Campus Alive

സ്ഥലം, ഇടം, ശൃംഖല: സാമൂഹിക മുന്നേറ്റത്തിന്റെ സൈദ്ധാന്തികവത്കരണം ഭൂമിശാസ്ത്രത്തിലൂടെ

നരവംശ ഭൂമിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ താല്പര്യ മേഖലയാണ് സാമൂഹിക മുന്നേറ്റങ്ങളും രാഷ്ട്രീയ ബലതന്ത്രങ്ങളും. പൗരസമൂഹത്തിന്റെ രാഷ്ട്രത്തോടുള്ള വീക്ഷണം എന്ന നിലയിലും  വിഭിന്നവും സമൂലവുമായ പ്രശ്നങ്ങളെ സമൂഹത്തിൽ വ്യാപിപ്പിക്കാനുള്ള പ്രധാനഉപാധി എന്ന നിലയിലും  സാമൂഹിക മുന്നേറ്റങ്ങളെ മനസിലാക്കാനുള്ള ത്വരയിൽ നിന്നാണ്  ഇത് ഉടലെടുക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ ഉടലെടുക്കുന്നു എന്നുമാത്രമല്ല ഭൂമിശാസ്ത്രകാരന്മാർ പഠനവിധേയമാക്കിയിട്ടുള്ളത്. മറിച്ച് എങ്ങനെയാണ് പ്രശ്നങ്ങളെ രാഷ്ട്രീയ പദ്ധതികളായി മനുഷ്യർ അവതരിപിപ്പിക്കുന്നത് എന്നതിനെ  സ്ഥലം, ഇടം, അളവ് എന്നീ മൗലികമായ ആധാരങ്ങളെ മുൻനിർത്തി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

പലരും നരവംശഭൂമിശാസ്ത്രത്തിന്റെ മേല്പറഞ്ഞ മൗലിക ആധാരങ്ങളെ സന്ദേഹത്തോടെയാണ് നോക്കി കാണുന്നത്. വ്യത്യസ്തമായ ബന്ധങ്ങളുടെ ഒഴുക്ക് കൊണ്ട് ബന്ധപ്പെട്ടുകിടക്കുന്ന ആധുനിക ലോകത്ത് സ്ഥലത്തെ കുറിച്ചും ഇടത്തെ കുറിച്ചുമുള്ള പ്രാദേശിക വാദത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളുടെ പ്രായോഗികത നഷ്ടപ്പെട്ടു എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഇതിൽ ഏതു വാദമാണ് ശരി എന്നതിനേക്കാൾ ഇവ രണ്ടും പരസ്പരപൂരകമായി സ്ഥലസംബന്ധിയായ വിശകലനത്തിൽ നിലനിൽക്കുന്നുണ്ട്. സുപ്രധാനമായ  വാദഗതി  അതുകൊണ്ടുതന്നെ ഒരു തരത്തിൽ ഉള്ള ഇടത്തിന്റെ സ്വാധീനം മറ്റൊന്നിനേക്കാൾ മുകളിൽ നിൽക്കുന്നു എന്നതല്ല മറിച്ച് എങ്ങനെയാണ് ഇടത്തിന്റെ സ്വാധീനം സാമൂഹിക മുന്നേറ്റങ്ങളെ സ്വാധീനിക്കുന്നത് എന്നതാകുന്നു.

സാമൂഹിക മുന്നേറ്റങ്ങളിൽ ശൃംഖലകൾ കേന്ദ്രസ്ഥാനത്ത് നിൽക്കുന്ന ഒരു ഘടകമാണ്. ശൃംഖലകളുടെ ഭൂമിശാസ്ത്രപരമായ വിന്യാസം മുന്നേറ്റങ്ങളെ സാധ്യമാക്കുന്നതിൽ നിർണായകമായ കർത്തവ്യം വഹിക്കുന്നു. വിദൂരത്തുള്ള പല വ്യക്തികളുമായും ആക്ടിവിസ്റ്റുകൾക്ക് ഉള്ള ബന്ധങ്ങളാണ് മുന്നേറ്റത്തിന്  ആവശ്യമായ പല വിവരങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണകളും സാധ്യമാക്കുക. ആക്ടിവിസ്റ്റുകൾക്ക് തങ്ങളുടെ പ്രദേശത്തെ ആളുകളുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരിക്കുകയും ചെയ്യും. ഇത് രണ്ടും കൂടി സമന്വയിക്കുമ്പോൾ മുന്നേറ്റത്തിന് ആവശ്യമായ വൈകാരികവും ഭൗതികവുമായ വിഭവശേഷി കൈവരുന്നതായി കാണാം. അതിനാൽ ദൂരത്തുള്ള സഖ്യകക്ഷികളുമായുള്ള നേർത്ത ബന്ധവും സ്വന്തം പ്രദേശത്തുള്ളവരുമായുള്ള അടുത്ത ബന്ധവും പരസ്പരപൂരകമായി  നിലകൊള്ളുന്നു. ആയതിനാൽ, സാമൂഹിക മുന്നേറ്റങ്ങളെ മനസിലാക്കാൻ സങ്കീർണമായ ഇത്തരം ശൃംഖലകളുടെ ഭൂമിശാസ്ത്ര വിന്യാസം അറിയുക അനിവാര്യമാണ്.

പ്രാദേശികതയും ആപേക്ഷികതയും; സ്ഥലത്തെ പറ്റിയുള്ള രണ്ടു ആശയധാരകൾ

ഇടങ്ങളെ കുറിച്ചുള്ള വിശകലനത്തിൽ, വിശിഷ്യാ സാമൂഹിക മുന്നേറ്റങ്ങളെ പഠനവിധേയമാക്കുമ്പോൾ ‘സ്ഥലം’ എന്നതിനെകുറിച് അറിഞ്ഞിരിക്കേണ്ട വ്യത്യസ്തമായ രണ്ടു ആശയങ്ങളാണ് പ്രാദേശിക വാദവും, ആപേക്ഷിക വാദവും. സ്ഥലങ്ങൾ തമ്മിൽ പ്രത്യക്ഷമായി തന്നെ കാണാൻ സാധിക്കുന്ന ഘടനാപരമായ ബന്ധത്തെയാണ് പ്രാദേശിക വാദം   എന്ന് പറയുന്നത്. സാധാരണഗതിയിൽ സ്ഥലം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഭാവനയും പ്രദേശിക വാദത്തിൽ അധിഷ്ഠിതം തന്നെയാണ്. എന്നാൽ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ നിരവധി ഘടകങ്ങൾ തമ്മിൽ പരസ്പരം ആകസ്‌മികമായി പ്രവർത്തനങ്ങൾ നടക്കുന്ന പ്രത്യക്ഷമായ ഇടം എന്ന അർത്ഥതലം കൂടി സ്ഥലത്തിനുണ്ട്.

രാഷ്ട്രീയ 1സ്വഭാവ നിർമിതിയിൽ സ്ഥലത്തിന്റെ പ്രാദേശിക ഭാവനക്കുള്ള അർത്ഥം സമഗ്രമായി ജോൺ അഗ്‌ന്യൂസ് ആണ് പഠനവിധേയമാക്കിയിട്ടുള്ളത്. നിശ്ചിതമായ ‘സ്ഥലത്തു’ വെച്ചാണ് എല്ലാ തരത്തിലുമുള്ള സാമ്പത്തികവും സാമൂഹികവും ആയ പ്രക്രിയകൾ നടക്കുക.  സാമൂഹികമായ സംഘാടനം നടക്കുന്ന വേദി എന്ന നിലയിൽ ഓരോ സ്ഥലവും വിഭിന്നമായ സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യരുടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നതിൽ അവർ താമസിക്കുന്ന സ്ഥലത്തിന്റെ പങ്ക് വിവരിക്കേണ്ടതില്ലല്ലോ! രാഷ്ട്രീയ അഭിപ്രായ രൂപീകരണം  വംശം, ജാതി, മതം തുടങ്ങിയ സാമൂഹികശാസ്ത്ര പരമായ ഘടകങ്ങളാണ് രൂപപ്പെടുത്തുക. എന്നാൽ, ഇത്തരം ഘടകങ്ങൾ സ്ഥലാധിഷ്ഠിതമായി വിവിധ ആളുകളുമായി (സുഹൃത്തുക്കൾ, സഖ്യകക്ഷികൾ, എതിർചേരിയിൽ ഉള്ളവർ) നടത്തുന്ന പരസ്പര വിനിമയത്തിലൂടെ മാത്രമാണ് രൂപപ്പെടുക. ഇങ്ങനെ  വിനിമയം നടത്തുന്ന ഭൂമികയുടെ  അഥവാ സ്ഥലത്തിന്റെ സ്വാധീനം ഉണ്ടായിവരുന്ന രാഷ്ട്രീയ വീക്ഷണത്തിൽ തീർത്തും പ്രകടമായി കാണാം.

മേല്പറഞ്ഞ രീതിയിൽ പലതരത്തിൽ സ്ഥലം മനുഷ്യ ചിന്തയെ സ്വാധീനിക്കുന്നതിനാൽ, മുന്നേറ്റങ്ങളെ കുറിച്ച് ചിന്തിക്കുകയും പോരാട്ടത്തിലെ സഖ്യകക്ഷികളും വിരുദ്ധ ചേരിയിൽ ഉള്ളവരും തമ്മിൽ ഉണ്ടാവേണ്ട ബന്ധത്തെക്കുറിച്ചുമെല്ലാം ഉള്ള ധാരണകൾ സംഭവിക്കുക തങ്ങൾ താമസകുന്ന സ്ഥലത്തിന്റെ സാംസ്കാരിക പ്രതലത്തിൽ നിന്നുകൊണ്ടാണ്. അഥവാ സ്ഥലത്തെകുറിച്ചുള്ള പ്രാദേശിക ഭാവനകൾ ആണ്  ഇത്തരം സാംസ്‌കാരിക പ്രതലം ഉണ്ടാക്കിയെടുക്കുന്നത്.

പ്രാദേശികതാ വാദത്തിന്റെ പരിമിതികൾ മറികടക്കാൻ ശ്രമിച്ചവരാണ് ആഷ് അമീൻ, നിഗെൽ ത്രിഫ്ട് തുടങ്ങിയ ഭൂമിശാസ്ത്രജ്ഞർ. ഒരു സ്ഥലത്തു തന്നെ താമസിക്കുന്ന വിവിധ വിഭാഗം ജനങ്ങൾക്ക് വ്യത്യസ്തമായ സാമൂഹിക ഗുണങ്ങളാണ് ഉണ്ടാവുക എന്നതാണ് ഇവർ ഉന്നയിച്ച പ്രധാന വിമർശം. വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ സ്ഥലത്തെ അധിഷ്ഠിതപെടുത്തിക്കൊണ്ടാണ് രാഷ്ട്രീയ അഭിപ്രായ രൂപീകരണം നടക്കുന്നത് എന്ന വാദത്തെ  ഇക്കൂട്ടർ തള്ളുന്നു. പകരം, ഘടാനാത്മകമായിട്ടല്ലാതെ, അഥവാ അസംഘടിതമായി വ്യത്യസ്ത സ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ ഭൂമിശാസ്ത്ര ഇടങ്ങളിൽ നിന്നുള്ളവരുമായ ആളുകളുടെ പരസ്‌പരവ്യവഹാരം നടക്കുന്ന ഇടം എന്ന നിലയിലാണ് ‘സ്ഥലത്തെ’ മേല്പറഞ്ഞ ഭൂമിശാസ്ത്രകാരന്മാർ കാണുന്നത്. ഇത്തരം വ്യവഹാരങ്ങൾ നടക്കുന്ന ഇടം എന്ന അർത്ഥതലത്തിൽ നിന്നുകൊണ്ടാണ്  സ്ഥലത്തിനു  ആപേക്ഷികമായ ആശയതലം ഇവർ മുൻപോട്ടു വെക്കുന്നത്. പൊതുഇടങ്ങൾ, സ്കൂൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അസംഘടിതമായ രീതിയിൽ ഉണ്ടാവുന്ന അഭിപ്രായ രൂപീകരണത്തിന് അധികാരബന്ധങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും രൂപപ്പെടുത്തിയെടുക്കാനുള്ള കെല്പുണ്ട്.

ഡോറീൻ മാസേ പ്രാദേശിക വാദം അനാവശ്യമായ ഇടം/സ്ഥലം എന്ന ദ്വന്ദം  ഉണ്ടാക്കിയെടുത്തു എന്ന വിമർശനമാണ് ഉന്നയിക്കുന്നത്. ഇടം എന്നതിനെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ നടക്കുന്ന പ്രതലം എന്ന അർത്ഥത്തിൽ  അമൂർത്തമായി മനസ്സിലാക്കുകയും, സ്ഥലത്തെ ഇത്തരം കാര്യങ്ങൾ നടക്കുന്ന  പ്രത്യക്ഷമായ പ്രതലവുമായിട്ടാണ്  ഇവർ മനസ്സിലാക്കുന്നത്. അതിനാൽ, പലതരത്തിലുള്ള അധികാര രൂപീകരണ ശൃംഖലകൾ ഒരൊറ്റ സ്ഥലത്ത് വിവിധ ശ്രേണിയിൽ ഉള്ളവർ  തീർക്കുമ്പോൾ വ്യത്യസ്ത തരം  ഇടങ്ങളായിട്ടാണ് ഓരോ വിഭാഗത്തിനും അനുഭവപ്പെടുക. പ്രാദേശിക വാദം പറയുന്നതുപോലെ സ്ഥലവും ഇടവും തമ്മിൽ ഒരു ദ്വന്ദം അല്ല നിലനിൽക്കുന്നത്. മറിച്ച് ഇടം എന്നതിനെ വ്യത്യസ്ത സ്ഥലങ്ങളുടെ സ്വഭാവങ്ങളുടെ ഒരു സഞ്ചയമായിട്ടു വേണം മനസിലാക്കാൻ എന്ന് ആപേക്ഷികതാവാദം അഭിപ്രായപ്പെടുന്നു.

ഡേവിഡ് ഫെതർസ്റ്റോൺ

ഈ രണ്ടു അഭിപ്രായങ്ങളെയും മുന്നിൽ വെച്ച്  കൊണ്ട് സാമൂഹിക  മുന്നേറ്റങ്ങളിൽ സ്ഥലങ്ങൾക്കുള്ള പങ്ക് പഠനവിധേയമാക്കിയ  വ്യക്തിയായിരുന്നു ഡേവിഡ് ഫെതർസ്റ്റോൺ. പ്രാദേശികം/ആഗോളം, സ്ഥലം/ഇടം തുടങ്ങിയ ദ്വന്ദങ്ങൾ രാഷ്ട്രീയ ഭൂമിശാസ്ത്രകാരന്മാർ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. ഒന്നാമതായി ഇത്തരം ദ്വന്ദങ്ങൾ പ്രാദേശികമായ ബന്ധങ്ങൾ കൂടുതൽ ആധികാരികമായി ഫലിപ്പിക്കുകയും വിദൂരതയിൽ ഉള്ള ബന്ധങ്ങളെ വേണ്ട വിധത്തിൽകാണാതെയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ദേശീയതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയം ഉടലെടുക്കാൻ നിമിത്തമാവുന്നു. രണ്ടാമതായി സാമൂഹിക മുന്നേറ്റങ്ങളിൽ പ്രവർത്തിക്കുന്നവരെ തങ്ങളുടെ പ്രദേശത്തു തന്നെ നിജപ്പെടുത്തുന്നുണ്ട്. അവർക്ക് മറ്റുള്ള പ്രദേശങ്ങളിൽ നടക്കുന്ന മുന്നേറ്റങ്ങളോട് സംവദിക്കാൻ ഉള്ള സാധ്യതയും താല്പര്യവും ഇത്തരം ദ്വന്ദനിർമിതി ഇല്ലാതാക്കുന്നു.

സ്ഥലത്തിന്റെ ആപേക്ഷികവാദം സമൂഹിക മുന്നേറ്റങ്ങളിൽ സ്ഥലങ്ങളുടെ ശൃംഖലകൾ വഹിക്കുന്ന പ്രാധാന്യത്തെ ഇത്തരത്തിൽ മനസ്സിലാകുന്നു;

1. നിരവധി വ്യക്തികൾ തമ്മിൽ ബന്ധപ്പെടാനും മുന്നേറ്റം ശക്തിപ്പെടുത്താനും ഉള്ള ഉപാധി എന്ന നിലയിൽ സ്ഥലം വർത്തിക്കുന്നു.

2. വ്യത്യസ്ത വ്യക്തികൾ തമ്മിലുള്ള ഇടപെടലുകൾ അധികാര രൂപീകരണം സാധ്യമാകുന്നു.

3. സ്ഥല-കേന്ദ്രീകൃതമായി ആക്ടിവിസ്റ്റുകൾ നിർമിക്കുന്ന കേന്ദ്രങ്ങൾ ആണ് സാമൂഹിക മുന്നേറ്റ ഇടങ്ങളായി മാറുന്നത്. ആക്ടിവിസ്റ്റുകളുടെ പ്രവർത്തികൾക്കൊപ്പം അവർ നിൽക്കുന്ന സ്ഥലം ചെലുത്തുന്ന സ്വാധീനത്തിന്റെ കൂടി ആകെ തുകയാണ് മുന്നേറ്റയിടങ്ങളുടെ സ്വഭാവമായി മാറുക.

സ്ഥലത്തിന്റെ രണ്ടു ആശയധാരകളായ പ്രാദേശികതക്കും ആപേക്ഷികതക്കും പ്രയോജനവും പോരായ്മയും ഉണ്ട്. നിശ്ചിത സ്ഥലങ്ങളിൽ നിന്ന് രൂപപ്പെടുന്ന ശക്തമായ ഐക്യാർഢ്യങ്ങളാണ് മുന്നേറ്റങ്ങളിലെ ആക്റ്റിവിസ്റ്റുകൾ തമ്മിൽ സംഘടിത അധികാരം ഉണ്ടാക്കുന്നത്. എന്നാൽ, സ്ഥലങ്ങളിൽ ഒന്നിലധികം ‘കേന്ദ്രങ്ങൾ’ ഉണ്ടാവുകയും അത് തമ്മിൽ സ്വാഭാവികമായ കൊടുക്കൽ വാങ്ങലുകൾ സംഭവിക്കുകയും ചെയ്യും. ഇത്തരം വിനിമയമങ്ങൾ വ്യത്യസ്ത മുന്നേറ്റഭൂമികകൾ തമ്മിൽ ആശയങ്ങളുടെയും സമര തന്ത്രങ്ങളുടെയും ഒഴുക്ക് സാധ്യമാക്കുകയും മൊത്തത്തിൽ ഒരു സവിശേഷ ‘മുന്നേറ്റ ഇടം’ സൃഷ്ടിക്കുകയും ചെയ്യും. രണ്ടു ആശയധാരകളുടെയും സംയോജനഫലമായി എങ്ങനെയാണ് മുന്നേറ്റം സാധ്യമാവുന്നത് എന്നതിനെ കുറിച്ചാണ് ഇനി…

(തുടരും)

ഭാഗം 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിലാൽ ഇബ്നു ശാഹുൽ