Campus Alive

ഇസ്‌ലാമും സൈക്കോഅനാലിസിസും: ലിബറല്‍ സ്വത്വത്തിന്റെ രൂപീകരണത്തെക്കുറിച്ച്

ആധുനിക അറബ് രാഷ്ട്രീയം, അറബ് ബൗദ്ധിക ചരിത്രം എന്നീ വിഷയങ്ങളാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ജോസഫ് മസാദ് പഠിപ്പിക്കുന്നത്. ഇസ്‌ലാം, ഇസ്‌ലാമിസം, ലിബറലിസം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രതിനിധാന വായനകളാണ് അദ്ദേഹം നടത്താറുള്ളത്. ഈ ലേഖനം സൈക്കോഅനലിറ്റിക്ക് പാരമ്പര്യത്തില്‍ ഇസ്‌ലാമും ഇസ്‌ലാമിസവും എങ്ങനെയാണ് വായിക്കപ്പെട്ടത് എന്ന അന്വേഷണമാണ്. Desiring Arabs, Islam in Liberalism, colonial effects, The persistence of Palestenian Question എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

 

ഇസ്‌ലാമിനെക്കുറിച്ച കൃത്യമായ നിര്‍വ്വചനത്തിന്റെ അഭാവമാണ് പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ഇസ്‌ലാം വായനകളില്‍ മുഴച്ചു നില്‍ക്കുന്നത്. ഇസ്‌ലാം ഒരു മതത്തെയോ ഭൂമിശാസ്ത്രത്തെയോ സമുദായ സ്വത്വത്തെയോ സൂചിപ്പിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഇസ്‌ലാം എന്നത് ഒരു സങ്കല്‍പ്പമാണോ? ഒരു സാങ്കേതിക പദമായോ വര്‍ഗ്ഗീകരണമായോ അടയാളമായോ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുമോ? യൂറോപ്യന്‍ ഓറിയന്റലിസ്റ്റുകളും മുസ്‌ലിം-അറബ് ചിന്തകരും വ്യത്യസ്ത രീതികളില്‍ ഇസ്‌ലാമിനെ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ഒരു നിര്‍വ്വചനത്തിനും ഉള്‍ക്കൊള്ളാനാകാത്ത ഏകാത്മകത ഇസ്‌ലാം കൈക്കൊള്ളുന്നുണ്ട് എന്നാണവര്‍ മനസ്സിലാക്കിയിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് ദീന്‍ എന്ന ഖുര്‍ആനിക പദത്തിന്റെ മറ്റൊരു വിശേഷണം മാത്രമല്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ചരിത്രവും മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഉണ്ടായിട്ടുള്ള വൈവിധ്യമാര്‍ന്ന തത്വചിന്താപരവും ദൈവശാസ്ത്രപരവും നിയമപരവും സാമ്പത്തിക-സാമൂഹികപരവുമായ പ്രവര്‍ത്തനങ്ങളും ഇസ്‌ലാം എന്ന നാമത്തിന് കീഴില്‍ വരുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഏതൊക്കെ തരത്തിലുള്ള ആധുനിക പദ്ധതികളും ബൗദ്ധിക ഇടപാടുകളും വിമര്‍ശവും രാഷ്ട്രീയവും ആത്മീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണ് ഇസ്‌ലാമിനെക്കുറിച്ച പുതിയ അര്‍ത്ഥങ്ങളും വിശദീകരണങ്ങളും സാധ്യമാക്കുന്നത്? എന്തൊക്കെയാണ് അവ അസാധ്യമാക്കുന്നത്?

ഇസ്‌ലാമിനെക്കുറിച്ച ചില പുതിയ അര്‍ത്ഥങ്ങളും വിശദീകരണങ്ങളുമെല്ലാം 19, 20 നൂറ്റാണ്ടുകളിലെ രാഷ്ട്രീയ സാമൂഹ്യ ചിന്തയിലും ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവക്ക് കൂടുതല്‍ പ്രതിഫലനങ്ങളുണ്ടായേക്കാം. ഒട്ടുമിക്ക ഓറിയന്റലിസ്റ്റുകളും മുസ്‌ലിം-അറബ് ചിന്തകരും ഇസ്‌ലാമിനെ ഒരു സംസ്‌കാരവും നാഗരികതയുമൊക്കെയായാണ് മനസ്സിലാക്കുന്നത്. അതേസമയം ഇസ്‌ലാമിന്റെ വിവിധങ്ങളായ ആവിഷ്‌കാരങ്ങളെയും അര്‍ത്ഥങ്ങളെയും മനസ്സിലാക്കുക എന്നത് ഇസ്‌ലാമിനെ തന്നെ മനസ്സിലാക്കുന്നതിന് അനിവാര്യമാണ്. ഇസ്‌ലാമിന്റെ തന്നെ വ്യവഹാരങ്ങള്‍ മാത്രമല്ല, ഇസ്‌ലാമിനെ അപരമായി അടയാളപ്പെടുത്തുന്ന പാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇങ്ങനെ അപരമായി മനസ്സിലാക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ലിബറലിസം, വ്യക്തിവാദം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളുടെയെല്ലാം എതിരായാണ് ഇസ്‌ലാം നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അങ്ങനെയാണ് ഇസ്‌ലാം വ്യവഹരിക്കപ്പെടുന്നത്. അഥവാ, പാശ്ചാത്യ ആധുനികതയോടും പുരോഗമനപരതയോടും തുലനം ചെയ്തുകൊണ്ടാണ് ഇസ്‌ലാമിന്റെ ഇല്ലായ്കയെക്കുറിച്ച സംസാരം തന്നെ തുടങ്ങുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമാണ് ഇസ്‌ലാമിനെക്കുറിച്ച സവിശേഷമായ ഓരോ വ്യവഹാരങ്ങള്‍ രൂപപ്പെടുന്നത്. അഥവാ, ഓരോ വ്യക്തിയും ഓരോന്നാണ് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഓറിയന്റലിസ്റ്റുകള്‍, അറബ് സെക്കുലരിസ്റ്റുകള്‍ (മുസ്‌ലിം, ക്രിസ്റ്റ്യന്‍), ഇസ്‌ലാമിസ്റ്റ് ചിന്തകര്‍, പോസ്റ്റ്-കൊളോണിയല്‍ (മുസ്‌ലിം, ഇസ്‌ലാമിക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന) ദേശരാഷ്ട്രങ്ങള്‍, പാശ്ചാത്യ-മതേതര ദേശരാഷ്ട്രങ്ങള്‍ എന്നിവയെല്ലാം ഓരോ തരത്തിലാണ് ഇസ്‌ലാമിനെ നിര്‍വ്വചിച്ചതും ആവിഷ്‌കരിച്ചതും. സൈക്കോഅനാലിറ്റിക്ക് ചിന്തകരാകട്ടെ, തങ്ങള്‍ക്ക് തോന്നിയ പോലെയാണ് ഇസ്‌ലാമിനോടുള്ള തത്വചിന്താ സമീപനങ്ങള്‍ രൂപപ്പെടുത്തിയത്. ചരിത്രപരമായി പറയുകയാണെങ്കില്‍, സൈക്കോഅനാലിസിസ് ഒരിക്കലും ഇസ്‌ലാമിനെ ഗൗരവതരമായ ഒരു വിഷയമായി സമീപിച്ചിട്ടില്ല. തന്റെ moses and monotheism എന്ന പുസ്തകത്തിലെ ഫ്രോയിഡിന്റെ ‘മുഹമ്മദന്‍ മതത്തിന്റെ സ്ഥാപനം’ എന്ന വര്‍ത്തമാനമൊഴിച്ച് നിര്‍ത്തിയാല്‍ വെറുതെ പോലും ഇസ്‌ലാം സൈക്കോ അനലിറ്റിക്ക് പാരമ്പര്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതില്‍ തന്നെ ജൂതമതത്തിന്റെ ഒരു തുടര്‍ച്ചയായാണ് ഫ്രോയിഡ് ഇസ്‌ലാമിനെ അടയാളപ്പെടുത്തുന്നത്. ഫ്രോയിഡിനെ ഒഴിച്ചുനിര്‍ത്തിയാല്‍ സൈക്കോഅനലിറ്റിക്ക് പഠനങ്ങളില്‍ അസാന്നിധ്യം കൊണ്ടാണ് ഇസ്‌ലാം ശ്രദ്ധേയമാകുന്നത്. സൈക്കോഅനലിസ്റ്റായ എറിക്ക് ഫ്രോമിന്റെ മതങ്ങളെക്കുറിച്ച പുസ്തകത്തില്‍ ക്രൈസ്തവത, ജൂതായിസം, ബുദ്ധിസം, ഹിന്ദുയിസം തുടങ്ങിയ മതപാരമ്പര്യങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. ഇസ്‌ലാം അവിടെ അസന്നിഹിതമാണ്.

ഫ്രാന്‍സിലും ബ്രിട്ടനിലുമൊക്കെയായി പരിശീലനം ലഭിച്ച അറബ് ക്ലിനിക്കല്‍ സൈക്കോഅനലിസ്റ്റുകളെ കൂടാതെ (അവര്‍ ഫ്രോയിഡിന്റെ വര്‍ക്കുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.) ധാരാളം അറബ് ബുദ്ധിജീവികള്‍ സൈക്കോഅനലിറ്റിക്ക് വിജ്ഞാനത്തില്‍, പ്രത്യേകിച്ചും അബോധത്തെക്കുറിച്ച (unconcious) പഠനത്തില്‍ മുഴുകിയതായി കാണാം. എന്നാല്‍ അവര്‍ അതിനെ ഖുര്‍ആനുമായോ പ്രവാചക പാരമ്പര്യവുമായോ ബന്ധപ്പെടുത്തുകയോ അവയുടെ മേല്‍ പ്രയോഗിക്കുകയോ ചെയ്യുന്നില്ല. മറിച്ച് മുസ്‌ലിം സംസ്‌കാരങ്ങളെയും ആധുനിക അറബ് സാഹിത്യങ്ങളെയുമൊക്കെയാണ് സൈക്കോഅനലിറ്റിക്ക് രീതിശാസ്ത്രമുപയോഗിച്ച് അവര്‍ വായിക്കുന്നത്. മൊറോക്കന്‍ ബുദ്ധിജീവിയായ അബ്ദുല്‍കബീര്‍ ഖാതിബി പറയുന്നത് സൈ്ക്കോഅനലിറ്റിക്ക് പാരമ്പര്യത്തിന് ഇസ്‌ലാമിന്റെതായ സംഭാവനകള്‍ നല്‍കാന്‍ ഒന്നുമില്ല എന്നാണ്. എന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫ്രോയിഡിന്റെ നിരവധി എഴുത്തുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈയടുത്തായി സമകാലിക ഇസ്‌ലാമിക് മൂവ്‌മെന്റുകളെ സൈക്കോഅനലിറ്റിക്ക് പാരമ്പര്യത്തിനകത്ത് വെച്ച് വായിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുസ്തഫ സ്വഫ്‌വാന്‍ (ഈജിപ്ത്), ഫെതി ബെന്‍സ്ലാമ (തുനീഷ്യന്‍), അദ്‌നാന്‍ ഹുബ്ബല്ല (ലബനാന്‍), ഖാത്വിബി (മൊറോക്കോ), തറാബീശി (സിറിയ) തുടങ്ങിയവര്‍ ഇസ്‌ലാമും സൈക്കോഅനലിറ്റിക്ക് പാരമ്പര്യവും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവരില്‍ അധിക പേരും ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. ഫ്രാന്‍സില്‍ കുടിയേറിയവരാണവര്‍. ഇസ്‌ലാമിസ്റ്റ് മൂവ്‌മെന്റുകളുടെ ഉദയത്തിന്റെ പശ്ചാത്തലത്തിലാണ് അവരെഴുതുന്നത്.

ചില സൈക്കോഅനലിസ്റ്റുകള്‍ എഴുതുന്നത് ഇസ്‌ലാമിസം അടിച്ചമര്‍ത്തപ്പെട്ടവരുടെ തിരിച്ചുവരവാണ് (Return of the oppressed) എന്നാണ്. അള്‍ജീരിയന്‍ നരവംശശാസ്ത്രജ്ഞനും സൈക്കോഅനലിറ്റിക്ക് ചിന്തകനുമായ മാലിക് ചിബല്‍ പറയുന്നത് ഇസ്‌ലാമിസം ദൈവശാസ്ത്രപരമായ ഒരുണര്‍വ്വും അടിച്ചമര്‍ത്തപ്പെട്ടവരുടെ തിരിച്ചുവരവുമാണ് എന്നാണ്. അതേസമയം മറ്റുചില സൈക്കോഅനലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം (പ്രത്യേകിച്ചും യൂറോപ്യന്‍ പാരമ്പര്യത്തിലുള്ള ) അതൊരു ഭീതിയുണര്‍ത്തുന്ന യാഥാര്‍ത്ഥ്യമായാണ് നിലനില്‍ക്കുന്നത്. അഥവാ, യൂറോപ്യന്‍ ആധുനികതയുടെ പരാജയമായാണ് ഇസ്‌ലാമിസത്തിന്റെ വരവിനെ അവര്‍ മനസ്സിലാക്കുന്നത്.

ഇനി ഫ്രഞ്ച് മുസ്‌ലിം സൈക്കോഅനലിസ്റ്റായ ഫെതി ബെന്‍സലേമയുടെ പഠനങ്ങളെ ഒന്ന് പരിശോധിച്ച് നോക്കാം. ഇസ്‌ലാമും സൈക്കോഅനാലിസിസും തമ്മിലുള്ള ബന്ധത്തെയാണ് അദ്ദേഹം പരിശോധിക്കുന്നത്. അല്ലെങ്കില്‍ സൈക്കോഅനാലിസിസിന്റെ വെളിച്ചത്തില്‍ ഇസ്‌ലാമിനെ വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇസ് ലാം വായനയില്‍ ചെറിയ പിശക് വരുന്നുണ്ട്. ഒരുപാട് ഇസ്‌ലാമുകളെക്കുറിച്ച് (multiple islams) അദ്ദേഹം പറയുന്നുണ്ടെങ്കിലും ഇസ്‌ലാമിസം എന്നത് ഇസ്‌ലാമിന്റെ ഒരൊറ്റ ആവിഷ്‌കാരമായി അദ്ദേഹത്തിന്റെ എഴുത്തുകളില്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇസ്‌ലാം എന്നെഴുതുമ്പോള്‍ എന്തിനെയാണ് അതുകൊണ്ട് സൂചിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. അതേസമയം ഇസ്‌ലാമുകളെ ഒരൊറ്റ ഇസ്‌ലാമാക്കുന്ന ഇസ്‌ലാമിസ്റ്റ് പ്രൊജക്ടിനെയും യൂറോപ്യന്‍ ആധുനികതയെയും വിമര്‍ശിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിനോട് അതേ സമീപനം തന്നെ സ്വീകരിക്കുന്ന യൂറോപ്യന്‍ സൈക്കോഅനാലിസിസിനോടും വിമര്‍ശനാത്മകമായ അകലം അദ്ദേഹം പാലിക്കുന്നുണ്ട്. അപ്പോള്‍ തന്നെയും ഇസ്‌ലാം, ഇസ്‌ലാമുകള്‍ എന്നിവയുടെ നിര്‍വ്വചനത്തിലടങ്ങിയ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

സാത്താനിക് വേര്‍സസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബെന്‍സലാമയുടെ ഈ പ്രതിസന്ധി വളരെ പ്രകടമായിരുന്നു. അന്ന് സാത്താനിക് വേര്‍സസിനെതിരായ ഇസ്‌ലാമിസ്റ്റ് വിമര്‍ശനങ്ങളെ യൂണിവേഴ്‌സലായാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. അഥവാ, ഇസ്‌ലാമിക വിമര്‍ശനമായാണ് ഇസ്‌ലാമിസ്റ്റ് വിമര്‍ശനങ്ങളെ അദ്ദേഹം മനസ്സിലാക്കിയത്. സാത്താനിക് വേര്‍സസിനോടുള്ള മുസ്‌ലിം സമൂഹങ്ങളുടെ പ്രതികരണങ്ങളിലടങ്ങിയ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. മുസ്‌ലിം പാരമ്പര്യങ്ങളോടുള്ള ലിബറല്‍-സെക്കുലര്‍ സമീപനങ്ങളെത്തന്നെയാണ് അദ്ദേഹവും പിന്തുടരുന്നത്. വ്യക്തിയെ (individual) മുന്‍നിര്‍ത്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ഉല്‍പ്പാദിപ്പിക്കപ്പെട്ട ലിബറല്‍ വ്യവഹാരങ്ങളെയും ബെന്‍സലാമ അതേപടി സ്വീകരിക്കുന്നുണ്ട്. അങ്ങനെ ഇസ്‌ലാമിസ്റ്റുകളില്‍ നിന്നും ഇസ്‌ലാമിനെ വിമോചിപ്പിച്ച് ഒരു യൂറോപ്യന്‍ ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മാത്രമല്ല, ആധുനികമായ എല്ലാ വ്യവഹാരങ്ങളെയും (സയന്‍സ്, സൈക്കോഅനാലിസിസ്, യുക്തി തുടങ്ങിയവ) ഇസ്‌ലാമിന് പുറത്ത് നില്‍ക്കുന്ന ജ്ഞാനരൂപങ്ങളായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. മറ്റൊരു സൈക്കോഅനലിസ്റ്റായ സഫുആനും ഇസ്‌ലാമിനെ ജനാധിപത്യത്തിന്റെയും സ്വാതന്ത്യത്തിന്റെയും അപരമായാണ് വിലയിരുത്തുന്നത്. അറബ് രാജ്യങ്ങളെ സൈക്കോഅനാലിസിസ് സാധ്യമല്ലാത്ത പ്രദേശങ്ങളായി മനസ്സിലാക്കുന്നവരുമുണ്ട്‌. അവര്‍ പറയുന്നത് സ്വാതന്ത്ര്യം ഒരു മൂല്യമായി നിലനില്‍ക്കാത്ത (യൂറോപ്യന്‍ സ്വാതന്ത്ര്യം എന്നു വായിക്കുക) ഇടങ്ങളില്‍ സൈക്കോഅനാലിസിസ് നിലനില്‍ക്കില്ല എന്നാണ്. ഫ്രഞ്ച് വിപ്ലവം പോലുള്ള ഒരു ‘പുരോഗമന’ മുന്നേറ്റം അറബ് പ്രദേശങ്ങളില്‍ നടക്കാത്തതും ഒരു പരിമിതിയായി അവര്‍ മനസ്സിലാക്കുന്നുണ്ട്. അപ്പോള്‍ ഇസ്‌ലാം പുരോഗമനപരവും ജനാധിപത്യവരവുമൊക്കെ ആകണമെങ്കില്‍ ലിബറല്‍-സെക്കുലര്‍ മൂല്യങ്ങളെ സ്വാംശീകരിക്കണമെന്നാണ് സൈക്കോഅനലിസ്റ്റുകള്‍ പറയുന്നത് എന്ന് ചുരുക്കം.

ബെന്‍സലാമ അടക്കമുള്ള സൈക്കോഅനലിസ്റ്റുകളുടെ ഫ്രഞ്ച് ലൊക്കേഷന്‍ തന്നെയാണ് സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയുമൊക്ക വളരെ നിര്‍ണ്ണയപരമായി മനസ്സിലാക്കുന്നതിലേക്ക് അവരെ നയിക്കുന്നത്. കാരണം ഫ്രാന്‍സ് ആണല്ലോ അടിസ്ഥാനപരമായി എല്ലാ വിധ ലിബറല്‍ മൂല്യങ്ങളുടെയും കേന്ദ്രമായി മനസ്സിലാക്കപ്പെടുന്നത്. അപ്പോള്‍ ഫ്രാന്‍സ് എന്ന ലിബറല്‍ ലൊക്കേഷനില്‍ നിന്നുകൊണ്ട് ഇസ്‌ലാമിനെയും ഇസ്‌ലാമിസ്റ്റ് ആവിഷ്‌കാരങ്ങളെയും നോക്കിക്കാണുമ്പോഴാണ് വളരെ പ്രശ്‌നകരവും അപൂര്‍ണ്ണവുമായ ഒരു പ്രൊജക്ടായി അവ മനസ്സിലാക്കപ്പെടുന്നത്. അപ്പോഴാണ് ഇസ്‌ലാം വളരെ പ്രാകൃതവും ജനാധിപത്യവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണിയുമായ ഒരു പാരമ്പര്യമായി മനസ്സിലാക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയുമെല്ലാം അവര്‍ തന്നെയാണ് നിര്‍വ്വചിക്കുന്നത് എന്നതാണ് രസകരം. ഈ ലിബറല്‍ നിര്‍വ്വചനത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ ഇസ്‌ലാമിനെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഇങ്ങനെ ഇസ്‌ലാമിനെ അപരമാക്കി നിലനിര്‍ത്തുന്നതിലൂടെയാണ് ലിബറല്‍ സെല്‍ഫ് രൂപപ്പെടുന്നത്.

ജോസഫ് മസാദ്‌