Campus Alive

ഇസ്‌ലാമിസം, ഇറാന്‍ വിപ്ലവം, രാഷ്ട്രീയാത്മീയത: മിഷേല്‍ ഫൂക്കോ പുനര്‍വായിക്കപ്പെടുന്നു

ഇറാനിയന്‍ വിപ്ലവത്തെ എങ്ങനെയാണ് ഫൂക്കോ മനസ്സിലാക്കിയത്? ചരിത്രത്തിന്റെ പ്രയോജനാവാദപരമായ വിഭാവനയെ ഇറാന്‍ വിപ്ലവം ഡിസ്‌റപ്റ്റ് ചെയ്തു എന്നെങ്ങനെയാണ് അദ്ദേഹം കണ്‍സീവ് ചെയ്തത്? ഫൂക്കോവിന്റെ ചിന്തകളെ ഇറാന്‍ വിപ്ലവം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് ബെഹ്‌റൂസ് ഗമരി തബ്‌രീസി രചിച്ച Foucault in Iran: Islamic Revolution after the Enlightenment എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നത്. യു.എസിലെ ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ മിഡില്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറും Islam and Dissent in Post-revolutionary Iran എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബെഹ്‌റൂസ് ഗമരി തബ്‌രീസിയുമായി ഷെയ്ര്‍ അലി തരീന്‍ ( New Books In Islaimc Studies Journal) നടത്തിയ സംഭാഷണമാണിത്.

തയ്യാറാക്കിയത്: ടി.പി സുമയ്യബീവി

A2_Memoir-900x644
ബഹ്‌റൂസ് ഗമരി തബ്‌രീസി

 

ആദ്യമായി താങ്കളുടെ പഠനമേഖലകളെക്കുറിച്ചും ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കാമോ?

1978 ലും 79 ലും ഇറാന്‍ വിപ്ലവം നടക്കുന്ന സന്ദര്‍ഭത്തില്‍ ഞാനതില്‍ പങ്കെടുത്തിട്ടുണ്ട്. ഇറാന്‍ വിപ്ലവത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് വിപ്ലവത്തിലെ ഒരു സജീവ സാന്നിധ്യമായിരുന്നു ഞാന്‍.  ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച് കുറേക്കാലം ഞാനൊന്നും എഴുതിയിരുന്നില്ല. ലോകത്തുടനീളമുള്ള ഇസ്‌ലാമിക് മൂവ്‌മെന്റുകളെക്കുറിച്ചും ആധുനികതയെക്കുറിച്ച ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരങ്ങളെക്കുറിച്ചുമായിരുന്നു ഞാന്‍ എന്റെ അക്കാദമിക ജീവിതത്തിന്റെ തുടക്കത്തില്‍ വായിക്കുകയും എഴുതുകയും ചെയ്തിരുന്നത്. ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിപ്ലവക്കാലത്തെ എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ് ചെയ്തത്. കാരണം, അത് ഒരേസമയം റിസര്‍ച്ചിന് ഗുണകരമാകാനും ദോഷകരമാകാനും സാധ്യതയുണ്ട്. സോഷ്യോളജിയില്‍ ഗവേഷണ പഠനം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഞാന്‍ ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുന്നത്.

ഈ പുസ്തകത്തില്‍ താങ്കള്‍ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട വാദഗതികളെക്കുറിച്ചൊന്ന് വിശദീരിക്കാമോ? ഇറാനിയന്‍ വിപ്ലവത്തോടുള്ള ഫൂക്കോവിയന്‍ എന്‍ഗേജ്‌മെന്റിനെക്കുറിച്ച് നിലവിലുള്ള പഠനങ്ങളുടെ പരിമിതികളെന്തൊക്കെയാണ്?

തീര്‍ച്ചയായും. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞാനീ പുസ്തകത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. ഒന്നാമത്തേത് ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച പുതിയ ഹിസറ്റോഗ്രഫിയെക്കുറിച്ചാണ്. വിജയികളാണ് ചരിത്രമെഴുതിയിട്ടുള്ളത് എന്ന പെതുധാരണയാണ് ചരിത്രമെഴുത്തിനെക്കുറിച്ച് നിലവിലുള്ളത്. എന്നാല്‍ ഇറാനിയന്‍ വിപ്ലവത്തിന്റെ ചരിത്രമെഴുതിയിരിക്കുന്നത് വിപ്ലവത്തെ തുടര്‍ന്ന് നാട് വിടേണ്ടി വരികയും വെസ്റ്റില്‍ നിന്ന് കൊണ്ട് അക്കാദമിക് ആക്ടിവിസത്തില്‍ മുഴുകുകയും ചെയ്തിരിക്കുന്ന ബുദ്ധിജീവികളാണ്. ഇറാന്‍ വിപ്ലവം ഒരു കൊളോണിയല്‍ വിരുദ്ധ മുന്നേറ്റമായിരുന്നു, സാമ്രാജ്യത്വ വിരുദ്ധ സമരമായിരുന്നു, വിവിധങ്ങളായ സാമൂഹ്യ ഗ്രൂപ്പുകള്‍ വിപ്ലവത്തില്‍ പങ്കെടുത്തിരുന്നു, എന്നാല്‍ ഇസ്‌ലാമിസ്റ്റുകളും ഖുമൈനിയെപ്പോലുള്ള മുല്ലമാരും വിപ്ലവത്തെ തട്ടിയെടുക്കുകയാണ് ചെയ്തത് തുടങ്ങിയവയാണ് ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച മുഖ്യധാരാ സംഭാഷണങ്ങളിലെല്ലാം കടന്ന് വരുന്ന പ്രധാന വാദങ്ങള്‍. അത്തരം അധീശ വ്യവഹാരങ്ങളെ വെല്ലുവിളിക്കുകയാണ് ഞാന്‍ ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഇറാനിയന്‍ വിപ്ലവം ഒരു ഇസ്‌ലാമിക വിപ്ലവം തന്നെയായിരുന്നു എന്നാണ് ഞാന്‍ വാദിക്കുന്നത്. അതിനെക്കുറിച്ച് ഞാന്‍ പിന്നീട് വിശദീകരിക്കാം. യഥാര്‍ത്ഥത്തില്‍ ഇറാനിലെ ഇടത്പക്ഷവും ലിബറല്‍ നാഷണലിസ്റ്റ് പാര്‍ട്ടികളുമാണ് ഇറാന്‍ വിപ്ലവത്തെ അതിന്റെ ഇസ്‌ലാമിക ഉള്ളടക്കത്തില്‍ നിന്ന് ‘വിമോചിപ്പിക്കാന്‍’ ശ്രമിച്ചത്. അതിലവര്‍ ദയനീയമായി പരാജയപ്പെട്ടു എന്നത് വേറെ കാര്യം.

download

ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ച ഒരു പുതിയ ഹിസ്റ്റോഗ്രഫിയാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ മുന്നോട്ട് വെക്കുന്നത്. അതോടൊപ്പം വെസ്റ്റിലെയും ഈസ്റ്റിലെയും ഒട്ടുമിക്ക സ്‌കോളേര്‍സും ഇറാനിയന്‍ വിപ്ലവത്തിലെ ഫൂക്കോവിയന്‍ ഇന്‍വോള്‍മെന്റിനെ മനസ്സിലാക്കിയ രീതിയെയും ഞാന്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ഈയടുത്ത് കെവിന്‍ ആന്‍ഡേഴ്‌സണ്‍ എഴുതിയ ‘ Foucault and the seductions of Islamism’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇറാനിയന്‍ വിപ്ലവവുമായുള്ള ഫൂക്കോവിയന്‍ എന്‍േഗേജ്‌മെന്റിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പൂര്‍വ്വാധുനിക അധികാര ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി ആധുനികതയോടുള്ള വിമര്‍ശനം സാധ്യമാക്കാന്‍ സഹായിക്കുന്നു എന്നതിനാലാണ് ഇറാനിയന്‍ വിപ്ലവത്തിലേക്ക് ഫൂക്കോ ആകൃഷ്ടനായത് എന്നാണദ്ദേഹം എഴുതുന്നത്. അഥവാ, ഇറാനിയന്‍ വിപ്ലവം ഒരു പൂര്‍വ്വാധുനിക വിപ്ലവം കൂടിയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇറാന്‍ വിപ്ലവത്തെക്കുറിച്ച ഫൂക്കോവിന്റെ എഴുത്തുകളെക്കുറിച്ച ഒരു വ്യത്യസ്ത വായനയാണ് ഞാന്‍ നടത്തുന്നത്. ആധുനികമെന്നോ പൂര്‍വ്വാധുനികമെന്നോ വിലയിരുത്താന്‍ സാധ്യമല്ലാത്ത വിധം സങ്കീര്‍ണ്ണമയിരുന്നു ഇറാനിയന്‍ വിപ്ലവമെന്നാണ് എന്റെ വാദം. അത്‌പോലെ ആധുനിക അധികാര ബന്ധങ്ങളെക്കുറിച്ച ഒരു പൂര്‍വ്വാധുനിക വിമര്‍ശനവുമല്ല ഫൂക്കോ നടത്തുന്നത്. എങ്ങനെയാണ് തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഇറാനിയന്‍ വിപ്ലവം ഫൂക്കോവിന്റെ ചിന്തകളെയും എഴുത്തുകളെയും സ്വാധീനിച്ചത് എന്ന അന്വേഷണമാണ് ഞാനീ പുസ്തകത്തില്‍ നടത്തുന്നത്.

പുസ്തകത്തിന്റെ ഒന്നാം അധ്യായത്തില്‍ വിപ്ലവം അണ്‍ഫോള്‍ഡ് ചെയ്തതിന്റെ ഒരു ക്രൊണോളജിയാണ് താങ്കള്‍ മുന്നോട്ട് വെക്കുന്നത്. താങ്കളുടെ പുസ്തകത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് വിപ്ലവ നിമിഷങ്ങളെയാണ് അത് രേഖപ്പെടുത്തുന്നത് എന്നതാണ്. വിപ്ലവാനന്തര
ഇറാനെക്കുറിച്ചല്ല താങ്കളെഴുതുന്നത്. ആദ്യത്തെ അധ്യായത്തില്‍ താങ്കള്‍ ഫോക്കസ് ചെയ്യുന്ന വിപ്ലവത്തിന്റെ പ്രധാനപ്പെട്ട മൊമന്റുകളെക്കുറിച്ച് വിശദീകരിക്കാമോ?

തീര്‍ച്ചയായും. 1960 കളില്‍ ഇമാം ഖുമൈനി മുന്നോട്ട് വെച്ച ശീഈ പൊളിറ്റിക്കല്‍ ഫിലോസഫിയുടെ വികാസത്തില്‍ നിര്‍ണ്ണായകമായ ആ മൊമന്റുകളെ ഹെലൈറ്റ് ചെയ്യേണ്ടതുണ്ട്. പ്രധാനമായും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളായിരുന്നു ഖുമൈനിയെ സ്വാധീനിച്ചിരുന്നത്. ശീഇസത്തെ Political Quietism ത്തില്‍ നിന്നും വിമോചിപ്പിക്കുക എന്നതായിരുന്നു ഖുമൈനിയുടെ ലക്ഷ്യം. വളരെ വ്യത്യസ്തമായ ഒരു പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഖുമൈനി മുന്നോട്ട് വെച്ച പുതിയ രാഷ്ട്രീയ ഭാവനകള്‍ ശീഈ ഫിലോസഫിക്കല്‍ ട്രഡീഷന് പുതിയ ആകാശങ്ങളാണ് സമ്മാനിച്ചത്. വിപ്ലവം നടക്കുന്നതിന് മുമ്പ് ശീഇ ഉലമാക്കള്‍ക്കിടയില്‍ ഖുമൈനി അത്ര പ്രസിദ്ധനായിരുന്നില്ല. 1976 ലും 77 ലുമെല്ലാമാണ് ഖുമൈനിയുടെ എഴുത്തുകള്‍ സജീവമാകുന്നത്. അതിന്റെ ഫലമായി പള്ളികളും മതകലാലയങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും സംഘടിക്കുകയും വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തു. 1978 ല്‍ ഈദുല്‍ ഫിത്വറിലാണ് തെഹ്‌റാനില്‍ ഒരു മില്യനിലധികം വരുന്ന ജനങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടക്കുന്നത്. ഇറാനിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് അത്രയും പേര്‍ പങ്കെടുത്ത മാര്‍ച്ച് നടക്കുന്നത്. ഇറാന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച വളരെ പ്രധാനപ്പെട്ട ഒരു ഇവന്റായിരുന്നു അത്. അത്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, അതായത് 1978 ഡിസംബറിലാണ് ഇറാനില്‍ മാര്‍ഷല്‍ ലോ നടപ്പിലാക്കപ്പെടുന്നത്. ഇറാനിയന്‍ ചരിത്രത്തില്‍ Black Friday എന്നാണ് ആ ദിവസം അറിയപ്പെടുന്നത്. അന്ന് സൈന്യം തെരുവിലിറങ്ങുകയും ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും നിരവധി പേരെ കൂട്ടക്കൊലക്ക് വിധേയമാക്കുകയും ചെയ്തു. നാലായിരം പേരോളം അന്ന് കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതില്‍ ഷാ ഭരണകൂടം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

An Iranian boy, fist raised in symbolic defiance, heads a huge crowd of Ayatollah Khomeini supporters across Tehran in an anti-Shah demonstration estimated at over a million strong, Dec. 10, 1978. Behind him demonstrators carry a banner reading: "Everyone has the right to take part in the government of his own country," and behind another reads: "We will destroy Yankee power in Iran." (AP Photo)

തെഹ്‌റാനിലെ കൂട്ടക്കൊലക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഫൂക്കോ ഇറാനിലെത്തുന്നത്. ആ സന്ദര്‍ഭത്തെ ഫൂക്കോ വിലയിരുത്തുന്ന രീതി ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നത് നോക്കൂ: ‘ ഭയത്താല്‍ മൂടിക്കെട്ടിയ ഒരന്തരീക്ഷമായിരുന്നു ഞാന്‍ ഇറാനില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരുടെ മുഖത്തും എനിക്ക് ഭയത്തിന്റെ നേരിയ അടയാളം പോലും കണ്ടെത്താനായില്ല’ Absolute absence of fear എന്നാണ് ഫൂക്കോ അതിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു: ‘ഫ്രഞ്ച് പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ General Will of the People എന്ന ഒരു കണ്‍സപ്റ്റുണ്ട്. ദൈവസമാനമായാണ് അത് കണക്കാക്കപ്പെടുന്നത്. ഇറാനില്‍ ഞാന്‍ കണ്ടത് General will of the people തന്നെയാണ്. ദൈവത്തെയാണ് എനിക്ക് ഇറാനിയന്‍ തെരുവുകളില്‍ ദര്‍ശിക്കാനായത്’. ഇറാനിയന്‍ വിപ്ലവത്തിലെ വന്‍തോതിലുള്ള ജനപങ്കാളിത്തം ഫൂക്കോയെ കോരിത്തരിപ്പിച്ചുണ്ട് എന്നത് ഈ വാക്കുകളില്‍ തന്നെ പ്രകടമാണ്.

ഫൂക്കോയെക്കുറിച്ച താങ്കളുടെ അനാലിസിസില്‍ രണ്ട് കാറ്റഗറികള്‍ പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു. political spirituality, collective will എന്നിവയാണവ. ഫൂക്കോവിയന്‍ ചിന്തയിലെ പൊളിറ്റിക്കല്‍ സ്പിരിച്ച്വാലിറ്റി എന്ന ഐഡിയയെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

തീര്‍ച്ചയായും. ഫൂക്കോവിന്റെ കണ്‍സേണ്‍ ഒരിക്കലും വിപ്ലവത്തിന്റെ പരിണിത ഫലത്തെക്കുറിച്ചായിരുന്നില്ല. മറിച്ച് വിപ്ലവത്തിന്റെ മൊമന്റുകളെക്കുറിച്ചായിരുന്നു. എങ്ങനെയാണ് വിപ്ലവം Experienced ആയത്, lived ആയത് എന്നതൊക്കെയായിരുന്നു ഫൂക്കോയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ചോദ്യങ്ങള്‍. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത പ്രതിഭാസം എന്നാണ് പലയിടത്തും ഫൂക്കോ വിപ്ലവത്തെ വിശേഷിപ്പിക്കുന്നത്. എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് തന്നെ പറയട്ടെ,  ടാങ്കുകള്‍ക്കും മെഷീന്‍ ഗണ്ണുകള്‍ക്കും മുമ്പില്‍ നിര്‍ഭയത്വത്തോടെ ആയുധരഹിതരായി നില്‍ക്കുന്ന ഇറാനിയന്‍ ജനത വിവരണാതീതമാണ്. പൊളിറ്റിക്കല്‍ സ്പിരിച്ച്വാലിറ്റി എന്നാണ് ഫൂക്കോ അതിനെ വിശേഷിപ്പിച്ചത്. വിപ്ലവത്തിന്റെ മതകീയ സ്വഭാവത്തെ മാത്രമല്ല ഫൂക്കോ ഇവിടെ അടയാളപ്പെടുത്തുന്നത്. മറിച്ച്, തങ്ങള്‍ ഇമാജിന്‍ പോലും ചെയ്യാത്ത ഒരു വിതാനത്തിലേക്ക്‌ ഇറാനിയന്‍ ജനത സ്വയം പരിവര്‍ത്തിക്കപ്പെടുകയായിരുന്നു എന്ന വസ്തുതയെയാണ് ഫൂക്കോ ഹൈലൈറ്റ് ചെയ്യുന്നത്. തങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിന്റെ പരിണതി എന്തായിരിക്കുമെന്ന് പോലും ആലോചിക്കാതെയുള്ള ഈ ‘എടുത്തുചാട്ടം’ അങ്ങേയറ്റം റാഡിക്കലായ ഒരു മിസ്റ്റിക്കല്‍ ആക്ടാണെന്നാണ് ഫൂക്കോ പറയുന്നത്. കാരണം മരണത്തെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നതെന്ന് ഇറാനിയന്‍ ജനതക്കറിയാമായിരുന്നു. ഫൂക്കോ അതിനെക്കുറിച്ച് ambiguous ആയ Creative Act എന്നും ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. കാരണം, അതിന് മുമ്പ് ലോകത്ത് നടന്ന വിപ്ലവങ്ങളും സമരങ്ങളുമെല്ലാം well organized ആയ, കൃത്യമായി ഡിഫൈന്‍ ചെയ്ത മുന്നേറ്റങ്ങളായിരുന്നു. ഫൂക്കോ തന്നെ പങ്കെടുക്കുകയും നേരില്‍ കാണുകയും ചെയ്ത റെവല്യൂഷണറി മൂവ്‌മെന്റുകളുടെയെല്ലാം സ്വഭാവം അതായിരുന്നു. എന്നാല്‍ ഇവിടെ എല്ലാം
Ambiguous ആണ്. ആര്‍ക്കും ഒന്നും നിര്‍വ്വചിക്കാനോ വിശദീകരിക്കാനോ കഴിയാത്ത വിധം സങ്കീര്‍ണ്ണവുമാണ്. ഇസ്‌ലാമിക ഗവണ്‍മെന്റിനെക്കുറിച്ചായിരുന്നു ജനങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ എന്താണത് എന്നും അതിന്റെ സ്വഭാവമെന്താണെന്നും ആര്‍ക്കും അറിയുമായിരുന്നില്ല. നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആലോചനകളും സംവാദങ്ങളും അന്ന് സജീവമായിരുന്നു. അതേസമയം അവയെക്കുറിച്ച കൃത്യമായ ഒരു ബ്ലൂപ്രിന്റ് ആര്‍ക്കുമറിയുമായിരുന്നില്ല. അങ്ങേയറ്റത്തെ റാഡിക്കല്‍ പൊട്ടന്‍ഷ്യലുള്ള ഈ Ambiguity യാണ് ഫൂക്കോവിനെ ആകര്‍ഷിച്ചത്. Ambiguous ആയ ഈ ട്രാന്‍സ്‌ഫോമാറ്റീവ് മൊമന്റിനെയാണ് ഫൂക്കോ പൊളിറ്റിക്കല്‍ സ്പിരിച്ച്വാലിറ്റി എന്ന് വിളിച്ചത്. അതിന്റെ പേരില്‍ സെക്കുലരിസത്തിന്റെയും ലിബറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വര്‍ഗ്ഗമായ ഫ്രാന്‍സില്‍ നിന്ന് ഫൂക്കോവിന് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇസ്‌ലാമിസത്തിന്റെയും ആത്മീയതയെയുടെയുമൊക്കെ റാഡിക്കല്‍ പൊട്ടന്‍ഷ്യലിനെക്കുറിച്ച് ഒരു ഫിലോസഫര്‍ സംസാരിക്കുക എന്നത് ഫ്രാന്‍സിലെ ലെഫ്റ്റ് ലിബറലുകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു.

55b0a1d7be6e3 (1)
അലി ശരീഅത്തി

അലി ശരീഅത്തിയെക്കുറിച്ചും ഖുമൈനിയെക്കുറിച്ചും ഫൂക്കോവിനെക്കുറിച്ചും അവരുടെ എഴുത്തുകളും ചിന്തകളുമെല്ലാം വെസ്റ്റിലെ അക്കാദമീഷ്യന്‍മാര്‍ Misinterpret ചെയ്തതിനെക്കുറിച്ചും താങ്കള്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?

പൊതുവെ ആളുകള്‍ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. മതഗ്രൂപ്പുകളും മതേതര ഗ്രൂപ്പുകളും ഒരുമിച്ച് നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചെല്ലാമാണ് ഇക്കൂട്ടര്‍ വാചാലരാവുക. എന്നാല്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലും ഗവേഷണത്തിന്റെ ബലത്തിലും ഞാന്‍ പറയട്ടെ, സെക്കുലരിസത്തെക്കുറിച്ച ഒരു ചര്‍ച്ചയും അന്നുണ്ടായിരുന്നില്ല. വ്യത്യസ്ത ഗ്രൂപ്പുകള്‍ റവല്യൂഷണറി മൂവ്‌മെന്റിലുണ്ടായിരുന്നു എന്ന കാര്യം ശരിയാണ്. അതേസമയം, മതേതതരമായ ഭാഷയില്‍ അന്നാരും സംസാരിച്ചിരുന്നില്ല. ആന്റി ഇംപീരിയലിസം, ആന്റി കൊളോണിയലിസം എന്നിവയെക്കുറിച്ച സംവാദങ്ങളും സംഭാഷണങ്ങളുമായിരുന്നു ഇറാനിയന്‍ തെരുവുകളില്‍ അന്ന് നിറഞ്ഞ് നിന്നിരുന്നത്. തങ്ങള്‍ സെക്കുലരിസ്റ്റുകളാണ്, സെക്കുലര്‍ മൂല്യങ്ങളെയാണ് തങ്ങള്‍ മുറുകെപ്പിടിക്കുന്നത് എന്നൊന്നും ആരും അവകാശവാദമുന്നയിച്ചിരുന്നില്ല. സെക്കുലര്‍\റിലീജ്യസ് വിഭജനത്തെ അപ്രസക്തമാക്കും വിധം സങ്കീര്‍ണ്ണമായിരുന്നു ഇറാനിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യം.

image_mini

ഫൂക്കോവിലേക്ക് തന്നെ നമുക്ക് മടങ്ങാം. ഇറാന്‍ വിപ്ലവത്തിന് മുമ്പും ശേഷവുമുള്ള ഫൂക്കോ എന്ന് വേണമെങ്കില്‍ പറയാവുന്ന വിധം ശക്തമായ സ്വാധീനമാണ് ഇറാന്‍ വിപ്ലവം ഫൂക്കോവിലുണ്ടാക്കിയത് എന്ന് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്.

അതെ. History of Sexuality എന്ന പുസ്തകത്തിന്റെ ഒന്നും രണ്ടും മൂന്നും വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് ഇറാന്‍ വിപ്ലവം നടക്കുന്നത്. അതിന് ശേഷം, പ്രത്യേകിച്ചും 1979 ന് ശേഷമുള്ള ഫൂക്കോവിന്റെ എഴുത്തുകളില്‍ ഇറാന്‍ വിപ്ലവം ചെലുത്തിയ സ്വാധീനം വളരെ പ്രകടമാണ്. ഉദാഹരണമായി, സബ്ജക്ടിനെക്കുറിച്ച് യാതൊരു കണ്‍സേണും ഫൂക്കോക്ക് ഇറാന്‍ വിപ്ലവത്തിന് മുമ്പുണ്ടായിരുന്നില്ല. Subjectless History എഴുതുന്നു എന്ന വിമര്‍ശനമാണ് ഫൂക്കോക്കെതിരെ പ്രധാനമായും ഉണ്ടായിരുന്നത്. മാത്രമല്ല, സബ്ജക്ടിന്റെ ഹെര്‍മന്യൂട്ടിക്‌സില്‍ തനിക്ക് താല്‍പര്യമില്ല എന്ന് ഫൂക്കോ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇറാന്‍ വിപ്ലവത്തിന് ശേഷം സബ്ജക്ടിനെക്കുറിച്ചും എത്തിക്‌സിനെക്കുറിച്ചുമുള്ള ആലോചനകള്‍ ഫൂക്കോവില്‍ സജീവമാകുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അത്‌കൊണ്ടാണ് പൊളിറ്റിക്കല്‍ സ്പിരിച്ച്വാലിറ്റി എന്ന് ഇറാന്‍ വിപ്ലവത്തെ ഫൂക്കോക്ക് വിശേഷിപ്പിക്കാന്‍ കഴിയുന്നത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

ഷെയ്ര്‍ അലി തരീന്‍- ബഹ്‌റൂസ് ഗമരി തബ്‌രീസി