Campus Alive

അതുകൊണ്ടൊക്കെയാണ് ചെറുത്തുനില്‍പ്പുകള്‍ ആഘോഷിക്കപ്പെടുന്നത്‌

വൈജ്ഞാനികവും രാഷ്ട്രീയവുമായ തുറന്ന ആശയ സംവാദങ്ങളുടെയും ചർച്ചകളുടെയും പുനരാലോചനകളുടെയും ആവിഷ്കാരങ്ങളുടെയും വേദിയാവുകയാണ് ‘ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസ്’. ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറോളം വൈജ്ഞാനിക അന്വേഷകരും രാഷ്ട്രീയ പ്രവർത്തകരും കലാകാരന്മാരും ഇതിൽ പങ്കുചേരുന്നുണ്ട്. ചെറുത്തുനിൽപ്, ആശയങ്ങൾ, ആഘോഷം എന്നീ മൂന്ന് കാര്യങ്ങളെ കേന്ദ്രമാക്കിയാണ് ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസ് എന്ന പരിപാടിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെറുത്തുനിൽപ്പുകളെയും ആശയങ്ങളെയും ആഘോഷത്തിന്റെ പ്രയോഗ ഭാഷയിലേക്ക് വിവർത്തനം ചെയ്യുവാനാണ് നമ്മുടെ ഫെസ്റ്റിവൽ ശ്രമിക്കുന്നത്. മനുഷ്യ ജീവിതത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള സൈദ്ധാന്തികവും തത്വചിന്താപരവുമായ വിജ്ഞാനീയങ്ങളും പ്രത്യയശാസ്ത്രങ്ങളും ആലോചനകളുമെല്ലാമാണ് ഫെസ്റ്റിവലിന്റെ ആശയ സംവാദങ്ങളിൽ കടന്നുവരുന്നത്.
അധീശത്വ പ്രത്യയ ശാസ്ത്രങ്ങളെയും വിജ്ഞാനീയങ്ങളെയും ഇഴകീറി പരിശോധിക്കുവാനും അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിഫലനങ്ങളെ അന്വേഷണ വിധേയമാക്കുവാനും ഫെസ്റ്റിവൽ ശ്രമിക്കുന്നു. കൂടാതെ ആഗോള തലത്തിൽ തന്നെ ക്രിട്ടിക്കൽ മുസ്ലിം സ്റ്റഡീസ് ഉൾപ്പെടെയുള്ള കീഴാള മുസ്ലിം വൈജ്ഞാനിക മുന്നേറ്റങ്ങളെ ചർച്ചക്കെടുക്കുകയും അത്തരം വിജ്ഞാനീയങ്ങളെ പുതിയ നൈതിക രാഷ്ട്രീയ പ്രയോഗമണ്ഡലത്തിലേക്കു എങ്ങനെ പരിവർത്തിപ്പിക്കാൻ സാധിക്കും എന്ന ആലോചനകൾക്കും ഫെസ്റ്റിവലിൽ ഇടമുണ്ടാകുകയാണ്.

ന്യൂനപക്ഷങ്ങൾക്കും ചില പ്രത്യേക സാമൂഹ്യവിഭാഗങ്ങൾക്കും നേരെയുള്ള അടിച്ചമർത്തൽ, ഉന്മൂലനങ്ങൾ, വംശഹത്യകൾ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ അതിനോടുള്ള പ്രതിപ്രവർത്തനമെന്നോണം വൈവിധ്യങ്ങളാർന്ന രൂപത്തിലുള്ള ചെറുത്തുനിൽപ്പുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സാമൂഹിക ഘടനയിലും അതിന്റെ തുടർച്ചയായി രാഷ്ട്രീയ സംവിധാനങ്ങളിലുമുള്ള ഘടനാപരമായ അടിച്ചമർത്തൽ രൂപങ്ങളെ വിശകലനം ചെയ്യാനും ആഗോള തലത്തിൽ നടന്ന വിവിധ പ്രതിരോധ മുന്നേറ്റങ്ങളെയും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് പ്രതിരോധത്തിന്റെ പുതിയ ആവിഷ്കാരവഴികൾ തേടുകയും ഐക്യദാർഢ്യത്തിന്റെയും പുതിയ രാഷ്‌ട്രീയം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം പ്രതിരോധ പോരാട്ടങ്ങളിൽ ഒരുമിച്ചുനിൽക്കുന്ന വിഭാഗങ്ങളുടെ സംഗമം കൂടിയായി ഈ വേദി മാറും.
ഒരു മാറ്റം സംഭവിക്കാതെ തുടർന്ന് പോകുന്ന മർദ്ദക വ്യവസ്ഥിതിയോടും, അതിജീവനത്തിനും നിലനില്പിനുമായുള്ള പോരാട്ടത്തിൽ സംഭവിച്ചേക്കാവുന്ന നൈരാശ്യത്തെയും, രാഷ്ട്രീയ വിഷാദത്തെയും മറികടക്കാനും ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ഊട്ടിയുറപ്പിക്കുവാനും അതിലൂടെ ആശയങ്ങളുടെയും നീതിക്കു വേണ്ടിയുള്ള ചെറുത്തുനില്പിന്റെയും മൂർച്ച കൂട്ടുവാനും നൈതിക രാഷ്ട്രീയത്തോടുള്ള വൈകാരിക ബന്ധത്തിന്റെ വീര്യം കൂട്ടുവാനും ഇത്തരമൊരു ഫെസ്റ്റിവൽ കൊണ്ട് സാധിക്കുമെന്ന് കരുതുന്നു. ചുരുക്കത്തിൽ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രകടനമാണ് ഇവിടെ ആഘോഷമായി മാറുന്നത്.

കേരളത്തിലും ആഗോളതലത്തിൽ പൊതുവായും ആധുനികതക്ക് ശേഷം മതവും അതിന്റെ ഘടകങ്ങളും പൊതു ഇടങ്ങൾക്ക് ചേരാത്ത അശ്ലീലമായ ഒന്നായാണ് കരുതപ്പെട്ടുപോരുന്നത്. ഒന്നു കൂടെ സൂക്ഷ്മമായി പരിശോധിച്ചാൽ, പ്രധാനമായും സെപ്റ്റംബർ പതിനൊന്നിന് ശേഷം, പൊതു ദൃശ്യതയും രാഷ്ട്രീയ കർതൃത്വവും പാടില്ലാത്ത മതം എന്ന തലത്തിലേക്ക് ഇസ്ലാമിനെയും മുസ്ലിംകളെയും കൃത്യപ്പെടുത്തിയതായി കാണുവാൻ സാധിക്കും.തന്നെയുമല്ല, ആധുനിക സാമൂഹ്യ ശാസ്ത്ര വിജ്ഞാനീയങ്ങളില്‍ മതം എന്നത് സാംസ്‌കാരിക പഠനങ്ങളുടെ ഗണത്തില്‍ പെടുന്ന ഒന്നായാണ് പരിഗണിക്കപ്പെടാറുള്ളത്. അഥവാ സാമൂഹിക നിര്‍മിതിയില്‍ പങ്കുവഹിക്കാന്‍ മാത്രം കെല്‍പ്പില്ലാത്ത, എന്നാല്‍ അക്കാദമിക പഠനങ്ങള്‍ എല്ലായ്‌പ്പോഴും ആര്‍ക്കൈവുകളായി സൂക്ഷിക്കുന്ന ഒന്നായി മതം പരിഗണിക്കപ്പെടുകയാണുണ്ടായത്. അത്‌കൊണ്ട് തന്നെ സംസ്‌കാരം, സംസ്‌കാരികാഘോഷം തുടങ്ങിയ സംജ്ഞകള്‍ എപ്പോഴും മതത്തിന് അന്യമായതായാണ് കാണാറുള്ളത്.

ഇങ്ങനെയുള്ള കേരളീയ ‘മുഖ്യധാരാ’ മതേതര പൊതുമണ്ഡലം കൊട്ടിഘോഷിക്കുന്ന വ്യത്യസ്ത സാംസ്കാരിക ആഘോഷങ്ങളും വൈജ്ഞാനികോത്സവങ്ങളും ഇടത് ലിബറൽ മൂല്യങ്ങളിലധിഷ്ഠിതവും മതത്തെയും മതത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ ചോദ്യങ്ങളെ പുറന്തള്ളുന്നതോ ഭയപ്പെടുന്നതോ ആണ്, പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളെ. അതേ പോലെ ജാതീയതയെ മുൻനിർത്തിയുള്ള രാഷ്ട്രീയ ചോദ്യങ്ങളെയൊക്കെ പലതരത്തിൽ നിഷേധിക്കുന്ന മാർക്സിയൻ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിലൂടെ ഇന്ത്യൻ സാമൂഹിക ഘടനയെ മനസ്സിലാക്കുന്ന ഇടത് ഭാവനകളും അത്തരം വൈജ്ഞാനികോത്സവങ്ങളുടെ അടിത്തറയാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി ജനാധിപത്യപരമായ ആശയ സംവാദങ്ങൾക്കും സാമൂഹിക നീതിയെ ആവശ്യപ്പെടുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്കുമായുള്ള തുറന്നിടലാണ് ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസ്. അതേ സമയം ‘മുഖ്യധാരയിലെ’ ഒഴിവാക്കലിൽ നിന്ന് പ്രതിനിധാനത്തിനായുള്ള മുറവിളികളായി അവരെ അനുകരിച്ചുകൊണ്ട് മറ്റൊരു ഫെസ്റ്റിവൽ ഒരുക്കുകയല്ല, മറിച്ച് മുഖ്യധാര, മുഖ്യമല്ലാത്ത ധാര തുടങ്ങിയ നിർമ്മിതികൾക്കപ്പുറം പലതരം ധാരകളാണ് ഉള്ളത് എന്ന് മനസ്സിലാക്കുകയും മതേതര ധാരകളിലെ സാംസ്കാരികാഘോഷങ്ങളോട് ഉൾക്കൊള്ളലിനേയും പുറന്തള്ളലിനേയും നീതിയേയും കുറിച്ച രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുകയും തങ്ങളുടേതായ വേദികൾ ആവിഷ്കരിക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ തന്നെ ആഘോഷം എന്ന പ്രകടന രൂപത്തെ കേരളത്തിൽ നിലനിൽക്കുന്ന സാമ്പ്രദായിക അർത്ഥങ്ങൾക്ക് പുറത്ത് നിന്നുകൊണ്ട് വേണം ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസിനെ മനസ്സിലാക്കാൻ.

ചുരുക്കത്തിൽ ആഘോഷം, ആശയം, പോരാട്ടം തുടങ്ങിയ മൂന്ന് സങ്കേതങ്ങളെ ഈ അർത്ഥത്തിലാണ് ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസിൽ പരിഗണിക്കുന്നത്.

ആശയങ്ങളേയും പോരാട്ടങ്ങളെയും പ്രസ്തുത രീതിയിൽ ആഘോഷിക്കുമ്പോൾ തന്നെ ഇസ്‍ലാമിക തത്വചിന്താ പാരമ്പര്യത്തെ സ്വാംശീകരിച്ചുകൊണ്ട് മുസ്‍ലിം കീഴാള രാഷ്ട്രീയത്തെയും ആശയങ്ങളെയും കലാവിഷ്കാരത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും ‘ഹാൽ’ എന്ന പേരിൽ ഒരുക്കിയ എക്സിബിഷനിലൂടെ ശ്രമിക്കുന്നു.

(ഡിസംബർ 27, 28, 29 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻറ് റസിസ്റ്റൻസിനെ കുറിച്ച് ഡയറക്ടർ ശിയാസ് പെരുമാതുറ സംസാരിക്കുന്നു)

ശിയാസ് പെരുമാതുറ