Campus Alive

ഓൺലൈനിലെ ഹിന്ദുത്വ രാഷ്ട്രീയ രൂപീകരണം

(വാട്സപ്പ്-മോദി കാലത്തെ ഹിന്ദുത്വ ആൾക്കൂട്ടം: ലേഖനത്തിന്റെ മൂന്നാം ഭാഗം)

റിയാസിനെ തല്ലിച്ചതച്ചതിനെയും അതിലൂടെ നേടിയ ശ്രദ്ധയും പദവിയും ഒരു ആകസ്മിക വിജയമായാണ് പ്രേമി കണക്കാക്കുന്നത്. എത്രയോ തവണ ഗോഹത്യ ആരോപിച്ചു തല്ലിയ അനേകം മുസ്‌ലിംകളിൽ ഒരാൾ മാത്രമായിരുന്നു പ്രേമിയെ സംബന്ധിച്ചിടത്തോളം റിയാസ്. ഇപ്പോൾ സംസ്ഥാനതല നേതാവെന്ന നിലയിൽ അഞ്ഞൂറിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് പ്രേമി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിലുള്ള നിരവധി ജില്ലാതല ഗ്രൂപ്പുകളും മറ്റ് തീവ്ര ഹിന്ദുത്വ നേതാക്കൾ നടത്തുന്ന ദേശീയ അന്തർദേശീയ ഗ്രൂപ്പുകളും അവയിൽ ഉൾപ്പെടുന്നു. തന്റെ ഫോണിൽ നിന്ന്, ഇസ്‌ലാമിനെതിരെയുള്ള  പോരാട്ടത്തിന്റെ എല്ലാ മുന്നണികളെയും അദ്ദേഹം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ലവ് ജിഹാദിനെതിരായ പോരാട്ടം അതിലൊന്ന് മാത്രമായിരുന്നു. ഹിന്ദു പ്രദേശങ്ങളിലെ ഭൂമിയും സ്വത്തും ഏറ്റെടുക്കാനും   ക്രമേണ അയൽ‌പ്രദേശങ്ങൾ മുഴുവൻ ഏറ്റെടുക്കാനുമുള്ള മുസ്‌ലിംകൾക്കിടയിലെ ഗൂഢാലോചനയാണെന്ന് കരുതപ്പെടുന്ന “ലാൻഡ് ജിഹാദിനെ”തിരെ ബജ്‌റംഗ്ദളും സഖ്യകക്ഷികളും പോരാടുന്നു. പ്രായോഗിക തലത്തിൽ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നതിലൂടെ അഭികാമ്യമല്ലാത്ത റിയൽ എസ്റ്റേറ്റ് വിൽപ്പനയെ നിർബന്ധിതമായി റദ്ദാക്കുകയും മുസ്‌ലിംകളെ അവരുടെ ഗെറ്റോകളിൽ തന്നെ നിലനിർത്താനുള്ള ഒരു പ്രചാരണവുമാണ് നടത്തുന്നത്.

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ ഉയർന്ന ജനന നിരക്ക് ഹിന്ദുത്വ പ്രവർത്തകർക്ക് അതിലും വലിയൊരു ഒഴിയാബാധയായിരുന്നു. അവർ ഇതിനെ “പോപ്പുലേഷൻ ജിഹാദ്” എന്ന് വിളിച്ചു. ഹിന്ദു വലതുപക്ഷത്തിന്റെ ഓർമ്മകളിലും ഫാന്റസികളിലും ഇന്ത്യൻ മുസ്‌ലിംകൾ ജനസംഖ്യാവർദ്ധനവിനു വേണ്ടി ഹിന്ദുക്കളെക്കാൾ പരമാവധി ശ്രമിക്കുന്നു. അവർ ഇതിനകം തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിജയിച്ചിട്ടുണ്ട്. “പശ്ചിമ ബംഗാളിൽ ഹിന്ദുക്കളുടെ ജനസംഖ്യ മുസ്‌ലിംകളേക്കാൾ കുറവാണ്” പ്രേമി എന്നോട് പറഞ്ഞു. എല്ലാ ദിവസവും മുസ്‌ലിം  യുവാക്കൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒത്തുകൂടി ഹിന്ദുക്കളെ ആക്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ എനിക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.

എന്നാൽ ആ വിവരങ്ങൾ വസ്തുത എന്നതിനപ്പുറം കൂട്ടായ ഭ്രമാത്മകതയായിരുന്നു. ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 27 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. ഹിന്ദുക്കൾ ഏകദേശം 71 ശതമാനവും. ഇന്ത്യയിലുടനീളം നോക്കിയാൽ,   തീർച്ചയായും ഹിന്ദുക്കളേക്കാൾ ഉയർന്നതാണെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുസ്‌ലിം ജനനനിരക്ക് രാജ്യത്തെ മറ്റേതൊരു സമുദായത്തെക്കാളും വേഗത്തിൽ കുറയുകയാണ് ചെയ്തിട്ടുള്ളത്.   ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ മുസ്‌ലിംകളുടെ ജനനനിരക്ക് ഉള്ളത്. 2100 ഓടെ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 19 ശതമാനത്തിൽ സ്ഥിരത കൈവരിക്കുമെന്ന് ജനസംഖ്യാശാസ്‌ത്രജ്ഞർ പ്രവചിക്കുന്നു.

സന്ധ്യയായപ്പോൾ പ്രേമിയുടെ അസിസ്റ്റന്റ് ഞങ്ങൾക്ക് മധുരമുള്ള ഒരു പ്രാദേശിക പലഹാരമായ ബാലുഷാഹി കൊണ്ടുവന്നു. ഞാൻ കഴിച്ച് ബാക്കിയുള്ളതിൽ നിന്ന് ഞാൻ അസിസ്റ്റന്റിന് നീട്ടി. എന്നാൽ അയാൾ എടുക്കാൻ മടിച്ചു. പ്രേമി അയാളോട് അത് കഴിക്കുവാൻ പറഞ്ഞു. “പേടിക്കാതെ കഴിച്ചോളൂ, നിങ്ങളെ കൊല്ലുന്ന തരത്തിലുള്ള മുസ്‌ലിമല്ല അദ്ദേഹം”. എന്റെ റിപ്പോർട്ടിംഗ് കാലത്ത് ഞാൻ സന്ദർശിച്ച  ഏത് ബജ്റംഗ്ദൾ ഓഫീസിലും ഒരു മുസ്‌ലിം എന്ന നിലയിലുള്ള എന്റെ പദവി ആനക്ക് തുല്യമായിരുന്നു. എന്റെ പ്രതികരണങ്ങൾ പലപ്പോഴും അവരെ പ്രകോപിതരാക്കുകയും സൂക്ഷ്മപരിശോധന നടത്താനിടവരുത്തുകയും,  ഇടയ്ക്കിടെ മൂടിപ്പൊതിഞ്ഞ ഭീഷണികൾ പ്രകോപിപ്പിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ പ്രേമിയുടെ ഡെപ്യൂട്ടികളിലൊരാൾ മറ്റൊരാളോട് എന്നെ ഘർവാപസി ചെയ്യൽ സാധ്യമാകുമോ എന്ന് സ്വകാര്യം പറയുന്നത് വരെ ഞാൻ കേൾക്കാനിടയായി.

എല്ലാ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആർ‌.എസ്‌.എസിന്റെ സംരംഭത്തിന്റെ പേരാണ് “തിരിച്ചുവരവ്” എന്നർഥമുള്ള ഘർവാപസി. ഒരു ഹിന്ദുത്വ ബുദ്ധിജീവി ഇത്തരത്തിലുള്ള ബഹുജന പരിവർത്തനത്തെ “മുസ്‌ലിം പ്രശ്‌നത്തിനുള്ള അന്തിമ പരിഹാരം” എന്ന് ഒരിക്കൽ വിളിക്കുകയുണ്ടായി. വൈകുന്നേരം ഞങ്ങൾ ഒരുമിച്ച് ടെറസിൽ ഇരിക്കുമ്പോൾ, ആ ആശയം തികച്ചും ന്യായയുക്തമാണെന്ന് വിശദീകരിക്കാൻ പ്രേമി ശ്രമിച്ചു. “നോക്കൂ, ഒരു കാലത്ത് അവർ ഹിന്ദുക്കളായിരുന്നുവെന്ന് എല്ലാവരും അംഗീകരിക്കുന്നു. മുസ്‌ലിം രാജാക്കന്മാരാണ് അവരെ ബലപ്രയോഗത്തിലൂടെ പരിവർത്തനം ചെയ്തത്. ഇപ്പോൾ എന്താണ് പ്രശ്നം? അവരെ നിർബന്ധിക്കാൻ ഇപ്പോൾ ആരുമില്ല. അവർ ഹിന്ദുമതത്തിലേക്കു തന്നെ മടങ്ങി വരേണ്ടതാണ്.”

ഇതിന് എങ്ങനെ മറുപടി നൽകണമെന്നറിയാതെ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. ഞങ്ങൾക്കിടയിൽ വളരെ നീണ്ടതും വിഷമകരവുമായ ഒരു നിശബ്ദത വ്യാപിച്ചു, പക്ഷേ ഞാൻ തല താഴ്ത്തി, വളരെ പ്രധാനപ്പെട്ട എന്തോ എഴുതുന്നതായി നടിച്ചുകൊണ്ട് നോട്ട്പാഡിൽ തന്നെ നോക്കിയിരുന്നു. ഒടുവിൽ, പ്രേമി താൻ വ്യക്തിപരമായി നടത്തിയ ഘർ വാപസിയെക്കുറിച്ചുള്ള സംസാരത്തിലേക്ക് വിഷയം മാറി.

2018 ഏപ്രിലിൽ പവൻ കുമാർ എന്ന ദലിതനായ ഒരു ഹിന്ദു വെൽഡിങ് തൊഴിലാളി ഇസ്‌ലാം മതം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പുതിയ വിശ്വാസത്തെ പറ്റി ബജ്‌റംഗ്ദൾ അറിഞ്ഞു. 20 ദിവസത്തിനുശേഷം, പ്രേമിയുടെ പ്രതിനിധികൾ കുമാറിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അയാളുടെ മുറിയിൽ കയറി കുമാറിന്റെ തലയിൽ നിന്ന് തലപ്പാവ് വലിച്ചൂരി അയാളെ വളഞ്ഞിട്ട് അടിച്ചു. എന്നിട്ട് അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ടോ എന്നും ഒരു മുസ്‌ലിമായി തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും ചോദിച്ചു. അവശനായ കുമാർ ഇല്ല എന്ന് പറഞ്ഞു. അവന്റെ താടി ഷേവ് ചെയ്യാൻ അവർ ഒരു ബാർബറെ വിളിച്ചു. ജനക്കൂട്ടത്തിൽ നിന്നൊരാൾ അയാളുടെ  നെറ്റിയിൽ ചുവന്ന തിലക് ചാർത്തുകയും ചെയ്തു. ശേഷം രണ്ട് ബജ്റംഗ്ദൾ പ്രവർത്തകർ അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വീഡിയോ എടുക്കുകയും അത് പിന്നീട്  വൈറലാവുകയും ചെയ്തു. പ്രേമി പവൻ കുമാറിന്റെ മേൽ ശുദ്ധീകരണ കർമ്മം നടത്തുന്നതാണ് വീഡിയോയിലുള്ളത്. “ഇനി പറയൂ, ‘എനിക്ക് മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ല, ഞാൻ ഒരിക്കലും ഒരു പള്ളിയിലും പോകില്ല” പ്രേമി അദ്ദേഹത്തോട് പറയുന്നു. പേടിച്ചരണ്ട കുമാർ പ്രേമി പറഞ്ഞത് പതിഞ്ഞ സ്വരത്തിൽ ഏറ്റു പറഞ്ഞു.

“അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് പറഞ്ഞ ആ നിമിഷം തന്നെ ഞങ്ങൾ അദ്ദേഹത്തെ തള്ളിയിട്ട് അടിച്ചു. അവൻ ഒരു മുസ്‌ലിം ആകാൻ എങ്ങനെ ധൈര്യപ്പെടുന്നു! ഞാൻ അവനെ വീണ്ടും ഒരു ഹിന്ദുവാക്കി മാറ്റി” പ്രേമി എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ  മുൻവശത്തെ രണ്ട് പല്ലുകൾക്കിടയിൽ വളരെ ചെറിയ ത്രികോണത്തിൽ ഒരു വിടവുണ്ട്. ഓരോ തവണയും അദ്ദേഹം പുഞ്ചിരിക്കുമ്പോൾ ഞാനത് ശ്രദ്ധിച്ചു.

പെട്ടന്ന് പ്രേമി ഗൗരവ ഭാവത്തിലായി. “ഇവിടെ താമസിക്കുന്ന എല്ലാവരെയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് സംഭവിക്കുക തന്നെ ചെയ്യും”. അദ്ദേഹം പറഞ്ഞു. “ഇന്നോ നാളെയോ ഒന്നും അല്ലെങ്കിലും,  ഒരു ദിവസം അത് സംഭവിക്കും”. ഞങ്ങൾക്കിടയിലെ നിശബ്ദത വീണ്ടും കൂടി വന്നു. ഞാൻ ഒന്നും കേട്ടില്ലെന്ന് നടിക്കാൻ വീണ്ടും ശ്രമിച്ചു. “നോക്കൂ, ഞാൻ അന്ന് ജീവിച്ചിരിക്കാൻ സാധ്യതയില്ല, പക്ഷേ അത് സംഭവിക്കും”. ആ ജനുവരിയിൽ ഞാൻ വീണ്ടും ഇന്ത്യ വിട്ടു, സ്വന്തം രാജ്യത്തിനോട് വളർന്നു വരുന്ന അപരിചിതത്വം ആയിരുന്നു എന്റെ മനസ്സ് നിറയെ.

അവിടെ മുതൽ കാര്യങ്ങൾ കൂടുതൽ വഷളായി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിക്കൊണ്ട് 2019 മെയ് മാസത്തിൽ നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുമാസത്തിനുശേഷം, അദ്ദേഹത്തിന്റെ സർക്കാർ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പിൻവലിച്ചു, പ്രധാനമായും സ്വയംഭരണത്തിനുള്ള എല്ലാ ശേഷിയും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷത്തിൽ നിന്ന് നീക്കം ചെയ്തു. അദ്ദേഹം പ്രദേശത്തെ ഫെഡറൽ നിയന്ത്രണത്തിലാക്കിയ ശേഷം അവിടെ സൈന്യത്തെ വിന്യസിച്ചു. സംസ്ഥാനത്തിന്റെ ഭരണ നേതൃത്വങ്ങളെ തടങ്കലിലാക്കി. ഇന്റർനെറ്റും മറ്റു വിനിമയ മാർഗങ്ങളും അടച്ചുപൂട്ടി. ആറുമാസത്തോളമായി ഇത് തുടരുകയാണ്.

2019 ഒക്ടോബറിൽ മോദി സർക്കാർ രാജ്യത്ത്‌ നടന്ന കുറ്റകൃത്യങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ, മതന്യൂനപക്ഷങ്ങൾക്കും പത്രപ്രവർത്തകർക്കും നേരെ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്ക് ഉൾപ്പെടുത്തിയില്ല. അതേസമയം തന്നെ മുസ്‌ലിംകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കവതരിപ്പിച്ച രണ്ട് സ്വകാര്യ ഡാറ്റാബേസുകൾ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ എൻഡ്ഗെയ്മിന് എല്ലാവിധത്തിലും വേഗത കൈവരിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ പ്രേമി കുതിച്ചുകയറുകയായിരുന്നു. 2019 ഓഗസ്റ്റിൽ ബജ്‌റംഗ്ദളിലെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർ അദ്ദേഹത്തെ ഷംലിയുടെ തെക്കുകിഴക്കുള്ള, മൂന്ന് മണിക്കൂർ യാത്രാദൈർഘ്യമുള്ള ബുലന്ദഷഹർ എന്ന ചെറിയ പട്ടണത്തിലേക്ക് നിയോഗിച്ചു. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പകരം നാശനഷ്ടങ്ങൾ നിയന്ത്രിക്കാനായിരുന്നു ഏൽപ്പിച്ചത്.

കഴിഞ്ഞ ശൈത്യകാലത്ത്, പ്രാദേശിക ബജ്‌റംഗ്ദൾ ജില്ലാ മേധാവി യോഗേഷ് രാജ് എന്ന “യുവ പ്രേമിയുടെ” നേതൃത്വത്തിലുള്ള ഒരു സംഘം അവിടുത്തെ ഒരു പോലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് കൊന്നു. കുമാർ സിംഗ് എന്ന ഈ ഉദ്യോഗസ്ഥനായിരുന്നു 2015 ൽ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്. പ്രാദേശിക ബി.ജെ.പി രാഷ്ട്രീയക്കാരന്റെ മകൻ ഉൾപ്പെടെ നിരവധി പേരെ സിംഗ് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രതികാരമാണ് ഇൻസ്പെക്ടറുടെ കൊലക്ക് പിന്നിലെന്ന് അയാളുടെ കുടുംബം വിശ്വസിക്കുന്നു.

ജില്ലാ ബജ്‌റംഗ്ദൾ തലവൻ ഉൾപ്പെടെയുള്ള രണ്ട് യുവ നേതാക്കളെ ബുലന്ദ്ശഹറിലെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെ ഇവരെക്കുറിച്ച മോശം വാർത്തകൾ പുറത്തു വന്നു. സ്ഥിതിഗതികൾ സന്തുലിതമാക്കുന്നതിന് കുറച്ച് അച്ചടക്കം പാലിച്ചുകൊണ്ട് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിൽ നിന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യുവാക്കളെ തടയുക എന്നതായിരുന്നു പ്രേമിയുടെ ലക്ഷ്യം. അദ്ദേഹം എന്നോട് പറഞ്ഞതുപോലെ, “ഞങ്ങളുടെ കേഡർമാർ അനാവശ്യമായ ഉത്സാഹം പ്രകടിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കൂടിയാണ് നിങ്ങളോട് ഇവിടെ വരാൻ ആവശ്യപ്പെട്ടത്”. പിന്നീട് പ്രേമി നഗരത്തിലെത്തി മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ രണ്ട് യുവാക്കളെയും ജാമ്യത്തിൽ വിട്ടു.

പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗ്

പ്രാദേശിക ബജ്‌റംഗ്ദൾ ഓഫീസിലെ ഒരു ചെറിയ  മുറിയിൽ പ്ലാസ്റ്റിക് കസേരയിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു മധ്യവയസ്‌കൻ പ്രേമിയെ തിരക്കി അങ്ങോട്ട് വന്നു. ഗുമസ്തനായി വിരമിച്ച അദ്ദേഹം, ഏതാനും ക്രിസ്ത്യൻ മിഷനറിമാർ മാസത്തിലൊരിക്കൽ അദ്ദേഹത്തിന്റെ വാസസ്ഥലം സന്ദർശിക്കുന്നുണ്ടെന്ന റിപ്പോർട്ട് നൽകാൻ വന്നതാണ്. അയാളുടെ ബന്ധുക്കളിൽ ചിലർ ഹിന്ദുമതം വിട്ടുപോവുകയും അതിൽ അദ്ദേഹം അസ്വസ്ഥനായിരിക്കുകയുമാണ്. മിഷനറിമാരെ ശ്രദ്ധിക്കുവാൻ അദ്ദേഹം പ്രേമിയോട് ആവശ്യപ്പെട്ടു. അയാൾ മുറിയിൽ നിന്ന് പുറത്തുപോയ ഉടനെ പ്രേമി ഫോണെടുത്ത് “ദലിത് പ്രദേശത്തെ ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തിയതായി പരാതി. ജാഗ്രത പാലിക്കുക” എന്ന വാട്‌സ്ആപ്പ് സന്ദേശം എല്ലാ ജില്ലാ ബജ്റംഗ്ദൾ കേഡർമാർക്കും അയച്ചു.

ഈ അവസരം മനസിലാക്കി, കുറച്ചുകാലമായി ഞാൻ ആകാംക്ഷയോടെ ആലോചിക്കുന്ന ഒരു കാര്യം പ്രേമിയോട് അഭ്യർത്ഥിച്ചു. അയാളുടെ ഫോൺ നോക്കാമോ എന്ന് ഞാൻ ചോദിച്ചു.

അടുത്തിടെയായി സ്വന്തമായി മീമുകൾ ഉണ്ടാക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച് വീമ്പു പറയാൻ ബി.ജെ.പിക്കാർക്ക് വലിയ താല്പര്യമാണ്. 2018 സെപ്റ്റംബറിൽ അമിത് ഷാ തന്റെ പാർട്ടിയുടെ സോഷ്യൽ മീഡിയ വളന്റിയർമാരോടുള്ള ഒരു പ്രസംഗത്തിൽ, ഉത്തർപ്രദേശിൽ 3.2 ദശലക്ഷം അനുയായികൾക്കായി ബിജെപി ഉണ്ടാക്കിയ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് സംസാരിച്ചു. “ഞങ്ങൾ ആഗ്രഹിക്കുന്ന ഏത് സന്ദേശവും പൊതുജനങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രാപ്തരാണ്,” അദ്ദേഹം പറഞ്ഞു, “അത് മധുരമോ പുളിയോ, സത്യമോ നുണയോ ആകട്ടെ.” എന്റെ നിരീക്ഷണത്തിൽ, മാസങ്ങളായി പ്രേമി തന്റെ ഫോണുമായി തിരക്ക് പിടിച്ച ജോലിയിലാണ്. ഹിന്ദു വലതുപക്ഷത്തെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ കേന്ദ്ര വാട്ട്‌സ്ആപ്പ് നിർവഹിച്ച പങ്കിനെക്കുറിച്ച് വർഷങ്ങളായി ഞാൻ കേൾക്കുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് ഒരു ബ്ലാക്ക് ബോക്സ് പോലെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്ത സ്വകാര്യ സേവനമാണ്. കുറച്ച് സമയം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടിലൂടെ എന്തൊക്കെയാണ് അന്വേഷിക്കുന്നതെന്ന് ഞാൻ അനുഭവിച്ചറിഞ്ഞതിലൂടെ പ്രേമിയുടെയും കൂട്ടാളികളുടെയും ലോകവീക്ഷണത്തെക്കുറിച്ച് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

വലിയ താല്പര്യമില്ലെങ്കിലും, അദ്ദേഹം സമ്മതിക്കുന്ന ചില സന്ദേശങ്ങൾ മാത്രമേ എനിക്ക് കാണിക്കൂ എന്ന വ്യവസ്ഥയിൽ ഒടുവിൽ അദ്ദേഹം തന്റെ ഫോൺ എനിക്ക് കൈമാറി. അദ്ദേഹം ഉൾപ്പെടുന്ന നൂറുകണക്കിന് ഗ്രൂപ്പുകളിൽ രണ്ടെണ്ണം മാത്രമാണ് ഞാൻ നോക്കിയത്. ഒന്ന് ബുലന്ദ്‌ഷഹറിലെ പ്രാദേശിക ബജ്‌റംഗ്ദളുകാരുടെ പട്ടികയായിരുന്നു. അതിൽ എല്ലാ കേഡർമാരുമായും ചാരന്മാരുമായും ഉള്ള പ്രേമിയുടെ സംഭാഷണങ്ങളും ട്രേഡിംഗ് സൂത്രങ്ങളും അലേർട്ടുകളും എനിക്ക് കാണാൻ കഴിഞ്ഞു. മറ്റൊന്ന് മീമുകളും പ്രചാരണങ്ങളും നിറഞ്ഞ ഒരു ദേശീയ പട്ടികയായിരുന്നു, ഞാൻ ഡസൻ കണക്കിന് മെസ്സേജുകൾ സ്ക്രോൾ ചെയ്തു. അതിൽ ഹിന്ദിയിലുള്ള ഒരു നീണ്ട സന്ദേശം ഇപ്രകാരമായിരുന്നു:

“20 വർഷം മുമ്പ് കശ്മീർ താഴ്‌വരയിൽ അവിടുത്തെ ജനസംഖ്യയുടെ പകുതിയോളം ഹിന്ദുക്കളായിരുന്നു. ഇന്ന് ഒരു ഹിന്ദു പോലും കശ്മീരിൽ അവശേഷിക്കുന്നില്ല. പത്ത് വർഷം മുമ്പ് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 60% ഹിന്ദുക്കളായിരുന്നു. എന്നാൽ ഇന്ന് അവർ സംസ്ഥാനത്തെ ജനസംഖ്യയുടെ 10% മാത്രമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, നാഗാലാൻഡ്, അസം മുതലായവയിൽ ഹിന്ദുക്കൾ എല്ലാ ദിവസവും കൊല്ലപ്പെടുകയോ പുറത്താക്കപ്പെടുകയോ മതപരിവർത്തനത്തിനിരയാവുകയോ ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ കൂടുതൽ ഹിന്ദുക്കളില്ല, ഹിന്ദുക്കൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും അപൂർവയിനമായി മാറുന്നതിന്റെ വക്കിലാണ്. ഇന്ത്യയിൽ പോലും ഹിന്ദുക്കളുടെ എണ്ണം തുടർച്ചയായി കുറയുന്നു. ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?. നിങ്ങൾ ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ  പ്രതികരിക്കാൻ നിങ്ങൾ ബാക്കിയുണ്ടാവുകയില്ല”.

മറ്റൊരു സന്ദേശം ഇങ്ങനെയാണ്:

“കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സർക്കാർ ആശുപത്രിയിലെ പ്രസവത്തിന്റെ ഡാറ്റ. ഹിന്ദുക്കൾ-37, ക്രിസ്ത്യാനികൾ-12, മുസ്‌ലിംകൾ-138. മുസ്‌ലിംകൾ കുഞ്ഞുങ്ങളെയും ഹിന്ദുക്കൾ സമ്പത്തും സൃഷ്ടിക്കുന്നു. എന്നാൽ ഈ സമ്പത്ത് ഈ മുല്ലകളുടെ ഉപയോഗത്തിനും പ്രയോജനകരമാവുന്നു. ഇതാണ് ഈ രാജ്യത്തെ ഹിന്ദുക്കളുടെ കറുത്ത ചരിത്രം. ജയ് ഹിന്ദുത്വ”.

Credit: The Wire

മറ്റൊരു പോസ്റ്റിൽ ഇവർ ഒരു ഇൻഫോഗ്രാഫിക് അവതരിപ്പിച്ചു. ജിഹാദിന്റെ പലതരം ഇനങ്ങളടങ്ങിയ ഒരു ഫാമിലി ട്രീ. ആ ട്രീ പ്രകാരം  രണ്ട് പ്രധാന ശാഖകളാണ് ജിഹാദിനുള്ളത്,  ഹാർഡ് ജിഹാദും സോഫ്റ്റ് ജിഹാദും. പോപ്പുലേഷൻ ജിഹാദ്, ലവ് ജിഹാദ്, ലാൻഡ് ജിഹാദ് – എന്നിങ്ങനെ എനിക്ക് ഇപ്പോൾ പരിചിതമായതും, എന്നാൽ പ്രേമി എന്നോട് പറഞ്ഞിട്ടില്ലാത്തതുമായ നിരവധി ഇനങ്ങൾ ഹാർഡ് ജിഹാദിൽ ഉൾക്കൊള്ളുന്നു. ഇതെല്ലാം എത്രമാത്രം വ്യവസ്ഥാപരം ആണെന്നാലോചിച്   ഞാൻ അത്ഭുതപ്പെട്ടു.

തീർച്ചയായും, ഇത്തരം പോസ്റ്റുകൾ ഒരു പേടിസ്വപ്നമായിരുന്നു. കാസർഗോഡിലെ ജനനനിരക്കിനെ സംബന്ധിച്ച കണക്കുകൾക്ക് ഒരു ഉറവിടവും കണ്ടെത്താൻ എനിക്കായില്ല. കശ്മീർ താഴ്‌വരയിൽ അടുത്തിടെ ഭൂരിപക്ഷം ഹിന്ദുക്കളായിരുന്നു, അല്ലെങ്കിൽ ഇപ്പോൾ അവിടെ  ഹിന്ദുക്കളിൽ നിന്ന് പൂർണ്ണമായും മുക്തമാണ് എന്നൊക്കെയുള്ള ആശയങ്ങൾ അപലപനീയമാണ്. 1901 ൽ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ സെൻസസ് അനുസരിച്ച് താഴ്‌വരയിലെ ജനസംഖ്യയുടെ 5.2 ശതമാനമായിരുന്നു ഹിന്ദുക്കൾ. 2011 ൽ അവർ 1.8 ശതമാനമായി കുറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഹിന്ദു തീവ്രവാദത്തിന്റ മാസ്സ് ഡെല്യൂഷനുകൾ സൃഷ്ടിച്ചിട്ടില്ലെങ്കിലും, അവയുടെ വ്യാപനത്തിന് വളരെ കാര്യക്ഷമമായ സൗകര്യങ്ങൾ നൽകിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ 400 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും 260 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുമുണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളുടെയും ഏറ്റവും വലിയ ആഗോള വിപണിയാണ് നമ്മുടെ രാജ്യം. വിദ്വേഷ ഭാഷണത്തിനും തെറ്റായ വിവരങ്ങൾക്കുമെതിരെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അസമമായി നടപ്പാക്കിയതിന് ഫേസ്ബുക്കിന് ഇന്ത്യയിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2019 ലെ ഇക്വാലിറ്റി ലാബ്‌സ് എന്ന എൻ‌.ജി‌.ഒയുടെ റിപ്പോർട്ടിൽ ഇസ്‌ലാമോഫോബിക് പോസ്റ്റുകൾ പലപ്പോഴും ഈ പ്ലാറ്റുഫോമുകളിൽ വരുന്നതായി കണ്ടെത്തി. സ്വന്തം രാജ്യത്ത് തന്നെ സോഷ്യൽ മീഡിയയിലൂടെ വംശീയ ഉന്മൂലനത്തിന്റെ ഇരകളായിരുന്ന മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ മുസ്‌ലിം അഭയാർഥികളെ ലക്ഷ്യമിട്ട് ഉണ്ടാക്കിയ നിരവധി ഇന്ത്യൻ ഫേസ്ബുക്ക് പോസ്റ്റുകൾ ഇക്വാലിറ്റി ലാബ്സ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ പേജുകളിൽ റോഹിംഗ്യകളെ “കൂറകൾ” എന്ന് വിളിക്കുന്ന പോസ്റ്റുകളും ഹിന്ദുക്കളെ നരഭോജനം ചെയ്യുന്നതായി കാണിക്കുന്ന വ്യാജ വീഡിയോളും വന്നിട്ടുണ്ട്. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണ് ഇവയെല്ലാം.

രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും ഉടമസ്ഥത ഉള്ള ഫെയ്‌സ്ബുക്ക്, ഇന്ത്യയിൽ കമ്പനിയുടെ അവലോകന ടീമിനെ വിപുലീകരിച്ചിട്ടുണ്ടെന്നും,  ഫേസ്ബുക് അപ്ലിക്കേഷനിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾ  പിൻവലിക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും WIRED- നോട് പറയുന്നു. എന്നാൽ ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന് കമ്മ്യൂണിറ്റി മാനദണ്ഡങ്ങളൊന്നുമില്ല. അതിന്റെ എല്ലാ ആശയവിനിമയങ്ങളും എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ, അതിലൂടെ ഒഴുകുന്ന ഉള്ളടക്കം പൂർണ്ണമായും അതിന്റെ ഉപയോക്താക്കളുടെ കൈയിലാണ്.

പ്രേമിയുടെ മൂഡ്  മോശമാകുന്നത് കണ്ടപ്പോൾ 10 മിനിറ്റുകൾക്കകം ഞാൻ അദ്ദേഹത്തിന് ഫോൺ തിരിച്ചു നൽകി.

അദ്ദേഹവും ബജ്‌റംഗ്ദളും ഇപ്പോൾ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. “അനധികൃത കുടിയേറ്റക്കാർ” അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി രാജ്യത്തുടനീളം വ്യാപിച്ചുവെന്നും ബജ്റംഗ്ദൾ ഇതിനെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. “കഴിഞ്ഞ അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ ഓരോ നഗരത്തിന്റെയും പ്രാന്തപ്രദേശത്തുള്ള മുസ്‌ലിംകളുടെ അനധികൃത വാസസ്ഥലങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതൊക്കെ പുതിയതാണ്. അവർ മുമ്പ് ഇവിടെ താമസിച്ചിരുന്നില്ല”, അദ്ദേഹം പറഞ്ഞു. “ഇന്ത്യക്കാരല്ലാത്ത അത്തരം ആളുകളെക്കുറിച്ച് നമ്മൾ ജാഗ്രത പാലിക്കണം” ഇന്ത്യൻ മുസ്‌ലിംകളുടെ ദരിദ്രമായ വാസസ്ഥലങ്ങളെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നതെന്ന് തോന്നി.

“ഈ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയണം, നമ്മൾ ജാഗ്രത പാലിക്കണം”, അദ്ദേഹം വീണ്ടും പറഞ്ഞു. “അവർ ഈ രാജ്യത്തിന്റെ കീടങ്ങളാണ്, നമ്മുടെ വിഭവങ്ങൾ ഉപയോഗിച്ച് അവർ അതിജീവിക്കുന്നു. അവറ്റകളെ  കീടങ്ങളെപ്പോലെ തന്നെ പുറത്താക്കേണ്ടതുണ്ട്”. പശ്ചിമ ബംഗാളിൽ ഏപ്രിലിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ നടത്തിയ പ്രസംഗം പ്രേമിയുടെ സംസാരത്തിൽ പ്രതിഫലിച്ചു. “നുഴഞ്ഞുകയറ്റക്കാർ മണ്ണിലെ ടെർമിറ്റുകൾ പോലെയാണ്. ബിജെപി സർക്കാർ നുഴഞ്ഞുകയറ്റക്കാരെ ഓരോന്നായി എടുത്ത് ബംഗാൾ ഉൾക്കടലിൽ എറിയും”. ആഭ്യന്തരമന്ത്രി അന്ന് പറഞ്ഞു.

രാജ്യത്തുടനീളമുള്ള ഈ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെയെല്ലാം തിരിച്ചറിയാൻ, രാജ്യവ്യാപകമായി പൗരന്മാരുടെ ഒരു രജിസ്റ്റർ സർക്കാർ തയ്യാറാക്കണമെന്ന് പ്രേമി എന്നോട് പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ പൗരന്മാർ ആരെന്ന് വിശദീകരിക്കാനുള്ള ഒരു പ്രോഗ്രാം.

ബംഗ്ലാദേശ് അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ പ്രേമി നിർദ്ദേശിച്ചതിന്റെ ഒരു പതിപ്പ് ഇതിനകം നടന്നുവരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തെ 33 ദശലക്ഷം ആളുകൾ തങ്ങളോ അവരുടെ പൂർവ്വികരോ ബംഗ്ലാദേശ് നിലവിൽ വന്ന വർഷമായ 1971 ന് മുമ്പ് ഇന്ത്യൻ പൗരന്മാരായിരുന്നു എന്നതിനുള്ള തെളിവുകൾ നൽകേണ്ടതുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന ശരിയായ രേഖകൾ കണ്ടെത്തുന്നതിന് പല ഇന്ത്യക്കാർക്കും ബുദ്ധിമുട്ടായി. അവസാനം 2019 ഓഗസ്റ്റിൽ ഏകദേശം 1.9 ദശലക്ഷം ആളുകളെ വിദേശികളായി കണക്കാക്കുകയും അവർക്ക് അപ്പീലിന് പോകാൻ 120 ദിവസത്തെ സമയം നൽകുകയും ചെയ്തു. അതേസമയം സർക്കാർ കൂട്ട തടങ്കൽ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ബിജെപിയുടെ വീക്ഷണത്തിൽ നിന്ന് പോലും, ഈ പരിപാടി ഒരു വീഴ്ചയായിരുന്നു. പുറത്താക്കപ്പെട്ട 1.9 ദശലക്ഷം ആളുകളിൽ ധാരാളം ഹിന്ദുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനതല പാർട്ടി നേതൃത്വങ്ങളുടെ മുഴുവൻ ശ്രമങ്ങളെയും നിരാകരിക്കാൻ പ്രേരിപ്പിച്ചു. പക്ഷേ, രാഷ്ട്രീയത്തിൽ തനിക്കൊരു ഭാവിയെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രേമി തന്നെ പരിപാടിയെ ദേശീയ തലത്തിൽ കാണാൻ ആഗ്രഹിക്കുന്നു. കാരണം അതിന്റെ ഏറ്റവും വലിയ പോരായ്മ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. നവംബറിൽ, ഏതാനും ആഴ്ചകൾക്കു ശേഷം, 2020ൽ രാജ്യത്തിലുടനീളം ഒരു ദേശിയ പൗരത്വ രജിസ്റ്റർ ഇറക്കും എന്ന് അമിത്ഷാഹ് പ്രഖ്യാപിച്ചു.

ഡിസംബർ 9 ന് ഷാ ഇന്ത്യയുടെ പാർലമെന്റിന് മുമ്പായി പൗരത്വ ഭേദഗതി ബിൽ എന്ന പേരിൽ ഒരു ബിൽ അവതരിപ്പിച്ചു. ബിൽ അനുസരിച് ബംഗ്ലാദേശിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ അനധികൃതമായി കുടിയേറിയതായി കണ്ടെത്തിയ ഹിന്ദു സിഖ്, ബുദ്ധ, ജെയിൻ, പാർസി, അല്ലെങ്കിൽ ക്രിസ്ത്യൻ ആയവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും എന്നായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ: മുസ്‌ലിംകൾക്ക് മാത്രമേ വിഷമിക്കേണ്ടതുള്ളൂ. വെറും രണ്ട് ദിവസത്തിനുള്ളിൽ ബിൽ പാസായി.

ഇന്ത്യൻ മുസ്‌ലിംകളെ പൗരത്വ രഹിതരാക്കാനുള്ള സംവിധാനങ്ങളാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വ ബില്ലും എന്ന് ആളുകൾ  തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല. രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മോദിയുടെ ഭരണത്തിൻ കീഴിലുള്ള ആദ്യത്തെ ബഹുജന പ്രകടനത്തിന്റെ വെളിച്ചത്തിൽ ലിബറൽ ഹിന്ദുക്കളും മതേതര ഇന്ത്യക്കാരും ബിജെപി സർക്കാർ ഉയർത്തുന്ന അപകടത്തിന്റെ വ്യാപ്തിയിലേക്ക് ഉണർന്നു. ഒരു തലക്കെട്ട് പൗരത്വ നിയമത്തെ “ഗോൾവാൾക്കറുടെ സ്വപ്നസാക്ഷാത്കാരം” എന്ന് വിശേഷിപ്പിച്ചു. പ്രമുഖ കോൺഗ്രസ് പാർട്ടി നേതാവായ ശശി തരൂർ ഇതിനെ “നമ്മുടെ പൂർവ്വികർ ജീവൻ നൽകിയ ഇന്ത്യ എന്ന ആശയത്തിന് നേറെയുള്ള ആക്രമണം” എന്നും ഇന്ത്യയുടെ ഭരണഘടനയുടെ ലംഘനം എന്നും വിശേഷിപ്പിച്ചു. പുതിയ നിയമവും പൗരത്വ രജിസ്റ്ററും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന ബി.ജെ.പിയുടെ പ്രസ്താവന ഒന്ന് മറ്റൊന്നിനു വേണ്ടി സൃഷ്ടിച്ചതാണെന്ന് നിരവധി പൊതു പ്രസ്താവനകൾ നടത്തി ശശി തരൂർ തള്ളി. അതേസമയം, രാജ്യത്തിന്റെ പല ഭാഗത്തും ഡിറ്റെൻഷൻ ക്യാമ്പുകൾ ഉണ്ടാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു. ഈ ഫെബ്രുവരിയിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ഡൊണാൾഡ് ട്രംപ് ഇന്ത്യൻ തലസ്ഥാനം സന്ദർശിച്ചു. ട്രംപ് വരാനിരിക്കെ, ഒരു ബിജെപി നേതാവ് വടക്കുകിഴക്കൻ ദില്ലിയിൽ നിന്ന് ഒരു മുസ്‌ലിം കുത്തിയിരിപ്പ് സമരം നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഹിന്ദു ദേശീയവാദികൾ ഉടൻ തന്നെ മോദി മുഖ്യമന്ത്രിയായിരിക്കെ 2002 ൽ ഗുജറാത്തിനെ അട്ടിമറിച്ച അക്രമത്തെ ഓർമപ്പെടുത്തുന്ന ഒരു വംശഹത്യ നടപ്പിലാക്കി. ഹിന്ദു ജനക്കൂട്ടങ്ങൾ മുസ്‌ലിം വീടുകളെ ആക്രമിക്കുകയും അവരുടെ കടകൾക്ക് തീയിടുകയും തെരുവിൽ മുസ്‌ലിംകളെ ആക്രമിക്കുകയും ചെയ്തു. അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന ദില്ലി പോലീസിന്റെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ഗുരുതരമായി പരിക്കേറ്റ മുസ്‌ലിം പുരുഷന്മാരെ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചു. അതേസമയം, ഒരു ഡസൻ മൈൽ അകലെയുള്ള ഒരു ഭരണകൂട വിരുന്നിൽ ട്രംപ് ഇന്ത്യൻ നേവി ബാൻഡ് എൽട്ടൺ ജോണിന്റെ “കാൻ യു ഫീൽ ദി ലവ് ടുണൈറ്റ്” പ്ലേ ചെയ്യുന്നത് കേട്ടുകൊണ്ട് മോഡിയെ പ്രശംസിക്കുകയായിരുന്നു.

ന്യൂയോർക്കിൽ നിന്ന് സംഭവങ്ങളൊക്കെ ടി.വിയിൽ കാണുമ്പോൾ എന്റെ ഉള്ളിൽ എന്തോക്കെയോ ഇളകി മറിഞ്ഞു. കരിയറിലെ ഭൂരിഭാഗവും ഇന്ത്യയിലെ അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വംശീയ രക്തച്ചൊരിച്ചിലിനെ ദില്ലിക്ക് പുറത്ത്,  ഒന്നോ രണ്ടോ മണിക്കൂർ അകലെയുള്ള, മുസാഫർനഗർ, ഷംലി, ബിഷാറ പോലെയുള്ള പൊടി പിടിച്ച വിദൂര സ്ഥലങ്ങളിൽ മാത്രം നടക്കുന്നതായാണ് ഞാൻ വീക്ഷിച്ചിരുന്നത്. തലസ്ഥാനം എന്നിൽ എന്നും ഉണർത്തിയിരുന്ന സുരക്ഷിതത്വത്തിന്റെ നൊമ്പരം ഒറ്റയടിക്ക് ഇല്ലാതെയായി. ജയ് ശ്രീ റാം വിളിച്ചുകൊണ്ട് ഒരു ഹിന്ദു ജനക്കൂട്ടം ഒരു മുസ്‌ലിം യുവാവിനെ തൊഴിക്കുന്നത് കണ്ടപ്പോൾ, മുഹമ്മദ്‌ അഖ്‌ലാക്കിന്റെ കൂട്ടകൊലയുടെ രംഗം എന്റെ നാട്ടിലേക്ക് എടുത്തു വെച്ച പോലെ തോന്നി.

Credit: The Print

അന്ന് മുതൽ എനിക്ക് നാട്ടിലെ എന്റെ കുടുംബത്തെ ഓർത്തു വേവലാതിയാണ്. തടങ്കലുകൾക്കുള്ളിൽ അകപ്പെട്ട എന്റെ മാതാപിതാക്കളുടെ ചിത്രം എന്നെ അലട്ടുന്നു. അവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കണ്ടെത്താൻ അവർക്ക് കഴിയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ രാജ്യത്തോട് മുമ്പ് എനിക്ക് തോന്നിയ എന്തിനേക്കാളും വിചിത്രവും വ്യക്തിപരവുമായ ഒരു വിശ്വാസവഞ്ചനയാണ് എനിക്ക് തോന്നുന്നത്: മതം നോക്കാതെ എല്ലാവരേയും സംരക്ഷിക്കുമെന്ന ഭരണഘടനാ വാഗ്ദാനം ഇന്ത്യ ലംഘിക്കുകയാണ്,  മുസ്‌ലിംകളായ ഞങ്ങളെ ഒന്നിനും രക്ഷിക്കാനാകില്ല എന്ന സാധ്യതയുമായി പൊരുത്തപ്പെടുകയാണ്. മതേതര ഇന്ത്യ എന്ന ആശയത്തെ വിലമതിക്കുന്ന ലിബറൽ ഹിന്ദുക്കൾക്കുപോലും, ഹിന്ദു മുഖ്യധാര എത്രമാത്രം തീവ്രമായിത്തീർന്നിരിക്കുന്നുവെന്ന് മനസിലാക്കാനും, വിവേക് ​​പ്രേമിയെപ്പോലുള്ള “ഹിന്ദുത്വ ചായ്‌വുള്ള ഒരു ഗുണ്ടക്ക്” ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയ കേന്ദ്രത്തിൽ നിൽക്കാൻ കഴിയും എന്നതിന്റെ ധ്വനി തിരിച്ചറിയാനും ഏറെ വൈകി. ഈ വർഷത്തിന്റെ തുടക്കത്തിൽ വിവേക് പ്രേമി മുഴുസമയ ബജ്‌റംഗ്ദൾ പ്രവർത്തനത്തിൽ നിന്നും വിരമിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി തലത്തിലേക്ക് മാറി.

ദില്ലിയിലെ അക്രമത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഒരു ദേശീയ, പ്രൈം-ടൈം ഹിന്ദി-ഭാഷാ വാർത്താ പരിപാടിയുടെ അവതാരകൻ വിവിധതരം ജിഹാദുകളുടെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു മണിക്കൂർ നീക്കിവച്ചു. ഹാർഡ് ആൻഡ് സോഫ്റ്റ്‌ ജിഹാദിന്റെ ഫാമിലി ട്രീ  കാണിക്കുന്ന പ്രേമിയുടെ വാട്ട്‌സ്ആപ്പ് നെറ്റ്‌വർക്കിൽ ഞാൻ കണ്ട അതേ ഇൻഫോഗ്രാഫിക് അയാൾ സ്‌ക്രീനിൽ കാണിച്ചു. #LandJihad എന്ന ഹാഷ്‌ടാഗിൽ മുസ്‌ലിംകൾ കയ്യടക്കം ചെയ്ത കെട്ടിടങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ അവതാരകൻ കാണികളെ ക്ഷണിച്ചു. ഈ വർഷം ഏപ്രിൽ ഒന്നിന്, ദേശീയ പൗരത്വ രജിസ്റ്റർ പൂർത്തിയാക്കുന്നതിനുള്ള ആദ്യപടിയായ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കാൻ ഇരിക്കുകയായിരുന്നു ഗവണ്മെന്റ്. പക്ഷേ, ഒരു പേടിസ്വപ്നം മറ്റൊന്നിന് വഴിവെച്ചു. മാർച്ച് 25 ന് കോവിഡ്-19 ന്റെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതേ മാസം തന്നെ, ഡൽഹിയിൽ ഒരു മുസ്‌ലിം മിഷനറി സംഘം സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുത്ത ശേഷം ഡസൻ കണക്കിന് ആളുകൾ കൊറോണ വൈറസിന് പോസിറ്റീവ് ആയി ടെസ്റ്റ്‌ ചെയ്തതായി റിപ്പോർട്ട് വന്നു. നിമിഷങ്ങൾക്കകം ഇന്ത്യയിലെമ്പാടും വൈറസ് പടർത്താൻ ആഗ്രഹിക്കുന്ന തീവ്രവാദികളുമായി ഗ്രൂപ്പിന്റെ അനുയായികളെ താരതമ്യപ്പെടുത്തുന്ന കവറേജുകൾ ഹിന്ദി ഭാഷ മാധ്യമങ്ങളിൽ നിറഞ്ഞു. ഒരു പുതിയ ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയി: # കൊറോണാജിഹാദ്.

(അവസാനിച്ചു)

വിവർത്തനം: ഇവാന

ലേഖനത്തിന്റെ ഒന്നാം ഭാഗം

രണ്ടാം ഭാഗം

മുഹമ്മദ് അലി