴും അതിനെതിരെ പെട്ടെന്ന് പ്രതിരോധങ്ങളുമായി രംഗത്ത് വരാൻ ഇവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാതെ പോകുന്നതും അത് ഇവിടെയുള്ള മുസ്ലിം, ദലിത് ഇതര ജനവിഭാഗങ്ങൾക്ക് എളുപ്പം സാധിക്കുന്നതും വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യധാരാ സ്വാധീനവും മുസ്ലിം ദലിത് വിഭാഗങ്ങളുടെ വിമോചനപരമായ ഉള്ളടക്കത്തിന്റെ സവിശേഷതയുമാണ്.സംഘ്പരിവാറിനെ കാര്യക്ഷമമായി നേരിടാൻ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാതെ പോകുന്നത് സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും ഏറെ വ്യത്യസ്ത്തരല്ല മറ്റുള്ളവരും എന്നതുകൊണ്ടാണ്. ഇത് സൂചിപ്പിക്കുന്നത് ഇന്ന് രാജ്യത്ത് വികസിച്ചുവരുന്ന പുതിയ ഇടത് വലത് രാഷ്ട്രീയ ധാരകൾക്ക് അപ്പുറത്ത് മുസ്ലിം ദലിത് ഇതര വിഭാഗങ്ങളുടെ വിമോചന രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെയാണ്. ചന്ദ്രശേഖർ ആസാദും വിവിധ മുസ്ലിം-ദലിത് പ്രസ്ഥാനങ്ങളും അത്തരമൊരു വിമോചന പോരാട്ടത്തിനാണ് രാജ്യത്ത് തുടക്കമിട്ടത്.

ആത്തിഫ് ഹനീഫ്