Campus Alive

ഇറാനിയൻ ടെലിവിഷനിലെ പ്രേതങ്ങളും ആത്മാക്കളും

2011 ആഗസ്റ്റ് അവസാനത്തിലെ ഉഷ്ണം നിറഞ്ഞ റമദാൻ ദിനം. പന്ത്രണ്ടു വയസ്സായ തെഹ്‌റാനി പയ്യൻ മുഹമ്മദ് മഹ്ദി തന്റെ അനിയനുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്നു. സാഹസികനായ മഹ്ദി ഓടാമ്പലിനോട് കെട്ടിവച്ച തലമക്കന കഴുത്തിൽ കുരുക്കിയിട്ടു കെട്ടിതൂങ്ങാനൊരുങ്ങുന്നു. അവന്റെ തളർന്ന ശരീരം ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്കും തലച്ചോറിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ക്ഷയിച്ചിരുന്നു. അവന്റെ പിതാവ് റിപ്പോർട്ടർമാരോട് പറഞ്ഞത് മകന്റെ മരണത്തിനുത്തരവാദിയായ ദേശീയ ടെലിവിഷനെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നാണ്.

റമദാനിന്റെ തുടക്കം മുതൽ പ്രക്ഷേപണം ചെയ്യാനാരംഭിച്ച് അവസാന എപ്പിസോഡുകളിൽ എത്തിനിൽക്കുന്ന ഫൈവ് കിലോമീറ്റേഴ്‌സ് റ്റു ഹെവൻ (Five Kilometres to Heaven) എന്ന പോപ്പുലർ റമദാൻ ടിവി സീരിയലിന്റെ ആരാധകനാണ് മഹ്ദി. അബോധാവസ്ഥയിൽ ഒരു വയലിൽ ഉപേക്ഷിക്കപ്പെട്ട ആമിർ ഹുസൈന്റെ ആത്മാവ് തന്നെ രക്ഷിക്കാനും തന്നെ കൊല്ലാൻ ശ്രമിച്ചവരെ കണ്ടെത്താനും ജീവിച്ചിരിക്കുന്ന മനുഷ്യരോട് ആവശ്യപ്പെടുന്നതാണ് കഥ. രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തന്റെ പ്രണയിനിയുടെ സ്വപ്നങ്ങളിൽ വരുന്നതിനൊപ്പം അബോധാവസ്ഥയിലുള്ള പാരി എന്ന മറ്റൊരു ആത്മാവിന്റെ സഹായവും ആമിർ ഹുസ്സൈൻ തേടുന്നുണ്ട്. രണ്ടു പേരും കുറ്റവാളികളെ പരാജയപ്പെടുത്തുകയും ആമിർ ഹുസൈൻ ജീവിതത്തിലേക്ക് മടങ്ങി വന്ന് പ്രണയിനിയുമായി ഒരുമിക്കുകയും ചെയ്യുന്നു. പാരിയുടെ മാതാപിതാക്കളെ അവൾ മരിച്ചതായി ബോധ്യപ്പെടുത്തി അവയവങ്ങൾ ധാനം ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. ഇവരുടെ സാഹസിക കൃത്യങ്ങളിൽ ആകൃഷ്ടനായ മഹ്ദി ആറു വയസ്സായ അനിയനോട് സ്വയം അപ്രത്യക്ഷനായി മാതാപിതാക്കൾ തന്നെക്കുറിച്ച് പറയുന്നത് ഒളിഞ്ഞുകേൾക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. അവന് തന്റെ ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തേണ്ടതുണ്ടായിരുന്നു

ഫൈവ് കിലോമീറ്റേഴ്സ് ടു ഹെവനിലെ ഒരു രംഗം

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ 2004 മുതൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാത്മികയിനത്തിൽ പെട്ട എട്ടാമത്തെ സീരീസ് ആണിത്. റമദാൻ കാലത്ത് സൂര്യാസ്തമനത്തിന് ശേഷം നോമ്പ് തുറന്നിട്ടാണ് ഇറാനികൾ ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലിരിക്കുന്നത്. ഐഹിക ലോകത്തിന് അതീതമായിട്ടുള്ള റിയാലിറ്റികളെ ഓർമ്മിപ്പിക്കാനും പ്രേക്ഷകരുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കാനുമുള്ള ഷോകളുടെ ഉദ്ദേശത്തെ സൂചിപ്പിക്കുന്ന “അർത്ഥം” എന്നും “ആത്മാവ്” എന്നും വിവക്ഷിക്കാവുന്ന “മഅന” എന്ന സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോകൾ നിർമ്മിച്ചിട്ടുള്ളതത്രെ. ആത്മാവ്, മാലാഖമാർ, പിശാചുക്കൾ, സ്വർഗം, നരകം തുടങ്ങിയ അമൂർത്തമായ കാര്യങ്ങളും ഇന്ദ്രിയാതീതമായ വെളിപാടുകളും ആത്മീയ ചികിത്സയും ചിത്രീകരിച്ചുകൊണ്ടാണ് അത് ചെയ്യുന്നത്. ഫാമിലി ഡ്രാമകളുടെയും സൂപ്പർനാചുറൽ ത്രില്ലറുകളുടെയും ഹൊററുകളുടെയും ചേരുവകൾ ഉപയോഗപ്പെടുത്തുന്ന കഥകൾ ചിലപ്പോൾ പോലീസ് നടപടിക്രമങ്ങളും മെഡിക്കൽ ഫിക്ഷനും ഉൾക്കൊള്ളിക്കാറുണ്ട്.

അദൃശ്യമായതിനെ ദൃശ്യഗോചരമാക്കാൻ കമ്പ്യൂട്ടർ ഇഫക്റ്റുകളും സിനിമാറ്റിക് ടെക്നിക്കുകളും ഇവർ ഉപയോഗിക്കുന്നു. സ്വമേധയാ ഉള്ള ഇത്തരം എക്സ്പിരമെന്റൽ ഉദ്യമങ്ങൾ മാധ്യമങ്ങളിലും വീടുകളിലും വരെ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. എക്സ്പിരമെൻസിനുള്ള സാധ്യതകൾ വിശാലമായതുകൊണ്ടു തന്നെ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അധികാരികൾ ഇത്തരം അദ്ധ്യാത്മിക ചിത്രീകരണങ്ങൾ ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുമായി ഒത്തുപോകുന്നുവെന്ന് ഉറപ്പുവരുത്താൻ ഓരോ സീരിയലുകളും പരിശോധിക്കിവാൻ മത-ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് നിയമം കൊണ്ടുവന്നിരുന്നു. അതായത് വിനോദത്തിനും ധാർമിക ബോധനത്തിനുമിടയിൽ സൂക്ഷ്മമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുമ്പോഴും വിദഗ്ദ അംഗീകാരമുള്ളതും സത്യത്തോട് അടുത്ത് നിൽക്കുന്നതുമായ മേറ്റാഫിസിക്കൽ സാമ്യതയും (Metaphysical Verisimilitude) അവർ അവകാശപ്പെട്ടിരുന്നു. അപ്രകാരം തന്നെ ഇത്തരം ടി.വി സീരിയലുകൾ അദൃശ്യ സ്വത്വങ്ങളുടെ ശരിയായ പ്രകൃതത്തെ കുറിച്ചും അത്തരം മൂർത്തികൾ പദാർത്ഥലോകത്ത് വ്യാപരിക്കുന്ന വഴികളെ കുറിച്ചും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

മഹ്മൂദ് അഹ്‌മദ്‌ നജാദ്

ഇറാനിയൻ സമൂഹത്തിൽ മെറ്റാഫിസിക്കൽ വസ്‌തുക്കളിലും പ്രകൃത്യാതീതശക്തികളിലുമുള്ള താൽപര്യം വ്യാപിക്കുമ്പോഴാണ് റമദാൻ സ്പിരിച്വൽ ഷോകളുടെ വർധനവുണ്ടാകുന്നത്. 1980-88 കാലത്തെ ഇറാഖ് യുദ്ധത്തിനുശേഷമുണ്ടായ സാമ്പത്തിക അഭിവൃദ്ധി കഴിഞ്ഞ ഒരു ദശകത്തെ തീവ്രവിരക്തിയിൽ നിന്നും തകർച്ചയിലും നിന്നും ഉണർന്ന ഇടത്തരക്കാർക്കിടയിൽ ഉപഭോഗവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ചു. പെരുകിവന്ന ആത്മീയ നേതാക്കളും മോട്ടിവേഷണൽ പ്രാസംഗികരും മത്സരത്തിന്റെയും ഇന്റിവിജ്വലിസത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും പുതിയ സത്യങ്ങളോട് സംവദിക്കാൻ മതകീയ ആശയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള സെൽഫ് ഇംപ്രൂവ്മെന്റ് പദ്ധതികൾ വിഭാവന ചെയ്തു. ന്യൂ ഏജ് സ്പിരിച്ച്വലിറ്റി, സെൽഫ് ഹെൽപ്, ഒക്കൾട്ട് ബുക്കുകൾ (പലതും ഫ്രഞ്ചിൽ നിന്നോ ഇംഗ്ലീഷിൽ നിന്നോ വിവർത്തനം ചെയ്തത്) മാർക്കറ്റ് കീഴടക്കി. അതേസമയം ഭൗതികവാദത്തിന്റെ വളർച്ചയിലും ദൈവീകഭക്തിയുടെ അഭാവത്തിലും ഉത്കണ്ഠാകുലരായ എഴുത്തുകാർ ഇറാനിയൻ യുവതക്ക് അറിയപ്പെടാതെകിടന്ന സൂഫികളെയും അവരുടെ ഐഹിക വിരക്തിയെയും ഭക്തിനിർഭരമായ ജീവിതതത്തെയും അവർക്കുലഭിച്ച ദൈവീകമായ ശക്തികളേയും അതീന്ദ്രീയ ജ്ഞാനത്തെയും പരിചയപ്പെടുത്തി.

ഇത്തരം യുദ്ധാനന്തര പ്രവണതകളാൽ സാന്ദ്രീകരിച്ച ആധ്യാത്മിക പൊതു മണ്ഡലത്തിലേക്കാണ് 2005-ൽ പ്രസിഡന്റ് പദവിയിലെത്തിയ മഹ്മൂദ് അഹ്മദ് നജാദ് വർദ്ധിതമായ രീതിയിൽ മിശിയാനിക് അഭിനിവേശം കുത്തിവെക്കുന്നത്. മെറ്റാഫിസിക്കൽ കാര്യങ്ങൾക്ക് സ്വകാര്യ ജീവിതത്തിലും രാഷ്ട്രീയ തലങ്ങളിലും സങ്കീർണ്ണമായ അർത്ഥതലങ്ങൾ ഇത് പ്രദാനം ചെയ്തു

She wan an Angel ലെ ഒരു രംഗം

വിവാദസ്പദമായ തുടക്കകാലത്തെ രണ്ടു സ്പിരിച്വൽ സീരിയലുകൾ ശൈത്വാനെ മുഖ്യകഥാപാത്രമാക്കിയിട്ടുള്ള ഹൊറർ-ഫാമിലി ഡ്രാമകളാണ്. Channel Two 2005-ൽ കൊണ്ടുവന്ന She was an angel, ബെഹ്‌സാദ് എന്നയാളെ കുറിച്ചാണ്. അർദ്ധരാത്രിയുണ്ടായ ഒരു കാർ അപകടത്തിന് ശേഷം ബെഹ്‌സാദ് ഓർമ്മശക്തി നഷ്ടപ്പെട്ടുവെന്നു തോന്നിയ ഒരു സുന്ദരിയായ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു. അവളുടെ ഹൃദ്യമായ സ്വഭാവവും കാഴ്ചയിലെ ശുദ്ധപ്രകൃതിയും കാരണം ബെഹ്‌സാദിന്റെ കുടുംബം അവൾക്ക് ഫെരേഷ്തഹ് (മാലാഖ) എന്നു പേരിട്ടെങ്കിലും പിന്നീട് അവൾക്ക് രഹസ്യമായി വെച്ച നമ്പറുകൾ പറയാനും  ഖരരൂപങ്ങൾക്കുള്ളിലൂടെ നടക്കാനുമുള്ള അസാധാരണ കഴിവുകളുണ്ടെന്ന് തിരിച്ചറിയുന്നു. ബെഹ്‌സാദിനെ വശീകരിച്ച് അവന്റെ വിവാഹം വേർപ്പെടുത്തുകയും മകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ അവളുടെ കപടമുഖം പുറത്തുവരുന്നുണ്ട്. ബെഹ്‌സാദിന്റെ ജോലിയിൽ സ്വാധീനം ചെലുത്തുന്ന ഒരു വക്കീലായി രൂപം മാറാനും ഫെരിഷ്തക്ക് സാധിക്കുമെന്ന് കഥയിലുണ്ട്. അവസാന ഭാഗത്ത്‌, ബെഹ്‌സാദ് തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് നാട്ടിലെ ഒരു മതപണ്ഡിതന്റെ സഹായത്താൽ ശരിയായ മാർഗത്തിലേക്ക് തിരികേവരുന്നു. തൗബ ചെയ്ത് പിശാചിനെ അകറ്റാനുള്ള ഒരു സ്ത്രോത്രം ചൊല്ലുമ്പോൾ ഫെരിഷ്ത ഒരു തീഗോളമായി കത്തിയെരിയുന്നു.

രണ്ടു വർഷത്തിനുശേഷം 2007 റമദാനിൽ Channel One താഹ പസുഹാൻ എന്ന നിപുണനായൊരു ന്യൂറോ സർജന്റെ കഥ പറയുന്ന Coma (eghma’) പുറത്തിറക്കി. പസുഹാന്റെ ഭക്തനായ ഒരു കൂട്ടുകാരനും മുൻ പേഷ്യന്റുമായിരുന്ന ഇല്യാസിന്റെ രൂപത്തിൽ വന്ന ശൈത്വാൻ അവനെ സ്വാധീനിക്കുന്നു. Coma യുടെ വരവ് ടെലിവിഷൻ സ്പിരിച്വൽ ഇനങ്ങളുടെ സമസ്ഥാപനത്തിനു കാരണമാവുകയും വിമർശനാത്മകവും അല്ലാതെയുമുള്ള അനേകം പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ചെവിയിൽ മന്ത്രിച്ച് ചതിക്കാൻ വരുന്ന പിശാച് കോമയിൽ വ്യത്യസ്ത രൂപങ്ങൾ പ്രാപിക്കുന്നുണ്ട്. ഇവിടെ ശൈത്വാന് സഹായകമാകുന്നത് പസുഹാന് മുൻപരിചയമുള്ള ഭക്തനും സുമുഖനും മിതഭാഷിയും നർമ്മബോധവുമുള്ള ഇല്യാസിന്റെ രൂപത്തിൽ വരുന്നു എന്നതുകൊണ്ടാണ്. തന്റെ ഭാര്യയുടെ അകാല മരണത്തിൽ ദുഃഖിക്കുകയും ദൈവികനീതിയിൽ സന്ദേഹിക്കുകയും ചെയ്യുന്ന സമയത്ത് രക്ഷകനായാണ് ഇല്യാസെത്തുന്നത്. എന്നാൽ തന്റെ ഭാര്യക്കും ആത്മീയതക്കും ഒഴിച്ചിട്ട പസുഹാന്റെ ഹൃദയത്തിലേക്ക് ഭാര്യയുടെ മരണം സൃഷ്ടിച്ച ശൂന്യത മുതലെടുത്ത്‌ ആഴത്തിലിറങ്ങിച്ചെല്ലാനാണ് പിശാച് ശ്രമിക്കുന്നത്. അദ്ദേഹത്തെ അവിശ്വാസത്തിലേക്കും ആത്മീയമായ അപചയത്തിലേക്കും നയിക്കുന്നതിനു പുറമെ ദുഷിച്ചവർ സംരക്ഷിക്കപ്പെടുകയും നല്ലവർ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ജീവിതത്തിനും മരണത്തിനുമിടക്കുള്ള ലോകത്ത് പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യമാദ്യം അവന് വഴങ്ങിക്കൊടുത്ത പസുഹാൻ പടിപടിയായി തന്റെ ബോധത്തിലേക്കു വരികയും ശൈത്വാന്റെ പരപ്പാവയായിരുന്നു താനെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ശൈത്വാന്റെ ദുഷിച്ച ഉപദേശങ്ങൾക്ക് താനൊരിക്കലും കീഴ്പെടില്ലെന്ന് വിജയത്തിന്റെ ആത്മവിശ്വാസത്തോടെ പറയുന്ന പസുഹാനെയും മരണം വരെ പസുഹാനെ പിന്തുടരുമെന്നു പറയുന്ന ശൈത്വാനെയും കാണാം.

കോമ

കോമക്ക് വ്യത്യസ്ത പ്രതികരണങ്ങളുണ്ടായി. അന്നത്തെ സ്റ്റേറ്റ് ടെലിവിഷൻ പ്രസിഡന്റായിരുന്ന ഇസ്സത്തുള്ള സർഗാമി പറഞ്ഞത് കോമ ആയത്തുള്ള ഖുമൈനിയുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം സ്പിരിച്വൽ ടി.വി ഷോകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നുമാണ്. ഷോയുടെ നിർമ്മാതാക്കളും സ്പോൺസർമാരും ആധികാരിക ഇസ്‌ലാമിക  വിവരണങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും വാദിച്ചു. Channel One ന്റെ ഡയറക്ടറായ അലിറാസാ ബറാസഷ്‌ ഒരു പടി കൂടി കടന്ന്, ഷോ ഹദീസ് പാഠങ്ങളെ ജനങ്ങളിലേക്കെത്തിക്കുമെന്നും പ്രസംഗ സദസ്സിനെക്കാൾ കൂടുതൽ കാണികൾ ഇത്തരം പരിപാടികൾക്കുണ്ടെന്നും പറയുകയുണ്ടായി

എന്നാൽ ആധികാരിക ആത്മീയ പാഠങ്ങൾക്കു വിരുദ്ധമായി സുമുഖനും അമാനുഷിക കഴിവുകളുമുള്ള ജനങ്ങളെ ആകർഷിക്കുന്ന ഒരുതരം “പോപ്പ് ശൈത്വാനെ” സൃഷ്ടിക്കുകയാണ് കോമ ചെയ്യുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശൈത്വാന്റെ മനുഷ്യരൂപം പ്രാപിക്കാനുള്ള കഴിവിനെയും ശൈത്വാന്റെ കഴിവിനെ പർവ്വതീകരിച്ച് കാണിച്ചതിനെയും വിമർശിച്ച് നിരവധി എഴുത്തുകാർ മുന്നോട്ട് വന്നു. ഹോളിവുഡിൽ ചിത്രീകരിച്ചിരിക്കുന്ന പിശാചിനെ കുറിച്ചുള്ള ക്രൈസ്തവ സങ്കൽപങ്ങളെ അവലബിച്ചതാണ് കാരണമെന്ന് അവർ പറയുന്നു. ഇത്തരം പ്രശ്നകരമായ ചിത്രീകരണങ്ങൾ ഉണ്ടാക്കാവുന്ന ഒട്ടും പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളെക്കുറിച്ചും ചിലർ പറയുന്നുണ്ട്. സ്റ്റേറ്റ് ടെലിവിഷനിലെ മതകീയ ഉള്ളടക്കങ്ങളിൽ വിദഗ്ധനായ ഒരാളുടെ അഭിപ്രായത്തിൽ ഈ ഫലങ്ങൾ പ്രേക്ഷകർക്ക് നിയന്ത്രിക്കാനാവാത്തതും എന്നാൽ നിർമ്മാതാക്കൾ മുൻകൂട്ടി കാണേണ്ടതുമായ മാനസിക ശേഷിപ്പുകൾ (mental residues) ആണ്. ഉദാഹരണത്തിന് ടിവിയിൽ മനുഷ്യരൂപം പ്രാപിച്ചുവരുന്ന പിശാച് കാണികൾക്ക് ചുറ്റുമുള്ള നല്ല മനുഷ്യരെ പോലും സംശയിക്കാൻ പ്രേരണയാകാം. കോമയിൽ കാണികൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇല്യാസ്/പിശാചാണെന്ന നിരീക്ഷണവും രണ്ടു കമ്മ്യൂണിക്കേഷൻ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്

2011 റമദാനിന് ശേഷം സ്റ്റേറ്റ് ടെലിവിഷൻ സ്പിരിച്വൽ സീരിയലുകൾ നിർമ്മിച്ചിട്ടില്ല. കോമയും സമാന്തരമായി മറ്റു സ്പിരിച്വൽ സീരിയലുകളും നേരിട്ട വിമർശനങ്ങൾ യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടിരുന്നു. ചിലപ്പോൾ മുഹമ്മദ് അൽ മഹ്ദിയുടെ മരണവും ഇതിന് കാരണമായിട്ടുണ്ടാകാം. സ്റ്റേറ്റ് ടെലിവിഷനെതിരെ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കുട്ടികൾ കാണുന്നതിൽ നിന്നും വിലക്കാൻ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയുണ്ട്. ആറു വർഷം കഴിഞ്ഞ് കോടതി ചാനൽ ത്രീ ഡയറക്ടർ അലി അസ്ഗർ മുഹമ്മദിയെയും പ്രൊഡ്യൂസർ ദാവൂദ് ഹാഷിമിയെയും ഡയറക്ടറും എഴുത്തുകാരനുമായ അലി റാസ അഫ്ഖാമിയെയും (കോമയുടെ തിരക്കഥാകൃത്തും She was an Angel ന്റെ ഡയറക്ടറും) ടെലിവിഷൻ പരിപാടികളുടെ പ്രക്ഷേപണ/നിർമ്മാണ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് ശിക്ഷിച്ചു. പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ കാണുന്നതിനുള്ള വിലക്ക് വ്യക്തമാക്കാത്തതിനും സ്ക്രീൻ കാപ്‌ഷനിലൂടെ  അറിയിക്കാത്തതിനും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാനും കോടതി കൽപിക്കുകയുണ്ടായി.

2011 ലെ ചില പ്രധാന രാഷ്ട്രീയ വ്യതിയാനങ്ങളും ടെലിവിഷൻ സ്പിരിച്വൽ പരിപാടികളുടെ ഭാഗധേയത്തെ നിർണ്ണയിച്ചിട്ടുണ്ടാകാം. ആ വർഷം തന്നെ മഹ്മൂദ് അഹ്‌മദ്‌ നജാദിനുള്ള പിന്തുണ നഷ്ടപ്പെട്ടു. പ്രസിഡന്റ് വലയത്തിലുള്ളവരുടെ വഴിതെറ്റിയ ആത്മീയ പ്രവണതകൾ യാഥാസ്ഥിക വിഭാഗത്തിന്റെ വിമർശനങ്ങൾക്ക് കാരണമായി. നജാദിന്റെ പല സഹായികളും അറസ്റ്റുചെയ്യപ്പെടുകയും ശിഷ്ടകാലം ഒന്നും ചെയ്യാനാകാതെ അദ്ദേഹത്തെ ഫലപ്രദമായി ഒതുക്കുന്നതിലും അവർ വിജയച്ചു. അതേസമയം തന്നെ സെൻസർഷിപ്പിലൂടെയും പ്രോപ്പഗണ്ടയിലൂടെയും നിയമനടപടികളിലൂടെയും ന്യൂ ഏജ് സ്പിരിച്വാലിറ്റിക്കും മന്ത്രികപ്രവണതകൾക്കും തടയിടാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമുണ്ടായി

ടെലിവിഷൻ സ്പിരിച്വൽ ഷോകൾക്ക് പ്രസിഡന്റ് വലയവുമായോ ന്യൂ ഏജ് സ്പിരിച്വാലിറ്റിയുമായോ ഉള്ള ബന്ധങ്ങൾ സുനിശ്ചിതമെല്ലെങ്കിലും ചില വിമർശകർ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റു ചിലർ കരുതുന്നത് പ്രകൃത്യാതീതശക്തികളിലുള്ള വ്യാപക താല്പര്യമാണ് ഒരേസമയം മേൽപറഞ്ഞ പ്രശ്നകരമായ ടെലിവിഷൻ ചിത്രീകരണത്തെ സാധ്യമാക്കിയതെന്നും അഹമ്മദ് നജാദിന് സംഭവിച്ച തരം വ്യതിയാനത്തെ (Deviant Current) പ്രോത്സാഹിപ്പിച്ചതെന്നുമാണ്.

ഒരേസമയം വിനോദവും ധാർമിക ബോധവത്കരണവും ലക്ഷ്യം വെച്ചുള്ള ഷോകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഇന്നും നിർമ്മിച്ചു കൊണ്ടിരിക്കുമ്പോഴും സ്പിരിച്ച്വൽ ടി.വി സീരിയലുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അപ്പോഴും ഇത്തരം ഷോകൾ പൊതുമണ്ഡലത്തിലേക്ക് കടത്തിവിട്ട പ്രേതങ്ങൾ ഇറാനിയൻ വിനോദത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണമായ ലോകത്തെ ഒഴിയാബാധയായി പിന്തുടരുകയാണ്.

വിവർത്തനം: ഇബ്നു അബ്ദിറഹ്മാൻ തേഞ്ഞിപ്പാലം

Courtesy: Ajam Media Collective

അലിറാസ ദൂസ്‌താർ

അസിസ്റ്റന്റ് പ്രൊഫസർ, ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് ആന്ത്രോപോളജി ഓഫ് റിലീജ്യൻ