Campus Alive

ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ തുര്‍ക്കിഷ് സംഭാവനകള്‍

ഇസ്ലാമിക ചരിത്ര രചനയില്‍ വംശീയതയും വിഭാഗീയതയും ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഉമവീ അബ്ബാസി സംഘര്‍ഷങ്ങള്‍, അറബ്-പേര്‍ഷ്യന്‍ വിഭാഗീയത, സുന്നി-ശിഈ വേര്‍തിരിവുകള്‍ എന്നിവയെല്ലാം ചരിത്ര രചനയില്‍ വ്യത്യസ്ത വായനകള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. മൗലാനാ മൗദൂദി തന്റെ ‘ഖിലാഫത്തും രാജവാഴ്ചയും’ എന്ന ഗ്രന്ഥത്തില്‍ ഈ ചരിത്രരചന മുസ്ലിം സമൂഹത്തില്‍ സൃഷ്ടിച്ച വിഷയങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഓട്ടോമന്‍ തുര്‍ക്കി പണ്ഡിതരും ഇസ്ലാമിക വ്യവഹാരങ്ങളില്‍ നിന്ന് തങ്ങളെ അകറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രരചനകളില്‍ അറബ്-ദക്ഷിണേഷ്യന്‍ പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിനെക്കുറിച്ചും തുര്‍ക്കിഷ് വംശജര്‍ ഏറെയുളള സെന്‍ട്രല്‍-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ്ലാമിക വ്യവഹാരങ്ങളെ പരമാര്‍ശിക്കുമ്പോള്‍ തന്നെ തുര്‍ക്കിഷ് വംശജരായ പണ്ഡിതരുടെ സംഭാവനകളെ അവഗണിക്കുന്നതിനെക്കുറിച്ചും തുര്‍ക്കിഷ് പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.

തുര്‍ക്കിഷ് പണ്ഡിതന്മാരുടെ വിമര്‍ശനം

അറബ്-സെന്‍ട്രല്‍ ഏഷ്യന്‍ നാടുകളിലെയും ദക്ഷിണേഷ്യന്‍ ഭാഗങ്ങളിലെയും പണ്ഡിതരുടെ സംഭാവനകളെ കൂടുതല്‍ പ്രാമുഖ്യം കല്‍പ്പിക്കുകയും ഒട്ടോമന്‍ ഖിലാഫത്തിന്റെ ഭരണക്രമത്തെയും അതിലെ സ്റ്റേറ്റ്-ശരീഅത്ത് ചര്‍ച്ചകളുടെ സ്ഥാനത്തെയും വേണ്ട രീതിയില്‍ പരിഗണിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് പ്രമുഖ സോഷ്യോളജിസ്റ്റ്, ശെരീഫ് മര്‍ദിന്‍ അഭിപ്രായപ്പെടുന്നു. ഇസ്ലാമിക് സ്റ്റഡീസില്‍ തുര്‍ക്കിഷ് പണ്ഡിതരുടെ സംഭാവനകളെ അവഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇസ്മായില്‍ കാരയാണ് [Ismail Kara] ഈ വിഷയത്തില്‍ ഗൗരവമായി ചിന്തിക്കുകയും തുര്‍ക്കിഷ് പണ്ഡിതരുടെ സംഭാവനകളെ കുറിച്ച് ഗ്രന്ഥമെഴുതുകയും ചെയ്ത പ്രമുഖ പണ്ഡിതന്‍. ഒട്ടോമന്‍-തുര്‍ക്കി ഇസ്ലാമിക വ്യവഹാരങ്ങളോടുളള ചരിത്രപരമായ അവഗണനക്ക് ഇസ്മായില്‍ കാര പ്രധാനമായും മൂന്ന് കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വം ഒട്ടോമന്‍ പൈതൃകത്തെയും അതിന്റെ അക്കാദമിക-സാംസ്‌കാരിക പാരമ്പര്യത്തെയും മനപ്പൂര്‍വ്വം തിരസ്‌കരിക്കാന്‍ ശ്രമിച്ചു എന്നാണ് ഇസ്മായിന്‍ കാര അഭിപ്രായപ്പെടുന്നത്. ഒട്ടോമന്‍ ഖിലാഫത്തിനെ ഇസ്ലാമിക ലോകത്തില്‍ നിന്നകറ്റുക എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഓറിയന്റലിസ്റ്റ് രചനകളില്‍പ്പോലും ഒട്ടോമന്‍-തുര്‍ക്കിയുടെ അക്കാദമിക വ്യവഹാരങ്ങള്‍ വിരളമാണ്. ജോണ്‍. എല്‍ എസ്പോസിറ്റോയും ജോണ്‍ ഡോനോഹ്യൂവും എഡിറ്റ് ചെയ്ത് പ്രസിദ്ധികരിച്ച, ജമാലുദ്ധീന്‍ അഫ്ഗാനി മുതല്‍ ഇമാം ഖുമൈനി വരെയുളള ഇസ്ലാമിക ലോകത്തെ 21 പണ്ഡിതരുടെ സംഭാവനകളും ചിന്തകളും കൈകാര്യം ചെയ്യുന്ന ‘Islam in Transition: Muslim Perspectivse’ എന്ന ഗ്രന്ഥത്തില്‍ പോലും ഒട്ടോമന്‍-തുര്‍ക്കി പണ്ഡിതന്മാരെ കുറിച്ച് പരാമര്‍ശം പോലുമില്ല.

അറബ് ദേശീയതയും ഒട്ടോമന്‍ ഖിലാഫത്തില്‍ നിന്ന് മുക്തിനേടാനുളള അറബ് ദേശങ്ങളുടെ സ്വാതന്ത്ര്യമോഹവും ഈ സാഹചര്യത്തിന് മറ്റൊരു കാരണമെന്ന് ഇസ്മായില്‍ കാര ചൂണ്ടിക്കാട്ടുന്നു. പ്രമുഖ അറബ് ചരിത്രകാരന്‍ അല്‍ബെര്‍ട്ട് ഹുറാനി 1798-1939 വരെയുളള കാലഘട്ടങ്ങളിലെ ചിന്തകളെയും ചിന്തകരെയും ഉള്‍പ്പെടുത്തി എഴുതിയ ‘Arabic Thougt in the Liberal Age, 1798-1939’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതരില്‍ സിംഹഭാഗവും ഒട്ടോമന്‍ പൗരന്മാരായിരുന്നെങ്കിലും ‘അറബിക്’ ചിന്ത എന്നാണ് പേര് നല്‍കിയത്. ഗ്രാനഡയുടെ പതനത്തിനുശേഷം ഇസ്ലാമിക ലോകത്ത് – ഇസ്ലാമിക വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒട്ടോമന്‍ ഖിലാഫത്തിന്റെ 15,16 നൂറ്റാണ്ടുകളെ സുവര്‍ണകാലഘട്ടം എന്നാണ് തുര്‍ക്കിഷ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറുളളത്. എന്നാല്‍ ഇന്നും ഇസ്ലാമിന്റെ സുവര്‍ണകാലഘട്ടം എന്ന് കരുതപ്പെടുന്നത് പ്രധാനമായും അബ്ബാസി ഭരണകാലത്തിലെ 8,9 നൂറ്റാണ്ടുകളെയാണ്. ഈ ചരിത്ര രചനാവീക്ഷണം പോലും ഒട്ടോമന്‍-തുര്‍ക്കി സാംസ്‌കാരിക പൈതൃകത്തന്റെ തിരസ്‌കാരത്തിന്റെ ഉദാഹരണമാണ്.

തുര്‍ക്കി ദേശീയതയും അറബ്-പേര്‍ഷ്യന്‍ വിരുദ്ധനിലപാടും സ്വീകരിച്ച കമാലിസ്റ്റുകളുടെ നിലപാടും ലോക-ഇസ്ലാമിക വ്യവഹാരങ്ങളില്‍ നിന്ന് തുര്‍ക്കിയെ അകറ്റാന്‍ കാരണമായിട്ടുണ്ട്. ഒട്ടോമന്‍ ഖിലാഫത്ത് എന്ന ഇസ്ലാമിക രാഷ്ട്രീയ ഘടനയെത്തന്നെ പിഴുതെറിഞ്ഞ കമാലിസ്റ്റുകള്‍ അറബ്-ഇസ്ലാമിക ലോകവുമായുളള മത-രാഷ്ട്രീയ ബന്ധം അറുത്തുമാറ്റുകയാണുണ്ടായത്. ഇസ്ലാമിക പാരമ്പര്യം എന്നതിനപ്പുറം തുര്‍ക്കി ദേശീയതക്ക് പ്രാമുഖ്യം നല്‍കിയ കമാലിസ്റ്റുകള്‍ ഇസ്ലാം-മുസ്ലിം വ്യവഹാരങ്ങളെ തുര്‍ക്കിയില്‍ തന്നെ അടിച്ചമര്‍ത്തുകയുണ്ടായി. പൊതുവെ ലോക സാഹിത്യ-അകാദമിക വ്യവഹാരങ്ങള്‍ കേരളത്തില്‍ അതിശീഘ്രം പ്രചരിക്കുകയും സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളോളം ഇസ്ലാമിക വ്യവഹാരത്തിന് നേതൃത്വം നല്‍കിയ ഒട്ടോമന്‍ ഖിലാഫത്തിന്റെ പണ്ഡിതരും അവരുടെ സംഭാവനകളും ഇന്നും കേരളത്തിന് അന്യമാണ്. യൂറോസെന്‍ട്രിക്-ഓറിയന്റലിസ്റ്റ് രചനകള്‍ക്ക് ശക്തമായ സ്വാധീനവും കൂടെ അറബ്-ഇസ്ലാമിക് രചനകളിലുളള അസാധരണമായ അവലംബവുമാണിതിന്റെ പ്രധാനകാരണം.

ഫത്ഹുല്ലാ ഗുലാന്‍

പണ്ഡിതരും സംഭാവനകളും

മതതത്വശാസ്ത്രം, ഫിഖ്ഹ്, തസവ്വുഫ് അടക്കം എല്ലാ ഇസ്ലാമിക വിജ്ഞാനീയങ്ങളിലും നിപുണരായ പണ്ഡിതര്‍ക്ക് ജന്മം നല്‍കിയതാണ് ഒട്ടോമന്‍ തുര്‍ക്കിയുടെ പാരമ്പര്യം. യൂനുസ് എംറ [1238-1320], ഹാജി ബെക്തഷീ വെലി (1209-1271), മൗലാനാ റൂമി (1207-1273) തുടങ്ങിയവര്‍ ഒട്ടോമന്‍ ചരിത്രത്തിന്റെ പ്രാഥമിക ഘട്ടങ്ങളില്‍ ഇസ്ലാമിക വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. ഒട്ടോമന്‍ ഖിലാഫത്തിന്റെ സ്ഥാപനത്തിന്‍ നേതൃപരമായ പങ്കുവഹിച്ച ബൈക്തഷീ പണ്ഡിതര്‍ ഏകദേശം 1826-വരെ ഖിലാഫത്തിന്റെ മത-സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയവരാണ്. അബൂമന്‍സൂര്‍ അല്‍-മാതുരീദി (863-944) യുടെ ദൈവശാസ്ത്ര ചിന്തകളാണ് ഒട്ടോമന്‍-തുര്‍ക്കിയില്‍ കൂടുതലും പ്രചരിക്കപ്പെട്ടത്. ഫിഖ്ഹില്‍ ഹനഫീ മദ്ഹബാണ് ഖിലാഫത്തില്‍ കൂടുതല്‍ സ്വാധീനം നേടിയത്. ഒട്ടോമന്‍ ഖിലാഫത്തിലെ ആദ്യത്തെ ശൈഖുല്‍-ഇസ്ലാം മൊല്ല ഫെനാരി (മുല്ലാ ശംസുദ്ദീന്‍ അല്‍ ഫെനാരി [1350-1431], സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് രണ്ടാമന്റെ കോണ്‍സ്റ്റാന്റിനോപ്പില്‍ കീഴടക്കലിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായിരുന്ന അക് ശംസുദ്ദീന്‍ [1389-1459], പ്രമുഖ ചരിത്രകാരന്മാരായിരുന്ന താഷ്‌കോപ്രുലു അഹ്മദ് എഫെന്ദി (Taskoprulu Ahmet Efendi – 1494 – 1561), മുസ്തഫാ ബിന്‍ അഹ്മദ് അലി (Mustafa bin Ahmet Ali, – 1541-1600) കാതിബ് ചെലുവി എന്നറിയപ്പെട്ട മുസ്തഫ ബിന്‍ അബ്ദില്ല [1609-1657] എന്നിവര്‍ പ്രമുഖ ചരിത്രകാരന്മാരില്‍ ചില ഉദാഹരണങ്ങള്‍ ആണ്.

ധാരാളം പണ്ഡിതര്‍ ജിയോഗ്രഫി, കാര്‍ട്ടോഗ്രഫി, സമുദ്രപഠനം, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഔലിയാ ചെലബി എന്നു വിളിക്കപ്പെടുന്ന മെഹ്മദ് സില്ലി (1611-1682), മുസ്തഫ ബിന്‍ അലി അല്‍ – മുവഖിത് (d. 1571), മംഗോളിയന്‍ ചക്രവര്‍ത്തി ഇലുഗ് ബോഗിന്റെ അസ്റ്റോണമിക്കല്‍ റ്റേബിള്‍ തെറ്റാണെന്ന് സമര്‍പ്പിച്ച തഖിയുദ്ദീന്‍ മുഹമ്മദ് ബിന്‍ മഅ്കഫ് (1526-1585), അഹ്മദ് മുഹിയുദ്ദീന്‍ പീരി (പീരി റഈസ് 1465-1553), കൊളമ്പസ് അടക്കമുളള വെസ്റ്റേണ്‍ പടിഞ്ഞാറന്‍ യാത്രികരുടെ യാത്രാനുഭവങ്ങള്‍ തുര്‍ക്കിഷിലേക്ക് ഭാഷാന്തരം ചെയ്ത സെയ്യിദി അലി റെഈസ് [1495-1563], സുല്‍ത്താന്‍ സുലൈമാന്‍ അല്‍-ഖാനൂനിക്കൊപ്പം അറേബ്യന്‍ പര്യടനങ്ങളിലെല്ലാം പങ്കെടുത്തു എല്ലാ നഗരങ്ങളുടെയും ഭൂപടം തയ്യാറാക്കിയ മത്റാക്ചിനാസൂഹ് എഫെന്ദി (1480-1564), ഭൂമിശാസ്ത്രപരമായും ഭൂപടനിര്‍മാണത്തിലും നിലനിന്നിരുന്ന അബദ്ധങ്ങളെ ചൂണ്ടിക്കാട്ടിയ മുഹമ്മദ് ബിന്‍ ആമിര്‍ അല്‍ സഊദി (d. 1591) തുടങ്ങിയവരുടെ രചനകള്‍ ആധുനിക കാലം വരെയും തുര്‍ക്കിയില്‍ സ്വാധീനം ചെലുത്തിയിരുന്നു.

അക്ശെംസുദ്ദീന്‍, മുല്ലാഫെനാരിയെപ്പോലെ ഭരണരംഗത്തും സ്വാധീനം ചെലുത്തിയ അനേകം പണ്ഡിതര്‍ ഒട്ടോമന്‍ കാലത്ത് ജീവിച്ചിരുന്നു. ദമാത് അലിപാഷ (1667-1716), നെവ്ശെഹര്‍ലി ഇബ്റാഹീം പാഷ (1666-1730), ഹെകിമോഗ്ലു അലി പാല (1689-1756) എന്നിവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരാല്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കപ്പെട്ട സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍, സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഭരണകാര്യങ്ങളിലും അറബ് ദേശങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിലും ഏറെ സഹായിച്ച മഹത് വ്യക്തിക്തമാണ് ഫസല്‍ പാഷ എന്നാണ് ഒട്ടോമന്‍ തുര്‍ക്കി ചരിത്ര ഗ്രന്ഥങ്ങളില്‍ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്.’യംഗ് ഒട്ടോമന്‍സ്’ എന്ന പേരില്‍ അറിയപ്പെട്ട നാദിക് കെമാല്‍ (1840-1888), ഇബ്റാഹീം ശെനാസി (1826-1871), സിയാപാഷ (1825-1880), മിദ്ഹത് പാഷ (1842-1910), അലി സുആവി (1838-1878) പോലുളളവര്‍ ഒട്ടോമന്‍ ഖിലാഫത്തിന്റെ പൈതൃകവും പാരമ്പര്യവും അംഗീകരിക്കുന്നതിനൊപ്പം പരിഷ്‌ക്കരണം കൂടുതല്‍ ആവശ്യമാണെന്ന് വാദിച്ചവരാണ്. യുവ തുര്‍ക്കികളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബൗദ്ധികമായ പിന്‍ബലം സിയാ ഗോകാല്‍പിന്റെ (1876-1924) ചിന്തകളാണ്. അറബ്-ദേശങ്ങളുമായുളള ബന്ധം വിച്ഛേദിച്ച് തുര്‍ക്കി ദേശീയതാവികാരം ഉണര്‍ത്തിവിട്ടത് സിയാ ഗോകാല്‍പിന്റെ രചനകളാണ്.

തസവ്വുഫും ഒട്ടോമന്‍-തുര്‍ക്കി ഇസ്ലാമിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാനഭാഗധേയം ഹഹിച്ചിട്ടുണ്ട്. എല്ലാ പ്രമുഖ സില്‍സിലകളും സജീവമായ ഒട്ടോമന്‍ ഖിലാഫത്തില്‍ മൗലവീ-ബെക്തഷീ-നെഖ്ഷബന്ദീ ധാരകള്‍ക്കാണ് കൂടുതല്‍ സ്വാധീനം ലഭിച്ചത്. ഹാജി ബെക്തഷീ വെലി (1209-1271), പീര്‍ എവറാന്‍ വെലി (d.1261), സയ്യിദ് അഹ്മദ് സര്‍ഹിന്ദിയുടെ സില്‍സിലയായി മുജദ്ദിയാസില്‍സിലയെ തുര്‍ക്കിയില്‍ പരിചയപ്പെടുത്തിയ പണ്ഡിതന്‍ മൗലാനാ ഖാലിദ് അല്‍-ബാഗ്ദാദി, നെഖ്ഷബന്ദീ-ഖാലിദിധാരയിലെ പ്രമുഖ പണ്ഡിതന്‍ മെഹ്മത് സാഹിദ് കോത്കു (1897-1980) ആധുനിക തുര്‍ക്കിയില്‍ വിശ്വാസ-വൈജ്ഞാനിക മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബദീഉസ്സമാന്‍ സഈദ് നൂര്‍സി (1877-1960), തുര്‍ക്കി രാഷ്ടീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ഫത്ഹുല്ലാ ഗുലെന്‍ എന്നിവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ആധുനിക തുര്‍ക്കിയില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ എല്ലാ ശാഖകളുടെയും ചരിത്രം ഉള്‍പ്പെടുത്തി 17 വാള്യങ്ങളുടെ ഗ്രന്ഥ പരമ്പര എഴുതിയ ഫുആദ് സെസ്ഗിന്‍ (1924-2018) ഇസ്ലാമിക ശാസ്ത്ര ചരിത്രരംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ച പണ്ഡിതനാണ്. ഒട്ടോമന്‍ ഖിലാഫത്തും ആധുനിക തുര്‍ക്കിയും ഇസ്ലാമിക് സ്റ്റഡീസ് മേഖലകളില്‍ നടത്തിയ ഇടപെടലുകളെയും ഒട്ടോമന്‍-തുര്‍ക്കിയിലെ ചിന്തകളെയും കുറിച്ച് കൂടുതല്‍ പഠനം അനിവാര്യമാണ്.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്