Campus Alive

ദിരിലിഷ് എര്‍തുറുൽ: ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന വിധം

ഒരു ദൃശ്യം നിങ്ങളുടെ ഹൃദയത്തെ ഉദ്വേഗജനകമാക്കുന്നതിന്റെ പരമാവധി. അത്രയേ പറയുന്നുള്ളൂ, അത്രമാത്രം! ദിരിലിഷ് എര്‍തുറുൽ അഞ്ചാം സീസണും കണ്ട് തീര്‍ത്തതിന് ശേഷം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു. സത്യം പറഞ്ഞാല്‍ തീര്‍ന്ന് പോവുകയായിരുന്നു, അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള 150ലധികം എപ്പിസോഡുകള്‍ ഉണ്ടായിട്ടും കാണുന്നവരെല്ലാം ഇപ്പോഴൊന്നും തീര്‍ന്ന് പോവരുതേ എന്നാശിക്കുന്നുവെങ്കില്‍ എര്‍തുറുൽ കാഴ്ചക്കാരില്‍ ഉണ്ടാക്കുന്ന സ്വാധീനവും പ്രസ്തുത സീരീസിന്റെ റേഞ്ചും ഒന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ”യുദ്ധം, പ്രണയം, ആത്മീയത” മനുഷ്യമനുസ്സുകളെ ഉന്മാദത്തിലാക്കാന്‍ ഇതിനേക്കാള്‍ മികച്ച പ്രമേയങ്ങള്‍ വേറെയില്ല. സത്യം, നീതി, നന്മ എന്നിവയോടൊപ്പം തന്നെ കളവ്, ചതി, വഞ്ചന തുടങ്ങിയ പ്രമേയങ്ങള്‍ കൂടി ചേരുമ്പോള്‍ സീരീസ് കാഴ്ചക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവസമൃദ്ധമായ കാഴ്ചവിരുന്ന് ഒരുക്കുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും സ്‌റ്റോറികളിലും കാണുന്ന കഥാനായകന്‍ എര്‍തുറിലെന്റെയും തുര്‍ഗുതിന്റെയും ഇബ്‌നു അറബിയുടേയുമൊക്കെ ചിത്രം കണ്ടിട്ട് സീരിസിനെക്കുറിച്ച് അന്വേഷിക്കുകയും ലിങ്ക് ചോദിക്കുകയും ചെയ്യുന്നവരൊക്കെ പിന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നൊക്കെ മാറി രാപ്പകല്‍ ഭേദമന്യേ എര്‍തുറുൽ കണ്ടിരിക്കുന്ന അനുഭവങ്ങളാണ് എനിക്കെന്ന പോലെ കൂട്ടുകാര്‍ക്കും പങ്കുവെക്കാനുള്ളത്.

സീരീസ് കഴിയുമ്പോഴേക്കും തുര്‍ക്കിയും തുര്‍ക്കിഷ് സംസ്‌കാരവും ജീവിതരീതിയും ഒരു നൂറ്റാണ്ടിന്റെ ഭരണചരിത്രവുമൊക്കെ കാഴ്ചക്കാരുടെ മനസ്സില്‍ ലയിച്ചുചേരുന്നു. എര്‍തുറുൽ, തുര്‍ഗുത്, ബംസി, ദോഗന്‍, അബ്ദുറഹ്മാന്‍, ദുംറുല്‍, ഇബ്‌നു അറബി തുടങ്ങിയവരും പ്രേക്ഷകരുടെ ഹൃദയത്തില്‍ മറക്കാനാവാത്ത വിധം അലിഞ്ഞുചേരുന്നു. ഒപ്പം, എയ്‌വല്ലാഹ്, കര്‍ദാഷ്, ബെയിം, ദസ്തൂര്‍, അദാലത്, ഹഖീഖത്, യതാര്‍, തുടങ്ങിയ തുര്‍ക്കിഷ് പദാവലികളും കാഴ്ചക്കാരുടെ ഹൃദയത്തില്‍ തളം കെട്ടിനില്‍ക്കുമെന്ന് തീര്‍ച്ച. ഒരു സന്ദേശത്തെ അനുവാചകഹൃദയത്തില്‍ സന്നിവേശിപ്പിച്ചു നിര്‍ത്തുന്നതിൽ ദൃശ്യാവിഷ്‌കാരത്തോളം ഫലപ്രദമായ മറ്റൊന്നില്ല തന്നെ! ഇത്തരത്തില്‍ ഉസ്മാനിയ ഖിലാഫത്ത് സ്ഥാപകന്‍ ഉസ്മാന്‍ ഗാസിയുടെ പിതാവായ എര്‍തുറുലിന്റെ പോരാട്ടവീര്യവും നൈതികമൂല്യങ്ങളും അചഞ്ചലമായ ദൈവവിശ്വാസവും സീരീസ് കണ്ടുകഴിയുമ്പോഴേക്കും കാഴ്ചക്കാരുടെ ഹൃദയത്തില്‍ പറിച്ചുമാറ്റാനാവാത്ത വിധം ഉറച്ചുനില്‍ക്കുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നിടത്ത് നിലവിലുള്ള സ്റ്റീരിയോടൈപ്പുകളെയൊക്കെ തന്നെ സീരീസ് തകിടം മറിക്കുന്നുണ്ട്. കേവലം ഒരു ദൃശ്യാവിഷ്‌കാരം എന്നതിനപ്പുറം ചരിത്രത്തിന്റെ പിന്‍ബലത്തോടെ തയ്യാറാക്കപ്പെട്ട കൃത്യമായ രാഷ്ട്രീയമാനങ്ങളുള്ള ഒരു ദൃശ്യവിരുന്നാണ് ദിരിലിഷ് എര്‍തുറുൽ. മുസ്‌ലിം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അനൈക്യവും ഭരണാധികാരികളുടെ സ്ഥാനമോഹങ്ങളുമൊക്കെയാണെന്ന് സീരീസ് പറയാതെ പറഞ്ഞുവെക്കുന്നു.

തുര്‍ക്കിഷ് ഭാഷയിലുള്ള സീരിസ് ഇതിനകം തന്നെ സമീപകാലത്തെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ സീരിസുകളിലൊന്നായി മാറിക്കഴിഞ്ഞു. തുര്‍ക്കിഷ് ഗെയിം ഓഫ് ത്രോണ്‍സ് എന്നും അല്ല ദിരിലിഷ് എര്‍തുറുലിലെ പ്രമേയമങ്ങളും ആവിഷ്‌കാരത്തിലെ സൗന്ദര്യവും പരിഗണിക്കുമ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സ് എത്രയോ പിറകിലാണെന്നും അഭിപ്രായപ്പെടുന്നവര്‍ ഒട്ടേറെയാണ്. ഇതിനകം 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നീ മീഡിയകളിലൂടെയായി സീരീസ് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ മുസ്‌ലിംകളും അല്ലാത്തവരും ഉള്‍പ്പെടുന്നു.

തുര്‍ക്കിഷ് ഫിലിം ഇന്‍ഡസ്ട്രിയിൽ ശ്രദ്ധേയരായ ബോസ്ദാഗ് തിരക്കഥ നിര്‍വ്വഹിക്കുകയും മെതിന്‍ ഗുനായ് സംവിധാനം ചെയ്യുകയും ചെയ്ത ദിരിലിഷ് എര്‍തുറുൽ സീരീസ്, അത് മുന്നോട്ട് വെക്കുന്ന പ്രമേയം, ചരിത്രപരമായ പുനരാവിഷ്‌കാരം, സാങ്കേതിക ഗുണങ്ങള്‍, കഥാപാത്രങ്ങളുടെ സ്വഭാവഗുണങ്ങള്‍ തുടങ്ങിയവ തന്നെയാണ് സീരീസിനെ കാഴ്ചക്കാര്‍ക്ക് ഇത്ര അഡിക്ട് ആക്കുന്നത്. 2014-ല്‍ തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ടി ചാനലാണ് സീരീസ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രം പുറത്തിറങ്ങുന്ന സീരീസിലെ ഓരോ എപ്പിസോഡും കാഴ്ചക്കാരെ അത്രമേല്‍ ആകാംക്ഷയുടെ മുള്‍മുനയിൽ നിര്‍ത്തുന്നതായിരുന്നു. എന്നാല്‍ സീരീസ് മുഴുവനായി പുറത്തിറങ്ങിയതിന് ശേഷമാണ് വ്യാപകമായി സീരീസിന് കാഴ്ചക്കാര്‍ ഉണ്ടാവുന്നത്. സീരീസിന് വിവിധ ഭാഷകളിലുള്ള സബ്‌ടൈറ്റില്‍സും അറബിക് ഡബ്ബ്ഡ് വേര്‍ഷനുമൊക്കെ പുറത്തിറങ്ങിയതോടെ കാഴ്ചക്കാര്‍ വര്‍ധിക്കുകയായിരുന്നു. നിലവില്‍ ഉര്‍ദു ഡബ്ബ്ഡ് വേര്‍ഷൻ യുട്യൂബിൽ ട്രെന്‍ഡിംഗ് ആണ്. നേരത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സീരിയലിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വാര്‍ത്തയായിരുന്നു. തുര്‍ക്കുകളുടെ ഉയര്‍ച്ചയെക്കുറിച്ചും യൂറോപ്പിലെ അവരുടെ മഹത്തായ ഭരണത്തിന്റെ നൂറ്റാണ്ടുകളെക്കുറിച്ചും ബോധവാന്മാരാവുന്നതിനായി പാക് ജനതയോട് ദിരിലിഷ് എര്‍തുറുൽ കാണാന്‍ അഭ്യര്‍ഥിച്ചതോടൊപ്പം അഞ്ച് സീസണും ഉര്‍ദുവിലേക്ക് ഡബ്ബ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ടെലിവിഷനില്‍ ഒരു വിദേശ പരിപാടി സംപ്രേഷണം ചെയ്യുന്നത് വിലക്കുള്ള സമയത്താണ് ഇസ്‌ലാമോഫോബിയയെ നേരിടാനും ആഗോളതലത്തില്‍ മുസ്‌ലിംകൾ ഐക്യപ്പെടുന്നതിന്റെയും ഭാഗമായി സീരിയല്‍ കാണണമെന്ന് ഇമ്രാന്‍ഖാൻ പരസ്യമായി പറഞ്ഞുവെക്കുന്നത്. ഒപ്പം, താന്‍ ഒരു എര്‍തുറുൽ ഫാന്‍ ആണെന്നും ഇമ്രാന്‍ഖാൻ മനസ്സ് തുറക്കുന്നു.

അടുത്ത കാലത്ത് കശ്മീരില്‍ കര്‍ഫ്യൂ കാരണം ജനങ്ങള്‍ പ്രതിസന്ധിയിലായ സമയത്ത്, കശ്മീര്‍ ജനത കര്‍ഫ്യൂ സുഗമമായി ചെലവഴിച്ചിരുന്നത് കുടുബസമേതം ദിരിലിഷ് എര്‍തുറുൽ വീക്ഷിച്ചുകൊണ്ടായിരുന്നുവെന്ന് തുര്‍ക്കിഷ് പത്രമായ ഡെയ്‌ലി സബാഹ് അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായിരുന്ന കാരണത്താല്‍ ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ഫ്ലാഷ് ഡ്രൈവുകളില്‍ സഞ്ചരിച്ച് സീരീസ് ഒരു കമ്യൂണിറ്റി ഹിറ്റായി മാറുകയായിരുന്നു.

ശ്രീനഗറിലെ ഹസ്രത്ബാലിലെ താമസക്കാരനായ റാഫി അഹമ്മദ് പറയുന്നു: എര്‍തുതുറുൽ വീക്ഷിക്കുന്നത് ഒരു ഫാമിലി ആക്ടിവിറ്റി ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു. എന്റെ പ്രദേശത്തെ മുഴുവന്‍ ഫാമിലിയും ഈ പരമ്പര കാണുന്നുണ്ടായിരുന്നു. കര്‍ഫ്യൂ ദിവസങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു സീരീസ് പ്രദേശത്ത് ഹിറ്റാകുന്നത്. ദിവസം മുഴുവന്‍ ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കള്‍ എര്‍തുറുൽ കണ്ട് തുടങ്ങിയതോടെ വീട്ടില്‍ നിന്ന് ഇറങ്ങാത്ത അവസ്ഥയായെന്ന് അഹമ്മദ് പറഞ്ഞ് വെക്കുന്നു. സീരീസ് മുഴുവന്‍ കണ്ടതിന് ശേഷം കശ്മീരിലെ മുഖ്താര്‍ അഹ്മദ് ബാബ പറയുന്നതിങ്ങനെയാണ്: ഓരോ കശ്മീരിയും ഇത് കാണണം. 2000 ആളുകളുള്ള ഒരു ചെറിയ ഗോത്രം വലിയ എണ്ണമുള്ള ശത്രുക്കള്‍ക്കെതിരെ വിജയിക്കുന്നു. ഇത് പ്രചോദനാത്മകമാണ്. നിങ്ങള്‍ക്ക് ഒരു ലക്ഷ്യവും അത് നേടാനുള്ള ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ നിങ്ങളുടെ വഴിയില്‍ ഒന്നും തടസ്സമാവില്ലെന്ന സന്ദേശമാണ് സീരിയല്‍ പ്രദാനം ചെയ്യുന്നത്. എന്ത് കൊണ്ടാണ് ഒരു തുര്‍ക്കി പരമ്പര കശ്മീരികള്‍ക്കിടയില്‍ ഇത്രയധികം പ്രതിധ്വനിക്കുന്നത്? പ്രത്യേകിച്ച് അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്‌നകരമായ ഘട്ടത്തില്‍? കശ്മീരികള്‍ ഈ പരമ്പരയെ വിനോദമായി കാണുന്നതിനപ്പുറം അതിന്റെ രാഷ്ട്രീയ സന്ദേശം ഉള്‍ക്കൊള്ളുന്നുവെന്ന് എഴുത്തുകാരന്‍ നജീബ് മുബാറക്കി പറയുന്നു. ഈ പരമ്പരയിലെ ഏറ്റവും മികച്ച കാര്യം പ്രതീക്ഷ നഷ്ടപ്പെടരുത് എന്നത് തന്നെയാണെന്ന് കണ്ടവരെല്ലാം ആവര്‍ത്തിച്ച് പറയുന്നു.

തിരക്കഥാകൃത്ത് മെഹ്മെദ് ബോസ്ദാഗ്

ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി 2002ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ടെലിവിഷന്‍ പരമ്പരകള്‍ തുര്‍ക്കിയുടെ ഏറ്റവും ആകര്‍ഷകമായ കയറ്റുമതിയായി മാറിയിരുന്നു. മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്, തെക്കേ അമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ നൂറിലധികം രാജ്യങ്ങള്‍ക്ക് 150 ഓളം ടര്‍ക്കിഷ് ടെലിവിഷന്‍ പരമ്പരകള്‍ വില്‍ക്കപ്പെടുകയുണ്ടായി. വാര്‍ഷിക കയറ്റുമതി 300 മില്യണ്‍ ഡോളര്‍ കവിഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇസ്തംബൂളിലെ അറബ്, ഇറാനിയന്‍ വിനോദസഞ്ചാരികളുടെ സംഘങ്ങൾ അവര്‍ സ്‌ക്രീനിൽ കണ്ട ആകര്‍ഷകമായ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. ദിരിലിഷ് (പുനരുത്ഥാനം) എന്ന അര്‍ഥത്തിലുള്ള സീരീസ് ദേശീയമായ താത്പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഉര്‍ദുഗാൻ ഭരണകൂടത്തിന്റെ സര്‍വ്വപിന്തുണയോടെയും കൂടി പുറത്തിറക്കിയിട്ടുള്ളത്. ഒന്നാം സീസണില്‍ അനാതോലിയയിലെ കുരിശുയുദ്ധക്കാര്‍ക്കെതിരെയുള്ള തുര്‍ക്കി കാമ്പയിന്‍, രണ്ടാം സീസണില്‍ മംഗോളിയക്കാര്‍ക്കെതിരായ പോരാട്ടങ്ങള്‍, മൂന്നാം സീസണില്‍ ക്രിസ്ത്യന്‍- ബൈസന്റെയ്നുമായുള്ള യുദ്ധം എന്നിവ തുര്‍ക്കിയുടെ പോരാട്ടപ്രതാപത്തെ പുനരവതരിപ്പിക്കുന്നതാണ്.

ഏഴ് നൂറ്റാണ്ടിനു മുകളില്‍ ഇസ്‌ലാമിക ലോകത്തെ അടക്കിഭരിച്ച രാജവശമാണ് ഉസ്മാനിയ്യ ഖിലാഫത്. വടക്ക് ഹംഗറി, വിയന്ന നഗരം അടക്കമുള്ള യുറോപ്യന്‍ ഭാഗങ്ങള്‍, കിഴക്ക് ഇറാഖ്, പടിഞ്ഞാറ് സിറിയ, തെക്ക് ഈജിപ്ത് തുടങ്ങിയ പ്രവിശ്യകള്‍ അതിരിട്ട മഹാസാമ്രാജ്യം ആയിരുന്നു അത്. ഉസ്മാനിയ ഖിലാഫത്ത് സ്ഥാപകന്‍ ഉസ്മാന്‍ ഗാസിയുടെ പിതാവ് എര്‍തുറുൽ ഗാസിയുടെ ജീവിതം കേന്ദ്രീകരിച്ചാണ് സീരീസ് പുരോഗമിക്കുന്നത്. തുര്‍ക്ക് ഗോത്രങ്ങളില്‍ പെട്ട കായി ഗോത്രത്തിലാണ് സുലൈമാന്‍ ഷായുടെ മകനായി എര്‍തുറുൽ ജനിക്കുന്നത്. വെറും നാനൂറ് കൂടാരങ്ങള്‍ മാത്രമുള്ള ഒരു നാടോടി ഇടയ വംശം ആയിരുന്നു കായി ഗോത്രം. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്തിരുന്ന നാടോടികളെ ലോകം കണ്ട പ്രവിശാല സാമ്രാജ്യത്തിന്റെ സംസ്ഥാപനത്തിലേക്ക് നയിച്ചത് എര്‍തുറുൽ എന്ന യോദ്ധാവായിരുന്നു.

മംഗോളിയന്‍ അക്രമത്തെത്തുടര്‍ന്ന് തുര്‍ക്കി ഗോത്രക്കാര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം നടത്തിയിരുന്നു. ക്ഷാമത്തിന്റെയും പ്രതിസന്ധിയുടേയും ദുഷ്‌കരമായ സമയത്തിലൂടെ കടന്ന്‌പോയ ശേഷം പുതിയ ജീവിതം ആരംഭിക്കാന്‍ ഒഗൂസ് തുര്‍ക്കി ഗോത്രങ്ങളില്‍ പെട്ട കായ് ഗോത്രം അനാതോലിയയിലേക്ക് നീങ്ങുന്നു. കായ് ഗോത്രത്തലവനായ സുലൈമാന്‍ ഷാക്ക് 4 മക്കളുണ്ട്. ഗുന്‍ദോഗ്ദു, സുന്‍ഗുര്‍തെകിൻ, എര്‍തുറുൽ, ദുന്‍ദാർ. സുന്‍ഗുര്‍തെകിനെ നേരത്തെത്തന്നെ മംഗോളിയക്കാര്‍ പിടികൂടിയിരുന്നു. എര്‍തുറുലിന്റെ ഉറ്റ സൂഹൃത്തുക്കളാണ് ബംസി, ദോഗന്‍, തുര്‍ഗുത് എന്നിവര്‍. ഗോത്രത്തിലെ പടയാളികളായിരുന്ന അവരടക്കമുള്ളവരെ ആൽപ്സ് എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. നാല് പേരും കാട്ടില്‍ വേട്ടയാടുന്നതിനിടെ കുരിശു യുദ്ധക്കാർ തടവിലാക്കിയ 3 പേരെ കണ്ടുമുട്ടുന്നു. മൂന്ന് പേരെയും കൊല്ലാന്‍ തുനിയുന്നതിനിടെ എര്‍തുറുലും ആല്‍പ്‌സും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്നു. ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത്. അവരെ രക്ഷിച്ച് കായി ടെന്റിലെത്തിച്ചത് മുതല്‍ ബഹുമുഖ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നു. സീരീസ് പുരോഗമിക്കുന്നതിനനുസരിച്ച് വിവിധ ശത്രുങ്ങളും മിത്രങ്ങളുമെല്ലാം ഫ്രെയിമിലേക്ക് കടന്നു വരുന്നു.

ഫ്രെയിമില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ഇബ്‌നു അറബി പ്രേക്ഷകര്‍ക്ക് നല്‍കുന്ന ആത്മവെളിച്ചം വല്ലാത്തതാണ്. ഓട്ടോമൻ രാഷ്ട്രീയ ചിന്തയുടെയും പ്രയോഗത്തിന്റെയും നിർമ്മിതിയിൽ ഇബ്നു അറബിയെ പോലുള്ള സൂഫീ പണ്ഡിത സമൂഹത്തിന്റെ അനൽപമായ പങ്കിനെയാണ് അദ്ദേഹത്തിന്റെ കഥാപാത്രം പ്രതീകവൽക്കരിക്കുന്നത്. ഓട്ടോമൻ രാഷ്ട്രീയത്തിൽ ഭരണാധികാരിയുടെ (സുൽത്താൻ) വൈയക്തികമായ ആത്മീയ ഔന്നത്യത്തിലും ധാർമ്മികതയിലും ഇത്തരം സൂഫീ പണ്ഡിതരായ ആത്മീയഗുരുക്കൻമാർ നിരന്തരം ഇടപെട്ടിരുന്നു (ഹുസൈൻ യീൽമാസ്). അവര്‍ണ്ണനീയമായ ആത്മീയാനുഭൂതിയാണ് ഇബ്‌നു അറബിയുടെ ഓരോ സംഭാഷണവും പകര്‍ന്നു നല്‍കുന്നത്. ഓരോ ദൗത്യവും ആരംഭിക്കുന്നതിന് മുമ്പ് എര്‍തുറുൽ തന്റെ ആത്മീയഗുരുവായ ഇബ്‌നു അറബിയെ കാണുന്നുണ്ട്. അദ്ദേഹം പങ്കുവെക്കുന്ന ഖുര്‍ആനിലെയും ഹദീസിലെയുമൊക്കെ കഥകള്‍ കാഴ്ചക്കാരുടെ ഹൃദയം അങ്ങേയറ്റം പുണരുന്നതാണ്. ഹൃദയം തളിര്‍ക്കുന്ന ഒട്ടേറെ കഥകള്‍, വിവിധ കഥാപാത്രങ്ങളിലൂടെ വേറെയും സീരീസിലുടനീളം പങ്കുവെക്കപ്പെടുന്നു.

ഒന്നാം സീസണിലെ ഒരു സംഭാഷണം ഇങ്ങനെ വായിക്കാം:

എർതുറുൽ: “പോകും മുന്‍പ് ഷെയ്ഖ് ഇബ്‌നു അറബിയുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കാന്‍ ഞാനാഗ്രഹിക്കുന്നു”.

ദർവീഷ്: “ഷെയ്ഖ് പോയിക്കഴിഞ്ഞു, താങ്കളറിഞ്ഞില്ലേ?

എർതുറുൽ: “എവിടേക്ക്?”

ദർവിഷ്: “അല്ലാഹുവിന് മാത്രമറിയാം”.

എർതുറുൽ: “എനിക്കവരെ കണ്ടെത്തണം”.

ദർവീഷ്: “കണ്ടെത്താന്‍ അവരെ താങ്കള്‍ക്കു നഷ്ടപ്പെട്ടുവോ?

നഷ്ടപ്പെടാന്‍ അവരെ താങ്കള്‍ കണ്ടെത്തിയോ”?

ആത്മീയമായ നവോന്മേഷവും ഈമാനികമായ ചൈതന്യവും അചഞ്ചലമായ വിശ്വാസവും ആവാഹിക്കാതെ സീരീസ് നിങ്ങള്‍ക്ക് കണ്ടുതീര്‍ക്കാൻ കഴിയില്ലെന്ന ഒരു വരി ഉപസംഹാരത്തില്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

അബ്ദുല്ലത്തീഫ് പാലത്തുങ്കര