Campus Alive

അദൃശ്യവൽക്കരിക്കപ്പെട്ട മനുഷ്യാവകാശപോരാളികളും ഇന്ത്യൻ ഭരണഘടനയും

‘A people’s constitution’ രോഹിത് ഡേയുടെ പുസ്തകമാണ്. ഗ്രന്ഥകർത്താവ് നിലവിൽ യൈൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്യുന്നു. ഭരണഘടനയുടെ ചരിത്രം അധികാരമില്ലാത്തവരുടെ ഭാഗത്ത് നിന്ന് പറയാൻ ശ്രമിക്കുകയാണ് ഈ പുസ്തകം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തുടക്കത്തിൽ നിയമം എങ്ങനെയാണ് ദൈനംദിന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഇടപെട്ട് തുടങ്ങിയത് എന്നും അധികാരത്തിന്റെ സൂക്ഷ്മമായ ഇടപെടലിനെ തങ്ങളുടെ അവകാശങ്ങൾ പറഞ്ഞ് കോടതിയിൽ കേസുകൾ ഫയൽ ചെയ്തും, ഇന്ത്യൻ ആഭ്യന്തര കൊളോണിയലിസത്തിനെതിരെ പൊരുതിയ മനുഷ്യാവകാശ പ്രവർത്തകരുടെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ചെറുകിട കച്ചവടക്കാർ, പശു ഇറച്ചി വിൽക്കുന്നവർ, ലൈംഗിക തൊഴിലാളികൾ, നൃത്തക്കാർ, പാട്ടുകാർ, തുടങ്ങി നിരവധി മനുഷ്യരെ നിയമം എങ്ങിനെ സമൂഹത്തിൽ നിന്ന് പുറന്തള്ളാൻ ശ്രമിച്ചുവെന്നും നിയമപരമായ ഇടപെടലുകൾ പലതരം അവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമായി എന്നും പുസ്തകം നിരീക്ഷിക്കുന്നു. കുടിയിറക്കൽ ഭീഷണി നേരിട്ട സ്ത്രീകൾ, പശുഇറച്ചി വിൽക്കാൻ പാടില്ലെന്ന് പറഞ്ഞ മുനിസിപ്പൽ ഓർഡറുകൾ എന്നിവക്കെതിരെ കോടതി കയറിയവരുടെ ചരിത്രം ഇന്ന് ഇന്ത്യൻ ചരിത്രപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി മാൻഡമസ് റിട്ട് കൊടുത്തത് ജലാലാബാദ് നോർത്ത് ഇന്ത്യയിലെ മുഹമ്മദ് യാസീൻ എന്ന ചെറുകിട പച്ചക്കറികടക്കാരനായിരുന്നു. മുനിസിപ്പൽ നിയമത്തിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ച ചരിത്രം നാം എവിടെയും കാണാറില്ല. ഈ പുസ്തകത്തിന്റെ 3ാം അദ്ധ്യായം വളരെ പ്രാധാന്യത്തോടെ നമ്മൾ വായിക്കേണ്ട നിയമ പോരാട്ടത്തിന്റെ ചരിത്രമാണ്. ‘അദൃശ്യരായ അറവുകാരുടെ കേസ്’ എന്ന തലക്കെട്ടിൽ തുടങ്ങുന്ന ഈ അദ്ധ്യായം പശുരാഷ്ട്രീയ വ്യവസ്ഥിതി ഭരണഘടനാപരമായും നിയമവ്യവസ്ഥിതിക്ക് അനുസൃതമായും രൂപപ്പെടുത്തിയെടുത്തതിന്റെ ചരിത്രം കൂടിയാണ്.

ബിധി സപ്ലൈ കമ്പനി v/s യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ജസ്റ്റിസ് വിവിയൻ ബോസ് 1956-ൽ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. ‘ഈ ഭരണഘടന ദേശത്തിനും ഭരണകൂടത്തിനും, വക്കീലന്മാർക്കും, രാഷ്ട്രീയക്കാർക്കും വേണ്ടി മാത്രമല്ല, അറവുകാരനും പാചകക്കാരനും തീപ്പെട്ടിനിർമ്മിക്കുന്നവനും കൂടി വേണ്ടിയുള്ളതാണ്’. ഈ നിരീക്ഷണത്തിൽ നിന്ന് തന്നെ ഭരണഘടനയെ സംബന്ധിച്ച് അത് വരേണ്യ ദേശബോധത്തിൽ അമർന്നതിന്റെ സൂചനയുണ്ട്, അല്ലെങ്കിൽ പ്രതിഷേധമുണ്ട്. ബാബരി മസ്ജിദ് കേസ് വിധി പോലെ ഭൂരിപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായി ആദ്യമായി വിധിക്കപ്പെട്ട കേസാണ് മുഹമ്മദ് ഹനീഫ ഖുറേഷി v/s സ്റ്റേറ്റ് ഓഫ് ബീഹാർ. മൂവ്വായിരം വരുന്ന ഖുറേഷി സമുദായത്തിൽപ്പെട്ട ആളുകൾ ഒപ്പിട്ട പരാതിയായിരുന്നു സുപ്രീം കോടതിയിൽ എത്തിയത്. ബോംബെ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അറവുകാർ സംഘമായാണ് കേസ് നടത്തിയിരുന്നത്. ഭരണഘടന സംരക്ഷണം നൽകുന്ന ഫ്രീ ട്രെയ്ഡ് പ്രൊഫഷൻ, റൈറ്റ് റ്റു റിലീജ്യൻ തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ജനങ്ങളുടെ പരാതിയാണിത്. സുപ്രീം കോടതി അമികസ് ക്യൂറിയെ വെച്ച ആദ്യ കേസും കൂടിയാണിത്. ഇവിടെ ഗ്രന്ഥകർത്താവ് ചോദിക്കുന്ന ചോദ്യം, ഇവിടെ വരുന്ന ജനക്കൂട്ടം നിയമ വ്യവഹാരത്തിന്റെ ചരിത്രത്തിൽ നിന്നും എന്ത് കൊണ്ട് അപ്രത്യക്ഷരായി? എന്നതാണ്.

രോഹിത് ഡേ

നോർത്ത് ഇന്ത്യയുടെ ചരിത്രത്തിൽ 18, 19 നൂറ്റാണ്ടുകളിൽ പശു എന്നത് ഹിന്ദുരാഷ്ട്രീയത്തിന്റെ സൂചകമായി വളർത്തി കൊണ്ട് വന്നിരുന്നു. ഈദുൽ അദ്ഹ (ബക്രീദ്- അറബിയിൽ ബക്കറ എന്ന പദത്തിന് പശു എന്നാണ് അർത്ഥം) എന്ന വലിയപെരുന്നാൾ ദിനത്തിൽ പ്രവാചകൻ ഇബ്രാഹീം നബിയുടെ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായി മുസ്‌ലിംകൾ ആട്, പോത്ത്, പശു തുടങ്ങിയ മൃഗങ്ങളെ ബലിയറുക്കുന്നു. എന്നാൽ എന്ത് കൊണ്ട് മുസ്‌ലിംകൾ പശുവിനെ കൂടുതലായും അറുക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ ഇറച്ചി കിട്ടുന്നത് പശുവിൽ നിന്നാണ്. മാത്രവുമല്ല പശുവിന്റെ ഒരു ഭാഗം പോലും പാഴായിപോകില്ല എന്നത് കൊണ്ടും കൂടിയാണ് മുസ്‌ലിംകൾ പശുവിനെ കശാപ്പ് ചെയ്ത് തുടങ്ങുന്നത്.

ഇന്ത്യൻ സാമൂഹിക ബന്ധങ്ങളിൽ ഭക്ഷണം എന്നതിന്റെ അർത്ഥങ്ങൾ പലതാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക അധികാര ബന്ധങ്ങൾ സൂക്ഷ്മരാഷ്ട്രീയ തലത്തിൽ നിന്ന് നാത്രമേ മനസ്സിലാക്കുവാൻ കഴിയൂ എന്ന് ഈ പുസ്തകം പറയുന്നു.

ബ്രിട്ടീഷുകാർ ബീഫ് കഴിക്കുന്നവരായിരുന്നു. അത്കൊണ്ട് ഉയർന്ന ജാതി ഹിന്ദുക്കൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തമായി നിലനിന്നിരുന്നു. പശുവിന്റെ രാഷ്ട്രീയത്തിന് 1881-ൽ ആര്യസമാജം ഔദ്യോഗികമായി ‘ഗോരക്ഷാ സഭ’കൾ രൂപീകരിച്ചുകൊണ്ട് തുടക്കമിട്ടു. സ്വാമി ദയാനന്ദ സരസ്വതി ആയിരുന്നു അതിന്റെ സ്ഥാപകൻ. പശുക്കളെ ഭക്ഷണത്തിന് വേണ്ടിയും മറ്റും ഉപയോഗിക്കുന്നത് തടയുകയായിരുന്നു പ്രധാന ലക്ഷ്യം. ഇത് മുസ്‌ലിംകളും ഉയർന്ന ജാതിക്കാരും തമ്മിൽ പ്രത്യക്ഷത്തിൽ തന്നെ അകൽച്ചയിലാക്കി. ഉയർന്ന ജാതിക്കാരും, കീഴാളരും തമ്മിലുള്ള അകലം ഒന്ന് കൂടി കൂട്ടി (ഇവിടെ ജാതിപരമായ അകലം ഒന്നുകൂടി പുതുക്കി). കോൺഗ്രസ്സിന്റെ സ്വാതന്ത്രസമര വേദികൾ പശു സംരക്ഷണ സമ്മേളനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. അതിന് പിന്തുണ കൂടി വന്നു.

1882-ൽ ഗോരക്ഷാസഭ മൂന്നുലക്ഷത്തി അമ്പതിനായിരം വരുന്ന വലിയ പെറ്റീഷൻ തയ്യാറാക്കി ബ്രിട്ടീഷ് സർക്കാറിന് മുൻപിൽ സമർപ്പിച്ചു. ഇത് അടിസ്ഥാനപരമായി വലിയ മണ്ടത്തരമായി ബ്രിട്ടീഷുകാർ കണ്ടു. അവരതിന് വഴങ്ങിയില്ല. ബാഹ്യ കൊളോണിയൽ ഭരണത്തിൽ ആഭ്യന്തര കൊളോണിയലിസത്തിനെതിരെ മുസ്‌ലിംകൾ പൊരുതി നിന്നു. കോടതികളിൽ പോയി തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുത്തു. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മുസ്‌ലിംകൾ മതപരമായ അവകാശം ഇത്തരത്തിൽ വാങ്ങിയിരുന്നു.

1903-ൽ സവർണ്ണർ ജില്ലാകോടതിയിൽ കേസ് കൊടുക്കുകയും പശുവിനെ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും പറഞ്ഞു. മുസ്‌ലിംകൾ ഭൂരിപക്ഷമില്ലാത്ത വില്ലേജിൽ അങ്ങനെ ഒരാചാരം നിലവിലില്ല എന്ന് ചൂണ്ടിക്കാട്ടി പശു സംരക്ഷകർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പക്ഷേ മുസ്‌ലിംകൾ അലഹബാദ് ഹൈക്കോടതിയിൽ പോയി അപ്പീൽ ഫയൽ ചെയ്തു. കസ്റ്റം എന്നത് മാത്രമല്ല സ്വന്തം പ്രോപ്പർട്ടിയിൽ ഉള്ള അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്ന് വാദിച്ചു. അലഹാബാദ് ഹൈക്കോടതി പശുവിനെ ഭക്ഷണത്തിന് വേണ്ടി, സ്വന്തം ഭൂമിയിൽ ഒരാൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല എന്ന് വിധിച്ചു.

പശുവിന്റെ ഭരണഘടനാവൽക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പാർട്ടിയിൽ ഗാന്ധി ഈ പശുസംരക്ഷണത്തെ ഏറ്റെടുക്കുകയും പശുവിനെ സംരക്ഷിക്കുക എന്നത് ദുർബലരെ സഹായിക്കലാണ് എന്ന് എഴുതി പ്രചരിപ്പിക്കുകയും ചെയ്തു. പശുവിനെ ദേശീയതയുടെ ഭാഗമാക്കി ഉയർത്തിക്കൊണ്ട് വന്നു. ഗാന്ധിയുടെ പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള നിലപാടിൽ ചില മാറ്റങ്ങൾ ഉണ്ടായി. അതിൽ പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഉത്ഭവത്തിന് കൂടി പങ്കുണ്ട്. ഗാന്ധിജിയുടെ നയവ്യതിയാനത്തിൽ ഗാന്ധി ഇങ്ങനെ കൂട്ടിചേർത്തു, പാക്കിസ്ഥാൻ വിഗ്രഹാരാധനയെ പൂർണ്ണമായും എതിർത്താൽ അവിടത്തെ ഹിന്ദുക്കൾക്ക് ഉണ്ടാകുന്ന പ്രശ്നത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഇവിടെ ഹിന്ദു രാജ്യത്തിനുള്ളിൽ മുസ്‌ലിംകൾക്ക് നേരിടുന്ന പ്രശ്നം കൂടിയായി അതിനെ കണ്ടത്.

Credit: Associated Press

ഇന്ത്യൻ ഭരണം നെഹ്റുവിന് കൈമാറി ബ്രിട്ടീഷുകാർ പിൻവാങ്ങിയപ്പോൾ അടിസ്ഥാനപരമായി മുസ്‌ലിംകൾക്ക് അതൊരു വലിയ തിരിച്ചടിയും കൂടിയായി. ബീഫ് തിന്നുന്ന ഭരണാധികാരികൾക്ക് പകരം ബീഫ് തിന്നാത്ത ഭരണാധികാരികളുടെ കടന്നുവരവ് മൗലികമായ മുസ്‌ലിംകളുടെ ജീവിതത്തിന് മേലുള്ള കടന്നുകയറ്റമായിരുന്നു. ഭരണഘടനാ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയിൽ താക്കൂർ ദാസ് ഭാർഗവ ഗോവധനിരോധന നിയമത്തിന് വേണ്ടി വാദിക്കുകയും അവസാനം അംബേദ്ക്കറടക്കമുള്ള ആളുകൾക്ക് ഗോരക്ഷാസമിതിയുടെ വാദങ്ങൾ സമ്മതിക്കേണ്ടിയും വന്നു. അത് പ്രധാനമായും പശുക്കളെ സംരക്ഷിക്കുക എന്നത് കൃഷിക്ക് അനുയോജ്യമാണെന്നുള്ള വാദങ്ങളായിരുന്നു. ഇന്ന് നമുക്കറിയാം ആർട്ടിക്കിൾ 38-A പ്രകാരം സംസ്ഥാനങ്ങൾ നിർദ്ദേശക തത്വങ്ങൾക്കനുസരിച്ചാണ്പശു സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. രൂക്ഷമായ പ്രതിഷേധ പരിപാടികൾ നെഹ്റു ഗവൺമെന്റിനെതിരെ ഉയർന്നുവന്നു. 1955-ൽ കമ്മ്യൂണിസ്റ്റുകൾ ഈ ഗോരക്ഷാസമിതിയുടെ കൂടെ നിന്നു. കാരണം അത് ഹിന്ദു എന്ന ഒരു പുതിയ ഏകീകരണത്തിന് കാരണമായി. 1951-ൽ അർജുൻ ഭഗത് എന്നയാൾ അറവുശാലകൾക്കെതിരിൽ അലഹാബാദിൽ നിരാഹാരം കിടന്നു. ഇതിനെ ജയപ്രകാശ് നാരായണന്റെ മൂവ്മെന്റ് സഹായിക്കുകയും ചെയ്തു.

1952, അലഹാബാദ് ഹൈക്കോടതിയിൽ ബുന്ദു എന്നയാൾ മുനിസ്സിപ്പാലിറ്റി ഗോനിരോധന നിയമം പാസ്സാക്കിയതിനെതിരെ റിട്ട് ഫയൽ ചെയ്തു. ആർട്ടിക്കിൾ 14 പ്രകാരം തുല്ല്യതക്കുള്ള അവകാശം ജോലിയിൽ വേണമെന്നും അറവുകാർക്കിടയിൽ ഇത് വിവേചനത്തിന് കാരണമാവുന്നെന്നും ആടുകളെ കശാപ്പ് ചെയ്യുന്നവരിൽ നിന്ന് പശുക്കളെ കശാപ്പ് ചെയ്യുന്നവരെ വിവേചനപരമായി മാറ്റി നിർത്തുന്നു എന്നുമായിരുന്നു ഈ റിട്ടിലെ പ്രധാന വാദം. അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് മുനിസിപ്പാലിറ്റി ആക്ട് 1916 പ്രകാരം പശുക്കളെ കശാപ്പ് ചെയ്യാൻ പാടില്ല എന്ന ഉത്തരവിന്റെ കൂടെ നിൽക്കുകയും ഈ റിട്ട് പെറ്റിഷൻ ഡിസ്മിസ്സ് ചെയ്യുകയും ചെയ്തു.

ഇതിന്റെ പ്രധാന കാരണം ബ്രിട്ടീഷുകാരുടെ പിൻവാങ്ങലിലൂടെ ഉയർന്ന ജാതി ഹിന്ദുക്കളാണ് ജഡ്ജിമാരായി അധികവും നിയമിതരായത് എന്നതായിരുന്നു. പശുരാഷ്ട്രീയം ഒരു ‘പൊതു പ്രശ്നമാക്കി’ മാറ്റാൻ ഈ പുതിയ സാഹചര്യത്തിൽ അവർക്ക് എളുപ്പമായി.

പശു രാഷ്ട്രീയം ഏറ്റവും കൂടുതൽ ബാധിച്ചത് മുസ്‌ലിംകൾക്കിടയിൽ തന്നെയുള്ള ഉത്തരേന്ത്യയിലെ ഖുറേഷ് ഗ്രൂപ്പിനാണ്. കാരണം പാരമ്പര്യമായി മുസ്‌ലിംകൾക്കിടയിൽ ഇവരായിരുന്നു ആ തൊഴിൽ ചെയ്തിരുന്നത്. ബോജ്പൂരിയായിരുന്നു അവരുടെ ഭാഷ. ഉറുദു സംസാരിക്കുന്ന മുസ്‌ലിംകൾക്കിടയിൽ തന്നെ അവർ വിത്യസ്തരായിരുന്നു എന്ന് കൂടി നാം കാണേണ്ടതുണ്ട്. ഹിന്ദുത്വരാഷ്ട്രീയ നിർമ്മിതിക്കെതിരെ പോരാടിയ ആദ്യവിഭാഗം മുസ്‌ലിംകൾക്കിടയിൽ നിന്ന് ഇവരായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്നെങ്കിലും ഇവർ സംഘടിതമായി പ്രവർത്തിക്കുകയും അവരുടെ ആവശ്യങ്ങൾ ഭരണകൂടത്തോട് ചോദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ നിയമപോരാട്ട ചരിത്രത്തിൽ ഇവരുടെ പേരുകൾ ഇല്ല എന്നതും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പ്രശ്നമായി നാം കാണണം. അറവുകാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾ പശുരാഷ്ട്രീയത്തിനെതിരെയുള്ള ആദ്യ ചൂണ്ടുവിരൽ ആയിരുന്നു. അവർ പിന്നോക്കം നിൽക്കുന്ന സമുദായത്തിലെ പിന്നോക്കക്കാരായിരുന്നുവെന്നും ഈ പുസ്തകം നമ്മോട് പറയാൻ ശ്രമിക്കുന്നു.

ഭരണഘടനയിലൂടെ ഒരു പുതിയ നിയമപോരാട്ട ചരിത്രം പിറവിയെടുത്തെങ്കിലും ജുഡീഷ്യറിയിലെ സവർണ്ണബോധം നിറഞ്ഞ വിധികർത്താക്കൾ പലപ്പോഴും പൊതുസമൂഹ മനസ്സാക്ഷിയുടെ കൂടെ നിൽക്കുന്നത് അഫ്സൽഗുരു വിഷയത്തിലും ബാബരി മസ്ജിദ് വിധിയിലും നാം കണ്ടതാണ്. പക്ഷേ ബാബരി മസ്ജിദിൽ നിയമപോരാട്ടം നടത്തിയത് അൻസാരി എന്ന് പേരുള്ള മുസ്‌ലിംകൾക്കിടയിൽ താഴേ തട്ടിൽ നിന്ന് വന്ന ഒരു മനുഷ്യനായിരുന്നു എന്നതും നാം ഈ പുസ്തകത്തോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

ദേശരാഷ്ട്രത്തിന്റെ പിറവിക്കും ഭരണഘടനാ നിർമ്മാണത്തിനും ശേഷം ദേശരാഷ്ട്രത്തിന്റെ ഹിംസകൾക്കെതിരെ ഭരണഘടനയെ ഉപയോഗിക്കാൻ അടിത്തട്ടിലെ ജനങ്ങൾക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ദേശരാഷ്ട്ര സങ്കൽപ്പങ്ങൾക്കതീതമായി തന്നെയാണ് ഭരണഘടനയെ സവർണ്ണ രാഷ്ട്രീയം പലപ്പോഴും മുന്നോട്ട് കൊണ്ട് പോയത്. ഇവിടെ 4ാം അദ്ധ്യായം ബ്രിട്ടീഷുകാർ എങ്ങനെയാണ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന അർത്ഥത്തിൽ ലൈംഗികതൊഴിൽ ചെയ്യുന്നവരെ കൈകാര്യം ചെയ്തതെന്നും ഇതിൽ നൃത്തം ചെയ്യുന്നവർ മുതൽ പാട്ട് പാടുന്ന സ്ത്രീകൾ വരെ suppression of immoral traffic act-1956 മുഖേനെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയും ഇങ്ങനെ ദേവദാസി സ്ത്രീകളും ജാതീയമായ ജീവിതക്രമത്തിന്റെ ഭാഗമായി ലൈംഗികത തൊഴിലായി സ്വീകരിക്കേണ്ടി വന്നവർ എല്ലാവരും ഭരണകൂടത്തിന്റെ ഹിംസ നേരിട്ട് തന്നെ മുനിസിപ്പൽ നിയമനിർമ്മാണങ്ങളിലൂടെ അറിഞ്ഞു. നേരത്തെ പറഞ്ഞ ബ്രിട്ടീഷുകാരുടെ കാലത്ത്, ലൈംഗിക രോഗങ്ങൾ പടരുന്നതിന്റെ ഭാഗമായിട്ടാണ് ലൈംഗിക തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അടിച്ചമർത്താൻ നിയമം കൊണ്ട് വന്നിരുന്നത്. എന്നാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കീഴിൽ ഇത്തരമൊരു നിയമനടപടി നേരിട്ടപ്പോൾ ഹുസ്ന ബായ് എന്ന മുസ്‌ലിം സ്ത്രീയാണ് ഇത്തരമൊരു കുടിയൊഴിപ്പിക്കൽ നിയമത്തിനെതിരെ മുന്നോട്ട് വന്നത്. ഇത് 1958 കാലത്ത് ഇന്ത്യൻ പത്രങ്ങളിൽ വലിയ വാർത്തയായി. ആർട്ടിക്കിൾ 19 ന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് അവർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കുടിയൊഴിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ ഭരണകൂടങ്ങൾ ഒരു തരത്തിലുള്ള മുൻകരുതലുകളും അന്ന് എടുത്തിരുന്നില്ല. നിർഭാഗ്യവശാൽ അവരുടെ കേസ് കോടതി തള്ളിക്കളഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് ഇന്ത്യൻ മനുഷ്യാവകാശത്തിന്റെ ചരിത്രമെന്നാണ് ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത്.

സാദത്ത് ഹുസൈൻ മാന്റോയുടെ The New Constitution എന്ന കഥ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ വിവരിക്കുന്നുണ്ട്. ഉസ്താദ് മാൻഗു എന്ന ലാഹോറിലെ ഒരു കുതിരവണ്ടിക്കാരൻ Govt India Act 1935 നടപ്പാക്കിയപ്പോൾ അത് ബ്രിട്ടീഷുകാർ തിരിച്ചുപോവുന്നതിന് വേണ്ടിയാണെന്നും ഇന്ത്യക്കാർക്ക് അവകാശങ്ങൾ വന്നു എന്നും തെറ്റിദ്ധരിച്ച് ഇംഗ്ലീഷുകാരനായ യാത്രക്കാരനോട് ‘കൂലി ഇത്രപോര’ എന്ന് പറയുകയും ഇംഗ്ലീഷുകാരൻ കുതിരവണ്ടിക്കാരനെ തല്ലുകയും ചെയ്തു. പോലീസുകാർ വന്ന് ഉസ്താദ് മാൻഗുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അയാൾ ജയിലിൽ കിടന്ന് ‘പുതിയ ഭരണഘടന പുതിയ ഭരണഘടന’ എന്ന് നിലവിളിക്കുന്നതിനിടയിൽ ഇത് പഴയ ഭരണഘടന തന്നെയാണെന്ന മറുപടിയാണ് അയാൾക്ക് ലഭിക്കുന്നത്. ഇവിടെ ഭരണഘടന നൽകുന്ന ആശയങ്ങൾ ന്യൂനപക്ഷങ്ങൾക്കും പിന്നോക്കക്കാർക്കും ദലിതർക്കും മുസ്‌ലിംകൾക്കും എത്തിപ്പിടിക്കാൻ പറ്റാത്ത മിഥ്യാബോധമായി (Illusion) ഇന്നും നിലനിൽക്കുന്നു എന്ന വിമർശനം കൂടി രോഹിത് ഡേ മുന്നോട്ട് വെക്കുന്നുണ്ട്.

ഹാഷിര്‍ കെ മുഹമ്മദ്‌