Campus Alive

ബിന്നബിയും ഖല്‍ദൂനും സാംസ്‌കാരികചിന്തയുടെ അസാധ്യതകളും

സ്ഥിരവാസ സമൂഹങ്ങളെ മനസ്സിലാക്കുന്ന വേളയിലാണ് ഇബ്‌നു ഖല്‍ദൂന്‍ സംസ്‌കാരത്തെ പറ്റി ആലോചിച്ച് തുടങ്ങുന്നത്. ജീവിതത്തെ  രേഖീയമായി മനസ്സിലാക്കിയും നില്‍ക്കുന്ന ഇടത്തെ മൂര്‍ത്തമാക്കിയും മാത്രമേ സംസ്‌കാരം സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നായിരിക്കാം അത്. അഥവാ സ്ഥിരവാസ സമൂഹങ്ങളില്‍ സാധ്യമായതെന്തോ അത് ബദവി(നാടോടി അറബികള്‍) കളെ സംബന്ധിച്ചിടത്തോളം വലിയ അസാധ്യതകളാണ് തുറന്നിടുന്നത്. ബദവികളെ വിവരിക്കുന്നിടത്ത് ഖല്‍ദൂന്‍ ഈയൊരസാധ്യതയെ ധാരാളമായി ആസ്വദിക്കുന്നുണ്ട്. ബദവികളുടെ ജീവിതം അദ്ദേഹം പറയാന്‍ തുടങ്ങുന്നത് ഫിത്വ്‌റ(ശുദ്ധപ്രകൃതി) യെ പറ്റിയുള്ള പ്രവാചക വചനം ഉദ്ധരിച്ച് കൊണ്ടാണ്. അതായത് സ്വന്തം ശരീരത്തെ പറ്റിയുള്ള ആലോചനകള്‍ അസാധ്യമാവുന്ന പ്രകൃതത്തോടാണ് അദ്ദേഹം ബദവികളെ കൂട്ടിവായിക്കുന്നത്. മറുവശത്ത് സ്ഥിരവാസ നാഗരികത എന്നത് സ്വേഛയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കപ്പെട്ടതും രേഖീയമായ ആഗ്രഹങ്ങള്‍ക്ക് അടിപ്പെട്ടതുമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.

Malek Bennabi

മാലിക്ക് ബിന്നബിയുടെ ആലോചനകള്‍ ഖല്‍ദൂനെ വിശദീകരിക്കാന്‍ പ്രാപ്തമാണെന്ന് തോന്നുന്നു.  ബിന്നബിയെ സംബന്ധിച്ചിടത്തോളം സംസ്‌കാരം എന്നത് അതിന്റെ നിലനില്‍പ്പിനാല്‍ തന്നെ പ്രശ്‌നവത്ക്രതമാണ്.  culture എന്ന വാക്കിന്റെ എറ്റിമോളജിയെ പരിശോധിച്ച് കൊണ്ട് അത് യൂറോപ്യന്‍ ആധുനികതയുടെ ചട്ടക്കൂടുകള്‍ക്കകത്ത് വികാസം പ്രാപിച്ച കൃഷിയെയും ഇടത്തെയും കേന്ദ്രമാക്കിയുള്ള ഭാവനയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അതിനാല്‍ തന്നെ മുസ്‌ലിം വ്യക്തിയെയും ഉമ്മത്തിനെയും സംസ്‌കാരത്തിന്റെ(culture) ഭാവനാപരിസരത്ത് നിന്നുകൊണ്ട് വിലയിരുത്തുക അസാധ്യമായി വരുന്നു. ബിന്നബിയില്‍ നാഗരികത എന്നത് രണ്ട് ആശയങ്ങളെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ട് വരുന്നത്. അതിലൊന്ന് ഭൂമിയെ കേന്ദ്രീകരിച്ചും മറ്റൊന്ന് ആകാശത്തെ കേന്ദ്രീകരിച്ചുമാണ്. രണ്ട് വ്യത്യസ്ത ആഖ്യാനങ്ങളിലൂടെയാണ് ഇത് വിശദീകരിക്കപ്പെടുന്നത്. ഭൂമിയെ അല്ലെങ്കില്‍ വസ്തുവിനെ കേന്ദ്രീകരിച്ചുള്ള സംസ്‌കാരത്തെ സൂചിപ്പിക്കാന്‍ അദ്ദേഹം ഡാനിയല്‍ ഡിഫോ(Daniel Defoe) യുടെ റോബിന്‍സണ്‍ ക്രൂസോയെ ഉദാഹരിക്കുന്നു. ആള്‍വാസമില്ലാത്ത ദ്വീപില്‍ ഒറ്റപ്പെടുന്ന റോബിന്‍സണ്‍ ക്രൂസോ സ്വന്തം തീന്‍മേശ എന്ന വസ്തുവിനെ കേന്ദ്രവും ലക്ഷ്യവുമാക്കി ആശയങ്ങള്‍ രൂപപ്പെടുത്തുന്നു. സ്വന്തം ശരീരത്തെയും ഇടത്തെയും പറ്റിയുള്ള ധാരാളമായ ആലോചനകളാണ് ഇത്തരമൊരു സാംസ്‌കാരിക രൂപീകരണത്തിന്റെ ആധാരമായി അദ്ദേഹം മനസ്സിലാക്കുന്നത്. ആകാശത്തെ കേന്ദ്രമാക്കി ജീവിതത്തെ ക്രമപ്പെടുത്തുന്നതിന്റ ഉദാഹരണമായി ബിന്നബി ഇസ്‌ലാമിക പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഇബ്‌നു തുഫൈലിന്റെ ഹയ്യ് ബ്‌നു യഖ്ദാന്റെ കഥ പറയുന്നു. വളര്‍ത്തമ്മയുടെ മരണത്തെ പറ്റിയുള്ള അന്വേഷണം ഹയ്യ് ബ്‌നു യഖ്ദാനെ അല്ലാഹുവിനെ കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ബിന്നബിയുടെ മെറ്റഫെറുകള്‍, റോബിന്‍സണ്‍ ക്രൂസോയും ഹയ്യ് ബ്‌നു യഖ്ദാനും സ്വയം ഖല്‍ദൂനെ പ്രതിനിധീകരിക്കുന്നുണ്ട്. സംസ്‌കാരത്തിന്റെ ആരംഭത്തെ അല്ലെങ്കില്‍ ലക്ഷ്യത്തെ കുറിക്കാനാണ് ബിന്നബി ക്രൂസോയെയും യഖ്ദാനെയും വിശകലനം ചെയ്യുന്നത്.

Ibnu Thufail

എന്നാല്‍ ഖല്‍ദൂനിലേക്ക് ഇവരെ രണ്ട് പേരെയും കൂട്ടിക്കൊണ്ട് വരുമ്പോള്‍ മറ്റൊരു രീതിയില്‍ ചിന്തിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. കാരണം ഖല്‍ദൂനില്‍ സ്ഥിരവാസ നാഗരികത എന്നത് ഇഛകളും  ആഗ്രഹങ്ങളും സംരക്ഷിക്കാനുള്ള അറിവിനെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയതാണ്. പല തരത്തിലുള്ള വയലന്‍സുകളിലൂടെയുമാണ് അത് ഉണ്ടായിത്തീരുന്നത്. അതിനാല്‍ തന്നെ ഖല്‍ദൂന് വിവരിക്കാന്‍ കഴിയുന്ന ഭാഷയില്‍ (വിവര്‍ത്തനത്തിന്റെ പരിമിതിയാലും) അദ്ദേഹം അത് ദുഷ്ടതകള്‍ നിറഞ്ഞതാണെന്ന് വിശദീകരിക്കുന്നുണ്ട്. ഇത്തരം ഒരു സാംസ്‌കാരിക പരിസരത്തു നിന്നാണ് റോബിന്‍സണ്‍ ക്രൂസോ ദ്വീപില്‍ ഒറ്റപ്പെടുന്നത്. അതിനാല്‍ തന്നെ ക്രൂസോയുടെ അറിവ് വസ്തുക്കളെ പ്രത്യേക തരത്തില്‍ തന്റെ ഇഛക്കനുസരിച്ച് ക്രമീകരിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നുണ്ട്. വസ്തുവിനെ പറ്റിയുള്ള ഇത്തരം നിര്‍ണ്ണിതമായ അറിവാണ് ലോകത്തിലെ സാംസ്‌കാരികമായ ആധിപത്യത്തെ സ്ഥിരപ്പെടുത്തുന്നത്.

എന്നാല്‍ ഹയ്യ് ബ്‌നു യഖ്ദാന്‍ ഇത്തരം നിര്‍ണ്ണിതമായ അറിവ് സാധ്യമാവുന്നതിന് മുമ്പാണ് ആശയത്തെ പറ്റിയുള്ള അന്വേഷണം ആരംഭിക്കുന്നത്. ഖല്‍ദൂന്റെ ഭാഷയില്‍ ഫിത്‌രിയ്യായ ഘട്ടത്തിലാണ് വളര്‍ത്തമ്മയുടെ മരണം എന്ന അവസ്ഥയെ പറ്റി ആലോചിച്ച് തുടങ്ങുന്നത്. വസ്തുവിനെ പറ്റിയുള്ള ഭാഷയിലൂടെ രൂപപ്പെട്ട ഭൗതികമായ സൂചകങ്ങള്‍  അവയെ അതിര്‍വരമ്പുകള്‍ക്കകത്താക്കുകയും(territorialize) അവയ്ക്ക് അര്‍ഥം നല്‍കുകയും ചെയ്തു കൊണ്ടാണ് നിര്‍ണ്ണിതമായ അറിവ് രൂപപ്പെടുന്നത്. ഈ അറിവിനെ പറ്റിയുള്ള അജ്ഞതയാണ് ഹയ്യ് ബ്‌നു യഖ്ദാനെ പരമമായ സത്യത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.

ഇബ്‌നു ഖല്‍ദൂനെ സംബന്ധിച്ചിടത്തോളം ബദവികള്‍ എന്നത്  സാംസ്‌കാരികവും നാഗരികവുമായ ചിഹ്നങ്ങളെ പറ്റി അജ്ഞതയിലുള്ള കൂട്ടമാണ്. അതിനാല്‍ തന്നെ അവര്‍ നില്‍ക്കുന്ന ഇടത്തെ പറ്റി അധികം ചിന്തിക്കാത്തവരാണെന്ന് ഖല്‍ദൂന്‍ പറയുന്നുണ്ട്. നേരെ മറിച്ച് സ്ഥിരവാസ സമൂഹങ്ങളില്‍ ഇടത്തെ മൂര്‍ത്തമാക്കി നിര്‍ത്തുവാനായി വ്യത്യസ്ത തരത്തിലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതായി അദ്ദേഹം പറയുന്നുണ്ട്. വലിയ മതിലുകളും സുരക്ഷാവലയങ്ങളും തീര്‍ക്കുകയാണ് അതിലൊന്ന്. സ്വന്തം ശരീരത്തെയും അതിനെ ഉള്‍ക്കൊള്ളുന്ന ഇടത്തെയും പറ്റി ആശയലോകത്തുള്ള നിരന്തരമായ പ്രതിസന്ധികളാണ് ഒരിക്കലും പൂര്‍ണമാവാത്ത ഇത്തരം പ്രോസസുകളുടെ ആധാരം.

Daniel Defoe

ബിന്നബി വ്യക്തിയും വസ്തുവും ആശയവും തമ്മിലുള്ള സങ്കീര്‍ണമായ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആശയങ്ങളിലൂടെ മാത്രമേ വ്യക്തിക്ക് വസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. നിര്‍ണിതമായ അറിവ് ശരീരത്തെയും ഭൂമിയെയും പറ്റിയുള്ള ആശയത്തെ രൂപപ്പെടുത്തിയെടുക്കുന്ന അധികാരമായി പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തു കേന്ദ്രീകൃത സംസ്‌കാരം റോബിന്‍സണ്‍ ക്രൂസോയില്‍ സാധ്യമാവുന്നത്. എന്നാല്‍ വ്യവസ്ഥാപിതമായ അറിവിന്റെ പരിധികളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ദൈവിക സാന്നിധ്യത്തെ അനുഭവിക്കാന്‍ ഹയ്യ് ബ്‌നു യഖ്ദാന് കഴിയുന്നുണ്ട്. വസ്തുക്കളെ പറ്റിയുള്ള അറിവിനേക്കാളുപരിയായ ഈ ഒരു തിരിച്ചറിവാണ് ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാനമായി ബിന്നബി നിരീക്ഷിക്കുന്നത്.

സാംസ്‌കാരികമായ മുന്‍വിധികള്‍ വെച്ച് ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലുള്ള അടിസ്ഥാനപരമായ പിഴവ് എന്നത് മുകളില്‍ വിവരിച്ച സ്ഥാപനവത്കൃതമായ ചിഹ്ന വ്യവസ്ഥക്കകത്ത് ഇസ്‌ലാമും മുസ്‌ലിം ഉമ്മത്തും ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ഖല്‍ദൂനിലെ ബദവികളെ പോലെ ശരീരത്തിനും ഇടത്തിനും അതീതമായി സ്വന്തത്തെ പറ്റിയുള്ള ബോധ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ്. അസബിയ (പരസ്പര യോചിപ്പ്)* ഏറ്റവും ശക്തമായി കാണപ്പെടുന്നത് ബദവികള്‍ക്കിടയിലാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. സ്ഥിരവാസ നാഗരികതയിലെ പരസ്പര ബന്ധമെന്നത് യാന്ത്രികവും ഉദ്ദേശ്യ കേന്ദ്രീകൃതവുമായതിനാലാണത്. അതിനാല്‍ തന്നെ നാഗരിക ജീവിതം അപചയത്തിന്റെ ആരംഭമായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. ഈ ഒരു വേളയിലാണ് അദ്ദേഹം രാഷ്ട്രത്തെ പറ്റി ആലോചിച്ചു തുടങ്ങുന്നത്.

(തുടരും)

*ബിന്നബിയുടെ ആശയങ്ങളെ പരിചയപ്പെടുത്തിത്തന്നതിന് അധ്യാപകന്‍ സാദിഖ് പി കെ ക്ക് കടപ്പാട്.
*പരസ്പര യോചിപ്പ് എന്നത് അസബിയ എന്നതിനോട് യോജിക്കാത്ത വിവര്‍ത്തനമാണെന്ന ബോധ്യമുണ്ട്. ഇബ്‌നു ഖല്‍ദൂന്‍  വളരെ ആത്മീയമായ പരിസരത്ത് നിന്നുകൊണ്ടാണ് അസബിയയെ പരിചയപ്പെടുത്തുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതിലേക്ക് പിന്നീട് വരാമെന്ന് തോന്നുന്നു.

ആദ്യ ഭാഗം ഇവിടെ വായിക്കുക

അസ്ഹര്‍ അലി