Campus Alive

യൗമുദ്ദീൻ: നീതി സങ്കൽപ്പത്തിന്റെ നാമ്പുകൾ തേടിയുള്ള യാത്രകൾ

സാമൂഹ്യശാസ്ത്രജ്ഞർ മനുഷ്യന് ‘സാമൂഹ്യ ജീവി’ എന്ന വിശേഷണം പതിപ്പിച്ച് കൊടുത്തത് പരസ്പര സഹവർത്തിത്വത്തിന്റെയോ സഹാനുഭൂതിയുടെയോ ഗുണങ്ങൾ അവനിൽ നിഷ്പ്പന്നമായതിനാലാണ്. കാലാനുസൃതം അവന്റെ മാനവികതയിൽ മായം കലർന്നതിന്റെ/കലർത്തിയതിന്റെ ഫലമെന്നോണം മാനവികത ചില ആന്ദോളനങ്ങൾക്ക് കാരണമാവുകയും അരികുവൽക്കരണങ്ങൾക്കും, പുറന്തള്ളലുകൾക്കും(Exhaust) ഒരു വിഭാഗത്തെ വിധേയമാക്കുകയും ചെയ്തു. അങ്ങനെ സവർണന് വിരോധിയായി അവർണനെയും, വെളുപ്പിന് വിപരീതമായി കറുപ്പിനെയും, സ്വരൂപിക്ക് എതിർവശത്തായി  വിരൂപിയെയും പ്രതിഷ്ഠിച്ച് വെച്ചു. ‘കണ്ടാലറക്കുന്ന ഒരു വിഭാഗം’ (സവർണ കണ്ണിലൂടെ നോക്കുമ്പോൾ) ‘ഉന്നതന്’ മുന്നിൽ മുട്ട് മടക്കേണ്ടി വന്നതും, അരികുകളിലേക്ക് പുറന്തള്ളപ്പെടേണ്ടി വന്നതും പ്രാചീന/അർവാചീന/കാൽപനിക/ആധുനിക കാലഘട്ടങ്ങളിലെ തിരസ്ക്കരിക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണ്.

ഇത്തരം യാഥാർത്ഥ്യങ്ങളുടെ നേർകാഴ്ച്ചകളിലേക്ക് വെളിച്ചം വീശുകയാണ് ഈജിപ്ഷ്യൻ സംവിധായകനായ അബൂബക്കർ ഷൗക്കി തന്റെ യൗമുദ്ദീൻ (Yomeddine/Judgement Day-2018) എന്ന അറേബ്യൻ ചിത്രത്തിലൂടെ. റിയാലിറ്റിയോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ചില അറേബ്യൻ ചിത്രങ്ങളുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി  യാഥാർത്ഥ്യത്തിന്റെ സ്പർശം ഊട്ടിയുറപ്പിക്കപ്പെടുന്ന ഈ ചിത്രം 2018 ൽ കാൻ ഫിലിം ഫെസ്റ്റിലെ ഫ്രാൻകോസ് ഷാലെ അവാർഡിനും പാം ഡി ഓർ നോമിനേഷനും പരിഗണിക്കപ്പെട്ടു എന്നത് ചിത്രം ഉയർത്തിപ്പിടിക്കുന്ന പ്രമേയം സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി കൂട്ടിപ്പിണഞ്ഞു കിടക്കുന്നു എന്നതിനാലാണ്.

ഒരു ലോങ് ഷോട്ടിൽ ‘ചവറ് കൂന’യുടെ വിശാലമായ മരുഭൂമൈതാനം കാണിച്ച് കൊണ്ടാണ് സിനിമ പ്രാരംഭം കുറിക്കുന്നത്. തുടർന്നങ്ങോട്ടുള്ള ചിത്രത്തിന്റെ സഞ്ചാരപഥത്തിൽ കൂനക്ക് ചുറ്റും ജീവിക്കുന്ന ‘ഒഴിവാക്കപ്പെട്ട’ മനുഷ്യക്കൂട്ടത്തിലെ ബെഷെ എന്ന കുഷ്ഠ രോഗിയായ മുഖ്യകഥാപാത്രത്തിലൂടെയാണ് സംവിധായകൻ ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. മറ്റൊരർത്ഥത്തിൽ ബെഷെയിലൂടെ ബാക്കിയുള്ള അരികുവൽകൃത ജനവിഭാഗത്തിലേക്ക് സംവിധായകൻ എത്തി നോക്കുക കൂടി ചെയ്യുന്നുണ്ട്.

ബാല്യകാലത്തെപ്പഴോ ഓർമ്മയുടെ നാമ്പുകൾ മുളച്ച് പൊന്തുന്ന സമയത്ത് കുഷ്ഠം പിടിപെട്ട ബെഷെയെ തന്റെ പിതാവ് ലെപർ കോളനിയിലേക്ക് ‘പുറം തള്ളുകയായിരുന്നു’. പിൽകാലത്ത് തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോയ ആ പ്രദേശം വികലാംഗരാലോ കുഷ്ഠ ബാധിതരാലോ പൂർണതയെത്താത്ത ‘മനുഷ്യരാലോ’ തിങ്ങി നിറയുന്നുണ്ടെങ്കിലും ആരിലും സങ്കടത്തിന്റെ ലാഞ്ജനയോ മറ്റുള്ളവനിൽ നിന്ന് മികച്ച ഉന്നത വ്യക്തിത്വമാണെന്ന തോന്നലോ ഇല്ലാതെ ‘തുല്യത’യിൽ ലയിച്ച അന്തരീക്ഷം  രൂപപ്പെടുന്നുണ്ടെന്ന യാഥാർത്ഥ്യം ചിത്രം വരച്ചിടുന്നുണ്ട്. കുഷ്ഠമെന്ന മഹാരോഗം ബാല്യകാലത്തിലെ തന്റെ നൈർമല്യമുള്ള കരങ്ങളും ചാരുതയാർന്ന മുഖകാന്തിയും കാർന്നു തിന്നിട്ടും സ്വാഭിമാനത്തിനോ ദൃഢനിശ്ചയത്തിനോ ഇച്ഛാശക്തിക്കോ യാതൊരു ‘വികലത’യും സംഭവിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് തന്റെ മാനസികാരോഗ്യമില്ലാത്ത ഭാര്യ ഐറിന്റെ വിയോഗം ഒറ്റപ്പെടലിന്റെ കൈപ്പുനീരറിയിക്കുന്നുണ്ട്.

ഒറ്റപ്പെടലിന്റെ വേദനയും ഇടക്കെപ്പഴോ മനസിൽ നിന്ന് മറവിയുടെ മാളങ്ങളിലേക്ക് ഓടിയൊളിച്ച പിതാവ് നല്കിയ ‘ഞാൻ നിന്നെ തിരിച്ച് കൊണ്ട് പോകാൻ വരുമെന്നുള്ള’ പ്രതീക്ഷയുടെ വാക്കുകളും ബെഷെയെ അലട്ടുന്നുണ്ട്. കാടുപിടിച്ച ഗെയ്റ്റിൻമേൽ ചിതലരിച്ചൊരു ബോഡിൽ Leper Colony (مستعمرة الجذام) എന്നെഴുതിയിട്ടുള്ള കവാടത്തിനുള്ളിലേക്ക് കടക്കുമ്പോൾ ‘സലാം പ്രിയ രോഗികളെ’ എന്ന് അഭിവാദ്യം ചെയ്യാറുള്ള ബെഷെ ഈജിപ്തിലെ നന്നേ വിദൂരത്തുള്ള ക്വീനയിലെ അബ്ഹൂർ ഗ്രാമത്തിലുള്ള തന്റെ കുടുംബത്തെ ബാല്യകാല സ്മരണയിൽ നിന്നോർത്തെടുക്കുന്നതോടെ അവിടേക്കുള്ള പ്രയാണത്തിനുള്ള ആസൂത്രണവും നടത്തുന്നു. അതോടെ മറ്റൊരു ഫ്രെയിമിലേക്ക് കഥമാറുന്നതും കാണാനാകും.

കോളനിയിലെ മറ്റു കുഷ്ഠ ബാധിതരോട് ഈ വിഷയത്തിൽ ചർച്ച നടത്തുമ്പോൾ അവരെല്ലാം പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ‘കൃത്യമായ കാരണങ്ങളു’ള്ളത് കൊണ്ട് തന്നെയാണ്. ‘കുഷ്ഠ രോഗികളെ കാറിലും ട്രെയിനിലും കയറാൻ ആരെങ്കിലും അനുവദിക്കുമോ?, അവസാനം വല്ല പാലത്തിനടിയിലും കിടന്ന് മരിക്കേണ്ടിവരു’മെന്ന സുഹൃത്ത് ബോംബായുടെ ഉപദേശത്തിന് ‘ദൈവം നിങ്ങൾക്കൊക്കെ മക്കളെ തന്നു, നിങ്ങൾ മരിച്ചാൽ അവരെങ്കിലും നിങ്ങളെ ഓർക്കും ഞാൻ മരിച്ചാൽ എന്നെയോർക്കാൻ ആരാണുണ്ടാവുക?’ എന്ന ചോദ്യത്തിലൂടെ മറുപടി പറയുമ്പോൾ അദ്ദേഹത്തിന്റെ ഒറ്റപ്പെടലിന്റെ വേദന ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് സംവിധായകൻ നടത്തുന്നത്.

തുടർന്നങ്ങോട്ട് ചിത്രം ഡ്രാമാ കാറ്റഗറിയിൽ നിന്ന് റോഡ് സിനിമാ കാറ്റഗറിയിലേക്ക് പരിണമിക്കുന്നതായി കാണാനാകും. കോളനിക്ക് തൊട്ടടുത്തുള്ള ഓർഫനേജിലെ കൗമാരക്കാരൻ ഒബാമ/മുഹമ്മദ് അബ്ദുറസാഖ് (രണ്ട് പേരിലും അറിയപ്പെടുന്നു) എന്ന കുട്ടിയും ബെഷെയും തമ്മിലെ ആത്മബന്ധം വളരെ അഗാധമായതിനാൽ ഹാർബി (ബെഷെയുടെ കഴുത) യെയും കൂട്ടിയുള്ള ബെഷെയുടെ ക്വീനയിലേക്കുള്ള സഞ്ചാരപഥത്തിൽ അയാളറിയാതെ തന്നെ ഒബാമ അയാളെ അനുഗമിക്കുന്നുണ്ട്. ഒരർത്ഥത്തിൽ രണ്ടു പേരെയും ഒരൊറ്റ ദിശയിലേക്ക് കൊണ്ടെത്തിക്കുന്നത് രണ്ടാളിലും ഒരുപോലെ സ്ഥാപിതമായിട്ടുള്ള ‘ഒറ്റപ്പെടൽ’ തന്നെയാണ്. തുടർന്നങ്ങോട്ടുള്ള യാത്രയിൽ ലെപർ കോളനിയിലെ സഹവർത്തിത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും സംസ്കാരത്തിൽ നിന്ന് നാഗരികതയുടെയും സ്വാർത്ഥതയുടെയും പുറന്തള്ളലിന്റെയും സാംസ്കാരിക പരിണാമത്തിലേക്കുള്ള പരിവർത്തനവും അത് ബെഷേക്ക് ഏൽപ്പിക്കുന്ന ആഘാതവും കൃത്യമായി തന്നെ സംവിധായകൻ അടയാളപ്പെടുത്തുന്നുണ്ട്.

യാത്രാ ലക്ഷ്യത്തിലേക്കുള്ള വഴി ചോദിക്കുന്ന ബെഷെ വ്യത്യസ്ത ‘മനുഷ്യ’രാൽ അപഹാസിതനാകുന്നതും, മുഖം നോക്കി സംശയാസ്പദമായി അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതും, ട്രെയിനിൽവച്ച് മുഖ കവചം വെളിവാകുമ്പോൾ യാത്രക്കാരുടെ അറപ്പുളവാക്കുന്ന നോട്ടവും മാന്യനെന്ന് (Gentleman) സ്വയം വിളിക്കുന്ന മനുഷ്യരുടെ ക്രൂര മുഖത്തിലേക്കും, യാത്ര ‘സോഹാഗ്’ എന്ന പ്രദേശത്തെത്തുമ്പോൾ കണ്ടുമുട്ടുന്ന ഭിക്ഷകനായ ഹാമിദ് എന്ന ‘പാതി മനുഷ്യ’നും (കാലുകൾ നഷ്ടപ്പെട്ട) അദ്ദേഹത്തിന്റെ ഭിക്ഷാടകരും ‘വിരൂപി’കളുമായ സുഹൃത്തുക്കൾക്കൊപ്പം ഒരു രാത്രി അന്തിയുറങ്ങുമ്പോൾ അവരിൽ നിന്നുണ്ടാകുന്ന കമനീയമായ ഇടപെടലുകളും പിന്തുണ നൽകുന്ന പെരുമാറ്റവും രണ്ട് കോണുകളിലൂടെ വീക്ഷിക്കുകയും വിവക്ഷിക്കുകയുമാണ് സംവിധായകൻ. പിന്നീട് ഈ ഭിക്ഷകൻ തന്നെയാണ് യാത്രാ ലക്ഷ്യസ്ഥാനമായ ക്വീനയിലെ അബ്ഹൂറിലെത്താൻ സഹായിക്കുന്നതും.

ചിത്രത്തിലെ നിർണായക ഘട്ടവും ഈ ഒരു രാത്രിയിലെ സഹവാസത്തിലൂടെയാണ് സംഭവിക്കുന്നത് നീതി സങ്കല്പത്തെക്കുറിച്ച് ഹമീദിന്റെ സുഹൃത്തും വിരൂപിയുമായ മനുഷ്യൻ സ്വന്തം ജീവിതാനുഭവങ്ങൾ മുൻനിർത്തി ബെഷെക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ”രൂപത്തിന്റെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടവരാണ് ഞാനും ഹാമിദുമൊക്കെ നമ്മളൊക്കെ ‘പുറംതള്ളപ്പെട്ട’വരാണ്, അതിനു ചികിത്സയില്ല, നമുക്കാവട്ടെ മറ്റൊരു ജീവിതവുമില്ല, ഞാനും നീയും ഇവിടെയുള്ള മറ്റ് രാക്ഷസന്മാരും ഒരിക്കലും പച്ചപിടിക്കാനും പോകുന്നില്ല, പക്ഷേ അതിന്റെ അർത്ഥം നമ്മൾ നാണംകെട്ടു ജീവിക്കണം എന്നൊന്നുമല്ല, വിചാരണ ദിവസമെങ്കിലും(യൗമുദ്ദീൻ) നമ്മളെല്ലാം തുല്യരാവുമെന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്, അതാകട്ടെ നിങ്ങൾ വിചാരിക്കുന്നതിലും അതിവേഗത്തിൽ സംഭവിക്കും”. പിന്നീട് ത്യാഗങ്ങൾ സഹിച്ച് കുടുംബത്തെ കണ്ട് മുട്ടുന്നതും വൃദ്ധനായ പിതാവിനോടൊപ്പം സമയം ചെലവഴിക്കുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും നൈമിഷികമായ സമയകാലയളവിലേക്ക് ചുരുക്കിയത് പഴയ ആ ‘കുപ്പത്തൊട്ടിലി’ന്റെ കാന്തിക ശക്തി ബെഷെയെ ആനയിക്കുന്നതും അങ്ങോട്ടുള്ള മടക്കം നടത്തുന്നതും ഈ ഉപദേശിയുടെ പ്രതീക്ഷയാർന്ന നീതി സങ്കൽപ്പത്തെ ഉപജീവിച്ചു കൊണ്ടുമാണ്. അതു കൊണ്ട് തന്നെ ‘നീതി പുലരുന്ന നാളിനെ’ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു കൂട്ടം ‘അരികുവൽകൃത’ ജനവിഭാഗത്തെ കോറിയിടുന്ന സിനിമയായിട്ടാണ് യൗമുദ്ദീനി (Yomeddine)നെ വിലയിരുത്താനാവുക.

‘വിരൂപി’യായി മുദ്ര കുത്തപ്പെടുന്ന മനുഷ്യന്റെ ഇച്ഛാശക്തിയും ആ ഇച്ഛാശക്തിയെ അതിജീവിക്കാൻ നിദാനമായി വർത്തിച്ച ഒബാമയെന്ന ബാലനും. അവർ തമ്മിലെ സഹവർത്തിത്വത്തിന്റെയും പിന്തുണയുടേയും ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് യാത്ര എത്ര കണ്ട് പ്രയോജനം ചെയ്യുന്നുണ്ട് എന്നതും ചിത്രത്തിന്റെ അടയാളപ്പെടുത്തലാണ്. ചിത്രത്തിലെ ബെഷെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റാഡിഗാമൽ യഥാർത്ഥത്തിൽ ഒരു ലെപ്രസി രോഗി തന്നെയാണ്. സൗന്ദര്യാത്മകമായ പശ്ചാത്തല സംഗീതവും, യാത്രാ സങ്കല്പത്തിന്റെ ചിത്രീകരണത്തിലെ വിത്യസ്തതയും, അറേബ്യൻ മണൽ തട്ടുകളിലെ പ്രകൃതി സൗന്ദര്യ സങ്കല്പവും മനോഹരമായി അടയാളപ്പെടുത്തുന്നതോടൊപ്പം പ്രസക്തമായ രാഷ്ട്രീയ വശങ്ങളിലേക്കുള്ള സൂചനകൾകൂടി കാഴ്ച്ചക്കാരുടെ ചിന്താമണ്ഡലങ്ങളിൽ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് യൗമുദ്ദീൻ അവസാനിക്കുന്നത്.

ഹനൂൻ ടി മുഹമ്മദ്