Campus Alive

ലോകകപ്പും കുടിയേറ്റ ജനതയുടെ ‘ബെറ്റർ വേൾഡും’

കളിക്കാർ പരസ്പരം ജേഴ്സി കൈമാറി കൊണ്ടാണ് ഒരോ ഫുട്‌ബാൾ മത്സരവും അവസാനിക്കുന്നത്. ഈ ജേഴ്സി, കേവലമൊരു കളി കുപ്പായത്തിനുമപ്പുറം രണ്ട് ദേശങ്ങൾക്കിടയിലെ സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുടെ മെറ്റഫറായി തോന്നാറുണ്ട്. കാരണം കളി മൈതാനങ്ങളിലെ കുമ്മായ വരകൾക്കുള്ളിൽ ഏറ്റുമുട്ടുന്നത്  രണ്ടു ടീമുകൾ എന്നതിലപ്പുറം രണ്ടു പ്രതിനിധാനങ്ങൾ കൂടിയാണ്. സ്ഥാപനങ്ങളുടേയോ രാഷ്ട്രങ്ങളുടേയോ മാത്രമല്ല ചിലപ്പോൾ ഈ കളിക്കാർ ഒരു ജനതയുടെയും അവരുടെ സംസ്കാരങ്ങളുടെയുമെല്ലാം റെപ്രസന്റേഷനുകളായി മാറും. യാ യാ ടുറ(Yaya Touré) യുടെ വാക്കുകളിൽ യൂറോപ്പിൽ പന്ത് തട്ടുമ്പോൾ, അയാൾ ആഫ്രിക്കൻ ജനതയുടെ തന്നെ മുഖമായി മാറുന്നു. ബാഴ്സയുടെ ജേഴ്സി കാണുമ്പോൾ കാറ്റലൻ ജനതയിലേക്കും, സലാഹിലേക്ക് എത്തുമ്പോൾ, ഇസ്‌ലാമിലേക്കുമല്ലാം നമ്മുടെ വർത്തമാനങ്ങൾ നീളുന്നത് അവർ നിർവഹിക്കുന്ന ഈ റപ്രസന്റേഷനിൽ നിന്നാണ്.

France Squad 2018

റഷ്യൻ വേൾഡ് കപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ‘ആഫ്രിക്കൻ ടീം’ എന്നാണ്. സിദാനടങ്ങുന്ന ഫ്രഞ്ച് കളിക്കാർ പ്രതിനിധീകരിച്ച അൽജീരിയൻ ആഫ്രിക്കൻ ഐഡൻറിറ്റിയും, അതിൽ നിന്ന് രൂപം കൊണ്ട, black blanc beur (ബ്ലാക്ക് വൈറ്റ് അറബ്) എന്ന ഫ്രാൻസിന്റെ tricolor വിജയ ഫോർമേഷനുമാണ് അവരെ ഒരു ആഫ്രിക്കൻ ടീമാക്കി മാറ്റുന്നത്. ഇതേ ഫ്രാൻസിലെ എലൈറ്റ് സിറ്റികൾക്ക് പുറത്ത് അപരവൽകരിക്കപ്പെട്ട പ്രദേശങ്ങളാണ് banlieues. അവിടെ നിന്ന് എംബാപ്പെ എന്ന കാമറൂണിലേക്കും അൾജീരിയയിലേക്കും വേരുകളുള്ള ഒരു 19 കാരൻ ലോകത്തിന്റെ വണ്ടർ കിഡായി മാറുന്നതും, അവന് പിന്നിൽ ഗ്രീസ്മാനും പോഗ്ബയും ഫെകീറും കാന്റെയും ഉംറ്റിറ്റിയും ചേർന്ന് കളി മെനയുന്നതുമെല്ലാം, യുറോപ്പ് എന്ന എലൈറ്റ് കോണ്ടിനെന്റിന് പുറത്ത് അപരവൽകരിക്കപ്പെട്ട് കിടക്കുന്ന ആഫ്രിക്കൻ മുസ്‌ലിം ദേശങ്ങൾക്ക്  പ്രതീക്ഷയുടെ കാഴ്ചകളായിരുന്നു. അതു കൊണ്ടാവണം, ഗ്രൂപ്പ് റൗണ്ടിനപ്പുറത്തേക്ക് ഒരൊറ്റ ആഫ്രിക്കൻ ടീമും ഇടം പിടിക്കാതിരുന്നിട്ട് കൂടി റഷ്യൻ വേൾഡ് കപ്പിനെ ആഫ്രിക്ക ആഘോഷിച്ചതും, മോസ്കോവിലേയും പീറ്റേയ്സ്ബർഗിലേയും ഫാൻസ് ഫെസ്റ്റുകളിൽ അവരുടെ നിറസാന്നിദ്ധ്യമുണ്ടായതും. എന്നാൽ ഇങ്ങനെയൊരു മൾട്ടി കൾചറൽ ടീം കപ്പുയർത്തുമ്പോയും, ‘മൾട്ടി കുൾട്ടി’ക്കെതിരായ പ്ലക്കാർഡുകൾ യൂറോപ്പിൽ നിരന്തരം ഉയരുന്നുണ്ട്.

G-20 സമ്മിറ്റിലെ പ്രസ് കോൺഫറൻസിൽ, ഫ്രഞ്ച് പ്രസിഡൻറ്‌ ഇമ്മാനുവൽ മാക്രോൺ, തന്റെ രാജ്യത്ത് കുടിയേറ്റം മൂലമുണ്ടായ ‘സിവിലൈസേഷണൽ ക്രൈസിസായി’ അവതരിപ്പിച്ചത് ആഫ്രിക്കൻ അമ്മമാർ ഏഴും എട്ടും പെറ്റ്കൂട്ടുന്നു എന്നതാണ്. അതേ മാക്രോൺ ലോകകപ്പ് വിജയത്തിന് ശേഷം പോഗ്ബയുടേയും മെൻഡിയുടേയും ഇടയിൽ നിന്ന് ഡബ് ഡാൻസ് കളിക്കുന്നത് കണ്ട ആഫ്രിക്കൻ അമ്മമാരുടെ മനസ്സിൽ ഒരു നിർവൃതിയുണ്ടാവും. കാരണം തങ്ങളുടെ പേറ്റ് നോവിനെപോലും ഒരു നാഗരികതയുടെ തകർച്ചയായി കാണുന്ന യൂറോപ്പിന്റെ വംശീയ മനസ്സിനെ, അവർ അതേ പേറ്റ് നോവ്കൊണ്ട് തന്നെ തിരുത്തിയിരിക്കുന്നു. അവർ പ്രസവിക്കുന്നത് എംബപ്പെയേയും പോഗ്ബയേയുമാണങ്കിൽ 8 അല്ല 80 പെറ്റാലും യുറോപ്പിന് അവർക്കൊപ്പം നിന്ന് ഡബ് ഡാൻസ് കളിക്കുമെന്നും, സലാഹാണെങ്കിൽ അവന്റെ പള്ളിയിൽ അവനൊപ്പം നിന്ന് നമസ്കരിക്കുമെന്നും വരെ യൂറോപ്പിനെ കൊണ്ട് പറയിപ്പിക്കാൻ അവർക്ക് കഴിയുന്നു.

Mario Balotelli

യൂറോപ്പിന്റെ ഉള്ള് ഇത്രമേൽ xenophobic ആയതിന്റെ കാരണം തിരഞ്ഞാൽ, വളരെ പെട്ടന്ന് യൂറോപ്പിന്റെ വംശീയതയെ കാണാൻ കഴിയും. ട്രാന്‍സ് നാഷണലിസം സാധ്യമാക്കുന്ന കുടിയേറ്റം എന്നതിനെക്കാൾ യുറോപ്പിനെ xenophobic ആക്കി മാറ്റുന്നത്, അത് തങ്ങളുടെ എത്തിനിക്കൽ പ്യൂരിറ്റിയെ ചോദ്യം ചെയ്യുന്നു എന്നിടത്താണ്. ഓസിൽ ചൂണ്ടിക്കാണിച്ചത് പൊലെ പെഡോൾസ്‌കിയും ക്ലോസെയും പോളിഷ് കുടിയേറ്റക്കാരാണെന്നത് യൂറോപ്പ് ചർച്ച ചെയ്യില്ല. ഗ്രീസ്മാൻ ഉറുഗ്വേയുടെ പതാക പുതക്കുന്നത് വളരെ കൂളായി കാണുന്ന യുറോപ്പിന് പക്ഷെ ബല്ലോട്ടല്ലി ഇറ്റാലിയൻ ജേഴ്സി അണിയുന്നത് അത്ര ദഹിക്കില്ല.

സിദാനും ബല്ലോട്ടല്ലിയും കളിക്കളത്തിൽ പ്രകോപിതരാവുന്നനതിന്റെ കാരണം അൾജീരിയയിലേക്കും ആഫ്രിക്കയിലേക്കും നീളുന്ന അവരുടെ വംശീയ വേരിൽ ആരോപിക്കുന്നവർ, റൂണിയേയും റാമോസിനേയുമെല്ലാം സൗകര്യപൂർവ്വം മറക്കും. കരുത്ത് കൊണ്ട് കളിക്കുന്ന ആഫ്രിക്കയും തല കൊണ്ട് കളിക്കുന്ന യൂറോപ്പും എന്ന കളി എഴുത്തുകാർക്കിടയിലെ ഇക്വേഷനുളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. ലാറ്റിനമേരിക്കൻ ചാരുതയെ ഡിഫൻസീവ് ഫുട്‌ബാൾ കൊണ്ട് മറികടന്ന യുറോപ്പ് വളരെ പെട്ടന്ന് തല കൊണ്ട് കളിക്കുന്നവരായി എന്ന് മാത്രമല്ല, ആഫ്രിക്കൻ വംശജരായ കളിക്കാർ ഈ തലകൊണ്ടുള്ള കളിക്ക് പറ്റാത്തവരായി മാറുന്നു. അതു കൊണ്ടാണ് ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ നെടും തൂണായി നിന്ന പോഗ്ബയോട് ‘ലോകകപ്പിലെ കളിയൊക്കെ കൊള്ളാം , പക്ഷെ യുറോപ്പിൽ കളിക്കുമ്പോൾ തലച്ചോർ ഉപയോഗിക്കണ’മെന്ന് മാഞ്ചസ്റ്റർ ഇതിഹാസം ഉപദേശിക്കുന്നത്. അവിടെ തങ്ങളുടെ തലയില്ലായ്മയോ ഫോമില്ലായ്മയോ അല്ല, മറിച്ച് യൂറോപ്പിന് പുറത്തേക്ക് നീളുന്ന വംശീയ വേരുതന്നെയാണ് പ്രശ്നമെന്നു ബല്ലോട്ടല്ലി മുതൽ ഓസിൽ വരെയുള്ളവരുടെ വാക്കുകളിൽ കാണാം. അതോടൊപ്പം  യുറോപ്പിന് പ്രശ്നമുണ്ടാക്കുന്ന ഈ വംശീയ വേര് മറച്ച് പിടിക്കുകയല്ല മറിച്ച്, പരത്വം വരച്ച ബൗണ്ടറികള്‍ക്ക്‌ പുറത്ത് അവരത് എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് ദേശീയ ഗാനത്തിന് വേണ്ടി നെഞ്ച് വിരിച്ച് നിൽക്കുന്ന ഉംറ്റിറ്റി ഗോളാഘോഷിക്കുമ്പോൾ ഒരാഫ്രിക്കനായി കാണുന്നതും, എംബാപ്പെ ഷെയർ ചെയ്ത  ഇൻസ്റ്റ വിഡിയോ മുതൽ ആഫ്രിക്കൻ പാട്ടുകൾക്ക് ഫ്രഞ്ച് ടീം താളം പിടിക്കുന്നതും, ഗ്രൗണ്ടുകളിൽ നിരന്തരം സുജൂദുകളുണ്ടാവുന്നതുമെല്ലാം.

കുടിയേറ്റത്തിലൂടെ രൂപപ്പെടുന്ന ഈ ട്രാൻസ്- നാഷണലിസത്തിന്റെ മെറ്റഫറായി ഫുട്‌ബാളിലെ ജേഴ്സി കൈമാറ്റത്തെ ഉപയോഗിച്ച സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ഈ സിനിമയിൽ തന്റെ സ്വപ്നം വളരെ ചെറുതാണ് എന്ന് പറഞ്ഞ സുഡുവും, തന്റെ സ്വപ്നം വളരെ വലുതാണെന്ന് പറഞ്ഞ ടുറെയും, കാണുന്ന സ്വപ്നം ഒരു ബെറ്റർ വേൾഡാണ്. ഇതേ ബെറ്റർ വേൾഡ് പ്രതീക്ഷിച്ചാണ് ഒരോ കുടിയേറ്റക്കാരനും യുറോപ്പിലേക്ക് എസ്കേപ്പ് ചെയ്യുന്നത്. അവിടെ  അവർക്കൊരു മജീദിനെ കിട്ടുന്നില്ലെങ്കിലും, കുടിയേറ്റത്തിലൂടെ സംഭവിച്ച ട്രാൻസ് നാഷണലിസവും, ഈ കളിക്കാർ നൽകുന്ന ഐഡന്റിറ്റിയും  ഒരു ബെറ്റർ വേൾഡിലേക്കുള്ള പ്രതീക്ഷ നൽകുന്നുണ്ട്. ഫ്രഞ്ച് ടീം കപ്പുയർത്തുമ്പോൾ ഈ പ്രതീക്ഷകളും ഒപ്പമുയരുന്നുണ്ട്‌.

നബ്ഹാന്‍ ബിലാല്‍