Campus Alive

മുസ്‌ലിം സിയോണ്‍: ഫൈസല്‍ ദേവ്ജിയുടെ പുസ്തകത്തെക്കുറിച്ച്

മുസ്‌ലിം സമൂഹങ്ങളുടെ കോസ്‌മോപൊളിറ്റന്‍ ജീവിതവീക്ഷണത്തെക്കുറിച്ച് ബോബിസയ്യിദ് എഴുതുന്നുണ്ട്. (Homelessness of Muslimness) ഫൈസല്‍ ദേവ്ജിയുടെ Muslim Zion: Pakistan as a political idea എന്ന പുസ്തകം ബോബി സയ്യിദൊക്കെ പറയുന്ന രീതിയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട് നില കൊള്ളുന്ന മുസ്‌ലിം ജീവിതാനുഭവങ്ങളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. മുസ്‌ലിംകളുടെ സവിശേഷതയായ കോസ്‌മോപൊളിറ്റനിസം അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതാണെന്ന് അല്ലാമാ ഇഖ്ബാല്‍ എഴുതിയിട്ടുണ്ട് (The Recontsruction of Religious Thought in Islam).

51svY0qVmxL._SX310_BO1,204,203,200_

മുസ്‌ലിം സിയോണ്‍ എന്ന് പാക്കിസ്ഥാനെ വിശേഷിപ്പിക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് ഫൈസല്‍ ദേവ്ജിയുടെ പുസ്തകം തുടങ്ങുന്നത്. ദേശീയതയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയരൂപം എന്ന നിലയിലാണ് ഫൈസല്‍ ദേവ്ജി സിയോണ്‍ എന്ന പദം ഉപയോഗിക്കുന്നത്. നാഷണലിസ്റ്റ് ലോകക്രമത്തില്‍ പതിവായി ഉപയോഗിക്കാറുള്ള ‘എന്റെ രക്തവും ആത്മാവുമാണ് ദേശം’ എന്നിങ്ങനെയുള്ള റൊമാന്റിക് ഭാവനകളെ ഈ പദം പൊളിച്ചടുക്കുന്നുണ്ട് എന്നാണ് ദേവ്ജി പറയുന്നത്. പാകിസ്താന്റെ രൂപീകരണകാലഘട്ടത്തിലുണ്ടായിരുന്ന ജിന്നയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ രാഷ്ട്രീയപ്രഖ്യാപനങ്ങള്‍ ദേവ്ജി പരിശോധിക്കുന്നുണ്ട്. ദേശത്തെക്കുറിച്ച റൊമാന്റിക് ഭാവനകള്‍ക്കപ്പുറം ലോകമുസ്‌ലിംകള്‍ക്കൊന്നടങ്കം വന്ന് താമസിക്കാന്‍ പറ്റിയ ഹോംലാന്റ് എന്നാണ് പാകിസ്താനെ അവര്‍ വിശേഷിപ്പിച്ചത്. ആധുനികതയുടെ അധീശമായ ദേശീയവ്യവഹാരങ്ങളെ തകര്‍ത്തെറിയുന്ന പ്രഖ്യാപനങ്ങളായിരുന്നു അവ.

പാകിസ്താനെക്കുറിച്ച് പൊതുവായി നിലനില്‍ക്കുന്ന പരാജിതരാഷ്ട്രം (Failed State) എന്ന അധീശധാരണയെ ഫൈസല്‍ ദേവ്ജി പൊളിച്ചടക്കുന്നത് പാകിസ്താന്‍ ഒരിക്കലും ഒരു ദേശരാഷ്ട്രമായിരുന്നില്ല എന്ന് വാദിച്ചുകൊണ്ടാണ്. ദേശരാഷ്ട്രത്തിനുണ്ടാകേണ്ടതും ഉണ്ടാകാന്‍ പാടില്ലാത്തതുമായ മൂല്യങ്ങളെ കേന്ദ്രീകരിച്ചാണ് പാകിസ്താനെക്കുറിച്ച നമ്മുടെ ബോധങ്ങളെല്ലാം നിലനില്‍ക്കുന്നത്. ആധുനികവും ദേശരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ അനിവാര്യമാക്കുന്നതുമായ ഇത്തരം വായനകള്‍ക്ക് മുസ്‌ലിം സമൂഹങ്ങളുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് ദേവ്ജി പറയുന്നത്. Empire, Islam,Post colonial എന്ന തന്റെ പഠനത്തില്‍ ബോബി സയ്യിദ് എഴുതുന്നതും ഇത് തന്നെയാണ്. സമ്പൂര്‍ണ്ണ മനുഷ്യനെക്കുറിച്ച തന്റെ സങ്കല്‍പത്തെ വിശദീകരിക്കുന്നിടത്ത് അല്ലാമാ ഇഖ്ബാലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. (The Recontsruction of Religious Thought in Islam)

ഫൈസല്‍ ദേവ്ജി സിയോണ്‍ എന്ന പദത്തെ മനസ്സിലാക്കുന്നത് വിശുദ്ധഭൂമി എന്ന നിലക്കല്ല. മറിച്ച് ഒരു രാഷ്ട്രീയരൂപമായാണ്. എത്‌നിസിറ്റിയെക്കുറിച്ചും ഭൂമിയെക്കുറിച്ചുമുള്ള യാഥാസ്ഥികമായ ധാരണകളെ നിരാകരിക്കുന്ന ഒരു പദമാണിത്. അതിന് കാരണമായി ദേവ്ജി പറയുന്നത് പാകിസ്താന്‍ രൂപപ്പെട്ടത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കൂട്ടമായ ഡയസ്‌പോറ മൂലമാണെന്നാണ്. വിശ്വാസവും ജീവിതവും സുരക്ഷിതമാക്കാനുള്ള ഡയസ്‌പോറയായിരുന്നു പാകിസ്താനെ യാഥാര്‍ഥ്യമാക്കിയതെന്നാണ് ദേവ്ജി പറയുന്നത്.

മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലേഖിക

ആയിഷ നഷ്‌വ