Campus Alive

മൗദൂദിയും പാരമ്പര്യത്തിന്റെ പ്രശ്ചന്നതയും

വളരെ വൈകിയാണ് അബുല്‍ അഅലാ മൗദൂദി എന്റെ വായനയില്‍ വരുന്നത്. അതു പറയുമ്പോള്‍ മൗദൂദി സാഹിബിന്റെ ഒരൊറ്റ പുസ്തകം മാത്രമാണ് ഞാന്‍ കാര്യമായി വായിച്ചിട്ടുള്ളത് എന്ന കാര്യം കുറ്റബോധത്തോടെയും ആത്മവിമര്‍ശനത്തോടെയും സമ്മതിക്കേണ്ടി വരും. അത് അദ്ദേഹത്തിന്റെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന ഗ്രന്ഥമാണ്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയാണ് ഞാന്‍ വായിച്ചിട്ടുള്ളത്. Four Basic Quranic Terms എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഒരു വിമര്‍ശനാത്മക വായനയാണ് ഞാനിവിടെ നടത്തുന്നത്.

ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിക പദങ്ങളെയാണ് മൗദൂദി സാഹിബ് ഈ പുസ്തകത്തില്‍ സവിശേഷമായി പ്രതിപാദിക്കുന്നത്. ഇതില്‍ പാരമ്പര്യത്തില്‍ നിന്നുള്ള വേര്‍പെടല്‍ സംഭവിക്കുന്നുണ്ട്. കാരണം ഇങ്ങിനെയൊരു സവിശേഷവത്കരണം ദൈവശാസ്ത്രപരമായി സംഭവിക്കുന്നത് ആദ്യമായിട്ടാണ്. മാത്രമല്ല റബ്ബികള്‍ യഹൂദ പാരമ്പര്യത്തില്‍ വരുത്തിയ കൈകടത്തല്‍ ഇസ്‌ലാമിലെ പുരോഹിത വര്‍ഗം ഇസ്‌ലാമില്‍ വരുത്തുന്നതിനെതിരായ പ്രതികരണമായി മൗദൂദി തന്റെ ഉദ്യമത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഉദ്ധരണി പ്രസക്തമാണ്. മൗദൂദി പറയുന്നു-

b”In these verses the ibadah which is ordered to be reserved exclusively for God is that which amounts to bondage or slavery and submission and obedience, and the implication clearly is that men are being told to forbear giving submission and obedience to taghoot, to Satan, to the preists and rabbis, and to fathers and forefathers’

(മേലുദ്ധരിച്ച വചനങ്ങളില്‍ ദൈവത്തിന് മാത്രം സവിശേഷമായ, അടിമത്തം, ബന്ധനം, വിധേയത്വം, അനുസരണ എന്നിവക്ക് സമാനമായ ഒന്നാണ് ഇബാദത്ത് എന്ന് വരുന്നു. അതിന്റെ നേരര്‍ത്ഥം വിധേയത്വവും അനുസരണയും താഗുത്തിനും, സാത്താനും, പുരോഹിതന്‍മാര്‍ക്കും, റബ്ബികള്‍ക്കും, പിതാക്കള്‍ക്കും, പൂര്‍വ്വപിതാക്കള്‍ക്കും  നല്‍കരുത് എന്നാണ്.)

ഇതിനെ സൂഫി ദര്‍ഗാ സന്ദര്‍ശനവുമായി അദ്ദേഹം ചേര്‍ത്ത് വായിക്കുന്നുണ്ട്. മൗദൂദി പറയുന്നു:
”However, if I should, while feeling thirsty or unwell, call to some saint or god instead of the servant or a doctor, that obviously would amount to treating the saint or god as an ilah and to my addressing a du’a to him. Addressing a prayer to a saint confined to his grave hundreds or even thousands of miles away [In point of principle, it makes no difference if the distance were of a few feet only, the significant point being the act of addressing a prayer to someone who is dead and is believed to possess, even in, or perhaps because of that state, some extraordinary powers not only of hearing the prayer but also of granting it if he so chooses.

‘എനിക്ക് ദാഹമുണ്ടാകുമ്പോഴോ സുഖമില്ലാത്തപ്പോഴോ സേവകനെയോ, ഡോക്ടറെയോ വിളിക്കുന്നതിന് പകരം ഞാന്‍ ഏതെങ്കിലും ശൈഖിനെയോ ദൈവത്തെയോ വിളിച്ചാല്‍ ശൈഖിനെയോ സേവകനെയോ ഇലാഹായി കാണുന്നതിന് തുല്യവും എന്റെ വിളി അവര്‍ക്കുള്ള ദുആയുമാണ്. ആയിരം മൈലുകള്‍ക്കപ്പുറത്ത് മറമാടപ്പെട്ട ഒരു ശൈഖിന് (ആയിരം മൈല്‍ എന്നത് പ്രസക്തമല്ല; ഏതാനും അടികള്‍പ്പുറത്തുള്ള ഒരാള്‍ക്ക്) പ്രാര്‍ത്ഥന നടത്തുമ്പോള്‍ അവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം മരിച്ചവരും പ്രാര്‍ത്ഥന കേള്‍ക്കാനും വേണമെങ്കില്‍ ഉത്തരം നല്‍കാനുമുള്ള അസാധാരണമായ കഴിവുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നവരുമായ ഒരാളെ പ്രാര്‍ത്ഥനയിലൂടെ അഭിസംബോധന ചെയ്യുന്നുണ്ട് എന്നതാണ്.”

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ആരാധന,  ശിര്‍ഖ്, തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ സാങ്കേതിക ദൈവശാസ്ത്ര തത്വങ്ങളുമായി ബന്ധമുള്ള ഒരു പ്രസ്താവനയാണിത്. അനുസരണ, ആരാധന, സ്റ്റേറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നേര്‍വിപരീതമായ ആലോചനക്ക് ഈ വായനയുടെ വെളിച്ചത്തില്‍ സാധ്യതയുണ്ട്.

ആത്മീയ സഹായം, ഭൌതീക സഹായം എന്നിങ്ങനെ വേര്‍തിരിച്ച് ആത്മീയമായ സഹായാഭ്യര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന നിലക്കുള്ള സലഫി വിമര്‍ശനത്തിലേക്ക് ഈ ഉദ്ധരണികള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആത്മീയ സഹായം അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍ ഇബാദത്തും ശിര്‍ഖുമായി ഗണിക്കപ്പെടുകയാണ് ചെയ്യുക. ഞാന്‍ ജനിച്ച് വളര്‍ന്ന ഗാര്‍ഹിക ചുറ്റുപാടില്‍ ഈ വീക്ഷണമല്ല ഉണ്ടായിട്ടുള്ളത്. മറിച്ച്, ഭൌതീകമാകട്ടെ, ആത്മീയമാകട്ടെ എല്ലാ സഹായങ്ങളും ദൈവത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ശൈഖുമാരെയോ, ഡോക്ടര്‍മാരെയോ, വക്കീലിനെയോ സഹായത്തിന് വിളിക്കുന്നത് അവര്‍ സഹായത്തിന്റെ കര്‍ത്താക്കള്‍ എന്ന നിലക്കല്ല. മറിച്ച് ദൈവിക സഹായം ഉണ്ടാകാനുള്ള മാധ്യമം (വസീല) എന്ന നിലക്കാണ്. അതു പോലെ അവരെ വിളിക്കുന്നത് പ്രാര്‍ത്ഥനയല്ല, മറിച്ച് തവസ്സുല്‍ ആണ് അഥവാ, മാധ്യമീകരണമാണ്. നിയമം ദൈവീകമല്ല; അതിനോടുള്ള നമ്മുടെ ആശ്രയം ശിര്‍ഖുമല്ല. റബ്ബികളുമായുള്ള സാദൃശ്യം ഇവിടെ പ്രസക്തമാണ്. ഏകദൈവവിശ്വാസം പുലര്‍ത്തിയ മുന്‍ തലമുറ തകര്‍ന്ന് പോകാനുള്ള കാരണം, നിയമവിധികളെയും റബ്ബികളെയും ദൈവമായി സമീകരിച്ചതു കൊണ്ടാണ്. മൌദൂദി സാഹിബ് ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. അദിയ് ബിനു ഹാത്വിം പ്രവാചകന്‍ (സ) യുടെ അടുക്കല്‍ ചെന്ന് റബ്ബികളെക്കുറിച്ച് വിമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനത്തെക്കുറിച്ച് ചോദിച്ചു. റസൂല്‍ പറഞ്ഞു: അവര്‍ റബ്ബികളെ ഇലാഹാക്കി എന്നതിന്റെ സാരം, റബ്ബികളും പണ്ഡിതന്‍മാരും പറഞ്ഞ അഭിപ്രായങ്ങളെ അവയുടെ ഖുര്‍ആനികമായ നിചസ്ഥിതി മനസ്സിലാക്കാതെ അനുവദനീയവും, നിരോധാത്മകവുമായി  കണ്ടു എന്നാണ്.

മൗദൂദി സാഹിബ് ശൈഖുമാരെയോ, ഫുഖഹാക്കളെയോ റബ്ബികളോട് സമീകരിക്കുന്നുണ്ട്. കാരണം പുസ്തകത്തിന്റെ ലക്ഷ്യം തന്നെ ഇസ്‌ലാമിക സമൂഹത്തിന്റെ രോഗാവസ്ഥ മനസ്സിലാക്കലാണ്. ഓരോ മുസ്‌ലിമിനെയും നയിക്കുന്ന നയാമിക മണ്ഡലത്തിനപ്പുറമുള്ള അമൂര്‍ത്തമായ ഒരു ആധികാരികതയെ അദ്ധേഹം സ്ഥാപിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും അത് ബാധകമാകുന്നതിനാല്‍ ഞാനതിനെ ഖൂര്‍ആന്‍-കേന്ദ്രീകൃത ലിബറലിസം എന്ന് വിളിക്കുന്നു. എന്നാല്‍ ദൈവിക നിയമത്തെ അദ്ദേഹം പരമമായി കാണുന്നു. അതില്‍ നിന്നുള്ള എല്ലാ വ്യതിചലനവും താഗൂത്ത് ആണ്. എന്നാല്‍ ഇസ്‌ലാമിക നിയമപാരമ്പര്യത്തിന്റെ വൈവിധ്യവും, സങ്കീര്‍ണ്ണതയും നല്‍കുന്ന സൂചന ഖുര്‍ആനിലും മുതവാതിര്‍ ആയ ഹദീസുകളിലും സ്പഷ്ടമായ നിയമത്തിന്റെ ഉള്ളടക്കം നന്നേ വിരളമാണ് എന്നാണ്. അതു കൊണ്ട് നിയമങ്ങളുടെ സമാഹാരങ്ങള്‍ ഫിഖ്ഹിയായ (juridicial) അര്‍ത്ഥനിര്‍മാണത്തിന്റെ ഉത്പന്നമാണ്. എന്നാല്‍ നിയമ സമുച്ചയത്തെ (സമുച്ചയങ്ങളെയല്ല) അനുസരണയുടെ ലക്ഷ്യം എന്ന നിലക്ക് അദ്ദേഹം ദൈവവുമായി സമീകരിക്കുന്നു. അതനുസരിച്ച്, നിയമപരമായ ആധികാരികതയ്ക്ക് റബ്ബി കളുടെ കസേര അവകാശപ്പെടാം. അതൊരു വൈരുദ്ധ്യം തന്നെയാണ്. എന്നാല്‍ ഇസ്‌ലാമിക നിയമ ചരിത്രത്തില്‍ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുള്ള ഒരു മദ്ഹബും ഉണ്ടായിട്ടില്ല. നിയമവിധികള്‍ (മസ്അലകള്‍) ആപേക്ഷികവും, നിയതവുമായിരുന്നു. കാരണം ഈ നിയമങ്ങളുടെ ആധാരമായ ഖുര്‍ആന് അവയെ വീറ്റോ ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് നിയമവിശാരധന്‍മാര്‍ ബോധവാന്‍മാരായിരുന്നു. അതാണ് നയാമിക വൈവിധ്യത്തിന്റെ പാരമ്പര്യമായി ഇസ്ലാമിനെ അടയാളപ്പെടുത്തുന്നത്. മറ്റൊരു തരത്തില്‍ നിയമാന്വേഷണം തവസ്സുലും നിയമം വസീലയുമാണ്‌. എന്നാല്‍ മൗദൂദി സാഹിബിനെ സംബന്ധിച്ചിടത്തോളം നിയമാനുസാരിത്വം തവസ്സുലല്ല; ഇബാദത്താണ്. അതായത് ഇലാഹിലേക്ക് (ഹഖീഖത്ത്) ചെന്നെത്താനാവശ്യമായ വസീലയല്ല അദ്ദേഹത്തിന്റെ നിയമം; മറിച്ച് ഇബാദത്തിന്റെ ലക്ഷ്യം തന്നെയായ ഇലാഹിയ്യത്തിന്റെ മൂര്‍ത്തമായ ആവിഷ്‌കാരമാണ്.

g

സ്റ്റേറ്റിനെക്കുറിച്ചുള്ള മൗദൂദിയന്‍ പരികല്‍പനക്കും സമാനമായ പ്രശ്‌നമുണ്ട്. സ്റ്റേറ്റിനെയും, പിതാക്കന്‍മാരെയും, പൂര്‍വ്വപിതാക്കന്‍മാരെയും അനുസരിക്കുന്നത് അവ/ര്‍ അവസാന വാക്കെന്ന നിലക്കുള്ള ഇബാദത്തല്ല; മറിച്ച് ആപേക്ഷികമായ അധികാരം എന്ന നിലക്കുള്ള (ഭൌതീകമായ) തവസ്സുല്‍ ആണ്. പിതാക്കളുടെ ദൈവീകവിരുദ്ധമായ ആഹ്വാനത്തെ എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് വിയോജിക്കുവാന്‍ അനുസരിക്കുന്നവര്‍ക്ക് ബാദ്ധ്യതയുണ്ടല്ലോ.
*
മൗദൂദി സാഹിബിനോടുള്ള എന്റെ വിയോജിപ്പ് ദൈവശാസ്ത്രപരമാണ്. അതേസമയം ജമാഅത്തെ ഇസ്‌ലാമിയിലെ എല്ലാ തലമുറകള്‍ക്കും അദ്ദേഹത്തോട് സമാനമായ വിയോജിപ്പ് സാദ്ധ്യമാകുന്നുണ്ട് എന്നത് പ്രസ്ഥാനത്തിന്റെ ക്രിയാത്മകതയെ അടയാളപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പര്‍ദ്ദ വായിച്ച് വിമര്‍ശിക്കുന്ന പ്രസ്ഥാനത്തിനകത്തെ സ്ത്രീകളുണ്ട്. അദ്ദേഹത്തിന്റെ ജിഹാദിലെ ചില ഭാഗങ്ങള്‍ അപ്രസക്തമായി കണ്ട് എഡിറ്റ് ചെയ്ത് പരിഭാഷപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാത്ത പുതിയ തലമുറയിലെ ആക്ടിവിസ്റ്റുകളുണ്ട്. ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞ പോലെ തിരുത്തലുകളിലൂടെ മൗദൂദിയെ പുനര്‍വായിച്ചു കൊണ്ട് രൂപപ്പെട്ടു വരുന്ന പ്രസ്ഥാനമെന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി വളരെ ക്രിയാത്മകമായ രാഷ്ട്രീയ പ്രസ്ഥാനമെന്ന് വിലയിരുത്തപ്പെടാം. ധാരാളം മൗദൂദിമാരുടെ സാദ്ധ്യതയാണ് അദ്ദേഹത്തിന്റെ സര്‍ഗാത്മകമായ രചനകള്‍ തുറന്നിടുന്നത്.

ഉപസംഹാരമായി, ഹാരോള്‍ഡ് ബ്ലൂമിന്റെ സ്വാധീനത്തിന്റെ ആശങ്ക (anxiety of influence) എന്ന സങ്കല്‍പ്പത്തെ പാരമ്പര്യവിമര്‍ശനത്തോട് ചേര്‍ത്തു വായിച്ചു കൊണ്ട് വിപുലപ്പെടുത്താന്‍ ഞാനാഗ്രഹിക്കുകയാണ്. സാഹിത്യരചനയുമായി ബന്ധപ്പെടുത്തി ബ്ലൂം സ്വാധീനത്തിന്റെ ആശങ്കയെ നിര്‍വ്വചിക്കുന്നതിങ്ങനെയാണ്-ഒരെഴുത്തുകാരന്‍ എഴുതാനിരിക്കുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച കൃതികളും എഴുത്തുകാരും അദ്ദേഹത്തിന്റെ ഉപബോധ മനസ്സില്‍ പിതൃസ്വരൂപമായി (father figure) നിലനില്‍ക്കുന്നുണ്ട്. ക്രിയാത്മകത സാദ്ധ്യമാകണമെങ്കില്‍ ഈഡിപ്പലായ ഒരുണര്‍വ്വുണ്ടാകണം. സ്വാധീനം ആശങ്കയായി, ഭീതിയായി മാറണം. സ്വാധീനത്തെ കൊല്ലണം. എല്ലാ നല്ല കൃതികളും അതിനാല്‍ ഒരു കൊലപാതകമാണ്. അവിടെയാണ് വ്യക്തിയുടെ മികവ് (individual talent) ഉണ്ടാകുക.

bl
ഹാരോള്‍ഡ് ബ്ലൂം

മൗദൂദിയില്‍ സ്വാധീനത്തിന്റെ ആശങ്കയായി പാരമ്പര്യം, ഖിലാഫത്ത് എന്നിവ വരുന്നുണ്ട്. അവയോടുള്ള വിധേയത്വ (ഇബാദത്ത്) സ്വാധീനത്തിന്റെ ആശങ്കയില്‍ നിന്നാണ് അദ്ദേഹത്തിന്റെ പരികല്‍പനകള്‍ ഉണ്ടാകുന്നത്. എന്നാല്‍ പിതൃസ്വരൂപത്തോടുള്ള ആരാധനയുടെ പ്രശ്‌നം പാരമ്പര്യ-പ്രോക്തമായ ഇസ്‌ലാമിക സങ്കല്‍പങ്ങളില്‍ വരുന്നില്ല. പിതാക്കളെ കേവലമായി ആദരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

എന്നാല്‍ മൗദൂദി സ്വാധീനത്തിന്റെ ആശങ്കയായി ജമാഅത്തെ ഇസ്‌ലാമിയില്‍ സംഭവിക്കുന്നുണ്ട്. അദ്ദേഹത്തെ വായിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ സംഭവിക്കുന്നുണ്ട്. അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെടുമ്പോഴും, ആശങ്കയോടെ കുതറിമാറാനുള്ള ക്രിയാത്മകമായ ധൈഷണിക വ്യഗ്രത പ്രസ്ഥാനത്തിന് ഉണ്ടാകുന്നുണ്ട്. പാരമ്പര്യത്തിന് പകരം പാരമ്പര്യത്തിന്റെ പ്രശ്ചന്നതയെ (simulacrum of tradition) പ്രതിഷ്ഠിച്ച ഒരാളുടെ ഈ പുനര്‍വായന തനതായ പാരമ്പര്യത്തിലേക്ക് വായനക്കാരെ എത്തിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

ഷമീര്‍ കെ എസ്‌