Campus Alive

ആധുനികതയുടെ ദേശരാഷ്ട്രവും ഇസ്‌ലാമിന്റെ നൈതിക രാഷ്ട്രീയവും

ആധുനിക ദേശരാഷ്ട്രത്തില്‍ നിന്ന് വ്യത്യസ്തമായി നൈതികവും സാമൂഹികവും അതിഭൗതികവുമായ ചട്ടക്കൂടുകളെ മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക ഭരണനിര്‍വ്വഹണം നടപ്പിലാക്കപ്പെടുന്നത്. ഇസ്ലാമില്‍ ഉമ്മ: എന്ന ആശയം ദേശരാഷ്ട്രത്തിന്റെ പൗരന്‍ എന്ന വളരെ പരിമിതമായ ഇടത്തിന് പുറത്തേക്ക് സഞ്ചരിക്കുന്ന ഒന്നാണ്. വളരെ അമൂര്‍ത്തമായ ഒരു സമുദായത്തെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഒരു പൗരന് മേല്‍ വന്നുചേരുന്ന നിര്‍ണ്ണിതമായ അടയാളങ്ങളോ പരിമിതികളോ ഇസ്ലാമിനകത്തെ ഒരു നൈതിക വിഷയിക്ക് (ethical subject) വന്നുചേരുന്നില്ല. അഥവാ, നൈതികമായ ഭാവനകളെ മുന്‍നിര്‍ത്തിയുള്ള സമുദായത്തിന്റെ രാഷ്ട്രീയ രൂപീകരണമാണ് (political formation) ഇസ്ലാം സാധ്യമാക്കുന്നത്. അതുപോലെ ഇസ്ലാമിക ഭരണനിര്‍വ്വഹണത്തില്‍ അതിര്‍ത്തി നിശ്ചയിക്കപ്പെടുന്നത് ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ്. ശരീഅത്ത് സ്ഥാപിതമാകുന്ന ഇടങ്ങള്‍ ദാറുല്‍ ഇസ്ലാമും അല്ലാത്തവ ദാറുല്‍ ഹര്‍ബുമാണ്. അഥവാ, ശരീഅത്താണ് ഇസ്ലാമിക സമൂഹത്തിന്റെ അതിര്‍ത്തി. അതേസമയം ദേശരാഷ്ട്രത്തിനകത്ത് വളരെ നിര്‍ണ്ണിതവും സവിശേഷവുമായ അധികാരരൂപമായാണ് അതിര്‍ത്തി നിലനില്‍ക്കുന്നത്.

ആധുനിക ദേശരാഷ്ട്രം സ്വയം തന്നെ ഒരു പരമാധികാര സ്ഥാപനമാണ്. വളരെ അധീശമായ സംസ്‌കാരത്തെ പിന്തുടരുന്നവരായിരിക്കും അതിന്റെ പരമാധികാരത്തെ നിര്‍വ്വചിക്കുന്നത്. അതേസമയം ഇസ്ലാം അത്തരത്തിലുള്ള പരമാധികാരങ്ങളെയെല്ലാം തകിടം മറിക്കുന്നു. അവിടെ സമുദായങ്ങള്‍ക്ക് സ്വന്തമായ അധികാരങ്ങളൊന്നും തന്നെയില്ല. ദൈവമാണ് അടിസ്ഥാനപരമായി പരമാധികാരത്തെ കൈയ്യാളുന്നത്. അതുകൊണ്ടുതന്നെ ദേശരാഷ്ട്രങ്ങളെപ്പോലെ വളരെ നിര്‍ണ്ണിതമായ അധികാരസ്ഥാപനമായി നിലനില്‍ക്കാന്‍ ഒരിക്കലും ഇസ്ലാമിക ഭരണത്തിന് കഴിയില്ല. കാരണം പിടുത്തം കിട്ടാത്ത (transcendental) ഒരു അധികാരമായി ഒരുകാലത്തും ഇസ്ലാമില്‍ നിയമം (ശരീഅത്ത്) നിലനിന്നിട്ടില്ല. അത് നിരന്തരമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണ്. കാരണം, ഇസ്ലാമിക നിയമം നിര്‍ണ്ണിതവും (fixed) ആവര്‍ത്തന (repitative) സ്വഭാവമുള്ളതുമല്ല. മറിച്ച് ഒരു ആയിത്തീരലിന്റെ (becoming) പേരാണത്. എന്നാല്‍ ദേശരാഷ്ട്രത്തിനകത്ത് നിയമം വയലന്‍സിന്റെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അത് സ്വയം തന്നെ ദൈവികമായിത്തീരുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ഒരു പ്രത്യേക തരത്തിലുള്ള സാമൂഹികക്രമത്തിലേക്ക് നിയമം പൗരന്‍മാരെ കൊണ്ടുവരുന്നത്.

ഇസ്ലാമിക ഭരണനിര്‍വ്വഹണത്തിന് കീഴില്‍ സമുദായങ്ങള്‍ എല്ലാം തന്നെ വളരെ നൈതികമായ വിഷയികള്‍ (ethical subjects) ആയാണ് നിലനില്‍ക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് (നിറത്തിന്റെയോ സാമൂഹിക അധികാരത്തിന്റെയോ അടിസ്ഥാനത്തിലല്ല) അവയുടെ മേന്‍മ അടയാളപ്പെടുത്തപ്പെടുന്നത്. മാത്രമല്ല, ഭരണം കൈയ്യാളുന്നവര്‍ക്ക് അവയുടെ സാമൂഹിക ജീവിതത്തില്‍ ഇടപെടാനോ നിര്‍വ്വചിക്കാനോ കഴിയില്ല. കാരണം ഭരണകൂടമല്ല, ദൈവിക പരമാധികാരമാണ് അടിസ്ഥാനപരമായി മുന്നിട്ട് നില്‍ക്കുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ശരീഅത്തിനെ മുന്‍നിര്‍ത്തി ഭരണകൂടത്തെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അധികാരമുണ്ട്. ആധുനിക ദേശരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്.

ഇസ്ലാമിക ഭരണത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി ദൈവത്തിനാണ് പരമാധികാരം (sovereign power). മനുഷ്യരില്‍ നിക്ഷിപ്തമായ അധികാരം എന്നത് രൂപകവും അയഥാര്‍ത്ഥ്യവുമാണ്. അഥവാ, ദൈവത്തിന്റെ അമാനത്താണ് മനുഷ്യന്റെ കൈവശമുള്ള അധികാരം. അതുകൊണ്ടാണ് സമ്പന്നരില്‍ ദരിദ്രര്‍ക്ക് അവകാശമുണ്ടെന്ന് പറയുന്നത്. കാരണം, ദൈവം നല്‍കിയ സമ്പത്താണത്. അതിനാല്‍ തന്നെ സമ്പന്നരുടെ ഔദാര്യമായല്ല, മറിച്ച് ദരിദ്രരുടെ അവകാശമായാണ് സകാത്തിനെ ഇസ്ലാമില്‍ മനസ്സിലാക്കപ്പെടുന്നത്. അതുപോലെത്തന്നെ നിയമവും അധികാരവുമൊന്നും തന്നെ മനുഷ്യന് തോന്നിയ പോലെ നിര്‍വ്വഹിക്കാനുള്ള ഒന്നല്ല. മറിച്ച്, ദൈവിക നൈതികതയുടെ പ്രതിനിധാനമായാണ് അവയെല്ലാം ആവിഷ്‌കരിക്കപ്പെടേണ്ടത്.

ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. അതിഭൗതികതിയില്‍ ഊന്നുന്ന നൈതികമായ ഒരു നിയമസംവിധാനമില്ലാതെ ഇസ്ലാം തന്നെയില്ല. അതുപോലെ ദൈവികമായ പരമാധികാരമില്ലാതെ അങ്ങനെയൊരു നിയമസംവിധാനത്തിനും നിലനില്‍പ്പില്ല. അതേസമയം ആധുനിക ദേശരാഷ്ട്രത്തിനുള്ളത് സ്വന്തമായ പരമാധികാരമാണ്. ദൈവിക പരമാധികാരം എന്ന ചോദ്യത്തിന് തന്നെ അവിടെ പ്രസക്തിയില്ല. വളരെ അധീശമായ പരമാധികാര സ്വഭാവമില്ലാതെ ദേശരാഷ്ട്രത്തിന് നിലനില്‍ക്കാന്‍ തന്നെ കഴിയില്ല. അതുകൊണ്ടുതന്നെ ആധുനിക രാഷ്ട്രത്തിന് ഇസ്ലാമികമാകാനോ ഇസ്ലാമിന് ആധുനിക രാഷ്ട്രത്തെ പുല്‍കാനോ ദൈവശാസ്ത്രപരമായി സാധ്യമല്ല. ഇനി രാഷ്ട്രത്തിന് ഇസ്ലാമിക സ്വഭാവം നല്‍കിക്കൂടേ എന്നൊരാള്‍ക്ക് ചോദിക്കാവുന്നതാണ്. അപ്പോഴും രാഷ്ട്രം എന്ന പദം എന്തായാലും ഒഴിവാക്കേണ്ടി വരും. അതുകൊണ്ടാണ് ഇസ്‌ലാമിക ഭരണസംവിധാനം എന്ന് ഞാനതിനെ വിശേഷിപ്പിക്കുന്നത്. കാരണം, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ രാഷ്ട്രം അടിസ്ഥാനപരമായി ആധുനികവും അധീശമായ അധികാരബന്ധങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. ഇസ്ലാമിനൊരിക്കലും അങ്ങനെ നിലനില്‍ക്കാന്‍ കഴിയില്ല. ഇനി അങ്ങനെ നിലനില്‍ക്കുകയാണെങ്കില്‍ അതൊരിക്കലും ഇസ്ലാമാവുകയില്ല.

ഇനി ശരീഅത്തിനെയും ദേശരാഷ്ട്രത്തെയും ഒന്ന് താരതമ്യം ചെയ്തുനോക്കാം. ശരീഅത്ത് അടിസ്ഥാനപരമായി ദൈവിക പരമാധികാരത്തിന്റെ പ്രകാശനമെന്ന നിലക്കാണ് മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും നിയന്ത്രിക്കുന്നത്. എന്നാല്‍ ദേശരാഷ്ട്രം അധികാരത്തിന്റെ രൂപത്തിലാണ് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്. അഥവാ, സ്റ്റേറ്റിന്റെ ലോകക്രമത്തിനകത്തേക്ക് പൗരന്‍മാരെ നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്റ്റേറ്റ് പൗരന്‍മാരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് (surveillance) . എന്നാല്‍ ഇസ്ലാമിക ഭരണത്തിന് ഇങ്ങനെ ഒളിഞ്ഞുനോക്കാന്‍ തന്നെ അധികാരമില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ആ ഭരണം തന്നെ ചോദ്യം ചെയ്യപ്പെടും. ഉമര്‍ (റ) തന്റെ ഭരണകാലത്ത് ഒരു സ്വഹാബിയെ അദ്ദേഹമറിയാതെ കള്ളുകുടിച്ചതിന്റെ പേരില്‍ പിടികൂടിയപ്പോള്‍ ആ സ്വഹാബി ഉമറിനെ ചോദ്യം ചെയ്യുകയാണുണ്ടായത്. ഉമറിന് തന്റെ തെറ്റ് ബോധ്യപ്പെടുകയും ചെയ്തു. ഇസ്ലാമിക ഭരണത്തിന് കീഴില്‍ ആധുനിക ദേശരാഷ്ട്രങ്ങളെപ്പോലെ പൗരന്‍മാരെ രഹസ്യമായി പിന്തുടരാന്‍ ദൈവശാസ്ത്രപരമായി സാധ്യമല്ല എന്നാണ് ഈ ചരിത്രസംഭവം കാണിക്കുന്നത്.

ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള എല്ലാ അധികാര രൂപങ്ങളും (ജുഡീഷ്യറിയടക്കം) ശരീഅത്തിന് കീഴിലാണ് വരുന്നത്. ശരീഅത്തിന് വിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അധികാരമില്ല. മാത്രമല്ല, അങ്ങനെ സംഭവിക്കുന്ന പക്ഷം ഏതൊരു സാധാരണ ‘പൗരന്’ പോലും ശരീഅത്തിനെ മുന്‍നിര്‍ത്തിക്കൊണ്ട് അതിനെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. അഥവാ, ശരീഅത്തിന് മുകളില്‍ ഒരധികാരവും നിലനില്‍ക്കുന്നില്ല. ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആധുനിക അധീശ രൂപങ്ങള്‍ക്കൊന്നും തന്നെ അവിടെ യാതൊരു സ്ഥാനവുമില്ല. അപ്പോള്‍ പിന്നെ ശരീഅത്ത് എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നത്? എല്ലാ വിധ അധികാരങ്ങളെയും മറികടക്കുന്ന ഒന്നാണ് ശരീഅത്തെങ്കില്‍ എങ്ങനെയാണത് ആവിഷ്‌കരിക്കപ്പെടുന്നത്? മുസ്ലിം ഉമ്മ: തന്നെ തെരെഞ്ഞെടുക്കുന്ന, ദൈവശാസ്ത്രത്തിലും ഇസ്ലാമിക നിയമശാസ്ത്രത്തിലും അഗ്രഗണ്യരായ പണ്ഡിതരാണ് ചരിത്രത്തിലുടനീളം ശരീഅത്തിനെ വ്യാഖ്യാനിച്ചു പോന്നിട്ടുള്ളത്. ഖുര്‍ആനിക നൈതികതയുടെ അടിസ്ഥാനത്തിലാണ് അവര്‍ ശരീഅത്തിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള സമൂഹങ്ങളുടെ നൈതികമായ ചോദ്യങ്ങളെയാണ് അവര്‍ കൂടുതലായും അഭിമുഖീകരിച്ചിട്ടുള്ളത്. അതേസമയം അവര്‍ പുറപ്പെടുവിക്കുന്ന നിയമവിധികളെ ആര്‍ക്കും ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ചോദ്യം ചെയ്യാനുള്ള ഇടം ഇസ്ലാമിക ഭരണസംവിധാനത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആധുനിക ദേശരാഷ്ട്രത്തിനകത്ത് നിയമം വളരെയധികം അടഞ്ഞതും നിര്‍ണ്ണിതവുമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ശരീഅത്താകട്ടെ, സാധാരണ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ഇടയില്‍ ഒരു മധ്യവര്‍ത്തി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെയും അനീതികളെയും തിരുത്താനും അത്തരം ഭരണകൂടങ്ങളെ പുറത്താക്കാനും ശരീഅത്തിന് കഴിയും. കാരണം, ശരീഅത്ത് എന്നത് അടിസ്ഥാനപരമായി ഒരു ഭരണത്തേയോ ലൗകികമായ ഇടപാടുകളേയോ നിയന്ത്രിക്കുന്നതിന്റെ മാത്രം പേരല്ല. മറിച്ച്, ഒരു മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ മുഴുവന്‍ ഇടപാടുകളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഒരനുഭവമായാണ് ഇസ്‌ലാം ശരീഅത്തിനെ വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ലിംഗം, മതം, വംശം തുടങ്ങിയ അതിരുകളെയൊന്നും അത് മാനിക്കുന്നില്ല. മാത്രമല്ല, ആധുനിക നിയമത്തെപ്പോലെ വളരെ നിര്‍ണ്ണിതമായ (fixed) ഒരു കാറ്റഗറിയായി അതൊരിക്കലും നിലനില്‍ക്കുകയില്ല. അനന്തമായ (infinite) വ്യാഖ്യാന സാധ്യതകളാണ് അത് തുറന്നുതരുന്നത്. ഇജ്തിഹാദ് ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനമായി മാറുന്നത് അതുകൊണ്ടാണ്. അതിനാല്‍ തന്നെ ആധുനിക ദേശരാഷ്ട്രത്തെപ്പോലെ ഏകോന്‍മുഖമായ ഒരു നിയമസംവിധാനം എന്ന നിലയില്‍ ശരീഅത്ത് പ്രവര്‍ത്തിക്കുന്നില്ല. നിയമ ബഹുസ്വരതയാണ് അതിന്റെ കാതല്‍. വ്യത്യസ്തങ്ങളായ പ്രാദേശിക സാമൂഹ്യസന്ദര്‍ഭങ്ങളെ പരിഗണിക്കുന്നത് കൊണ്ടു മാത്രമല്ല അത്, മറിച്ച് ഒരു നിയമത്തില്‍ തന്നെ അനന്തമായ വ്യാഖ്യാനസാധ്യതകളെ തുറന്നുതരുന്നത് കൊണ്ട് കൂടിയാണ്. ഈ നിയമ ബഹുസ്വരത മൂന്ന് സാധ്യതകളാണ് ശരീഅത്തിന് നല്‍കിയത്: 1) മൊറോക്കോ മുതല്‍ മലായ് വരെയും ട്രാന്‍സോക്സിയാന മുതല്‍ സൊമാലിയ വരെയുമുള്ള വ്യത്യസ്തങ്ങളായ സമൂഹങ്ങളെയും പ്രദേശങ്ങളെയും വളരെ സുതാര്യമായി ഭരണനിര്‍വ്വഹണത്തിന് വിധേയമാക്കാന്‍ അതിന് സാധിച്ചു. 2) പുതിയ സാമൂഹിക സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നിയമങ്ങളില്‍ ഭേതഗതി വരുത്തപ്പെട്ടു. 3) സ്റ്റേറ്റിന്റെ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായിക്കൊണ്ട് വ്യത്യസ്തങ്ങളായ സാമൂഹിക സന്ദര്‍ഭങ്ങളെ പരിഗണിച്ചതിനാല്‍ തന്നെ കൂടുതല്‍ ജനകീയമാകാന്‍ സാധിച്ചു. മാത്രമല്ല, അഗ്രഗണ്യരായ നിയമപണ്ഡിതര്‍ അതിലൂടെ ജന്‍മമെടുക്കുകയും ചെയ്തു.

ആധുനിക ഇസ്ലാമിക വ്യവഹാരങ്ങളെല്ലാം ആധുനിക ദേശരാഷ്ട്രത്തെ ഭരണനിര്‍വ്വഹണത്തിന്റെ ഒരു അടിസ്ഥാന ഉപാധിയായാണ് മനസ്സിലാക്കുന്നത്. അഥവാ, അധീശമായ ഒരു അധികാര രൂപം എന്നതിനപ്പുറം ലിബറല്‍ ജനാധിപത്യത്തിന്റെയും ഖുര്‍ആനും തിരുസുന്നത്തുമെല്ലാം അടിസ്ഥാനമാക്കിയുള്ള ഒരു ‘മിനി മദീനാ രാഷ്ട്ര’ത്തിന്റെയും രൂപത്തില്‍ ദേശരാഷ്ട്രം നിലനില്‍ക്കുമെന്നാണ് അത്തരം വ്യവഹാരങ്ങള്‍ വാദിക്കുന്നത്. അഥവാ, എല്ലാ തരത്തിലുള്ള രാഷ്ട്രീയ ഭാവനകളുടെയും അന്തിമമായ പരിണതിയായാണ് ദേശരാഷ്ട്രത്തെ അവര്‍ നോക്കിക്കാണുന്നത്. ഇസ്ലാമിനെയും ഇസ്ലാമിക രാഷ്ട്രീയത്തെയും കുറിച്ച ഏതൊരു ആലോചനകളുടെയും കേന്ദ്രമായി വരുന്നത് ദേശരാഷ്ട്രമാണ് എന്നര്‍ത്ഥം. അതിനുമപ്പുറത്തേക്ക് വികസിക്കുന്ന ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പുതിയ ആകാശങ്ങളെ അന്വേഷിക്കാന്‍ അത്തരം വ്യവഹാരങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെത്തന്നെ സ്റ്റേറ്റിന് സ്വന്തമായ ഒരു അതിഭൗതിക യാഥാര്‍ത്ഥ്യമുണ്ട്. ആ യാഥാര്‍ത്ഥ്യമാണ് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ജ്ഞാനശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ ജീവിതസന്ദര്‍ഭങ്ങളെ നിര്‍വ്വചിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും കര്‍തൃത്വത്തെ വരെ തീരുമാനിക്കുന്ന ജ്ഞാനഭൂപടമാണ് സ്റ്റേറ്റ് നിര്‍മ്മിക്കുന്നത്. മാത്രമല്ല, അടിസ്ഥാനപരമായി സ്റ്റേറ്റ് എന്ന ആശയം തന്നെ യൂറോ-അമേരിക്കനാണ്. പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്രങ്ങളില്‍ അത് പരീക്ഷിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ അതിനര്‍ത്ഥം സ്റ്റേറ്റ് എന്ന ആശയം ചലനാത്മകമല്ലാത്ത ഒന്നാണ് എന്നല്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഇങ്ങോട്ടെത്തുമ്പോള്‍ മൗലികമായ നിരവധി മാറ്റങ്ങള്‍ക്കും അത് വിധേയമായിട്ടുണ്ട്. ഇന്ന് നാം കാണുന്ന സ്റ്റേറ്റ് പോലും ഘടനാപരമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ ഇസ്ലാമിക ഭരണനിര്‍വ്വഹണത്തിന്റെ (Islamic Governance) നൈതിക ഭാവനകളുമായി ഒരിക്കലും ഒത്തുപോകാത്ത ഘടനയാണ് ഇപ്പോഴും ദേശരാഷ്ട്രത്തിനുള്ളത് എന്നത് വളരെ വ്യക്തമാണ്. മാത്രവുമല്ല, ആഗോളവല്‍ക്കരണത്തിന്റെയൊക്കെ ഫലമായി അതിന് വന്നിട്ടുള്ള ഘടനാപരമായ മാറ്റങ്ങള്‍ ഇസ്ലാമിക നൈതിക സങ്കല്‍പ്പങ്ങളോട് ഏറെ അകലെയാണ് എന്നതാണ് വസ്തുത.

ഇനി വളരെ ചുരുക്കത്തില്‍ എന്തൊക്കെയാണ് ഇസ്ലാമിക ഭരണനിര്‍വ്വഹണവും ആധുനിക ദേശരാഷ്ട്രവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളെന്ന് പരിശോധിക്കാം. ഒന്ന്, പോസിറ്റീവിസത്തിന്റെ ആവിഷ്‌കാരമാണ് സ്റ്റേറ്റ്. അഥവാ, വളരെ നിര്‍ണ്ണിതവും രേഖീയവുമായ നിയമ ഘടനകള്‍ക്കുള്ളില്‍ മാത്രമേ അതിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ ഭൗതികമായ അതിഭൗതിക ശരീരമാണ് സ്റ്റേറ്റിന്റേത്. സത്യത്തിന്റെ അവസാന വാക്കാണത്. അഥവാ, സ്റ്റേറ്റിനകത്ത് സത്യം എന്നത് വളരെ ഒബ്ജക്ടീവായ ഒരു യാഥാര്‍ത്ഥ്യമാണ്. അതേസമയം ഇസ്ലാം മുന്നോട്ടുവെക്കുന്ന അതിഭൗതികത ലീഗല്‍ പോസിറ്റിവിസത്തെ മറികടക്കുന്ന ഒന്നാണ്. വളരെ സുതാര്യവും നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയവുമാകുന്ന നിയമസംവിധാനമാണ് ഇസ്ലാമിലുള്ളത്. രണ്ട്, ഇസ്ലാമിക ഭരണ സംവിധാനത്തിനകത്ത് ദൈവമല്ലാതെ മറ്റൊരു പരമാധികാരമില്ല. നിയമത്തെയും നീതിയെയും കുറിച്ച സങ്കല്‍പ്പങ്ങളെല്ലാം അവിടെ ദൈവിക പരമാധികാരത്തില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ദേശരാഷ്ട്രം സ്വയം തന്നെ ഒരു പരമാധികാര ശരീരമായാണ് നിലനില്‍ക്കുന്നത്. മൂന്ന്, ശരീഅത്ത് ഭരണനിര്‍വ്വഹണത്തെ മുന്‍കടക്കുന്ന ഒരു സംവിധാനമാണ്. ദേശരാഷ്ട്രത്തില്‍ സ്റ്റേറ്റും നിയമവും ഒരേ ശരീരമായാണ് പ്രവര്‍ത്തിക്കുന്നത്. നാല്, വളരെ നൈതികമായ ഭാവനകളെ മുന്‍നിര്‍ത്തിയുള്ള ‘പൗരന്‍’മാരാണ് ഇസ്ലാമിക ഭരണത്തിലൂടെ നിര്‍മ്മിക്കപ്പെടുന്നത്. അധികാരത്തിന്റെയല്ല, മറിച്ച്, നസ്വീഹത്തിന്റെ ഭാഷയിലാണ് അവിടെ ഭരണകൂടം പ്രജകളോട് സംവദിക്കുന്നത്. മാത്രമല്ല, ഒരു ഭരണത്തിന് കീഴിലല്ല അവര്‍ ജീവിക്കുന്നത്. ദൈവിക പരമാധികാരത്തിന് കീഴിലാണ്. അപ്പോള്‍ അടിസ്ഥാനപരമായി സ്റ്റേറ്റിനോടല്ല ജനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. ദൈവത്തോടാണ്. കൂടാതെ സബ്ജക്ടിവിറ്റിയെക്കുറിച്ച ലിബറലായ ചോദ്യങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. വളരെ നൈതികമായ ഒരു സാമൂഹ്യഭാവനയെ മുന്‍നിര്‍ത്തി കളക്ടീവായ നിലനില്‍പ്പാണ് ഇസ്ലാമിക ഭരണത്തിന് കീഴില്‍ ജനങ്ങള്‍ക്ക് സാധ്യമാകുന്നത്. എന്നാല്‍ ദേശരാഷ്ട്രം ഇങ്ങനെയുള്ള നൈതികമായ ആഗ്രഹങ്ങളെ മുന്‍നിര്‍ത്തിയല്ല നിലനില്‍ക്കുന്നത്. ഒരു ദേശപൗരനെ സൃഷ്ടിക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും ദേശരാഷ്ട്രത്തിനില്ല. നിയമത്തെയും നിയമസംവിധാനങ്ങളെയും അന്ധമായി അനുസരിക്കുന്നവരെയാണ് സ്റ്റേറ്റ് സൃഷ്ടിക്കുന്നത്. അവിടെ ദേശത്തെയും ദേശീയതയെയും കുറിച്ച മറുചിന്തകളൊന്നും തന്നെ പൊറുപ്പിക്കപ്പെടുന്നതല്ല. ദേശരാഷ്ട്രത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞ ധര്‍മ്മമൊന്നും ഒരു പൗരന് അവിടെ നിര്‍വ്വഹിക്കാനില്ല.

ഇസ്ലാമിക ഭരണനിര്‍വ്വഹണവും ആധുനിക ദേശരാഷ്ട്രവും തമ്മില്‍ അനിവാര്യമായും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെയാണ് ഇതുവരെ ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇനി ചില ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഞാനവസാനിപ്പിക്കാം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏത് തരത്തിലുള്ള രാഷ്ട്രീയ ജീവിതമാണ് അവന്‍ നയിക്കേണ്ടത്? രാഷ്ട്രം എന്ന ആധുനിക പരീക്ഷണത്തിന് പുറത്ത് ഒരു നൈതിക ഭാവന അവന് സാധ്യമാണോ? ദേശരാഷ്ട്രത്തിന്റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറത്തേക്ക് അവന്റെ ചിന്തകള്‍ക്ക് സഞ്ചരിക്കാനാവില്ലേ? ഇസ്ലാം മുന്നോട്ടുവെക്കുന്ന നൈതികമായ രാഷ്ട്രീയ ഭാവനകള്‍ക്ക് മുന്നോട്ടുപോകാന്‍ ദേശരാഷ്ട്രം എന്ന ആധുനിക അധികാര രൂപം അനിവാര്യമാണോ?

 

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രൊഫസറാണ് വാഇല്‍ ഹല്ലാഖ്. നിയമ സിദ്ധാന്തം, തത്വചിന്ത, രാഷ്ട്രീയ സിദ്ധാന്തം തുടങ്ങിയവയാണ് പ്രധാന പഠന മേഖലകള്‍. Shari’a: Theory, Practice, Transformations; An Introduction to Islamic Law, Authority, continuity, and Change in Islamic Law, The impossible state തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

 

 

വാഇല്‍.ബി.ഹല്ലാഖ്