Campus Alive

ദേശരാഷ്ട്രരൂപീകരണവും മുസ്‌ലിം പ്രതിസന്ധിയും

ആധുനികദേശരാഷ്ട്ര രൂപീകരണ സമയത്തെ ഒരുപാട് സാമൂഹിക കരാറുകളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയുമാണ് ഇന്ന് നാം മനസ്സിലാക്കുന്ന തലത്തിലും തരത്തിലുമുള്ള പൗരനും പൗരത്വവും പൗരാവകാശവും നിലവില്‍ വന്നത്. രാജഭരണവ്യവസ്ഥയില്‍ നിന്നും ദേശരാഷ്ട്രവ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ പ്രജ പൗരനാവുക മാത്രമല്ല, ദേശരാഷ്ട്രവുമായിട്ടുള്ള കരാറിലൂടെ പൗരാവകാശങ്ങള്‍ക്കുള്ള വ്യവസ്ഥ നേടിയെടുക്കുകയും ചെയ്തു. ഈ ആധുനിക ദേശരാഷ്ട്രവ്യവസ്ഥിതിയില്‍ പൗരത്വമെന്നത് അവകാശങ്ങള്‍ക്കുള്ള അവകാശം (A right to have rights ) ആയി രൂപാന്തരപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഹന്നാ ആരെന്‍ഡ് നിരീക്ഷിക്കുന്നുണ്ട്. ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയ ചുറ്റുപാടില്‍ പൗരത്വമെന്നത് ഒരു പ്രൈമറി കണ്ടീഷന്‍ ആയി നമുക്ക് വായിക്കാന്‍ കഴിയും. അവകാശങ്ങള്‍ മാത്രമല്ല, പൗരത്വമുണ്ടെങ്കില്‍ മാത്രമേ പ്രതിനിധാനവും അതുവഴി അധികാരവും നിയമപരമായി ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇന്ത്യന്‍ ദേശരാഷ്ട്ര സാഹചര്യത്തില്‍ കൊളോണിയല്‍ താല്‍പര്യങ്ങളെയും ചരിത്രത്തെയും അവഗണിച്ച് കൊണ്ട് ആധുനിക ദേശീയതയെ മനസ്സിലാക്കി പൗരത്വത്തെ നിർവ്വചിക്കുന്നത് വളരെ പ്രക്ഷുബ്ധമായ കോളനികാല ഇന്ത്യയുടെ ചരിത്രത്തോട് തന്നെയുള്ള അവഗണനയാണെന്ന് വേണം മനസ്സിലാക്കാന്‍. അധിനിവേശ രാഷ്ട്രീയത്തിന്റെയും അവരുടെ സാമ്പത്തിക-സാമൂഹിക താല്‍പര്യങ്ങളുടെയും ഫലമായിക്കൊണ്ടോ അല്ലെങ്കില്‍ അതിനോടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായിക്കൊണ്ടോ ആണ് കൊളോണിയല്‍ ഇന്ത്യയിലെ (തുടര്‍ന്ന് ദേശരാഷ്ട്രരൂപവത്കരണസമയം വരെ) പൗരത്വം എന്ന വ്യവഹാരത്തിന്റെ വളര്‍ച്ച. അതിനാല്‍ തന്നെ തികച്ചും ഏകശിലാത്മകമായ വായനയിലൂടെ ഈ വ്യവഹാരത്തെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുക തന്നെയില്ലെന്ന് വേണം പറയാന്‍. വിഭജനപൂര്‍വ്വ ബംഗാളും ആസ്സാമും ഉദാഹരണം. ആസ്സാമില്‍ ഇന്ന് എന്‍.ആര്‍.സിയിലും ഡിറ്റന്‍ഷൻ സെന്ററുകളിലുമെത്തി നില്‍ക്കുന്ന പൗരത്വപ്രതിസന്ധിയുടെ തുടക്കമന്വേഷിച്ച് പോയാല്‍ അത് കൊളോണിയല്‍ ഇന്ത്യയിലായിരിക്കും ചെന്നെത്തുക. ഇത്തരത്തില്‍ അധിനിവേശവ്യവഹാരങ്ങളെയും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയും (വിഭജനം മുതല്‍ക്കുള്ളത്) അവഗണിച്ച് കൊണ്ട് ഒരു സ്വതന്ത്ര വ്യവഹാരമായി ഇന്ത്യന്‍ പൗരത്വത്തെ വായിച്ചെടുക്കുന്നത് ചരിത്രവിരുദ്ധമാണെന്ന് മാത്രമല്ല, മനുഷ്യവിരുദ്ധത കൂടിയാണത്.

ചരിത്രപരമായി വിശകലനം ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ മുസ്ലിംകളുടെ പൗരത്വപ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. രാഷ്ട്രത്തിനോട് നിരന്തരം കൂറുപുലര്‍ത്തുന്നുണ്ടെന്ന് സകലരെയും വിശ്വസിപ്പിക്കേണ്ട, നിരന്തരം മതേതരത്വം തെളിയിച്ചുകാണിച്ചുകൊണ്ടേയിരിക്കേണ്ട ഒരു വിഷമസന്ധിയില്‍ മുസ്ലിം സമുദായം ചരിത്രപരമായി അകപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. തങ്ങള്‍ക്ക് യാതൊരു ഏജൻസിയുമില്ലാത്ത കാലത്തെ വിഭജനത്തിന്റെ വരെ അധികഭാരം ചുമലിലേറ്റി എപ്പോഴും രാഷ്ട്രീയമായി താഴ്ന്ന ഒരു സ്ഥാനത്താണ് ഇന്ത്യന്‍ മുസ്ലിം കമ്മ്യൂണിറ്റി നിലനിന്നുപോന്നിട്ടുള്ളത്.

‘ഒരേ വലുപ്പത്തിലുള്ള രണ്ട് വൃത്തങ്ങളുടെ ഇടയില്‍ ജീവിക്കുകയാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഒന്ന് ഇന്ത്യയും മറ്റേത് ഉമ്മത്തും അഥവാ ലോകമുസ്ലിം സമൂഹവുമാണത്’ -മൗലാനാ മുഹമ്മദ് അലി ജൗഹര്‍(Freedom or death)

സ്വാതന്ത്ര്യ സമര കാലത്തെ ഇന്ത്യന്‍ മുസ്ലിംകളുടെ പ്രമുഖ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ മുഹമ്മദ് അലി ജൗഹറിന്റെ ജീവിതത്തെ ആധാരമാക്കിക്കൊണ്ട്  എം.ടി അന്‍സാരി തന്റെ Islam and Nationalism in India എന്ന പഠനത്തില്‍  ഇന്ത്യന്‍ മുസ്ലിംകളുടെ ഈ ട്രിക്കി പൊസിഷനെ നിരീക്ഷിക്കുന്നുണ്ട്. അതായത് ഒരു വശത്ത് ലോകമുസ്ലിംകളോട് വിശ്വാസം, അത് വഴിയുള്ള സാഹോദര്യം എന്ന വൈകാരികതയും മറുവശത്ത് കോളോണിയല്‍ ഇന്ത്യ എന്ന  ജനിച്ച് ജീവിക്കുന്ന ഇടം എന്ന നൈതികതയും. ഈ രണ്ട് പൊസിഷനുകളെയും അതിലുപരിയായി ഈ ഇന്ത്യന്‍ വൃത്തത്തിന്റെ മുകളില്‍ തന്നെ മറഞ്ഞുകിടക്കുന്ന ഹിന്ദു ഭൂരപക്ഷാധിപത്യത്തിന്റെ ഇന്റഗ്രേഷന്റെ രൂപത്തിലുളള  ‘സെക്കുലര്‍’ ഭീഷണിയും  വിജയകരമായി മൗലാനാ മുഹമ്മദലിയും ഇന്ത്യന്‍ മുസ്ലിംകളും മറികടന്നു എന്ന് അന്‍സാരി നിരീക്ഷിക്കുന്നുണ്ട്. ഇതേ അന്‍സാരി തന്നെ  “Muslim in India is a ‘leftover’ or ‘excess’, or a residual presence and a repository of irrationality in the body politic of nation state” എന്ന് വിമര്‍ശനാത്മകമായി പറഞ്ഞ് വെക്കുന്നുണ്ട്. ഇത്തരത്തില്‍ നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും പലപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയും  മതേതരത്ത്വത്തിന്റെ എതിര്‍ ധ്രുവത്തിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഒരു സമുദായം ഇവിടെത്തെ സവര്‍ണ്ണ ബ്രാഹ്മണ മോല്‍ക്കോയ്മയോടും പൊതുബോധത്തോടും നിരന്തരം പോരടിച്ച് കൊണ്ട് തന്നെയാണ് കോളോണിയല്‍-കോളനിയാനന്തര (വിഭജനാനന്തര എന്ന് വായിക്കുക) ഇന്ത്യയില്‍ നിലനിന്നനിന്ന് പോന്നിട്ടുള്ളത്.

ഭരണഘടനാനിര്‍മാണവേളയിൽ ഡോ.ബി. ആര്‍ അംബേദ്ക്കര്‍ മുസ്ലിംകളെയും ദലിതരെയും രാഷ്ട്രീയവും സാമൂഹികവുമായ ന്യൂനപക്ഷമായി  അംഗീകരിക്കണമെന്നു വാദിച്ചിരുന്നു. എന്നാല്‍ സവര്‍ണ്ണാധിപത്യമുണ്ടായിരുന്ന ഭരണഘടനാ നിർമാണസഭയും  ഇന്ത്യൻ ഭരണഘടനയും അതിന്‍റെ നിർമ്മാണ സമയത്തെ ചർച്ചകളുമെല്ലാം മുസ്‍ലിം സമുദായത്തെ  ‘മതപരമായ ന്യൂനപക്ഷം’ എന്ന നിലയിലാണ് നിർവചിച്ചിട്ടുള്ളത്. ഇതോടെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിംകളുടെ  സ്വാഭാവികമായ രാഷ്ട്രീയ സംഘാടനത്തെ (ഭരണഘടനാപരമായ പരിമിതി മൂലം) വര്‍ഗ്ഗീയ സംഘാടനമായി കണക്കാക്കപ്പെട്ടു. ഡെമോക്ലിസിന്റെ വാളുപോലെ തലയ്ക്ക് മുകളില്‍ എപ്പോഴും തൂങ്ങികിടക്കുന്ന ദേശക്കൂറും മതേതരത്വവും പിന്നീട് വന്ന വിഭജനവും തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ് മുസ്ലിം സമുദായത്തെ കൊണ്ടെത്തിച്ചത്. മുസ്ലിം എന്ന അപരനെ ഒരു ബൈനറിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍-ഹിന്ദു-ദേശീയത വിശേഷിപ്പിച്ചത് എന്ന് ജി.അലോഷ്യസിനെ പോലെയുള്ള ചിന്തകര്‍ വാദിക്കുന്നുണ്ട്.  മുസ്ലിം എന്ന സബ്ജക്ടില്‍ അന്തർലീനമായി കിടക്കുന്ന എന്തോ ഒന്ന്, അത്  എപ്പോഴും ദേശീയ ഐക്യത്തെ തകർക്കുന്നതായാണ് ‘പോപുലിസ്റ്റ്’ വായനകള്‍ വിശകലനം ചെയ്താല്‍ നമുക്ക് ലഭിക്കുന്ന ഉത്തരം. ഇത്തരത്തിലുള്ള മതേതര-മെജോറിറ്റേറിയന്‍  ആകുലതകളോട് നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ട് നിലനില്‍ക്കുന്ന മുസ്ലിം സമുദായം ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയിലെ രാഷ്ട്രീയ സംഘാടനത്തിലെ തങ്ങളുടെ അഭാവം മനസ്സിലാക്കുന്നതും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതും. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പി.ഡി.പി അത്തരത്തിലുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു കീഴാള ഐക്യത്തിന്റെ രാഷ്ട്രീയ ഭാവന ആയിരുന്നു. എന്നാല്‍ അപ്പോഴാണ് ‘വര്‍ഗീയം’ എന്ന ലേബല്‍ എത്രത്തോളം പൊതുബോധത്തിലാണ്ടുകഴിഞ്ഞിരിക്കുന്നു എന്ന് നേതാക്കന്മാര്‍ക്ക് മനസ്സിലാവുന്നത്. സമകാലിക മുസ്ലിംരാഷ്ട്രീയത്തിന്റെ മതേതര മുഖമായ മുസ്ലിം ലീഗിന് വരെ അവരുടെ സെക്യൂലറിസവും ദേശക്കൂറും നിരന്തരം തെളിയിച്ചുകൊണ്ട് മാത്രമേ നിലനില്‍ക്കാൻ കഴിയുന്നുള്ളൂ എന്നത് തന്നെ ഈ സെക്യുലര്‍ വയലന്‍സിന്റെ ഭീകരത തുറന്ന് കാട്ടുന്നു.

ഉന്മത്തൻ, ഭ്രാന്തൻ, മതഭ്രാന്തൻ,  തുടങ്ങിയ പദാവലികൾ  കൊണ്ട് വിശേഷിപ്പിക്കേണ്ട, നിയന്ത്രണം  ചെയ്യപ്പെടേണ്ടുന്ന വിഷയിയാണ് മുസ്ലിംകളുടേത് എന്ന പടിഞ്ഞാറിന്റെ സങ്കൽപ്പത്തെ ഉപയോഗപ്പെടുത്തി ദേശരാഷ്ട്രത്തിനോട് ഒരിക്കലും ചേരാത്ത ഒരു സമുദായമായി മുസ്ലിംകളെ മനസ്സിലാക്കുന്ന ഒരു പരമ്പരാഗതമായ  വായന കൂടി ഈ പദ്ധതിയോട് ചേർത്ത് മനസ്സിലാക്കണം. ഇത്തരത്തിലുള്ള മുൻവിധികളുടെ പുറത്താണ് C.A.A , N.P.R , N.R.C എന്നിവയ്ക്ക്  എതിരെയുള്ള മുസ്ലിം സമുദായത്തിന്റെ സ്വാഭാവികമായ രാഷ്ട്രീയ ഒത്തുചേരലുകളെയും ഒന്നുചേരലുകളെയും പ്രതിഷേധങ്ങളെയും ‘വർഗീയ’മായി വായിക്കപ്പെടുന്നത്, പ്രത്യേകിച്ചും കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ. കോളനിയാന്തര (വിഭജനാന്തര ) ഇന്ത്യയിലെ മുസ്ലിം സമുദായം പതിറ്റാണ്ടുകളായി അനുഭവിച്ചുപോന്നിട്ടുള്ള രാഷ്ട്രീയമായ ഷണ്ഡീകരണത്തിന്റെയും( political sterilization ) മതേതരമായ മെരുക്കലിന്റെയും (secular domestication ) അനിവാര്യമയ പരിണിതഫലമാണ്  ഇന്നത്തെ പൊതു മണ്ഡലത്തിലെ മുസ്ലിം രാഷ്ട്രീയ ഇടപെടലുകൾ. എന്നാല്‍, ഈയൊരു മനസ്സിലാക്കലിന്റെ അഭാവത്തില്‍ നിന്നാണ് അല്ലെങ്കില്‍ അത്തരമൊരു നവരാഷ്ട്രീയ വായനക്ക് ശ്രമിക്കാത്തതുകൊണ്ടാണ് കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ ഈ വിധമുള്ള രാഷ്ട്രീയ-സാംസ്കാരിക മുൻവിധികൾ പലപ്പോഴും കടന്നുവരുന്നത് .

കേരളത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍ ഈ സെക്യുലര്‍ വയലന്‍സ് അതിന്റെ പരിധി ലംഘിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സി.എ.എ-എന്‍.പി.ആര്‍-എന്‍.ആര്‍.സി-വിരുദ്ധ അല്ലെങ്കില്‍ ഒരു ദീർഘഭാവനയിൽ ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിക്ക് മുന്നില്‍ നില്‍ക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളം ഈ ഐക്യം സാധ്യമാക്കുന്നത് ഒരു കൂട്ടം മുസ്ലിം രാഷ്ട്രീയ സംഘടനകളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിംകളെ മാറ്റിനിര്‍ത്തുന്നതിനെതിരെയായ സമരം മറ്റൊരു തരത്തില്‍ അതേ മുസ്ലിംകളെ തന്നെ മാറ്റിനിര്‍ത്തിക്കൊണ്ട് സാധ്യമാവുന്നു എന്നത് വളരെ അപകടകരമായ യാഥാര്‍ത്ഥ്യമാണ്. നേരത്തെ പറഞ്ഞതുപോലെ കമ്മ്യൂണല്‍/എക്സ്ട്രീമിസ്റ്റ് ലേബലുകളില്‍ പെടുത്തിക്കൊണ്ടുള്ള ഒരു മുന്‍വിധിയോടെ മാത്രം മുസ്ലിം രാഷ്ട്രീയത്തെ വായിക്കാനും മാറ്റിനിര്‍ത്താനും സാധിക്കുന്നു എന്നത് (ഭരണഘടനയുടെ സമ്മതിയോടുകൂടിതന്നെ) മതേതര പൊതുബോധത്തിന്റെ വ്യവഹാരമണ്ഡലത്തിലെ അധീശരാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നുണ്ട്.

സ്വാതന്ത്ര പൂര്‍വ്വ ഇന്ത്യയില്‍, പ്രത്യേകിച്ച് കമ്മ്യൂണല്‍ അവാര്‍ഡിന്റെയൊക്കേ സമയത്ത് അംബേദ്ക്കറുടെ  ജാതിവിരുദ്ധരാഷ്ട്രീയത്തെ എങ്ങനെയാണോ സവര്‍ണ്ണരായ കോണ്‍ഗ്രസുകാർ ‘കമ്മ്യൂണല്‍’ എന്ന ലേബലിലൊതുക്കിയത്, അതേപോലെ തന്നെയാണ്   ഇത്തരം വര്‍ഗീയ തീവ്രവാദ പട്ടങ്ങളുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ സ്വാതന്ത്രാനന്തര ഇന്ത്യയുടെ സവിശേഷ  രാഷ്ട്രീയ സാഹചര്യത്തിൽ ദലിത് കോസുകളെല്ലാം സെക്യുലര്‍ കോസുകളായി മാറ്റം ചെയ്യപ്പെട്ടു. രാഷ്ട്രീയ സൈദ്ധാന്തികനായ രജനി കോത്താരിയുടെ അഭിപ്രായത്തില്‍ സംവരണം, ജാതി ഉന്മൂലനം തുടങ്ങിയ പുരോഗമനപരവും മതേതരവും ആയ  ‘ഇന്ത്യന്‍’ (ആഭ്യന്തര) വിഷയങ്ങള്‍  പ്രധാന പ്രതിപാദ്യമായി വരുന്നതുകൊണ്ടാണ് ദലിത് രാഷ്ട്രീയം സെക്യുലറും പ്രോഗ്രസീവുമാകുന്നത്. അതേ സമയം, മുസ്ലിംകളുടെ കാര്യത്തിൽ നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള അകത്തുള്ളവൻ/പുറത്തുള്ളവൻ(insider/outsider) ബൈനറിയില്‍ പുറത്തുള്ളവനായിക്കൊണ്ടും ദേശക്കൂറില്ലാത്തവരായിക്കൊണ്ടും പോപുലിസ്റ്റ് വായനകളില്‍ ആഴത്തില്‍ വേരുറപ്പിച്ച മുന്‍വിധികൾ ഇത്തരമൊരു പൊസിഷന്‍ മുസ്ലിം രാഷ്ട്രീയത്തിന് കല്‍പിച്ച് നല്‍കുന്നതിന് വിഘാതം നില്‍ക്കുന്നുണ്ട്. അത് കൊണ്ട് പരമ്പരാഗത വായനയില്‍  മുസ്ലിം രാഷ്ട്രീയം എപ്പോഴും കമ്മ്യൂണല്‍/സെക്യുലര്‍ ബൈനറിയില്‍ പിണഞ്ഞുകിടക്കും എന്നതാണ് വസ്തുത. മുസ്ലിംകളാകെ  ഉന്മൂലനം ചെയ്യപ്പെട്ടേക്കാവുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിന്റെ വക്കിലെത്തിയിട്ടുപോലും ഈ ബൈനറി മറികടക്കാനാവാത്ത ഒരു പ്രതിരോധ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന് പോലും വിഭാവനം ചെയ്യാന്‍ സാധിക്കുന്നത് എന്നത് അവരുടെ രാഷ്ട്രീയ ഭാവനയുടെ പരിമിതിയായിട്ട് മനസ്സിലാക്കണം.

ഇത്തരത്തിലുള്ള സെക്യുലര്‍ പരിമിതികളെ മറികടക്കാനുതകും വിധത്തിലുള്ള പുതിയ രാഷ്ട്രീയ ഭാഷകളും ആലോചനകളും സാധ്യമാവേണ്ടതുണ്ട്. അതിന്റെ പലതരത്തിലുളള ആവിഷ്ക്കാരങ്ങളാണ് അലീഗഢിലും ഷഹീന്‍ബാഗിലും ഗുല്‍ബര്‍ഗയിലും അറാറിയയിലുമെല്ലാം നാം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സവര്‍ണ്ണാധിപത്യമുള്ള അര്‍ബൻ കേന്ദ്രങ്ങളിൽ നിന്നും യൂണിവേഴ്സിറ്റികളിലില്‍ നിന്നും മാറി ഒരു തരത്തില്‍ പറഞ്ഞാല്‍ വെര്‍ണാക്കുലർ റെസിസ്റ്റെന്‍സിന്റെ പുതിയ ഭാവമാണ് നമുക്കീ രാഷ്ട്രീയത്തില്‍ ദര്‍ശിക്കാനാവുന്നത്.

ഇത്തരത്തിലുള്ള ശഹീന്‍ബാഗ് പോലെയുള്ള  പ്രാദേശികമായ ചെറുത്തുനില്‍പ്പുകൾ ആര്‍ക്കും അപ്രോപിയേറ്റ് ചെയ്യാന്‍ സാധിക്കാത്തതിന് കാരണം അതിന്റെ വളര്‍ച്ച  ജീവിക്കാനുള്ള അവകാശത്തിലടിസ്ഥിതമായ തികച്ചും ജൈവികമായ മാര്‍ഗത്തിലൂടെ രൂപംകൊണ്ട് വന്ന പ്രതിഷേധമായത് കൊണ്ടാണ്. അത് കൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ ഭാവനകളിലോ സൈദ്ധാന്തിക ചട്ടക്കൂടുകളിലോ(ജെന്‍ഡർ-സോഷ്യല്‍-ഫെയ്ത്ത്)  ഇതിനെ പ്രതിഷ്ഠിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഇത്തരം മെരുങ്ങലിനൊന്നും വകപ്പെടാത്ത എന്തോ ഒന്ന് ഷഹീന്‍ ബാഗിലും ഖുറേജിയിലും യു.പിയിലെ ഗണ്ഡാഗറിലുമെല്ലാം ഉണ്ട് എന്നതാണ്. ഈ അസാന്നിദ്ധ്യമായതിന്റെ സാന്നിദ്ധ്യത്തിലാണ് (presence of the absence) ഷഹീന്‍ബാഗിന്റെ കരുത്തും ഇത്ര ദിവസമായിട്ടും ചോര്‍ന്നുപോകാതെ നില്‍ക്കുന്ന ഊര്‍ജവും നിലകൊള്ളുന്നത്.

യു.പി യിലാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും ക്രൂരമായി CAA വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ളത്. ഇന്ന് വരെ 25 പേരാണ് (ഔദ്യോഗികമായി) യു.പി പോലീസിന്റെ നരനായാട്ടില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വീടുവിടാന്തരം കയറിയിറങ്ങി മുസ്ലിംകളുടെ വീടുകള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ആക്രമിക്കുകയും മുതലുകൾ നശിപ്പിക്കുകയും വീട്ടുകാരെ പ്രതിഷേധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ വേണ്ടി ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന  യു.പി പോലീസിന്റെ പ്രവൃത്തികള്‍, 2002ലെ ഗുജറാത്തിലെ സംഘ്പരിവാറിനെ അനുസ്മരിപ്പിക്കും. മുസഫര്‍നഗറും ദാദ്രിയുമെല്ലാം സംഭവിച്ച, അതിന്റെയെല്ലാം അനുരണങ്ങള്‍ ഇന്നും ശക്തമായ പോളറൈസേഷന്റെ ഭാഷയില്‍ നിലവിലുള്ള ഒരു സംസ്ഥാനത്ത് മുസ്ലിം ജീവിതം എത്രത്തോളം അരക്ഷിതവും ദുസ്സഹവുമാണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല. ഇങ്ങനെയൊരിടത്തിലാണ് ഇവരെ സ്വാഭാവികമായും പ്രത്യേകമായും സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ട യോഗി ആദിത്യനാഥിന്റെ പോലീസ് തികച്ചും സാധാരണക്കാരായ ഇരുപത്തഞ്ചുപേരെ വെടിവെച്ച് കൊല്ലുന്നതും കുട്ടികളായ നൂറിലധികം അനാഥരെ കസ്റ്റഡിയിലെടുത്ത് മാനസികമായി വളരെ ക്രൂരമായി പീഢിപ്പിക്കുന്നതും യാതൊരു പ്രപോപനവുമില്ലാതെ ആയിരത്തിലേറെ പേര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ വെച്ച് FIR ഫയല്‍ ചെയ്യുന്നതും. ഇതൊക്കെ ചെയ്തിട്ടും, നാളെ ഇതെല്ലാം ഞങ്ങളോടും ചെയ്തേക്കാം എന്നറിഞ്ഞിട്ടും ഒഴിഞ്ഞുപോകാതെ നില്‍ക്കുന്ന ഗണ്ഡാഗറിലെ ആള്‍ക്കൂട്ടം അവരുടെ നിശ്ചയദാര്‍ഢ്യത്തിലൂടെ ഈ പ്രക്ഷോഭം എന്തുകൊണ്ടാണ് ഇത്ര പ്രധാനപ്പെട്ടതാകുന്നത് എന്ന് പറയാതെ പറയുന്നുണ്ട്.

ചന്ദ്രശേഖര്‍ ആസാദ് എന്ന മൊമന്റും  പ്രതിരോധ രാഷ്ട്രീയത്തിന്റെ പുതിയ ഭാവങ്ങളും 

ഇത്തരത്തില്‍ വെര്‍ണാക്കുലർ റെസിസ്റ്റന്‍സിന്റെ ഒരു പാന്‍ ഇന്ത്യന്‍ ശരീരമായി ചന്ദ്രശേഖര്‍ ആസാദിന്റെ രാഷ്ട്രീയത്തെ നമുക്ക് വായിക്കാന്‍ സാധിക്കും. രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തെ ഇന്ത്യൻ ബഹുജന്‍ രാഷ്ട്രീയത്തിലെ ഒരു മൊമന്റ് ആയിട്ട് മനസ്സിലാക്കുകയാണെങ്കില്‍ (ജെ.എന്‍.യു റെവലൂഷന്‍ കാരണം രോഹിത് മൂവ്മെന്റിന് വ്യതിചലനം സംഭവിച്ചുവെങ്കില്‍ പോലും ഇന്നും ഇന്ത്യന്‍ ബഹുജന രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് കരുത്തുറ്റ ഒരു പ്രതലം പകരാന്‍ രോഹിത്തിന്റെ മരണശേഷം ഉയര്‍ന്ന് വന്ന രാഷ്ട്രീയത്തിന് സാധിച്ചിട്ടുണ്ട്) ചന്ദ്രശേഖര്‍ ആസാദിന്റെ ജമാമസ്ജിദ് സമരം മറ്റൊരു തലത്തില്‍ വളരെ പ്രക്ഷോഭകരമായ ഒരു മൊമന്റ് (Riotous moment ) ആയിട്ട് വേണം വായിക്കാന്‍.

വളരെ സിനിമാറ്റിക്ക് ആയിട്ടായിരുന്നു ജമാമസ്ജിദ് പരിസരത്തേക്കുള്ള ആസാദിന്റെ വരവ്. ഞാനാദ്യമായി ആസാദിനെ കാണുന്നതും ഇത്തരത്തില്‍ വളരെ സിനിമാറ്റിക്ക് ആയ ഒരു എന്‍ട്രിയിലൂടെയാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിൽ നടന്ന പുതിയ  റോസ്റ്റര്‍ സിസ്റ്റത്തിനെതിരായ പ്രതിഷേധത്തിലായിരുന്നു ഇത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയ പൊതു മണ്ഡലത്തിൽ ഒരു സവര്‍ണ്ണ നേതാവിന് മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ സവര്‍ണ്ണാധിപത്യ പൊതുമണ്ഡലത്തെ വിറപ്പിച്ചു കൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങുന്നത് തന്നെ. പബ്ലിക്ക് എന്നത് ഒരു അഭിലാഷം (desire) ആയിരിക്കുകയും പ്രൈവറ്റ് എന്നത് അത്ര പ്രൈവറ്റ് അല്ലാതിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ദലിതുകളുടെ റിയാലിറ്റിയില്‍ നിന്നാണ് ആസാദ് പൊതുമണ്ഡലത്തെ ‘അശുദ്ധമാക്കുന്നതും’ ഹിംസിക്കുന്നതും. ജാമിഅ മില്ലിയയിലെയും അലീഗഢിലെയും വിദ്യാര്‍ത്ഥികളാരംഭിച്ച പ്രക്ഷോഭത്തിന്റെ ദേശീയമുഖമാകാന്‍ അതേ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ തന്നെ ആസാദിന് സാധിക്കുന്നുണ്ട്. എന്നാല്‍ , ഐഡന്റിന്റിയില്‍ ഉറച്ച് കൊണ്ട് സംസാരിക്കുകയും അശ്ലീലമെന്ന് കരുതി പല മുഖ്യധാര സംഘടനകളും അയിത്തത്തില്‍ നിര്‍ത്തുകയും ചെയ്യുന്ന പല സംഘടനകളുമായി വളരെ ജൈവികമായി തന്നെ സഹകരിക്കുന്ന ആസാദിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുന്നവര്‍ ആസാദിനെയും അയാളുടെ മീശപിരിക്കലിനെയും ഫെമിനിസ്റ്റ് റീഡിങ്ങില്‍ ഒരു മാസ്ക്കുലിന്‍ ആക്ടായി മനസ്സിലാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദലിതന്‍ മീശ വെക്കുന്നത് കൊണ്ട് കൊല്ലപ്പെടുന്ന ഒരു ജാതീയ ഇടത്തിൽ മീശപിരിക്കുന്നതിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാൻ പോലും കഴിയാത്തത്ര പരിമിതമാണ് ഈ മാസ്ക്കുലിന്‍ വായന എന്നവര്‍ മനസ്സിലാക്കണം. ഇത്തരത്തില്‍ ആസാദ് ഉയര്‍ത്തുന്ന ഉപാധികളില്ലാത്ത ബഹുജന സാഹോദര്യത്തിന്റെ, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒരുമിക്കലിന്റെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടാവുന്നുണ്ട് എന്നതാണ്.

Shame എന്ന നോവലില്‍ സല്‍മാൻ റഷ്ദി പാകിസ്താനെ കുറിച്ച് ഇങ്ങനെ ആശ്ചര്യപ്പെടുന്നുണ്ട്: ‘പാക്കിസ്ഥാന്‍ വളരെ അപര്യാപ്തമായാണ് സങ്കൽപിക്കപെട്ടത്, അത് കൊണ്ടാണ് പാക്കിസ്ഥാന്‍ ഇത്രമാത്രം പ്രശ്‌നഭരിതമായി പോയത്. പാക്കിസ്ഥാന്‍ എന്ന സങ്കല്‍പം രൂപം കൊള്ളുന്നത് മുപ്പതുകളിലാണ്. 1947 ആയപ്പോഴേക്കും അത് യാഥാര്‍ത്ഥ്യം ആകുകയും ചെയ്യുന്നു.’ എന്നാല്‍ പാകിസ്താന്‍ പരിമിത ഭാവനകളിൽ(inadequately imaged) ഉണ്ടായ സ്റ്റേറ്റ് ആണെങ്കില്‍ ഇന്ത്യ അതിഭാവനകളിൽ നിന്നുണ്ടായ(excessively imaginated) സ്റ്റേറ്റ് ആണെന്ന് അന്‍സാരി പറഞ്ഞ് വെക്കുന്നുണ്ട്. അത് കൊണ്ടാണ് ആസ്സാമിന്റെ റിയാലിറ്റി ഒന്നും യു.പിയുടെ റിയാലിറ്റി മറ്റൊന്നുമാകുന്നതും, അവരുടെ പ്രതിഷേധത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തമാകുന്നതും.

നാനാത്വത്തില്‍ ഏകത്വമെന്ന വളരെ ദുര്‍ബലമായിട്ടുള്ള ഐഡിയല്‍ സെക്യുലര്‍ ഫാബ്രിക്കില്‍ ഇന്ത്യന്‍ സ്റ്റേറ്റ് നിർമ്മിക്കപ്പെടുമ്പോൾ അതിന്റെ പരിണിതഫലമനുഭവിക്കുന്നത് ഈ അതിഭാവനാ പ്രക്രിയയിൽ മാറ്റിനിര്‍ത്തപ്പെട്ട, അരികുവത്കരിക്കപ്പെട്ട, അവഗണിക്കപ്പെട്ട ആദിവാസികളും നോര്‍ത്ത് ഈസ്റ്റ് എന്ന വിളിപ്പേരിട്ട് ചുരുക്കുന്ന അരുണാചല്‍ തൊട്ട് അസ്സം വരെയുള്ള വലിയ ഒരു പ്രദേശവും പിന്നെ മുസ്ലിംകളും ദലിതരുമെല്ലാമാണ്. യൂണിറ്റി എന്ന പേരില്‍ ഒന്നാവാന്‍ പറയുമ്പോള്‍ ആരാണ് ആരാവാന്‍  പറയുന്നത്  എന്ന ചോദ്യം പ്രസക്തമാണെന്ന് തോന്നുന്നു. എന്ത് കൊണ്ട് പലതായിക്കൂടാ? അല്ലെങ്കില്‍ നാനാത്വത്തിലെ ഏകത്വമെന്നതിനപ്പുറം വൈവിധ്യങ്ങളിലെ സഹവര്‍ത്തിത്വം എന്ന നിലയ്ക്കുള്ള ആലോചനകളുണ്ടായിക്കൂടാ? ഒന്നാവലിന്റെ രാഷ്ട്രീയത്തില്‍ പലപ്പോഴും നേട്ടമുണ്ടാക്കുന്നത് ഏകശിലാത്മകമായ ദേശരാഷ്ട്രം സ്വപ്നം കാണുന്നവരാണെന്ന കാര്യം മറക്കരുത്. N.P.R അതിലേക്കുള്ള ആദ്യ പടിയായും തുടര്‍ന്ന് വരുന്ന N.R.C, C.A.A എന്നിവ അതിന്റെ തുടര്‍ച്ചയായും, ഒരു ലാര്‍ജർ പെര്‍സ്പക്റ്റീവിൽ ഇനി വരാനിരിക്കുന്ന പല ഏകശിലാത്മകമായ മെരുക്കലിന്റെയും നിയന്ത്രിക്കലിന്റെയും തുടക്കമായിട്ട് കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

എന്‍.പി.ആര്‍ വഴി എന്‍.ആര്‍.സി കൊണ്ട് വരികയും അത് വഴി പുറന്തള്ളപ്പെടുന്ന മുസ്ലിംകളല്ലാത്ത ആറ് വിഭാഗങ്ങള്‍ക്ക് സിറ്റിസണ്‍ഷിപ്പ് പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ സി.എ.എ കൊണ്ട് വരികയും ചെയ്യുന്നത് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഉന്മൂലനപദ്ധതി ആയിട്ട് തന്നെ വേണം മനസ്സിലാക്കാന്‍. ഇന്ത്യന്‍ പൗരത്വത്തിന് അനര്‍ഹരാവാൻ മാത്രം എന്ത് പാപമാണ് മുസ്ലിം സമുദായം ചെയ്തത് എന്ന അപോളജറ്റിക്ക് പരിഭവങ്ങള്‍ക്കപ്പുറം കൊളോണിയല്‍ പോസ്റ്റ് കൊളോണിയൽ ഇന്ത്യയുടെ അധികാര വ്യവഹാരങ്ങളും ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ– സാമൂഹിക ഇടപെടലുകളും തമ്മിലുള്ള ചരിത്രപരമായ ഒരു വായന സാദ്ധ്യമാക്കേണ്ടതുണ്ട്. പൗരന്‍ എന്നത് മനുഷ്യന്‍ എന്നതിന്റെയും പൗരത്വം എന്നത് മനുഷ്യാവകാശം എന്നതിന്റെയും പര്യായപദങ്ങളായി പരിവര്‍ത്തനം ചെയ്തു കഴിഞ്ഞ ആധുനിക ദേശരാഷ്ട്രസാഹചര്യത്തില്‍ ഒരു കമ്മ്യൂണിറ്റിയെ ഉന്മൂലനം ചെയ്യാന്‍ തക്കവണ്ണം പൗരത്വനിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെടുമ്പോള്‍ അത് പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയുടെ ചരിത്രത്തിലെ വിഭജനത്തിന് ശേഷമുള്ള ഏറ്റവും നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയസാഹചര്യമായി മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ പ്രതിസന്ധിയുടെ ഗൗരവം എല്ലാതലത്തിലുമുള്ള പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും ആവിഷ്കരിക്കാന്‍ സാധിക്കുകയുള്ളൂ.

(അവസാനിച്ചു)

അഫീഫ് അഹ്മദ്