Campus Alive

സ്വപ്ന ദര്‍ശനം: ദൈവിക ഭാവനയുടെ അനന്ത സാധ്യതകള്‍

ഉറക്കവേളയിൽ സ്വപ്‌ന രൂപേണെ പ്രത്യക്ഷപ്പെടുന്ന ഭാവനാചിത്രങ്ങളെയും രംഗങ്ങളെയും കേവല ആസ്വാദക വിഭവമായിട്ടാണ് നാം സാധാരണ കാണാറുള്ളത്. എന്നാൽ ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ (theology) സ്വപ്‌നം എന്ന വിഷയത്തിന് ആത്മീയവും ദൈവശാസ്ത്രപരവുമായ ആഖ്യാനങ്ങൾ കാണാൻ സാധിക്കും. ഗ്രീക്ക് തത്വചിന്തയും ഫ്രോയിഡിയൻ മനശ്ശാസ്ത്രവും പ്രദാനം ചെയ്ത സ്വപ്‌നാഖ്യാനങ്ങളിൽ നിന്ന് വിഭിന്നമായി, സ്വപ്‌നം എന്ന സാമൂഹികാനുഭവത്തെ ഇസ്‌ലാമിക പണ്ഡിതർ ബഹുവിധ തലങ്ങളിൽ നിന്ന് വീക്ഷിച്ചതായികാണാം. മതത്തിലെ ആധികാരിക ജ്ഞാനസ്രോതസ്സുകളുടെ പ്രാഗ് രൂപം, സാമ്പ്രദായിക മുസ്‌ലിംകൾക്കിടയിൽ നിലകൊണ്ട ജൈവിക അനുഷ്ഠാനം (സ്വപ്‌ന വ്യാഖ്യാനം) തുടങ്ങിയ നിരവധി മത മേഖലകളെ സ്പർശിക്കുന്നതാണ് സ്വപ്‌നത്തിന്റെ ഉള്ളടക്കം. അത് കൊണ്ട് തന്നെ സ്വപ്‌ന വ്യാഖ്യാനം ഒരു മതപാഠ്യശാഖയായി ഇസ്‌ലാമിക ചരിത്രത്തിൽ രൂപപ്പെട്ടതായി കാണാം. എന്നാൽ സ്വപ്‌നത്തിന്റെ ചരിത്രപരമായ ഉള്ളടക്കം വിശദീകരിക്കുന്നതിനേക്കാൾ, സ്വപ്‌നം എങ്ങനെ ഇസ്‌ലാമിക ഫിലോസഫിയുടെ ആഖ്യാനങ്ങളിൽ പെടുന്നു എന്ന ചർച്ചക്കാണ് ഇവിടെ ശ്രദ്ധയൂന്നുന്നത്.

മനുഷ്യന്റെ വൈകാരിക ബോധങ്ങളെ ഉണർത്തുന്ന മിശ്രിത രംഗങ്ങൾ എന്ന വിശേഷണത്തിനപ്പുറം, ആന്തരികാർഥങ്ങളാൽ ഉൽഭൂതമായ സത്യത്തിന്റെ പരിഛേദം എന്ന ഗണത്തിലാണ് സ്വപ്‌നം ഇസ്‌ലാമികമായി (അതിഭൗതികമായ അർഥത്തോടുകൂടെ) വിവക്ഷിക്കപ്പെടുന്നത്. അതിനാൽ തന്നെ സ്വപ്‌നത്തിന് പ്രവാചകത്വത്തിന്റെ വിരാമത്തിന് ശേഷം അല്ലാഹു നിയോഗിച്ച മത പരിഷ്‌കർത്താവ് എന്ന നാമമാണ് ഇബ്‌നു അറബി, ഇബ്‌നു ഹജർ അൽ അസ്‌ഖലാനി തുടങ്ങിയ മതപണ്ഡിതർ നൽകിയത്. പ്രവാചകൻ മുഹമ്മദ് (സ)യുടെ വിയോഗത്തിനുശേഷം മതപരമായ ദിശാബോധം സാക്ഷാൽക്കരിപ്പെടുന്നത് സ്വപ്‌നത്തിന്റെ ഉള്ളടക്കത്തിലൂടെയാണെന്ന്‌ മതപണ്ഡിതർ വിശദീകരിക്കുന്നു. സ്വപ്‌നത്തിന്റെ ഉള്ളടക്കം, സമയം, പ്രദേശം, ചിഹ്നം, സ്വീകർത്താവ്, വ്യാഖ്യാതാവ് എന്നീ വിവിധ തലങ്ങളുടെ ഗുണാത്മകതയും ഋണാത്മകതയും വിലയിരുത്തിയാണ് സ്വപ്‌നത്തിന്റെ പ്രഭാവം നിർണയിക്കപ്പെടുന്നതെങ്കിലും, സ്വപ്‌നം എന്നത് ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ നിരുപാധികം തള്ളികളയാൻ പറ്റുന്ന സാമൂഹിക ഘടകമല്ല എന്ന് കാണാന്‍ കഴിയും.

പ്രവാചകത്വത്തിന്റെ നാൽപത്തിയാറ് അംശത്തിൽ നിന്ന് ഒരു ഭാഗം സ്വപ്‌നം (അഥവാ റുഅ്‌യാ സ്വാലിഹ ) ആണെന്ന എന്ന പ്രവാചക വചനത്തിന്റെ വെളിച്ചത്തിൽ നിന്നാണ് സ്വപ്‌നാഖ്യാനങ്ങളെക്കുറിച്ച ഇസ്‌ലാമിക ചിന്ത ആരംഭിക്കുന്നത്. ആലമുൽ ഹയവാനിയ്യ/ മൃഗ ലോകത്തിന് സമാനമായ ഒേരു ഭാവന ലോകമുണ്ടെന്നും അതിന്റെ ആവിഷ്‌കാരമാണ് സ്വപ്‌നത്തിലൂടെ സാധ്യമാവുന്നതെന്നുമാണ് ഇബ്‌നു അറബി ഫുതൂഹാതുൽ മക്കിയ്യയിലൂടെ വിശദീകരിക്കുന്നത്‌. അർഥങ്ങളുടെയും ബിംബങ്ങളുടെയും സാധ്യതകളുടെയും ഗുപ്തമായ കവാടമായിട്ടാണ് ഇബ്‌നു അറബി സ്വപ്നത്തെ കാണുന്നത്. സാധ്യതകളുടെ അനന്തമായ വൈവിധ്യം ഭാവനയുടെ അടിത്തറാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇസ്‌ലാമിക ദൈവിക ശാസ്ത്രത്തിൽ സാർവത്രികമായി ഉപയോഗിപ്പെടുന്ന തഅ്ബീറു റുഅ്‌യ എന്ന നാമത്തിലെ തഅ്ബീറിന്റെ അർഥം വിട്ടുകടക്കൽ എന്നാണ്. നിലവിലെ അസ്തിത്വത്തിൽ നിന്നുമുള്ള വിട്ടുകടക്കലാണ് ഇബ്‌നു അറബി പറഞ്ഞ ഭാവനയുടെ വൈവിധ്യത്തിലുള്ളത്. അതിനാൽ ആ വിട്ടുകടക്കൽ സാധ്യമാവുന്നത് സ്വപ്‌നത്തിന്റെ വ്യാഖ്യാനത്തിലൂടെ മാത്രമാണ്. പ്രത്യക്ഷത്തിൽ കണ്ട ബിംബം മാത്രമാണ് സ്വപ്‌നത്തിന്റെ പൊരുളെന്ന് കരുതിയുള്ള നടപടി പ്രസ്തുത വൈവിധ്യത്തിന്റെ സാധ്യതയെ തള്ളികളയുക മാത്രമാണ് ചെയ്യുന്നത്. പ്രവചാകൻ മുഹമ്മദ് (സ) സ്വപ്‌നത്തിൽ വന്ന് പാൽ കുടിപ്പിക്കുന്ന രംഗം ദർശിച്ച പ്രവചകാനുയായി താൻ കണ്ടത് സത്യമാണോ എന്ന് പരീക്ഷിക്കാൻ വായിൽ കയ്യിട്ട് ഛർദ്ദിച്ചപ്പോൾ, ആ പ്രവചാകാനുയായി തടസ്സം നിന്നത് താൻ കണ്ട സ്വപ്‌നത്തിന്റെ ബഹുവിധാർത്ഥത്തിലുള്ള വ്യാഖ്യാനത്തെയാണെന്ന് ഇബ്‌നു അറബി തന്റെ പ്രശസ്ത ഗ്രന്ഥമായ ഫുസൂസുൽ ഹികമിൽ വിശദീകരിക്കുന്നുണ്ട്. ഇബ്‌നു അറബി രചിച്ച ഫുസൂസുൽ ഹികം, ഫുതൂഹാത്തുൽ മക്കിയ്യ, അരിസാലത്തുൽ മുബശ്ശിറ ഫിൽ മനാമിയ്യ എന്നീ ഗ്രന്ഥങ്ങളിലൊക്കെ സ്വപ്‌നത്തിന്റെ മതപരമായ പങ്കിനെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതായി കാണാം. കൂടാതെ ഹെൻറി കോർബിൻ രചിച്ച Creative Imagination in the Sufism of Ibn Arabi എന്ന ഗ്രന്ഥവും വില്യം സിചിറ്റിക് രചിച്ച Sufi Path of Knowledge എന്ന ഗ്രന്ഥവും പ്രസ്തുത വസ്തുതകളെ കൂടൂതൽ സാധൂകരിച്ച് നൽകുന്നവയാണ്. ചുരുക്കത്തിൽ സ്വപനലോകം വ്യാഖ്യാനത്തിന് (interpretation) അതീതമല്ലെന്നും സ്വപ്‌നത്തിലെ സ്വപ്‌നം (അൽ മനാമു ഫിൽ മനാം) എന്ന വിശേഷണത്തിന് അത് അർഹമാണെന്നും പണ്ഡിതർ വിശദീകരിക്കുന്നു.

”ജനങ്ങൾ എല്ലാവരും സുഷുപ്തിയിലാണ്, അവർ മരിച്ചാൽ അവർ ഉണർന്നിരിക്കുന്നവരാണ്” എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിൽ, പ്രപഞ്ചം (cosmos)എന്നും ചുരുളഴിക്കപ്പെടാത്ത രഹസ്യമെന്നിരിക്കെ അതിനെ സ്വപ്‌നം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതിനാൽ സ്വപ്‌നം കേവല വ്യായാമമല്ലെന്നും ഉടമയായ ദൈവവും അടിമയായ മനുഷ്യനും ദൈവദർശനം സാധ്യമാവാൻ നടത്തുന്ന ധ്യാനം (theophanic meditation)എന്ന രീതിയിലാണ് സ്വപ്നത്തെ നിർവചിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ വായന ഇമാം ഖുശൈരി എഴുതിയ രിസാല ഖുശൈരിയ്യയിൽ കാണാം. അല്ലാഹുവിന്റെ മുമ്പിൽ സദാ ജാഗരൂഗനാവേണ്ട അടിമക്ക് ഉറക്കം അനാദരവാണെന്നാണ് അദ്ദേഹം വീക്ഷിക്കുന്നത്. അത് കൊണ്ടാണ് അല്ലാഹുവിന്റെ മുമ്പിൽ അറിയാതെ ഉറങ്ങിപോയ ഇബ്‌റാഹീ നബിക്ക് അല്ലാഹു നൽകിയ പരിഹാരമായിരുന്നു മകനെ അറുക്കാനുള്ള ആഹ്വാനം. ഉറക്കം ജ്ഞാനത്തിന്റെ വിപരീതമാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജ്ഞാനിയായ മനുഷ്യന് ഉറക്കം വന്നാൽ പോലും ദൈവ പ്രകാശമുള്ള ഉറക്കമാണ് നടത്തേണ്ടതെന്ന് ഇമാം ഖുശൈരി സാക്ഷ്യപ്പെടുത്തുന്നു.

സ്വപ്‌ന ആഖ്യാനങ്ങളിൽ ഇബ്‌നു അറബി , ഇമാം ഖുശൈരി എന്നിവരെക്കൂടാതെ ഇമാം ഗസ്സാലി, ഇബ്‌നുഖയ്യിമിൽ ജൗസി, ഇബ്‌നു തൈമിയ്യ, ഇമാം സുയൂഥി, ഇബ്‌നു ഹജർ അസ്ഖലാനി തുടങ്ങിയ ഇസ്‌ലാമിക പണ്ഡിതരുടെ നിലപാടുകളും ഏറെ വേറിട്ടതാണ്. ഇതിൽ ഇമാം ഗസ്സാലിയുടെ ഇഹ് യാ ഉലൂമുദ്ദീനും ഇബ്‌നു ഖയ്യിമുൽ ജൗസിയുടെ കിതാബ് റൂഹും വളരെ പ്രധാനപ്പെട്ടതാണ്. ഗ്രീക്ക്‌ ചിന്തയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ഇബ്‌നു സീനയും ഫാറാബിയും നടത്തിയ സ്വപ്‌നാഖ്യാനങ്ങളെ ഇമാം ഗസാലി (റ) നിശിതമായി വിമർശിച്ചിരുന്നു. മനുഷ്യന്റെ ബുദ്ധി സ്വപ്‌നം കാണുവാനുള്ള മനുഷ്യന്റെ ഭാവനാ ശക്തിയുടെ സ്ഥാനത്തേക്കാൾ മഹത്തരമാണെന്നായിരുന്നു ഇബ്‌നു സീന വ്യാഖ്യാനിച്ചത്. സ്ഖലിത വിധേയമാവുന്ന മാനുഷിക ബുദ്ധിക്ക് മുകളിൽ നിൽകുന്ന (superior) ഭാവനാശക്തിയാണ് ഏറെ പ്രധാനമെന്ന് ഗസാലി നിരീക്ഷിച്ചിരുന്നു. കാരണം ദൈവ പ്രകാശമുള്ള ബിംബങ്ങളെ ആവിഷ്‌കരിക്കാൻ ഇന്ദ്രിയങ്ങൾക്ക് അസാധ്യമായിരിക്കെ, മനുഷ്യന് ലഭിച്ച ഭാവനാശക്തി (imaginative faculty)ക്ക് കഴിയുമെന്ന് അദ്ദേഹം വാദിച്ചു. അത് കൊണ്ട് ഉറങ്ങുന്നവൻ തന്റെ സ്വപ്‌നത്തിൽ ദൈവികമായ പാലം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അഥവാ ഉറങ്ങുന്ന വ്യക്തി സ്വപ്‌നം കാണുമ്പോൾ, അവന്റെ ഹൃദയവും ലൗഹുൽ മഹ്ഫൂദും നേർക്കുനേർ വെച്ച രണ്ടുകണ്ണാടികളാണ്. അതിന്റെ പ്രതിഫലന ബിംബങ്ങളാണ് ഋജുവായ സ്വപ്‌നങ്ങളുടെ (റുഅ്‌യാ സ്വാലിഹ) കാതലായി വർത്തിക്കുന്നത്. അവക്കിടയിൽ ഭൗതികമായ താൽപര്യം വിഘാതമായി വന്ന് കഴിഞ്ഞാൽ ആ സ്വപ്‌നം ദൈവ പ്രീതിയില്ലാത്ത ഭാവന ചിത്രങ്ങളായിമാറുമെന്ന് അദ്ദേഹം പറയുന്നു.

Osama bin Laden

മനുഷ്യന്റെ ഭാവനാ ശക്തി ബുദ്ധിയേക്കാൾ മികച്ചതാണെന്ന നിലപാടാണ് ഇബ്‌നു അറബിയും പ്രകടിപ്പിച്ചത്. ഭൗമ ലോകത്ത് മനുഷ്യ ചിന്തകൾക്ക് വഴങ്ങാത്ത കാര്യങ്ങളുടെ ഭാവനയും സമ്മേളനവും സ്വപ്‌നത്തിൽ സാധ്യമാണെന്ന് ഇബ്‌നു അറബി പറയുന്നുണ്ട്. അതിനാൽ തന്നെയാണ് ഇത്തരം സ്വപ്‌നങ്ങൾ നുബുവ്വത്തിന്റെ പിൻഗാമിയാണെന്ന് മതപണ്ഡിതന്മാർ പറയുന്നത്. ഇസ്ലാമിക പ്രബോധനം പ്രവാചക കാലത്ത് ആരംഭിച്ചത് മുതൽ, മതവിജ്ഞാനീയങ്ങളുടെ പ്രാഗ് സ്രോതസ്സായിരുന്നു പ്രവാചകൻ കണ്ട സ്വപ്‌നങ്ങൾ. വഹ് യിന്റെ വിവിധ മാർഗങ്ങളിൽ ഗണനീയമായ സ്ഥാനം സ്വപ്‌നങ്ങൾക്ക് ഉള്ളത് കൊണ്ട്തന്നെ റുഅ്‌യ സ്വാലിഹ ഇസ്‌ലാമിക ജ്ഞാന മീമാംസയുടെ പ്രാഗ് രൂപമായി പറയാവുന്നതാണ്.
സ്വതന്ത്രമായ നിയമനിർമാണങ്ങളുടെ സാധുതയ്ക്ക് സ്വപ്‌നം വിഘാതമാണെങ്കിലും, സ്വപ്‌നം ഇസ്‌ലാമിലെ ആത്മീയമയവും (mystical) അതിഭൗതികവുമായ (metaphysical) വിതാനങ്ങളെ ചൂഴ്ന്നുനിൽക്കുന്നതാണെന്ന് പ്രകടമാവും. ഇബ്‌നു സീരിനിൽ തുടങ്ങി ഖർഖൂശി, ഇബ്‌നു ഖുതൈബ, സിജിസ്താനി, ഹുനൈനി ഇബ്‌നു ഇസ്ഹാഖ് തുടങ്ങിയവരിൽ ചെന്നെത്തുന്ന ഇസ്‌ലാമിലെ സ്വപ്‌നവ്യാഖ്യാന സാമ്പ്രദായികതയും ഇമാം ഗസാലി, ഇമാം ഖുശൈരി, ഇബ്‌നു ഖയ്യിമുൽ ജൗസി, ഇമാം ഇബ്‌നു അറബി, ഇബ്‌നു സീന എന്നിവരിലൂടെ സാധ്യമായ ആധികാരിക മതനിയമ നിർമാണത്തിന്റെ സാധുതാചർച്ചകളും ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ സജീവമായത് കൊണ്ട് തന്നെ സ്വപ്‌ന സംബന്ധിയായ അക്കാദമിക് ചർച്ചകളും ഒട്ടും വിരളമല്ല. ലൈൻ ആർ എഡ്കാർ രചിച്ച The Dream in Islam: From Quranic Tradition to Jihadist Intrepretation എന്ന ഗ്രന്ഥവും എലിസബത്ത് സിറിയ്യ രചിച്ച Dreams and Visions in the World of Islam: A History of Muslim Dreaming and Forknowing എന്ന ഗ്രന്ഥവും ഇതിൽ ഏറെ പ്രധാനപ്പെട്ടവയാണ്. സ്വപ്‌ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട് കടന്ന് വന്ന ആധികാരമല്ലാത്ത വ്യാഖ്യാന പ്രവണതകളാണ് ആധുനിക ഇസ്‌ലാമിന്റെ വൈകല്യങ്ങൾ എന്ന് പ്രസ്തുത രണ്ട് കൃതികളും ചൂണ്ടികാണിക്കുന്നു. അൽ ഖാഇദ, താലിബാൻ തുടങ്ങിയ സംഘങ്ങൾ നടത്തുന്ന സായുധ കലാപങ്ങൾക്ക് അവരുടെ തലവന്മാർ കണ്ട സ്വപ്‌നങ്ങളിലൂടെ നിയമപരമായ സാധൂകരണം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സ്വപ്‌ന വ്യാഖ്യാനത്തിലെ ആനാരോഗ്യ പ്രവണതകൾ എന്ന് എഡ്ഗാർ ചൂണ്ടികാണിക്കുന്നു. അബൂബകർ അൽ ബഗ്ദാദിയും ഉസാമ ബിൻ ലാദനും അബൂ മൂസാ അൽ സർഖാവിയും തങ്ങളുടെ പ്രസ്ഥാനങ്ങുടെ ലക്ഷ്യപൂർത്തീകരണത്തിന് സ്വപ്‌ന വ്യാഖ്യാനം ഒരു സാധൂകരണ ഉപകരണമായി (Legitimating tool) ഉപയോഗിച്ചുവന്ന് അദ്ദേഹം പറയുന്നു. ഇത്തരം ആധുനിക മതരീതികളെ ഇസ്‌ലാമിക് എന്ന നാമത്തിപ്പുറം നോമിനൽ മുസ്‌ലിംകളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യലായിരിക്കും ഉത്തമം. അല്ലാത്ത പക്ഷം ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ സ്വപ്‌ന വ്യാഖ്യാന ചർച്ചകളിൽ ഇത്തരം റാഡിക്കൽ ചിന്തകൾ പ്രബല മതഭാഷയായി രൂപപ്പെടുന്നതുകാണാം.

അവലംബം:
ഇബ്‌നു അറബി – ഫുതൂഹാതുൽ മക്കിയ്യ
-ഫുസൂസുൽ ഹികം
ഇമാം ഖുശൈരി – അൽ റിസാലത്തുൽ ഖുശൈരിയ്യ
വില്യംസി ചിറ്റിക്- Sufi Path of Knowledge
എലിസബത്ത് സിറിയ്യ- Dreams and Visions in the World of Islam: A History of Muslim Dreaming and Forknowing

സി സാലിഹ് അമ്മിനിക്കാട്‌