Campus Alive

സെക്കുലർ ഭാഷയും ഇസ്‌ലാമും: സാധ്യതകളും അസാധ്യതകളും

ആധുനികതയും മതേതരത്വവും(secularism) ഉരുവം കൊണ്ടതിന് ശേഷമുള്ള ലോകക്രമം മതേതര വ്യവഹാരങ്ങളോട് വിവിധ രൂപത്തില്‍ വിധേയത്വം പുലര്‍ത്തിയാണ് മുന്നോട്ട് പോയത്. സെക്കുലര്‍ തത്വങ്ങളും അതിന്റെ അനുബന്ധ ഘടകങ്ങളായ ലിബറൽ-നിയോ ലിബറല്‍ ആശയങ്ങളും ദേശരാഷ്ട്ര രൂപീകരണത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മതേതരത്വത്തെ വളരെ കൃത്യവും പഴുതില്ലാത്തതുമായ ഉദാത്ത സങ്കല്‍പമായി കൊണ്ടുനടക്കുന്ന പ്രവണതയെ മുസ്‌ലിം ചിന്തകരടക്കം വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. മതത്തിന്റെ ആശയങ്ങളെ പാടെ തള്ളിക്കളഞ്ഞ് സെക്കുലർ ഭാഷയെ നിര്‍ബാധം പുല്‍കുന്ന രാഷ്ട്രീയവും സാമൂഹികവുമായ നടപടിക്രമങ്ങള്‍ ഒട്ടേറെ മറുവാദങ്ങളുന്നയിച്ച് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

മതേതരത്വത്തെയും അതുയര്‍ത്തിപ്പിടിക്കുന്ന ‘മൂല്യങ്ങളെയും’ അവലോകനം ചെയ്ത് മത തത്വങ്ങളിലൂന്നി നിന്ന് വിമര്‍ശനങ്ങളും ചോദ്യങ്ങളുമുന്നയിച്ചു പോന്ന പ്രസിദ്ധ നരവംശശാസ്ത്രജ്ഞനും ചിന്തകനുമാണ് തലാല്‍ അസദ്. അദ്ദേഹത്തിന്റെ 2018 ൽ പുറത്തിറങ്ങിയ ‘Secular translations, Nation state, Modern self And Calculative reason’ എന്ന പുസ്തകം ഈ മേഖലയെ തന്റെ മുന്‍ പഠനങ്ങളെ പോലെ തന്നെ കൂടുതൽ ആഴത്തിൽ വിശകലന വിധേയമാക്കുന്നുണ്ട്. Formation of Secular(2003), On suicide bombing(2007) തുടങ്ങിയ മുന്‍കാല കൃതികൾ തലാൽ അസദിന്റെ ചിന്തയെയും പാണ്ഡിത്യത്തെയും ലോകത്തിന് പരിചയപ്പെടുത്തിയതാണ്. 2017 ഏപ്രില്‍ മാസത്തിൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി വിഭാഗത്തിൽ അദ്ദേഹം നടത്തിയ റൂത്‌ബെനഡിക്ട് പ്രഭാഷണ പരമ്പര കുറെക്കൂടി വിപുലീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയതാണ് Secular Translations എന്ന പുസ്തകം. ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെതന്നെ മതേതര ആശയങ്ങളിലെ അവ്യക്തതകളെ ചൂണ്ടികാണിച്ചുകൊണ്ട് മതഭാഷയെ മതേതര ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലെ പരിമിതികളെ ചര്‍ച്ച ചെയ്യുന്ന പുസ്തകമാണിത്. ഇസ്‌ലാമിന്റെ മതകീയമായ ആദര്‍ശങ്ങളും അത് പ്രകടിപ്പിക്കുന്ന ഭാഷയും അതിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട് വിവര്‍ത്തനം ചെയ്യൽ അസാധ്യമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. മതേതരത്വത്തിന്റെ ഈ വിവര്‍ത്തനക്ഷമമല്ലാത്ത പരിസരത്തെ ഇമാം ഗസ്സാലി മുതൽ ഹന്നാ ആരെന്റ് വരെയുള്ള അനേകം ചിന്തകരുടെ വാദങ്ങള്‍ നിരത്തി തലാല്‍ അസദ് വിശകലനം ചെയ്യുന്നു.

വിവര്‍ത്തനക്ഷമത ഒരു രചനയുടെ മികവിന്റെ അടയാളമാണെന്ന വാള്‍ട്ടർ ബെഞ്ചമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മതകീയ ഭാഷയെ മതേതര ഭാഷയിലേക്ക് രാഷ്ട്രീയ തത്വനിര്‍മാണത്തിനായി വിവര്‍ത്തനം ചെയ്യപ്പെടണമെന്ന ഹെബര്‍മാസിന്റെ നിര്‍ദേശത്തെ ആമുഖത്തിൽ പരിശോധിക്കുന്നുണ്ട്. സെക്കുലറിസം എന്നത് ക്രൈസ്തവത ലോകത്തിന് നല്‍കിയ സമ്മാനമാണ് എന്ന് പറയുന്നത് രാഷ്ട്രീയ തത്വചിന്തകൻ ലാരി സിഡെന്റോപാണ്. അദ്ദേഹം മാത്രമല്ല, മാക്‌സ് വെബറും സ്‌കിഡെല്‍സ്‌കിയുമടക്കമുള്ള ചിന്തകർ ഈ വാദം മുന്നോട്ട് വെച്ചിട്ടുണ്ട്. മതേതരത്വം മതത്തില്‍ നിന്ന് മുക്തമായ സ്വന്തമായി വംശാവലിയുള്ള ആശയമാണെന്ന മറ്റനേകം വാദങ്ങള്‍ നിലനില്‍ക്കെ തന്നെ എന്ത് കൊണ്ട് സ്വയംപ്രഖ്യാപിത അസ്തിത്വമുള്ള മതേതരത്വത്തിന് ക്രിസ്ത്യന്‍ പൈതൃകം അവകാശപ്പെടേണ്ടി വരുന്നുവെന്ന് തലാല്‍ അസദ് ചോദിക്കുന്നു.

മൂന്ന് അദ്ധ്യായങ്ങളും ശേഷം ഉപസംഹരിച്ചെഴുതുന്ന(epilogue) ഭാഗവും ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ ലിബറൽ സ്റ്റേറ്റിലും സമൂഹത്തിലും സമത്വത്തെ (Equality) വിവര്‍ത്തനം ചെയ്തതിലെ അവ്യക്തതകളെയാണ് ഗ്രന്ഥകാരന്‍ സമീപിക്കുന്നത്. ലിബറലിസം പോലെ മാറിമറിയുന്നൊരു സ്വത്വമുള്ള ആശയത്തിന് ഒരു മതേതര സംവിധാനത്തില്‍ അവ്യക്തതകൾ നിലനില്‍ക്കുന്നുണ്ട്. സമത്വത്തിന്റെ കാര്യവും വ്യത്യസ്തമല്ല. രാഷ്ട്രീയപരമായ സമത്വത്തെ മതേതര രാഷ്ട്രം പ്രായോഗവല്‍കരിച്ചാലും സാമ്പത്തികവും സാമൂഹികവുമായ സമത്വം പ്രാബല്യത്തില്‍ കൊണ്ട് വരാൻ മതേതരത്വത്തിന് സാധ്യമല്ല. ലിബറല്‍ ജനാധിപത്യവും മതേതരത്വവും പേറുന്ന ഒരു ആധുനിക ലിബറല്‍ സ്റ്റേറ്റിന്, ആ അധികാരത്തിന് ഇളക്കം സംഭവിക്കാൻ സാധ്യതയില്ലാത്ത മേഖലകളിൽ മാത്രമേ മതസ്വാതന്ത്ര്യവും സമത്വാശയങ്ങളും നടപ്പില്‍ വരുത്താൻ കഴിയുകയുള്ളൂ. അതിനപ്പുറം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും പോലും കൂച്ചുവിലങ്ങിടപ്പെടും. പരമാധികാര രാഷ്ട്രത്തിന്റെ നിലനില്‍പ്പാണ് അവിടെ മറ്റുള്ള എല്ലാ പൗരാവകാശങ്ങള്‍ക്കും ലിബറൽ മൂല്യങ്ങള്‍ക്കും മുകളിൽ സ്ഥാനമുറപ്പിക്കുക. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയില്‍ അനാശാസ്യകരമായ ഭരണക്രമത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍, പൗരനെ ഭരണകൂടം -പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ- എത്തരത്തിലാണ് കൈകാര്യം ചെയ്തതെന്ന് കാണാന്‍ കഴിഞ്ഞതാണ്. ഇപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ലിബറല്‍ ജനാധിപത്യരാഷ്ട്രം അതിന്റെ അധികാരമുപയോഗിച്ചു തന്നെ തികച്ചും അന്യായമായി നേരിടുന്നതിന്റെ ഉദാഹരണങ്ങള്‍ മുമ്പിലുണ്ട്. ഫാഷിസ്റ്റു സ്വഭാവത്തെയും ഹിന്ദുത്വയുടെ ആധിപത്യത്തെയും ഒഴികഴിവായി ചൂണ്ടിക്കാണിച്ചാല്‍ പോലും ഇന്ത്യയെന്ന മതേതര ജനാധിപത്യ രാഷ്ട്രം പതിറ്റാണ്ടുകളായി ചെയ്തുപോന്ന ഭരണകൂട വേട്ടകള്‍ക്ക് മറുപടിയാവില്ല.

മതേതരത്വത്തിനും ലിബറലിസത്തിനും നിലനില്‍ക്കാൻ ഹിംസയും സ്വേഛാധിപത്യവും ആവശ്യമായി വരുമെന്ന വിശ്വാസം മൂന്നാം ലോകരാജ്യങ്ങളില്‍ നിലനിന്നിരുന്നു. യോറോപ്യന്‍ ലിബറലുകൾ മുസോളിനിയുടെ ഇറ്റലിയെ ചൂണ്ടി സാമൂഹ്യ ഉന്നമനത്തിന് മാതൃകയായും കമ്മ്യൂണിസ്റ്റ് ഭീഷണിക്ക് ബദലായും ഉയര്‍ത്തിക്കാണിച്ച ഘട്ടത്തിലാണ് ഉമ്പര്‍ട്ടോ എക്കോ ഇത് ഇറ്റാലിയൻ ഫാഷിസമാണെന്ന് തന്റെ വായനക്കാരെ ഓര്‍മിപ്പിക്കുന്നത്. 2013 ജൂലൈയിൽ ഈജിപ്തില്‍ നടന്ന സൈനിക അട്ടിമറിയെ പിന്‍താങ്ങിക്കൊണ്ട് ഹില്‍മി നംനം എന്ന ജേണലിസ്റ്റ് പറഞ്ഞ വാക്യവും തലാൽ അസദ് ഇതിനോടൊപ്പം ഉദ്ധരിക്കുന്നു: ‘രക്തം ചിന്താതെ ഒരു ജനാധിപത്യവും ജനതയും പുരോഗതി പ്രാപിക്കില്ല’.

തലാൽ അസദ്

സമത്വം ഊട്ടിയുറപ്പിക്കപ്പെടേണ്ട മതേതര ദേശീയ സമൂഹത്തില്‍ ആ സമത്വസ്ഥാപനത്തിന് ഹിംസയെ കൂട്ടുപിടിക്കണമെന്നതിലും സ്വേഛാധിപത്യത്തോട് അനുഭാവം പുലര്‍ത്തണമെന്നതിലും ന്യായീകരണങ്ങള്‍ കൊണ്ടുവന്നേക്കാം. എന്നാല്‍ ഈ സമത്വമാവട്ടെ തീര്‍ച്ചയായും ഒരു വിഭാഗത്തെ പുറന്തള്ളിക്കൊണ്ടല്ലാതെ നടപ്പിൽ വരുത്താന്‍ ഇവര്‍ക്ക് ശേഷിയില്ലെന്ന് പറയുന്ന തലാൽ അസദ്, ലിബറലുകളുടെ വിമര്‍ശനപാത്രമായ കാൾ ഷ്മിത്തെന്ന ചിന്തകനെ ഉദ്ധരിക്കുന്നു: ‘എല്ലാ ജനാധിപത്യക്രമത്തിലും തുല്യസവിശേഷതയുള്ളവരെ മാത്രമല്ല തുല്യരല്ലാത്തവരെയും തുല്യതയോടെ പരിഗണിക്കില്ല. സമത്വമെന്ന ആശയത്തിന് അതിന്റെ തനതായ സ്വഭാവമുണ്ടെങ്കിലേ അത് രാഷ്ട്രീയമായി മൂല്യമുള്ളതും ആകര്‍ഷണീയവുമാവുകയുള്ളൂ, അല്ലാത്ത പക്ഷം അസമത്വത്തിനുള്ള സാധ്യത വളരെയധികമാണ്’. യൂറോപ്പിലെ ‘ജൂഡോ-ക്രിസ്ത്യന്‍’ പാരമ്പര്യമുള്ളവരുടെ സമത്വസങ്കല്‍പം ഒരു രാഷ്ട്രസമൂഹമെന്ന നിലയില്‍ ‘ലിബറലല്ലാത്ത മതക്കാരുടെ’ -മുസ്‌ലിംകളുടെ- കാര്യത്തിൽ ബാധകമല്ലാതെ വരാറുണ്ട്. ഇവിടെ മതേതരത്വം മതനിരപേക്ഷത പുലര്‍ത്തുമെന്ന അവകാശവാദം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. ഹന്നാ ആരെന്റിന്റെ ഒരു വാചകവും ഇവിടെ ചേര്‍ക്കുന്നുണ്ട്: ‘ലിബറല്‍ സെക്കുലര്‍ സ്റ്റേറ്റുകളിൽ, സമത്വവും പൗരന്റെ അന്തസ്സും അവരുടെ സ്വത്വവുമായി വളരെ ബന്ധിതമാണ്. ഒരാള്‍ ആ ദേശാതിര്‍ത്തിക്കുള്ളിലെ നിയമാനുസൃത അന്തേവാസിയല്ലെങ്കിൽ അയാള്‍ക്ക് യാതൊരു അർത്ഥവത്തായ അവകാശങ്ങളുമുണ്ടായിരിക്കില്ല. അന്തസായി ജീവിക്കാനുള്ള അവകാശം പോലും’.

ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ പറയുന്നു, ‘സെക്കുലറിസം ക്രൈസ്തവതയിൽ ‌നിന്ന് അനന്തരമെടുത്തതാണെന്ന് വാദിക്കുന്നവരുടെ വാദത്തെക്കാള്‍ അപകടകരം ആ അനന്തരമെടുത്ത ആശയത്തിനാണ്. കാരണം ലിബറല്‍ ജനാധിപത്യ സമൂഹം ദിവ്യസ്‌നേഹത്തിന്റെ ആദര്‍ശമല്ല മറിച്ച് അധീശത്വത്തിന്റെയാണെന്ന് ദൃശ്യമാണ്.’

 

തുടര്‍ന്ന്, മതവിശ്വാസികളായ പൗരന്‍മാര്‍ക്ക് സമത്വമുറപ്പു വരുത്തുന്നതിനായി മത വ്യവഹാരങ്ങളെ ലിബറല്‍ രാഷ്ട്രീയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന ഹെബര്‍മാസിന്റെ ആശയത്തെ ഇഴകീറി പരിശോധിക്കുകയാണ് ഈ അദ്ധ്യായത്തില്‍. മതകീയ വ്യവഹാരങ്ങളെ സ്വകാര്യയിടങ്ങളില്‍ നിന്ന് പൊതുധാരയിലേക്ക് കൊണ്ടുവരിക വഴി ലിബറല്‍ രാഷ്ട്രീയത്തിന് കൂടുതല്‍ ധാര്‍മികമായ പ്രതിബന്ധത കൈവരിക്കാനാകുമെന്ന് ഹെബര്‍മാസ് വിശ്വസിക്കുന്നു. മതഭാഷയെ പൂര്‍ണമായും സെക്കുലർ വ്യവഹാരത്തിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന ഹെബര്‍മാസിയൻ സങ്കല്‍പത്തിന് വിശ്വാസി സമൂഹത്തെ രാഷ്ട്രീയ കര്‍തൃത്വം ഉള്ളവരാക്കാനും പൊതുവിടത്തിൽ സ്ഥാനം നൽകാനും ഉതകുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഈയൊരു വാദത്തെ തലാല്‍ അസദ് പലരീതിയിൽ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും എളുപ്പത്തില്‍ പറഞ്ഞുവെക്കുന്ന ഉദാഹരണമായി തോന്നിയത് ജോൺ സ്‌കോട്ടിനെ ഉദ്ധരിച്ചതാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ലിംഗവിവേചനത്തെയാണ് സ്‌കോട്ട് തന്റെ ഒരു പതിറ്റാണ്ട് മുമ്പെഴുതിയ ലേഖനത്തില്‍ പറയുന്നത്. മുസ്‌ലിം സ്ത്രീയുടെ ഹിജാബ് യൂറോപ്യന്‍ പൊതുവിടങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥതകളും ഫ്രാന്‍സടക്കമുള്ള രാജ്യങ്ങളിൽ ഹിജാബ് നിരോധനമേര്‍പ്പെടുത്തിയതും ഇതിനോട് ചേര്‍ത്ത് വായിക്കാനാവശ്യപ്പെടുന്നു. ഹെബര്‍മാസിന്റെ സെക്കുലര്‍ വിവര്‍ത്തനത്തിന് നല്‍കാൻ കഴിയുമെന്നാശിക്കുന്ന കര്‍തൃത്വം മുസ്‌ലിം സ്ത്രീ തന്റെ മതകീയ സ്വത്വം പൊതുവിടത്തിൽ വെളിവാക്കുന്നതിലൂടെ ആശയറ്റുപോകുന്ന ആശയമായിത്തീരുന്ന കാഴ്ച്ചയാണിവിടെ കാണാൻ കഴിഞ്ഞത്. ഹെബര്‍മാസിന്റെ വാദം ഒരേസമയം അനീതിയെ അഡ്രസ് ചെയ്യാത്തതും സമത്വപൂര്‍വം പരിഗണിക്കപ്പെടേണ്ട മതജീവിതങ്ങളുടെ കര്‍തൃത്വ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്തതുമാണെന്ന് ഒടുവിലായി തലാൽ അസദ് പറഞ്ഞുവെക്കുന്നു.

ദിവ്യവചനങ്ങളുടെ വിവര്‍ത്തനക്ഷമത

മതത്തിന്റെ ടെക്‌സ്റ്റുകളും ഭാഷയും മതേതരമായ ഒരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാൻ എത്രത്തോളം സാധ്യമാണ്? മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഷയും പദങ്ങളും വിവര്‍ത്തനം ചെയ്യുമ്പോൾ അതിന്റെ യഥാര്‍ഥ അർത്ഥതലങ്ങളും സത്തയും അതേപോലെ പകര്‍ത്താൻ കഴിയുമോ? ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം അറബി ഭാഷയില്‍ നിന്നുള്ള വിവര്‍ത്തനക്ഷമത (translatability) യുടെ സാധ്യതക്കപ്പുറം നിസ്‌കാരമടക്കമുള്ള ആരാധനകളുടെ ഭാഷ മറ്റൊന്നിലേക്ക് മാറ്റിപ്പണിയുക അസാധ്യമാണ്. ഖുര്‍ആനിക ഭാഷ വിവര്‍ത്തനം ചെയ്യപ്പെടാൻ കഴിയാത്ത വിധം മൗലികമാണെന്ന തലാല്‍ അസദിന്റെ വാദത്തിന് ഒരു സംവാദത്തിൽ ഴാക്വസ് ദെറീദ നല്‍കിയ മറുപടിയുദ്ധരിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് രണ്ടാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍.

 

ഖുര്‍ആനിലെ മുഹ്കം (ആശയം പ്രഥമദൃഷ്ട്യാ വ്യക്തമായവ) ആയതും മുതശാബിഹ് (പ്രഥമദൃഷ്ട്യാ വ്യക്തമല്ലാത്തവ) ആയതുമെന്ന സൂക്തങ്ങളുടെ തരംതിരിവ് ഓരോന്നും അതിന്റെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ വായിക്കാന്‍ കഴിയുന്നതാണെന്നത് ഖുര്‍ആനിക ഭാഷയുടെ പ്രത്യേകതയായി എണ്ണുന്നു. എഴുപതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ദിവ്യവചനങ്ങള്‍ അതിന്റെ മൊഴിമാറ്റമെന്നയര്‍ഥത്തിലല്ല, മറിച്ച് ആ വാക്യങ്ങളുള്‍ക്കൊള്ളുന്ന പൊരുളിന്റെ വിവരണമാണ് നടന്നിട്ടുള്ളതെന്ന് തലാല്‍ അസദ് പറയുന്നു. ദിവ്യബോധനത്തിലൂടെ(വഹ്‌യ്) അവതരിച്ച ഖുര്‍ആനിന്റെ വിവര്‍ത്തനം സാധ്യമല്ലാതാകുന്നത് അറബി ഭാഷയുടെ സവിശേഷത മൂലമല്ല, അതിഭൗതികമായൊരു സ്രോതസില്‍ നിന്നുള്ള വാക്യങ്ങളായതുകൊണ്ടാണെന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ലാമിന്‍ സന്നേഹ് പറയുന്നതായി കാണാം ‘മറ്റു വാക്കുകളിലേക്കല്ല ജീവിതത്തിലേക്ക് പകര്‍ത്തുന്നതിനാണ് ഖുര്‍ആനിന്റെ ഭാഷ. ആത്മസംസ്‌കരണവും ആരാധനാനുഷ്ഠാനങ്ങളും വഴി പ്രാവര്‍ത്തികമാക്കലാണ് ഖുര്‍ആനിക ഭാഷയുടെ യഥാര്‍ഥ വിവര്‍ത്തനം’.

ഇസ്‌ലാമിലെ നഫ്‌സ്, അഖ്‌ല്, ഷഹ്‌വ തുടങ്ങിയ ഒട്ടനേകം സാങ്കേതിക സംജ്ഞകളുടെ ഉപയോഗവും അര്‍ഥതലങ്ങളും അബുഹാമിദിൽ ഗസാലിയുടെ വീക്ഷണത്തിലവതരിപ്പിച്ച് അവയുടെ വിവര്‍ത്തനസാധ്യതകളെ പരിശോധിക്കുകയാണ് ഈ അദ്ധ്യായത്തിൽ പ്രധാനഭാഗവും. നിയ്യത്തിനെ (intention) കുറിച്ചുള്ള പോള്‍ പവേഴ്‌സിന്റെ പഠനവും ആരാധനയിലും കര്‍മത്തിലും അതിന്റെ നിയ്യത്ത് എത്രത്തോളം പ്രധാനമാണെന്ന് ആഴത്തിലുള്ള വിശകലനം ഉള്‍ക്കൊള്ളുന്നുണ്ട്. ഇത്തരം സംജ്ഞകളും അതിന്റെ ദൈവശാസ്ത്രപരമായ പ്രയോഗങ്ങളും ഒരു മതേതര യുക്തിക്കും സംവിധാനത്തിനും ഉള്‍ക്കൊള്ളാൻ കഴിയുന്നതിനെക്കാൾ വിശാലമാണ്. സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച് ഇത്തരം മതകീയാചരണങ്ങളെ നിരീക്ഷിക്കുകയും മൂല്യനിര്‍ണയം നടത്തുകയും അസാധ്യമാണ്.

സംഖ്യകളിലൂടെ നിലനില്‍ക്കുന്ന സെക്കുലർ  സ്റ്റേറ്റ്‌

‘Masks, Security and the language of numbers’ എന്ന അവസാനത്തെ അദ്ധ്യായത്തിൽ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ആധുനിക ദേശരാഷ്ട്രങ്ങളിലെ സ്ഥിതിവിവരകണക്കിന്റെയും (Statistics) സംഖ്യാഭാഷയുടെയും വര്‍ധിച്ച ഉപയോഗം ആ സംവിധാനത്തെ എത്രത്തോളം മുന്നോട്ട് നയിക്കുന്നുണ്ടെന്നതിനെക്കുറിച്ചാണ്. ഗണിതതന്ത്രങ്ങളും സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങളും ആധുനിക രാഷ്ട്രത്തിന്റെ നിലനില്‍പിന് വേണ്ടി മാത്രമല്ല, സെക്കുലർ  സമൂഹത്തിന്റെ വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്. ആധുനിക രാഷ്ട്രത്തെപ്പോലെ മുതലാളിത്ത സമ്പദ് വ്യവസ്ഥയും സംഖ്യകളെ ആശ്രയിക്കുന്നത് രണ്ടും പരസ്പരം അത്രമേല്‍ ബന്ധിതമായത് കൊണ്ടുകൂടിയാണ്. സാമൂഹ്യ ഐക്യത്തിന്റയും കൂട്ടുത്തരവാദിത്വത്തിന്റതുമായ സെക്കുലർ ലോകവും ഭാഷയും എത്രവേഗമാണ് സംഖ്യകളുടെ ഭാഷയിലേക്കൊതുക്കിയതെന്ന വസ്തുത തലാല്‍ അസദ് ഇന്‍ഷുറന്‍സ് പോലുള്ള ഉദാഹരണങ്ങൾ മുന്നിൽ വെച്ച് സമര്‍ഥിക്കുന്നു. ഒപ്പം, ആധുനിക യുഗത്തിലെ ആന്തരികം-ബാഹ്യം, ചിന്തയും പെരുമാറ്റവും, സ്വകാര്യജീവിതവും പൊതു ഇടപെടലുകളും തുടങ്ങിയ ദ്വന്ദങ്ങളെ പ്രതിഷ്ഠിച്ച്, മാസ്‌കുകൾ ആധുനിക ലോകത്ത് സ്വകാര്യജീവിതത്തെ മറച്ച് മോഡേണ്‍ സെല്‍ഫായി(Modern Self) പെരുമാറാൻ പ്രേരിപ്പിക്കുന്നുവെന്ന വായനകളെ ഗ്രന്ഥകാരന്‍ പുനഃപരിശോധിക്കുന്നു. പ്രൈവറ്റ് സെല്‍ഫും (Private Self) പബ്ലിക് പ്രെസന്റേഷനും(Public Presentation) തമ്മിലുള്ള അകലം ഇല്ലാതായി, മറ്റൊരുതരത്തില്‍ പറഞ്ഞാൽ മാസ്‌കും അത് ധരിക്കുന്നയാളുടെ സ്വത്വവും തമ്മിലുള്ള അകലം ഇല്ലാതാവലിനെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നു. ഈയദ്ധ്യായത്തില്‍ ആധുനിക ദേശരാഷ്ട്രത്തിലെ ചാരവൃത്തി, പൗരന്റെ മേലുള്ള സ്റ്റേറ്റിന്റെ നിരീക്ഷണം(surveillance), പ്രൊഫൈലിങ് തുടങ്ങിയ ഗൗരവകരമായ പ്രശ്‌നങ്ങളുടെ വംശാവലിയടക്കം വിമര്‍ശിക്കുന്നുണ്ട്.

ചുരുക്കത്തില്‍, സെക്കുലാരിറ്റിയെയും മതത്തെയും കുറിച്ച വളരെ കുടുസ്സായ വായനകളെ പുനര്‍വിചിന്തനം നടത്താൻ പ്രേരിപ്പിക്കുകയാണ് തലാല്‍ അസദ് തന്റെ പുസ്തകത്തിലൂടെ. മതേതരയുക്തി മുന്നോട്ട് വെക്കുന്ന തത്വങ്ങളും അതിന്റെ പ്രയോഗങ്ങളും മാനവികതക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങൾ തിരിച്ചറിയപ്പെടാതെ പോവുന്നു. ഗണിതഭാഷയിലൂടെ മാത്രം കെടുതികളെ അഭിമുഖീകരിക്കാന്‍ കെല്‍പുള്ളൊരു പ്രത്യയശാസ്ത്രം ആത്യന്തികമായി മാനവരാശിയുടെ നാശത്തിനാണ് കാരണമാവുന്നതെന്ന് തലാല്‍ അസദ് വാദിക്കുന്നു. പറയപ്പെടുന്ന സെക്കുലാരിറ്റി, ശാസ്ത്രീയ വിജ്ഞാനം, പുരോഗതി എന്നീ സങ്കല്‍പങ്ങളെല്ലാം തന്നെ പ്രയോഗതലത്തിൽ ഭാവിയെയോ മനുഷ്യന്റെ കഴിവിനെയോ കഴിവില്ലായ്മയെയോ തിരിച്ചറിയാൻ കഴിയാതെ പരാജയപ്പെട്ട മാതൃകകളാണെന്ന് ഉപസംഹാരത്തിൽ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് 19 സാഹചര്യത്തിൽ അമേരിക്കയടക്കമുള്ള ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങളുടെ നിസ്സഹായതയും പൗരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു മുന്നിൽ പകച്ചുനിന്ന കാഴ്ച്ചയും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന പരസ്പര സഹകരണത്തിന്റെയും നന്മ കല്‍പിക്കലിന്റെയും ആശയങ്ങള്‍ക്ക് മതേതരയുക്തിയുടെ ഭാഷയിലേക്കുള്ള വിവര്‍ത്തന സാധ്യത എത്രയോ പരിമിതമാണെന്ന ബോധ്യം പുസ്തകം തരുന്നു.

ഇരുന്നൂറോളം പേജുകളുള്ള പുസ്തകത്തിന്റെ ഓരോ അദ്ധ്യായവും മതേതര വ്യവഹാരങ്ങളെക്കുറിച്ചും മതകീയ മൂല്യങ്ങളെക്കുറിച്ചുമുള്ള ധാരണകളെ പുനര്‍വിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. രാഷ്ട്രമീമാംസ, ആന്ത്രോപോളജി, മത തത്വചിന്ത എന്നീ വിജ്ഞാനശാഖകളിലെ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും Secular Translations എക്കാലത്തും ഉപകാരപ്പടുന്ന റഫറന്‍സായിരിക്കുമെന്ന് വായനാനുഭവം സാക്ഷ്യപ്പെടുത്തുന്നു.

റമീസുദ്ദീൻ വി എം