Campus Alive

വാക്കുകളെ തകര്‍ക്കുന്ന സംഭാഷണങ്ങളെക്കുറിച്ച്

അദര്‍ ബുക്‌സ് ഇറക്കിയ ‘ഇസ്‌ലാമും പടിഞ്ഞാറും: ദെറീദയുമായി സംഭാഷണം’ എന്ന പുസ്തകം അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലേ തന്നെ സംഭാഷണത്തില്‍ നിന്ന് രൂപപ്പെട്ട പുസ്തകമാണ്. ലോകത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത സ്വത്വങ്ങള്‍ തമ്മില്‍ സാധ്യമാകേണ്ട തരത്തില്‍ സംഭാഷണം എന്ന വ്യവഹാരത്തെ ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ദെറീദ മലയാളികള്‍ക്കിടയില്‍ ഒരു ബുദ്ധി ജീവിയായി നിലനില്‍ക്കുന്ന ഫ്രഞ്ച് ഫിലോസഫറാണെന്ന് നമുക്കറിയാം. പോ മോനേ ദെറീദ തുടങ്ങി ദെറീദയെ വായിച്ച് മനസ്സിലാകാത്തവരുടെ തമാശകള്‍ നമ്മുടെ കാഴിക്കോട്ടെ ചായ കൂട്ടായ്മകളില്‍ പതിവ് കേള്‍വിയാണ്.

മുസ്തഫ ഷെരീഫ് എന്ന അള്‍ജീരിയന്‍ മുസ്‌ലിം ബുദ്ധി ജീവിയും ദെറീദയെന്ന ജൂത ബുദ്ധി ജീവിയും തമ്മിലുളള സംഭാഷണം എന്ത് കൊണ്ടും നാം വായിച്ചിരിക്കേണ്ടതാണ്. ദെറീദയില്‍ കൃത്യമായി തന്റെ ജൂത സ്വത്വത്തോട് ഒരു സോഫ്റ്റ് കോര്‍ണര്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഷെരീഫുമായി ദെറീദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്. അള്‍ജീരിയ എന്ന പ്രദേശത്തോടുളള അഭിനിവേശം ദെറീദയുടെ അവസാന കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്നതിന് ഈ പുസ്തകം സാക്ഷ്യം വഹിക്കുന്നു. അള്‍ജീരിയന്‍ മുസ്‌ലിം തന്റെ ചോദ്യങ്ങള്‍ക്കുളള ഉത്തരം തേടുന്നത് ദെറീദയെന്ന അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ ജൂത ബുദ്ധി ജീവിയോടാണ് എന്നതാണ് ഈ സംഭാഷണത്തിന്റെ പ്രത്യേകത.

book

1940 കളില്‍ ഫ്രഞ്ച് പ്രവിശ്യകളില്‍ ജര്‍മ്മന്‍ അധിനിവേശ കാലത്താണ് ദെറീദ അള്‍ജീരിയയില്‍ കുട്ടിക്കാലം ചെലവഴിച്ചത്. സെമിറ്റിക്ക് വിരുദ്ധ ആശയ പ്രചാരണത്തിന്റെ കാലത്ത് ദെറീദ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. നീത്‌ഷേയും സാത്രിനെയും കാമുവിനെയും വായിച്ച അദ്ദേഹം എഴുത്തുകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നു. അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് ദെറീദ കുടിയേറി. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ അഡ്മിഷന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാരീസിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്. 1950-1955 കാലഘട്ടത്തില്‍ ദെറീദയുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരുന്നു. ഡിപ്രഷനും, നെര്‍വസ് ഡിസ്‌റ്റേബന്‍സും മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിലേക്ക് നയിച്ചു. ദെറീദയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ വന്നു. നാല്‍പതിലധികം വര്‍ക്കുകളും രണ്ട് ഫിലിമുകളും അദ്ദേഹത്തിന്റെതായി നിലവിലുണ്ട്. അപനിര്‍മ്മാണം എന്ന വാക്ക് ഫ്രഞ്ച് അമേരിക്കന്‍ ഡിക്ഷണറികളില്‍ സ്ഥാനം പിടിച്ചു. വുഡി അലന്‍ ഡികണ്‍സ്ട്രക്ഷന്‍ എന്ന പദത്തെ സിനിമയില്‍ ഉപയോഗിച്ചു. 2002 ല്‍ ദെറീദയുടെ മരണം ഫ്രഞ്ച് പ്രസിഡന്റ് വളരെ അഭിമാനത്തോട് കൂടിയാണ് പ്രഖ്യാപിച്ചത് .ദെറീദ ഫ്രഞ്ച് യൂണിവേഴ്‌സിറ്റി പോസ്റ്റുകള്‍ നിഷേധിക്കുകയും അക്കാദമിക്ക് വ്യവസ്ഥിതിയെ വിമര്‍ശിക്കുകയും ചെയ്ത വ്യക്തിയാണ്.

‘ഉപാധികളില്ലാതെ അപരനെ കേള്‍ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന എല്ലാവര്‍ക്കും’ എന്ന വാചകത്തോടെയാണ് ഈ പുസ്തകം തുടങ്ങുന്നത്. ഈ പ്രസ്താവന തന്നെയാണ് ഈ പുസ്തകത്തിന്റെ ഉളളടക്കവും. എം.ടി അന്‍സാരിയാണ് പുസ്തകത്തിന് ആമുഖമെഴുതിയിരിക്കുന്നത്. ദേശീയത നിലനിര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ ബോധത്തെ അപനിര്‍മ്മിക്കാനുളള ശ്രമം നടത്തി എന്നതാണ് എം.ടി അന്‍സാരിയുടെ പ്രസക്തി. ജുത തത്വചിന്തകന്റെ ആശയത്തെ താന്‍ ജീവിക്കുന്ന സമൂഹത്തിലെ മുസ്‌ലിം സ്വത്വ പ്രശ്‌നത്തിലേക്ക് അദ്ദേഹം മാറ്റിയെഴുതി.

ദെറീദയുടെ ജനാധിപത്യത്തെ കുറിച്ച ഉദ്ധരണിയില്‍ നിന്നാണ് എം.ടി അന്‍സാരി തുടങ്ങുന്നത്. ‘ജനാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ പേരിലാണ് നിലവിലെ ജനാധിപത്യം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നിനെ നമുക്കെപ്പോഴും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത്. ഇസ്‌ലാം ആധുനികവിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നും പൊതുവെ വിവക്ഷിക്കപ്പെടുമ്പോള്‍ ദെറീദയുടെ മുകളിലുദ്ധരിച്ച പ്രസ്താവന ചിന്തയുടെ തന്നെ അടിസ്ഥാനത്തെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. അന്‍സാരി അവതാരിക തുടങ്ങുന്നത് തന്നെ ഇസ്‌ലാമിനെകുറിച്ചും ആധുനികതയെ കുറിച്ചുമുളള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടാണ്. അന്‍സാരി ദെറീദയെ വായിക്കുമ്പോള്‍ അതിന് പുതിയ തലത്തിലുളള ചിന്തകള്‍ ഉയര്‍ന്ന് വരുന്നുണ്ട് . സമുദായം എന്ന ആശയത്തെ ഭാവിയില്‍ രൂപപ്പെടേണ്ട പുതിയ രാഷ്ട്രീയമായും അന്‍സാരി നമുക്ക് മുമ്പില്‍ അവതിരിപ്പിക്കുന്നു. അന്‍സാരിയുടെ വായനയിലൂടെ ഈ പുസ്തകത്തിന് പുതിയ വിമര്‍ശന ചിന്തകള്‍ രൂപപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ദേശീയത മുസ്‌ലിംകളെ സംസ്‌കാരികാരികമായും രാഷ്ട്രീയമായും അടിച്ചമര്‍ത്തുന്നതിനെ എം.ടി അന്‍സാരി ചോദ്യം ചെയ്യുന്നു.

ഡീകണ്‍സ്ട്രക്ഷന്‍ എന്ന ആശയം ജപ്പാനീസ് ഭാഷാശാസ്ത്രകാരനും ഇസ്‌ലാമിക പണ്ഡിതനുമായ ഇസ്സുത്‌സുവിന് അയച്ച കത്തുകളില്‍ ദെറീദ തന്നെ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘ഡീകണ്‍സ്ട്രക്ഷന്‍ എന്താണ് എന്നതിനെക്കാള്‍ അത് എന്തല്ല എന്ന പറയാനാണ് ദെറീദ ശ്രമിക്കുന്നത്. ഡീകണ്‍സ്ട്രക്ഷന്‍ ഒരു വിമര്‍ശനമല്ല. ഡീകണ്‍സ്ട്രക്ഷനു വിധേയമാകേണ്ടത് അടിസ്ഥാന പ്രമേയങ്ങളും വസ്തുതകളുമാണ്. ഡീകണ്‍സ്ട്രക്ഷന്‍ ഒരു രീതിയല്ല. വായിക്കാനും വ്യഖ്യാനിക്കാനും പറ്റിയ ഒരു രീതിശാസ്ത്രമായി ഡീകണ്‍സ്ട്രക്ഷന്‍ മാറുമോ എന്നതാണ് ചോദ്യം. രീതിശാസ്ത്രപരമായ യാന്ത്രികതയിലേക്കും തെറ്റായ സ്ഥലത്തേക്ക് മാറ്റിവെക്കാന്‍ കഴിയുന്ന സമ്പ്രദായങ്ങളിലേക്കും ചട്ടങ്ങളിലേക്കും ഡീകണ്‍സ്ട്രക്ഷനെ പരിമിതപ്പെടുത്താനാവില്ല എന്നത് എത്ര പറഞ്ഞാലും മതിയാവില്ല’. ദെറീദ ഡീകണ്‍സ്ട്രക്ഷനെ വിശദീകരിച്ച് കഴിഞ്ഞു എന്ന് നമുക്ക് പറയാനാവില്ല. പക്ഷേ 1983 ല്‍ അയച്ച ഈ കത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഡീകണ്‍സ്ട്രക്ഷന്‍ എന്ന ആശയം എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്നതെന്നും അതിന്റെ പ്രസക്തിയും നാം അനേഷിക്കേണ്ടതുണ്ട്.

Cover

ജോസഫ് മസദ് ദെറീദയുടെ സിയോണിസ്റ്റ് ചായ്‌വിനെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. 2000 മാര്‍ച്ചില്‍ ഈജിപ്ത് സന്ദര്‍ശനവേളയില്‍ അല്‍ഹയാത്ത് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദെറീദ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ പ്രതിരോധത്തിന് പിന്തുണ ഉറപ്പിക്കുകയുണ്ടായി. അതിനിടയിലും അദ്ദേഹം ഒരു മുന്നറിയിപ്പ് കൂട്ടിച്ചേര്‍ത്തു. ജൂത വിരുദ്ധ പ്രവണതകളുടെ പക്ഷവും ഞാന്‍ പിടിക്കില്ല. ജൂതവിരുദ്ധ വംശീയാതിക്രമങ്ങളെ കുറിച്ചും ഫലസ്തീന്‍ പ്രതിരോധത്തെയും ജുതവിരുദ്ധ പ്രവണതകളെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ചും ദെറീദ ഒന്നും പറഞ്ഞില്ല.

മുസ്തഫ ഷരീഫ് ഉന്നയിച്ചത് പോലെയുള്ള മുസ്‌ലിം ചോദ്യങ്ങള്‍ കേരളത്തിലും നിലനില്‍ക്കുന്നുണ്ട്. മുസ്തഫ ഷെരീഫിനെ പോലെ തന്നെ ഇത്തരം ചോദ്യങ്ങള്‍ക്കുളള ഉത്തരം പല ബുദ്ധജീവികളില്‍ നിന്നും നാം തേടി കൊണ്ടിരിക്കുന്നു. ഉത്തരങ്ങള്‍ നമ്മെ ത്യപ്തിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും. പക്ഷേ ചോദ്യങ്ങളിലൂടെ പുതിയ വഴികള്‍ തുറക്കുന്നു. അവിടെ സംഭാഷണം രൂപപ്പെടുന്നു. സംഭാഷണത്തിലും നാം പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ദേശീയത, സവര്‍ണ്ണത ,ജാതി, മതം,ഭരണകൂടം, സ്വത്വം, ഭീകരത, തുടങ്ങിയ ചോദ്യങ്ങള്‍. പക്ഷേ അഭിമുഖത്തിനപ്പുറം സംഭാഷണമാണ് നടക്കേണ്ടത്.

ഉത്തരത്തിന് വേണ്ടി കാത്ത് നില്‍ക്കുന്ന, മുകളില്‍ നിന്ന് പകര്‍ന്ന് തരേണ്ട അറിവിന്റെ രീതിയെ സംഭാഷണം എന്ന പ്രക്രിയ ചോദ്യം ചെയ്യുന്നു. ഈ പുസ്തകം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിനുളളില്‍ നിലനില്‍ക്കുന്ന അപരന്റെ തിരസ്‌കരണത്തെ ചോദ്യം ചെയ്യുന്ന പുതിയ വിമര്‍ശനത്തെ നിര്‍മ്മിക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. കേരള പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയ സവര്‍ണ്ണ ഹിന്ദു അധീശത്വത്തെയും ആഭ്യന്തര കൊളോണിയലിസം ചരിത്രത്തില്‍ നടത്തിവരുന്ന അപരനെ സൃഷ്ടിച്ചെടുക്കുന്ന പുതിയ രീതികളെയും തിരിച്ചറിയാന്‍ ഈ പുസ്തകത്തിന്റെ വായനയിലൂടെ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

campusadmin